മൽഹാർ: ഭാഗം 28

malhar

രചന: RAIZA

മദറിന്റെ നമ്പർ ഡയൽ ചെയ്തു കൊണ്ട് ഞാൻ ഫോൺ ചെവിയിൽ വെച്ചു.. 


"ഹലോ.. മദർ.. "


"ആഹ്.. സാക്കി.. ഞങ്ങൾ അങ്ങോട്ട്‌ വിളിക്കാൻ നിൽക്കായിരുന്നു.. ഹവ്വ മോൾക്കും ഫെല്ല മോൾക്കും സുഖമല്ലേ.. "


"സുഖമാണ് മദർ.. ഹവ്വ മോൾ ലിയ മോളുടെ കൂടെ കൂട്ടായി.. എന്നെയൊന്നും ഇപ്പോൾ വേണ്ട.. വളരെ സന്തോഷത്തിൽ തന്നെയാണ് അവൾ.. "


"കർത്താവിനു സ്തുതി.. അവൾക്കൊരു നല്ലൊരു കുടുംബം കിട്ടിയല്ലോ... അല്ലാ.. എവിടെ ഫെല്ലാ.."


"അവൾ ഉമ്മിയുടെയും ഉമ്മച്ചിയുടെയും അടുത്താണ്...പിന്നെ മദർ.. ഞാനൊരു കാര്യം ചോദിക്കാനാണ് വിളിച്ചത്.. "


"എന്താ സാക്കി.. "


മാമിയുടെ നമ്പറിന് വേണ്ടിയാണെന്ന് പറഞ്ഞതും മദർ മറുത്തൊന്നും ചോദിക്കാതെ നമ്പർ തന്നു... നാട്ടിലേക്ക് വിളിക്കാനും നാളെ ഞാനും അവളും കൂടെ പോകുന്നുണ്ടെന്നും നുണ പറഞ്ഞു.. അതെല്ലാം ആദ്യം തന്നെ  പറഞ്ഞത് കൊണ്ടാവാം മറ്റൊന്നും ചോദിക്കാതെ നമ്പർ തന്നത് ... അവൾ  റൂമിലേക്ക് വരുന്നതിന് മുൻപ് വിളിക്കണമെന്ന് വിചാരിച്ചു കൊണ്ട് ഞാൻ മദർ പറഞ്ഞു തന്ന നമ്പറിലേക്ക് കാൾ ചെയ്തു .. എന്ത് പറയണം എന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല... അത് കൊണ്ട് തന്നെ അവളുടെ മാമി ഫോൺ അറ്റൻഡ് ചെയ്തപ്പോൾ  ചെറിയൊരു തപ്പി പിടുത്തം വന്നു.. എങ്കിലും പതറാതെ ഞാൻ സംസാരിച്ചു തുടങ്ങി.. 


"ഹലോ.. ഫെല്ലയുടെ മാമി അല്ലേ.. "


"അതേ ... ഇതാരാണ് "


"ഞാൻ അവളുടെ ഫ്രണ്ട് ആണ്..അവൾ ഉണ്ടോ അവിടെ "


"ഇല്ലല്ലോ.. അവൾ കുറെ ആയി വന്നിട്ട്.. ഇപ്പോൾ മറ്റൊരു നാട്ടിൽ ജോബിന് വേണ്ടി പോയിരിക്കാ "


"ഓഹ്.. ഇനി എന്നാ വരിക"


"ഈയടുത്ത് തന്നെ വരും... നാളെ അവളുടെ കല്യാണം ഫിക്സ് ചെയ്തിരുന്നു.. ചെറുക്കന്റെ ഉപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയത് കൊണ്ട് ഡേറ്റ് മാറ്റി.... അല്ലാ.. എന്താ നിന്റെ പേര്.. കോളേജിൽ ഒപ്പം പഠിച്ച ഫ്രണ്ട് ആണോ.. "


മാമി ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ ഞാൻ ഫോൺ വെച്ചു... കേട്ടത് വിശ്വസിക്കാൻ കഴിയുന്നില്ല... നാളെ അവളുടെ കല്യാണം ഫിക്സ് ചെയ്തിരിക്കാ എന്ന്.. എന്നിട്ട് എന്ത് കൊണ്ടവൾ ഞാനുമായി വിവാഹത്തിന് തയ്യാറായി.. ഇനിയിപ്പോ അവൾക്കാ കല്യാണത്തിന് ഇഷ്ടമില്ലാഞ്ഞിട്ടാവുമോ.. 
എന്നിട്ട് എന്നെയാണോ അവൾക്ക് ഇഷ്ടപ്പെട്ടത്... 
ഒന്നും മനസ്സിലാവുന്നില്ല.. എന്തൊക്കെയോ കളികൾ നടക്കുന്നുണ്ടെന്ന് മനസ്സ് പറയുന്നു... 


ഫോണും പിടിച്ച് ഓരോന്ന് ആലോചിച്ചു നിൽക്കുന്നതിനിടയിലാണ് അവൾ റൂമിലേക്ക് കയറി വന്നത്.. അവൾ വരുന്നത് കണ്ടതും ഞാൻ ഫയലുകൾ നോക്കുന്നത് പോലെ നടിച്ചു.. 
എന്നെ ഒന്ന് നോക്കി കൊണ്ടവൾ ബെഡിലെ പുതപ്പ് മടക്കി വെക്കാൻ തുടങ്ങി... പിന്നെ ഷെൽഫ് തുറന്ന് ഓരോന്ന് അടുക്കി വെക്കാൻ തുടങ്ങി.. 
എന്റെ ഷർട്ടും പാന്റും എല്ലാം ഷെൽഫിൽ വലിച്ചു വാരിയിട്ടിരിക്കായിരുന്നു.. അത് കണ്ടതും അവളെന്നെ തിരിഞ്ഞൊരു നോട്ടം നോക്കി.. 


"എന്താടീ ഉണ്ടക്കണ്ണി.. നോക്കി പേടിപ്പിക്കാണോ., "


"അതേയ്.. ഇതൊക്കെ ഒന്ന് വൃത്തിയിൽ മടക്കി വെച്ചൂടെ.. ചമഞ്ഞൊരുങ്ങി ഓഫിസിൽ പോകാൻ നല്ല ഉഷാറാ.. "

അവൾ പറയുന്നത് കേട്ട് ഞാൻ അവളെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു.. അവളാണേൽ ഞാൻ നോക്കുന്നതൊന്നും ശ്രദ്ധിക്കാതെ എന്റെ ഡ്രസ്സ്‌ എല്ലാം മടക്കി വെക്കാണ്.. ഇടക്ക് എന്നെ ഓരോന്ന് പറയുന്നുമുണ്ട്.. എന്റെ ഭാര്യ ആവാനുള്ള ശ്രമം ആണോന്ന് സംശയമില്ലാതില്ല.. എന്നെ വിട്ട് പൊയ്ക്കോളാ..ആരോടും ഒന്നും പറയേണ്ട എന്ന് പറഞ്ഞ് കരഞ്ഞ ആളാ... എന്റെ കാര്യങ്ങൾ ചെയ്തു തരുന്നത്.. ഓർക്കുമ്പോൾ ചിരി വരുന്നു... അവളെ പറ്റിയുള്ള ധാരണകൾ എല്ലാം മാറി വരുന്നുണ്ടെങ്കിലും അവളിലെ ദുരൂഹതകൾ എന്തെല്ലാമെന്ന് അറിയാതെ അവളെയെനിക്ക് അംഗീകരിക്കാനാവില്ല  .. ഇന്ഷാ അല്ലാഹ്.. ഞാൻ കണ്ടെത്തും.. എല്ലാം അറിയാനുള്ള വഴി... അതെന്താണെന്ന് എനിക്കറിയാം.... 


"ടാ... എന്താ നോക്കി നിൽക്കുന്നേ.. ഉമ്മിയും ഉമ്മച്ചിയും വിളിക്കുന്നുണ്ട്.. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ.. "


"മം.. വരാം... ഒരു കാര്യം . നമുക്ക് നാളെ നിന്റെ നാട്ടിലേക്ക് പോകണം "

സാക്കി പെട്ടന്ന് നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞതും  റൂമിൽ നിന്നും പുറത്തേക്ക് പോകാനായി നിന്ന ഞാൻ അവിടെ തന്നെ സ്റ്റക്ക് ആയി നിന്നു . പിന്നെ പതിയെ തിരിഞ്ഞു നോക്കി.. അവനെന്നെ നോക്കാതെ ഫയലുകളിലേക്ക് നോക്കി നോക്കി നിൽക്കാണ്... 
എന്തിനാ സാക്കി നാട്ടിലേക്ക് പോകാൻ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.. 
നാട്ടിൽ എത്തിയാൽ റിഹാനും ഞാനും തമ്മിലുള്ള ബന്ധം സാക്കി അറിഞ്ഞാൽ വീണ്ടും എന്നെ വെറുക്കും.. തെറ്റിദ്ധരിക്കും.... ആകെ പെട്ടല്ലോ റബ്ബേ.. 
ഇന്ന് രാവിലെ പടച്ചോനോട്‌ കരഞ്ഞു പ്രാർത്ഥിച്ചതാ... പുതിയ ജീവിതത്തെ മനസ്സ് കൊണ്ട് അംഗീരിക്കാൻ എനിക്ക് കഴിയണേ എന്ന്.... സാക്കിയുടെ മഹർ കഴുത്തിലുള്ള കാലത്തോളം ഞാൻ അവന്റെ പെണ്ണാണ്.. മനസ്സിൽ ഇനി അവൻ മാത്രമേ പാടുള്ളു... അത് പഠിപ്പിച്ചു കൊണ്ട് തന്നെയാണ്.. അവന്റെ ഓരോ കാര്യങ്ങൾ നോക്കാൻ തുടങ്ങിയത്.. എല്ലാം ഞാൻ മനസ്സിനെ പഠിപ്പിച്ചു വെച്ച് അവസാനം വിധി ഇവിടെയും എനിക്കെതിരാവുമോ... 
നാട്ടിലേക്ക് പോയാൽ എന്തായാലും ഞാനും റിഹാനും തമ്മിലുണ്ടായിരുന്ന പ്രണയത്തെ പറ്റി അറിയും.. അതറിഞ്ഞാൽ സാക്കി അവനെ ഞങ്ങൾ ചേർന്ന് പറ്റിക്കയാണെന്ന് വീണ്ടും വിചാരിക്കും... 
പടച്ചോനെ.. ഒരു വഴി കാണിച്ചു താ നീ... ഇനിയും എന്നെ നോവിക്കല്ലേ നാഥാ... 


ചങ്കിലൊരു വേദന വന്നതും.. ഞാൻ സാക്കിയെ ദയനീയതയോടെ നോക്കി.. അവൻ ഫയലിൽ നോക്കുകയാണെന്ന് കണ്ടതും എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു.. അത് സമയം തന്നെ പെട്ടന്ന് സാക്കി ഫയലിൽ നിന്നും കണ്ണെടുത്തു കൊണ്ട് എന്റെ നേരെ നോക്കി.. അവൻ നോക്കുന്നത് കണ്ടതും ഞാനവന്  നനഞ്ഞ ചിരി ചിരിച്ചു കൊടുത്തു.. 

"എന്താ ചിരിക്കൂന്നേ.. കാര്യത്തിൽ പറഞ്ഞത് തന്നെയാണ്.. നാളെ നമുക്ക് നിന്റെ വീട്ടിൽ പോകണം.. "


"അത്.. നാളെ പറ്റില്ല.. ഒന്നാമത്.. നമ്മുടെ വിവാഹം കഴിഞ്ഞത് അവർക്കറിയില്ല.. പിന്നെ.. റിഹാന്റെ ഉപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ്.. മാമിയും മാമനുമൊക്കെ അവിടെയാവും.. പിന്നെ ഒരു ദിവസം പോകാം.. ഇപ്പോൾ തത്കാലം ചായ കുടിക്കാൻ വാ.. "

അതും പറഞ്ഞു കൊണ്ട് അവൾ വേഗത്തിൽ റൂമിൽ നിന്നിറങ്ങി പോയി... 
അവളുടെ പോക്കും നോക്കി ഒരുപാട് ചോദ്യങ്ങളുമായി ഞാൻ അവിടെ തന്നെ നിന്നു.. 
റിഹാന്റെ ഉപ്പാക്ക് അസുഖം ആയത് കൊണ്ട് ഹോസ്പിറ്റലിൽ.. 
ചെറുക്കന്റെ ഉപ്പ അസുഖം വന്ന് ഹോസ്പിറ്റലിൽ ആയത് കൊണ്ട് കല്യാണം നീട്ടി...  രണ്ടും കൂടി ചേർത്ത് വായിക്കുമ്പോൾ... 

ചിന്തകൾക്ക്  ഒരു നിമിഷം ഫുൾ സ്റ്റോപ്പ്‌ ഇട്ട് കൊണ്ട് ഞാൻ അവൾ പോയ വഴിയേ നോക്കി...... 

'Yes.... അത് തന്നെ... ഫെല്ലയും റിഹാനും തമ്മിലുള്ള കല്യാണം ആയിരുന്നു നടക്കാനിരുന്നത്.... '


************


ഒരു വിധം രക്ഷപ്പെട്ടു.. 
ഭാഗ്യം.. സാക്കി കൂടുതൽ ഒന്നും ചോദിക്കാതിരുന്നത്.. ചോദിച്ചിരുന്നെങ്കിൽ നുണകൾ പറയേണ്ടി വന്നിരുന്നു... 
എന്നാലും.. എന്താവും പെട്ടന്ന് നാട്ടിൽ പോകണം എന്ന് സാക്കിക്ക് തോന്നാൻ കാരണം... ഒരു പക്ഷെ..
വീട്ടിൽ ആർക്കും അറിയില്ല എന്റെ കല്യാണം കഴിഞ്ഞതെന്ന്  ഇന്നലെ ഞാൻ പറഞ്ഞത് കൊണ്ട് അതന്യോഷിക്കാൻ ആവുമോ... 
ആ.. എന്തെങ്കിലും ആവട്ടെ.. എന്തായാലും... ഇനി സാക്കി നാട്ടിൽ പോകണം എന്ന് പറയുന്നതിന് മുൻപ് ഞാനും സാക്കിയും തമ്മിലുള്ള കല്യാണം കഴിഞ്ഞെന്ന് എല്ലാവരും അറിയണം.... 


"ഹെലോ... എന്താ ഇത്ര ആലോചന.. "


ഓരോന്ന് ആലോചിച്ചു കൊണ്ട് താഴെ എത്തിയതൊന്നും അറിഞ്ഞിരുന്നില്ല... ജെനി ഇത്തക്ക് ഇളിച്ചു കൊടുത്തു കൊണ്ട് ഞാൻ സാക്കി വരുന്നുണ്ടോ എന്ന് പിറകിലേക്ക് നോക്കി.. 

"അവൻ വന്നോളുമെന്റെ ഫെല്ലാ.. ഇങ്ങനെ കാത്തിരിക്കൊന്നും വേണ്ട."


"എന്താ ജെനി നീ പറയുന്നേ.. അവർ ജസ്റ്റ്‌ മാരീഡ് കപ്പിൾസ് അല്ലേ.. പുതുക്കത്തിൽ ഇങ്ങനെയൊക്കെ ഉണ്ടാവും... "

"ആഹ്.. അത്  ആ  കഴിഞ്ഞാ.. വിളിയുമില്ല കാത്തിരിപ്പുമില്ല അല്ലേ സീനു.. "


ആഷിക്ക പറയുന്നത് കേട്ട് ഞാനും ജെനി ഇത്തയും അക്കി ഇക്കാക്കയും ചിരിച്ചു... സീനുത്ത ആഷിക്കാനെ തുറിച്ചു നോക്കിയതും ആഷിക്ക ഒരു ഫ്ലൈ കിസ്സ് കൊടുത്തു... 
അവരുടെ കളിയൊക്കെ കണ്ട് ചിരിച്ചു കൊണ്ട് മേലേക്ക് നോക്കിയപ്പോൾ സാക്കി ഇറങ്ങി വരുന്നത് കണ്ടു.. 
എന്തോ ചിന്തിച്ചു കൊണ്ടാണ് വരവ്.. താഴെ എത്തിയതും എന്നെ ഒന്ന് നോക്കിയ ശേഷം അവൻ ചായ കുടിക്കാൻ ഇരുന്നു.. 

"എന്താ ഇവിടെയൊരു കൂട്ടച്ചിരി "

"ഞങ്ങൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യായിരുന്നു "


"ആണോ ടാ നക്കീ.. എന്നാ നീ ചർച്ചിക്കോ "


"അല്ല.. അക്കീ... ഇന്നലെ ഒരാൾ നേരം വെളുക്കും മുന്നേ എണീറ്റ് ജോഗിങ് നു പോകുന്നതൊക്കെ കണ്ടു... ഞാൻ കരുതി ആള് നന്നായെന്ന്.. ഇന്ന് പിന്നെ ആ വഴിക്കൊന്നും കണ്ടതേ ഇല്ല "


"ഉറങ്ങി പോയിട്ടുണ്ടാവും ആഷി.. ക്ഷീണം.. ക്ഷീണം "


ആ നാറികൾ പറയുന്നത് കേട്ട് കുടിച്ച ചായ തരിപ്പിൽ കയറി.. ഉമ്മിയും ഉമ്മച്ചിയും അടുക്കളയിൽ ആയതിനാൽ ഇതൊന്നും അവർ കേട്ടില്ല.. കേട്ട രണ്ട് കുരിപ്പാൾ അടക്കി ചിരിക്കാണ്.. വേറെ ആരും അല്ല ജെനിയും സീനുവും തന്നെ.. ആഷിയെയും അക്കിയെയും നോക്കി തരാ ടാ പട്ടി ന്ന് പറഞ്ഞതും അവരെന്നെ നോക്കി ഇളിച്ചു.. 
ഇടം കണ്ണാൽ ഞാൻ ഫെല്ലയെ നോക്കിയപ്പോൾ അവൾ മുഖം താഴ്ത്തി എന്നെ നോക്കുന്നുണ്ട്.. 
ഞാനും അവളും പരസ്പരം നോക്കുന്നത് കണ്ടതും ആ തെണ്ടികൾ ചുമക്കുന്നത് പോലെ അഭിനയിച്ചു.. 
അവരുടെ കളിയാക്കൽ സഹിക്കാൻ വയ്യാത്തത് കൊണ്ട് പിന്നെ അവളെ നോക്കാനെ പോയില്ല..

ഉമ്മമാർ അടുക്കളയിൽ നിന്ന് വന്നതും പതിവ് പോലെ എന്നെ ഊട്ടാൻ തുടങ്ങി... അവസാനം വയറു നിറഞ്ഞ് ഞാൻ എഴുന്നേറ്റതും എന്നെ തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ഫെല്ലയെ കണ്ടു.. അവളെ നോക്കി എന്താണെന്നു പുരികം പൊക്കി കാണിച്ചതും ഒന്നുമില്ലെന്ന് പറഞ്ഞവൾ ഷോൾഡർ കുലുക്കി.. 

കൈ കഴുകി എല്ലാവരോടും സലാം പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു.. 
ഫയലുകൾ കാറിൽ വെച്ച് കാറിൽ കയറി ഞാൻ സ്റ്റാർട്ട് ചെയ്തതും ഉമ്മമാർ പതിവുപോലെ വേഗം വരണേ ന്ന് പറഞ്ഞു.. അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ വണ്ടി മുന്നോട്ടെടുത്തതും വെറുതെ സൈഡ് മിററിലേക്ക് നോക്കി.. 
ഉമ്മിയുടെയും ഉമ്മച്ചിയുടെയും പിറകിൽ നിന്ന് എത്തി നോക്കുന്ന ഫെല്ലയെ കണ്ടതും ഞാനവളെ തന്നെ നോക്കി... എന്നെ മിററിലൂടെ കണ്ടത് കൊണ്ടോ... എന്തോ അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിരിഞ്ഞു.... ഒറ്റ സെക്കന്റ് മാത്രം വിരിഞ്ഞയാ പുഞ്ചിരി മിഴികളിൽ ഉടക്കിയതും ഹൃദയത്തിൽ  വൈദ്യുതി പ്രവഹിച്ചത് പോലെയൊരു തരിപ്പ് അനുഭവപ്പെട്ടു......മിടിപ്പ് കൂടിയത് പോലെ.... 
ഗേറ്റ് കടന്നു പോയിട്ടും അവൾ കണ്ണിൽ നിന്ന് മാഞ്ഞിട്ടും  ആ തരിപ്പ് വിട്ട് പോയില്ല.......

ഫെല്ലാ... ഇന്ന് നിന്നോടുള്ള എന്റെ  ദേഷ്യവും വെറുപ്പും എവിടെ പോയി... എന്നെ മയാക്കാനാണോ നീയാ നേർത്ത പുഞ്ചിരി വിരിയിക്കുന്നത്.. 
ആ പുഞ്ചിരി എന്നെന്നും കാണാൻ ആയെങ്കിൽ... 
മനസ്സ് ഇപ്പോഴും അവളുടെ പുഞ്ചിരിയിൽ അലിഞ്ഞിരിക്കാണ്.. 
അതേ സമയം തന്നെ.. അവളെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ മനസ്സിൽ കണ്ട വഴിയിലൂടെ പോകണമെന്ന് ഉറപ്പിച്ചു.... ഇന്നിപ്പോ ഈ യാത്ര തന്നെ അതിന് വേണ്ടിയാണ്....... 
ഇന്ഷാ അല്ലാഹ്... എല്ലാം കണ്ടു പിടിക്കണം.
റിഹാൻ... ഫെല്ലാ..  ആ നാമങ്ങൾ മനസ്സിൽ ഉരുവിട്ട് കൊണ്ട് ഞാൻ മുന്നോട്ട് കുതിച്ചു.... 


************


സാക്കി പോയതും പുഞ്ചിരിയോടെ ഞാൻ അകത്തേക്ക് കയറി .. 
എന്നോട് മാത്രമേ ഈ ദേഷ്യമൊക്കെ ഉള്ളു.. സാക്കി ഒരു പാവമാ.. നേരത്തെ ഉമ്മിയും ഉമ്മച്ചിയും കൂടി സാക്കിയെ തീറ്റിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞു... മാമിയെ ആണ് ഓർമ വന്നത്.   എനിക്കും zella ക്കും മാമിയാണ് ഭക്ഷണം വാരി തരാ.. zella കഴിക്കാൻ മടിച്ചിയാണ്.. മാമി വാരി കൊടുത്താൽ അവൾ കഴിക്കും.. ചെറിയ കുട്ടികളെ നോക്കുന്നത് പോലെയാണ് മാമി ഞങ്ങളെ നോക്കാറുള്ളത്.. കുളി കഴിഞ്ഞാൽ മുടി ചീകി തരും.. മാമിയുടെ മടിയിൽ തല വെച്ചേ ഞങ്ങൾ ഉറങ്ങൂ... 
അങ്ങനെ.. ഓരോ കാര്യങ്ങളും.. ഇപ്പോൾ ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു... സാക്കിക്ക് ഉമ്മി എങ്ങനെ ആണോ അത് പോലെ തന്നെയാണ് എനിക്ക് മാമിയും.... 
സത്യത്തിൽ ഞാനും സാക്കിയും ഒരു പോലെയാണ്.. ഉമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്തവർ..  എന്നാൽ പോറ്റുമ്മയുടെ സ്നേഹം ആവോളം കിട്ടിയവർ.....


ഉമ്മമാരോടൊപ്പം ഞാൻ ചായ കുടിക്കാൻ ഇരുന്നു.. നാലു മരുമക്കളും ഉമ്മമാരും... വല്ലാത്ത അനുഭൂതി തന്നെയാണ്.. കളിച്ചും ചിരിച്ചും.... സമയം പോയതറിഞ്ഞില്ല... 
എന്റെ വേദനകളെല്ലാം ഇവരുടെ സാമീപ്യത്തിൽ അലിഞില്ലാതായ പോലെ.. മദർ പറഞ്ഞത് പോലെ എന്റെ ഭാഗ്യം തന്നെയാവും ഇത്..... ഇനിയും അങ്ങനെ തന്നെ ആവട്ടെ എന്നതാണ് എന്റെ പ്രാർത്ഥന.... 


************


ഹോസ്പിറ്റലിൽ ഇരുന്ന് ബോർ അടിക്കുന്നുണ്ട്.. പുറത്തേക്ക് പോകാനും ആവില്ല.. ഡോക്ടർ വന്നാൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഉമ്മാക്ക് അറീല.. 
ഓഫിസിൽ പോകണം... അടുത്ത ആഴ്ച ആ പ്രൊജക്റ്റ്‌ തുടങ്ങണം.. ഒരുപാട് വർക്ക്സ്  പെന്റിങ് ൽ ആണ്.. എല്ലാം ക്ലിയർ ചെയ്യണം... 

തല ആകെ പെരുകുന്നത് പോലെ തോന്നിയതും ഞാൻ ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് നടന്നു... റൈഹ പുറത്തു പോയി വരാമെന്ന് പറഞ്ഞു പോയതാണ്.. ഇന്നലെ ഞങ്ങൾ മൂന്ന് പേരും ഉപ്പാന്റെ കൂടെ ഉണ്ടായിരുന്നു.. ഇന്നിനി അവളെ പറഞ്ഞയക്കണം.. അവൾ കൂടെ പോയാൽ സംസാരിച്ചിരിക്കാൻ  ആരും ഇല്ലാതെ ഭ്രാന്ത് പിടിക്കും.. എങ്കിലും അവൾ കൂടെ ഇവിടെ നിൽക്കേണ്ട. പോവുന്നത് തന്നെയാണ് നല്ലത്.. 

പുറത്തെ കാഴ്ചകൾ കണ്ട് നടക്കുന്നതിനിടയിലാണ് ഗേറ്റ് കടന്ന് ഒരു കാർ വന്ന് പാർക്ക് ചെയ്തത് ഞാൻ കണ്ടത്.... അങ്ങോട്ട്‌ തന്നെ നോക്കി നിന്നതും പെട്ടന്ന് അതിൽ നിന്നിറങ്ങിയ ആളെ കണ്ട് ഞാൻ  ഹൃദയം നിലച്ച അവസ്ഥയിൽ നിന്ന് പോയി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story