മൽഹാർ: ഭാഗം 3

malhar

രചന: RAIZA


മനസ്സ് നിറയെ വർമ്മയുടെ വാക്കുകൾ ആയിരുന്നു.... ആ പ്രൊജക്റ്റ്‌... അതെന്റെ സ്വപ്നമായിരുന്നു..... 
മനസ്സിൽ അത് മാത്രം ചിന്തിച്ചു നടന്നത് കൊണ്ട് കണ്മുന്നിൽ ഉള്ളതൊന്നിനും ശ്രദ്ധ കൊടുത്തില്ല... ചുണ്ടിൽ വിടർന്ന പുഞ്ചിരിയാൽ ഞാൻ പിറകിലേക്ക് ഒരു തവണ കൂടി തിരിഞ്ഞു നോക്കി.... നുണക്കുഴി കവിൾ തെളിയും വിധം പുഞ്ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്ന് എനിക്ക് റ്റാറ്റ കാണിക്കുന്നുണ്ടായിരുന്നു അവൾ... 
തിരിച്ച് അവൾക്കും റ്റാറ്റ കാണിച്ചു കൊണ്ട് മുന്നോട്ട് തിരിഞ്ഞതും പെട്ടന്നായിരുന്നു അത് സംഭവിച്ചത്... 


ഞാൻ തിരിഞ്ഞതും എന്റെ അരികിലേക്ക് സൈക്കിൾ പാഞ്ഞു വന്നതും ഒപ്പമായിരുന്നു.. ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതായതിനാൽ എന്നെ തട്ടി സൈക്കിൾ മറിഞ്ഞു.. എന്നാൽ താഴെ വീഴും മുൻപ് സൈക്കിൾ ഞാൻ താങ്ങി പിടിച്ചിരുന്നു.... 

സൈക്കിളിന്റെ ഹാന്റിലിൽ പിടിച്ചു കൊണ്ട് ഞാൻ മുഖം ഉയർത്തി നോക്കിയതും ഒരു വശത്തേക്ക് ചെരിഞ്ഞു നിന്ന് കൊണ്ട് എന്നെ കണ്ണുരുട്ടി നോക്കുന്ന രണ്ട് കണ്ണുകളെ ഞാൻ കണ്ടു... 

അത് വേറെ ആരുമായിരുന്നില്ല... അവൾ തന്നെ.... ഫെല്ല..... 


*************

ഹായ് ഫ്രണ്ട്സ്.. 
ഞാൻ ഫെല്ല.. 
എന്നെ അറിയാൻ വഴിയില്ല.. ഇതെന്റെ കഥ കൂടി ആണ് കേട്ടോ.. ഇനിയും ഒരുപാട് പേർ വരാനുണ്ട്.. ചിലരെ നിങ്ങൾക്ക് ആദ്യമേ പരിചയമുണ്ടാവും.. ചിലർ പുതു കഥാപാത്രം ആയിരിക്കും .. 
അവരൊക്കെ അവരുടെ സമയം ആവുമ്പോൾ വരും... 

എന്നെ കുറിച്ച് കൂടുതൽ പിന്നീട് പറയാം... ഇപ്പോൾ സ്വർഗത്തിലെ മാലാഖയാണ് ഞാൻ..ഇവിടുത്തെ മദർ എനിക്ക് നൽകിയ വിശേഷണം... ഞാൻ ആരാണ്, എന്തിന് ഇവിടെ വന്നു എന്നൊക്കെ പിന്നീട് പറയാം... 
ഇപ്പോൾ ഇവനോട് രണ്ടു വാക്ക് പറയട്ടെ... ഈ സ്വർഗത്തിൽ, ഈ നാട്ടിൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത,  കാണുമ്പോൾ തന്നെ താനേ ദേഷ്യം വരുന്ന ഒരേ ഒരു മുഖം ഈ ജന്തുവിന്റെയാണ്.. 


അവൻ സൈക്കിളിൽ നിന്നും കയ്യെടുത്തതും സൈക്കിൾ നേരെ നിർത്തി കൊണ്ട് ഞാൻ അവനെ രൂക്ഷമായി നോക്കി .. 


"തനിക്കെന്താടോ കണ്ണ് കാണില്ലേ.."


"ഇല്ലെടീ... നിന്റെ ഈ ബി എം ഡബ്ള്യു കാർ വരുന്നത് ഞാൻ കണ്ടില്ല...
  മനുഷ്യന്റെ ദേഹത്ത് വന്ന് ഇടിച്ചതും പോരാ.... അവളുടെ ഒരു പാട്ട വണ്ടി "


അവളെ നോക്കി പിറുപിറുത്തതും അവൾ സൈക്കിൾ ഒതുക്കി വെച്ച് എന്റെ നേർക്ക് വന്നു.. 


"നടു വഴിയിൽ നിന്ന് ബ്രേക്ക്‌ ഡാൻസ് കളിചിട്ട് കുറ്റം മുഴുവൻ എനിക്കോ. നേരെ നോക്കി നടക്കണം.. ഈ രണ്ട് കണ്ണ് അവിടെ എന്തിനാ വെച്ചിരിക്കുന്നെ "

"നീ പോടീ കള്ളീ.. ഞാൻ എന്ത് വേണേലും ചെയ്യും.. ഇത് നിന്റെ തറവാട് സ്വത്തൊന്നും അല്ലല്ലോ.. "

"നീ പോടാ... കള്ളി നിന്റെ മറ്റവൾ.. കിന്നാരം പറയാതെ മാറി നിൽക്ക് "


അവളത് പറഞ്ഞതും ഞാൻ വഴി മാറി കൊണ്ട് കൈ കൊണ്ട് പോകാൻ പറഞ്ഞു.. എന്നെ നോക്കി പതുക്കെ എന്തോ പറഞ്ഞു കൊണ്ട് സൈക്കിൾ ഉന്തി എന്നെ കടന്നവൾ സ്വർഗത്തിലേക്ക് പോയി  .. അവളെ നോക്കി പുച്ഛത്തോടെ ചിരിച്ച് ഹവ്വ മോൾക്ക് റ്റാറ്റ കൊടുത്തു കൊണ്ട് ഞാൻ വേഗത്തിൽ മുന്നോട്ട് നടന്നു  

അവനെ കടന്ന് പോയതും മുന്നിൽ ഹവ്വ മോൾ ചിരി തൂകി നിൽക്കുന്നത് കണ്ടു.  എത്ര ദേഷ്യം ഉണ്ടെങ്കിലും സങ്കടം ഉണ്ടെങ്കിലും  അവളുടെ ആ പുഞ്ചിരി മതി ഉള്ളിലുള്ള കനലെരിക്കാൻ.. സൈക്കിൾ ഒതുക്കി നിർത്തി കൊണ്ട് അവളെ വാരിയെടുത്ത് ഞാൻ അകത്തേക്ക് നടന്നു.... 
എന്നും രാവിലെ പൂക്കൾ ഇറുത്ത് കൊട്ടകളിൽ അടുക്കി വെച്ച് ഓർഡർ കിട്ടുന്നതിനനുസരിച്ച് കൊണ്ട് കൊടുക്കാറുണ്ട്.... സ്വർഗത്തിന് വേണ്ടി തെന്നെയാണ് കിട്ടുന്ന പണം ചിലവഴിക്കുന്നത്... 
ഇവിടെ വെറുതെ ഇരിക്കാൻ വയ്യാത്തത് കൊണ്ടാണ് പൂക്കളോട് കൂട്ട് കൂടിയത്  . മനസ്സിൽ ഒരുപാട് സങ്കടം വരുമ്പോൾ പൂന്തോട്ടത്തിലേക്ക് ഇറങ്ങും.. വാകയിൽ ചാരി നിന്ന് കൊണ്ട് തെളിഞ്ഞ മാനത്തേക്ക് നോക്കി നിൽക്കും.... 
അരികിൽ ഹവ്വ മോൾ കൂടെ ഉണ്ടായാൽ സങ്കടം അലിഞ്ഞു പോകും... 
ഹവ്വ മോൾ...... അവളെനിക്ക് എല്ലാമാണ്... സ്വർഗത്തിലേക്ക് ഞാൻ വരാൻ കാരണം അവളാണ്... മറ്റൊരർത്ഥത്തിൽ അവളെ തേടിയാണ് ഞാൻ ഇവിടേക്ക് വന്നത്... 
അതെല്ലാം പിന്നീട് മനസ്സിലാവും..   


ഹവ്വ മോളെയും കൊണ്ട് ഞാൻ നേരെ മദറിന്റെ അടുത്തേക്ക് ചെന്നു.. പ്രാർത്ഥന കഴിഞ്ഞ് മദർ പുറത്തേക്ക് വന്നേ ഉള്ളൂ.. മദറിനെ കണ്ടതും ഞാൻ ഹവ്വ മോളെ താഴെ ഇറക്കി.. 

"നീ വന്നോ മോളെ.... "


"ഹാ.. മദർ.  ഇന്ന് പുതിയ ഓർഡർ കിട്ടി "

"കർത്താവിന് സ്തുതി..  
അല്ല... സാക്കി പോയോ "

അവന്റെ പേര് മദർ പറഞ്ഞതും താല്പര്യമില്ലാതെ ഞാൻ മൂളി കൊടുത്തു കൊണ്ട് റൂമിലേക്ക് നടന്നു... എന്റെ അനിഷ്ടം മനസ്സിലാക്കി കൊണ്ട് തന്നെ മദർ എന്റെ പിറകെ വന്നു.. 


"ഫെല്ലാ.... എന്താ നിങ്ങൾ രണ്ടു പേരും ചെറിയ കുട്ടികളെ പോലെ.. സാക്കിയെ നിനക്ക് അറിയാത്തത് കൊണ്ടാണ്... പാവമാണ്.. നീയും അവനും തമ്മിൽ എന്താ ഇത്ര വൈരാഗ്യം. "


"അതവനോട് ചോദിക്ക് മദർ.. അവനൊരു ജാഡയാ.. ഞാൻ ഇവിടെ വന്നത് അവന് തീരെ ഇഷ്ടമായിട്ടില്ല. ജെനി ഇത്തയുടെ സ്ഥാനം മദർ എനിക്ക് തന്നതിലുള്ള ദേഷ്യമാ... ഇവിടെ ഞാൻ എന്ത് ചെയ്താലും കുറ്റം.. പൂക്കൾ വിൽക്കുന്നതിന് കള്ളി എന്ന പേരും.. പിന്നെ എങ്ങനെ അവനെ കാണുമ്പോൾ ദേഷ്യം വരാതിരിക്കാ"


 ഞാൻ പറയുന്നത് കേട്ട് മദർ ചിരിച്ചു കൊണ്ട് എന്റെ കൈകളിൽ പിടിച്ചു.. 

"ഫെല്ലാ... ഹവ്വ മോളോട് അവൻ അടുക്കുന്നത് നിനക്ക് ഇഷ്ടമല്ലല്ലോ.. ആ ദേഷ്യമാ അവൻ നിന്നോട് കാണിക്കുന്നത്.. അവനൊരു പാവമാ.. സ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സ്.. ഹവ്വ മോൾ അവന്റെ ജീവനാണ്... അതിന് കാരണം അവൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.  ലിയ മോളോട് ഇല്ലാത്ത ഇഷ്ടവും അടുപ്പവും ഹവ്വ മോളോട് എങ്ങനെ ഉണ്ടായെന്ന ചോദ്യം ഞാൻ തന്നെ ചോദിച്ചതാ... ഒരു പുഞ്ചിരിയോടെ അതിനുള്ള മറുപടി എനിക്ക് കിട്ടി... ഉള്ളിൽ ഒരുപാട് സങ്കടം ഒളിപ്പിച്ചു വെച്ച് പുറമെ ഒരു ചിരി ചിരിക്കുമവൻ...ആ ചിരിക്ക് ഭംഗിയേറെയാണ് മോളെ.... നിനക്ക് അറിയില്ല അവനെ.. "


എന്റെ തോളിൽ തട്ടി കൊണ്ട് മദർ പറഞ്ഞതും ഒന്നും മിണ്ടാതെ ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി... 


"ഹാ.. അതൊക്കെ വിട്... നിന്നെ അച്ചൻ അന്യോഷിച്ചിരുന്നു... നിന്റെ അഡ്മിഷന്റെ കാര്യം പറയാനാണെന്ന് തോന്നുന്നു.. ഒന്ന് പോയി നോക്ക് "


"ഹാ മദർ.... ഞാൻ പോകാം "


പുഞ്ചിരിയോടെ മദറിനോട്‌ പറഞ്ഞതും എന്റെ തോളിൽ തട്ടി കൊണ്ട് മദർ റൂം വിട്ട് പോയി... 

ഫാദറിനെ കാണാൻ പോകണം.. ഇവിടുത്തെ കോളേജിൽ പിജി ക്ക് അഡ്മിഷൻ ശെരിയാക്കാമെന്ന് ഫാദർ പറഞ്ഞിരുന്നു. ഈ നാട്ടിലേക്ക് വന്നത് തന്നെ പിജി ചെയ്യാൻ വേണ്ടി എന്ന പേരും പറഞ്ഞാണ്.... ഇപ്പോൾ രണ്ടു കൊല്ലം കഴിഞ്ഞു....അതിനിടയിൽ സ്വന്തം നാട്ടിലേക്ക് പോയത് ചുരുക്കം മാത്രം 
..അവിടെ ഒരുപാട് ഓർമ്മകൾ ഉണ്ട്.. ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്നാൽ മറവിക്ക് വിട്ട് കൊടുക്കാത്ത ഓർമ്മകൾ.. അവ ഉള്ളിടത്തോളം കാലം അങ്ങോട്ട്‌ പോകാൻ മനസ്സനുവദിക്കില്ല.. 
ഇവിടെ ഈ സ്വർഗവും പൂക്കളും... ഇവയുമായി ഞാൻ ഇണങ്ങി... എന്റെ നോവുകളെ ഇല്ലാതാക്കാൻ ഇവക്കല്ലാതെ മറ്റാർക്കും കഴിയില്ല...... 

ജനൽ കമ്പിയിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ പുറത്തെ പൂന്തോട്ടത്തിലേക്ക് മിഴികൾ പായിച്ചു ... ഇളം തെന്നൽ പൂക്കളെ തഴുകുന്നതോടൊപ്പം കണ്ണിൽ നിന്നും ഉതിർന്നു വീണ തുള്ളികളെയും  തലോടുന്നുണ്ടായിരുന്നു.... 


"ഫെല്ലാ....... നീ എവിടെയാ.."

പുറത്തേക്ക് കണ്ണും നട്ട് ചിന്തകളുടെ കൊടുമുടി തീർക്കുമ്പോഴാണ് എന്നെ വിളിച്ചു കൊണ്ട് അമല സിസ്റ്റർ റൂമിലേക്ക് വന്നത്... സിസ്റ്ററെ കണ്ടതും ജനൽ കമ്പിയിൽ നിന്നും പിടി വിട്ട് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി... 


"ഹാ.. നീ വന്നേ.. നാട്ടിൽ നിന്ന് മൂന്നാല് പ്രാവശ്യമായി വിളിക്കുന്നു.. ദേ ഇപ്പോഴും റിങ് ചെയ്യുന്നുണ്ട്.. "


സിസ്റ്ററുടെ വാക്കുകൾ കേട്ടതും മനസ്സൊന്നു പതറി.. ഈ രാവിലെ എന്നെ ഇങ്ങനെ വിളിക്കാൻ മാത്രം നാട്ടിൽ പ്രത്യേകിച്ച് എന്താ ഉണ്ടായത്.... 


"ഞാനിതാ വരുന്നു സിസ്റ്റർ... സിസ്റ്റർ കാൾ എടുത്തില്ലേ "

"ഹാ.. നിന്റെ മാമി തന്നെ... നിന്നെ ചോദിച്ചു.. വന്നില്ലെന്ന് പറഞ്ഞപ്പോൾ വെച്ചു.. നിന്നോടൊരു ഫോൺ വാങ്ങാൻ പറഞ്ഞാൽ കേൾക്കില്ല.. നീ വാ.. കാൾ ഇപ്പോൾ കട്ടാവും "


സിസ്റ്ററുടെ പിറകെ മദറിന്റെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് നിറയെ ഒരുപാട് ചോദ്യങ്ങൾ ആയിരുന്നു... പതിവില്ലാതെ മാമി വിളിക്കാൻ എന്താവും കാരണം... 
മാമി.. എന്റെ ഉമ്മയുടെ അനിയന്റെ ഭാര്യയാണ്.. .. ഉമ്മയും ഉപ്പയും ഇല്ലാത്ത ഞങ്ങളെ വളർത്തി വലുതാക്കിയത് മാമിയും മാമനും ആണ്.... ഞങ്ങൾ എന്നു പറഞ്ഞാൽ എന്നെയും അനിയത്തി zellaയെയും. 

എന്നും ഞാൻ അങ്ങോട്ട് വിളിക്കാറാണുള്ളത്.. ഇന്ന് പതിവില്ലാതെ മാമി ഇങ്ങോട്ട് വിളിച്ചപ്പോൾ എന്തോ പന്തികേട് പോലെ.. 

മദറിന്റെ റൂമിൽ കാലെടുത്തു വെച്ചതും കണ്ണുകൾ മേശൻമേൽ ഇരിക്കുന്ന ലാൻഡ് ഫോണിനെ തേടി... പതിയെ അങ്ങോട്ട് നടന്ന് ചെന്ന് റസീവർ ചെവിയോട് ചേർത്ത് വെച്ചു.. 


"മാമി...... "


"ഹാ.. മോളെ.. എവിടെയായിരുന്നു.. എത്ര നേരമായി ഞാൻ വിളിക്കുന്നു.."

മറുതലക്കൽ മാമിയുടെ ശബ്ദം കേട്ടതും ഞാനൊന്ന് നെടുവീർപ്പിട്ടു.


"എന്താ മാമി ഈ നേരത്ത്... അവിടെ കുഴപ്പമൊന്നുമില്ലല്ലോ "


"ഏയ്‌.. ഇല്ല മോളെ.. "


"പതിവില്ലാതെ ഈ നേരത്ത് വിളിച്ചപ്പോൾ ഞാനൊന്ന് പേടിച്ചു.. "


"ഒന്നുമില്ല മോളെ.. നീയിങ്ങനെ പേടിക്കാതെ.. ഞാൻ പറഞ്ഞില്ലേ ഇനിയൊരു പേടിയും വേണ്ടെന്ന്... "


"അറിയാം മാമി... എങ്കിലും പേടിക്കാതിരിക്കാൻ ആവുന്നില്ല.."


"എല്ലാം ശെരിയാവും മോളെ.. നീ ഒന്ന് ഇങ്ങോട്ട് വാ... "

"ഞാൻ വരും മാമി.. വരാൻ സമയമായിട്ടില്ല...  കുറച്ചു കൂടി കഴിയട്ടെ...
      പിന്നെ....എന്നെ...  "


വാക്കുകൾ പൂർത്തിയാക്കാതെ ഞാൻ ഒരു നിമിഷം മൗനം പാലിച്ചതും മാമിയും നിശബ്ദയായി.. പിന്നെ പതിയെ സംസാരിച്ചു തുടങ്ങി.. 


"ഇല്ല ഫെല്ലാ.. നിന്നെ അന്യോഷിച്ചില്ലാ.... 


മാമിയുടെ വാക്കുകൾ കേട്ടതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു... പിന്നെ ചുണ്ടിൽ പുഞ്ചിരി വരുത്തി കൊണ്ട് കണ്ണുകൾ തുറന്നു.. 


"ഹാ.. മാമി. ഞാൻ പിന്നെ വിളിക്കാ..പിജി ക്ക് അഡ്മിഷൻ ശെരിയായെന്ന് തോന്നുന്നു.. ഒന്ന് അന്യോഷിക്കാൻ പോട്ടെ. ഞാൻ പിന്നെ വിളിക്കാം "


"ഫെല്ലാ... നിനക്ക് വിഷമംആയല്ലേ... എന്താ മോളെ നിങ്ങളുടെ പ്രശ്നം.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. എന്തിനാ നീ എല്ലാവരിൽ നിന്നും ഒഴിഞ്ഞു  പോയി ആ നാട്ടിൽ  നിൽക്കുന്നെ.. രണ്ടു കൊല്ലം വിട്ട് നിൽക്കാൻ മാത്രം എന്താ ഉണ്ടായത്... "


"മാമി.. മതി.. ഞാൻ പറഞ്ഞതല്ലേ ചോദിക്കരുതെന്ന്.. പിന്നെ വീണ്ടും എന്തിനാ.... "


വാക്കുകൾ മുഴുവനാക്കാതെ നേരിയ തേങ്ങൽ വന്നതും മാമി നേർത്ത സ്വരത്തിൽ പറയാൻ തുടങ്ങി.. 


"അത്.. പോട്ടെ... ഞാൻ ഇപ്പൊ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്... "


"എന്ത് കാര്യം "


സംശയ രൂപേണ ഞാൻ ചോദിച്ചതും മാമിയുടെ വാക്കുകൾ എന്റെ ചെവികളിൽ തുളച്ചു കയറി..... 

"അവൻ വരുന്നുണ്ട് മോളെ.... നിന്റെ  റിഹാൻ......... "


*************


"വർമ.... താൻ പറഞ്ഞത് സത്യം തന്നെയല്ലേ.. ആ പ്രൊജക്റ്റ്‌.. അത് നമുക്ക് കിട്ടിയോ "


"യെസ്.. സർ.. ഇമെയിൽ വന്നിരുന്നു"


ഓഫിസിൽ എത്തി ക്യാബിനിൽ ഇരുന്നതും വർമ്മയുടെ വാക്കുകൾ കേട്ട് ഒരുപാട് സന്തോഷം തോന്നി...അക്കി എന്നെ കമ്പനി ഏൽപ്പിച്ചു പോയതിൽ പിന്നെ കമ്പനി ഉയരങ്ങളിൽ എത്തിക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു... ഈ പ്രൊജക്റ്റ്‌ കൈവരിക്കണം എന്നത് എന്റെ സ്വപ്നം ആയിരുന്നു.. 


" വാഹ്.... ഗ്രേറ്റ്‌ ന്യൂസ്‌... "


"ബട്ട്‌... സർ... "


പ്രൊജക്റ്റ്‌ കൈവരിച്ചതിലുള്ള സന്തോഷം കൊണ്ട് ചെയറിൽ ചാരി ഇരുന്ന് വർമയെ നോക്കി കണ്ണുകൾ അടച്ചു.. ആ സമയം വർമ്മയുടെ നിരാശ കലർന്ന വാക്കുകൾ കേട്ട് വർമ്മയെ നോക്കിയപ്പോൾ വർമ്മയുടെ  മുഖത്ത്  നിരാശ നിറഞ്ഞതും ഞാൻ ചെയറിൽ നിന്നും എഴുന്നേറ്റു... 


"എന്ത് പറ്റി... "


"അത് .. സർ... ആ പ്രൊജക്റ്റ്‌ന് വേണ്ടിയുള്ള നമ്മുടെ റിക്വസ്റ്റ്  ഫ്രീസ് ചെയ്തിരിക്കയാണ്.. "


"വാട്ട്‌..... "


"അതേ.. സർ... RM ഗ്രൂപ്പ്‌ നമ്മുടെ കമ്പനിയുടെ റിക്വസ്റ്റ് ഫ്രീസ് ചെയ്തിരിക്കാണ്.... അവരാണ് ആദ്യം ഈ പ്രൊജക്റ്റ്‌ന് വേണ്ടി റിക്വസ്റ്റ് ചെയ്തതെന്ന് വാദിക്കുകയാണ്.... രണ്ടു കമ്പനി തമ്മിൽ ഇത്തരം പ്രശ്നം വന്നാൽ ഓട്ടോമാറ്റിക് ആയി പ്രൊജക്റ്റ്‌ അവർ ഫ്രീസ് ചെയ്യും... പ്രൊജക്റ്റ്‌ തടഞ്ഞു വെച്ചത് കാരണം ഈ പ്രശ്നം സോൾവ് ആവാതെ നമുക്കാ പ്രൊജക്റ്റ്‌ കിട്ടില്ല.. "


വർമ്മയുടെ വാക്കുകൾ കേട്ടതും ദേഷ്യം കൊണ്ട് ഞാൻ ചെയറിൽ അമർത്തി പിടിച്ചു... 
 Rm ഗ്രൂപ്പ്‌.....DS എന്ന ഞങ്ങളുടെ ഗ്രൂപ്പ്‌ന്റെ ഒരേ ഒരു എതിരാളി.. ഫാഷൻ ഡിസൈൻ മേഖലയിൽ ഞങ്ങളുടെ കമ്പനിയോട് മത്സരിക്കുന്ന ഒരേ ഒരു കമ്പനി... 
അക്കിയും ആ കമ്പനിയും തമ്മിൽ എപ്പോഴും വഴക്ക് ഉണ്ടായിരുന്നു... പിന്നെ കുറച്ച് കാലം ഒഴിവായി. ഇപ്പോൾ വീണ്ടും വന്നിരിക്കാണ് ഞങ്ങളെ വെല്ലുവിളിക്കാൻ... 


"അങ്ങനെ ആണല്ലേ... മം... എന്താ ആ കമ്പനിയുടെ മാനേജറുടെ പേര്..."


"മാലിക് ഹുസൈൻ.... അയാളുടെ കമ്പനി ആണ്... അയാളായിരുന്നു ഇത്രയും കാലം നോക്കി നടത്തിയിരുന്നത്.... ഇപ്പോൾ അയാളല്ല കമ്പനി നോക്കി നടത്തുന്നത്..  "


  "പിന്നെ....??? "


ചോദ്യ രൂപേണ ഞാൻ ചോദിച്ചു കൊണ്ട് വർമ്മയുടെ നേരെ നോക്കിയതും വർമ്മ എന്റെ അടുത്തേക്ക് നടന്നു വന്നു... കയ്യിലെ ഇംഗ്ലീഷ് മാഗസിൻ എനിക്ക് നേരെ ഉയർത്തി... 


"ദ യങ്‌ ബിസിനസ്‌  മാൻ... റിഹാൻ മാലിക്.... ഹുസൈൻ മാലികിന്റെ ഒരേ ഒരു മകൻ... 
ലണ്ടനിൽ ഇരുന്നു കൊണ്ട് ഒരേ സമയം അവിടെയും ഇവിടെയും കമ്പനിക്ക് മേൽനോട്ടം വഹിക്കുന്നവൻ.. 
അവൻ തന്നെയാണ് നമ്മുടെ റിക്വസ്റ്റ് നെതിരിൽ കംപ്ലയിന്റ് നൽകിയതും..."


വർമ എനിക്ക് നേരെ നീട്ടിയ മാഗസിൻ കയ്യിൽ എടുത്തു കൊണ്ട് ഞാൻ അതിലേക്ക് നോക്കി... ചുണ്ടുകൾ മന്ത്രിച്ചു കൊണ്ട് പേര് ഒന്ന് കൂടെ വായിച്ചു... 

      "റിഹാൻ....... റിഹാൻ  മാലിക്... "....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story