മൽഹാർ: ഭാഗം 32

malhar

രചന: RAIZA

ഉണ്ട്.. എന്തോ ഉണ്ട്.. ഇന്നലെ തന്നെ തോന്നിയതാ എനിക്ക്.. ഞാൻ ഫോട്ടോ എടുത്തപ്പോൾ ഒന്നും പറഞ്ഞില്ല.. ഞങ്ങളുടെ സാക്കി ഇങ്ങനെയല്ലാ... പറ.. എന്താ നിനക്ക് പറ്റിയത്.. !!!!!!!!!!!!!!!!!


അക്കിയുടെ ആ ചോദ്യം ചോദിച്ചു കൊണ്ട്  വീട്ടിലെ എല്ലാവരും എനിക്ക് നേരെ തിരിയുന്നത്  സ്വപ്നം കണ്ടു കൊണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത്... എല്ലാവർക്കും ഒന്നേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ... സാക്കീ... നിനക്കെന്താ പറ്റിയേ.. ഞങ്ങളുടെ സാക്കി ഇങ്ങനെയല്ലാ.... 

ബെഡിൽ എണീറ്റിരുന്നു കൊണ്ട് ഞാൻ മുഖം തിരിച്ചു... ഫെല്ല എണീറ്റു പോയിട്ടുണ്ട്.. വാതിൽ ലോക്ക് ആണ്.. അവൾ ബാത്റൂമിൽ ആയിരിക്കും.. 
കണ്ണുകളടച്ച് തുറന്ന് നെടുവീർപ്പിട്ട് കൊണ്ട് ഞാൻ ബെഡിൽ നിന്നും എണീറ്റ് കൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി... പുലർകാല മഞ്ഞിനാൽ ഓറഞ്ച്, മുന്തിരി തോട്ടങ്ങൾ കുളിരണിഞ്ഞ് നിൽക്കുന്നുണ്ട്... അങ്ങോട്ടേക്ക് നോക്കി കൊണ്ട് മനസ്സ് റിലാക്സ് ആക്കാൻ ഞാൻ ശ്രമിച്ചു.. 
സ്വപ്നത്തിൽ എല്ലാവരും പറഞ്ഞത് പോലെ ഞാനാകെ മാറിയിട്ടുണ്ട്.. ഉമ്മമാരോട് സംസാരിക്കാൻ തന്നെ പോകാറില്ല. ആദ്യത്തെ ഞാൻ ഇങ്ങനെയൊന്നും ആയിരുന്നില്ല.. കളികൾ പറഞ്ഞ് അവരുടെ ചെല്ല കുട്ടിയായി ഓഫിസ് വിട്ട് വന്നാൽ അവരുടെ കൂടെ ഉണ്ടാവും.. എന്നാൽ ഇപ്പോൾ ഓഫിസിൽ നിന്ന് വന്നാൽ അപ്പോൾ തന്നെ പ്രൊജക്റ്റ്‌ വർക്ക് എന്ന് പറഞ്ഞ് ഓഫിസ് റൂമിൽ ചെന്നിരിക്കും.. പഴയ എന്നെ തിരിച്ചു കൊണ്ട് വരണം... ഈ കുടുംബമിനി എന്തൊക്കെ പ്രശ്നങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രവചനാതീതം... എന്ത് വന്നാലും ചുണ്ടിലെ പുഞ്ചിരി മാത്രം കൈവിടില്ല... ഉമ്മമാരുടെ കണ്ണ് തുടക്കാൻ എന്റെ പുഞ്ചിരി ധാരാളം.... 

ബാത്റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ ആണ് സാക്കി പുറത്തേക്ക് നോക്കി കണ്ണും നട്ട് നിൽക്കുന്നത് കണ്ടത്.. എന്തോ ചിന്തയിലാണ്.. ഇടക്ക് മുഖത്തൊരു പുഞ്ചിരി വിരിഞ്ഞതും ഞാൻ അവനെ തന്നെ നോക്കി നിന്നു.. പെട്ടന്നാണ് അവൻ തിരഞ്ഞത്... എന്നെ കണ്ടെന്ന് ഉറപ്പായതും ഞാൻ അവനിൽ നിന്നും മുഖം തിരിച്ചു... എന്നെ മറി കടന്നു കൊണ്ട് അവൻ ബാത്റൂമിലേക്ക് പോയതും തെല്ല് നിരാശയോടെ ഞാൻ താഴേക്ക് നടന്നു... 

അവളെ മൈൻഡ് ചെയ്യാതെ പോയതും അവളോട് ഒന്നും മിണ്ടാത്തതും മനസ്സിൽ ചില കണക്ക് കൂട്ടൽ ഉള്ളത് കൊണ്ടാണ്... അവളുടെ മുഖത്തേക്ക് നോക്കിയാൽ ഒരു പക്ഷെ അത് പിഴക്കും.... 
ഫ്രഷ് ആയി ഞാൻ താഴേക്ക് ചെന്നപ്പോൾ അവിടെ രണ്ടു ഉമ്മമാരും സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഉമ്മി പത്രം വായിക്കുവാണ്..ഉമ്മച്ചി മെഡിസിൻ ബോക്സ് എടുത്തു മുന്നിൽ വെച്ചിട്ടുണ്ട്.. വെറും വയറ്റിൽ കഴിക്കാനുള്ള ഗുളിക തപ്പുകയാവും... അവരെ കണ്ടതും സ്വപ്നത്തിൽ കരഞ്ഞു കൊണ്ട് നിനക്കെന്താ പറ്റിയെന്നു ചോദിക്കുന്ന ഉമ്മമാരെയാണ് ഓർമ വന്നത്.. അപ്പോൾ തന്നെ ചിരിച്ചു കൊണ്ട് ഞാൻ മെല്ലെ അവരുടെ പിറകെ ചെന്ന് രണ്ടു പേരുടെയും തോളിൽ കയ്യിട്ട് മുഖം രണ്ടു പേർക്കും നടുവിൽ അവരുടെ ഷോൾഡറിൽ വെച്ചു.. 


"എന്റെ സുന്ദരികുട്ടികൾ ഇവിടെ ഇരിക്കുവാണോ.. "


"സാക്കീ...."


രണ്ടു  കവിളിലും അവരുടെ കൈ കൊണ്ട് മൃദുലമായി തലോടി
 അവർ പുഞ്ചിരിച്ചു..  


"ആഹാ.. ഞങ്ങളെ ഓർമ ഉണ്ടല്ലേ.. ഞാൻ കരുതി പെണ്ണ് കെട്ടിയപ്പോൾ ഞങ്ങളെ വേണ്ടെന്ന്.. ഈ കല്യാണം ഉറപ്പിച്ച മുതൽ പഴയ പോലെ ഞങ്ങളുടെ അടുത്ത് വരാറേ ഇല്ലല്ലോ.."

 ഉമ്മച്ചിയുടെ വാക്കുകൾ ശെരിക്കും ഇടനെഞ്ചിൽ തന്നെ തട്ടി..അത് മനസ്സിലായെന്നോണം ഉമ്മ എന്റെ കയ്യിൽ പിടിച്ചു.. 

"അവന് ഓഫീസിൽ തിരക്ക് ആയത് കൊണ്ടല്ലേ... അവൻ മാറിയിട്ടൊന്നും ഇല്ല.. "


"ഞാൻ വെറുതെ പറഞ്ഞതാ സാക്കീ."


ഉമ്മി പറഞ്ഞത് കേട്ട് ഉമ്മച്ചി എന്റെ കവിളിൽ തലോടി... 


"അല്ലാ.. ഇപ്പോഴെന്തിനാ സോപ്പിങ്.. സാധാരണ ഇങ്ങനെ സ്നേഹം കൂടാറുള്ളത് ഭക്ഷണം വാരി തരാൻ ആവും.. ഇന്നും അതിനാണോ ടാ... പെണ്ണ് കെട്ടി ട്ടോ .. ഇനി കൊച്ചു കുഞ്ഞുങ്ങളെ പോലെ വാരി തരാൻ പറഞ്ഞു വന്നാൽ അക്കിയും ആഷിയും കൂടി നിന്നെ കളിയാക്കി കൊല്ലും.."


"ആഹാ.. എന്നാ ഉമ്മി അത് കാണാമല്ലോ.. ഞാൻ ഇപ്പോഴും നിങ്ങളെ ചെറിയ കുട്ടി തന്നെയാ... അക്കിയും ആഷിയും എന്ത് വേണേലും പറഞ്ഞോട്ടെ.. അവർക്ക് അസൂയയാ..... വന്നേ... എനിക്ക് വാരി തന്നിട്ടേ ഇനി ഞാൻ അടങ്ങൂ.. "


അവരുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ ഡൈനിങ് ടേബിളിന്റെ അടുത്ത് പോയി ഇരുന്നു... അപ്പോഴേക്കും എല്ലാവരും വന്നു.. നാല് മരുമക്കളും കൂടി എല്ലാവർക്കും ഫുഡ്‌ വിളമ്പി.. ഉമ്മമാർ എന്റെ ഇടത്തും വലത്തുമായി നിന്ന് എനിക്ക് ചപ്പാത്തി പിച്ചി തന്നു.. അക്കിയും ആഷിയും കമെന്റടിക്കുന്നുണ്ട്...ഞാനതൊന്നും മൈൻഡ് ആക്കിയില്ല.. 

"സാക്കീ... ഇന്ന് ഓഫിസിൽ പോകേണ്ട.. കല്യാണം കഴിഞ്ഞ് ഒരാഴ്ച പോലും ആയിട്ടില്ല.. നീയിത് ഇപ്പൊ തന്നെ കമ്പനി, പ്രൊജക്റ്റ്‌ എന്ന് പറഞ്ഞു നടന്നോ.... ഇന്നൊരു ദിവസം സാക്കീ നമുക്കിവിടെ അടിച്ചു പൊളിക്കാം.. അടുത്ത ആഴ്ച ആഷിയും സീനുത്തയും ഗൾഫിലേക്ക് പോകും.. ഇക്കാക്കയും പോകും.. അത് കൊണ്ട്  കളിയും ചിരിയുമായി 
 നമുക്കീ ദിവസം ചിലവഴിക്കാം.. "


അക്കിയുടെ ആ അഭിപ്രായത്തോട്‌ എല്ലാവരും യോജിച്ചു.. ഞാനും സമ്മതിച്ചു.. എനിക്കിവരുടെ പഴയ സഖിയാവണം.. അതിന് ഇവരോടൊപ്പം സമയം ചെലവഴിക്കണം.. 

ചായകുടിച്ചു കഴിഞ്ഞ് എല്ലാവരും സോഫയിൽ ഇരുന്നു... ഹവ്വ മോളുടെയും ലിയ മോളുടെയും ഒപ്പം കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും എല്ലാവർക്കും സന്തോഷം നൽകി... എന്റെ ചിരിയും കളിയും കണ്ട് ഫെല്ല എന്നെ തന്നെ നോക്കി നിൽക്കാണ്.. അവളെ നോക്കാതെ ഞാൻ വീണ്ടും അവരുടെ ഒപ്പം ചേർന്നു... 

ഈ സാക്കിക്ക് ഇതെന്താ പറ്റിയത്... ഇന്നലെ കണ്ട സാക്കി അല്ല ഇന്ന്.. അവരുടെ കൂടെ തമാശ പറഞ്ഞ് ചിരിച്ച് ചെറിയ കുട്ടികളെ പോലെ ഹവ്വ മോളുടെയും ലിയ മോളുടെയും ഒപ്പം കളിക്കുന്ന സാക്കിയെ കണ്ടപ്പോൾ അറിയാതെ ചിരി വന്നു.. മനസ്സറിഞ്ഞു കൊണ്ടുള്ള ചിരി തന്നെ.. ശെരിക്കും സാക്കി കൊച്ചു കുട്ടികളെ പോലെയാണ്.. ഉമ്മമാരോടുള്ള ചിണുങ്ങലും ഇക്കാക്കമാരോടുള്ള തല്ല് കൂടലും എല്ലാം കണ്ട്  സാക്കിയോട് മനസ്സിൽ വല്ലാത്തൊരു ഇഷ്ടം.. ഇവരുടെയൊക്കെ എല്ലാമെല്ലാമാണ് സാക്കിയെന്ന് ഇവിടെ വന്നത് മുതൽ മനസ്സിലായിരുന്നു.. ഇപ്പോൾ കൂടുതൽ വ്യക്തമായി... സാക്കിയെ കൂടാതെ ഈ കുടുംബം പൂർണമല്ലെന്ന്.. 

"എന്താ ഡീ ഉണ്ടക്കണ്ണ് മിഴിച്ചു നോക്കുന്നത്.. "


പെട്ടന്ന് അവരുടെ ഇടയിൽ നിന്നും എന്റെ അരികിൽ വന്നു നിന്ന് കൊണ്ട് സാക്കി ചോദിച്ചതും ഞെട്ടലോടെ ഞാനവനെ നോക്കി.. അവരുടെ കളി ചിരികൾ കണ്ട് വേറേതോ ലോകത്തായിരുന്നു ഞാൻ. പെട്ടന്നവൻ അരികിൽ വന്നത് കണ്ടില്ലായിരുന്നു... തൊട്ടടുത്ത് നിൽക്കുന്ന അവനെ ഒന്ന് നോക്കിയ ശേഷം ഞാൻ എല്ലാവരുടെ മുഖത്തേക്കും കണ്ണോടിച്ചു.. അവരൊക്കെ നല്ല സംസാരത്തിലാണ്.. ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും ഞാൻ സാക്കിയുടെ നേരെ തിരിഞ്ഞു.. 


" എനിക്ക് നോക്കാനും ഇനി നിന്റെ പെർമിഷൻ വേണോ.. "


"അത് വേണ്ട... പക്ഷെ എന്നെ തന്നെ കുറെ സമയം നോക്കി നിൽക്കാൻ ചിലപ്പോൾ പെർമിഷൻ വേണ്ടി വരും "


സാക്കിയെ ചൂടാക്കാനും എന്നോട് തല്ല് കൂടാൻ വരാനുമാണ് ഞാൻ അങ്ങനെ പറഞ്ഞത്.. പക്ഷെ അവന്റെ മറുപടി കേട്ട് കിളി പോയി. ഞാൻ അവനെ ഇടയ്ക്കിടെ നോക്കുന്നത് അവൻ കാണുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.. അവനോട് എന്ത് പറയുമെന്നറിയാതെ ഇളിച്ചു കൊടുത്തതും അവൻ പുരികം പൊക്കി കൊണ്ട് എന്താ എന്ന് ചോദിച്ചു.. 

" ഇന്നലെ ഉള്ളത് പോലെയല്ല ഇന്ന്.. അത് കൊണ്ട് നോക്കിപോയതാ "


ഇപ്രാവശ്യം വാക്കുകൾ കിട്ടാതെ ഞാൻ അവളെ നോക്കി നിന്നു... തിളക്കമുള്ള കണ്ണുകളോടെ എന്നെ നോക്കുന്നth കണ്ടതും ഞാൻ മുഖം തിരിച്ചു കൊണ്ട് കുട്ടികൾ കളിക്കുന്നതിലേക്ക് ശ്രദ്ധിച്ചു.. ആ സമയം തന്നെ അവളെന്റെ കൈകളിൽ പിടിച്ചു.. 


"എനിക്കൊരു കാര്യം പറയാനുണ്ട് സാക്കീ.. "


ഞാനത് പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ പിടിച്ചതും അവനെന്നെ നോക്കി.. എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. അവന്റെ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് ഞാൻ പറയാനായി വാ തുറന്നതും കാളിങ് ബെൽ അടിഞ്ഞു... എല്ലാവരും വാതിലിനടുത്തേക്ക് നോക്കിയതും എന്റെ കയ്യിൽ നിന്നും കൈ വലിച്ച് എന്നെ ഒന്ന് നോക്കി കൊണ്ടവൻ വാതിൽ തുറക്കാനായി പോയി... മനസ്സ് കിടന്ന് തുള്ളുകയാണ്.. സന്തോഷം കൊണ്ടോ വെപ്രാളം കൊണ്ടോ എന്നറിയില്ല... സാക്കിയോടൊരു കാര്യം ചോദിക്കാൻ ഉണ്ട്.. അതിനുത്തരം കിട്ടണം... 
സാക്കി വാതിൽ തുറന്നതും ഞാൻ അങ്ങോട്ടേക്ക് നോക്കി.. പെട്ടന്ന് മുഖത്തെ ചിരി മാഞ്ഞു പോയി.. നിശ്ചലയായി ഞാൻ നിന്നു.. വന്നത് മറ്റാരും ആയിരുന്നില്ല.. മാമനും മാമിയും ആയിരുന്നു... എന്റെ അടുത്തേക്ക് നടന്നു വരുന്ന അവരെ കണ്ടതും ഞാൻ പിറകോട്ടു നീങ്ങി നിന്ന് സോഫയിൽ ഇറുകി പിടിച്ചു.. 


"മാ...മീ... "


എന്റെ അടുത്തെത്തിയതും വിക്കി വിക്കി ഞാൻ വിളിച്ചതും മാമി ഒരു നിമിഷം എന്നെ നോക്കി നിന്നു.. കണ്ണിൽ ഒഴുകാൻ മാത്രം വെള്ളം വന്നതും അത് കാര്യമാക്കാതെ മുഖത്ത് ദേഷ്യം വരുത്തി കൊണ്ട് മാമി എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... 

എന്റെ  മുഖത്തേക്ക്  മാമി ആഞ്ഞടിച്ചതും കളിചിരിയിൽ മുഴുകിയ വീട് പെട്ടന്ന് നിശബ്ദമായി.. എല്ലാവരും എഴുന്നേറ്റു നിന്നു.. ജെനി ഇത്ത എന്നെ വിളിച്ചു കൊണ്ട് എന്റെ അരികിൽ വന്നു നിന്നു.. മാമി തല്ലിയ കവിളിൽ കൈ വെച്ച് കൊണ്ട് വിതുമ്പുന്ന ചുണ്ടുകളാൽ ഞാൻ മാമിയെ നോക്കി.. എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടത് കൊണ്ടോ കവിളിൽ പതിഞ്ഞ പാട് കണ്ടത് കൊണ്ടോ എന്തോ.. മാമി മുഖം തിരിച്ചു.. അതേ സമയം മാമിയുടെ പിറകിൽ എന്നെ നോക്കി നിൽക്കുന്ന സാക്കിയെയും മാമനെയും കണ്ടതും കരച്ചിൽ അടക്കി ഞാൻ നിന്നു... എന്നെ നോക്കി കൊണ്ട് സാക്കി ഒന്ന് ചെരിഞ്ഞു നിന്നതും പിറകിൽ ഉള്ളവരെ കണ്ട്   കണ്ണുകളിലെ കണ്ണുനീർ ഒലിച്ചിറങ്ങി... 


************

ഫെല്ലയുടെ കവിളിൽ അവളുടെ മാമി അടിച്ചപ്പോൾ വേദനിച്ചത് എനിക്കായിരുന്നു.. അവളുടെ മാമനും മാമിയും രാവിലെ തന്നെ സ്വർഗത്തിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എല്ലാം ഉപ്പാനോട് പറഞ്ഞിരുന്നു. ദേഷ്യവും വാശിയും ഉപ്പാന്റെ കൂടപ്പിറപ്പ് ആയത് കൊണ്ട് ഫെല്ലയെ ഇപ്പോൾ തന്നെ കാണാൻ പോകണമെന്ന് പറഞ്ഞ് ഇറങ്ങിയതാണ്...  ഉമ്മയും റൈഹയും  zella യും കൂടെ ഉണ്ട്...

അവളുടെ കവിളിലെ പാട് കണ്ടതും നെഞ്ചിലൊരു വേദന വന്നു..അവളിൽ നിന്നും മുഖം തിരിച്ചതും സാക്കിയും എന്റെ നേരെ മുഖം തിരിച്ചു.. അവന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു.... 

കാളിംഗ് ബെൽ അടിച്ചപ്പോൾ തന്നെ മനസ്സിലായിരുന്നു ഇവരാണെന്ന്.. അവിടെ നിന്ന് അവർ പോന്നപ്പോൾ തന്നെ റൈഹ എനിക്ക് മെസ്സേജ് അയച്ചിരുന്നു.. മാമനും മാമിയും സ്വർഗത്തിൽ പോയ കാര്യം ഉൾപ്പെടെ അവൾ പറഞ്ഞു... 
അവർ വന്നപ്പോൾ എന്റെ കണ്ണുകൾ ആദ്യം ചെന്ന് പതിച്ചത്  zella യിൽ ആയിരുന്നു... ഫെല്ലയുടെ അനിയത്തിയിൽ.. എന്റെ മാത്രം അല്ലാ.. എല്ലാവരുടെയും കണ്ണുകൾ അവളിൽ ആണ്... 

മാമി ഫെല്ലയെ അടിച്ചപ്പോൾ ഹൃദയത്തിനുള്ളിൽ രക്തം കിനിഞ്ഞത് പോലെ.. റിഹാന്റെ മുഖവും വല്ലാണ്ടായിയുന്നു.. അത് കണ്ടപ്പോൾ അതിലേറെ  സങ്കടം.... 

റിഹാനും ഉമ്മയും ഉപ്പയും റൈഹയും പിന്നെ zella യും ഇവരുടെ ഒപ്പമുണ്ടെന്ന് അറിഞ്ഞതും എന്റെ തല മെല്ലെ താഴ്ന്നു .... ഉമ്മമാരും ഇക്കാക്കമാരും ഇത്താത്തമാരും അന്തം വിട്ടു നിൽക്കാണ്... വന്നത് ആരൊക്കെയാണെന്ന് സാക്കി അവരോടൊക്കെ പറഞ്ഞപ്പോഴും zella യിൽ നിന്ന് അവരാരും കണ്ണെടുത്തില്ല... 


" മാമി ഞാൻ..... "


"മിണ്ടി പോകരുത്.. നീയിത്രത്തോളം വലുതായ വിവരം അറിഞ്ഞില്ലായിരുന്നു... നിന്റെ കല്യാണത്തിൽ സ്വന്തമായൊരു തീരുമാനം... അതും ഞങ്ങളെ അറിയിക്കാതെ... ഒരിക്കലും നിന്റെ ഭാഗത്ത് നിന്നിതു പ്രതീക്ഷിച്ചില്ല..  "


"ഇവളെ എന്തിനാ പറയുന്നേ.. നല്ല തറവാടികൾ ആയിരുന്നെങ്കിൽ ഇവരീ പണിക്ക് നിൽക്കുമോ.. എന്ത് അറിഞ്ഞിട്ടാ നിങ്ങളിവളെ ഈ വീടിന്റെ മരുമകളാക്കിയത്... ഇവൾക്കെന്താ ബന്ധുക്കാരൊന്നും ഇല്ലെന്ന് കരുതിയോ....എന്റെ മോനും ഇവളുമായി കല്യാണം നടക്കേണ്ടതായിരുന്നു... അതൊക്കെ ഒന്ന് അന്യോഷിച്ചോ നിങ്ങൾ... "


റിഹാന്റെ ഉപ്പ  പൊട്ടിത്തെറിച്ചതും ആരും ഒന്നും മിണ്ടാതെ ഒന്നും മനസ്സിലാവാതെ എന്നെ നോക്കി.. അവരുടെ ഓരോ നോട്ടവും  അവിശ്വാസത്തിന്റേതായിരുന്നു... 


"ഞങ്ങൾക്ക്... ഞങ്ങൾക്കറിയില്ലായിരുന്നു... ഒന്നും.. "


എന്നെ നോക്കി ഉമ്മി പറഞ്ഞതും ഞാൻ ഉമ്മിയെ നോക്കി.. ആ മുഖത്തപ്പോൾ എന്നോടുള്ള ദേഷ്യമാണോ അതോ നിസ്സഹായാവസ്ഥയാണോ എന്ന് മനസിലായില്ല.. 


"മാമി... ഞാൻ പറയുന്നതൊന്ന് കേൾക്ക്.. "


"വേണ്ട.. നീയൊന്നും പറയേണ്ട.. ഒരു വാക്ക്.. ഒരു വാക്കെന്നോട് പറഞ്ഞിരുന്നെങ്കിൽ.. നിന്റെ കല്യാണത്തെ കുറിച്ച് ഞാൻ സ്വപ്നം കാണില്ലായിരുന്നു.. എന്നെ നീ തോൽപ്പിച്ചു കളഞ്ഞു..., "

"മാമി.. എന്നോട് ക്ഷമിക്ക് മാമി.. പ്ലീസ്.. എല്ലാം.. എല്ലാം നമ്മുടെ കുടുംബത്തിന് വേണ്ടി തന്നെയാണ്.. സ്വയം ഉരുകുമ്പോഴും എല്ലാവരും സന്തോഷിക്കാൻ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.. "


"മതി... പറഞ്ഞത്.. പെട്ടന്ന് റെഡിയായി വാ.. ഞങ്ങളുടെ കൂടെ.. നിന്റെ കുടുംബത്തിന്റെ സന്തോഷം ആഗ്രഹിക്കുന്നെങ്കിൽ നീ വാ.. "


റിഹാന്റെ ഉപ്പ എന്റെ നേരെ വന്നു പറഞ്ഞതും ഞാൻ റിഹാനെ നോക്കി.. 


"ഇല്ല.. ഞാൻ വരില്ല.. ഞാനും റിഹാനും തമ്മിലുള്ള കല്യാണം ഒരിക്കലും നടക്കില്ല.. "


"എന്ത് കൊണ്ട്... പറ.. എന്ത് കൊണ്ട്.കാലം കുറെ ആയി ഞാനിത് ചോദിക്കുന്നു.. എന്താ നീയൊക്കെ ഒളിപ്പിക്കുന്നത്... ഇന്നെനിക്ക് ഉത്തരം കിട്ടണം... "


എന്റെ ഷോൾഡറിൽ അമർത്തി പിടിച്ചു കൊണ്ട് മാമി ചോദിച്ചതും ഒന്നും മിണ്ടാതെ ഞാൻ റിഹാനെ നോക്കി.. ആ സമയം റിഹാന്റെ ഉപ്പ വീണ്ടും ഇടയിൽ കയറി വന്നു.. 


"ഇവരൊക്കെ നമ്മുടെ കുട്ടിയെ പറഞ്ഞു മയക്കി വെച്ചേക്കുവാണ്.  ഇനിയും ഇവരുടെ ഇടയിൽ നമ്മുടെ മോളെ നിർത്തേണ്ട.. വാ നമുക്ക് പോകാം.. "

അതും പറഞ്ഞു കൊണ്ട് റിഹാന്റെ ഉപ്പ  എന്റെ കയ്യിൽ പിടിച്ചതും എന്റെ മറു കയ്യിൽ സാക്കി  പിടിച്ചു.. 


"ആഹാ.. അങ്ങനെ അങ്ങ് കൊണ്ട് പോയാലോ.. ഈ കഴുത്തിൽ കിടക്കുന്നത് കണ്ടോ.. അതേയ് അത് ഞാൻ കെട്ടിയതാ.. ചുമ്മാ കെട്ടിയതൊന്നും അല്ല.. അതിന്റെ എല്ലാ മൂല്യം അനുസരിച്ചും പാലിച്ചുമാണ് അവളെ അങ്ങ് കെട്ടിയത്.. അതിനെ മഹർ എന്ന് പറയും.. മഹർ ഒരാൾക്ക് കൊടുത്താൽ അവൾ ഭാര്യ ആയില്ലേ... എന്റെ ഭാര്യയെ എന്റെ സമ്മതം ഇല്ലാതെ കൊണ്ട് പോകാൻ നിങ്ങൾക്കെന്താ അവകാശം.. "

സാക്കിയുടെ  വാക്കുകൾ കേട്ടതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കൊണ്ട് ഞാനവനെ നോക്കി.. അവൻ റിഹാന്റെ ഉപ്പയെ തന്നെ നോക്കാണ്. സാക്കിയുടെ ഡയലോഗ് കേട്ട് ഉപ്പ എന്റെ കയ്യിൽ നിന്നും കൈ വിട്ടു.. അതേ സമയം തന്നെ മാമി എന്റെ കയ്യിൽ പിടിച്ചു.. ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളാൽ എന്നെയും സാക്കിയെയും മാമി മാറി മാറി നോക്കി.. 


"നിന്റെ സമ്മതം ഇല്ലാതെ ഞങ്ങൾക്കിവളെ കൊണ്ട് പോകാൻ കഴിയില്ല അല്ലേ.... ശെരി... ഇവളുടെ പൂർണ സമ്മതത്തോടെ കൊണ്ട് പോവാമല്ലോ..??? "


മാമിയുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് അതേ എന്നർത്ഥത്തിൽ ഷോൾഡർ കുലുക്കി കൊണ്ട് എല്ലാം എനിക്ക് വിട്ട് തന്നെന്ന രീതിയിൽ എന്നെ നോക്കി.. ഞാൻ അവനെ നോക്കിയതും മാമി എന്റെ കയ്യിൽ പിടിച്ചു വലിച്ചു. 


"ഫെല്ലാ... ഞങ്ങളുടെ കൂടെ വരില്ലേ നീ.. ഇവനെ വിട്ട് റിഹാന്റെ പെണ്ണാവാൻ നീ വരില്ലേ.. "


മാമിയുടെ ചോദ്യത്തിന് ഇല്ലെന്നവൾ തലയാട്ടിയതും മാമി രൂക്ഷമായി എന്നെ നോക്കി.. റിഹാൻ മൗനം പാലിച്ചു നിൽക്കാണ്.. അവനെന്തെങ്കിലുമൊന്ന് പറഞ്ഞെങ്കിലെന്ന് ഫെല്ലയെ പോലെ ഞാനും ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.. റൈഹ എന്നെ നോക്കി നിൽക്കാണ്.. ഒന്നും വരില്ലെന്ന് കണ്ണടച്ച് അവളെ ഞാൻ ആശ്വസിപ്പിച്ചു... 
ഉമ്മമാരുടെ മുഖത്ത് ഇപ്പോഴും അവിശ്വാസം മാറിയിട്ടില്ല... ഇവിടെ നടക്കുന്നതെന്താണെന്ന് പാവങ്ങൾക്ക് അറിയില്ല. ഞാനും റൈഹയും  പ്ലാൻ ചെയ്തത് പോലെയാണ്  ഇത് വരെ നടന്നത്.. മാമിയും മാമനും സ്വർഗത്തിൽ പോയത് റൈഹയുടെ വാക്കിനാലാണ്.. അവിടെ ചെന്നാൽ എല്ലാം അവരറിയുമെന്നും അറിഞ്ഞാൽ ഇവിടെ വരുമെന്നും ഉറപ്പായിരുന്നു.. ഞങ്ങൾ ഉദ്ദേശിച്ചത് പോലെ എല്ലാം നടന്നു.. ഇനി എല്ലാം ഫെല്ലയുടെയും റിഹാന്റെയും കയ്യിലാണ്.. സത്യങ്ങൾ പുറത്ത് വരാനുള്ള സമയം... ... 


"ഫെല്ലാ.. എന്താ നിനക്ക് പറ്റിയത്.. നീയും റിഹാനും തമ്മിലുള്ള പ്രണയം ഓരോ പുൽക്കൊടിക്ക് വരെ അറിയാം... എന്നിട്ടും.. ഒരുമിക്കാൻ എല്ലാ സാഹചര്യവും ഒത്തു വന്നിട്ടും.. എന്താ നീ ഈ ചെയ്തത്.. എങ്ങനെ നിനക്ക് കഴിഞ്ഞു റിഹാനെ മറന്ന് മറ്റൊരാളെ വിവാഹം കഴിക്കാൻ.. നീ ഇത്രത്തോളം തരം താണവൾ ആയിരുന്നോ ഡീ ., "


"മാമീ.... "


പെട്ടന്ന് റിഹാന്റെ ശബ്ദം അവിടെ അലയടിച്ചതും എല്ലാവരും അവനെ നോക്കി.. 


"മോനേ... എന്താ പറ്റിയത് ഇവൾക്ക്.. ഇവൾ... ഇവൾക്കെങ്ങനെ.... "

വിതുമ്പി കൊണ്ട് മാമി പറഞ്ഞതും കരച്ചിൽ അടക്കി കൊണ്ട് ഞാൻ മാമിയെ നോക്കി നിന്നു..


"മാമി.. ഫെല്ല ചെയ്തതിൽ ഒരു തെറ്റുമില്ല.. "


"എന്ത്... എന്താ നീയീ പറയുന്നത്... നീയും അവളുടെ കൂടെ കൂടിയോ.. മനസ്സിലാവുന്നില്ല കുട്ടികളെ.. നിങ്ങൾക്ക് എന്താ പറ്റിയതെന്ന്.. "


"മാമീ.. മാമി ചോദിച്ചില്ലേ അവളോട്‌ എന്നെ മറന്ന് മറ്റൊരാളെ വിവാഹം ചെയ്യാൻ എങ്ങനെ തോന്നിയെന്ന്.. അതിന് കാരണക്കാരൻ ഞാൻ തന്നെയാ.. അവളെ മറന്ന് ഞാൻ... "


വാക്കുകൾ പൂർത്തിയാക്കാതെ റിഹാൻ എന്നെ നോക്കിയതും ഞാൻ മുഖം തിരിച്ചു.. ആർക്കും ഒന്നും മനസ്സിലായിട്ടില്ലെന്ന് മുഖം കണ്ടാൽ അറിയാം.. 


"മാമി.. ഞാനും ഫെല്ലയും തമ്മിലുള്ള കല്യാണം ഒരിക്കലും നടക്കില്ല.. "

"റിഹാൻ.... !!!! "


ഉപ്പയുടെ കാതടപ്പിക്കുന്ന ശബ്ദം ചെവിയിൽ പതിച്ചതും ഞാൻ തിരിഞ്ഞു നോക്കി.. ദേഷ്യത്താൽ എന്നെ നോക്കുന്ന ഉപ്പയെ കണ്ട് ഒരു ഭയവും തോന്നാതെ തല ഉയർത്തി തന്നെ ഞാൻ നിന്നു.. 


"ഇല്ല ഉപ്പാ.. ഈ ശബ്ദവും പേടിപ്പിക്കുന്ന മുഖഭാവവും കൊണ്ട് ഇനിയും എന്നെ നിശബ്ദനാക്കാൻ ഉപ്പാക്ക് കഴിയില്ല.. സത്യം എല്ലാവരും അറിയട്ടെ.. "


"നീ എന്തൊക്കെയാ മോനേ ഈ പറയുന്നത്.. ഒന്ന് തെളിയിച്ചു പറ..ഒന്നും മനസ്സിലാവുന്നില്ലെനിക്ക്.. എന്തിനാ ഫെല്ല മോൾ ഇങ്ങനെ ചെയ്‍തത്.. നിന്റെ പെണ്ണാവാനും ഒരുമിച്ച് ജീവിക്കാനും എത്ര കൊതിച്ചിട്ടുണ്ടവൾ.. എന്നിട്ടും.... എന്താ രണ്ടു പേരും ഇങ്ങനെ.. "


ഉമ്മ വന്നെന്റെ മുന്നിൽ നിന്ന് കണ്ണുനീർ ഒലിപ്പിച്ചതും ഞാൻ ഉമ്മയെ തലോടി കൊണ്ട് ഫെല്ലയുടെ നേരെ തിരിഞ്ഞു.. 


" ഫെല്ലയോട് ഞാൻ ചെയ്തത് കൊടും ചതി തന്നെയാണ്.. അന്ന്.. ആ രാത്രി.. zella യുമായി ഞാൻ.... "


റിഹാന്റെ വാക്കുകൾ ഇടാറിയതും..അവനെന്നെ നോക്കി.. അവന്റെ നാവിൽ നിന്നും തന്നെ എല്ലാം കേട്ടതും നെഞ്ച് പിളർന്നു പോവും വിധം വേദന അനുഭവപ്പെട്ടു... ഞങ്ങളുടെ കല്യാണം ഉറപ്പിച്ച...അന്നത്തെ ആ ഫങ്ക്ഷനിൽ... താഴെ ഞാൻ റിഹാന്റെ കൂടെയുള്ള ജീവിതം സ്വപ്നം കാണുമ്പോൾ.. മേലെ.. അവന്റെ റൂമിൽ.. ബെഡ്‌റൂമിൽ.. അവനും zella യും ശരീരം പങ്കിടുകയായിരുന്നു... 

അവൻ ചെയ്ത തെറ്റ് അവൻ തുറന്നു പറഞ്ഞതും മാമനും മാമിയും അവന്റെ ഉമ്മയും വിശ്വസിക്കാനാവാതെ ഞങ്ങളെ രണ്ടു പേരെയും നോക്കി.. 


"റിഹാൻ... നീയെന്തൊക്കെയാ ഈ പറയുന്നേ.. നീയാണോ.. zella യെ... "


"ഉമ്മാ.... ഞാൻ.. ഞാനിതൊക്കെ അന്ന് തന്നെ എല്ലാവർക്കും മുന്നിൽ പറയാൻ നിന്നതാ.. ഫെല്ലയെ ഇനി സ്വന്തമാക്കാൻ ഞാൻ അർഹനല്ലെന്ന് പറയാൻ ഒരുപാട് ശ്രമിച്ചു.. പക്ഷെ.. ഓരോ തവണയും ഉപ്പ എന്നെ വിലക്കി.. ഉപ്പാന്റെ നിർബന്ധം കൊണ്ടാണ് ലണ്ടനിലേക്ക് പോയത്... "

"ഇല്ല.. ഇതൊരിക്കലും ഞാൻ വിശ്വസിക്കില്ല.. ഫെല്ലയും നീയും തമ്മിൽ എത്രത്തോളം സ്നേഹിക്കുന്നെന്ന് എല്ലാവർക്കും അറിയാം.. എന്നിട്ടും നീയും zella യും.... "


മാമി വിശ്വാസം വരാതെ റിഹാനോട്‌ ചോദിച്ചതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു... 


" ഫെല്ലയെ ഞാൻ ചതിച്ചത് തന്നെയാ... അത് മാത്രം എല്ലാവരും അറിഞ്ഞാൽ മതി.. "


അതും പറഞ്ഞു കൊണ്ട് റിഹാൻ എന്നിൽ നിന്നും മുഖം തിരിച്ചു... എല്ലാം കേട്ട് തളർന്നു പോവുമെന്ന.അവസ്ഥയായിരുന്നു... എല്ലാവരെയും കണ്ണുകൾ ഞങ്ങൾക്ക് നേരെയാണ്.. സാക്കി ഇമ വെട്ടാതെ എന്നെ നോക്കി അരികിൽ തന്നെയുണ്ട്.. എല്ലാം പറഞ്ഞു കഴിഞ്ഞതും റിഹാന്റെ അരികിൽ നിന്നും ഞാൻ zella യുടെ അടുത്തേക്ക് പോയി.. 


"Zella... നീ വിചാരിക്കുന്ന പോലെ ഞാൻ നിന്റെ ജീവിതം ഇല്ലാതാക്കില്ല.. നിന്റെയും റിഹാന്റെയും ഇടയിൽ ഞാൻ ഒരിക്കലും വരികയുമില്ല... ഞാൻ കാരണം ഇനിയും നിന്നെ റിഹാൻ സ്വീകരിക്കില്ല എന്ന ചിന്ത നിനക്ക് വേണ്ട.. നിങ്ങൾ സന്തോഷമായിരിക്കണം.. പ്ലീസ്.. ഇനിയും നീ ഇതിന്റെ പേരിൽ എന്നെ വെറുക്കരുത്... "


Zella യുടെ കയ്യിൽ പിടിച്ചു കൊണ്ട് ഫെല്ല കരഞ്ഞതും zella യും കരഞ്ഞു.. ഞാൻ റൈഹയെ നോക്കിയതും റൈഹ റിഹാനെ നോക്കി ആംഗ്യം കാണിച്ചു.. 
ഞങ്ങളുടെ പ്ലാനിന്റെ രണ്ടാം ഘട്ടം ആണിത്.. റിഹാനോട്‌ റൈഹ എല്ലാം പറഞ്ഞിരുന്നു.. റിഹാൻ  ഞങ്ങൾ പറയുന്നത് പോലെ ചെയ്യാമെന്ന് വാക്ക് തന്നതുമാണ്.. ആദ്യം എതിർത്തു എങ്കിലും സത്യങ്ങൾ എല്ലാം പുറത്ത് കൊണ്ട് വരണമെന്ന് ഞാൻ നിർബന്ധം പറഞ്ഞത് കൊണ്ട് അവൻ സമ്മതിച്ചു... 
എന്റെ നോട്ടം കണ്ടതും അവനൊന്ന് കണ്ണുകൾ ഇറുക്കി അടച്ചു.. 


"ഫെല്ലാ.. നീ പറയുന്നത് പോലെ ഒരിക്കലും നടക്കില്ല.. ഞാനും അവളും തമ്മിൽ ഒരു ജീവിതം ഉണ്ടാവില്ല.. എന്റെ മനസ്സിൽ എന്നും നീ മാത്രമായിരിക്കും.. "


പെട്ടന്ന് റിഹാൻ അങ്ങനെ പറഞ്ഞതും ഞെട്ടി കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി... എന്റെ മുഖത്തേക്ക് നോക്കാതെ റിഹാൻ പറഞ്ഞത് കേട്ട് ഞാൻ zella യെ നോക്കി.. എന്റെ മുഖത്തേക്ക് ദേഷ്യത്തിൽ നോക്കിയ അവൾ പെട്ടന്ന് പൊട്ടിത്തെറിച്ചു..  


"വാഹ്... കൊള്ളാം... നന്നായിട്ടുണ്ട്...നിന്റെ അഭിനയം...  എന്നെ  ഇത്രയും വേദനിപ്പിക്കാൻ ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്... സ്വാർത്ഥത മാത്രമേ നിനക്കുള്ളൂ..... മറ്റുള്ളവരുടെ വേദന ഒന്നും നിനക്കറിയേണ്ട... എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ... റിഹാനും ഞാനും കിടപ്പറ പങ്കിട്ടെന്ന് അറിഞ്ഞിട്ടും നീ അവനെ വീണ്ടും മയക്കി എടുത്തല്ലോ...  പുച്ഛം തോന്നുന്നു  നിന്റെ അതേ ചോര തന്നെയാണ് എന്റെ സിരകളിൽ ഒഴുകുന്നതെന്ന് ഓർക്കുമ്പോൾ..... വെറുപ്പ് തോന്നാണ്...... നീ.. "


Zella എനിക്ക് നേരെ ദേഷ്യത്തിൽ വാക്കുകൾ തൊടുത്തു വിട്ടതും അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ പെട്ടന്നവളുടെ മുഖത്തേക്കൊരാൾ ആഞ്ഞടിച്ചു.. അടിയുടെ ശക്തിയിൽ അവൾ ഒന്ന് തെന്നിയതും ഇരു കൈകൾ കൊണ്ടും ഞാനവളെ പിടിച്ചു... അടിച്ച ആൾ അവൾക്ക് മുന്നിൽ വന്നു നിന്നതും വിശ്വാസം വരാതെ അത്ഭുതത്തോടെ zella യും  ആ മുഖത്തേക്ക്  നോക്കി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story