മൽഹാർ: ഭാഗം 5

malhar

രചന: RAIZA


"ഏഹ്... അതെന്തിനാ മോള് നുണ പറഞ്ഞത്.. "

നിഷ്കളങ്കമായ അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി കൊണ്ട് ഞാനും മദറും ഒപ്പം  ചോദിച്ചതും അവളുടെ മറുപടി കേട്ട് ഞങ്ങൾ രണ്ട് പേരും വായും പൊളിച്ചു നിന്നു.. 


         "അതോ.... അങ്ങനെ പറഞ്ഞില്ലേൽ ആ മാമൻ ഇല്ലേ... ഇച്ചേച്ചിയെ കെട്ടില്ലേ...അപ്പൊ പാവം ഇച്ചാച്ചന് വിഷമാവൂല്ലേ "


"അതെങ്ങനെ മോളേ അവന് വിഷമം വരാ"


മോള് പറയുന്നതൊന്നും മനസ്സിലാവാതെ ഞാൻ നിൽക്കുന്നത് കണ്ട് മദർ മോളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു... അപ്പൊ അവൾ എന്നെ നോക്കി കൊണ്ട് ചിരിയോടെ പറഞ്ഞു  ... 


"അതോ.... അതില്ലേ... ഇച്ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്നത് എന്റെ ഇച്ചാച്ചൻ അല്ലേ...എനിക്കറിയാ "


ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന മോളേയും എന്നെയും നോക്കി മദർ വാ പൊത്തി ചിരിക്കാൻ തുടങ്ങി... ഇതിങ്ങനെ വിട്ടാൽ പറ്റില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് 
ഞാൻ അവളെ എടുത്ത് സോഫയിൽ ചെന്നിരുന്നു.. എന്റെ മടിയിൽ വെച്ച് അവളുടെ മുഖം കയ്യിലെടുത്തു കൊണ്ട് ഞാൻ പറഞ്ഞു.. 


"മോളേ.. മോള് എന്തൊക്കെയാ പറയുന്നേ... അങ്ങനൊന്നും അല്ല കാര്യങ്ങൾ.. മോളെന്തിനാ ഈ വക കാര്യങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നെ "


അവളുടെ രണ്ട് കയ്യിലും പിടിച്ച് മുഖത്തേക്ക് നോക്കി പറഞ്ഞതും മദർ ഞങ്ങളുടെ അരികിൽ വന്നിരുന്നു   

"അല്ല.. മോളേ.. എന്താ മോള് ഇങ്ങനൊക്കെ പറയാൻ കാരണം..."

മദർ ചോദിച്ചതും മോള് ഞങ്ങളെ മാറി മാറി നോക്കി.   


"മദർ പറഞ്ഞില്ലേ ഇന്നലെ... ഞങ്ങളോട്.. "

ഹവ്വ മോൾ അങ്ങനെ പറഞ്ഞതും ഞാൻ സംശയത്തോടെ മദറിനെ നോക്കി.. ആ സമയം മദർ ഞാൻ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ ഹവ്വ മോളുടെ മുഖത്തേക്ക്  നോക്കി 

"ഞാനോ.. ഞാൻ എന്ത് പറഞ്ഞെന്നാ മോള് പറയുന്നേ.. "


"സ്നേഹം ഉള്ളിടത്തെ പിണക്കം ഉണ്ടാവൂ എന്ന്.. ഇച്ചേച്ചിയും ഇച്ചാച്ചനും എപ്പോഴും അടി അല്ലെ.. അപ്പൊ അവര് സ്നേഹത്തിലല്ലേ...  അപ്പൊ ആ മാമൻ ഇച്ചേച്ചിയെ കല്യാണം കഴിച്ചാ ഇച്ചാച്ചന് സങ്കടം വരൂല്ലേ.. "


ഒറ്റ ശ്വാസത്തിൽ മോള് പറഞ്ഞതും കിളി പോയി ഞാനിരുന്നു..മദർ ആണേൽ ചിരി കടിച്ചു പിടിച്ച് മോളെ നോക്കി ഇരിക്കാണ്... നിഷ്കളങ്കമായി എന്നെ നോക്കി ഇരിക്കുന്ന മോളോട് എന്ത് പറയണം എന്നറിയാതെ കുഴയുമ്പോൾ ആണ് അവളുടെ അടുത്ത ചോദ്യം വന്നത്.. 


"ഞാൻ പറഞ്ഞത് ശെരിയല്ലേ.. ഇച്ചേച്ചിക്ക് ഇച്ചാച്ചനെ ഇഷ്ടല്ലേ.. "

പെട്ടന്ന് മോള് ചോദിച്ചതും വാക്കുകൾ കിട്ടാതെ ഞാൻ മദറിനെ നോക്കി ഇരുന്നു. ആ ജന്തു ചൂടന്റെ പേര് കേട്ട് ദേഷ്യം നുരഞ്ഞു വരുന്നുണ്ട്.. മോളെ മുന്നിൽ ആയത് കൊണ്ട് ക്ഷമിച്ചിരിക്കാ... 
ഞാൻ ഒന്നും മിണ്ടാത്തത് കണ്ട് മോളെന്റെ മുഖം പിടിച്ചുയർത്തി.. എന്നിട്ട് അവളുടെ കുഞ്ഞി കൈ കൊണ്ട് മൂക്കിൽ പിടിച്ചു . 

"ഇച്ചേച്ചിക്ക് മോളെ ഇഷ്ടല്ലേ... "

മൂക്കിൽ പിടിച്ച് മോള് ചോദിച്ചതും ഞാൻ അതേ എന്ന് തലയാട്ടി.. 
കുട്ടികളെ കൊണ്ട് സത്യം പറയിപ്പിക്കാൻ ഞാൻ മൂക്കിൽ പിടിച്ച് ചോദിക്കാറുണ്ട്.  അത് കൊണ്ടാണ് മോള് എന്റെ മൂക്കിൽ പിടിച്ചു ചോദിക്കുന്നത്... ഞാൻ അതേ എന്ന് തലയാട്ടിയതും അവളുടെ അടുത്ത ചോദ്യം എത്തി . 

"മോളെ ഇഷ്ടം തന്നെ അല്ലേ ഇച്ചേച്ചിയുടെ ഇഷ്ടവും  "

അതിനും അതേ എന്ന് തലയാട്ടി.. ഈ സമയം ഒക്കെയും മദർ ചിരിയോടെ ഞങ്ങളുടെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു.. 


"മോൾക്ക് ഇച്ചാച്ചനെ ഇഷ്ടമല്ലേ "

അതിനും തലയാട്ടി സംശയത്തോടെ ഞാൻ അവളെ നോക്കിയതും അവൾ കുഞ്ഞി പല്ല് കാണിച്ചു ചിരിക്കാൻ തുടങ്ങി   

"അപ്പൊ ഇച്ചാച്ചനെ ഇച്ചേച്ചിക്ക് ഇഷ്ടല്ലേ "

പെട്ടന്ന് ഓർക്കാതെ ആ ചോദ്യത്തിനും ഞാൻ തലയാട്ടിയതും അവൾ എന്റെ കവിളിൽ ഉമ്മ തന്ന് തുള്ളി ചാടി കൊണ്ട് മടിയിൽ നിന്നും ഇറങ്ങി.. 

"ഏഹ്.. ഇല്ല... ഞാൻ അറിയാതെ പറഞ്ഞതാ.... അങ്ങനെയൊന്നും ഇല്ല.. "


സോഫയിൽ നിന്നും ചാടി എണീറ്റു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് പോയതും അവൾ ഓടാൻ തുടങ്ങി  

"ഞാനിത് ഇച്ചാച്ചൻ വന്നാൽ പറയുമല്ലോ.. "


"ദേ.. മോളേ.. കളിക്കല്ലേ... "


അവളുടെ പിറകെ ഓടിയെങ്കിലും അവളെ കിട്ടിയില്ല... ആ സമയത്താണ് അവൻ മോളെ വിളിക്കുന്ന ശബ്ദം അകത്തേക്ക് കേട്ടത്..  അത് കേട്ടതും മോള് ഒരു നിമിഷം അവിടെ നിന്ന് എന്നെ നോക്കി   

"ഞാൻ പറയുമല്ലോ.. "


അതും പറഞ്ഞ് അവൾ പുറത്തേക്ക് ഓടി.. അവളുടെ പിറകെ ഞാനും പുറത്തേക്ക് ഓടി... 
ആ ചൂടനോട്  ഇത് പറഞ്ഞാൽ.... ഛെ.. ഞാൻ നാണം കെടും.. അവന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും.. 
മോള് ചോദിക്കുന്നതിനൊക്കെ തലയാട്ടി അറിയാതെ അങ്ങനെ ആയി പോയതാ.. ആ കാന്താരി ഇനി വളച്ചൊടിക്കും. 

എന്ത് വന്നാലും മോള് ഈ കാര്യം ആ ജന്തു ചൂടനോട്‌ പറയാൻ സമ്മതിക്കരുതെന്ന് ഉറപ്പിച്ചു കൊണ്ട് ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് കുതിച്ചു.. 

ഹാളിൽ നിന്ന് വരാന്തയിലേക്ക് കടന്നതും പെട്ടന്നാണ് എന്തിലോ തട്ടി തടഞ്ഞ് ഞാൻ വീഴാൻ പോയത്‌.  കുറച്ചു സ്ട്രോങ്ങ്‌ ൽ ഉള്ള വീഴ്ച ആയതിനാൽ ആരെയോ ഇടിച്ചിട്ടാണ് വീഴാൻ പോയത്... പിറകെ തൂൺ ഉള്ളതിനാൽ താഴെ വീണില്ല.... 
ആരോ എന്നെ പിടിച്ചു നിർത്തിയതാണെന്ന് മനസ്സിലായതും ഞാൻ തല ഉയർത്തി മുന്നോട്ട് നോക്കി.. 
ആ സമയം എന്നെ തുറുപ്പിച്ചു നോക്കി  തല തടവുന്ന ആ ജന്തു ചൂടനെയാണ് ഞാൻ കണ്ടത്   

*************

ഹവ്വ മോളെ കണ്ട് പെട്ടന്ന് വീട്ടിലേക്ക് തിരിക്കണം എന്ന ഉദ്ദേശത്തോടെയാണ് സ്വർഗത്തിലേക്ക് നടന്നത്... ഗേറ്റ് കടന്ന ഉടനെ ഹവ്വ മോളുടെ കിലുങ്ങി ചിരി കേൾക്കാമായിരുന്നു.. അവളെ വിളിച്ചു കൊണ്ട്  വേഗം അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് മോള് ഓടി വരുന്നത് കണ്ടത്.. അവളെ കണ്ടതും ഞാൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോകാൻ നിന്നു..എന്നാൽ മോള് എന്റെ അടുത്തേക്ക് വരാതെ സൈഡിലേക്ക് മാറി നിന്നു.. എന്താണെന്ന് അറിയാൻ വേണ്ടി വേഗത്തിൽ മുന്നോട്ട് നടന്നപ്പോൾ ആണ് ഹാളിൽ നിന്നും ചാടി കൊണ്ട് ആ മൂധേവി എന്റെ മേലേക്ക് വന്നു വീണത്  

സ്വർഗത്തിലെ  കുട്ടികൾക്ക് പള്ളി വക  സ്പോൺസർ ചെയ്ത പുസ്തകങ്ങളും മറ്റും പെട്ടിയിലാക്കി വരാന്തയുടെ അരികിൽ വെച്ചിരുന്നു...ഓടി വന്ന വരവിൽ അത് കാണാതെ അതിൽ തട്ടി തടഞ്ഞാണ് അവൾ എന്റെ മേലേക്ക് വീണത്.  വീണ അവൾക്കൊന്നും പറ്റിയില്ലെങ്കിലും ആ കോപ്പിന്റെ വരവിൽ തൂണിൽ തലയിടിച് എന്റെ തല നല്ലോണം വേദനിച്ചു.. 
അവൾ എന്നിൽ നിന്നും വിട്ട് നിന്ന് എന്നെ നോക്കിയതും ഞാൻ അവളെ തുറുപ്പിച്ചു നോക്കി. 


"നിനക്കെന്താടീ കണ്ണ് കാണില്ലേ... നീയെന്താ വാനര ജന്മമാണോ ചാടി ചാടി നടക്കാൻ.. ഹാവൂ.. എന്റെ തല..എന്നെ വന്ന് ഇടിച്ചിട്ടിട്ടും പോരാഞ്ഞിട്ട് എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നോ ടീ ഉണ്ടാക്കണ്ണി "


"നീ പോടാ... നിന്നോടാരും പറഞ്ഞില്ലല്ലോ എന്നെ പിടിക്കാൻ.. അവസരം കിട്ടാൻ കാത്ത് നിൽക്കല്ലേ വന്ന് ഒട്ടാൻ  "


"അയ്യോ.. ഞാൻ..... നിന്നെ.... അവസരം..... ഒട്ടാൻ "


ഓരോ വാക്കും കടുപ്പിച്ചു പറഞ്ഞു കൊണ്ട് ഞാൻ അവളുടെ നേരെ നടന്നതും അവൾ വലതു കൈ ഉയർത്തി എന്നെ തടഞ്ഞു നിർത്തി . 

"ഹീറോ ആവാൻ നിൽക്കേണ്ട... അവിടെ നിന്ന് പറഞ്ഞാൽ മതി.. പിന്നെ.. തനിക്കും ഇല്ലേ കണ്ണ്.. നോക്കി നടക്കണം.. അല്ലേൽ ഇങ്ങനൊക്കെ ഉണ്ടാവും.. ഇതൊന്നും പറ്റില്ലേൽ എന്തിനാ ഏത് നേരവും ഇങ്ങോട്ട് കയറി വരുന്നേ.. "


പുച്ഛത്തോടെയും ദേഷ്യത്തോടെയുമുള്ള അവളുടെ വാക്കുകൾ കേട്ട് ദേഷ്യം വരാൻ തുടങ്ങി... എല്ലായിപ്പോഴും ഇങ്ങനെ തന്നെയാണ്.. എന്തിനെങ്കിലും അടി തുടങ്ങും.. എന്നിട്ട് അവസാനം ഞാൻ ഇവിടെ വരുന്നതിലേക്കും മോളെ ഇഷ്ടപ്പെടുന്നതിലേക്കും എത്തും.. 
മുഖം നോക്കി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല.  വേണ്ടെന്ന് വെച്ചിട്ടാ... 

അവൾക്കൊരു മറുപടി കൊടുക്കാൻ നിന്നതും ഹവ്വ മോൾ എന്റെ അടുത്തേക്ക് ഓടി വന്നു... 


" ഞാൻ പറഞ്ഞത് സത്യല്ലേ... നിങ്ങൾ എപ്പോഴും വഴക്കാ"


അവനോട് ദേഷ്യപ്പെട്ടു നിൽക്കുന്ന സമയത്താണ് ഹവ്വ മോൾ അത് പറഞ്ഞത്... അവനൊന്നും മനസ്സിലായില്ല എന്ന് അവന്റെ നോട്ടം കണ്ടപ്പോ അറിഞ്ഞു..ഇനിയും നിന്നാൽ ഹവ്വ മോൾ എല്ലാം വിളിച്ചു പറയും എന്ന് അറിയാവുന്നത് കൊണ്ട്  കൂടുതൽ ഒന്നും  പറയാതിരിക്കാൻ ഞാൻ അവളെ വാരിയെടുത്തു കൊണ്ട് അകത്തേക്ക് നടന്നു.. ആ സമയം എന്നെ മറി കടന്നു കൊണ്ട് മദർ അവന്റെ അടുത്തേക്ക് പോയി.. 


"നോക്ക് മദർ... അവൾ കാണിച്ചത്.. മോളെ എടുത്തു കൊണ്ട് പോയില്ലേ.. അവളോടൊപ്പം കുറച്ചു നേരം ഇരിക്കാനാണ് ഞാൻ വരുന്നത്.. എന്നിട്ട് ആ കള്ളി അവളെ എന്റെ അടുക്കൽ നിന്ന് കൊണ്ട് പോയത് കണ്ടില്ലേ. ഇത് തന്നെയാ അവളെ കാണുമ്പോൾ ദേഷ്യം കൂടുന്നത്   "


" വിട്ടേക്ക് സാക്കി.... പിന്നെ.. നിങ്ങളുടെ ഈ വഴക്ക് തീർക്കാൻ എന്നെ കൊണ്ട് ആവില്ല..ഹവ്വ മോൾക്ക് വേണ്ടി പിടിയും വലിയുമാ... ഇനിയിപ്പോ മോള് പറഞ്ഞത് പോലെ ആവേണ്ടി വരും.. അപ്പൊ പിന്നെ രണ്ടു പേർക്കും മോളെ കിട്ടുമല്ലോ "


പെട്ടന്ന് മദർ അത് പറഞ്ഞതും ഞാൻ എന്താ എന്ന അർത്ഥത്തിൽ മദറിനെ നോക്കി.. ആ സമയം മദർ നിന്ന് പരുങ്ങുന്ന പോലെ തോന്നി.. 

"എന്ത് കാര്യമാ മദർ പറയുന്നത്.. മോള് എന്ത് പറഞ്ഞു എന്നാ.. "


"ഏയ്‌.. ഞാൻ വെറുതെ... 
അത് വിട്.. അല്ല.. എന്തൊക്കെ ഉമ്മമാരുടെ വിശേഷങ്ങൾ.. സോഫി ഇങ്ങോട്ടൊക്കെ ഇറങ്ങിയിട്ട് ഒരുപാട് ആയല്ലോ.. അവളോട്‌ ഈ വഴി വരാൻ പറ "


"ഹാ.. ഉമ്മിയും എപ്പോഴും പറയും... വരണം എന്ന്... ഞാൻ പറയാം മദർ അന്യോഷിച്ചെന്ന് "


"ജെനിക്ക് സുഖമല്ലേ "

"ഉവ്വ് മദർ... അവർ അടിച്ചു പൊളിക്കല്ലേ.. "


"ഹാ.. സന്തോഷിക്കട്ടെ.. ഒരുപാട് വേദനിച്ചതല്ലേ... നീ വാ... ഇരിക്ക് "


വിശേങ്ങൾ പറഞ്ഞു കൊണ്ട് മദർ എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞതും ഞാൻ അതിനെ എതിർത്തു.. 

"അയ്യോ.. ഇരിക്കാൻ സമയമില്ല മദർ... ഉമ്മീച്ചി എന്നെ കൊല്ലും.. ഹവ്വ മോളെ കണ്ട് പെട്ടന്ന് വരാം എന്ന് പറഞ്ഞതാ..."


"ഞാൻ മോളെ എടുത്തു വരാം.. "


പുഞ്ചിരിച്ചു കൊണ്ട് മദർ പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി .. അകത്തേക്ക് പോകണം എന്നുണ്ട്.. ആ കള്ളിയെ കണ്ടാൽ വീണ്ടും ദേഷ്യം വരും.. അത് കൊണ്ട് തന്നെ ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു.. 
മദർ മോളെയും കൊണ്ട് വന്നതും  ഞാൻ മോളെയും എടുത്ത് പുറത്തേക്ക് നടന്നു.. 

"ഇച്ചാച്ചാ... ഞാനും വരട്ടെ "

പുറത്തെ ചാരുപടിയിൽ ഇരുന്ന് മോളോടൊപ്പം ഓരോ കളി കളിക്കുന്നതിനിടയിൽ ആണ് മോള് എന്നോടൊപ്പം വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചത്.. സത്യം പറഞ്ഞാൽ എനിക്കും നല്ല ആഗ്രഹം ഉണ്ട്. പക്ഷെ ആ കള്ളി പിശാശ് സമ്മതിക്കില്ല മോളെ കൊണ്ട് പോകാൻ.  

"അതിന് മോളെ ആ കള്ളി ഇച്ചേച്ചി സമ്മതിക്കില്ലല്ലോ.. സാരമില്ല.. ഒരു ദിവസം മോളെ കൊണ്ട് പോകും.."


ഞാനത് പറഞ്ഞതും അവളെന്റെ കവിളിൽ ഉമ്മ തന്ന് കിലുങ്ങി ചിരിച്ചു.. 

"അപ്പൊ കടല് കാണാൻ എപ്പോഴാ പോകാ.. "


"അതും പോകാം.. ചാച്ചന്റെ ജോലി തിരക്ക് ഒന്ന് കുറയട്ടെ "

"അപ്പൊ ഇച്ചേച്ചി അയച്ചില്ലേലോ.. "


"നമുക്ക് ഇച്ചേച്ചിയെ കഴുതപ്പുറത്ത് കയറ്റി നാട് കടത്താം "

അതും പറഞ്ഞു കൊണ്ട് ഞാൻ ചിരിച്ചതും മോളും ചിരിക്കാൻ തുടങ്ങി.... 
ആ സമയത്താണ് അവൾ അങ്ങോട്ടേക്ക് വന്നത്... 


"മോളെ... വന്നേ.. "


അവൾ മോളെ വിളിച്ചതും ഞാൻ മോളോട് കണ്ണിറുക്കി കാണിച്ചു കൊടുത്തു.. മോള് വാ പൊത്തി കൊണ്ട് ചിരിക്കാൻ തുടങ്ങി... അത് കണ്ട് അവൾക്ക് ദേഷ്യം വരുന്നുണ്ടെന്ന് മനസിലായി..അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മോളുടെ കവിളിൽ ഉമ്മ വെച്ച് ഞാൻ അവളെ താഴെ ഇറക്കി..

അവൻ മോളെ താഴെ വെച്ചതും ഞാൻ മോളെ വേഗം എടുത്തു... എന്നെ പറ്റി പറഞ്ഞു കൊണ്ടാണ് ചിരിച്ചതെന്ന് എനിക്ക് നന്നായിട്ടറിയാം.. മോളെ മനസ്സിൽ ഓരോന്ന് കുത്തി നിറക്കുന്നത് ഈ ജന്തുവാണ്.. അത് കൊണ്ട് തന്നെ എന്നേക്കാൾ ഇഷ്ടം അവനെയാണ്.. 

അവനെ തറപ്പിച്ചു നോക്കി കൊണ്ട് ഞാൻ മോളെയും കൊണ്ട് അകത്തേക്ക് കയറി... 

*************


അവൾ കയറി പോയതും മോൾക്ക് റ്റാറ്റാ കാണിച്ചു കൊണ്ട് മദറിനോട്‌ യാത്ര പറഞ്ഞ് ഞാൻ കാറിനടുത്തേക്ക് നടന്നു.. 
മനസ്സിൽ നിറയെ ഹവ്വ മോൾ ആയിരുന്നു.  ആരെന്ത് പറഞ്ഞാലും ഹവ്വ മോളെ വീട്ടിലേക്ക് കൊണ്ട് പോകണം.. അവൾക്ക് നല്ല ആഗ്രഹം ഉണ്ട്.. രണ്ടു ദിവസം അവൾ അവിടെ നിൽക്കട്ടെ.. ആ കള്ളി സമ്മതിച്ചില്ലെങ്കിലും ഞാൻ അവളെ കൊണ്ട് പോകും... 

ഓരോന്ന് ആലോചിച്ചു കൊണ്ട് കാറിനടുത്തെത്തി ... 
ഡോർ തുറന്ന് കയറാൻ നിന്നതും പെട്ടന്ന്  ഫോൺ റിങ് ചെയ്തു... 
ഡിസ്പ്ലേയിൽ ഉമ്മച്ചി എന്ന് തെളിഞ്ഞതും ഇന്നെന്റെ അവസാനം  
ആണെന്ന് മനസ്സ് പറഞ്ഞു... നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്... വീട്ടിലേക്ക് നേരത്തെ എത്താറുള്ളതാണ്.. അവർ മാത്രമല്ലേ അവിടെ ഉള്ളൂ.. ആഷിയും ഇക്കാക്കയുമൊക്കെ ദുബായിൽ ആണ്... 

ഫോൺ എടുക്കാതെ തിരികെ പോക്കറ്റിൽ ഇട്ടു കൊണ്ട് ഞാൻ വേഗത്തിൽ വണ്ടിയോടിച്ചു.... 

*************

വീട്ടിലേക്ക് എത്തിയതും പുറത്തെ നീണ്ട വരാന്തയിൽ രണ്ടു പേരും അക്ഷമയോടെ നിൽക്കുന്നത് ഞാൻ കണ്ടു... 
അവരെ സോപ്പിടാനുള്ള അടവ് മനസ്സിൽ ആലോചിച്ചു കൊണ്ട് അവരെ മയക്കുന്ന ചിരിയോടെ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു... 


"എന്താ സാക്കീ... നേരത്തെ വരാൻ പറഞ്ഞിട്ട്... വേഗം വന്നേ... "


"ഹാ... എത്ര നേരമായി... "


ഒരു യുദ്ധം പ്രതീക്ഷിച്ച ഞാൻ അവരുടെ മയത്തിലുള്ള  വാക്കുകൾ കേട്ട് അന്തം വിട്ട് നിന്നു.. എന്റെ കയ്യിൽ പിടിച്ചു കൊണ്ട് രണ്ട് പേരും എന്നെ  അകത്തേക്ക് കയറ്റി... 


"വേഗം പോയി കുളിച്ചേ..സമയം ഒരുപാട് ആയി.. ഫുഡ്‌ എടുത്തു വെക്കാം.. "


ഹാളിൽ എത്തിയതും ഉമ്മച്ചി അതും പറഞ്ഞു കൊണ്ട് നേരെ  അടുക്കളയിലേക്ക് പോയി.. എന്തോ ഇവർക്ക് പറ്റിയിട്ടുണ്ടെന്ന ചിന്തയിൽ ഞാൻ അവിടെ തന്നെ നിന്നതും ഉമ്മി എന്നോട് പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു.. 

"സാക്കീ... ഇവിടെ തന്നെ നിൽക്കാണോ "

"സോഫി കുട്ടീ... സത്യം പറ.. എന്തൊക്കെയോ പറ്റിയിട്ടുണ്ടല്ലോ... എന്താണ് . "

"എന്ത് പറ്റാൻ... നിന്റെ ഉമ്മച്ചിക്ക് ഗുളിക കഴിക്കാൻ ഉള്ളതല്ലേ.. നേരത്തെ ഫുഡ്‌ കഴിക്കാറുള്ളതല്ലേ നമ്മൾ... അതിലെന്താ.. "


"ആവോ. എന്നാലും... "


"ഒരു എന്നാലും ഇല്ല.. പോയി ഫ്രഷ് ആയി വാ... "


എന്താ കാര്യമെന്ന് പറയാതെ  കുളിക്കാൻ വേണ്ടി ഉമ്മി എന്നെ മേലേക്ക് ഉന്തി വിട്ടു.. 
റൂമിൽ എത്തുന്നത് വരെ മനസ്സിൽ ഓരോ ചോദ്യങ്ങൾ ആയിരുന്നു.... 
അല്ലേൽ ഞാൻ ഒന്ന് നേരം വൈകിയാൽ അന്ന് ചീത്ത കേൾപ്പിക്കാതെ വീട്ടിലേക്ക് കയറ്റില്ല. ഇന്നിപ്പോ ഇത്രയും നേരം വൈകിയിട്ടും ഒന്നും പറഞ്ഞില്ല..
മ്മ്മ്.... എന്തോ ഉണ്ട്.... 


വേഗം ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോഴേക്കും രണ്ടു പേരും തീൻ മേശയിൽ എല്ലാം റെഡി ആക്കി വെച്ചിരുന്നു.... എന്നെ കണ്ടതും ചിരിയോടെ അവർ എണീറ്റു... ആ ചിരിയിൽ എന്തോ പന്തികേട് ഇല്ലേ എന്ന തോന്നലോടെ ഞാൻ കസേരയിൽ ഇരുന്നു . 


"കഴിക്ക്... "

രണ്ടു സൈഡിൽ നിന്നും ചോറും കറിയും പ്ലേറ്റിൽ വന്നു വീണു.. 
അവരുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ഞാൻ ചോറ് കഴിക്കാൻ തുടങ്ങി . 
ഓരോ ഉരുള വായിൽ വെക്കുമ്പോഴും അവരെ ഒളികണ്ണിട്ട് നോക്കാൻ ഞാൻ മറന്നില്ല.. പരസ്പരം കണ്ണുകൾ കൊണ്ടും കൈ കൊണ്ടും എന്തൊക്കെയോ ആംഗ്യം കാണിക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി എന്തോ എന്നോട് പറയാൻ ഉണ്ടെന്ന്... 


"കുറച്ചൂടെ കഴിക്ക് സാക്കീ... "

വെള്ളം കുടിച്ച് കൈ കഴുകാനായി എഴുന്നേറ്റതും ഉമ്മി എന്റെ ഇടത്തെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു  

"മതി ഉമ്മീ.. വയറു നിറഞ്ഞു... "


"ഹാ... സ്വർഗത്തിൽ നിന്ന് എന്തെങ്കിലും കഴിച്ചു കാണും.. അല്ലേ... "


ഉമ്മച്ചി പരാതിയെന്നോണം പറഞ്ഞതും ഞാൻ മറുത്തൊന്നും പറയാതെ ചിരിച്ചു കൊണ്ട് കൈ കഴുകാൻ പോയി... 


"സാക്കീ...."


കൈ കഴുകി ഞാൻ തിരിഞ്ഞതും എന്നെ വിളിച്ചു കൊണ്ട് എന്റെ പിറകെ തന്നെ രണ്ട് പേരും വന്നു... 

"ഉമ്മീച്ചിയെ... ഇവിടെ വന്നേ രണ്ടു പേരും... "


രണ്ടു പേരെയും  വിളിച്ചു കൊണ്ട് ഞാൻ സോഫയിൽ ചെന്നിരുന്നു . കൈ കഴുകി കൊണ്ട് അവരും എന്റെ ഇരു സൈഡിലും വന്നിരുന്നു.. അവർ വന്ന പാടെ രണ്ട് പേരെയും ഞാൻ മാറി മാറി നോക്കാൻ തുടങ്ങി... 


"എന്താ രണ്ടു പേർക്കും എന്നോട് പറയാൻ ഉള്ളത്... "


ഞാനത് പറഞ്ഞതും രണ്ടു പേരും പരസ്പരം പറയെന്ന് ആംഗ്യം കാണിക്കാൻ തുടങ്ങി... 


"ദേ.. ഞാൻ പോകാ ട്ടോ.. ഓഫീസിലെ ഫയൽസ് നോക്കാൻ ഉണ്ട്.. പറയുന്നുണ്ടോ... "


"അത്‌... സാക്കീ .. നാളെ നമുക്ക് ഒരിടം വരെ പോകണം..  "


ഉമ്മി അത് പറഞ്ഞതും ഞാൻ എങ്ങോട്ടാണെന്ന അർത്ഥത്തിൽ ഉമ്മിയെ നോക്കി.. ചോദിക്കാനായി നാവ് ചലിപ്പിച്ചതും  ഉമ്മച്ചി പറയാൻ തുടങ്ങി.. 

"നാളെ നിനക്ക് ലീവ് അല്ലേ.. നാളെ തന്നെ പോകണം "


"പോകാമല്ലോ.. പക്ഷെ എങ്ങോട്ടാ... പോകേണ്ടത് "


ഞാനത് ചോദിച്ചതും രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു.. 


"അത്‌ മോനെ.. ഇന്ന് ഉമ്മച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് കാണിക്കേണ്ട ദിവസം ആയിരുന്നില്ലേ.. ഞങ്ങൾ രാവിലെ പോയിരുന്നു... അവിടെ വെച്ച് ഒരു കുടുംബത്തെ പരിചയപ്പെട്ടു.... "


അത്രയും പറഞ്ഞ് ഉമ്മി എന്നെ നോക്കി... 

"അതിന്...? "


ചോദ്യ ഭാവത്തിൽ ഞാൻ ചോദിച്ചതും ഉമ്മച്ചി ബാക്കി പറയാൻ തുടങ്ങി.. 


"ഒരു മോനും ഒരു മോളും അടങ്ങുന്ന ചെറിയ കുടുംബമാണ്.. ഇവിടെയും വിദേശത്തും കമ്പനികൾ ഉണ്ട്... സംസാരിച്ചിരുന്നപ്പോൾ നല്ല കുടുംബം ആണെന്ന് മനസിലായി.. അവരുടെ മോളും കൂടെ ഉണ്ടായിരുന്നു.. അവരുടെ ഉപ്പാക്ക് എന്തോ സർജറി.  അതിന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയതാണ്.. അവരുടെ നാട് കുറച്ച് ദൂരെയാണ്... ഇവിടെ ഹോട്ടലിൽ റൂം എടുത്തിരിക്കാണ്... "


"ഉമ്മച്ചിയെ.. എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത്... "


ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചതും ചിരിയോടെ ഉമ്മി മറുപടി നൽകി . 

"അത് മോനേ.. ആ പെൺകുട്ടിയെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടായി.. നല്ല അടക്കവും ഒതുക്കവുമുള്ള ഒരു സുന്ദരിക്കുട്ടി.. നിനക്ക് നന്നായി ചേരും...."

ഓഹോ.. അപ്പൊ അതായിരുന്നല്ലേ രണ്ടു പേരുടെയും ഈ മാറ്റത്തിനു കാരണം.. എന്നെ കൊണ്ട് നാളെ പെണ്ണ് കാണാൻ പോകണം... 
ഓഹ് റബ്ബേ.. ഇനി നാളെ എന്തൊക്കെ ആവുമോ എന്തോ.. കണ്ട് കണ്ട് ഇത് എത്രാമത്തെ പെണ്ണ് കാണൽ ആണെന്ന് പോലും അറിയില്ല.. 

ഓരോന്ന് ആലോചിച്ചു ഞാൻ ഇരുന്നതും ഉമ്മച്ചി എന്റെ തലക്കൊരു കൊട്ട് തന്നു. 

"എന്താടാ....പെണ്ണ് കാണൽ പറഞ്ഞപ്പോഴേക്കും സ്വപ്നം കാണാൻ തുടങ്ങിയോ... "


"അയ്യോ.. ഇല്ലായേ... ഞാൻ മുൻപ് കണ്ടതൊക്കെ ഒന്ന് ഓർത്ത് നോക്കിയതാ.. ഇനി ഇത് എങ്ങനെ എന്നാവോ... "


"അത് പോലെ ഒന്നും ആവില്ല . ഇത് ഞങ്ങൾക്ക് രണ്ടു പേർക്കും ഒരുപാട് ഇഷ്ടായി   ഇനി നീയും കൂടി കണ്ടാൽ മതി... "


"ഓകെ.. നാളെ പോകാം..ന്റെ ഉമ്മീച്ചിമാരുടെ ഇഷ്ടം അല്ലേ എന്റെ ഇഷ്ടം..  "


അതും പറഞ്ഞു കൊണ്ട് രണ്ടു പേരുടെയും കൈകൾ എന്റെ കയ്യോട് ചേർത്ത് വെച്ച് കൊണ്ട് ഞാൻ അവരുടെ കൈകളിൽ ഉമ്മ വെച്ചു .  


"ഉമ്മച്ചി... മെഡിസിൻ കഴിക്കേണ്ടേ.. സമയം തെറ്റേണ്ട . വാ..  "


ഉമ്മച്ചിയെ എഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ ഉമ്മച്ചിയുടെ റൂമിലേക്ക് നടന്നു.. ഞങ്ങളുടെ പിറകെ ഉമ്മിയും വരുന്നുണ്ടായിരുന്നു.. 

ഉമ്മച്ചിക്ക് ഗുളിക കൊടുത്ത് തലയിൽ തലോടി കുറച്ച് നേരം ഞാൻ ബെഡിൽ ഇരുന്നു .. ... നല്ല ഉറക്കത്തിലാണ്.. അല്ലേലും ആ മെഡിസിന്റെ ഡോസ് വളരെ കൂടുതലാണ്.. പെട്ടന്ന് ഉറങ്ങി പോകും... ഉറങ്ങുന്നത് വരെ ഉമ്മച്ചിക്ക് ഞാൻ അരികിൽ വേണം.. 


എന്റെ കയ്യിൽ വിടാതെ പിടിച്ചിരിക്കുന്ന ഉമ്മച്ചിയുടെ കൈ വേർപ്പെടുത്തി കൊണ്ട് ഞാൻ ഉമ്മച്ചിയുടെ നെറ്റിയിൽ ഉമ്മവെച്ചു... പുതപ്പ് പുതച്ചു കൊടുത്തു കൊണ്ട് ഞാൻ എണീറ്റതും വാതിൽക്കൽ ഉമ്മി നിൽക്കുന്നത്‌ ഞാൻ കണ്ടു... ഉമ്മിക്ക് ചെറു പുഞ്ചിരി കൊടുത്തു കൊണ്ട് ഞാൻ റൂമിലേക്ക് പോയി.. 


റൂമിലെത്തിയ ഉടനെ  സോഫയിൽ ഇരുന്ന് ഫയലുകൾ എല്ലാം നിരത്തി വെച്ചു.. എല്ലാം നോക്കി സൈൻ ചെയ്യണം.. പണ്ട് അക്കി ഇതൊക്കെ ചെയ്യുമ്പോൾ ഞാൻ കൂർക്കം വലിച്ച് ഉറങ്ങുകയാവും... അതൊക്കെ ഓർത്തപ്പോൾ അറിയാതെ ചിരി വന്നു 


"എന്താ സാക്കീ... ഒരു ചിരിയൊക്കെ... "


പെട്ടന്ന് അതും പറഞ്ഞു കൊണ്ട് ഉമ്മി വന്നതും ഞാൻ ഉമ്മിയെ നോക്കി ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി... 
എന്റെ അരികിൽ വന്നിരുന്നു കൊണ്ട് കയ്യിലെ ചായ എനിക്ക് നേരെ നീട്ടി... 


"മ്മ്മ്... ഉമ്മച്ചി ഉറങ്ങിയ സമയം നോക്കി കൊണ്ട് വന്നതാ അല്ലെ... "


ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞതും ഉമ്മി എന്റെ തലക്കൊരു കൊട്ട് തന്നു.. 


"പോടാ.. അതൊന്നുമല്ല... നീ ഇവിടെ ഫയൽ നോക്കാതെ ഉറക്കം തൂങ്ങി ഇരിക്കാവുമെന്ന് എനിക്കറിയാം.. അത് കൊണ്ട് വന്നതാ.. വേണ്ടെങ്കിൽ വേണ്ട.. "


അതും പറഞ്ഞു കൊണ്ട് ഉമ്മി കയ്യിലെ ചായ കപ്പ് വാങ്ങാൻ നിന്നതും ഉമ്മിയിൽ നിന്നും ഞാൻ വിട്ട് പിടിച്ചു.. എന്നിട്ട് മേശയിൽ വെച്ച് ഉമ്മിക്ക് നേരെ തിരിഞ്ഞു.. 


"അയ്യോടാ.. അപ്പോഴേക്കും സോഫി ടീച്ചർ പിണങ്ങിയോ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ... അല്ലേലും ഇപ്പോഴല്ലേ എനിക്കെന്റെ ഉമ്മിയുടെ സ്നേഹം ശെരിക്കും അനുഭവിക്കാൻ കഴിയൂ.. "


അതും പറഞ്ഞു കൊണ്ട് ചായ കപ്പ് എടുത്തു കൊണ്ട് ഞാൻ വലിച്ചു കുടിച്ചു.. ഇപ്പൊ ഉമ്മിയുടെ മുഖം വിടർന്നിട്ടുണ്ട്... 


"ഉമ്മീ.. ഞാനൊരു കാര്യം ചോദിക്കട്ടെ... "

ചായ കപ്പ് തിരികെ മേശയിൽ വെച്ച് കൊണ്ട് ഞാൻ പറഞ്ഞതും ഉമ്മി എന്താണെന്ന അർത്ഥത്തിൽ എന്നെ നോക്കി... ഉമ്മിക്ക് നേരെ തിരിഞ്ഞിരുന്ന് ഉമ്മിയുടെ രണ്ട് കയ്യിലും ഞാൻ  മുറുകെ പിടിച്ചു.. 


"ഉമ്മീ.... ഉമ്മിക്ക് വിഷമം ഉണ്ടോ ഞാൻ ഉമ്മച്ചിയോട് അടുക്കുന്നതിൽ... നേരത്തെ ഉമ്മച്ചിയുടെ റൂമിൽ നിന്നും പോന്നപ്പോൾ ഉമ്മിയുടെ കണ്ണുകൾ നിറഞ്ഞ പോലെ തോന്നി.."

ഞാനത് പറഞ്ഞതും ഉമ്മി എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പുഞ്ചിരിച്ചു.. 


"ഒരിക്കലും ഇല്ല സാക്കീ... എനിക്കൊരു വിഷമവും ഇല്ല... എന്റെ കണ്ണുകൾ നിറഞ്ഞത് നീ അവരെ തലോടുന്നത് കണ്ടിട്ടോ അതോ ഉമ്മ വെക്കുന്നത് കണ്ടിട്ടോ അല്ല.... മറിച്ച് എത്ര നന്നായിട്ടാണ് നീ ഞങ്ങളെ രണ്ടു പേരെയും സ്നേഹിച്ച് ഒരുമിച്ച് കൊണ്ട് പോകുന്നത് എന്നോർത്തിട്ടാണ്... നിന്നെ കുറിച്ച് അഭിമാനമേ ഉള്ളൂ സാക്കീ... നീയെന്റെ മോനല്ലേ.... "


അതും പറഞ്ഞു കൊണ്ട് ഉമ്മി എന്റെ കവിളിൽ തലോടിയതും അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു... എന്റെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് ഉമ്മി എഴുന്നേറ്റു.. 


"നീ ഫയലുകൾ നോക്ക് സാക്കീ... ഞാൻ പോകാണ്... പിന്നെ.. ഉറങ്ങാൻ വൈകേണ്ട.... നാളെ പോകാൻ ഉള്ളതല്ലേ.. "


"ഉത്തരവ് പോലെ... "


ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞതും ഉമ്മിയും ചിരിച്ചു.... 

"പിന്നെ.. അവളുടെ പേര് എന്താണെന്ന് അറിയേണ്ടേ... "

വാതിലിനടുത്തേക്ക് എത്തിയ ഉമ്മി തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചതും ഞാൻ  ഫയലിൽ നിന്നും കണ്ണെടുത്തു...

"പറ..ഇനി നാളെ കാണുമ്പോൾ ആ ചോദ്യം ഒഴിവാക്കാമല്ലോ "


"റൈഹ...."

എന്റെ വാക്കുകൾ കേട്ട് നേർത്ത ചിരിയോടെ ഉമ്മി ആ പെൺകുട്ടിയുടെ പേര് പറഞ്ഞതും ഞാൻ ഉമ്മിക്ക് ഒന്ന് ചിരിച്ചു കൊടുത്തു..  എന്നിട്ട് വീണ്ടും ഫയലിലേക്ക് നോക്കി... 
 എന്നോട് ഉറങ്ങാൻ പറഞ്ഞു കൊണ്ട് 
ഉമ്മി റൂമിൽ നിന്നും പോയതും ഫയൽ താഴെ വെച്ച് ഉമ്മി കൊണ്ട് വന്ന ചായ കപ്പ് കയ്യിൽ എടുത്തു കൊണ്ട് പുഞ്ചിരിയോടെ അതിലേക്ക് നോക്കി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story