മൽഹാർ: ഭാഗം 7

malhar

രചന: RAIZA

ഉമ്മി പറഞ്ഞതും ആ ഉമ്മ പുഞ്ചിരിച്ചു കൊണ്ട് അവളെ നീട്ടി വിളിച്ചു.. 

"റൈഹാ..... "

അവർ വിളിച്ചതും അകത്തു നിന്നും അവൾ അങ്ങോട്ട് വന്നു.. പുഞ്ചിരിച്ചു കൊണ്ട് ഞാൻ തല ചെരിച് നോക്കിയതും അവളെ കണ്ട് കിളിമൊത്തം  പോയി ഞാനിരുന്നു..  

ചിരിച്ചു കൊണ്ട് അവൾ വന്ന് അവളുടെ ഉമ്മയുടെ അരികിൽ നിന്നതും മുഖം ചുളിച്ചു കൊണ്ട് ഞാൻ തല ചെരിച്ച് ഉമ്മിയെയും ഉമ്മച്ചിയെയും ഒന്ന് നോക്കി.. ആ സമയം അവരുടെ രണ്ടു പേരുടെയും മുഖത്ത് പല ഭാവങ്ങൾ മിന്നി മറയുന്നത് ഞാൻ കണ്ടു.. ഞാൻ നോക്കുന്നത് കണ്ടതും അവർ മുഖത്തോട് മുഖം നോക്കി പരുങ്ങാൻ തുടങ്ങി

അവരെ ഒന്ന് കണ്ണുരുട്ടി നോക്കി കൊണ്ട് ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.. 
സംഭവം വേറൊന്നുമല്ല.... വീട്ടിൽ നിന്ന് ഇറങ്ങി ഇവിടെ എത്തുന്നത് വരെ ഇവളെ കുറിച്ചുള്ള പുകഴ്ത്തൽ കേട്ട് കേട്ട് എന്റെ ചെവി അടഞ്ഞു പോയിരുന്നു.. ഇപ്പോഴിതാ നേരിൽ കണ്ടപ്പോ ഇവർ പോലും ഞെട്ടി... നല്ല അച്ചടക്കവും ഒതുക്കവും ഉള്ള നല്ല കുട്ടി... 

ഉമ്മച്ചിയുടെയും ഉമ്മിയുടെയും വാക്കുകൾ ഓർത്ത് പുച്ഛത്തോടെ ഞാൻ അവളെ അടിമുടി ഒന്ന് നോക്കി... നല്ല ടൈറ്റ് ജീൻസ് പാന്റ്..അതും വലുപ്പമില്ലാതെ മടമ്പിന് മുകളിൽ..  അതിലേക്ക് മാച്ച് ആയ ഇറുകി പിടിച്ചൊരു വലുപ്പമില്ലാത്തൊരു ടോപ്പും.. ടോപ്പിന് കയ്യാണെൽ മുട്ടിനു മുകളിൽ.. തലയിൽ തട്ടമില്ല.. സ്റ്റൈലിൽ അത് കഴുത്തിൽ ചുറ്റി ഇട്ടിരിക്കുന്നു   മുഖത്ത് മുഴുവൻ മേക്കപ്പ്.. മുടിയാണേൽ ഒരു ഭാഗം ചുവപ്പിച്ച് വെച്ചിരിക്കുന്നു. . മൊത്തത്തിൽ നോക്കിയാൽ ഫ്രീക്ക് പെണ്ണ് തന്നെ..


"ദേ.. ഇതാണ് മോള്.. ഇവർ ഹോസ്പിറ്റലിൽ നിന്ന് കണ്ടിട്ടുണ്ട്.. ഇനി മോന് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം "


അവളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനിടയിലാണ് അവളുടെ ഉമ്മ എന്നോട് അവളോടെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അപ്പുറത്തെ റൂമിലേക്ക് പോകാൻ പറഞ്ഞത്.. അത് കേട്ടതും ഞാൻ ഉമ്മിയെയും ഉമ്മച്ചിയെയും നോക്കി.. അവരിപ്പോഴും അവളെ ഈ കോലത്തിൽ കണ്ടതിന്റെ ഷോക്കിൽ നിന്നും മോചിതരായിട്ടില്ല. 
അവളെ തന്നെ നോക്കിയിരിക്കാണ് രണ്ടു പേരും..
അവളിൽ നിന്നും നോട്ടം എന്നിലേക്ക് മാറ്റാൻ വേണ്ടി ഞാൻ പതുക്കെ ഒന്ന് ചുമച്ചതും വിചാരിച്ച പോലെ അവരെന്റെ മുഖത്തേക്ക് നോക്കി.. 
കണ്ണുകൾ കൊണ്ട് എന്താ ഇതെന്ന് ചോദിച്ചതും രണ്ടു പേരും എന്താ പറയേണ്ടതെന്ന് അറിയാതെ എന്നെയും അവളെയും മാറി മാറി നോക്കാൻ തുടങ്ങി.. 


"ഹാ.. സംസാരമൊക്കെ പിന്നെയാവാം അല്ലെ. ആദ്യം കുടിക്കാൻ എന്തെങ്കിലും എടുക്കാം.. മോളെ.. വന്നേ... "


അതും പറഞ്ഞു കൊണ്ട് അവളുടെ ഉമ്മ അവളെയും കൊണ്ട് അടുക്കളയിലേക്ക് പോയതും ഞാൻ ഉമ്മിയുടെയും ഉമ്മച്ചിയുടെയും നേരെ തിരിഞ്ഞിരുന്നു.. 


"ഉമ്മീ... ഉമ്മച്ചീ.... രണ്ടു പേരും എന്റെ മുഖത്തേക്കൊന്ന് നോക്കിയാട്ടെ "

സോഫയിൽ ഇരുന്ന് കൈ കെട്ടി കൊണ്ട് ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞതും അവർ എന്റെ മുഖത്തേക്ക് നോക്കി.. 

"സാക്കീ... അത്. ആ പെൺകുട്ടി.... "


"എന്ത്.. ഇനി ഇന്നലെ കണ്ടത് ഇവളെയല്ല എന്നാണോ പറഞ്ഞു വരുന്നത്.. "

പെട്ടന്ന് ഇടയിൽ കയറി ഞാൻ പറഞ്ഞതും രണ്ടു പേരും മുഖത്തോട് മുഖം നോക്കി... മുഖം വീർപ്പിച്ച് വീണ്ടും എന്നെ നോക്കിയതും ഞാൻ പുരികം ചുളിച് കൊണ്ട് അവരെ നോക്കി.  


"ഇന്നലെ കണ്ടത് ഇവളെ പോലെ മറ്റാരെയോ ആണ് സാക്കീ.. ഇവളല്ല.. ഇന്നലെ കണ്ട പെൺകുട്ടിയും ഇവളും തമ്മിൽ നല്ല വ്യത്യാമുണ്ട്... ഛീ.. ഇവളെ എന്തിന് കൊള്ളാം.. അവളുടെ ഒരു കോലം കണ്ടില്ലേ.. "


"ഓ.. അപ്പൊ പറഞ്ഞു വരുന്നത് ഒറ്റ രാത്രി കൊണ്ട് പെൺകുട്ടി മാറി എന്നാണോ....... എന്റെ ഉമ്മമാരെ... നിങ്ങൾ രണ്ടു പേരും കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ടല്ലേ ഞാനീ കെട്ടി ഒരുങ്ങി വന്നത്... ഇനിയിപ്പോ ഈ പെണ്ണ് മതി "


അതും പറഞ്ഞ് ഞാൻ മുഖം തിരിച്ചതും ഉമ്മച്ചി എന്റെ കയ്യിൽ നുള്ളി.. 

"ഹാവൂ... ഇതിപ്പോ എനിക്കായോ നുള്ളും കുത്തും .  ഞാൻ എന്താ ചെയ്തേ... "


"ഈ പെണ്ണ് വേണ്ട.. ഇവളേയ്.. നിന്നെ വരച്ച വരയിൽ നിർത്തും... മുഖം കണ്ടാൽ അറിയാം ഇവളുടെ സ്വഭാവം... "


"എന്നിട്ട് ഇന്നലെ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത്... നല്ല ഐശ്വര്യം നിറഞ്ഞ മുഖമാണ് അവളുടേത് എന്നല്ലേ... "


അത് ചോദിച്ചതും അവർ സൈലന്റ് ആയി.. ഇനിയിപ്പോ ജെനിയോടും അക്കിയോടും എന്ത്‌ പറയും, അവരുടെ കളിയാക്കലിന് എന്ത് മറുപടി നൽകും എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത... 
ലാസ്റ്റ് പെണ്ണ് കാണൽ ആണിതെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു... അക്കി പറഞ്ഞത് പോലെ ഈ ജന്മം ഒരു കല്യാണം കഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവില്ലെന്ന് തോന്നുന്നു... 


"സാക്കീ.   വല്ലാതങ്ങ് ആലോചിക്കേണ്ട.  ഈ പെണ്ണ് വേണ്ട.. അത്ര തന്നെ... നിനക്ക്  നല്ല പെണ്ണിനെ കിട്ടും.. ഞങ്ങൾ കണ്ടു പിടിച്ചു തരും "


"അയ്യോ.. വേണ്ടായേ..നിങ്ങള് കണ്ട് പിടിച്ചത് തന്നെയല്ലേ ഇതും.. ഇനി ഞാൻ ഒരു പെണ്ണിനേയും കാണാൻ പോവില്ല. ഒന്നുകിൽ ഈ പെണ്ണ് മതി. അല്ലേൽ ഞാൻ കെട്ടുന്നില്ല.. "


"സാക്കീ... "

രണ്ടു പേരും ദയനീയമായി എന്നെ വിളിച്ചതും ഞാൻ മുഖം തിരിച്ചു.. ആ സമയം തന്നെ കുടിക്കാനുള്ള വെള്ളവുമായി അവളുടെ ഉമ്മ  വരുന്നുണ്ടായിരുന്നു... പിറകെ അവളും  ഉണ്ടായിരുന്നു.. അവർ വരുന്നത് കണ്ടതും ഞങ്ങൾ മിണ്ടാതെ ഇരുന്നു.. 


"എന്താ മൂന്ന് പേരും നല്ല ചർച്ചയിലാണല്ലോ.. എന്താ ഇവൻ പറയുന്നത്.. മോളെ ഇഷ്ടപ്പെട്ടുവെന്നാണോ.. "


"അ....ആ... ഹാ... "

പെട്ടന്ന് അവരത് ചോദിച്ചതും ഉമ്മിയും ഉമ്മച്ചിയും വിക്കി വിക്കി അതേ എന്ന് തന്നെ പറഞ്ഞു...  ആ സമയം അവൾ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു...  ഫ്രീക്കത്തി ആണേലും ആളൊരു മിണ്ടാ പൂച്ച ആണെന്ന് തോന്നുന്നു.. നീണ്ട കണ്ണുകൾ കൊണ്ട് എന്നെ തന്നെ നോക്കുകയാണവൾ... 


"മോളേ.. നിനക്ക് ഇവന്റെ പേര് അറിയില്ലല്ലോ... "


അവളുടെ ഉമ്മ അവളോട് ചോദിച്ചതും അവൾ എന്നിൽ നിന്നും നോട്ടം മാറ്റി.  

"ഞാൻ ചോദിച്ചോളാം ഉമ്മാ... "

അതും പറഞ്ഞു കൊണ്ട് അവൾ ഉമ്മയെ മറി കടന്നു കൊണ്ട് മുന്നോട്ട് വന്നു.. ഞങ്ങൾക്ക് മുന്നിലുള്ള സോഫയിൽ കാൽ കയറ്റി വെച്ചിരുന്നു.. 


"ഹായ്... ഞാൻ റൈഹ...റൈഹാ മാലിക്.  പിജി ക്ക് പഠിക്കാണ്.. "


പെട്ടന്ന് അവളുടെ  ഭാവമാറ്റം കണ്ട് ഇപ്പോൾ ഞാനാണ് ഷോക്കായത്.. ഇത് വരെ മിണ്ടാ പൂച്ച ആണെന്ന് കരുതിയവൾ ഇതാ ഒരു മടിയും കൂടാതെ മുന്നിൽ വന്നിരിക്കുന്നു... അവളുടെ ഈ ചെയ്തി എനിക്ക് ഇഷ്ടമായില്ല   എനിക്ക് മാത്രമല്ല ഉമ്മിക്കും ഉമ്മച്ചിക്കും ഒന്നും ഇഷ്ടമായില്ല.  
എങ്കിലും ഒന്നും പറയാൻ പറ്റില്ലല്ലോ എന്നത് കൊണ്ട് ഞാൻ എന്നെ പരിചയപ്പെടുത്തി കൊടുത്തു.. 


"ഞാൻ സാക്കിർ.., "


"ഇതിലേതാ ഉമ്മ..."


പെട്ടന്നവൾ ഒട്ടും പ്രതീക്ഷിക്കാതെ അവളാ ചോദ്യം ചോദിച്ചതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവരെ നോക്കി... അവൾ അവരെ രണ്ടു പേരെയും മാറി മാറി നോക്കാണ്.. 


"ഇവർ രണ്ടു പേരും എന്റെ ഉമ്മമാരാണ്... "


"ഹ്ഹഹ്ഹ.. ഹഹാ ഹ്ഹ.. രണ്ടു ഉമ്മമാരോ...."


എന്റെ മറുപടി കേട്ടവൾ വായ പൊത്തി ചിരിക്കാൻ തുടങ്ങി... അത് കണ്ടതും എനിക്ക് ദേഷ്യം അടക്കാനായില്ല..  


"എന്താടീ.. ഉമ്മമാരെ നീ മുൻപ് കണ്ടിട്ടില്ല.  നിനക്കും ഉണ്ടല്ലോ.. "


ശബ്ദം അല്പം ഉയർന്നത് കൊണ്ട് തന്നെ അവൾ പെട്ടന്ന് ചിരി നിർത്തി എണീറ്റു നിന്നു... ഉമ്മിയും ഉമ്മച്ചിയും ഞാനും സോഫയിൽ നിന്നും എണീറ്റു.. അവളെ രണ്ടു പൊട്ടിക്കാൻ മാത്രം ദേഷ്യം എനിക്കുണ്ടായിരുന്നു.. 


"രണ്ടു ഉമ്മമാർ ഒരാൾക്കുള്ളത് ആദ്യമായിട്ട് കാണാ.."

ഞാൻ ദേഷ്യപെട്ടത് അവൾക്ക് ഇഷ്ടമായിട്ടില്ലെന്ന് അവളുടെ ഈ മറുപടിയിൽ നിന്നും മനസിലായി..


"റൈഹാ... എന്താ മോളെ ഇത്... നീ ഈ ഗ്ലാസ്സൊക്കെ കൊണ്ട് പോയി വെച്ചേ "

അവളുടെ കയ്യിൽ ഗ്ലാസ്‌ കൊടുത്തു കൊണ്ട് ഉമ്മ അവളെ പറഞ്ഞയച്ചു കൊണ്ട് ഞങ്ങളെ നേരെ നോക്കി. 

"ക്ഷമിക്കണം.. അവൾ ഇങ്ങനെയാ.. എന്ത് എവിടെ പറയണം എന്നറിയില്ല..  എല്ലാം അവളുടെ ഇക്കാക്കയുടെ പണിയാ. കൊഞ്ചിച്ച് വഷളാക്കി... പക്ഷെ. എല്ലാത്തിനും അവനെ കിട്ടില്ല... ഇപ്പൊ തന്നെ ഇന്നലെ ഹോസ്പിറ്റലിൽ നിന്ന് അവളുടെ കോലം എങ്ങനെ ആയിരുന്നെന്നു നിങ്ങൾ കണ്ടില്ലേ.. അത് മോൻ നേരെ ഹോസ്പിറ്റലിലേക്ക് വരുന്നെന്ന് പറഞ്ഞപ്പോ അടക്കത്തിൽ ഡ്രസ്സ്‌ ചെയ്തതാ അവൾ.. പക്ഷെ ഇന്നലെ അവൻ എത്താൻ പറ്റിയില്ല..  അവനീ ജീൻസും ടോപ്പും ധരിക്കുന്നത് ഇഷ്ടമല്ല....ആ കാര്യത്തിൽ മാത്രമേ അവർ പിണങ്ങാറുള്ളൂ "


ഞങ്ങളെ നോക്കി ആ ഉമ്മ പറഞ്ഞതും ഞാൻ ഉമ്മിയെയും ഉമ്മച്ചിയെയും നോക്കി.. പുഞ്ചിരിച്ച് കൊണ്ട് അവളുടെ ഉമ്മയോട് ഓരോന്ന് പറയുന്നുണ്ട്.. ഇനി എന്തൊക്കെ പറഞ്ഞാലും അവർക്കീ ബന്ധം ഇഷ്ടപ്പെടില്ലെന്ന് എനിക്ക് നന്നായിട്ടറിയാം... അവരുടെ സന്തോഷമാണ് എനിക്ക് വലുത്.. അല്ലേലും ആ പെണ്ണിന്റെ സംസാരം എനിക്ക് ഒട്ടും ഇഷ്ടായില്ല.  വേറെന്തും ഞാൻ സഹിക്കും.  പക്ഷെ എന്റെ ഉമ്മമാരെ കളിയാക്കിയാൽ ഞാനത് സഹിക്കില്ല .. 


"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ..ഇവന് ഇഷ്ടപ്പെട്ടെങ്കിൽ നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.. ഞങ്ങൾ വിളിക്കാം.. "


"ഓഹ്..ശെരി.. "


അവരോട് യാത്ര പറഞ്ഞ് ഉമ്മി എഴുന്നേറ്റതും ഞാനും ഉമ്മച്ചിയും കൂടെ എഴുന്നേറ്റു...ആ സമയം അവൾ അകത്തു നിന്നും ഞങ്ങളുടെ അടുത്തേക്ക് വന്നു.... എന്നെ നോക്കിയെങ്കിലും ഞാൻ മുഖം കൊടുത്തില്ല.. അവളിൽ നിന്ന് മുഖം തിരിച്ച് കൊണ്ട്  വാതിലിനടുത്തേക്ക് നടക്കാൻ തുടങ്ങിയതും പെട്ടന്ന് എന്റെ കാലുകൾ അവിടെ സ്റ്റക്കായി. മുഖം വീണ്ടും അവളിലേക്ക് തന്നെ  തിരിച്ചു... അപ്പോഴും അവൾ എന്നെ തന്നെ നോക്കി നിൽക്കായിരുന്നു.. ഞാൻ തിരിഞ്ഞതും അവൾ സംശയത്തോടെ ഉമ്മാനെ നോക്കി..


"എന്താ മോനേ... "


അവളുടെ ഉമ്മ എന്നോട് കാര്യം ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ ഞാൻ അവരുടെ അടുത്തേക്ക് നടന്നു.. പിറകെ നിന്ന് ഉമ്മിയും ഉമ്മച്ചിയും വിളിക്കുന്നത് കേട്ടെങ്കിലും ഞാൻ മുന്നോട്ട് നടന്നു.. അവളുടെ അടുത്തെത്തിയതും അവൾ നെറ്റി ചുളിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി.. എന്നാൽ എന്റെ നോട്ടം മുഴുവൻ ടേബിളിൽ വെച്ചിരിക്കുന്ന ഫോട്ടോയിലേക്കായിരുന്നു... ഫ്രയിം ചെയ്തു വെച്ച ആ ഫോട്ടോ ഞാൻ കയ്യിലെടുത്തു കൊണ്ട് അതിലേക്ക് തന്നെ നോക്കി നിന്നു.. 


"എന്താ മോനേ.. എന്ത് പറ്റി. ഞങ്ങളുടെ കുടുംബ ഫോട്ടോ ആണ്.."


"ഇതാരാണ്...? "

എന്റെ കയ്യിലിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി കൊണ്ട് അവളുടെ ഉമ്മ പറഞ്ഞതും ഫോട്ടോയിലെ ഒരാളെ ചൂണ്ടി കൊണ്ട് ഞാൻ ചോദിച്ചു... കണ്ണുകൾ അയാളിൽ തന്നെ ഉടക്കി നിൽക്കായിരുന്നു... 


"ഇതാണ് എന്റെ ഒരേ ഒരു മകൻ.. ഇവളുടെ ഇക്കാക്ക... റിഹാൻ മാലിക്.. "

അവളുടെ ഉമ്മ പറഞ്ഞതും ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യാത്ത  അവസ്ഥയിൽ ആയിരുന്നു ഞാൻ... 
അപ്പോൾ റിഹാൻ മാലിക്.. ഇവളുടെ ഇക്കാക്ക ആണല്ലേ.. കൃത്യമായി ശത്രുവിന്റെ പെങ്ങളെ തന്നെ ഞാൻ  കാണാൻ വന്നല്ലോ റബ്ബേ...
എന്തായാലും ഇനിയും ഈ ബന്ധം വേണ്ട... 


,"എന്താ മോനേ.. എന്തെങ്കിലും പ്രശ്നം.."

"ഏയ്‌. ഒന്നുമില്ല.. റിഹാൻ മാലിക്കിനെ എനിക്കറിയാം. ഫോട്ടോ കണ്ടപ്പോൾ പെട്ടന്ന് മനസിലായി...റിഹാന്റെ കുടുംബം ആണിതെന്ന് അറിഞ്ഞിരുന്നില്ല.. അതാ ആരാ എന്ന് ചോദിച്ചത്.. 
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.. "


വീണ്ടും യാത്ര പറഞ്ഞ്  ഞാൻ ഉമ്മിയുടെയും ഉമ്മച്ചിയുടെയും പിറകെ വാതിലിനടുത്തേക്ക് നടന്നു... 


*************

വീണ്ടും ചോദ്യം ആവർത്തിച്ചതും അപ്പുറത്ത് നിന്നും ഉത്തരമെത്തി..... 


"ഫെല്ലാ.... ഇറ്റ്സ് മീ.... റിഹാൻ "


കാതുകൾ കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്ന ആ ശബ്ദം.... വീണ്ടും കേട്ടതും കണ്ണുകൾ നിറഞ്ഞൊഴുകി... റസീവറിൽ കൈ അമർത്തി പിടിച്ചു കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു... രണ്ടു കൊല്ലമായി ഒരു വിവരവും അറിഞ്ഞിരുന്നില്ല... ഇന്നിതാ എന്നെ തേടി വന്നിരിക്കുന്നു... പക്ഷെ... സന്തോഷിക്കാനാവില്ലല്ലോ റബ്ബേ എനിക്ക്... 


"കേൾക്കുന്നില്ലേ.. ഫെല്ലാ... "


എന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും കേൾക്കാത്തത് കൊണ്ട് അവൻ വീണ്ടും വിളിച്ചു... എന്റെ തേങ്ങൽ  അവൻ കേൾക്കരുതെന്ന് ഉറപ്പിച്ചു കൊണ്ട് ഒന്ന് ശ്വാസം നേരെ വിട്ട് കൊണ്ട് ഞാൻ ചുണ്ടുകൾ ചലിപ്പിച്ചു.. 


"ഹാ.. പറയൂ.... "


"ഫെല്ല... ഞാൻ നാട്ടിൽ എത്തിയിട്ടുണ്ട്..."


"മ്മ്മ്.... "


"എന്നോടുള്ള ദേഷ്യം മാറിയില്ലേ.... "


"ദേഷ്യമോ... ഞാനാണോ ദേഷ്യം കാണിച്ചത്.. ഞാനാണോ മുഖം തിരിച്ചു നടന്നത്.... മിണ്ടാൻ വന്നപ്പോ മിണ്ടാതിരുന്നത് ഞാനാണോ.. ഒരു വാക്ക് പോലും പറയാതെ പോയത് ഞാനാണോ... പറ..., "


പെട്ടന്നുണ്ടായ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു.... ഓരോ വാക്കുകൾക്കിടയിലും ഹൃദയത്തിന്റെ തേങ്ങൽ വ്യക്തമായി കേൾക്കാമായിരുന്നു..... എന്റെ ഫീലിംഗ്സ് ഒരിക്കലും അവനെ അറിയിക്കരുതെന്നുണ്ടായിരുന്നു . എന്നാൽ.. പെട്ടന്ന് എല്ലാം പുറത്ത് ചാടി . എങ്കിലും കരച്ചിൽ മാത്രം ഞാൻ അടക്കി വെച്ചു..   


"സോറി... ഫെല്ലാ.. എല്ലാത്തിനും ഒരു കാരണം ഉണ്ടായിരുന്നു.... അതാ ഞാൻ അന്ന്.... "


"യെസ്... കാരണം.... കാരണം ഉണ്ടായിരുന്നു.... ആ കാരണം അറിഞ്ഞത് കൊണ്ടാണ് എന്റെ മനസ്സ് മരിച്ചത്.... "


"ബട്ട് ഫെല്ലാ.. സത്യം... "


"വേണ്ട റിഹാൻ.... ഇനിയൊന്നും പറയണമെന്നില്ല.. നിന്റെ വാക്കുകളിലെ ഈ പതർച്ച മതി എല്ലാം മനസ്സിലാക്കാൻ.... പ്ലീസ്.. ലീവ് മീ... "


തേങ്ങി കൊണ്ട് ഞാൻ പറഞ്ഞതും അവന്റെ ചുണ്ടുകളും വിറക്കുന്ന പോലെ എനിക്ക് ഫീൽ ചെയ്തു.. 


"എനിക്ക് നിന്നെ കാണണം.... "

അവന്റെ ആവശ്യം കേട്ടതും അതിനൊരു മറുപടി നൽകാൻ എനിക്കായില്ല.. അവന്റെ മുന്നിൽ ഞാൻ ചെന്നാൽ... അവനരികിൽ  ഞാനെത്തിയാൽ ... അറിയില്ല എന്ത് സംഭവിക്കുമെന്ന് ....ചിലപ്പോൾ ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞേക്കാം.... 
ഇല്ലാ..... അതൊരിക്കലും നടക്കാൻ പാടില്ല.... അവനിൽ നിന്നും വിട്ട് നിൽക്കണം.... പക്ഷെ.. അവന് പറയാനുള്ളത് കേൾക്കണമെങ്കിൽ ഒരു കൂടി കാഴ്ച അനിവാര്യമാണ്.... 

ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് തന്നെ അവൻ വീണ്ടും അതാവർത്തിച്ചു.. 


"പ്ലീസ് ഫെല്ലാ... അരുതെന്നു പറയരുത്.. എനിക്ക്  നിന്നെ കാണണം... ഞാൻ ഇപ്പോൾ നിന്റെ നാട്ടിൽ ഉണ്ട്.. "

അവന്റെ വാക്കുകൾ കേട്ടതും  ഞാൻ ഞെട്ടി കൊണ്ട്  ഇറുക്കി അടച്ച കണ്ണുകൾ തുറന്നു.. 


"വാട്ട്‌... ഇവിടെ ഉണ്ടെന്നോ... "


മനസ്സിൽ മുളച്ച   പതർച്ചയോടെ ഞാൻ ചോദിച്ചതും ശാന്തമായി അവൻ സംസാരിച്ചു തുടങ്ങി... 

"യെസ് ഫെല്ലാ... ഇവിടെ തന്നെ ഉണ്ട്.. ഉപ്പാക്ക് ഒരു സർജറി ഉണ്ടായിരുന്നു.. ഹോസ്പിറ്റലിൽ ആണ് ഞാൻ.. നാളെ ഡിസ്ചാർജ് ആയി നാട്ടിലേക്ക് പോകും. നിന്റെ മാമി വിളിച്ചപ്പോൾ പറഞ്ഞു നീ ഇവിടെയാണെന്ന്.. നമ്പർ തന്നതും മാമിയാണ്.. "


"മ്മ്മ്.. "


അവൻ പറഞ്ഞതിന് മൂളി കൊടുത്തു കൊണ്ട് ഞാൻ മൗനം പാലിച്ചു... പിന്നീട് അല്പ നേരം ഞങ്ങൾക്കിടയിൽ മൗനമായിരുന്നു.. മൗനത്തിന്റെ മറ നീക്കി കൊണ്ട് വീണ്ടും അവൻ സംസാരിക്കാൻ തുടങ്ങി.... 


"ഫെല്ലാ..... എനിക്ക്... "


"കാണണം അല്ലേ.. "


ഇടയിൽ കയറി ഞാൻ ചോദിച്ചതും അവൻ മൂളി... മനസ്സിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യവും സങ്കടവും അടക്കി വെച്ച് പുച്ഛത്തോടെ ഞാൻ പറഞ്ഞു.. 


"പറയേണ്ട സമയത്ത് പറയണമായിരുന്നു എല്ലാം.. .. അരികിൽ വരുമ്പോഴൊക്കെ മുഖം തിരിച്ചു പോയതല്ലേ.. ഒടുവിൽ..... ഒരു വാക്ക് പോലും പറയാതെ പോയില്ലേ... ഇനി എന്താണ് റിഹാൻ നിനക്ക് പറയാനുള്ളത്... "


"ഫെല്ലാ... നിന്നെ ഞാൻ തടയുന്നില്ല.. നീ പറഞ്ഞോ.. കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്...  പക്ഷെ.. എനിക്ക് നിന്നെയൊന്ന് കാണണം "


" ഓക്കേ... നമുക്ക് കാണാം... നമ്മുടെ അവസാന കൂടി കാഴ്ചയാവും ഇത്...വൈകുന്നേരം ഞാൻ ബീച്ചിലേക്ക് വരാം  "


"ഹാ.. ഞാനും വരാം... പിന്നെ... "


"പിന്നെ.... എന്താണ്..? "


സംശയത്തോടെ ഞാനത് ചോദിച്ചതും അപ്പുറം നിശബ്ദമായിരുന്നു..... രണ്ടു പേരുടെയും ശ്വാസോഛ്വാസം മാത്രം ഫോണിലൂടെ വേറിട്ടറിയുന്നുണ്ട്... 


"ഫെല്ലാ.... ഉപ്പാന്റെ നിർബന്ധം കാരണമാണ് ഞാൻ ഇങ്ങോട്ട് വന്നത്.. നമ്മുടെ കല്യാണം എത്രയും പെട്ടന്ന് നടത്തണം എന്നാണ് ഉപ്പ പറയുന്നത്.. തടയാൻ ഞാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല..ഇവർ എല്ലാം തീരുമാനിച്ചു വെച്ചിരിക്കയാണ് "


"റിഹാൻ... നീ എന്താണ് പറഞ്ഞു വരുന്നത്... "


"അത്... എനിക്കിപ്പോൾ കല്യാണം വേണ്ട... അതുമല്ല.. നമ്മൾ തമ്മിൽ സ്നേഹത്തോടെ  ഇനി മുന്നോട്ട് പോകുമെന്ന് .എനിക്ക് തോന്നുന്നില്ല... സോ.... നമുക്ക് ഈ കല്യാണം എങ്ങനെ എങ്കിലും മുടക്കണം.. ആ കാര്യം സംസാരിക്കാൻ ആണ് നേരിട്ട് കാണണമെന്ന് ഞാൻ പറഞ്ഞത്.   "


മുൻപ് അറിയാവുന്ന കാര്യം ആയിരുന്നെങ്കിലും..  ഇന്നവന്റെ വായിൽ നിന്നും കേട്ടപ്പോൾ ഹൃദയം പിളരുന്നത് പോലെ.... തളർന്നു പോകാതിരിക്കാൻ ഒരു കൈ കൊണ്ട് ചെയറിൽ ഞാൻ മുറുകെ പിടിച്ചു.. 


"ഫെല്ലാ.... "


"ഹാ... "


ഞാൻ വിളി കേട്ടിട്ടും ഒന്നും മിണ്ടാതെ അവൻ നിന്നു... അവന്റെ വാക്കുകളിലെ  ഇടർച്ച വ്യക്തമായി എനിക്ക് കേൾക്കാമായിരുന്നു.... 


"ഈവെനിംഗ് കാണാം... "

അതും പറഞ്ഞു കൊണ്ട് അവൻ കാൾ കട്ട്‌ ചെയ്തു... മറ്റെന്തോ ആണ് അവൻ പറയാൻ വന്നതെന്ന് എനിക്കറിയാമായിരുന്നു.. 
     അപ്പുറം കാൾ കട്ട് ചെയ്‌തെന്ന് അറിഞ്ഞിട്ടും റസീവർ ചെവിയിൽ നിന്നും എടുക്കാതെ കണ്ണടച്ച് കൊണ്ട് അങ്ങനെ നിന്നു.... കാതുകളിൽ അവന്റെ വിളി മായാത്ത പോലെ.... 

ഒരുമിച്ചൊരു ജീവിതം സ്വപ്നം കാണാൻ പഠിപ്പിച്ചവൻ ഇന്ന് ആ ജീവിതത്തിന് താല്പര്യമില്ലെന്ന് പറയുമ്പോഴുണ്ടാകുന്ന മനസ്സിലെ വേദന അനുഭവിച്ചവർക്ക് മാത്രമേ അറിയൂ... എന്നിലെ പ്രാണൻ അവനായിരുന്നു... ഇന്നവൻ ആ പ്രാണനെ പറിച്ചെടുത്തു പോയി.... 
ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും നിന്നെ കാത്തിരിപ്പുണ്ട് റിഹാൻ... അങ്ങനെ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറാൻ ഞാൻ അനുവദിക്കില്ല... 


റസീവർ താഴെ  വെച്ച്  കണ്ണുകൾ രണ്ടും തുടച് കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു...... 


"ആരാ വിളിച്ചത് ഫെല്ലാ... !


പുറത്തേക്ക് എത്തിയതും മദർ മുന്നോട്ട് വന്ന് കൊണ്ട് ചോദിച്ചു.. 


"അത് നാട്ടിൽ നിന്നാണ് മദർ... "


"ഓഹ്.. സുഖമല്ലേ എല്ലാവർക്കും.. "


ആ ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി കൊണ്ട് ഞാൻ അവരുടെ ഇടയിൽ ഇരുന്നു.... ഈവെനിംഗ് ഒരു ഫ്രണ്ട് നെ കാണാൻ പോകണമെന്ന് മദറിനോട്‌ പറഞ്ഞു... മദറിന്റെ സമ്മതം കിട്ടിയതും കാത്തിരിപ്പായിരുന്നു ...സമയം ആവാൻ വേണ്ടി.... 


*************

കാറിൽ കയറി വീട് എത്തുന്നത് വരെ ഞങ്ങൾ നിശ്ശബ്ദരായിരുന്നു ..ആരും അധികമൊന്നും  മിണ്ടിയില്ല... 
വീട്ടിൽ എത്തി ഞാൻ സോഫയിൽ ഇരുന്നതും ഉമ്മി എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു... 
ഞാൻ പ്രതീക്ഷിച്ച ചോദ്യം... 


"സാക്കീ.. അവളുടെ ഇക്കാക്കാനെ  നിനക്കെങ്ങനെ അറിയാം.. "


ഉമ്മി ചോദിക്കുന്നത് കേട്ട് ഉമ്മച്ചിയും അരികിൽ വന്നിരുന്നു.. കമ്പനിക്ക് കിട്ടേണ്ട പ്രൊജക്റ്റ്‌ അവൻ കാരണം ആണ് തടഞ്ഞു വെച്ചത് എന്നത് അവരോട് പറഞ്ഞു... 


"ആഹാ. എങ്കിൽ എന്തായാലും നമുക്ക് ഈ ബന്ധം വേണ്ട.. നീ ഒരുപാട് ആഗ്രഹിച്ചതല്ലേ  ആ പ്രൊജക്റ്റ്‌ കിട്ടാൻ... "


"അതൊക്കെ കിട്ടും ഉമ്മീ... അങ്ങനെ ഏതോ ഒരാൾ വന്ന് ഫ്രീസ് ചെയ്യിപ്പിച്ചാൽ ഒന്നും അതെന്നിൽ നിന്നും വിട്ട് പോവില്ല   "


"മോനേ   ഇപ്പോഴാ സമാധാനമായത്   നീ അവളെ മതിയെന്ന് പറഞ്ഞപ്പോ ആകെ വിഷമിച്ചിരുന്നു "


ഉമ്മച്ചി അങ്ങനെ പറഞ്ഞതും ഞാൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി.. 


"എന്തൊക്കെ ആയിരുന്നു... ഐശ്വര്യ റായി... അടക്കവും ഒതുക്കവും ഉള്ള കുട്ടി.   ഇനി ഇപ്പോൾ അക്കി വിളിക്കാൻ തുടങ്ങും... എന്നെ കളിയാക്കാൻ.. അവൻ രാവിലെ വിളിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ഇത് നടക്കില്ലെന്നു "


"നീ ഞങ്ങളെ കളിയാക്കൊന്നും വേണ്ട..ഇന്നലെ അവളെ കാണാൻ നല്ല ഒതുക്കം ഉണ്ടായിരുന്നു . ഞങ്ങൾക്കറിയുമോ അവളുടെ യഥാർത്ഥ രൂപം ഇങ്ങനെ ആണെന്ന്"


"ഹാ.. എന്തായാലും ആ പെണ്ണിനെ വേണ്ട.. അവൾ നമ്മുടെ കുടുംബം കലക്കും.. കണ്ടാൽ അറിയാം "


എന്നത്തേയും പോലെ തന്നെ രണ്ടു പേരും പെണ്ണിന് ഇല്ലാത്ത കുറ്റവും കുറവും ഉണ്ടാക്കാൻ തുടങ്ങി . എല്ലാം കേട്ട് ചിരിച്ചു കൊണ്ട് ഞാൻ അവരുടെ മടിയിൽ തല വെച്ച് കിടന്നു.... എന്റെ മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. റിഹാൻ മാലിക് ... വർമ പറഞ്ഞതനുസരിച്ച് വല്ലാത്ത സമ്മർദ്ദം തന്നെയാണ് ആ പ്രൊജക്റ്റ്‌ന്.. ഞങ്ങൾക്ക് കിട്ടാതിരിക്കാൻ അങ്ങേ അറ്റം അവൻ ശ്രമിക്കുന്നുണ്ട്... 
അവനെ പാട്ടിലാക്കാൻ എന്ത് കൊണ്ടും അവന്റെ അനിയത്തി തന്നെയല്ലേ നല്ലത് എന്ന ചിന്ത മനസ്സിൽ കയറി കൂടിയിട്ടുണ്ട്.. അവളെ കല്യാണം കഴിച്ചില്ലേലും അവളുമായി ഫ്രണ്ട്ഷിപ് എങ്കിലും ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ ആ റിഹാനെതിരിൽ കളിക്കാമായിരുന്നു.. 
ആലോചിക്കാം..... 


"സാക്കീ... നീ എന്താ ചിന്തിക്കുന്നത്... നിനക്ക് വിഷമമായോ... "


"ഒന്നൂല്ലെന്റെ ഉമ്മച്ചി കുട്ടീ... "


"മ്മ്മ്.. നീ വിഷമിക്കേണ്ട.. എത്രയും പെട്ടന്ന് തന്നെ നിന്റെ കല്യാണം ഞങ്ങൾ നടത്തും.. അക്കിയോടും ആഷിയോടും അർഷാദ് നോടും ഇങ്ങോട്ട് വരാൻ പറയണം.. ജെനിയും സീനുവും അമാനയും ചേർന്ന് കുട്ടിയെ കണ്ടെത്തട്ടെ ..."


"മ്മ്മ്മ്.. അത് നല്ല ഐഡിയയാ.. 
എന്റെ ഉമ്മച്ചി.. അവരൊന്നും വരില്ല..
പിന്നെ... ഇനി ഞാൻ ആരെയും പോയി കാണില്ല... നിങ്ങളൊക്കെ കണ്ടു പിടിച് എന്നോട് കെട്ടാൻ പറഞ്ഞാൽ മതി... അല്ലാതെ ഇനി എന്നെ കിട്ടില്ല.. "

അതും പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്ക് നടക്കാനായി എണീറ്റു.. 


"ഞങ്ങൾ വിളിച്ചാൽ  അവരൊക്കെ വരുമോ എന്ന് നോക്കട്ടെ.. മതി അവിടെ നിന്നത്.. ഇനി ഇങ്ങോട്ട് വരട്ടെ..  "


ഉമ്മിയും ഉമ്മച്ചിയും ഓരോന്ന് പറയാൻ തുടങ്ങിയതും ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു.  റൂമിൽ എത്തിയതും ഫോൺ റിങ് ചെയ്യാൻ തുടങ്ങി... അക്കി തന്നെ... 
അവനായത് കൊണ്ട് ഞാൻ ഫോൺ എടുത്തില്ല... 
ഫോൺ ബെഡിലേക്കിട്ട് ഷർട്ട്‌ അഴിക്കാൻ നിന്നതും വീണ്ടും റിങ് ചെയ്യാൻ തുടങ്ങി.  
അവന്റെ ഒരു കാര്യം എന്ന് മനസ്സിൽ ഓർത്ത് ചിരിച്ചു കൊണ്ട് ഞാൻ ഫോണിലേക്ക് നോക്കിയതും un known നമ്പർ എന്ന് കണ്ടു... അത് കണ്ടതും നെറ്റി ചുളിച്ചു കൊണ്ട് ഞാൻ  ഫോൺ എടുത്തു... കാൾ ആൻസർ ചെയ്തു കൊണ്ട് ഞാൻ ചെവിയിൽ വെച്ചു... 

*************

റിഹാനെ കാണാൻ പോകാനുള്ള സമയം ആയതും ഞാൻ ഡ്രസ്സ്‌ ചെയ്യാൻ റൂമിലേക്ക് നടന്നു..  മനസ്സ് എവിടെയോ എന്തോ ചിന്തയിൽ ആണ് .. നടന്ന് മുറിയിൽ എത്തിയതൊന്നും അറിഞ്ഞതേയില്ല.. കാബോഡിൽ നിന്നും ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞതും പെട്ടന്ന് ഞാൻ മുഖം തിരിച്ച് മുന്നോട്ട് നോക്കി.. കണ്ണാടിയിലൂടെ എന്റെ കൈകളിലിരിക്കുന്ന ഡ്രെസ്സിലേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിന്നു... 
റിഹാന് ഏറ്റവും ഇഷ്ടപ്പെട്ട കളർ ആണ് . പിങ്ക് കളർ ചുരിദാർ .  ഈ ഡ്രെസ്സിൽ എന്നെ കാണാൻ ഒരുപാട് ഇഷ്ടമായിരുന്നു അവന്..  
ഇന്നവനെ കാണാൻ പോകുന്ന സമയം കൃത്യമായി ഈ ഡ്രസ്സ്‌ തന്നെ എന്റെ കയ്യിൽ വന്നല്ലോ...  
ഓർമ്മകൾ ഹൃദയത്തെ നോവിക്കാൻ തുടങ്ങിയതും ഞാൻ ആ ഡ്രസ്സ്‌ തിരികെ വെച്ച് കൊണ്ട് ക്രീം കളർ ചുരിദാർ എടുത്തു... 

"ഫെല്ലാ...  മഴ വരുന്നുണ്ട്  നീ ആരെയോ കാണാൻ പോകുവാണെന്ന് പറഞ്ഞില്ലേ.. വേഗം പോയി വാ ...  "


"ഞാൻ ഇറങ്ങാൻ നിൽക്കാ മദർ... "


മാറ്റി ഒരുങ്ങുമ്പോൾ ആണ് സിസ്റ്റർ അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞത്... വേഗം തട്ടമിട്ട് കൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി... ആകാശം ഇരുണ്ട് വരുന്നുണ്ട്.. നല്ല തണുത്ത കാറ്റ് തട്ടത്തെ സ്ഥാനം മാറ്റിയതും ഒരു കൈ കൊണ്ട് തട്ടം ശെരിയാക്കി മറു കയ്യിൽ കുടയും പിടിച്ചു കൊണ്ട് ഞാൻ സ്വർഗത്തിൽ നിന്നും നടന്നു നീങ്ങി... 

ഇടവഴി കഴിഞ്ഞ് കവലയിൽ എത്തിയതും ഓട്ടോ കിട്ടി.. ബീച്ചിലേക്ക് പോവാൻ പറഞ്ഞു കൊണ്ട് ഞാൻ സീറ്റിൽ ചാരി ഇരുന്നു . 

ഈ കണ്ടുമുട്ടലിൽ എന്തൊക്കെ സംഭവിക്കുമെന്നറിയില്ല... എന്റെ ഏതൊക്കെ ചോദ്യങ്ങൾക്കവൻ ഉത്തരം നൽകുമെന്നും അറിയില്ല..  എല്ലാം അവസാനിപ്പിക്കാനാണ് അവന്റെ തീരുമാനം എങ്കിലും ഒന്നും അവസാനിക്കില്ലല്ലോ.. തുടങ്ങുകയല്ലേ...

ഒരു നെടുവീർപ്പോടെ ഞാൻ പുറത്തെ കാഴ്ചകൾ കണ്ട് കണ്ണുകൾ അടച്ചു.. 


"കുട്ടീ... സ്ഥലം എത്തി... "


ഓട്ടോക്കാരൻ വിളിച്ചതും ഞാൻ കണ്ണുകൾ തുറന്നു. . വിശാലമായ തീരത്തേക്ക് നോക്കി കൊണ്ട് ഞാൻ പൈസ കൊടുത്ത് ഇറങ്ങി... 
എന്റെ കയ്യിൽ ഫോണുമില്ല അവനെ വിളിക്കാൻ നമ്പറും ഇല്ല.. അധികം ആളുകൾ ഇല്ലെങ്കിലും ഇവിടെ എവിടെ ചെന്നവനെ അന്യോഷിക്കും... 
മുന്നോട്ട് നടക്കും തോറും കണ്ണുകൾ അവനെ തിരയാൻ തുടങ്ങി... കാതുകളിൽ കടലിന്റെ ഇരമ്പവും ഹൃദയത്തിൽ മിടിപ്പിന്റെ വേഗതയും കൊണ്ട്  കണ്ണുകൾ അതി വേഗത്തിൽ ചുറ്റും പരതി.... 

അപ്പോഴാണ് ദൂരെ ഫോൺ ചെവിയിൽ വെച്ച് ഒരാൾ പുറം തിരിഞ്ഞ് നിൽക്കുന്നത് കണ്ടത്.. ആൾ കൂട്ടത്തിനിടയിൽ ആണെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ ആരാണെന്ന് മനസിലായി..
റിഹാൻ...... 
കണ്ണുകൾ ഇത് വരെ തേടി നടന്നത് കണ്മുന്നിൽ കണ്ടതും ഹൃദയതാളം ഉയരാൻ തുടങ്ങി... അവന്റെ നേരെ നടക്കും തോറും കൈകൾ തോളിലെ നീളൻ ബാഗിൽ പിടുത്തം മുറുക്കിയിരുന്നു . 
ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും പെട്ടന്നവൻ തിരിഞ്ഞു നിന്നു.. എന്നെ കണ്ടതും അവൻ ചെവിയിൽ നിന്നും ഫോൺ എടുത്ത് എന്നെ തന്നെ നോക്കി നിന്നു.. ഇത്ര അകലെ ആയിട്ടും ആൾക്കൂട്ടത്തിന് നടുവിൽ ആയിട്ടും  ഒറ്റ നോട്ടത്തിൽ തന്നെ അവനും എന്നെ മനസ്സിലായിരിക്കുന്നു...  ഞാൻ നടന്നു വരുന്നതിന്‌ അനുസരിച്ച് അവനും മുന്നോട്ട് വരാൻ തുടങ്ങി..  പരസ്പരം മുഖത്തു നിന്നും  കണ്ണെടുക്കാതെ തന്നെ ഞങ്ങൾ നടന്നു  ..   
ഒടുവിൽ  അരികിൽ എത്താനായതും..... പെട്ടന്നാണ് അത് സംഭവിച്ചത്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story