മനമറിയാതെ 💙: ഭാഗം 3

manamariyathe sana

രചന: സന

സ്റ്റെപ് ഇറങ്ങി വരുന്ന മിത്രയിൽ ആരവിന്റെ മിഴികൾ തറഞ്ഞു നിന്നു.. നനവുള്ള അവളുടെ കഴുത്തിൽ പറ്റി പിടിച്ചു കിടക്കുന്ന താലിയിലേക്കും നെറ്റിയിലെ സിന്ദൂരത്തിലേക്കും കണ്ണ് എത്തി പെട്ടതും അടുത്ത നിമിഷം അവൻ അവന്റെ മിഴികൾ അടർത്തി.. വല്ലാത്ത അമർഷം തോന്നി അവന് അവനോട് തന്നെ.. അവളെ നോക്കി നിന്ന നിമിഷം തന്നിലുണ്ടായ ചിന്തയിൽ അവന് ദേഷ്യം തോന്നി.. 'ചേട്ടന്റെ ഭാര്യ.. ഏട്ടത്തി'.. മനസ്സിൽ നൂറാവർത്തി അവൻ ഉരുവിട്ടു.. "മോൾ എഴുന്നേറ്റോ..? ഞാൻ വിളിക്കാൻ വരാൻ തുടങ്ങുവായിരുന്നു.." "ഞാൻ.. ഞാൻ സാധാരണ ഈ സമയത വീട്ടിൽ എഴുനേൽക്കുന്നെ അതാ.. ഉറങ്ങി പോയി.." ജാനാകിയുടെ ചോദ്യത്തിന് മിത്ര ഒന്ന് പരുങ്ങി മറുപടി പറഞ്ഞു.. ജാനകി അവൾകയുള്ള ചായ കപ്പിലേക്ക് പകർന്നു കൊണ്ട് ഒന്ന് ചിരിച്ചു.. "അതിപ്പോ എല്ലാരും ഇങ്ങനെ ഒക്കെ തന്നെയാ.. ഇവടെയും ഇതാ ശീലം.. ഏട്ടന് പത്തുമണിക്ക് ശേഷം കടയിൽ പോയ മതി.. അപ്പുവിനും കണ്ണനും അതുപോലെയാ.. അതുകൊണ്ട് ഞാൻ 8.30 കഴിഞ്ഞിട്ടേ ജോലി തുടങ്ങുള്ളൂ.." "അപ്പോ ഇനി മുതൽ 8.30 കഴിഞ്ഞ് എഴുന്നേറ്റ മതീല്ലേ.." ജാനകി പറഞ്ഞു നിർത്തിയതും മിത്ര കണ്ണിറുക്കി ചിരിയോടെ ചോദിച്ചു.. അതിനവളുടെ കവിളിൽ അവരോന്ന് നുള്ളി.. "ജോലി തുടങ്ങുന്ന കാര്യാ പറഞ്ഞേ.. അതിന് മുന്നേ കുളിച്ചിരിക്കണം.. കേട്ടല്ലോ.." അല്പം ഗൗരവത്തിൽ ജാനകി പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് തല കുലുക്കി..

"മോൾ ചായ കുടിച്ചിട്ട് ഇത് അപ്പൂന് കൊണ്ട് കൊടുത്തിട്ട് വാ.." "ഞാൻ ചായ കുടിക്കില്ല.." "അതെന്താ.. അപ്പോ പിന്നെ പാൽ ആണോ കുടിക്ക രാവിലെ.." ജാനകി ചോദിച്ചു കൊണ്ട് ഫ്രിഡ്ജിൽ നിന്ന് അപ്പത്തിന്റെ മാവ് പുറത്തെടുത്തു.. "അങ്ങനെ ഒന്നും കുടിച് ശീലിച്ചിട്ടില്ല.. ചായ കുടിക്കില്ല..കട്ടനും പാലും ഒക്കെ കുടിക്കും പക്ഷെ ശീലം ഇല്ല വല്ലപ്പോഴും തോന്നുമ്പോ മാത്രം.." "ഇനി മുതൽ ശീലം ആയിക്കൊള്ളും.. അങ്ങനെ രാവിലെ ഒന്നും കുടിക്കാതെ ഇരിക്കാൻ പാടില്ല.. ചായ തന്നെ കുടിക്കണം എന്നില്ല മോൾക്ക് ഇഷ്ടല്ലല്ലോ.. എന്നാ പിന്നെ ഇനി മുതൽ കട്ടനോ പാലോ കുടിക്കണം.. എന്തെങ്കിലും മധുരം രാവിലെ ഉള്ളിൽ ചെല്ലണം എന്നാലേ ഒരു ഉന്മേഷം ഒക്കെ ഉണ്ടാവുള്ളു.. കേട്ടോ.." അമ്മായിയമ്മ എന്നതിൽ നിന്ന് തന്റെ അമ്മയെ പോലെ മിത്രയുടെ മനസ്സിൽ അവർ സ്ഥാനം പിടിച്ചിരുന്നു.. അധികം പഞ്ചാരയോ സുഗിപ്പിക്കലോ ഒന്നും ഇല്ലാതെ തന്നെ ജാനകി അവൾക്ക് ഓരോന്നും പറഞ്ഞു മനസിലാക്കി കൊടുത്തു.. "അപ്പു എഴുന്നേറ്റില്ല ഇതുവരെ.. മോൾ ഒന്ന് പോയി നോക്ട്ടോ.." "മ്മ്മ്മ്"...ചെറുചിരിയോടെ മിത്ര ചായ ഗ്ലാസും ആയി മുകളിലേക്ക് നടന്നു.. 💖___💖 "അർണ.. അർണവേട്ടാ.." ആദ്യം പേര് വിളിക്കാൻ പോയിട്ട് മടി തോന്നി അവൾ അവനെ വിളിച്ചു..

ഉറക്കം കണ്ണിൽ നിന്ന് വിട്ട് മാറാത്ത പോലെ ഒന്നൂടി ഞെരുങ്ങി അവൻ കിടപ്പ് തുടർന്നു..പുഞ്ചിരി അപ്പോഴും അവന്റെ ചുണ്ടുകളെ മോചിപ്പിച്ചിരുന്നില്ല..തട്ടി വിളിക്കാൻ ആഞ്ഞാ കയ്യ് പിൻവലിച്ചെങ്കിലും വീണ്ടും അവൾ അവനെ ഒന്ന് തട്ടി.. "അർണവേട്ടാ.." മ്മ്മ്മ്... മുന്നിൽ നിക്കുന്ന മിത്രയേ കാണെ അവനൊന്ന് പുഞ്ചിരിച്ചു.. ചായ കപ്പിലേക്ക് അവന്റെ കയ്യ് നീണ്ടതും മിത്ര നെറ്റി ചുളിച് കയ്യ് പിന്നിലേക്ക് മാറ്റി.. "പല്ല് തേക്കാതെയോ..??" മുഖം ചുളിച്ചു മിത്ര ചോദിച്ചതും അർണവ് കണ്ണിറുക്കി.. അവളെ നോക്കി തന്നെ വാഷ്റൂമിലേക്ക് കേറി.. അർണവ് പോയതും ചായ ടേബിളിൽ വച് അവൻ കിടന്ന സോഫ റെഡി ആക്കി കർട്ടൻ മാറ്റി.. പഴയതൊക്കെ മറക്കാൻ ബോധപൂർവം അവൾ തയ്യാറെടുത്തു കൊണ്ടേ ഇരുന്നു മനസ്സിൽ..!! "എത്ര ദിവസം ലീവ് ഉണ്ട്..??" ചായ കുടിക്കുന്നവനെ നോക്കി മിത്ര തന്നെ സംസാരത്തിന് തുടക്കം കുറിച്ച്.. ഉള്ളിൽ വല്ലാത്തൊരു ചമ്മലും മടിയും ഒക്കെ തോന്നിയിരുന്നു അവൾക്.. "ഒ..രാഴ്ച..!! എ.. എ..ന്താ.. ഞാൻ ഇ.. ഇവിടെ.. ഇവിടുള്ളത് ഇ..ഷ്ടല്ലേ.." "അങ്ങനെ ഞാൻ പറഞ്ഞോ..??

ഞാൻ ചുമ്മാ ഒരു സംസാരം തുടങ്ങാൻ വേണ്ടി ചോദിച്ചതാ.. അല്ലാതെ അർണവേട്ടൻ സംസാരിക്കുന്നില്ലല്ലോ.." ആദ്യം പുരികം പൊക്കി ചോദിച്ചും പിന്നെ ചുണ്ട് ഒരുവശം കൊട്ടിയും മിത്ര പറഞ്ഞതും അർണവ് ചിരിച്ചു.. വല്ലാത്തൊരു സന്തോഷം..!! അവന്റെ നോട്ടം തന്നിൽ നിന്ന് മാറുന്നില്ലന്ന് കണ്ടതും മിത്ര ചെറുതായി ഒന്ന് പതറി കണ്ണ് വെട്ടിച്ചു.. "ഞാൻ.. ഞാൻ താഴെ പോവാ.." അവൻ കുടിച് വച്ച ഗ്ലാസ്‌ എടുക്കാൻ പോയവളെ കയ്യിൽ പിടിച്ചു അവൻ വേണ്ടന്ന് തല അനക്കി.. ശേഷം കപ്പുമായി അർണവ് പുറത്തേക്ക് നടന്നു.. പിന്നാലെ മിത്രയും.. ഇരുവരിലും ചെറു മന്ദഹാസം സ്ഥാനം പിടിച്ചിരുന്നു..!! 💖___💖 "ക..ണ്ണൻ എ.. എ.. എവിടെ.." ടേബിളിൽ ഇരിക്കുന്ന ശ്രീധരനോടും അയാൾക്ക് ഭക്ഷണം വിളമ്പുന്ന ജാനകിയോടും അർണവ് ചോദിക്കുന്നത് കേട്ടതും മിത്ര പത്രത്തിൽ നിന്ന് തല ഉയർത്തി.. "കണ്ണാ..." "മമ്മ എനിക്ക് ഫുഡ് വേണ്ട.. വിശപ്പില്ല.." "വിശപ്പില്ലാണ്ടിരിക്കാൻ അവനെന്താ കഴിച്ചേ..?? സാധാരണ ഫുഡ് ആയില്ലെന്ന് പറഞ്ഞു അടി ഉണ്ടാക്കുന്ന ചെക്കനാ.. ഇന്നിപ്പോ ഇവന് എന്താ.." ഓരോന്ന് പറഞ്ഞു മുകളിലേക്ക് പോകുന്ന ജാനകിയെ തടഞ്ഞു അർണവ് ആരവിന്റെ അടുത്തേക്ക് പോയി.. പോകുന്നതിന് മുന്നേ മിത്രയേ നോക്കി കണ്ണ് ചിമ്മനും അവൻ മറന്നില്ല.

. മിത്രക്ക് എന്തോ മനസ്സിൽ വല്ലാത്ത അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു.. താൻ കരണമാണ് ആരാവ് ഇങ്ങനെയെന്ന് അവളുടെ മനസ്സ് കുറ്റപ്പെടുത്താൻ പോലെ തോന്നി.. കുറച്ചു കഴിഞ്ഞതും അർണവ് താഴേക്ക് വന്നു പിന്നിലായി ആരാവും.. അബദ്ധത്തിൽ പോലും മിത്രയേ അവൻ നോക്കിയിരുന്നില്ല.. "മിത്ര മോളെ.. കണ്ണന് ആ കറി ഒന്ന് ഒഴിച് കൊടുത്തേക്ക്.." റൗണ്ട് ടേബിളിൽ ശ്രീധരന് ഓപ്പോസിറ്റ് ആയിട്ടായിരുന്നു ആരവ് ഇരുന്നത്.. ശ്രീധരൻ അടുത്ത് ജാനകിയും ഇടത് വശത്തു അർണവും അവന്റെ അടുത്ത് മിത്രയും.. ശ്രീധരന്റെ സംസാരം കേൾക്കെ ആരവ് വല്ലാത്തൊരു ഭാവത്തോടെ അയാളെ നോക്കി.. "ഞാൻ കൊടുക്കാം.." "നീ ഇരുന്ന് കഴിക്കെടി.. മോൾക്ക് അല്ലെ എളുപ്പം.. അതൊന്ന് എടുത്ത് കൊടുക്ക് മോളെ.." ജാനകി എഴുനേൽക്കാൻ പോയിട്ടും അതിന് സമ്മതിക്കാതെ ശ്രീധരൻ പറഞ്ഞതും മിത്ര എല്ലാർക്കും ഒന്ന് ചിരിച്ചെന്ന് വരുത്തി ആരവിനുള്ളത് പ്ലേറ്റിൽ പകർന്നു.. ശ്രീധരനെ നോക്കി ഇരിക്കുന്ന ആരവിന് അയാളൊന്ന് കണ്ണ് ചിമ്മി.. "മ..തി ഏട്ടത്തി.." ആരവ് എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

അവളുടെ കണ്ണ് അർണവിന്റെ നേർക്ക് പോയി.. തന്നെ ഒരു ചിരിയോടെ നോക്കിയിരിക്കുന്ന അവനെ കാണെ അവൾക്കൊരു കുളിരു അനുഭവപ്പെട്ടു.. ഒപ്പം ആരവിന്റെ വിളി അവൾക് ഇഷ്ടം ആയതുപോലെ അവന് നേരെ മനസറിഞ്ഞു പുഞ്ചിരിച്ചു.. ശ്രീധരന്റെ ചുണ്ടിലും ചിരി നിറഞ്ഞിരുന്നു.. തിരികെ വന്നിരിക്കുന്ന മിത്രയുടെ ഉള്ളം കയ്യിൽ അർണവ് അവന്റെ കയ്യ് ചേർത്തു വച്ചു..മുറുക്കി പിടിച്ചു..പെട്ടന്ന് ആയതിനാൽ അവളുടെ ഉള്ളിലൂടെ എന്തോ ഒന്ന് കടന്നു പോയി.. ഒപ്പം കവിളുകൾ എന്തിനോ വേണ്ടി ചുമന്നു..!! .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story