മംഗല്യ താലി: ഭാഗം 45
Dec 2, 2024, 08:32 IST

രചന: കാശിനാഥൻ
പത്തുമണിയോടുകൂടി ഹരി ഓഫീസിലേക്ക് പോകുവാനായി റെഡിയായി വന്നു. ഭദ്രയ്ക്ക് ഒറ്റയ്ക്ക് ഇരിക്കുവാൻ ശരിക്കും നല്ല പേടിയുണ്ടായിരുന്നു.പക്ഷേ വേറെ നിർവാഹം ഒന്നുമില്ല.. രണ്ടുമൂന്നു ദിവസത്തെ കാര്യം കൂടി ഉള്ളൂ അതിനുശേഷം കോളേജിലേക്ക് പോകാം എന്ന് അവൾ ഓർത്തു. ഭദ്രാ.... ഹരി വിളിച്ചതും അവൾ ഒന്നു ഞെട്ടി നോക്കി. തനിക്ക് പേടിയാണെങ്കിൽ,വേഗം റെഡിയായിക്കോളൂ ഞാന് പോളേട്ടന്റെ വീട്ടിലാക്കാം.. വേണ്ട ഹരിയേട്ടാ കുഴപ്പമില്ല... ഹരിയേട്ടൻ പോയിട്ട് ഉച്ചയാകുമ്പോൾ തിരിച്ചുവരുകില്ലേ.. ഹമ്.... ഓഫീസിലെ കാര്യമായതുകൊണ്ട് കൃത്യമായിട്ട് ഒന്നും പറയാനാവില്ല. ചിലപ്പോൾ ഇറങ്ങാൻ നേരത്ത് ആയിരിക്കും ഏതെങ്കിലും ഒക്കെ ക്ലൈയന്റ് എത്തുന്നത്. പിന്നെ അവരോട് സംസാരിച്ചു ഇരിയ്ക്കും.. നേരം പോകുന്നതു പോലും അറിയില്ല.. ഹരിയേട്ടൻ മാക്സിമം നോക്കിയാൽ മതി, എന്തൊക്കെയായാലും എല്ലാദിവസവും പോളേട്ടന്റെ വീട്ടിൽ പോകാൻ പറ്റില്ലല്ലോ. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മുന്നോട്ട് ജീവിക്കാം. അല്ലാണ്ട് വേറെ വഴിയൊന്നുമില്ല. ഇന്നെന്തായാലും താൻ ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ടടോ. ഈ ഏരിയയിൽ ആരെയും തനിക്കത്ര പരിചയവും ഇല്ലല്ലോ.. ഒക്കെ ശരിയാണ്,,, എന്നാലും എനിക്കെന്തോ ഒരു മടി പോലെ.. അതൊന്നും സാരമാക്കേണ്ട,,, അവിടെയാകുമ്പോൾ എനിക്ക് സമാധാനത്തോടെ ഓഫീസിൽ ഇരിക്കാം, വേറെ ആരും ഇല്ലെടോ, ബീനചേച്ചിയും പിന്നെ ഏട്ടന്റെ പ്രായമായ ഒരു അമ്മയും മാത്രം ഒള്ളു. അങ്ങനെ ഹരിയേറെ നിർബന്ധിച്ചാണ് ഭദ്രയും അവനോടൊപ്പം ഇറങ്ങിയത്. ഇന്നലെവരെ ഓരോരോ ബ്രാൻഡഡ് കാറുകളിലായി ഓഫീസിലേക്ക് പോയിക്കൊണ്ടിരുന്ന ഹരി ഇന്ന് ഒരു ഓട്ടോറിക്ഷയിലാണ് ടൗണിലേക്ക് പുറപ്പെട്ടത്. എന്തോ.... അവളെ തനിച്ചാക്കിയിട്ട് പോകുവാൻ ഹരിക്കാൻ വല്ലാത്ത പേടിയായിരുന്നു... ഒരുപാട് ദൂരമുണ്ടോ ഹരിയേട്ടാ.. ഹേയ് ഇല്ലന്നേ.. ഒരു പത്തു മിനിറ്റ് കൂടി. മീരടീച്ചറുടെ അടുത്ത് ആയിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു.എന്ത് കഷ്ടമാണ്. അവൾ സ്വയം പറഞ്ഞു. മീരടീച്ചറുടെ അടുത്ത് നിൽക്കുന്നതാണ് ഇനി ഏറ്റവും വലിയ കുഴപ്പം.അതിനെക്കുറിച്ച് തനിക്ക് മനസ്സിലാകാഞ്ഞിട്ടാടോ.എന്റമ്മയെ എനിക്കല്ലേ അറിയൂ..... കൊന്നുകളഞ്ഞാൽ കളയട്ടെ ഹരിയേട്ടാ,,,, ഈ ലോകത്ത് നിന്ന് പോയി കിട്ടിയാൽ അത്രയും സമാധാനം... വളർത്താൻ പറ്റില്ലായിരുന്നുവെങ്കിൽ, എന്റെ മാതാപിതാക്കൾക്ക്, ഇത് അന്നേ ചെയ്തു കൂടായിരുന്നോഎന്ന് ഞാൻ ഒരുപാട് ഓർത്തിട്ടുണ്ട്. എന്തിനാ ഈ ഭൂമിയിൽ എല്ലാവർക്കും ഭാരമായിട്ട് ഇങ്ങനെ ജീവിക്കുന്നത്... അവളത് പറഞ്ഞപ്പോൾ ഹരി അവളുടെ ഇടതു കാതിൽ പിടിച്ചു നന്നായിയൊന്നു കിഴുക്കി വിട്ടു. നിന്നെ...നിന്നെയെനിയ്ക്ക് വേണം പെണ്ണേ ..എന്റെ ജീവന്റെ ജീവനല്ലേ നീയ് . ഈ ഹരിനാരായണനു വേണ്ടിയല്ലേ നീ ജനിച്ചത് പോലും ഇനിയുള്ള കാലം മുഴുവൻ ഈ ഹരിയോടൊപ്പം നീ ഉണ്ടാകണം.എന്റെ പാതിയായിട്ടു. ബാക്കിയൊക്കെ ഞാൻ വീട്ടിൽ വന്നിട്ട് പറയാം കേട്ടോ. അവളുടെ കാതോരം മെല്ലെയവൻ പറഞ്ഞു.എന്നിട്ട് ഭദ്രയുടെ തോളിലൂടെ കൈയിട്ട് അവനോട് ചേർത്തു പിടിച്ചു. കണ്ണുകൾ നിറഞ്ഞു വരുകയാണവൾക്ക്. കരയരുത് കേട്ടോ.. അതെനിക്ക് സങ്കടമാകും. വീണ്ടും അവന്റെ ശബ്ദം. പോളേട്ടന്റെ വീട്ടിലെത്തിച്ചേർന്നപ്പോൾ ബീന ചേച്ചി വാതിൽക്കൽ തന്നെ ഇറങ്ങി നിൽപ്പുണ്ട്. ഓടിട്ട ഒരു കൊച്ചു വീട്. മുറ്റത്ത് നിറയെ പല തരത്തിലുള്ള റോസാചെടികൾ, ഒപ്പം ബോൾസും...നാലുമണിപൂക്കളും. ഒരുപാട് പ്രായമായ ഒരു അമ്മച്ചി ഉമ്മറത്തു ഒരു കസേരയിൽ ഇരിപ്പുണ്ട്. അരഭിത്തിയിൽ കൈകൾ ഊന്നി അവർ പതിയെ എഴുന്നേറ്റു. ആരാ ബീനേ വന്നത്.. അവർ ഉറക്കെ ചോദിച്ചു. മംഗലത്തെ ഹരിക്കുട്ടനും പെൺകൊച്ചുവാ അമ്മച്ചി. ബീന വിളിച്ചു പറഞ്ഞു. ഓട്ടോക്കാരൻ വണ്ടി തിരിച്ചിട്ട നേരം കൊണ്ട് ഹരി, ഭദ്രയെയും കൂട്ടി വീട്ടിലേക്ക് കയറി. പോളേട്ടൻ ഇവിടെ ഇല്ലെ ചേച്ചി.. ഇല്ല മോനേ... ഓഫീസിലേക്ക് എന്തോ ആവശ്യത്തിന് ചെല്ലണമെന്ന് മോൻ പറഞ്ഞില്ലാരുന്നോ. ഓഹ് ശരിയാ.. ഞാൻ അത് മറന്നു പോയ്. ഹരി,യും ഭദ്രയും അമ്മച്ചിയുടെ അടുത്ത് വന്നു നിന്നു. ആഹാ ഹരിക്കുട്ടൻ ആയിരുന്നോ... അവർ സ്നേഹത്തോടെ അവന്റെ കൈയിൽ പിടിച്ചു അമ്മച്ചി... സുഖമാണോ. ഓഹ്.. വയ്യാണ്ടായി കുഞ്ഞേ. ഇനി കർത്താവ് വിളിക്കുമ്പോൾ അങ്ങ് പോണം, അതേ ഒള്ളു. പല്ലില്ലാത്ത മോണകാട്ടി അമ്മച്ചി ചിരിച്ചു. മോനേ.. കാപ്പി എടുക്കട്ടെ.. വേണ്ട ചേച്ചി... എനിക്ക് ഉടനെപോണം.. ഭദ്രയെ ഒറ്റയ്ക്ക് ആക്കിയിട്ട്പോരാൻ എനിക്ക് ഒരു മടി. അതുകൊണ്ട് ഇവിടേക്ക് കൊണ്ട് വന്നത്. അതിനെന്താ മോനേ.. ഒരു കുഴപ്പവുമില്ല... മോളിവിടെ നിന്നോളും..ഈ കാര്യം ഇന്നലെ പോളേട്ടൻ എന്നോട് പറഞ്ഞതുമാ.. പിന്നെ നിങ്ങൾക്ക് ബുദ്ധിമുട്ട്ആവുമല്ലോ എന്ന് കരുതിയാ ഞാൻ ചോദിക്കാഞ്ഞത് ബീന പുഞ്ചിരിയോട് പറഞ്ഞു. ഞാൻ വേഗം വരാം ചേച്ചി.. ഇന്നൊരുപാട് തിരക്കൊന്നും കാണില്ല. അനിയേട്ടനിന്നു ഐശ്വര്യയുടെ വീട്ടിൽ പോണം. അതുകൊണ്ടാ.അല്ലായിരുന്നുങ്കിൽ സാരമില്ല. മോൻ ധൈര്യമായിട്ട് ഓഫീസിൽ പൊയ്ക്കോ.. ഭദ്രമോളിവിടെ നിന്നോളും. ഓട്ടോ വെയിറ്റ് ചെയ്യുവാ . ഭദ്ര..എന്നാൽ പിന്നെ ഞാൻ പോയിട്ട് വരാം കേട്ടോ. താൻ വിഷമിക്കണ്ട.. ചേച്ചിയുണ്ടല്ലോ ഇവിടെ. അവൻ പറഞ്ഞപ്പോൾ ഭദ്രയൊന്നു തലയാട്ടി. അവളുടെ കവിളിൽ ഒന്നുതട്ടിയ ശേഷം ഹരി വേഗം മുറ്റത്തേക്ക് ഇറങ്ങി. ഹരി പോയതും ഭദ്രയ്ക്ക് ആണെങ്കിൽ വല്ലാത്ത സങ്കടമായിരുന്നു. നെഞ്ചിലൊരു ഭാരം തിങ്ങി നിൽക്കും പോലെ അവൾക്ക് തോന്നി ഒന്നു പൊട്ടികരയാൻ അവളുടെ ഉള്ളം തുടികൊട്ടി...കാത്തിരിക്കൂ.........