മണിവാക: ഭാഗം 1

manivaka

രചന: SHAMSEENA FIROZ

"ഇയാൾക്ക് എന്താ പറഞ്ഞാൽ മനസ്സിലാകില്ലന്നുണ്ടോ..? എത്രവട്ടം പറഞ്ഞു ഞാൻ ചഞ്ചലയല്ല,, ചന്ദനയാണെന്ന്..രാവിലേ തുടങ്ങിയതാണല്ലോ താൻ..ഇതിപ്പോ മൂന്നാമത്തെ തവണയാ...ചഞ്ചല അപ്പുറത്തെങ്ങാനും കാണും..ഇനി ഒന്നൂടെ ആള് മാറി താൻ എന്നെ പിടിച്ചു നിർത്തുകയും പ്രേമമാണ് മണ്ണാങ്കട്ടയാണുന്നുമൊക്കെ പറയേം ചെയ്താൽ ഉണ്ടല്ലോ.. ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം..ആദ്യം പോയി പ്രേമിക്കുന്ന പെണ്ണിനെ തിരിച്ചറിയാൻ പടിക്കടാ.. മനുഷ്യനെ മെനക്കെടുത്താനായി ഇറങ്ങിക്കോളും.. " അവൾ നീരസത്തോടെ അവനെ മറി കടന്നു പോയി..അവൻ ചുറ്റും നോക്കി..കുറച്ചു പേര് അവനെ ഉഴിഞ്ഞു നോക്കുക്കുകയും മറ്റു ചിലരു "പരിപാടി നടക്കുന്ന എല്ലാ വീട്ടിലും കാണും ഇതുപോലെത്തെ ഓരോ വായി നോക്കികൾ" എന്ന് പിറു പിറുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. അതൂടെ ആയതും ബാക്കി ഉണ്ടായിരുന്ന അല്പ നാണവും പോയി കിട്ടിയെന്ന് മനസ്സിലായി.. എല്ലാരേയും നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചിട്ട് വേഗം അവിടെന്ന് വലിഞ്ഞു.. **

"എടാ..മാറിയെടാ..ഇന്നും മാറി.. നാണം കെട്ടു മരിച്ചു ഞാൻ.. ഇതിനെക്കാളും ഭേദം എന്നെ അങ്ങോട്ട്‌ വിളിക്കുന്നതായിരുന്നു ദൈവമേ.." ശരൺ ഓടി വന്നു സണ്ണിയുടെ ചുമലിൽ മുഖം ഒളിപ്പിച്ചു... "ഓ..വീണ്ടും മാറിയോ..നശിപ്പിച്ചു നീ..ഇനിയില്ല ഞാൻ ഈ പണിക്ക്.. വസു അപ്പോഴേ വിലക്കിയതാ.. ബാക്കിയുള്ള നാണവും കൂടെ നീ കളഞ്ഞു കുളിക്കുമെന്നു അവൻ പറഞ്ഞതാ..എന്നിട്ടും നിന്റെ കെഞ്ചൽ കണ്ടിട്ടാ കൂടെ വന്നത്..നീ ബാക്കിയുള്ളവർക്കു കൂടെ ചീത്ത പേരുണ്ടാക്കും ശരൺ..ഇതൊക്കെ കൊണ്ടാ അവൻ നമ്മുടെ ഒന്നിച്ചു നടക്കാത്തത്..അവനു അറിയാം നിന്റെയൊക്കെ കൂടെ നടന്നാൽ നാണം മാത്രമല്ല,, മാനം വരെ പോകുമെന്ന്.. " "നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ മനഃപൂർവം ആണെന്ന്..എടാ...അവളുമ്മാരു കാണാൻ ഒരുപോലെ ആയതിനു ഞാൻ എന്ത് ചെയ്യാനാ.. ഞാനാണോ രണ്ടിനെയും പെറ്റിട്ടത്.. " ശരൺ തന്റെ ചമ്മൽ ഒരുവിധം മറച്ചു പിടിച്ചു സണ്ണിയെ നോക്കി കണ്ണുരുട്ടി.. "ആഹാ..അതായിരുന്നേൽ നിനക്കിപ്പോ രണ്ടിന്റെയും അമ്മച്ചിയായി നടക്കാമായിരുന്നു.. അല്ലാതിങ്ങനെ അവളുമാരുടെ പുറകെ വായി നോക്കി നടക്കേണ്ട ആവശ്യം വരില്ലായിരുന്നു.. "

"ദേ..ഞാൻ ആകെ ഇളകി നിക്കുവാ.. വീണ്ടും ചൊറിയല്ലേ.. ഇനിയിപ്പോ അവളുടെ മുന്നിലേക്ക് പോകാൻ പറ്റില്ല..അവളുടെ ഡ്യൂപ് ഇതിനോടകം തന്നെ അവളോട്‌ എല്ലാം പറഞ്ഞു കാണും.. വസുവിന്റെ അടുത്ത് പോയിരിക്കാം..അവൻ ആകുമ്പോൾ ജന്റ്സ്ന്റെ ഭാഗത്തു നിന്നു അനങ്ങില്ലല്ലോ.. അതുകൊണ്ട് ഒരുത്തിയുടെയും മുഖം കാണേണ്ടി വരില്ല.. " ശരൺ നെടുവീർപ്പിട്ടു..അതുകേട്ടു സണ്ണി ചിരി അടക്കി.. "എന്താടാ നിനക്കിന്നിത്ര ചിരി.. നീ വന്നെ.. അവന്റെ അടുത്തോട്ടു പോകാം.. ഇല്ലേൽ അവന്റെ കയ്യിലുള്ളതു കൂടെ വാങ്ങിക്കേണ്ടി വരും.. " "അവള് ഇവിടെ ഉണ്ടെന്നും നിനക്ക് അവളെ കാണണമെന്നും പറഞ്ഞിട്ടല്ലേടാ നീ എന്നെ വീടിന്റെ അകത്തോട്ടു വലിച്ചു കൊണ്ടു വന്നത്..എന്നിട്ടിപ്പോ എനിക്കായോ കുറ്റം.. " സണ്ണി ശരണിനെ നോക്കി പല്ല് കടിച്ചു.. ശരൺ ഒന്നു ഇളിച്ചു കാണിച്ചു വേഗം സണ്ണിയെയും കൂട്ടി വസുവിനെ നോക്കി പുറത്തേക്കു നടന്നു.. *-*-** "നിനക്കൊന്നും വേറെ പണിയില്ലേ.. ഒരു പെണ്ണിനെ കണ്ടപ്പോഴേക്കും അവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയേക്കുന്നു.. ഇതിപ്പോ ഇന്നുതന്നെ മൂന്നാമത്തെ തവണയാ നീ ആള് മാറി മറ്റവൾടെ വായിന്നു വയറു നിറച്ചു വാങ്ങിച്ചോണ്ട് വരുന്നത്..

പ്രേമിക്കുന്ന പെണ്ണിനെ പോലും തിരിച്ചറിയാൻ പറ്റാത്ത പോത്ത്..ഇനിയി പേര് ഇവിടെ മിണ്ടി പോകരുത്..മേലാൽ ഈ പണിക്കു ഇറങ്ങിയേക്കരുതെന്ന്.. ഫങ്ക്ഷൻ കഴിഞ്ഞെങ്കിൽ വാ പോകാം..എനിക്ക് ആകെ പാടെ ദേഷ്യം വരുന്നുണ്ട്.. " കാര്യം കേട്ടതും വസു തുടങ്ങി ശരണിനെ കണ്ടമാനം തെറി പറയാൻ..ശരൺ ആണേൽ വേറെ വഴിയില്ലന്ന കണക്കെ നെറ്റിയും ചൊറിഞ്ഞു കൊണ്ടു അതൊക്കെ രണ്ട് കാതും നീട്ടി സ്വീകരിച്ചു.. "പറഞ്ഞത് കേട്ടില്ലേ..വാ..പോകാം.. ഞാൻ അത്രക്കും മടുത്തു.. നിനക്ക് അറിയാമല്ലോ എനിക്ക് ഇതുപോലുള്ള ഫങ്ക്ഷനിലൊന്നും താല്പര്യം ഇല്ലെന്നും ഇതിനൊന്നും വേണ്ടി ഞാൻ സമയം കളയാറില്ലന്നും..നിന്റെ ഒറ്റ ഒരാളുടെ നിർബന്ധം കൊണ്ടാ സണ്ണി..It's too....." അവൻ ബാക്കി പറഞ്ഞില്ല.. പക്ഷെ അവന്റെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു ഇനിയൊരു മിനിറ്റ് പോലും അവിടെ നിൽക്കാൻ അവൻ താല്പര്യപെടുന്നില്ലന്ന്.. "വസു..നീയിങ്ങനെ ദേഷ്യപ്പെടല്ലേ.. നിനക്ക് അറിയുന്നതല്ലേ ഞാനും ജിത്തുവും തമ്മിലുള്ള ഫ്രണ്ട് ഷിപ്.. അവന്റെ ഒരു കാര്യവും എനിക്ക് അവോയ്ഡ് ചെയ്യാൻ പറ്റുന്നതല്ല.. ഇതിപ്പോ അവന്റെ പെങ്ങളുടെ വിവാഹ നിശ്ചയമാണ്..

അതുകൊണ്ട് തീരെ ഒഴിവാക്കാൻ കഴിയില്ല..നിന്നെയും ഇവനെയും അവൻ പ്രത്യേകം ക്ഷണിച്ചതല്ലേ.. നിങ്ങളെ രണ്ടു പേരെയും ഭയങ്കര കാര്യമാ അവന്.. വന്നില്ലായിരുന്നെങ്കിൽ അവനു വിഷമം ആയേനെ..ഏതായാലും വന്നില്ലേ..ഇനിയിപ്പോ പരിപാടി കഴിഞ്ഞിട്ട് തന്നെ പോകാം.. പകുതിന്ന് പോയാൽ ജിത്തുനോട് എന്താ പറയുക..ഒരു രണ്ട് മണിക്കൂറു കൂടെ..ചെറുക്കൻ കൂട്ടരു ഇപ്പോൾ വരും.. പ്ലീസ് ടാ.. " സണ്ണി ദയനീയമായി പറഞ്ഞു.. "മ്മ്..ശെരി..നീ പറഞ്ഞത് കൊണ്ട്..നീ പറഞ്ഞത് കൊണ്ടു മാത്രം സമ്മതിക്കുന്നു..ദേ ഇവനോട് പറഞ്ഞേര് ഇനി ഇവിടുന്നു അനങ്ങാൻ പാടില്ലന്ന്.. എങ്ങാനും ആ പെണ്ണിനേയും തപ്പി നടക്കുന്നത് കണ്ടാൽ അപ്പോ ഇറങ്ങും ഞാൻ.. " വസു ശരണിനെ ഒന്നു കടുപ്പിച്ചു നോക്കി പോകാൻ തുടങ്ങി.. "പോകില്ലന്ന് പറഞ്ഞിട്ട് നീ ഇതെങ്ങോട്ട്‌ പോകുവാ..? " "ഓ..പോകുന്നൊന്നുമില്ല സണ്ണി.. ഏതായാലും പരിപാടി കഴിയുന്നത് വരെ നിന്നോളാമെന്നു സമ്മതിച്ചു പോയില്ലേ..ഞാനൊരു കാൾ ചെയ്തിട്ട് വരാം..ഇവിടെ എന്തൊരു നോയിസാണ്.. " പോക്കറ്റിൽ നിന്നും ഫോൺ എടുത്തു വസു കുറച്ചു ദൂരെക്ക് മാറി നിന്നു. "അവൻ പറഞ്ഞത് കേട്ടല്ലോ അല്ലെ..?"

സണ്ണി ശരണിനെ പിടിച്ചു അവിടൊരു ചെയറിൽ ഇരുത്തി തൊട്ടടുത്തായി അവനും ഇരുന്നു.. "കേട്ടു..ടാ സണ്ണി..എന്നാലും.." "ഒരു എന്നാലുമില്ല..മിണ്ടാതെ ഇരുന്നോണം അവിടെ.." "അതല്ലടാ..അവളുടെ സിസ്റ്റർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.. ആ ചന്ദനയ്ക്ക് എന്തൊരു അഹങ്കാരമാണ്..ഒന്ന് ആള് മാറി പോയതിനാ അവളെന്നോട് അങ്ങനൊക്കെ..ഒന്നുല്ലേലും എന്റെ ഭാഗത്തുന്നൊന്നു ചിന്തിക്കാമായിരുന്നില്ലേ അവൾക്ക്...ഏതായാലും ഇവളെ പോലെ അല്ല ചഞ്ചല..അവൾ നല്ലകുട്ടിയാണെന്നാ തോന്നുന്നത്.. " "ഓ..പ്രേമിക്കുന്ന പെണ്ണിനെ പൊക്കി പറയാൻ കിട്ടുന്ന ഒരവസരവും വിട്ടു കളയരുത്..എടാ ആദ്യം അവള് നിന്റെ പെണ്ണ് ആകട്ടെ..എന്നിട്ടു മതി പൊക്കലും താഴ്ത്തലും.." "എടാ..അതിനു ആ പെണ്ണിനെ ഒന്ന് കണ്ടു കിട്ടണ്ടേ..എങ്ങോട്ട് തിരിഞ്ഞാലും ചന്ദന..ഇതിപ്പോ എനിക്ക് തന്നെ കൺഫ്യൂഷൻ ആകുന്ന ലക്ഷണമുണ്ട്..." "മതിയെടാ..ഇവിടെ വന്നപ്പോ തൊട്ടു നീയിതു തന്നെയല്ലേ പറയുന്നത്..കേട്ടു കേട്ടു ഞാനൊരുവിധമായിപ്പോയി..ഇനി മിണ്ടി പോകരുത്..വസു പറഞ്ഞത് മറക്കണ്ട..." ഇനി വസുവിന്റെ ബാക്കി സണ്ണി തുടങ്ങണ്ടന്ന് കരുതി ശരൺ പിന്നെ ഒന്നും മിണ്ടിയില്ല..പക്ഷെ അവന്റെ കണ്ണുകൾ അവിടെമാകെ തന്റെ പ്രണയത്തെ തിരയുന്നുണ്ടായിരുന്നു.. *** "ദൈവമേ..വയ്യായേ..ഇനി എനിക്ക് ചിരിക്കാൻ വയ്യായേ..എന്നെ ഇനി അങ്ങോട്ടേക്ക് എടുത്താലും വേണ്ടില്ല.. "

ചഞ്ചല ചിരിച്ചു ചിരിച്ചു അവശയായിരുന്നു..കണ്ണിൽ നിന്നും വെള്ളം വന്നിട്ടുണ്ട്..കവിളുകൾ ചുമന്നിട്ടുണ്ട്.അടുത്തു കണ്ടൊരു കസേരയിലേക്ക് ഇരുന്നു കൊണ്ടവൾ വയർ അമർത്തി പിടിച്ചു.. "ചിഞ്ചു..നിനക്ക് കുറച്ച് കൂടുന്നുണ്ട്.. ചന്ദു അറിഞ്ഞാൽ ഉണ്ടല്ലോ..? " കൂട്ടുകാരിയായ ശ്രുതി പറഞ്ഞു.. "അറിഞ്ഞാൽ എന്താ..? അവൾ അറിഞ്ഞാൽ ഒരു ചുക്കുമില്ല.. കൂടി പോയാൽ ഒന്നു ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കുമായിരിക്കും.. ഞാൻ ഈ ജന്മത്തിൽ നന്നാവില്ലന്ന് അറിയുമ്പോൾ ആ ഉപദേശവും അവള് താനേ നിർത്തിക്കോളും.. " "നിനക്ക് എല്ലാം തമാശ..എന്നാലും ഇത് കുറച്ച് കൂടി പോയെന്നേ ഞാൻ പറയുള്ളു..ആ പയ്യനെ നിനക്ക് ഇഷ്ടമല്ലങ്കിൽ ഇഷ്ടമല്ലന്ന് തുറന്നു പറഞ്ഞു അവനെ നിന്റെ പിന്നാലെ വരുന്നതിൽ നിന്നും ഒഴിവാക്കേണ്ടതല്ലേ.. അല്ലാതെ പ്രണയം പറഞ്ഞു വരുമ്പോൾ ഒക്കെ നീ ചഞ്ചലയല്ല,,

ചന്ദനയാണെന്ന് പറഞ്ഞു കളിപ്പിച്ചു വിടുകയല്ല വേണ്ടത്..ഇത് ഇന്ന് തന്നെ എത്ര വട്ടമാ നീ അവനെ കളി കളിപ്പിച്ചത്.. എത്ര പേര് അതൊക്കെ കണ്ടെന്നു അറിയാമോ നിനക്ക്..അവനെ എല്ലാവരും വല്ലാത്തൊരു തരത്തിൽ നോക്കുന്നത് ഞാൻ കണ്ടതാ.. പാവം..എന്തുമാത്രം നാണക്കേട് ആയി കാണും..അവനൊരു പാവം ആയതു കൊണ്ടാ നീയിങ്ങനെ ഇട്ട് കുരങ്ങു കളിപ്പിക്കുന്നത്..നല്ല ഉശിരുള്ള വല്ലവനും ആവണമായിരുന്നു.. നീ വിവരം അറിഞ്ഞേനെ.. " "അതിന് നീയെന്തിനാ ഇങ്ങനെ ടെറർ ആകുന്നത്..നിന്റെ ഈ ചൂട് കണ്ടാൽ തോന്നുമല്ലോ ഞാൻ കളിപ്പിച്ചു വിട്ടത് നിന്റെ ഏട്ടനെയാണെന്ന്.. എടീ..ഇതൊക്കെയൊരു തമാശയാണ്..ഒരു ടൈം പാസ്സ്... ഇതൊക്കെയാണ് ലൈഫിനെ ലൈഫ് ആക്കുന്നത്..അല്ലെങ്കിൽ എന്ത്..ഒരു രസവും ഇല്ലാതെ ലൈഫ് ഒരുമാതിരി ആകെ ശോക മൂകം.." ചഞ്ചല വളരെ നിസ്സാരമായി പറഞ്ഞു.. "മ്മ്..നീ ഇവിടെ നിന്റെ രസവും സാമ്പാറും നോക്കിക്കൊണ്ട് ഇരുന്നോ..ഒന്നും അറിയാത്ത ചന്ദുവിനെയാ നീ ഇതിനിടയിൽ പിടിച്ചു കയറ്റിയത്...നിന്റെ തലയിൽ വീഴണ്ട പ്രാക്ക് ഒക്കെ ആ പാവം പെണ്ണിന്റെ തലയിൽ ആയിരിക്കും ഇനി ചെന്ന് വീഴുക.."

"ഇതിലൊക്കെ അതിനും മാത്രം എന്തിരിക്കുന്നു ശ്രുതി മോളെ.. ഇവിടുന്നു റോഡിലേക്ക് ഇറങ്ങി വേറെ രണ്ട് കിളികളെ കാണുമ്പോൾ മറന്നോളും അവനെന്നെ.. അത്രേയുള്ളൂ ഈ ആണുങ്ങൾ.. " "എന്തോ..എനിക്ക് അങ്ങനെ തോന്നുന്നില്ല..ഇവനാ ടൈപ്പ് അല്ലെന്നാ എന്റെ മനസ്സ് പറയുന്നത്..ഏകദേശം ഒരു മാസമായിട്ട് ഇവൻ നിന്നെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.. നീ അതൊക്കെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം..പക്ഷെ നീ കാര്യമാക്കിയിട്ടില്ല...ഈ ഒരുമാസം പിറകെ നടന്നിട്ടും ഇന്നാദ്യമായിട്ടാ അവൻ നിന്റെ മുന്നിലേക്ക് വരുന്നതും അവന്റെ ഇഷ്ടം തുറന്നു പറയുന്നതും..അപ്പോൾത്തന്നെ വേണമായിരുന്നോടീ നിനക്കീ ചെയ്ത്ത്.. " "നിനക്ക് അവനെ നല്ലോണം ബോധിച്ച മട്ടാണല്ലോ.. അവനെ പറയുമ്പോൾ തേനും പാലും ഒഴുകുന്നു..എന്നാൽ നീയങ്ങു കെട്ടിക്കോ.. എനിക്കൊന്നും വേണ്ട അവനെ.. " "ഹൂ..നിന്നോട് ഒക്കെ പറയാൻ വന്ന എന്നെ വേണം പറയാൻ..വാ ഇങ്ങോട്ട്..ചന്ദു തിരക്കുന്നുണ്ടാകും അവിടെ.. " ശ്രുതി സ്വയം തലയ്ക്കു ഒരു കൊട്ടും നൽകി ചിഞ്ചുവിനെയും വലിച്ചു നടന്നു.. എന്നാൽ ഇവർക്ക് കുറച്ചു പിന്നിൽ എല്ലാം ശ്രവിച്ചു കൊണ്ടു വസുദേവ് നിൽപ്പ് ഉണ്ടായിരുന്നു..അവന്റെ മുഖം കോപത്താൽ വലിഞ്ഞു മുറുകി.. ** ജിത്തുവിന്റെ അനിയത്തി ജ്യോതിയുടെ ഉറ്റ കൂട്ടുകാരികളാണ് ചഞ്ചലയും ശ്രുതിയും ചന്ദനയും.. അതിൽ ജ്യോതിയെ അണിയിച്ചു ഒരുക്കുന്ന ജോലി കിട്ടിയിരിക്കുന്നതു ചന്ദനയ്ക്കാണ്.. മറ്റൊന്നും കൊണ്ടല്ല..

ജ്യോതിക്ക് ഒരു തരി എങ്കിലും ഇഷ്ട കൂടുതൽ ചന്ദനയോടാണ്..അവൾ ആവശ്യത്തിനു മാത്രമേ മേക്കപ്പ് യൂസ് ചെയ്യുകയുള്ളൂ.. ചിഞ്ചുവിനെ പോലെ എല്ലാം വലിച്ചു വാരി തേക്കില്ല.ആ പേടി കൂടെ ഉണ്ടായിരുന്നു ജ്യോതിക്ക്.. പക്ഷെ ജ്യോതിക്ക് ഇഷ്ടം ചന്ദു ഒരുക്കുന്നതാണെന്ന് നേരത്തെ അറിയാവുന്നത് കൊണ്ടു ചിഞ്ചു ആ ഭാഗത്തേക്കേ പ്രത്യേക്ഷപ്പെട്ടിട്ടില്ല.. "കഴിഞ്ഞില്ലേ ഇതുവരെ..? " "ആാാ ശ്രുതി..നീ വന്നോ..ചിഞ്ചു എവിടെ.. എവിടെയായിരുന്നു രണ്ടും.. " ശ്രുതിയെ കണ്ടതും ചന്ദു ചോദിച്ചു.. "അവള് താഴെ ജിത്തുവേട്ടന്റെ അടുത്തുണ്ട്..നിന്റെ പണി കഴിഞ്ഞാൽ നിന്നേം കൂട്ടി താഴേക്ക് ചെല്ലാൻ പറഞ്ഞു..നീ വേഗം വന്നേ ചന്ദു..അവള് എന്തൊക്കെയാ ഇവിടെ ചെയ്തു കൂട്ടുന്നതെന്നറിയാമോ നിനക്ക്.. " ശ്രുതി ചന്ദുവിന്റെ കയ്യിൽ പിടിച്ചു.. "എന്ത് ചെയ്തെന്നാ...ദേ ഈ മുല്ലപ്പൂ കൂടെ വെക്കാൻ ഉണ്ട്..ഒരു മിനിറ്റ്.. " പറഞ്ഞിട്ട് അവൾ ശ്രുതിയുടെ കൈ വിടുവിച്ചു ടേബിളിൽ ഇരിക്കുന്ന മുല്ല മാല എടുത്തു ജ്യോതിയുടെ തലയിൽ ഭംഗിയായി വെച്ചു കൊടുത്തു.. "എന്താടി..എന്താ കാര്യം..എന്നോടും കൂടെ പറയ്യ്.. " ജ്യോതി കണ്ണാടിക്ക് മുന്നിൽ നിന്നും തല ചെരിച്ചു ശ്രുതിയെ നോക്കി.. "അതൊക്കെ പിന്നെ സമയം പോലെ പറഞ്ഞു തരാം..ഇപ്പോ നീ നിന്റെ സാരി ഓക്കേയാണോന്ന് നോക്ക്..സാരി ഉടുത്തു നടക്കാൻ അറിയാത്തവളല്ലേ..

ഇനി നിന്റെ അഖിയേട്ടന്റെ മുന്നിലേക്ക് ഇറങ്ങി ചെല്ലുമ്പോഴേക്കും അഴിഞ്ഞു പോകണ്ട.. " എന്നും പറഞ്ഞു ജ്യോതിയുടെ മറുപടിക്ക് പോലും കാത്തു നിക്കാതെ ശ്രുതി ദൃതിപ്പെട്ടു ചന്ദുവിന്റെ കയ്യും പിടിച്ചു ഗോവണി ഇറങ്ങി..പെട്ടെന്നാണ് അവർക്ക് തടസ്സമായി മുന്നിലേക്ക് ഒരു ആൾ രൂപം വന്നു നിന്നത്.. "ആരാ..? " ചന്ദു മുഖമുയർത്തി സംശയത്തോടെ മുന്നിൽ നിൽക്കുന്ന വസുവിന്റെ മുഖത്തേക്ക് നോക്കി.. "ആരാ എന്താന്നൊക്കെ നിനക്ക് ഞാൻ നല്ലതു പോലെ പറഞ്ഞു തരുന്നുണ്ട്.. അതിന് മുന്നേ നീയിതു പിടിച്ചോ..? " കൈ നിവർത്തി ഒരടി അവളുടെ കവിളത്തേക്ക് കൊടുത്തു.. അവൾക്കു സംഭവിച്ചത് എന്തെന്ന് മനസ്സിലായില്ല.. അടിയുടെ വേദനയിൽ തലച്ചോർ പോലും മരവിച്ചതായി തോന്നി.. കവിളത്തും കൈ വെച്ചു നിറ കണ്ണുകളോടെ നിന്നു..ശ്രുതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.. പകപ്പോടെ വസുവിനെയും ചന്ദുവിനെയും നോക്കി.. "നീ എന്താടി കരുതിയത്.. എല്ലാവരും അവനെ പോലെ വിഡ്ഢികൾ ആണെന്നോ..?

ഒന്നല്ല..മൂന്നു വട്ടമാ നീ അവനെ കളിപ്പിച്ചു വിട്ടത്.. അതും ഒരേ ദിവസം തന്നെ.. ഈ അടി അവനാ നിനക്ക് തരേണ്ടത്.. അവൻ ഏതായാലും ഇതുപോലൊരു പുണ്യ കർമം ചെയ്യില്ല.. അത് കൊണ്ടാ ഞാൻ ചെയ്തത്.. മേലിൽ നീ ഇത് ആവർത്തിക്കരുത്.. അവനോടെന്നല്ല..ലോകത്ത് ഒരു പുരുഷനോടും.. " വസു നിന്നു ജ്വലിക്കുകയായിരുന്നു.. ശ്രുതിക്ക് കാര്യം കത്തി.. അവൾ എന്തോ പറയാൻ ഒരുങ്ങിയതും ചന്ദന പദം പറയാൻ തുടങ്ങി.. "ഞാൻ...എനിക്ക്..എനിക്കൊന്നും അറി.. " "ചീ..മിണ്ടരുത്..നിനക്ക് അവനെ ഇഷ്ടമല്ലങ്കിൽ ഇഷ്ടമല്ലന്ന് അവനോടു തുറന്നു പറയുകയാ ചെയ്യേണ്ടത്.. അല്ലാതെ ഇങ്ങനെ വിഡ്ഢി ആക്കുകയല്ല.. എടീ.. അവനു നിന്നോട് പ്രണയം തോന്നിയിട്ട് ഉണ്ടെങ്കിൽ അത് മറ്റൊരുവളിലും കാണാത്ത എന്തോ ഒരു സ്പെഷ്യാലിറ്റി നിന്നിൽ കണ്ടത് കൊണ്ടാ..അല്ലാതെ നിന്റെ ഈ പരട്ട മോന്ത...." വസുവിനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിച്ചില്ല.. അതിന് മുന്നേ അവനെ തടയാൻ എന്ന വണ്ണം വസൂന്നും വിളിച്ചോണ്ട് സണ്ണി അവന്റെ അരികിലേക്ക് ഓടി വന്നു.. "നീ തടയണ്ട..ഇവളോട് ഒക്കെ നല്ല നാല് പറയണം..പിന്നെ ഇമ്മാതിരി കളി കളിപ്പിക്കില്ല ഇവൾ.. പോയി ആ കഴുതയെ വിളിച്ചോണ്ട് വാ.. അവനോടും കൂടെ ഒരെണ്ണം പൊട്ടിക്കാൻ പറ.." "നീ ഇവളെ അടിച്ചോ.? " സണ്ണിയും പകച്ചു പോയി.. "ആ..അടിച്ചു..വേണ്ടി വന്നാൽ ഇനിയും അടിക്കും.." "എടാ..ഇത് അവളല്ല..ഇത് മറ്റവളാ.. ശരണിനെ പറ്റിച്ചവൾ ദേ പുറത്ത് ജിത്തുവിനോടു സംസാരിച്ചോണ്ട് നിൽക്കുന്നു..

അവൻ അവളെ ചഞ്ചലാന്നു വിളിക്കുന്നത് ഞാൻ കേട്ടതാ..നീ വന്നു കാര്യങ്ങൾ പറഞ്ഞു ചവിട്ടി തുള്ളിയപ്പോ ഞാൻ വിചാരിച്ചില്ല നീ ഇവളെ അന്വേഷിച്ചു വരുമെന്നും ഇവൾക്ക് ഇട്ട് ഒരെണ്ണം പൊട്ടിക്കുമെന്നും.. നല്ല അസ്സല് പറ്റു കിട്ടിയ ശരണിന് പോലും ഒരു കുഴപ്പവുമില്ല.അവൻ എല്ലാം കേട്ടപ്പോൾ അത് അവളുടെ കുസൃതിയാണെന്ന് പറഞ്ഞു ചിരിക്കുകയാ ചെയ്തത്.. ദേ ഇപ്പൊ വീണ്ടും അവളെ വായിനോക്കിക്കൊണ്ട് അവിടെ നിൽപ്പ് ഉണ്ട്.. " വസുവിനു എന്ത് ചെയ്യണമെന്നു അറിഞ്ഞില്ല. ആകെ കാറ്റു പോയ പോലെ സണ്ണിയെ നോക്കി.. അവൻ സത്യം ആണെടാന്നുള്ള അർത്ഥത്തിൽ തല കുലുക്കി.. പെട്ടന്ന് എന്തോ ഓർത്ത പോലെ വസു തിരിഞ്ഞു നോക്കി.. മുന്നിൽ രണ്ട് പേരെയും കാണാനില്ല.. ശ്രുതി ചന്ദുവിനെയും സമാധാനിപ്പിച്ചു മുകളിലേക്ക് കൊണ്ടു പോകുന്നത് കണ്ടു..പക്ഷെ പോകുന്ന പോക്കില് ചന്ദു ഒന്നു തിരിഞ്ഞു നോക്കി.. അവളുടെ ചുവന്നു കലങ്ങിയ നിറ മിഴികൾ തന്റെ ഉള്ളിൽ എവിടെയോ തറക്കുന്നതായി തോന്നി അവന്.. "എന്ത് പണിയാ നീ കാണിച്ചത്.. ചോദിക്കാതെയും പറയാതെയും ഒരു പെൺകുട്ടിയെ കൈ വെച്ചിരിക്കുന്നു..അതും ഏതാ എന്താന്നൊന്നും അറിയാത്തൊരു കുട്ടിയെ..ഭാഗ്യത്തിനു ആരും കണ്ടില്ല..എങ്ങാനും ജിത്തുവിന്റെ ചെവിയിൽ എത്തിയാൽ ഞാൻ എന്ത് പറയും അവനോട്.. " സണ്ണി നാല് ഭാഗത്തേക്കും നോക്കി ആരും കണ്ടില്ലന്ന് ഉറപ്പ് വരുത്തി.. വസു ഒന്നും മിണ്ടിയില്ല..ആകെ ദേഷ്യത്തോടെ പുറത്തേക്കു ഇറങ്ങിപ്പോയി..

ശരണിനെ വിഡ്ഢിയാക്കിയതാണെന്ന് അറിഞ്ഞപ്പോൾ ചെറു വിരൽ തൊട്ടങ്ങു കയറി വന്നതാണ്..കാര്യം വന്നു സണ്ണിയോടും ശരണിനോടും പറഞ്ഞപ്പോൾ ശരണിന് ആ പെണ്ണിനേക്കാൾ കൂസൽ ഇല്ലായ്മ.. ഇവനൊക്കെ ആണുങ്ങൾക്ക് തന്നെ അപമാനമാണ്..സണ്ണി എന്തെങ്കിലും പറയുന്നതിന് മുന്നേ താൻ അകത്തേക്ക് കയറി വന്നിരുന്നു.. നേരത്തെ കണ്ട ആ കൂട്ടുകാരിയെ ഒപ്പം കണ്ടപ്പോൾ ഇതു അവൾ തന്നെയെന്ന് ഉറപ്പിച്ചു.. അതാണ് ഒന്നും ചോദിക്കാതെ ഉടനെ അടിച്ചു പോയത്..അല്ലെങ്കിലും പണ്ടേ മുൻശുണ്ഠിയാണ്..ഒപ്പം എടുത്തു ചാട്ടവും..ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല..പറ്റിയത് പറ്റി.. എന്നാലും ഒരു തെറ്റും ചെയ്യാത്ത ഒരുത്തിയെ ആണല്ലോ അടിച്ചത് എന്നോർക്കുമ്പോൾ... ആദ്യമായിട്ടാ ഒരു പെണ്ണിന് നേരെ... ചെ... വസുവിനു ദേഷ്യത്തിനൊപ്പം കുറ്റബോധവും തോന്നാൻ തുടങ്ങി.. സണ്ണിക്ക് മനസ്സിലായിരുന്നു അവന്റെ അവസ്ഥ..അതുകൊണ്ട് ഒന്നും ചോദിക്കാനോ പറയാനോ പോയില്ല..ശരൺ ആണേൽ ഈ ലോകത്തെയല്ല..ചത്തു കിടന്ന് വായി നോക്കുകയാണ്.. "എല്ലാം ഉണ്ടാക്കി വെച്ചിട്ട് അവനൊരു കൂസലുണ്ടോ നോക്കിക്കേ..ഇപ്പോഴും കണ്ണ് അവളുടെ പുറകെ തന്നെ..."

സണ്ണി ശരണിന്റെ തല പിടിച്ചു ചെരിച്ചു.. "പിന്നെ എനിക്കവളുടെ അമ്മയെ നോക്കാൻ പറ്റുമോടാ..." "ഇക്കണക്കിനു പോയാൽ നീ അമ്മയെയല്ല.. അവളുടെ അമ്മൂമ്മയെ പോലും വെറുതെ വിടില്ലല്ലോ..ഇവിടെ നീ കാരണം എന്തൊക്കെ നടന്നെന്ന് അറിയാമോ നിനക്ക്.. " സണ്ണി അകത്തു നടന്ന കാര്യങ്ങൾ വ്യക്തമാക്കി.. "അയ്യടാ..ഇനിയിപ്പോ എന്നെ പറഞ്ഞാൽ മതിയല്ലോ..ഇതിനു ഞാൻ എങ്ങനെയാ കാരണക്കാരൻ ആകുക..ഇവന്റെ ദേഷ്യമാ എല്ലാത്തിനും കാരണം..ഇവനോട് ആരാ പറഞ്ഞെ അവളെ പോയി അടിക്കാൻ.. എടാ..സാമദ്രോഹി.. അപ്പൊ നീയെന്റെ പെണ്ണിനെ അടിക്കാൻ വേണ്ടിയാണോ അകത്തേക്ക് ചീറി പാഞ്ഞു പോയത്..എനിക്ക് തന്നെ നിന്റെ അടി താങ്ങാൻ മേലാ.. പിന്നെയാ അവൾക്ക്..ഭാഗ്യം ആള് മാറി പോയത്..ചഞ്ചല രക്ഷപെട്ടു.. " "ആദ്യം നീ നിന്റെയീ വായ ഒന്ന് അടച്ചു വെക്ക്..നിന്നെ പോലൊരു കഴുത നീ മാത്രേ ഉണ്ടാകൂ.. നിന്റെ സ്ഥാനത്തു മറ്റാർക്ക് ആയാലും ദേഷ്യം വരുമായിരുന്നു.. നീ കൊടുക്കേണ്ട അടിയാ ഇവൻ കൊടുത്തത്..പക്ഷെ ആള് മാറിപ്പോയി..പെൺകുട്ടികൾ ആയാൽ ഇത്രയ്ക്കു കളി പാടില്ല.. അവള് ഒറ്റ ഒരുത്തി കാരണമാ ഇപ്പോ ഇതൊക്കെ സംഭവിച്ചത്.. "

"അതാ..ഇനിയിപ്പോ അവളെ പറഞ്ഞോ..ഇത്രേം നേരം എന്നെ ആയിരുന്നു.. എന്നെയും എന്റെ പെണ്ണിനേയും വെറുതെ വിടില്ലന്ന് വല്ല നേർച്ചയും ഉണ്ടോ നിനക്ക്.. എടാ..പെൺകുട്ടികൾ ആയാൽ അല്പ സ്വല്പമൊക്കെ കളികൾ ആവാം..ആ കുറുമ്പ് ഒരു രസമാണ്.. ഒന്നുല്ലേലും സമയം പോകാൻ ഒരു വകയായല്ലോ.." "എന്നിട്ടു നേരത്തെ നീയിങ്ങനെ അല്ലല്ലോ പറഞ്ഞത്...സാധാരണ അച്ചി കോന്തൻ ആവാൻ പെണ്ണ് കെട്ടണം..നീ അതിന് മുൻപേ ആയിപോയി..കഷ്ടം.. " സണ്ണി ശരണിനെ പുച്ഛിച്ചു കളഞ്ഞിട്ടു വസുവിന്റെ അടുത്ത് പോയിരുന്നു..അത് കണ്ടു ശരൺ അപ്പൊത്തന്നെ സോറിടാ വസൂന്നും പറഞ്ഞു വേഗം അവർക്ക് ഇടയിലേക്ക് കയറി..പക്ഷെ വസു അവനോട് മിണ്ടിയില്ല.ഒന്ന് തറപ്പിച്ചു നോക്കുക മാത്രം ചെയ്തു..അതുകണ്ടു സണ്ണി ശരണിനോട് സാരമില്ലന്ന് കണ്ണ് കാണിച്ചു.ശരണിനും അറിയാമായിരുന്നു അവൻ കുറച്ചു കഴിഞ്ഞാൽ ഓക്കേ ആകുമെന്ന്.. അതുകൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു.. ** "ആരാ അവൻ..? എന്ത് ധൈര്യത്തിലാ അവൻ നിന്നെ അടിച്ചത്.. അല്ലാ..അവനെ പറഞ്ഞിട്ടും കാര്യമില്ല..കിട്ടിയ തല്ലും വേടിച്ചോണ്ട് വന്നിരിക്കുകയല്ലേ.. നിന്റെ ഭാഗത്തു തെറ്റ് വല്ലതും ഉണ്ടായിരുന്നേൽ ഓക്കേ..

പക്ഷെ ഇതിപ്പോ അങ്ങനെയല്ലല്ലോ..ആ നിമിഷം തന്നെ കിട്ടിയത് രണ്ട് ഇരട്ടിയായി തിരിച്ചു കൊടുക്കേണ്ടതിന് പകരം കണ്ണും നിറച്ചോണ്ട് വന്നിരിക്കുന്നു.. " ചിഞ്ചുവിനു സഹിക്കുന്നില്ലായിരുന്നു.. അവൾ നിന്നു കലി തുള്ളാൻ തുടങ്ങി.. "നീ എന്തിനാ അവളുടെ മെക്കിട്ടു കയറുന്നത്..എല്ലാം തുടങ്ങി വെച്ചത് നീയല്ലേ ചിഞ്ചു..ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാന്ന്..കേട്ടില്ലല്ലോ.. അല്ലെങ്കിലും നിനക്ക് എന്താ.. എപ്പോഴും നീ ചെയ്തു കൂട്ടുന്നതിനൊക്കെയുള്ളത് കിട്ടുന്നത് ഇവൾക്ക് തന്നെയാണല്ലോ...അതുകൊണ്ട് നീയിനി അധികം സംസാരിക്കേണ്ട.." ശ്രുതിക്ക് ചിഞ്ചുവിനോട് നന്നായി നീരസം തോന്നുന്നുണ്ടായിരുന്നു.. "സംസാരിക്കണ്ടന്ന് പറഞ്ഞാൽ എങ്ങനെയാ..ഇവളെന്റെ സഹോദരിയാ..ഇവൾക്ക് എന്തേലും പറ്റിയാൽ അതിനെ കുറിച്ച് ഞാൻ ചോദിക്കണ്ടെ..പിന്നെ ആ വന്നു അടിച്ചിട്ട് പോയവനെ അല്ലല്ലോ ഞാൻ പറ്റിച്ചത്..മറ്റവനെ അല്ലെ.. അതിന് ഇവൻ ഇത്രക്ക് കലി തുള്ളിയത് എന്തിനാ...അടിച്ചതോ അടിച്ചു..ചെയ്തത് തെറ്റ് ആണെന്ന് അറിഞ്ഞപ്പോൾ ഒരു സോറി എങ്കിലും പറഞ്ഞോ.. ഇല്ലല്ലോ..അവനെ ഒന്നും വെറുതെ വിടാൻ പാടില്ല..നമ്മുടെ ഏരിയയിൽ വന്നു നമ്മളിൽ ഒരുത്തിയെ തൊട്ടിട്ടു അങ്ങനെ സുഖിച്ചു പോകാമെന്നു കരുതണ്ട അവൻ..ഞാൻ ജിത്തുവേട്ടനോട് പറയാൻ പോകുവാ അവന്റെ കാര്യം.. "

"വേണ്ടാ..ഒന്നും വേണ്ടാ..ശ്രുതി പറഞ്ഞത് ശെരിയല്ലേ ചിഞ്ചു.. നീ അല്ലെ തുടങ്ങി വെച്ചത്..ഇനിയിപ്പോ പറഞ്ഞു പറഞ്ഞു നീയിതൊരു പ്രശ്നം ആക്കണ്ട..ഇതൊരു ഫങ്ക്ഷൻ നടക്കാൻ പോകുന്ന വീടാ..ചെറുക്കൻ കൂട്ടരു വരുമ്പോഴേക്കും നീ ഇവിടുത്തെ സമാധാന അന്തരീക്ഷമൊന്നും കളഞ്ഞു കുളിക്കണ്ട..വെറുതെ ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞു ഉണ്ടാക്കാൻ.. " ചിഞ്ചു അടങ്ങാൻ ഭാവം ഇല്ലെന്ന് കണ്ടതും ചന്ദു വേഗം കയറി ഇടപെട്ടു.. "ഇതാ നിന്റെ പ്രശ്നം..നീ ഒന്നും ഒരു കാലത്തും നന്നാകാൻ പോകുന്നില്ല..ഈ സഹനവും കെട്ടിപ്പിടിച്ചോണ്ട് ഇങ്ങനെ തന്നെ ഇരുന്നോ..ഉടനെ വരും നിനക്കൊരു അവാർഡ്.." ചിഞ്ചു മുഖം തിരിച്ചു കളഞ്ഞു. "അപ്പോഴേക്കും പിണങ്ങിയോ എന്റെ ചിഞ്ചുക്കുട്ടി.." ചന്ദു ചിഞ്ചുവിന്റെ വീർത്ത കവിളിൽ പിടിച്ചു വലിച്ചു.. "അതല്ലടീ..നിനക്ക് ഒരുപാട് നൊന്തില്ലേ..ദേ നോക്കിയേ..ഈ വെളുത്ത കവിളു തിണർത്ത് കിടക്കുന്നു.. " ചിഞ്ചു വേദനയോടെ ചന്ദുവിന്റെ കവിളിൽ തഴുകി.. "അതിനെന്താ ഇപ്പൊ..കുറച്ച് കഴിഞ്ഞാൽ അതങ്ങോട്ട്‌ മാറില്ലേ.. ശ്രുതി പറഞ്ഞത് പോലെ പണ്ട് തൊട്ടേ നീ ചെയ്യുന്നതിനുള്ളതൊക്കെ എനിക്കാണല്ലോ കിട്ടുക..ഇതിപ്പോ ഇങ്ങനെ കിട്ടി കിട്ടി ശീലമായി.. അതുകൊണ്ട് എനിക്ക് ഒരു വേദനയുമില്ല..നിനക്ക് വേണ്ടിയല്ലേന്ന് ഓർക്കുമ്പോൾ സന്തോഷം മാത്രേയുള്ളൂ.. " ചന്ദു ചിഞ്ചുവിനെ ചേർത്ത് പിടിച്ചു.. "അയ്യടാ..ഞാനും കൂടെ ഉണ്ട്.. " ശ്രുതി രണ്ട് പേർക്കുമിടയിലേക്ക് ഇടിച്ചു കയറി..മൂവരും ചിരിച്ചോണ്ട് മുറുക്കെ പുണർന്നു നിന്നു. ***

"സണ്ണി..ഞാൻ പ്രത്യേകിച്ച് പരിചയ പെടുത്തണ്ടല്ലോ..അഖിയെ നിനക്ക് നേരത്തെ അറിയാവുന്നതല്ലേ.. ജ്യോതിയെ അന്ന് പെണ്ണ് കാണാൻ വരുമ്പോഴും നീ ഇവിടെ ഉണ്ടായിരുന്നല്ലോ.." ജ്യോതിയുടെ ചെറുക്കൻ അഖിലിനെയും കൊണ്ട് ജിത്തു സണ്ണിക്ക് അരികിലേക്ക് വന്നു.. സണ്ണിക്ക് അടുത്തായി തന്നെ വസുവും ശരണും ഉണ്ടായിരുന്നു.. സണ്ണി വേഗം തന്നെ അഖിലിനു കൈ കൊടുത്തു പരിചയം പുതുക്കി.. ഒട്ടും കുറക്കണ്ടന്ന് കരുതി ശരൺ സണ്ണിക്ക് ഇടയിൽ കയറി അഖിലിന്റെ കൈ തട്ടി പറിക്കുന്നത് പോലെ പിടിച്ചു എടുക്കുകയും കുലുക്കുകയുമൊക്കെ ചെയ്തു.. അത് കണ്ടു സണ്ണി വിടെടാന്നുള്ള അർത്ഥത്തിൽ ശരണിനെ ഒന്ന് തുറിച്ചു നോക്കിയിട്ട് വേഗം ഇടപെട്ടു അഖിയുടെ കൈ തലം മോചിപ്പിച്ചു കൊടുത്തു.. വസു ആണേൽ ഒന്നിലും താല്പര്യം ഇല്ലാത്ത പോലെ അഖിലിനോട് ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ട് കയ്യിലുള്ള ഫോണിലേക്ക് ശ്രദ്ധ കൊടുത്തു.. ** "എടീ...ചന്ദുവിനെ അടിച്ച ആ ദുഷ്ടൻ ജിത്തുവേട്ടന്റെ ഫ്രണ്ട് ആണെന്ന് തോന്നുന്നു..ദേ അത് കണ്ടില്ലേ അവിടെ നിന്നു സംസാരിക്കുന്നത്..നന്നായി നീ നേരത്തെ പോയി ജിത്തേട്ടനോട് അവന്റെ കാര്യം പറയാഞ്ഞത്.. പറഞ്ഞിരുന്നേൽ നീ നാണം കേട്ടേനെ.." ശ്രുതി ഒരു ഭാഗത്തേക്ക്‌ കൈ ചൂണ്ടി പറയുന്നത് കേട്ടു ചിഞ്ചു അങ്ങോട്ട്‌ നോക്കി.. "ആ മൂന്നെണ്ണത്തിൽ ഏതാടി..? "

ചിഞ്ചു ജിത്തുവിനെയും അഖിലിനെയും വിട്ടു ബാക്കി മൂവരെയും സ്കാൻ ചെയ്യാൻ തുടങ്ങി.. "ആ ഫോണിൽ തുഴഞ്ഞു കൊണ്ടു നിൽക്കുന്നവനില്ലേ.. ആ ബ്ലൂ ഷർട്ട്‌ ഇട്ടു കൂട്ടത്തിൽ കൂടുതൽ ലുക്ക്‌ ഉള്ളവൻ.." "മ്മ്..കൂടുതലാ..അവനു എല്ലാം കൂടുതലാ..നീ വന്നേ..ചന്ദുനെയും വിളിച്ചോ.." "എങ്ങോട്ട്..? " "ചുമ്മാ..ഒരു പണി കൊടുക്കാൻ.." "ഒരു പണി കൊടുത്തതിന്റെ ക്ഷീണം തന്നെ മാറിയിട്ടില്ല ഇവിടെ.. ദേ ചിഞ്ചു..നീ വെറുതെ വേണ്ടാത്ത പണിക്ക് ഒന്നും പോകണ്ട.. " "ഇല്ലടീ..ഞാനൊന്നിനും പോകുന്നില്ല..വെറുതെ ഒന്ന് പരിചയപ്പെടാൻ.. " "ആരെ..? നിന്റെ പിറകെ നടക്കുന്ന ആ ചേട്ടനെയോ..? " ശ്രുതി അത്ഭുതപ്പെട്ടു.. "അല്ല..ജിത്തുവേട്ടന്റെ അടുത്ത് നിൽക്കുന്ന ആ ചേട്ടനെ കണ്ടോ.. കഴുത്തിൽ കൊന്തയൊക്കെ ഇട്ട്.. കാണുമ്പോൾ തന്നെ അറിയുന്നുണ്ട് നല്ല ഒന്നാന്തരം നസ്രാണി ചെറുക്കൻ ആണെന്ന്.. ഒരുപാട് വെളുപ്പ് ഒന്നും ഇല്ല.. എന്നാലും ആ ഒതുക്കമുള്ള ശരീരവും ആ മുഖവും മുടിയുമൊക്കെ എനിക്ക് ഇഷ്ടമായി.. ചിരി കണ്ടോ..സൂപ്പർ ആണ്.. എന്തോ എനിക്കങ്ങു ബോധിച്ചു.. " പറയുമ്പോൾ ചിഞ്ചുവിന്റെ മുഖം വിടർന്നിരുന്നു. "എടീ..നീ ഇതെന്തു വിചാരിച്ചാ.. നിന്റെ പിറകെ നടക്കുന്നവനാ നീയിപ്പോ പറഞ്ഞ ആ ചേട്ടന്റെ ഒന്നിച്ചുള്ളത്..അവര് ഫ്രണ്ട്‌സ് ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ..

എന്താ നിന്റെ ഉദ്ദേശം..അവരെ തമ്മിൽ തെറ്റിക്കാനോ..? പിന്നെ അവർക്ക് പിറകെ ഫോണിൽ നോക്കി നിൽക്കുന്നവനെ നീ ശെരിക്കു കണ്ടല്ലോ..നേരത്തെ ആളു മാറി ചന്ദുവിനു കിട്ടി..ഇനിയതു കറക്റ്റ് ആയിട്ടു നിനക്ക് തന്നെ കിട്ടും അവരുടെ മുന്നിലേക്ക് എഴുന്നള്ളിയാൽ..മോളു തത്കാലം ഇങ്ങോട്ട് വരാൻ നോക്ക്.. " "ഇല്ല..ഞാൻ അങ്ങോട്ട്‌ തന്നെ പോകുവാ..ഞാനൊരു പ്രശ്നത്തിനും പോകില്ല..അത് ഞാൻ നേരത്തെ ചന്ദുവിനു ഉറപ്പ് കൊടുത്തതാ..എല്ലാ പ്രാവശ്യത്തെ പോലെയല്ല..ഇന്ന് ഞാൻ വാക്ക് പാലിക്കും..കാരണം ഇന്നിനി അവള് കരയുന്നത് കാണാൻ എനിക്ക് കഴിയില്ല..അവളെയും വിളിക്കാം.. ചന്ദു...ഇങ്ങു വന്നേ.. " "എന്താ..?" ജ്യോതിയുടെ കസിൻസിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന ചന്ദു ചിഞ്ചുവിന്റെ വിളി കേട്ടു അവർക്ക് അരികിലേക്ക് വന്നു. "വെറുതെ..ഒന്ന് ജിത്തുവേട്ടന്റെ അടുത്തു പോയിട്ട് വരാം.. അഖിയേട്ടനുണ്ട് അവിടെ..ഒന്ന് ഡീറ്റെയിൽഡ് ആയിട്ടു പരിചയപ്പെടാം.. " ചന്ദു എതിർപ്പ് എന്തെങ്കിലും പറയുന്നതിന് മുന്നേ ചിഞ്ചു അവളുടെ കയ്യിൽ പിടിച്ചു വലിച്ചിരുന്നു.. മുന്നിലേക്ക് പോകാൻ ഒരടി വെച്ചതും ജിത്തു അഖിയെയും കൂട്ടി ഇങ്ങോട്ട് വരുന്നത് കണ്ടു.. കൂടെ ബാക്കി മൂന്നു പേരും..ചിഞ്ചുവിന്റെ കണ്ണുകൾ ഒരുനിമിഷം സണ്ണിയിൽ ഉടക്കി നിന്നു..ശരൺ തന്നെ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവൾ സണ്ണിയിലുള്ള നോട്ടം ഉടനടി പിൻവലിച്ചു.. "ഇതെന്താ ഇവിടെ നിക്കണേ.. കഴിച്ചോ നിങ്ങള്..? ചന്ദു..നിന്റെ ജ്യോതി ഉടനെ അങ്ങ് പോകും കേട്ടോ..

വരുന്ന മാസം തന്നെ വിവാഹം വേണമെന്നാ ഇവന്റെ വീട്ടുകാർക്ക്.." ജിത്തു അഖിയെ കാണിച്ചു കൊണ്ടു ചന്ദനയോട് പറഞ്ഞു.. അപ്പോൾ മാത്രമാണ് വസു കയ്യിൽ ഇരിക്കുന്ന ഫോണിൽ നിന്നും മുഖം ഉയർത്തിയതും മുന്നിലേക്ക് നോക്കിയതും..ചന്ദനയെ കണ്ടതും അവന്റെ മിഴികൾ ഒരുനിമിഷം അവളിൽ തങ്ങി.. തിണർത്ത് കിടക്കുന്ന കവിൾ തടം അവനിൽ കുറ്റബോധവും അതേ സമയം വേദനയും നിറച്ചു..അത് പക്ഷെ എന്തിനെന്നു അവനു മനസ്സിലായില്ല..ജിത്തുവിനോടു എന്തോ പറഞ്ഞു പുഞ്ചിരിക്കുമ്പോഴാണ് ചന്ദന വസുവിനെ ശ്രദ്ധിക്കുന്നത്.. നേരത്തെ തന്റെ മുന്നിൽ ജ്വലിച്ചു നിന്ന ആൾ രൂപം.അവളുടെ കൈ അറിയാതെ കവിളിലേക്ക് നീണ്ടു..അത് കണ്ടു വസു ഒന്ന് ചിരിച്ചു..അവൾക്കു അവന്റെ മുന്നിൽ നിൽക്കാൻ നന്നേ പ്രയാസം തോന്നി..അവളുടെ അവസ്ഥ വസുവിനു മനസ്സിലായി.പക്ഷെ അവളിൽ ഭയമാണോ ദേഷ്യമാണോ അതോ ഇനി ചമ്മലാണോ എന്ന് അവനു മനസ്സിലായില്ല..ചിഞ്ചു പതിവിലും ഉത്സാഹത്തോടെ ജിത്തുവിനോടു സംസാരിക്കുന്നുണ്ട്.. അതിന്റെ പിന്നിലെ ഉദ്ദേശം ശ്രുതിക്ക് മാത്രം പിടികിട്ടി.പക്ഷെ ചിഞ്ചുവിന്റെ നിർഭാഗ്യ വശാൽ ജിത്തു സണ്ണിയെയോ വസുവിനെയോ ശരണിനെയോ പ്രത്യേകം എടുത്തു പരിചയ പെടുത്തിയില്ല..പകരം ഇവരെന്റെ ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞു മൂന്നു പേരെയും കാണിച്ചു കൊടുക്കുക മാത്രം ചെയ്തു..

പിന്നെ അഖിലിനെ കുറിച്ച് കൂടുതൽ പറയാൻ തുടങ്ങി.. "ഹൂ..ഭാവി അളിയനോട് ഇങ്ങേർക്ക് ഇത്രക്ക് സ്നേഹമോ..വായ തുറന്നാൽ അഖി എന്നല്ലാതെ വേറൊന്നും വരുന്നില്ല..ബാക്കി മൂന്നെണ്ണം നിൽപ്പ് ഉണ്ടല്ലോ..അവരെ കുറിച്ച് ഒന്ന് മൊഴിഞ്ഞുടെ ജിത്തേട്ടന്.. മൂന്നിനെ കുറിച്ചും വേണ്ടാ.. എനിക്ക് വേണ്ട ഒരുത്തനെ കുറിച്ച് എങ്കിലും.. " ചിഞ്ചു നിരാശയോടെ മുഖം ചുളിച്ചു പിറു പിറുത്തു..അത് കേട്ടു ശ്രുതി അടക്കി ചിരിച്ചു.. "ചിഞ്ചു വല്ലതും പറഞ്ഞോ..? " ജിത്തു ചോദിച്ചു.. "അല്ല..കല്യാണം ഉടനെയുള്ള സ്ഥിതിക്ക് ഇനിയിപ്പോ കാര്യങ്ങൾ ഒക്കെ പെട്ടെന്ന് നോക്കണമല്ലോന്ന് പറയുവായിരുന്നു..എന്തായാലും ജ്യോതിയുടെ ഭാഗ്യമാണ് അഖിയേട്ടൻ..വെറും ഭാഗ്യമല്ല.. മഹാ ഭാഗ്യം.. " എന്തായാലും ഇത്രേം സമയം അഖിയെ പുകഴ്ത്തി ക്ഷീണിച്ചതല്ലേ..ഒന്നൂടെ സന്തോഷിച്ചോട്ടേന്ന് കരുതി ചിഞ്ചു അങ്ങേയറ്റം സുഖിപ്പിക്കലോടെ പറഞ്ഞു.. "അല്ല..ചന്ദുവിന്റെ മുഖത്ത് ഇതെന്തു പറ്റിയതാ..ആകെ വീർത്തു കിടക്കുന്നല്ലോ..? " ജിത്തുവിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടു അഖിൽ ഒഴികെ ബാക്കി എല്ലാവരും ഞെട്ടി..നോക്കണ്ടന്ന് കരുതിയെങ്കിലും ചന്ദുവിന്റെ കണ്ണുകൾ അറിയാതെ വസുവിലേക്ക് നീങ്ങി..

അവൻ അവൾ എന്ത് പറയുമെന്ന് അറിയാൻ അവളിൽ തന്നെ മിഴികൾ നട്ടു നിന്നു.. "അതൊരു മരപ്പട്ടി അടിച്ചതാ ജിത്തേട്ടാ.. " ചന്ദു നിന്നു വിയർക്കുകയാണ് ചെയ്തതെങ്കിൽ ചിഞ്ചു കിട്ടിയ അവസരം നല്ല പോലെ ഉപയോഗിച്ചു..ഒപ്പം തന്നെ വസുവിനെ ഒന്ന് കൊല്ലുന്ന പോലെ നോക്കാനും മറന്നില്ല..പെട്ടന്നാണ് വസുവിന്റെ നോട്ടം ചന്ദുവിൽ നിന്നും ചിഞ്ചുവിലേക്ക് എത്തിയത്..അവൻ അവളെ നോക്കി പല്ല് ഞെരിച്ചു.. "മരപ്പട്ടിയോ..നീ ഇതെന്താ ചിഞ്ചു പറയുന്നത്..നിന്റെ കാര്യം ആയിരുന്നെങ്കിൽ മരപ്പട്ടിയല്ല,, കാണ്ടാ മൃഗം അടിച്ചെന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു..ഇത് ചന്ദനയാ ആള്..ഇവൾ ഏതായാലും നിന്നെപ്പോലെ ആരുടെ കയ്യിന്നും തല്ലു വേടിക്കുന്ന പണിയൊന്നും ചെയ്യില്ല.." ജിത്തു ചിരിച്ചോണ്ട് പറഞ്ഞു.. "ചിഞ്ചു..നിങ്ങൾ സംസാരിക്ക്.. ഞാൻ ജ്യോതിയുടെ അടുത്ത് കാണും.. " ഇനി അതിനെക്കുറിച്ചു കൂടുതൽ എന്തെങ്കിലും സംസാരം വരുന്നതിനു മുന്നേ ചന്ദു വേഗം അവിടെന്ന് പോയി.. ഇപ്പോ കഴിയും, ഇപ്പോ കഴിയുമെന്നു പറഞ്ഞാണ് ഇത്രേം നേരവും അവിടെ നിന്നത് തന്നെ.. കൂടെ കൂടെ നോക്കുന്നില്ലന്നാലും വസുവിന്റെ ഇടയ്ക്ക് ഇടെയുള്ള നോട്ടം അവളെ വല്ലാതെ അസ്വസ്ഥത പെടുത്തിയിരുന്നു.. മാത്രമല്ല..ഇപ്പോൾ ജിത്തു അടിയുടെ കാര്യം എടുത്തിടുകയും ചെയ്തു. ചന്ദന ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി.

വസു ഒരു ചെറു ചിരിയോടെ അവൾ പോകുന്നതും നോക്കി നിന്നു..അപ്പോഴേക്കും ഞങ്ങളു പോയി കഴിക്കട്ടെന്നും പറഞ്ഞു ചിഞ്ചുവും ശ്രുതിയും കൂടെ പോയിരുന്നു..ശരൺ ആണേൽ ഇപ്പോഴും ചിഞ്ചുവിനെ അടുത്ത് കണ്ടതിന്റെയും അവളുടെ ചറ പറാന്നുള്ള സംസാരം കേട്ടോണ്ട് നിന്നതിന്റെയും ഹാങ്ങ്‌ ഓവറിലായിരുന്നു..അത്രക്കും അവന്റെ മനസിൽ ചിഞ്ചു സ്ഥാനം പിടിച്ചിരുന്നു..ശരണിന്റെ ആകെ ഫിലമെന്റ് പോയത് പോലെയുള്ള നിൽപ്പ് കണ്ടു സണ്ണി ചിരിച്ചോണ്ട് അവന്റെ തലയ്ക്കു ഇട്ട് ഒരു കിഴുക്ക് കൊടുത്തു വാടാന്നും പറഞ്ഞു വസൂനെയും കൂട്ടി ജിത്തുവിന്റെയും അഖിയുടെയും പുറകെ നടന്നു.. ** "നീയല്ലേ പറഞ്ഞെ അവരെ രണ്ടു പേരെയും കാണാൻ സെയിം ആണെന്ന്..എന്നിട്ടു എനിക്ക് അങ്ങനെ തോന്നിയില്ലല്ലോ.. ദൂരത്തുന്ന് കാണുമ്പോഴേ സാമ്യതയുള്ളൂ..ഹെയ്‌റ്റും വെയ്റ്റും മുടിയുമൊക്കെ ഒരുപോലെയാണ്.. എന്നാൽ മുഖം നല്ല മാറ്റമുണ്ട്.. " ഭക്ഷണം കഴിക്കുന്നതിനിടെ സണ്ണി ശരണിനോട് പറഞ്ഞു. "മ്മ്..എനിക്കും തോന്നിയെടാ അത്." "പിന്നെ നീ എന്തിനാടാ അവൾ ചഞ്ചല അല്ല ചന്ദന ആണെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചത്. ചഞ്ചലയെ നീ നേരത്തെയും കണ്ടിട്ട് ഉണ്ടല്ലോ..അപ്പൊ അവൾ ചന്ദനയാണെന്ന് പറയുമ്പോൾ അവൾ പറയുന്നത് നുണ ആണെന്ന് നീ ഉറപ്പിച്ചു പറയുകയല്ലേ വേണ്ടിയിരുന്നത്."

"അതിന് ഞാൻ ചഞ്ചലയെ അടുത്തുന്ന് കാണുന്നത് ഇതാദ്യമല്ലേ.. ഈ ഒരുമാസത്തോളം അവളുടെ പുറകെ നടന്നെന്നത് ശെരിയാ..പക്ഷെ അവളുടെ മുന്നിൽ ചെന്ന് പെടാൻ പറ്റിയിട്ടില്ല.. ഇന്നാദ്യമായിട്ടാ മുന്നിലേക്ക് ചെല്ലുന്നതും ആ മുഖം അത്രയും അടുത്തുന്നു കാണുന്നതും..പിന്നെ ഞാൻ ചന്ദനയെ ഇതിനു മുൻപ് കണ്ടിട്ട് പോലുമില്ല..എന്തിന് ചഞ്ചലയ്ക്ക് അങ്ങനൊരു ഇരട്ട സഹോദരി ഉണ്ടെന്നു പോലും നേരത്തെ അവൾ അങ്ങനൊക്കെ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്.. ഇത്തിരി മുന്നേ നമ്മള് രണ്ടുപേരെയും ഒരുമിച്ചു കണ്ടല്ലോ..എന്തായാലും രണ്ടു പേരും കൊള്ളാം..എന്നാലും കുറച്ചൂടെ സൂപ്പർ എന്റെ ചിഞ്ചുവാ..അല്ലേടാ..? " "ചിഞ്ചുവോ..അതെപ്പോ തൊട്ട്..? " സണ്ണി ശരണിനെയൊന്നു ചൂഴ്ന്ന് നോക്കി.. "ആ..ഇനിയിപ്പോ അങ്ങനൊക്കെ വിളിക്കാമല്ലോ.. " ശരണിന്റെ മുഖത്ത് ചിരി.. "ഓ..കഷ്ടം..." സണ്ണി ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ കൊടുത്തു.. "എടാ..എനിക്കൊരു സംശയം.. ചിഞ്ചു സംസാരിക്കുന്നത് കേട്ടിട്ട് ആണല്ലോ വസു കലി തുള്ളിക്കൊണ്ട് വന്നത്..അപ്പോ അവൻ ചിഞ്ചുവിനെ കണ്ടതല്ലേ.. പിന്നെന്തിനാ അവൻ ചന്ദനയെ തല്ലിയത്..അവനു അത് ചിഞ്ചു അല്ല,, ചന്ദന ആണെന്ന് അറിയേണ്ടതല്ലേ..?"

"ഓ..നിന്റെയൊരു ചിഞ്ചുവും ചന്ദുവും..എനിക്ക് തലയ്ക്കു ഭ്രാന്ത്‌ പിടിക്കുന്നുണ്ട്..നിന്റെ അപ്പുറത്തു ഇരിക്കുന്നത് വസുവാ..കേൾക്കണ്ട അവൻ..പിന്നെ ഇത് മതിയാകും.. " "ഞാൻ കേട്ടു.. നിന്നെപ്പോലെ പെണ്ണുങ്ങളെ അടിമുടി സ്കാൻ ചെയ്തു അവരുടെ സിമിലാരിറ്റിയും ഡിഫറെൻസും കണ്ടുപിടിക്കുന്ന പണി എനിക്കില്ല... ഒരപദ്ധം പറ്റിപ്പോയി..അതും നിന്റെയൊക്കെ നിർബന്ധം കൊണ്ടു ഇങ്ങോട്ട് എഴുന്നള്ളിയത് കൊണ്ടാ.. " വസു കഴിപ്പ് നിർത്തി എഴുന്നേറ്റു പോയി.. "ഇപ്പോ തൃപ്തിയായല്ലോ നിനക്ക്..." "ഹൂ..ഇതെന്തു കഷ്ടമാ..അവൻ എന്ത് പറഞ്ഞാലും ചെയ്താലും നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നത്..അവനു മതിയായിട്ടുണ്ടാകും.. അതാ എണീറ്റു പോയത്..എനിക്ക് ഏതായാലും വയറു നിറഞ്ഞിട്ടില്ല.. ചേട്ടാ..കുറച്ചു ചോറ്.." സണ്ണി ഒന്നും മിണ്ടിയില്ല.ഒരുനിമിഷം ശരണിനെ നോക്കി ഇത് എന്തൊരു ജന്മം ആണെന്ന കണക്കെ നെറ്റിയിൽ കൈ താങ്ങി ഇരുന്നു പോയി.. ** കൈ കഴുകി തിരിഞ്ഞ വസു എന്തോ കണ്ണിൽ ഉടക്കിയത് പോലെ പെട്ടെന്ന് തന്നെ തിരിഞ്ഞു പിന്നിലേക്ക് നോക്കി..ഒപോസിറ്റ് സൈഡ് ചന്ദന നിൽക്കുന്നു..അവളും ഭക്ഷണം കഴിഞ്ഞു കൈ കഴുകുകയാണ്..

കഴുത്തിലൂടെ പിന്നിലേക്ക് ഇട്ടിരിക്കുന്ന ഷാളിന്റെ അറ്റം എടുത്തു കയ്യും മുഖവും തുടക്കുന്നുണ്ട്..വളരെ പതുക്കെയാണ് അവൾ ഓരോന്നും ചെയ്യുന്നത്.ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ട്..ഷാളിന്റെ അറ്റം പുറകിലേക്ക് തന്നെയിട്ട് പോകാൻ തുടങ്ങിയതും പെട്ടെന്ന് അവളുടെ കണ്ണുകൾ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന വസുവിൽ പതിഞ്ഞു.. അവൾക്കു എന്ത് ചെയ്യണമെന്നു അറിഞ്ഞില്ല..രണ്ട് ഭാഗത്തേക്കും നോക്കി.ചിഞ്ചുവും ശ്രുതിയും അടുത്തില്ല.രണ്ടുപേരും ഇപ്പോഴും കഴിച്ചു എണീറ്റിട്ടില്ല..അവൾ മടിച്ചു മടിച്ചു ഒന്നൂടെ ഒപോസിറ്റ് സൈഡിലേക്ക് നോക്കി.വസു അപ്പോഴും നോക്കുകയാണെന്ന് കണ്ടതും ദൃതിപ്പെട്ടു തിരിഞ്ഞു നടന്നു..എന്തോ അവളൊരു വട്ടം തിരിഞ്ഞു നോക്കുമെന്നു അവനുറപ്പായിരുന്നു..അതുതന്നെ സംഭവിച്ചു.മൂന്നടി മുന്നിലേക്ക് നടന്ന അവൾ പതിയെ തല ചെരിച്ചു നോക്കി..വസുവിനെ കണ്ടില്ല..അവൾ മുഴുവനായും തിരിഞ്ഞു നിന്നു ശെരിക്കുമൊന്നൂടെ നോക്കി..പെട്ടെന്ന് വസു പന്തലിനു മറവിൽ നിന്നും മുന്നിലേക്ക് വന്നതും അവളൊന്നു ഞെട്ടി..അരുതാത്തതെന്തോ ചെയ്തത് പോലെ പരിഭ്രമത്തോടെ വേഗം തന്നെ തിരിഞ്ഞു നടന്നു.. പിന്നെ അറിയാതെ പോലും ഒന്ന് നോക്കിയില്ല അവൾ.. "ചന്ദു..ചന്ദന... " വസുവിന്റെ ചുണ്ടുകൾ ചെറു ചിരിയോടെ മൊഴിഞ്ഞു. ***

നിശ്ചയ ചടങ്ങ് കഴിഞ്ഞു അഖിയുടെ വീട്ടുകാരു പോയിട്ടും പോകാൻ നിർബന്ധം പിടിക്കാത്ത വസുവിനെ കണ്ടു സണ്ണി ഒന്ന് അത്ഭുതപ്പെട്ടു എങ്കിലും അവൻ വസുവിനോട് അതേ കുറിച്ചൊന്നും ചോദിച്ചില്ല.. ചോദിച്ചാൽ ചിലപ്പോൾ ഇപ്പൊത്തന്നെ പോകാമെന്നു പറഞ്ഞു കളയും.. ശരണിന് പിന്നെ ചിഞ്ചു അവിടെ ഉള്ളത് കാരണം ഇന്നെന്നല്ല,, ഈ ജന്മത്തിൽ അവിടെന്ന് പോകാണമെന്നേ ഉണ്ടായിരുന്നില്ല.. ഉള്ള സമയം കൊണ്ടു അവൻ ജിത്തുവിനെ നല്ലോണം കയ്യിൽ എടുത്തു ചിഞ്ചുവിന്റെ എല്ലാ ഡീറ്റെയിൽസും ചോദിച്ചു അറിഞ്ഞു.. ആളൊരു അസ്സല് തല തെറി സാധനമാണെന്ന് കേട്ടപ്പോ ആദ്യമൊന്നു പേടിച്ചെങ്കിലും സാരമില്ല വളച്ചു എടുത്തോളാമെന്ന മട്ടിൽ തന്നെ നിന്നു ശരൺ.. അതിന് വേണ്ടി അവളുടെ വീട്ടഡ്രസ്സ് വരെ അവൻ ജിത്തുവിന്റെ കയ്യിൽ നിന്നും ഇരന്നു വാങ്ങിച്ചു..ജിത്തു അടക്കം നാല് പേരും മുകളിലെ ബാൽക്കണിയിൽ നിന്നായിരുന്നു സംസാരം.. ഒരു കാൾ വന്നതിനെ തുടർന്ന് ജിത്തു ഇപ്പോ വരാമെന്നു പറഞ്ഞു താഴേക്കു ഇറങ്ങിപ്പോയി.. ആ സമയം നോക്കി സണ്ണി വസുവിന്റെ അരികിലേക്ക് നീങ്ങി വന്നു.. "എടാ..ദേഷ്യപ്പെടരുത്.. ഞാനൊരു കാര്യം പറയട്ടേ..

ആ കുട്ടിയോട് ഒരു സോറി പറയാമായിരുന്നു.. അറിഞ്ഞു കൊണ്ടു അല്ലെങ്കിലും നിന്റെ ഭാഗത്തല്ലേ തെറ്റ്..ജിത്തു എന്തോ പറയുമ്പോൾ പറഞ്ഞു അവളെ കുറിച്ച്..അവളൊരു പാവം ആണെന്ന്..ആണെന്നാ എനിക്കും തോന്നുന്നത്..ചെയ്യാത്ത ഒരു കാര്യത്തിനാ അവൾക്കു നിന്റെ കയ്യിന്നു അടി കിട്ടിയത്.എന്നിട്ടും അവളൊരു അക്ഷരം മിണ്ടിയോ.. നീ ചെന്നൊരു സോറി പറാ..നിന്റെ മനസ് ഈ കാര്യം ഓർത്തു അസ്വസ്ഥതമാണെന്ന് എനിക്കറിയാം..അതുകൊണ്ടാ പറഞ്ഞത്..നിന്റെ മനസ്സിനൊരു സമാധാനം കിട്ടുകയും ചെയ്യും,, ആ കുട്ടിക്ക് മനസിൽ എവിടെയെങ്കിലും നിന്നോട് ദേഷ്യമുണ്ടെങ്കിൽ അതും മാറി കിട്ടുകയും ചെയ്യും..എന്തിനാ നിന്നെ അറിയാത്ത ഒരുത്തിയുടെ മനസ്സിൽ നീയൊരു മോശപ്പെട്ടവൻ ആകുന്നത്..ചെല്ല്..അവൾ അവിടെ എങ്ങാനും കാണും.. " വസുവിനു എന്തോ ആദ്യം സണ്ണിയെ അനുസരിക്കാൻ തോന്നിയില്ല.. ഒരു പെണ്ണിനോട് പോയി മാപ്പ് പറയുക എന്നത് വസുവിനെ സംബന്ധിച്ചിടത്തോളം വളരെ ദുരഭിമാനമായിരുന്നു..പക്ഷെ ചന്ദനയുടെ രാവിലെത്തെ നിറ മിഴികളും നേരത്തെ തന്നെ കാണുമ്പോൾ ഉണ്ടായ ഭയവും പരിഭ്രാന്തിയും ഓർക്കേ വസുവിന്റെ കാലുകൾ താനെ അവളെ അന്വേഷിച്ചു നടന്നു.. തുറന്നിട്ട ഒരു റൂമിനുള്ളിൽ നിന്നും പൊട്ടിച്ചിരികൾ കേൾക്കാം..അവൻ പതിയെ അകത്തേക്ക് നോക്കി..ജ്യോതി ഒഴികെ ബാക്കി മൂന്നു പേരും ഉണ്ടായിരുന്നു അകത്ത്.അവർ തന്നെ ശ്രദ്ധിക്കാൻ എന്ന വണ്ണം അവൻ ഡോറിൽ മുട്ടി.. "മ്മ്..എന്തുവേണം..? " ചിഞ്ചുവിന്റെ ആയിരുന്നു ചോദ്യം..അതും ഗൗരവം നിറഞ്ഞത്.. "എനിക്ക് ചന്ദനയോട് ഒന്ന് സംസാരിക്കണം.. "

അവൻ യാതൊരു മടിയും കൂടാതെ ആവശ്യം പറഞ്ഞു..കേട്ടതേ ചന്ദുവിന്റെ നല്ല ജീവൻ അങ്ങ് പോയി കിട്ടി. "ഇവളോടോ..?? എന്ത് സംസാരിക്കാനാ...ബാക്കിയുള്ള കവിളു കൂടെ അടിച്ചു പൊട്ടിക്കാൻ ആയിരിക്കും അല്ലെ..? തത്കാലം ഇവൾക്ക് ഇപ്പോ നിങ്ങളോട് യാതൊന്നും സംസാരിക്കാൻ താല്പര്യമില്ല.. " ചിഞ്ചുവിന്റെ സ്വരത്തിൽ ദേഷ്യം നിറഞ്ഞിരുന്നു.. "അത് നീയല്ല തീരുമാനിക്കേണ്ടത്.. ഇവള് പറയട്ടെ.. " വസുവും വിട്ടു കൊടുത്തില്ല.. "അങ്ങനെ ഇവൾക്ക് ആയിട്ടു ഒരു തീരുമാനം ഇല്ലെങ്കിലോ.. എന്റെ തീരുമാനം തന്നെയാ ഇവളുടെതും.. പറ ചന്ദു.. നിനക്ക് ഇയാളോട് സംസാരിക്കണോ..? " ചന്ദു വേണ്ടന്ന് തലയാട്ടി.. "അതിന് ഇവളെന്നോട് സംസാരിക്കണമെന്നു ഞാൻ പറഞ്ഞില്ലല്ലോ..എനിക്ക് സംസാരിക്കാൻ ഉണ്ടെന്നേ പറഞ്ഞുള്ളു..അത് ഇവള് കേൾക്കണം..ചന്ദന ഇവിടെ നിൽക്കട്ടെ..നിങ്ങള് രണ്ട് പേരും ഒന്ന് പുറത്തേക്കു ഇറങ്ങിയേ.. " "താൻ ആഞ്ജാപിക്കുമ്പോഴേക്കും അനുസരിക്കലല്ല ഞങ്ങളുടെ പണി.. വല്ലതും പറയാൻ ഉണ്ടേൽ ഞങ്ങളുടെ മുന്നിൽ വെച്ചു മതി.. അല്ലാതെ തന്റെ മുന്നിൽ ഇവളെ ഒറ്റയ്ക്ക് ഇട്ടിട്ടു പോകുന്ന പരിപാടിയില്ല.." "ചിഞ്ചു..വേണ്ടാ..ഈ ചേട്ടന് പറയാൻ ഉള്ളത് പറഞ്ഞിട്ട് പൊയ്ക്കോട്ടേ..ഞങ്ങക്ക് പുറത്ത് നിൽക്കാം..നീ വാ.. " ശ്രുതി ചിഞ്ചുവിന്റെ കയ്യിൽ പിടിച്ചു.. "വേണ്ടാ.. ഞാൻ പറഞ്ഞല്ലോ..

ഞങ്ങടെ മുന്നിന്ന് പറയാൻ പറ്റുന്ന കാര്യം ആണേൽ പറഞ്ഞാൽ മതി.. അല്ലങ്കിൽ വേണ്ടാ..വന്നപോലെ തന്നെ പൊയ്ക്കോട്ടേ..ഞാൻ സത്യം പറഞ്ഞതാ.. ജിത്തു ഏട്ടന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.. എനിക്ക് ഇയാളെ തീരെ വിശ്വാസമില്ല..നേരത്തെ മുന്നും പിന്നും നോക്കാതെ അടിച്ചു.. ഇനിയിപ്പോ ഇവളെ വേറൊന്നും ചെയ്യില്ലെന്ന് ആരു കണ്ടു.. " "ചീ..നിർത്തടീ..നേരത്തെ ഇവൾക്ക് ഇട്ടു കൊടുത്തത് അറിയാതെ ആണെങ്കിൽ ഇപ്പോ ഞാൻ അറിഞ്ഞിട്ടു തരും ഒന്ന്..അത് ഇവൾക്ക് കിട്ടിയത് പോലെ ചെറുതായിട്ടായിരിക്കില്ല.. ഒരു മാസത്തേക്ക് നീ പിന്നെ നിന്റെ ഈ നാവു അനക്കില്ല.അത് വേണ്ടങ്കിൽ ഇറങ്ങടീ പുറത്തോട്ട്.. " ഒരു അലർച്ചയായിരുന്നു അത്.. ശ്രുതി ഒന്നും നോക്കിയില്ല..ഇവിടെ ഇപ്പോ വലുതായി തന്നെ വല്ലതും സംഭവിക്കുമെന്നു ഉറപ്പായതും ചിഞ്ചുവിനെയും വലിച്ചു വെളിയിലേക്ക് ഇറങ്ങി... ചിഞ്ചു അവളുടെ കൈ വിടുവിച്ചു അകത്തേക്ക് തന്നെ കയറാൻ നോക്കിയെങ്കിലും അപ്പോഴേക്കും വസു വാതിൽ വലിച്ചടച്ചിരുന്നു.. എല്ലാം കണ്ടു ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു ചന്ദു.. ചെന്നിയിലൂടെയും കഴുത്തിലൂടെയും വിയർപ്പ് തുള്ളികൾ നേരത്തെ ഒഴുകാൻ തുടങ്ങിയിരുന്നു.. ശ്വാസം പോലും വിടാതെ തന്നെ ഭയത്തോടെ നോക്കി ഇപ്പോ കരയുമെന്ന അവസ്ഥയിൽ നിൽക്കുന്ന ചന്ദുവിനെ കണ്ടു വസുവിനു നന്നായി ചിരി വന്നു.. പക്ഷെ അത് അവൻ വിദഗ്ദമായി മറച്ചു വെച്ചു കൊണ്ടു അവൾക്കു അരികിലേക്ക് നടന്നടുത്തു... തുടരും..

Share this story