മണിവാക: ഭാഗം 13

manivaka

രചന: SHAMSEENA FIROZ

 "എന്റെ അമ്മാ..അമ്മയ്ക്കാ ശരണിനെയോ വരുണിനെയോ കൂട്ടി വന്നാൽ പോരായിരുന്നോ..? ഞാൻ തന്നെ വേണമെന്ന് ഇത്ര നിർബന്ധമെന്തായിരുന്നു..? എനിക്ക് ഇതിലൊന്നും തീരെ ഇന്ട്രെസ്റ് ഇല്ലെന്ന് അമ്മയ്ക്ക് അറിഞ്ഞൂടെ.. മാത്രമല്ല,, ഞാനിപ്പോ ഒന്ന് വന്നു കയറിയതല്ലെ ഉണ്ടാരുന്നുള്ളൂ..അപ്പോഴേക്കും എന്നേം വലിച്ചു കൊണ്ട് വന്നിരിക്കുന്നു..." വസുവിന്റെ മുഖത്ത് താല്പര്യമില്ലായ്മ പ്രകടമായിരുന്നു. "നിന്റെ പേരിൽ നേർന്ന കാര്യമാണ്.അതിന് നീ തന്നെ വരണം..അല്ലാതെ ശരണോ വരുണോ വന്നിട്ട് കാര്യമില്ല.. നിനക്ക് അന്ന് ആക്‌സിഡന്റ് പറ്റിയപ്പോൾ നിന്റെ അച്ഛമ്മ നേർന്നതാണ്..പേരുകേട്ട ഭഗവതിയാണ് ഇവിടെ..വിളിച്ചാൽ വിളിപ്പുറത്താണ്..വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന വിശേഷപ്പെട്ട പൂജ..കഴിഞ്ഞ വർഷമേ നിന്നെ ഇവിടെ പൂജയ്ക്കു കൊണ്ട് വന്നിരുത്തേണ്ടതായിരുന്നു.. അന്ന് നിനക്ക് നിന്റെ ജോലിയും തിരക്കുമൊക്കെയായിരുന്നല്ലോ വലുത്..ഇപ്രാവശ്യം എന്തായാലും ഒഴിവാക്കാൻ പറ്റില്ല..രാവിലെ ഇക്കാര്യം അറിഞ്ഞിരുന്നെങ്കിൽ നീ ഇന്ന് വീട്ടിലേക്കു എത്താൻ പാതിരാത്രി ആകുമെന്ന് എനിക്കറിയാമായിരുന്നു..അത് കൊണ്ടാ മറച്ചു വെച്ചതും വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ നിന്നെ കയ്യോടെ പിടി കൂടിയതും..

പിന്നെ നിന്റെ ഈ താല്പര്യമില്ലായ്മയും ക്ഷീണവുമൊക്കെ അകത്തു കയറി ഒന്ന് തൊഴുമ്പോഴേക്കും മാറിക്കോളും.." "ഓ..ഈ അമ്മ..എവിടെയാ ഒന്ന് വണ്ടി ഒതുക്കുക..എല്ലാടത്തും തിക്കും തിരക്കുമാണല്ലോ.. " "നീ ഇങ്ങനെ മുഖം വീർപ്പിക്കാതെ വസു..ഞാൻ പറഞ്ഞില്ലേ..വിശേഷപ്പെട്ട പൂജയാണ്..എല്ലാ സ്ഥലത്തുന്നുമുള്ള ആൾക്കാരു കാണും..എവിടെയെങ്കിലും ഒതുക്കിയിട്ട് വാ..ഞാൻ അകത്തു കാണും.." പറഞ്ഞിട്ട് രാധിക കാറിൽ നിന്നിറങ്ങി.. "പറയുന്നത് കേട്ടാൽ തോന്നും ഞാൻ അന്ന് ആക്‌സിഡന്റ് ആയി ചാവാൻ കിടക്കുവായിരുന്നെന്ന്..ഒന്ന് വണ്ടി സ്ലിപ് ആയി കാലുളുക്കിയതിനാണോ ഇത്രേം വലിയ നേർച്ചയും പൂജയുമൊക്കെ.." വസു പിറുപിറുത്തു കൊണ്ട് കാർ ആള് ഒഴിഞ്ഞ ഒരു ഭാഗത്തേക്ക്‌ പാർക്ക്‌ ചെയ്തു..കാറിൽ നിന്നിറങ്ങിയ അവൻ എന്തോ കണ്ണിൽ പെട്ടത് പോലെ മുന്നിലേക്ക് തന്നെ നോക്കി..ചുവപ്പും മഞ്ഞയും നിറമുള്ള പഫ് കയ്യുള്ള ധാവണിയണിഞ്ഞു ചന്ദന നടന്നു വരുന്നു..അരയോളം എത്തുന്ന നീളൻ മുടി വിടർത്തിയിട്ടിരിക്കുന്നു..

ആ അലിവൂറും താമര മിഴികൾ നീട്ടി എഴുതിയിരിക്കുന്നു..നെറ്റിയിൽ ഒരു കുഞ്ഞ് വട്ട പൊട്ടു മാത്രം.. മുഖം പതിവിലും ശാന്തം..ചുണ്ടുകളിൽ ചെറു പുഞ്ചിരി..ഇതിനു മുൻപേ രണ്ട് മൂന്നു തവണ അവളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സുന്ദരിയായി കാണുന്നത് ഇതാദ്യമാണെന്ന് ഓർത്തു അവൻ..ഒരു നിമിഷം അവളിൽ തന്നെ മിഴികൾ നട്ടു നിന്നു. "ചേച്ചി നോക്കിയേ..ആ ചേട്ടൻ ഞങ്ങളെ തന്നെ നോക്കുന്നു.. " ചൈതു ചന്ദുവിനോട് പറഞ്ഞു. ഒപ്പം ഒരു ഭാഗത്തേക്ക്‌ കൈ ചൂണ്ടുകയും ചെയ്തു.. ചന്ദു നോക്കുമ്പോൾ കണ്ടു,, തന്നെ നോക്കി നിൽക്കുന്ന വസുവിനെ.. അവളിൽ പതിവ് പരിഭ്രമം ഉടലെടുത്തു.. എന്നാലും അവളതു കഴിവതും മറച്ചു വെച്ചു.അവൾ തന്നെ കണ്ടെന്നു മനസ്സിലായതും വസു കാർ ലോക്ക് ചെയ്തു അവൾക്കു അരികിലേക്ക് നടന്നു.. "ഇതാരാ..? " ചൈതുവിനെ അവൻ സംശയത്തോടെ നോക്കി. "അനിയത്തിയാണ്.. " ചന്ദന മറുപടി നൽകി.. "ആഹാ..എന്താ പേര്..? " ചൈതുവിനോടായിരുന്നു ചോദ്യം.. അവൾ ചൈതന്യയെന്ന് മാത്രം മറുപടി നൽകി ഇതാരാന്നുള്ള അർത്ഥത്തിൽ ചന്ദുവിനെ നോക്കി.. "അനിയത്തിയും ചേച്ചിയെ പോലെത്തന്നെയാണോ..? " അവൻ കളിയായി ചോദിച്ചു.

"ഏയ്‌.. അല്ല.. ഞാൻ എന്റെ ചേച്ചിയെ പോലെ പാവമൊന്നുമല്ല.." ഉടനെ വന്നു ചൈതുവിന്റെ മറുപടി.. "അതാണ്..ഒരിക്കലും ചേച്ചിയെ പോലെ ആകല്ലേ കേട്ടോ..ആരെ കണ്ടാലും പേടിച്ചോടും നിന്റെ ചേച്ചി..വല്ലതും സംസാരിച്ചാലോ യാതൊന്നും മിണ്ടുകയുമില്ല... എന്നാലും എനിക്കിഷ്ടമാ കേട്ടോ ഇങ്ങനെ പാവം പിടിച്ച കുട്ടികളെ.." പറഞ്ഞത് ചൈതുവിനോട് ആണെങ്കിലും വസുവിന്റെ നോട്ടം ചന്ദുവിൽ ആയിരുന്നു..അതും കുസൃതിയായൊരു നോട്ടം..ആ പറഞ്ഞതിന്റെ അർത്ഥം ചന്ദുവിന് മനസ്സിലായില്ല എങ്കിലും ഉള്ളിൽ എവിടെയോ ഒരു വിറയൽ അനുഭവപ്പെട്ടതു അവൾ അറിഞ്ഞു. ഉടനെ തന്നെ അത് കൈകാലുകളിലേക്ക് എത്തുകയും ചെയ്തു.. "ദേ നിന്റെ ചേച്ചി വിറക്കാൻ തുടങ്ങി..നിങ്ങളുടെ അച്ഛൻ ഇവിടെ കാണുമായിരിക്കും അല്ലെ..?ഇനി ഇത്തിരി നേരം കൂടെ നിന്നാൽ നിന്റെ ചേച്ചിക്ക് പേടി പനി പിടിക്കാൻ ചാൻസ് ഉണ്ട്..ചെല്ല് കേട്ടോ.. " വസു മുന്നിൽ നിന്നും മാറി നിന്നു.. വസു ആരാ എന്താന്നൊന്നും അറിഞ്ഞില്ല എങ്കിലും ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചൈതുവിന് വസുവിനെ നന്നായി ബോധിച്ചിരുന്നു.. ഇനിയും കാണാണെ ചേട്ടാന്നും പറഞ്ഞു വസുവിന് നല്ലൊരു ചിരി കൊടുത്തിട്ടാണ് അവൾ പോയത്.. അവര് മുന്നോട്ടു നടന്നിട്ടും വസു പക്ഷെ അവിടെന്ന് അനങ്ങിയില്ല..

എന്തോ..മനസ് പറയുന്നുണ്ടായിരുന്നു ചന്ദന ഒരുവട്ടം തിരിഞ്ഞു നോക്കുമെന്ന്.. സത്യമായിരുന്നു.. കുറച്ചു മുന്നിലേക്ക് എത്തിയ അവൾ തല ചെരിച്ചു പുറകിലേക്ക് നോക്കി.. വസു കുസൃതിയായി അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.. അരുതാത്തതെന്തോ കണ്ടത് പോലെ അവൾ അപ്പൊത്തന്നെ മുഖം വെട്ടിച്ചു മുന്നിലേക്ക് നടന്നു.. "ഇങ്ങനൊരു പെണ്ണ്.. " വസു ചിരി ഒതുക്കി..അമ്മ പറഞ്ഞത് അകത്തു കയറി തൊഴുമ്പോൾ മാറിക്കോളും തന്റെ ക്ഷീണവും താല്പര്യ കുറവുമൊക്കെയെന്നാണ്..പക്ഷെ അതിപ്പോൾ തന്നെ മാറിയിരിക്കുന്നു..അവളാണോ തന്റെ ഉള്ളിലെ പ്രതിഷ്ഠ...?? ഇതാണോ ശരൺ പറയുന്ന പ്രണയമെന്ന വികാരം.. ആണെങ്കിൽ തന്നെ ഈ ചുരുങ്ങിയ കൂടി കാഴ്ചകൾ കൊണ്ട് മാത്രം തന്റെ മനസ്സിൽ ഇത്രേം ആഴത്തിൽ സ്ഥാനം നേടാൻ എന്താണ് അവളിൽ പ്രത്യേകിച്ച് ഉള്ളത്..?? ഇതിനെക്കാളും വലുതായി എത്രയോ പെൺകുട്ടികളെ കണ്ടിരിക്കുന്നു.. ഓർക്കവേ തന്നെ അവന്റെ മനസ്സിലേക്ക് അവളുടെ അലിവൂറുന്ന മിഴികളും ശാന്തമായ മുഖവും കടന്നു വന്നു..

ഒപ്പം തന്നെ 'തന്നെ' കാണുമ്പോൾ അവളിൽ ഉണ്ടാകുന്ന പരിഭ്രമവും.. തനിക്കു സംഭവിക്കുന്ന മാറ്റങ്ങൾ വസു ഒരു പുഞ്ചിരിയോടെ മനസ്സിലാക്കി..താൻ ഇന്നേവരെ അനുഭവിക്കാത്തൊരു സുഖം ഇപ്പോൾ തന്നെ വന്നു പൊതിയുന്നതായി തോന്നി അവന്.. ** പൂജ കഴിയുമ്പോൾ നന്നേ വൈകിയിരുന്നു..തിലക രാമൻ ചന്ദനയെയും ചൈതന്യയെയും പുറത്ത് ആൽത്തറയ്ക്കു സമീപം നിർത്തിയിട്ട് ഒരാളെ കാണാൻ ഉണ്ടെന്നു പറഞ്ഞിട്ട് അമ്പലത്തിനു അകത്തേക്ക് തന്നെ പോയി.. "ചേച്ചി...മാളു..ഞാൻ ഇപ്പോൾ വരാം.. " ചൈതന്യ തന്റെ ഫ്രണ്ട്‌ മാളവികയെ കണ്ടതും അങ്ങോട്ടേക്ക് പോകാൻ ഒരുങ്ങി.. "വേണ്ടാ..അപ്പ ഇപ്പൊ വരും..നിന്നെ കണ്ടില്ലങ്കിൽ എനിക്കായിരിക്കും വഴക്കു കിട്ടുക.." "ഇല്ല ചേച്ചി..അപ്പ വരുമ്പോഴേക്കും ഞാൻ വന്നോളാം.." ചന്ദു വീണ്ടും എന്തെങ്കിലും പറഞ്ഞ് വിലക്കും മുന്നേ അവൾ ഓടി പോയിരുന്നു.. "ഇവളെ കൊണ്ട്.. " ചന്ദു തലയ്ക്കു കൈ കൊടുത്തു..ശേഷം അപ്പ വരുന്നുണ്ടോന്ന് നോക്കി അവിടെത്തന്നെ നിന്നു..പെട്ടെന്നാണ് അവളുടെ കയ്യിലേക്ക് ഒരു പിടി വീണതും അവളെ ആൽത്തറയ്ക്കു പുറകിലേക്ക് വലിച്ചതും.. "ആ.. ആരാ..? " അവൾക്കു ശബ്ദം പോലും പുറത്തേക്കു വന്നില്ല..

ആരെയും കാണാത്തതു കൊണ്ട് പേടിച്ചരണ്ടു നാലു ഭാഗത്തേക്കും നോക്കി..മറുപടിയായി ഒരു കുസൃതി ചിരിയോടെ വസു മുന്നിലേക്ക് വന്നു.. "നി..നിങ്ങളോ...എന്താ..എന്തിനാ ഇങ്ങനെ ചെയ്തത്.." അപ്പോഴും ശ്വാസം നേരെ വീണിട്ടില്ലായിരുന്നു അവൾക്ക്.. ഭയത്തോടെ തന്നെ ചോദിച്ചു. "എന്തിനാ ഏതിനാന്നൊക്കെ അവിടെ നിക്കട്ടെ..നീ എന്താ എന്നെ വിളിച്ചത്..നിങ്ങൾ എന്നോ..?? എനിക്കൊരു പേരുണ്ട്..അത് വിളിയെടീ.. " "എന്താ..? " അവൾ മനസ്സിലാവാതെ ചോദിച്ചു.. "നീയെന്താ ബുദ്ദൂസോ..?? ഇങ്ങോട്ടേക്കായി ഒന്നും ചോദിക്കില്ല..എന്നാൽ അങ്ങോട്ടേക്ക് വല്ലതും പറഞ്ഞാൽ മനസ്സിലാകുമോ..അതുമില്ല.. " അവളൊന്നും മിണ്ടിയില്ല..വെപ്രാളത്തോടെ ആൽത്തറയുടെ ഭാഗത്തേക്ക്‌ നോക്കി.. "നീ ആരെയാ ഈ നോക്കുന്നത്.. " അച്ഛനെയാണെന്ന് അവന് അറിയാമായിരുന്നു..എന്നിട്ടും ചോദിച്ചു.. "അപ്പ..." "എന്താ നിന്റെ അച്ഛനെ ഇങ്ങോട്ട് വിളിക്കണോ..? " "വേ..വേണ്ടാ.. " അവന്റെ ആ ചോദ്യത്തിൽ അവൾ ഞെട്ടിയിരുന്നു.. "പിന്നെന്താ..? " "എനിക്ക് പോകണം.." അവൾ ദയനീയമായി പറഞ്ഞു..

"അതിനെന്താ..പൊയ്ക്കോ.. " അവൻ വഴിമാറി കൊടുത്തു.. അവൾ ദൃതിപ്പെട്ടു പോകാൻ തുടങ്ങിയതും അവൻ മുന്നിലേക്ക് തന്നെ കയറി നിന്നു..അവൾ വല്ലാത്തൊരു അവസ്ഥയോടെ അവന്റെ മുഖത്തേക്ക് നോക്കി..ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവൾ ആകെ വിയർത്തു കുളിച്ചിരുന്നു... "എന്നെ കാണുമ്പോഴുള്ള ഈ നോട്ടം..ഞാൻ അടുത്ത് നിൽക്കുമ്പോഴുള്ള ഈ പരിഭ്രമം.വിറയൽ..ഇതൊക്കെ എന്നെ നിന്നിലേക്ക്‌ അടുപ്പിക്കുന്നു ചന്ദന..ഞാൻ അറിയാതെ തന്നെ എന്റെയുള്ളിൽ നീ ചേക്കേറിയിരിക്കുന്നു.. " കേട്ടതും ചന്ദു ഞെട്ടി തരിച്ചു പോയി..ഒരു നിമിഷം ശ്വാസം പോലും വിടാതെ നിന്നു.. ചിഞ്ചു നേരത്തെ പറഞ്ഞത് ഓർമ വന്നു അവൾക്ക്..എല്ലാം കൂടെയായി ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങി..അവളുടെ തളർച്ചയോടെയുള്ള നിൽപ്പ് കണ്ടു അവന് വല്ലാതെ ചിരി വന്നു.. എന്നാലും ചിരിച്ചില്ല...എന്തെങ്കിലും ഒരു മറുപടിക്കായി അവളുടെ മുഖത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു.. "ഞാൻ...എനിക്ക്... വഴിന്ന് മാറാമോ..? ചൈതു അന്വേഷിക്കും.. അപ്പ വരും ഇപ്പോൾ.. " അവനെയോ അവന്റെ നോട്ടത്തേയോ നേരിടാൻ വയ്യായിരുന്നു അവൾക്ക്..രക്ഷപ്പെടാൻ എന്ന പോൽ ചോദിച്ചു.

"ശെരി..പക്ഷെ പോകുന്നതിനു മുന്നേ ഒരു മറുപടി തന്നിട്ട് പോ..ഇനി ഞാൻ പറഞ്ഞത് മനസ്സിലായില്ല എന്നുണ്ടെങ്കിൽ ഞാൻ ഒന്നൂടെ പറയാം..വേണോ.. " അവൾ വേണ്ടെന്നു തലയാട്ടി.. "എങ്കിൽ പറാ.." താൻ പൂർണമായും തളർന്നു പോകുന്നത് അറിഞ്ഞു അവൾ.ഒരു ആശ്രയത്തിനായി ധാവണി തുമ്പിൽ മുറുകെ പിടിച്ചു.... "ഇപ്പോ പൊയ്ക്കോ..പക്ഷെ നാളെ എനിക്കൊരു മറുപടി കിട്ടണം..ഇന്ന് വൈകുന്നേരം നമ്മള് കണ്ടില്ലേ.. ആ സ്ഥലത്തു ഞാൻ നാളെ കാണും..ഇന്നത്തെ അതേ ടൈമിൽ.. എനിക്കുള്ള മറുപടിയുമായി വന്നാൽ മതി.. " അവളെ ഇനിയും അസ്വസ്ഥത പെടുത്താൻ വയ്യായിരുന്നു.. അവളുടെ അവസ്ഥ നല്ലത് പോലെ മനസ്സിലായ അവൻ അവളെ പോകാൻ അനുവദിച്ചു.. ജീവൻ തിരിച്ചു കിട്ടിയത് പോലെ അവൾ അവിടെന്ന് ഓടി.. അവനൊരു ചിരിയോടെ അവളെ നോക്കി നിന്നു.. ഇനി ഏതായാലും നിന്നെ ഞാൻ വിടില്ല ചന്ദന.. അത്രയ്ക്കും ഈ നെഞ്ചിൽ കയറി പോയി.. ** "ചേച്ചി ഇതെവിടെയായിരുന്നു.. ഞാൻ എവിടൊക്കെ നോക്കി എന്നറിയാമോ..?" ചന്ദനയെ കാണാതെ ചൈതു ആകെ മുഷിഞ്ഞിരുന്നു.

. "ഇവിടെ..ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.." ചന്ദു മുഖത്തെ വിയർപ്പു തുള്ളികൾ ധാവണി തുമ്പാൽ ഒപ്പിയെടുത്തു.. ഒപ്പം തന്നെ തിരിഞ്ഞു ചുറ്റിനും നോക്കി വസു തന്റെ പുറകിലൊന്നും ഇല്ലെന്ന് ഉറപ്പിച്ചു.. "ചേച്ചി ആരെയാ ഈ നോക്കണേ..എന്ത് കോലമാ ഇത്.. ആകെ വിയർത്തു കുളിച്ചിരിക്കുന്നല്ലോ..വല്ലതും കണ്ടു പേടിച്ചോ..? " "പേടിക്കുകയോ..ഇ..ഇല്ലല്ലോ.. അപ്പ എന്ത്യേ..? " "അപ്പയല്ലേ ആ വരുന്നേ..വാ അങ്ങോട്ട്‌ നടക്കാം.. " ചൈതു ചന്ദുവിന്റെ കയ്യിൽ പിടിച്ചു നടന്നു. "ചേച്ചി..നേരത്തെ നമ്മളോട് സംസാരിച്ച ആ ചേട്ടൻ ഏതാ.. ഞാൻ മുൻപ് ഒന്നും കണ്ടിട്ടില്ലല്ലോ.." "അത്.. " ചന്ദന ഒരുനിമിഷം എന്ത് പറയണമെന്ന് ആലോചിച്ചു നിന്നു.. "ഏത്..ചേച്ചിക്കും അറിയില്ലേ.. അപ്പൊ അറിയാത്ത ആളെങ്ങനെയാ നമ്മളോട് വന്നു സംസാരിച്ചത്.. " "അറിയാം..അത് ജിത്തുവേട്ടന്റെ ഫ്രണ്ട്‌ ആണ്.." ചൈതുവിന്റെ ചോദ്യങ്ങൾ ഇപ്പോഴേ ഒന്നും തീരില്ലന്ന് കണ്ടതും ചന്ദു വേഗം പറഞ്ഞു. "ഏത്..ജ്യോതി ചേച്ചിയുടെ ജിത്തു ഏട്ടനോ..?" "മ്മ്..അതുതന്നെ.." അപ്പോഴേക്കും അവർ നടന്നു തിലക രാമന്റെ അരികിൽ എത്തിയിരുന്നു.

.പിന്നെ രണ്ടുപേരും തമ്മിൽ സംസാരം ഉണ്ടായില്ല.. വളരെ ഒതുക്കത്തോടെ അയാൾക്ക്‌ ഒപ്പം നടക്കാൻ തുടങ്ങി.. ചന്ദനയുടെ മനസ് ആകെ അസ്വസ്ഥതമായിരുന്നു.. നേരത്തെ ചിഞ്ചു പറഞ്ഞപ്പോൾ വേണ്ടാത്തത് ഒന്നും പറഞ്ഞുണ്ടാക്കരുതെന്നാ അവളോട്‌ പറഞ്ഞത്..പക്ഷെ അവൾ പറഞ്ഞത് സത്യമായിരിക്കുന്നു.. ഇപ്പോ നടന്നതൊക്കെ അറിഞ്ഞാൽ ചിഞ്ചുവിന് വസുവിനോടുള്ള ദേഷ്യം വർധിക്കും.അത് കൊണ്ട് ഒന്നും പറയണ്ടന്നാണ് ചന്ദന കരുതിയത്. പക്ഷെ ഇന്നുവരെ അവളോട്‌ ഒളിച്ചു വെച്ചതായി ഒരു കാര്യവുമില്ല.. മാത്രമല്ല,, ഈ വെപ്രാളം മാറി കിട്ടണമെങ്കിൽ എല്ലാം അവളോട്‌ പറഞ്ഞേ മതിയാകുള്ളൂ.. വീടെത്തിയതും ചന്ദന നേരെ മുറിയിലേക്ക് കയറിപ്പോയി.. ചിഞ്ചു ഉറങ്ങാതെ അവളെ കാത്തു കിടക്കുകയായിരുന്നു..വന്നോന്ന് ചോദിച്ചു ബെഡിൽ എഴുന്നേറ്റു ഇരുന്നതും ചന്ദന ഉണ്ടായതൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ.. എനിക്ക് അവനെ നല്ല സംശയം ഉണ്ടായിരുന്നു.. " ചിഞ്ചുവിന് വല്യ ഞെട്ടലോ ഭാവ മാറ്റമോ ഒന്നും ഉണ്ടായില്ല..

"ഇനിയിപ്പോ എന്ത് ചെയ്യും..എനിക്ക് ആകെ പേടിയാകുന്നു ചിഞ്ചു.. " "എന്ത് ചെയ്യാൻ..നിനക്ക് അവനെ ഇഷ്ടമാണോ..? ആണെങ്കിൽ ആണെന്ന് പറയണം..അല്ലെങ്കിൽ അല്ലെന്നു പറയണം.." "ചിഞ്ചു..നീ തമാശ വിടു..ഞാൻ കാര്യമായിട്ടാ ചോദിച്ചത്..നിനക്ക് ഈ വക കാര്യങ്ങളൊക്കെ വളരെ നിസ്സാരമാണെന്ന് എനിക്ക് അറിയാം..പക്ഷെ എനിക്ക് അങ്ങനെയല്ല..എന്നെ പ്രേമിച്ചു എന്റെ പുറകെ ഒരാൾ നടക്കുന്നുണ്ടെന്നു അറിഞ്ഞാൽ അപ്പ പിന്നെ എന്നെ പുറം ലോകം കാണിക്കില്ല..എന്റെ പഠിപ്പ് പോലും അവസാനിക്കും.." "ശെരി..നീ ടെൻഷൻ അടിക്കേണ്ട..ഞാൻ അവനെയൊന്നു കാണട്ടെ..നീ ഏതായാലും അവനൊരു മറുപടി കൊടുക്കുന്നത് പോയിട്ട് അവന്റെ മുന്നിൽ നിന്നും നേരാവണ്ണം ഒന്ന് ശ്വാസം പോലും എടുത്തിട്ടുണ്ടാകില്ലന്ന് എനിക്കറിയാം.." "കണ്ടിട്ട് എന്ത് പറയാനാ..? " "അതൊക്കെ അവനെ കണ്ടതിനു ശേഷം തീരുമാനിക്കാം..നീയിപ്പോ വന്നൊന്നു കിടക്ക് ചന്ദു..മനുഷ്യൻമാർക്ക്‌ ഇവിടെ ഉറക്കം വന്നിട്ട് മേലാ.." ചിഞ്ചു ബെഡിലേക്ക് കമിഴ്ന്നു പുതപ്പ് എടുത്തു തല വഴി മൂടി.. ഒന്ന് രണ്ട് മിനിറ്റ് ആയിട്ടും അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് പുതപ്പ് താഴ്ത്തി നോക്കി.. "ഓ..ഇന്നത്തെ ഉറക്കം കളയാൻ നിനക്കിതു മതിയായിരിക്കും അല്ലെ..

അവനെ ഞാനൊന്നു കാണട്ടെ..ലോകത്തു ഇത്രേം പെൺപിള്ളേർ ഉണ്ടായിട്ടും കറക്റ്റ് ആയിട്ട് ഈ പേടി തൊണ്ടിയോട് വന്നു ഇഷ്ടമാണെന്ന് പറഞ്ഞ അവനെ.. " ചിഞ്ചു കലിപ്പ് ആയതും ചന്ദു മാറാനുള്ള വസ്ത്രവും എടുത്തു ബാത്‌റൂമിലേക്ക് കയറി. * "ചന്ദൂ..!!! " ഒരു നിലവിളിയോടെ ചിഞ്ചു ഉറക്കത്തിൽ നിന്നും ഞെട്ടി പിടഞ്ഞെണീറ്റു..ചുവരിലെ ക്ലോക്കിലേക്ക് നോക്കി..ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ടു.പതിനൊന്നു മണി..കിടന്നിട്ടു ഒരു മണിക്കൂർ പോലും തികഞ്ഞിട്ടില്ല.. അതിന് മുന്നേ ഞെട്ടി ഉണർന്നിരിക്കുന്നു..ഇതിപ്പോൾ പതിവായിരിക്കുന്നു എല്ലാ രാത്രിയിലും കഴിഞ്ഞു പോയതൊക്കെ ഓർത്തു കിടക്കുകയും ഒടുക്കം ചന്ദുവിന്റെ മുഖം മനസ്സിലേക്ക് വന്നുള്ള ഈ നിലവിളിയും.. കഴുത്തിലൂടെ വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..ഉടുത്തിരിക്കുന്ന സാരിയുടെ അറ്റം കൊണ്ട് അവളതു തുടച്ചു നീക്കി.. അടുത്ത് കിടക്കുന്ന ഒന്നര വയസുകാരി ശ്രീക്കുട്ടിയെ നോക്കി.. ഭാഗ്യത്തിനു അവളുടെ ഉറക്കം ഞെട്ടിയിട്ടില്ല..തന്നെ പറ്റിച്ചേർന്നു കിടക്കുന്നു..ചിഞ്ചു വാത്സല്യത്തോടെ അവളുടെ തലയിലൂടെ തഴുകി..വീണ്ടും കിടക്കാൻ ഒരുങ്ങിയതും മേശമേലുള്ള ഫോൺ റിങ് ചെയ്തു.. "ഹലോ പപ്പാ..." "മോള് ഉറങ്ങിയില്ലേ ഇതുവരെ..? "

"പപ്പയുടെ മോൾക്ക്‌ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകൾ ആയെന്നു പപ്പയ്ക്ക് അറിഞ്ഞൂടെ..? " "മോളെ.. " എബ്രഹാം വേദനയോടെ വിളിച്ചു.. "ചന്ദു..അവളെവിടെ പപ്പാ..ഉറങ്ങിയോ..? " "മ്മ്..ഉറങ്ങുകയല്ല..മയങ്ങുകയാണ്..പക്ഷെ ആ മയക്കത്തിനു പോലും അല്പായുസാണ്.അപ്പോഴേക്കും അലറി കരയാൻ തുടങ്ങും..അസഹനീയമാണത്.കാണാൻ വയ്യ ചിഞ്ചു..ചില ദിവസങ്ങളിൽ നോർമലായി പെരുമാറുന്നു..അന്നേരമൊക്കെ നിന്നെ കാണണമോന്ന് ചോദിക്കും ഞാൻ..വേണ്ടന്നാണ് മറുപടി പറയുക.." "അല്ലെങ്കിലും ഈ കഴിഞ്ഞ രണ്ടര വർഷങ്ങൾക്കിടയിൽ എപ്പോഴെങ്കിലും അവളെന്നെ കാണണമെന്ന് പറഞ്ഞിട്ട് ഉണ്ടോ പപ്പാ..ഒരുവട്ടമെങ്കിലും കാണാൻ കൂട്ടാക്കിയിട്ടുണ്ടോ.." ഉള്ളിലെ വേദന സഹിക്ക വയ്യാതെ ചിഞ്ചുവിന്റെ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി. "മോള് കരയുവാണോ..? " "ഇല്ല പപ്പാ..കരഞ്ഞിട്ട് എന്തിനാ..കരച്ചിൽ ഒരിക്കലും ഒന്നിനും പരിഹാരമാകില്ലല്ലോ.. എങ്കിലും എന്റെ ചന്ദു.. അവളുടെ ഈ അവസ്ഥയ്ക്കു ഞാൻ... " എത്രയൊക്കെ അടക്കി പിടിക്കാൻ ശ്രമിച്ചുവെങ്കിലും അവൾക്ക് അതിന് സാധിച്ചില്ല..വിതുമ്പൽ ഒരു കരച്ചിലായി പുറത്തേക്കു വന്നു. "ചിഞ്ചു..മോളെ..കരയാതെ.. മോളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് പപ്പയ്ക്കു അറിയില്ല..

മോള് ഏറെ തളർന്നു പോയ ഈ അവസരത്തിലൊന്നും എന്റെ മോൾക്ക്‌ ഒപ്പം നിൽക്കാനോ മോളെ സാന്ത്വനിപ്പിക്കാനോ പപ്പയ്ക്കു കഴിഞ്ഞിട്ടില്ല..കാരണം ആ പഴയ ചന്ദുവിനെ നിനക്ക് വേണമെന്ന നിന്റെ ആവശ്യമായിരുന്നു.. അതിന് മുന്നിൽ.. ചന്ദുവിന്റെ ഈ അവസ്ഥയ്ക്കു മുന്നിൽ എനിക്ക് എന്റെ മോളെ മറക്കേണ്ടി വന്നു.. " "അതിലൊന്നും എനിക്കൊരു വിരോധവുമില്ല പപ്പാ..ഞാൻ ആവശ്യപ്പെട്ടിട്ടില്ല എങ്കിലും അവളെ പഴയ ചന്ദുവായി എനിക്ക് നൽകാൻ പപ്പ പരിശ്രമിക്കുമെന്ന് എനിക്കറിയാമായിരുന്നു...എന്നിട്ടും ഞാൻ വാശി കാണിച്ചത് ഒരു നിമിഷം പോലും പപ്പ എന്നെ ഓർത്തു അവളുടെ കാര്യങ്ങളിൽ അശ്രദ്ധ വരുത്തരുത് എന്ന് കരുതിയാണ്.." "നാളെ ഞങ്ങൾ കൊച്ചിയിലേക്ക് തിരിക്കും..ഇവിടുന്നു വല്യ പുരോഗമനമൊന്നുമില്ല..എല്ലാ കേസിലും നൂറു ശതമാനം വിജയം നേടിയ നിന്റെ പപ്പ ചന്ദുവിന്റെ കാര്യത്തിൽ പരാജയപ്പെടുന്നതു പോലെ..അല്ലെങ്കിലും ശരീരത്തിനേറ്റ മുറിവ് ഉണക്കാൻ മാത്രമേ ഡോക്ടർമാർക്ക് സാധിക്കുകയുള്ളൂ. അതിന് മാത്രമേ കൽക്കട്ട അമേരിക്ക എന്നിങ്ങനെയുള്ള ഉന്നത സ്ഥലങ്ങളിലെ ചികിത്സ ഉപകരിക്കുകയുള്ളൂ.. മനസ്സിനേറ്റ മുറിവ് മാറാൻ നാം ഏറെ സ്നേഹിക്കുന്നവർ നമുക്ക് അരികിൽ വേണം..

ആ മുഖമൊന്നു വേണ്ടുവോളം കാണാൻ കഴിയണം.. അതീവ സ്നേഹം നിറഞ്ഞ അവരുടെ പരിചരണം ലഭിക്കണം.. ജീവിതത്തിൽ ഒറ്റപെട്ടു പോയിട്ടില്ലന്നും ഒന്നും നഷ്ടമായിട്ടില്ലന്നും തോന്നണം. എങ്കിൽ മാത്രമേ തളർന്നു പോയ മനസ്സിന് ഉയർത്തെഴുന്നേൽക്കാൻ സാധിക്കുകയുള്ളൂ.. " "അതെന്തായാലും ഉണ്ടാകില്ല പപ്പാ.. അവളേറ്റവും സ്നേഹിച്ചത് വസുദേവിനെയാണ്..ഇന്നാ മനസ്സിൽ ചന്ദനയില്ല..ആ മനുഷ്യൻ മറ്റൊരുവൾക്ക് സ്വന്തമാണ്.. മറ്റൊരു ജീവിതം ജീവിച്ചു തീർക്കുകയാണ് ഇന്നയാൾ.." ചിഞ്ചുവിന്റെ കണ്ണുകൾ ധാര ധാരയായി പെയ്യുകയായിരുന്നു.. "മോള് വിഷമിക്കണ്ട...പപ്പ ഒരിക്കലും ചന്ദുവിനെ കയ്യൊഴിയില്ല..മോൾക്ക്‌ തന്ന വാക്ക് പാലിച്ചിരിക്കും..എന്ത് വില കൊടുത്തും നിനക്ക് ഞാൻ അവളെ നിന്റെ ചന്ദുവായി തിരികെ നൽകിയിരിക്കും..ഈ ജീവിതത്തിൽ രണ്ടേ രണ്ട് കാര്യങ്ങളാണ് മോളെന്നോട് ആവശ്യപ്പെട്ടത്.. അതിൽ ആദ്യത്തെതു നേടി തരാൻ എനിക്ക് കഴിയാതെ വന്നു..ഇതെങ്കിലും എന്റെ മോൾക്ക്‌ വേണ്ടി സാധിച്ചു നൽകണം പപ്പയ്ക്ക്..." അവൾ മനസ്സറിഞ്ഞു സ്നേഹിച്ച പുരുഷൻ അവളെ മനസ്സിലാക്കിയില്ലല്ലോന്നുള്ളതു ഓർക്കേ തന്നെ എബ്രഹാമിന്റ് കണ്ണുകൾ ഈറനായി..

"എന്നോട് കരയരുതെന്ന് പറഞ്ഞിട്ട് പപ്പ കരയുവാണോ...ചന്ദുവിനെ ഓർത്തു മാത്രമേ ഞാൻ വേദനിക്കുന്നുള്ളൂ..മറ്റൊന്നിലും ഞാൻ ഇന്ന് വേദനിക്കുന്നില്ല പപ്പാ. പപ്പയുടെ മകൾ ഇപ്പോ ഇവിടെ സന്തോഷവതിയാണ്..അറിയാമല്ലോ. പഴയ പോലെയല്ല..പാറുവമ്മയ്ക്കു മാത്രമല്ല ഞാൻ ഇന്ന് ജീവൻ.. തിലകപ്പായ്ക്ക് കൂടിയാണ്.. ഇന്നലെയും കൂടെ പറഞ്ഞു ഞാൻ അവരുടെ സ്വന്തം മകൾ തന്നെയാണെന്ന്.. " "ചൈതന്യ...? " "അവൾ..അവളെന്നോട് മിണ്ടാറില്ല പപ്പാ..ചന്ദുവിനെ പോലെത്തന്നെ അവളും എന്നെ വെറുത്തിരിക്കുന്നു.. " "പപ്പ വെക്കുവാ..നിന്റെയീ ഇടറുന്ന ശബ്ദം കേൾക്കാൻ പപ്പയ്ക്കു ആകുന്നില്ല ചിഞ്ചു.. " മറുപടിക്ക് കാത്തു നിന്നില്ല..എബ്രഹാം കാൾ ഡിസ്‌കണക്ട് ചെയ്തു..കണ്ണുകളിൽ നിന്നും ഉതിർന്ന തുള്ളികളെ പുറം കയ്യാൽ തുടച്ചു എടുത്തു..ചിഞ്ചുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. ഉള്ളം വിങ്ങുകയായിരുന്നു..തലയിണയിലേക്ക് മുഖം അമർത്തി കിടന്നു.. ശ്രീക്കുട്ടി ഉണരാതെ ഇരിക്കാൻ വേണ്ടി വാ പൊത്തി പിടിച്ചു കരച്ചിൽ ഒതുക്കി. ആ കരച്ചിലിനിടയിൽ എപ്പോഴോ മയങ്ങിപ്പോയി....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story