മണിവാക: ഭാഗം 14

manivaka

രചന: SHAMSEENA FIROZ

പിറ്റേ ദിവസം ചന്ദനയെ പ്രതീക്ഷിച്ചു നിന്ന വസുവിന്റെ മുന്നിലേക്ക് വന്നത് ചഞ്ചലയാണ്. അവളെ കണ്ടതും അവന്റെ മുഖമൊന്നു മാറി.. "എന്താ പെട്ടെന്ന് വോൾട്ടേജ് ഡിം ആയിപോയത്.. പ്രതീക്ഷിച്ചതു എന്നെയല്ല.. അല്ലെ..?? " "അല്ല..പ്രതീക്ഷിച്ചതു നിന്നെയല്ല..പക്ഷെ ചന്ദന വരില്ല, പകരം നീയേ വരുകയുള്ളൂന്ന് എനിക്കറിയാമായിരുന്നു.. പിന്നെ മുഖം മങ്ങിയത്..നിന്നെ കാണുമ്പോൾ എന്തെങ്കിലുമൊരു മാറ്റം എന്റെ മുഖത്ത് നീ എക്ഷ്പെക്ട് ചെയ്തു കാണുമല്ലോ.. നിന്നെ നിരാശപെടുത്തണ്ടന്ന് കരുതി..അതിന് വേണ്ടി.. അതിന് വേണ്ടി മാത്രമാണ് എന്റെ മുഖത്തെ തെളിച്ചം ഞാൻ കെടുത്തി കളഞ്ഞത്.." വസു പരിഹാസത്തോടെ പറഞ്ഞു.. "എന്താ തന്റെ ഉദ്ദേശം..? " "എന്താ നിന്റെ ഉദ്ദേശം..സാഗറിനെ വിരട്ടി വിട്ടത് പോലെ എന്നെയും വിരട്ടി വിടാമെന്നോ..? പക്ഷെ നിനക്ക് ആള് മാറിപ്പോയി..സാഗർ അല്ല നിന്റെ മുന്നിൽ നിൽക്കുന്നത്.." "എന്റെ കണ്ണിനു കുഴപ്പമൊന്നുമില്ല..നല്ല പോലെ കണ്ണ് കാണാം..എന്ത് ഭാവിച്ചാ ഇന്നലെ ചന്ദുവിനോട് അങ്ങനൊക്കെ പറഞ്ഞതും പെരുമാറിയതും..

ഒരു പോള കണ്ണടച്ചിട്ടില്ല അവൾ.. തനിക്കറിയില്ല അവളെ.. താൻ കരുതുന്ന പോലൊരു പെണ്ണല്ല അവൾ.. " "ഏതായാലും നിന്നെ പോലെ അല്ലല്ലോ അവൾ..അതുതന്നെ ധാരാളം..ആ ഒരൊറ്റ കാരണം മതി അവളെ പ്രേമിക്കാൻ.. " "ദേ..ഇത്രേം നേരം നല്ല രീതിയിലാ ഞാൻ സംസാരിച്ചത്..വെറുതെ എന്റെ തിരുവായ തുറപ്പിക്കരുത്.. ഞാൻ ചോദിച്ചതിന് വ്യക്തമായ മറുപടി താ..എന്തൊക്കെയാ താൻ അവളോട്‌ പറഞ്ഞത്. ?? " "അപ്പൊ ഒന്നും അറിയാതെയാണോ നീയെന്നെ വിരട്ടാൻ വന്നത്..?? " "തന്നെ ഇന്ന് ഞാൻ.. " അവൾ സഹികെട്ടു രണ്ട് കയ്യും ഉയർത്തി അവന്റെ കഴുത്തിനു പിടിക്കാൻ ഭാവിച്ചു.പക്ഷെ പെട്ടെന്ന് തന്നെ ആത്മ സംയമനം വീണ്ടെടുക്കുകയും ചെയ്തു.. അവളോട്‌ ഇന്നുവരെ തോന്നിയത് ദേഷ്യവും ഇഷ്ട കുറവും മാത്രമാണെങ്കിൽ ഇന്നാദ്യമായി അവളുടെ ആ കളി കണ്ടു അവന് ചിരി വന്നു.. "എന്താടോ ചിരിക്കുന്നേ..തനിക്ക് എല്ലാം തമാശയാണ്..അല്ലെ..?? താൻ ഇഷ്ടം പറഞ്ഞു പുറകെ നടക്കുന്ന എത്രയോ പെൺകുട്ടികളിൽ ഒരുവൾ മാത്രമാണ് ചന്ദുവെന്നു എനിക്ക് മനസ്സിലായി..

അല്ലെങ്കിൽ ഞാൻ ഇതേ കുറിച്ച് ചോദിക്കുമ്പോൾ താൻ ഇത്രേം നിസ്സാര ഭാവത്തോടെ നിൽക്കില്ലായിരുന്നു.." ചിഞ്ചുവിന് ദേഷ്യത്തിനു പുറമെ സങ്കടവും തോന്നാൻ തുടങ്ങിയിരുന്നു..അതൊരു പക്ഷെ ചന്ദുവും ശ്രുതിയും പറഞ്ഞത് പോലെ വസു നല്ലവനാണെന്ന് ഉള്ളിൽ എവിടെയോ കരുതിയത് കൊണ്ടായിരിക്കണം. "എനിക്ക് ചന്ദനയെ ഇഷ്ടമാണ്.. ആദ്യം കണ്ടപ്പോഴേ ഇഷ്ടമായതാണ്.." "അങ്ങനെ ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടാൻ അവളെന്താ വിൽക്കാൻ വെച്ച പാവയോ മറ്റുമാണോ..? " "ഒരു കണക്കിന് ആണല്ലോ..അങ്ങോട്ട്‌ തട്ടി കയറിയാൽ പോലും അവൾ പ്രതികരിക്കില്ല..എന്തിന്.. ശെരിക്കുമൊന്നു ശ്വാസം പോലും വിടില്ല...എനിക്ക് അവളെ കാണുമ്പോൾ ഒരു ഡോളിനെ പോലെത്തന്നെയാണ് തോന്നുന്നത്.." ചന്ദുവിന്റെ മുഖം മനസ്സിലേക്ക് തെളിമയോടെ കടന്നു വന്നതും വസു ഒന്ന് ചിരിച്ചു. "ഇതാ ഞാൻ പറഞ്ഞത്..ഇയാൾക്ക് എല്ലാം തമാശയാണ്..എന്റെ ചന്ദു പാവമാണ്..പാവമെന്നാൽ ഒത്തിരി പാവം..നിങ്ങളുടെ ഒരു തമാശയ്ക്കും അവളെ വിട്ടു തരാൻ ഞാൻ ഒരുക്കമല്ല..ചന്ദു വന്നു കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് അവളോട്‌ ആത്മാർത്ഥ പ്രണയമാണെന്ന്.. ഇതിപ്പോ..." ചിഞ്ചു ബാക്കി പറഞ്ഞില്ല.. "ഇതിപ്പോ..?? "

വസു അവളെ ഉറ്റു നോക്കി.. "ഇതിപ്പോ ഒരു കുന്തമെന്നാ.. എന്താ വേണോ..? " ചിഞ്ചു പല്ല് ഞെരിച്ചു.. അവളുടെ ഓരോ ഭാവവും കണ്ടു വസു ചിരി അടക്കാൻ നന്നേ പാട് പെട്ടു.. ചിഞ്ചുവിനെ സാന്ദ്രയായി തോന്നിച്ചു അവന്.. ഒരു അനിയത്തി ഇല്ലാത്തതിന്റെ കുറവ് നികന്നത് സാന്ദ്രയിലൂടെയാണ്..അവളുടെ എല്ലാ കുറുമ്പുകളും ആസ്വദിച്ചിട്ടേയുള്ളൂ. സണ്ണിയേക്കാൾ ഏറെയായി എല്ലാത്തിനും അവൾക്ക് ഒപ്പം നിന്നിട്ടേയുള്ളൂ..പിന്നെന്തു കൊണ്ട് തനിക്ക് ഇവളെ ആദ്യം ഉൾകൊള്ളാൻ കഴിഞ്ഞില്ല..എന്തിന് ശരണിനോട് ഇവളെ പറ്റി കുറ്റം മാത്രം പറഞ്ഞു..ഉള്ളിൽ എവിടെയോ ചിഞ്ചുവിനോട് ഒരു അനിയത്തിയോടെന്ന പോൽ വാത്സല്യം നിറയുന്നത് വസു അറിഞ്ഞു. "കൊറേ നേരമായല്ലോ താൻ ഇങ്ങനെ എന്റെ മുഖത്തോട്ട് നോക്കി നിൽക്കുന്നു.. അവസാനമായി ഒരു കാര്യം പറഞ്ഞേക്കാം.. മേലിൽ ഇനി എന്റെ ചന്ദുവിനെ ശല്യപ്പെടുത്തിയേക്കരുത്.. " "ശല്യം ചെയ്യുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ..അതിന് മുന്നേ നീയൊന്നു പറഞ്ഞല്ലോ.. നീ കരുതി എനിക്ക് അവളോട്‌ ആത്മാർത്ഥ പ്രണയമാണെന്ന്.. ആണെങ്കിൽ തന്നെ ഞാൻ അവളെ പ്രണയിക്കുന്നത് നിനക്ക് ഇഷ്ടപ്പെടുമോ..?? തിരിച്ചു എന്നെ സ്നേഹിക്കാനോ പ്രണയിക്കാനോ നീ അവളെ അനുവദിക്കുമോ..?

കാരണം നിനക്ക് എന്നെ ഇഷ്ടമല്ലല്ലോ..? അറിഞ്ഞിടത്തോളം നീ വേണ്ടാന്ന് പറഞ്ഞത് ഒന്നും അവൾ വേണമെന്ന് പറഞ്ഞിട്ടില്ല.. അവളുടെ അച്ഛന്റെ ഇഷ്ടങ്ങൾക്ക് അവളെത്രത്തോളം പ്രാധാന്യം കൊടുക്കുന്നുവോ അത്രത്തോളം തന്നെ അവൾ നിന്റെ ഇഷ്ടങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്..." "സത്യമാ..സ്വന്തം ഇഷ്ടങ്ങളെക്കാൾ പ്രാധാന്യം നൽകുന്നത് അവളെന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കുമാണ്.. പക്ഷെ മറ്റൊരു കാര്യമുണ്ട് അവിടെ.. പ്രാധാന്യം നൽകാനേ അവൾക്ക് കഴിയാറുള്ളൂ. അവളുടെ അപ്പയോടുള്ള ഭയം കാരണം ഒന്നും നിറവേറ്റി തരാൻ അവൾക്ക് കഴിയാറില്ല.. പിന്നെ ചോദിച്ചല്ലോ..എനിക്ക് ഇയാളെ ഇഷ്ടമല്ലല്ലോ എന്ന്..എനിക്ക് അങ്ങനെ ഇഷ്ട കുറവ് ഒന്നുമില്ല. എന്തിനാ ചന്ദുവിനെ അടിച്ചത്.. അത് കൊണ്ടല്ലേ എനിക്ക് ദേഷ്യം വന്നത്.. എന്റെ ചന്ദുവിനെ ആരും വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല.. അതിനി അവളെ എത്ര തന്നെ സ്നേഹിക്കുന്നു എന്ന് പറയുന്ന ആളായാലും.. സാഗറിനെ ഞാൻ വിരട്ടി വിട്ടത് അവൻ ചന്ദുവിന് ചേരില്ലന്നത് കൊണ്ടാണ്.. ചന്ദുവിനെ കല്യാണം കഴിക്കാൻ പോകുന്നവന് എല്ലാവിധ ഗുണങ്ങളും വേണം..ഏറ്റവും കൂടുതലായി അവളെ ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ കെയർ ചെയ്യാനും സന്തോഷിപ്പിക്കാനും സ്നേഹിക്കാനുമുള്ള കഴിവ്..

അതാണ് ഏറ്റവും വലുതായി വേണ്ടത്.. അതിനർത്ഥം അവൾക്ക് ഇന്നുവരെ സ്നേഹവും സംരക്ഷണവും കിട്ടിയിട്ടില്ലന്നല്ല.. ഉണ്ട്.. അവളുടെ അച്ഛൻ അവളെ ഒരുപാട് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.. പക്ഷെ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.. ഒരു സാധാരണ പെൺകുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു എൻജോയ്മെന്റ്റും അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. എന്റെ പപ്പ എന്നെ എല്ലാടത്തും കൊണ്ട് പോകും.. ഈ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ഞാൻ കാണാത്തതോ പോകാത്തതോ ആയിട്ടുള്ള സ്ഥലങ്ങളില്ല.. ഞാൻ കഴിക്കാത്ത ഭക്ഷണങ്ങൾ ഇല്ലാ.. ഞാൻ അണിയാത്ത വസ്ത്രങ്ങൾ ഇല്ല.. പക്ഷെ എന്റെ ചന്ദു..അവൾക്ക് എല്ലാത്തിനും നിയന്ത്രണങ്ങളാണ്..അവളുടെ ഉള്ളിലും കാണില്ലേ ആഗ്രഹങ്ങൾ..??ഞാനും എന്റെ പപ്പയും എത്ര തന്നെ നിർബന്ധിച്ചാലും ഞങ്ങൾക്ക് ഒപ്പം ഒരിടത്തേക്കും വരില്ല അവൾ.. അവളുടെ അച്ഛനെ ഭയന്നിട്ടാണ്.. അച്ഛനു വേണ്ടി എല്ലാ ആഗ്രഹങ്ങളും സന്തോഷങ്ങളും മറച്ചു വെക്കുകയാണ് അവൾ.. ഒരു നല്ല മകൾ ആവനാണ് താൻ എന്നും ആഗ്രഹിക്കുന്നതെന്ന് പറയുന്നു അവൾ..

എന്നാലും ആ മനസ്സിൽ അതിനപ്പുറം മറ്റു പലതും കാണില്ലേ..അറിയില്ല..ചോദിക്കുമ്പോഴോക്കെ ഇല്ലെന്നാണു പറയാറ്.." വസു ഒരു അപരിചിതനാണെന്ന് പോലും ഓർത്തില്ല അവൾ.. ചന്ദുവിനെ കുറിച്ച് പറയുമ്പോൾ ഉള്ളിലുള്ളതെല്ലാം പുറത്തേക്കു വന്നു.. വസു ഒന്നും മിണ്ടിയില്ല.. ഒരുനിമിഷത്തേക്ക് മൗനം പാലിച്ചു.. ശേഷം ചോദിച്ചു.. "നീയിപ്പോൾ പറഞ്ഞ ഗുണങ്ങളൊന്നും നീ എന്നിൽ കാണുന്നില്ലേ..? അവളെ വിവാഹം കഴിക്കാൻ ഞാൻ യോഗ്യനല്ലെ..?? " "അങ്ങനെ ഫുൾ ക്വാളിറ്റി ഒന്നുമില്ല.. എന്നാലും അഡ്ജസ്റ്റ് ചെയ്യാം.. " അവൾ പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ വസു കടുപ്പിച്ചു നോക്കി.. മറുപടിയായി അവൾ ഇളിച്ചു കാണിച്ചു.. "ഞാൻ ഉറപ്പ് തരാം.. ഈ ലോകത്തു മറ്റാരേക്കാളും കൂടുതലായി അവളെ സ്നേഹിക്കാൻ എനിക്ക് കഴിയും.. നീ പറഞ്ഞത് പോലെയല്ല.. അതിനേക്കാളും ഏറെയായി സന്തോഷം നൽകിക്കോളാം.. എല്ലാവിധ സ്വാതന്ത്ര്യങ്ങളും കൊടുത്തോളാം..ജീവിത കാലം മുഴുവനും ഈ കൈ വെള്ളയിൽ കൊണ്ട് നടന്നോളാം.. " "എന്താ ഉറപ്പ്..എങ്ങനെ ഞാൻ നിങ്ങളെ വിശ്വസിക്കും.. "

"നിനക്ക് വിശ്വാസം ഇല്ലെന്ന് കരുതി എനിക്ക് എന്റെ പ്രണയം ഉപേക്ഷിക്കാൻ കഴിയില്ല..ഞാൻ ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണാണ്.. ഈ നെഞ്ചിൽ ആദ്യമായി പതിഞ്ഞ മുഖം.. അതിനി മായിച്ചു കളയാൻ എനിക്ക് കഴിയില്ല.. അതിന് ഞാൻ ഒരുക്കമല്ല...കാത്തിരിക്കും എന്റെ പ്രണയം അവൾ സ്വീകരിക്കുന്നത് വരെ..അവൾ എനിക്ക് സ്വന്തമാകുന്നത് വരെ.. അതിനി എത്ര കാലമായാലും.. " ദൃഡമായിരുന്നു അവന്റെ ശബ്ദം. "മതി..വിശ്വാസമായിരിക്കുന്നു.. എന്റെ ചന്ദുവിന് ഇനി നിങ്ങളെക്കാൾ യോഗ്യനായ മറ്റൊരാളെ കിട്ടാനില്ല...അവൾ ഒരിക്കലും പ്രേമിക്കാൻ നിന്ന് തരില്ല..ഞാൻ പറയാതെ തന്നെ അറിയാമല്ലോ നിങ്ങൾക്ക്..ആദ്യം അവളുടെ മനസ്സിൽ കയറി പറ്റൂ.. ബാക്കിയൊക്കെ പിന്നീട് നോക്കാം.. എന്തിനും ഞാനുണ്ട് കൂടെ.. " "അപ്പൊ നമ്മൾ തമ്മിൽ ഇനി ഉടക്ക് വേണ്ടാ..ഫ്രണ്ട്സ്.. " വസു പുഞ്ചിരിയോടെ അവൾക്ക് നേരെ കൈ നീട്ടി.. "വേണ്ടാ..എനിക്കൊരു സഹോദരനെ മതി..ചന്ദുവിനെ സ്നേഹിക്കുന്നതിൽ നിന്നും ഒരല്പം സ്നേഹം എനിക്കും തരൂ.. ഒരു അനിയത്തിയോടെന്ന പോലെ.. എന്റെ ഏറ്റവും വല്യ ആഗ്രഹമായിരുന്നു എനിക്ക് ഒരു ഏട്ടൻ വേണമെന്ന്..അതിന്റെ കുറവ് എന്റെ പപ്പ എന്നെ അറിയിച്ചിട്ടില്ല..എന്റെ അമ്മയുടെ കുറവ് പോലും അറിയിച്ചിട്ടില്ല..

എന്നാലും ജിത്തു ഏട്ടൻ ജ്യോതിയെ സ്നേഹിക്കുന്നതും അവളോട്‌ തല്ലു കൂടുന്നതുമൊക്കെ കാണുമ്പോൾ അറിയാതെ കൊതിച്ചു പോകും അങ്ങനൊരു ചേട്ടൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന്.." "അതിനെന്താ..ചന്ദന നിന്റെ സഹോദരിയല്ലേ..അവളുടെ അനിയത്തി എന്റെയും അനിയത്തിയല്ലേ..അല്ലേലും നിന്നെ പോലെ ഒരു അനിയത്തി ഉണ്ടെന്നു പറയുന്നത് തന്നെ ഒരു അഭിമാനമല്ലേ.. " വസു വാത്സല്യത്തോടെ ചിഞ്ചുവിനെ ചേർത്ത് പിടിച്ചു.. "മ്മ്..വേണ്ടാ വേണ്ടാ..ചേച്ചിയെ സെറ്റ് ആക്കാൻ വേണ്ടി അനിയത്തിയെ സോപ് ഇട്ടു കയ്യിൽ നിർത്തുന്ന ഈ ഏർപ്പാട് ഒന്നും വേണ്ടാ..ആദ്യം ഞാൻ പറഞ്ഞത് പോലെ അവളുടെ മനസ്സിൽ കയറി പറ്റാൻ നോക്ക്.. ഞാൻ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞതിന്റെ അർത്ഥം അവളുടെ മനസ്സിലേക്ക് ഞാൻ നിങ്ങളെ തള്ളി കയറ്റാമെന്നല്ലാ..നിങ്ങക്ക് ആവശ്യമുള്ള അല്ലറ ചില്ലറ സഹായങ്ങൾ ചെയ്തു തരാമെന്നാണ്.." അവൾ വസുവിന്റെ കൈ വിടുവിച്ചു മാറി നിന്നു.. "എന്നാൽ ശെരി.. നീ അവളുടെ ഫോൺ നമ്പർ ഇങ്ങ് താ..? " "അതൊക്കെ തരാം..ബട്ട്‌ കൂടുതൽ വിളിച്ചു ഡിസ്റ്റർബ് ചെയ്യരുത്.. ടെൻഷൻ കയറി അവൾക്ക് വല്ലതും സംഭവിച്ചു പോകും..പിന്നെ പ്രേമിക്കാനും കെട്ടാനും അവള് കാണില്ല..മാത്രമല്ല,,

ഇപ്പോ ഞാനും നിങ്ങളും തമ്മിൽ ഇങ്ങനൊരു സമാധാന ഉടമ്പടി ചേർന്നതും അവൾ അറിയാൻ പാടില്ല.. അവൾക്ക് മുന്നിൽ നിങ്ങൾ എന്റെ ശത്രുവാണ്.. " പറഞ്ഞിട്ട് ചിഞ്ചു ചന്ദുവിന്റെ ഫോൺ നമ്പർ കൊടുത്തു.. "നിങ്ങളുടെ നമ്പർ താ..എനിക്ക് എന്തേലും ആവശ്യം വന്നാലോ..? " ചിഞ്ചു ചോദിച്ചപ്പോൾ വസുവും തന്റെ നമ്പർ പറഞ്ഞു കൊടുത്തു.. സേവ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ചിഞ്ചുവിന് കാര്യം കത്തിയത്.. "അല്ല..പേരെന്താ..? " "ആരുടെ..? " വസു അവളെ സംശയിച്ചു നോക്കി.. "വേറെ ആരുടേയാ..? നിങ്ങളുടെ തന്നെ.." കേട്ടതും വസു പൊട്ടിച്ചിരിച്ചു പോയി.. "നിങ്ങളുടെ പേരെന്താ അത്രക്കും മോശമാണോ..? അല്ല ഇങ്ങനെ നിന്ന് കിണിക്കുന്നത് കൊണ്ട് ചോദിച്ചതാ.." ചിഞ്ചു മുഖം തിരിച്ചു.. "പിന്നെ നിന്റെ ചോദ്യം കേട്ടാൽ ചിരിക്കാതെ നിക്കുമോ..? സ്വന്തം ഏട്ടനായി അംഗീകരിച്ചു..

എന്നിട്ടവൾക്ക് എന്റെ പേര് അറിയില്ലന്ന്.. പിന്നെ നീ എന്ത് അറിഞ്ഞിട്ടാ ഇത്രേം നേരം ചറ പറാന്ന് വായിട്ടലച്ചോണ്ട് നിന്നത്.. " വസു വീണ്ടും ചിരിക്കാൻ തുടങ്ങി.. "എന്നാൽ ഇങ്ങനെ ചിരിച്ചോണ്ട് നിന്നോ.. ഞാൻ പോകുവാ..ലേറ്റ് ആയാൽ ചന്ദു ടെൻഷൻ അടിക്കും..പ്രത്യേകിച്ച് വഴിയിൽ നിങ്ങൾ ഉണ്ടാകുമെന്നു അറിയാവുന്നത് കൊണ്ട്... ഞാൻ നിങ്ങളോട് ഉടക്കി കാണുമെന്നു കരുതിയിട്ട്.. " "ഇനി പേര് പറയാത്തതിന്റെ പേരിൽ നീ ഉടക്കണ്ടാ.. വസു.. വസുദേവ്.. വസുദേവ് നായർ.. നീ വസു എന്ന് സേവ് ചെയ്തോ.. എല്ലാരും അങ്ങനെയാ വിളിക്കുക.." "മ്മ്..അപ്പൊ എന്നെ ചിഞ്ചു എന്ന് വിളിച്ചോ.." "അറിയാം..ചിഞ്ചു എന്നത് വിളിപ്പേര്..ഒറിജിനൽ നെയിം ചഞ്ചല എലിസബത്ത് എബ്രഹാം.. " "എങ്ങനെ അറിയാം.."...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story