മണിവാക: ഭാഗം 25

manivaka

രചന: SHAMSEENA FIROZ

 "അപ്പോൾ അവൾ നിന്നെ കാണാറില്ലേ..? " "ഉണ്ടല്ലോ..അവളുടെ ഉള്ളിൽ എവിടെയോ എന്നോട് പ്രണയം തോന്നി തുടങ്ങിയിട്ടുണ്ടെടാ.. അല്ലെങ്കിൽ എന്തിന് എല്ലാ വൈകുന്നേരവും അവളുടെ കണ്ണുകൾ എന്നെ തിരയുന്നു.. ഞാൻ മറഞ്ഞു നിൽക്കുക ആണെങ്കിൽ പ്രതീക്ഷിച്ചതെന്തോ കാണാൻ കഴിയാത്തതിന്റെ വേദന ഞാനാ കണ്ണുകളിൽ കാണാറുണ്ട് ശരൺ.. " "ഓ പിന്നെ..പ്രണയം തലയ്ക്കു പിടിച്ചാൽ എല്ലാരും പറയുന്നതാണ് ഇതൊക്കെ.. ഓർമ്മയുണ്ടോ നിനക്ക്..ഞാൻ ചിഞ്ചുവിന്റെ കാര്യം പറഞ്ഞപ്പോൾ നീ എന്നെ കളിയാക്കിയത്.. എന്തൊരു കഷ്ടമാണ്,, ഈ ശല്യം ഇന്നും ഉണ്ടോ എന്നായിരിക്കും അവൾ നോക്കുന്നതിന്റെ അർത്ഥം.. അങ്ങനെയും ചിന്തിക്കാമല്ലോ.. " "നീ പോടാ തെണ്ടി..ഞാൻ തന്നത് ഒക്കെ എനിക്ക് തന്നെ തിരിച്ചു തരുകയാണല്ലേ.. " "അല്ലാണ്ട് പിന്നെ..നിനക്ക് ഇവിടെ സുഖവും സന്തോഷവും സ്വപ്നം കാണലും..എന്റെ വേദന നീ അറിയുന്നുണ്ടോ..? " "ഉണ്ട്..പക്ഷെ എനിക്കെന്തു ചെയ്യാൻ കഴിയുമെടാ..നിന്നെ ഇഷ്ടമല്ലാത്ത ഒരു പെണ്ണിനോട് നിന്നെ സ്നേഹിക്കണമെന്നു ആവശ്യപെടാൻ പറ്റുമോ എനിക്ക്.. ഇപ്പോൾ അവളെന്റെ അനിയത്തിയാണെന്നതു നേരാ.. പക്ഷെ അതിനപ്പുറം സ്വന്തമായ ഇഷ്ടങ്ങളും അഭിപ്രായങ്ങളും നിലപാടുമൊക്കെയുള്ള ഒരു പെൺകുട്ടിയാണ് അവൾ..

അതിൽ കൈ കടത്താൻ എനിക്ക് ആകില്ല..അതിപ്പോ നിനക്ക് വേണ്ടിയല്ല,,ആർക്കു വേണ്ടിയായാലും..പിന്നെ അവൾ സ്നേഹിക്കുന്നവന് അവളോട്‌ അതേ ഇഷ്ടവും താല്പര്യവും ഉണ്ടെന്നും ആ പ്രണയം സ്വന്തമാക്കാൻ അവൾ എന്റെ സഹായം തേടുകയുമാണെന്നും ഇരിക്കട്ടെ.. എങ്കിൽ ഉറപ്പായും ഞാൻ അവളെ സഹായിക്കും..കാരണം അനിയത്തിയുടെ ആഗ്രഹം നിറവേറ്റി കൊടുക്കേണ്ടതു ഒരു ഏട്ടന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു..ചിഞ്ചുവിനോട് എനിക്ക് ഇന്ന് അത്ര കണ്ടു സ്നേഹവും വാത്സല്യവുമുണ്ട് ശരൺ.. നീ വെറുതെ അവൾക്ക് വേണ്ടി നിന്റെ ടൈം കളയരുത്..അത് ചിലപ്പോൾ അവൾക്കും വേദനയായിരിക്കാം.." "ഞാൻ പറഞ്ഞല്ലോ വസു..അവൾക്ക് ഒരിക്കലും അവളുടെ പ്രണയം കിട്ടരുത് എന്ന് ഞാൻ ആഗ്രഹിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യില്ല.. പക്ഷെ കാത്തിരിക്കും..അവളുടെ കല്യാണം കഴിയുന്നത് വരെ.. അതെന്തിനെന്ന് ചോദിക്കരുത് എന്നോട്..നിനക്ക് ചന്ദന എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം തന്നെ പ്രിയപ്പെട്ടതാണെടാ എനിക്ക് ചിഞ്ചു..അതൊക്കെ പോട്ടെ..

നീ എന്താ ആന്റിയോട് ചന്ദനയുടെ കാര്യം പറയാത്തത്..? ആന്റി നിനക്ക് ഇവിടെ പിടിപ്പതു പെണ്ണ് ആലോചിക്കുന്ന തിരക്കിലാണ്.. ആളെ നിനക്കറിയാം..ഒരുവട്ടം ഞാൻ സൂചിപ്പിച്ചിരുന്നു.. " "ആര്..സാന്ദ്രയോ..? " വസു സംശയത്തോടെ ചോദിച്ചു. "യെസ്... " ശരൺ ചിരിക്കാൻ തുടങ്ങി.. "ഈ അമ്മ.. " "അതേടാ..അമ്മ തന്നെയാ.. എന്താ അവൾക്കൊരു കുറവ്..സാന്ദ്ര മോളെ ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്..അവൾ നമ്മുടെ കൂട്ടരല്ലന്നത് മാത്രമാണ് ആകെയൊരു പ്രശ്നം..പക്ഷെ അത് ഒരു കുറവായോ പ്രശ്നമായോ ഞാൻ കാണുന്നില്ല..നിന്റെ അച്ഛനും പറഞ്ഞു പ്രശ്നമില്ലന്ന്. പിന്നെ കുടുംബക്കാർ.. അവരുടെ വായ അടപ്പിക്കാൻ എനിക്കറിയാം.. ജാതിയിലും മതത്തിലുമൊന്നും ഒരു കാര്യവുമില്ല..സ്വാഭാവത്തിലും പെരുമാറ്റത്തിലും മനശുദ്ധിയിലുമൊക്കെയാണ് കാര്യം.. അത് സാന്ദ്ര മോൾക്ക്‌ ആവോളമുണ്ട് താനും.. അല്പം കുറുമ്പിയാണ്.. അത് വീട്ടിലെ ഇളയ കുട്ടി ആയത് കൊണ്ടാണ്.. അല്ലാതെ നല്ല അനുസരണയും അടക്കവും ഒതുക്കവുമൊക്കെയുള്ള മോളാണ്..

സണ്ണി എങ്ങനെയാ അവളെ വളർത്തിയിരിക്കുന്നതെന്ന് നിനക്ക് അറിയാത്തതു ഒന്നുമല്ലല്ലോ.. " "എന്റെ അമ്മാ..അമ്മ പറഞ്ഞു പറഞ്ഞു ഇതെങ്ങോട്ടാ പോണേ.. സാന്ദ്ര നല്ല കുട്ടി ആണെന്ന് എനിക്കറിയാം..പക്ഷെ അതുകൊണ്ട് മാത്രം ആയില്ലല്ലോ.. എനിക്ക് അവളോട്‌ അങ്ങനൊരു ഇഷ്ടം തോന്നണ്ടേ..സണ്ണിയുടെ കുഞ്ഞനിയത്തിയാണ് അവൾ.. ഞാനും അവളെ അങ്ങനെ കണ്ടിട്ടുള്ളു..ഒരു അനിയത്തിയോടുള്ള വാത്സല്യത്തിനും സ്നേഹത്തിനും അപ്പുറം മറ്റൊന്നുമില്ല എനിക്ക് അവളോട്‌..എന്റെ മനസ്സിൽ ഒരാളുണ്ട് അമ്മ.. ഞാൻ സ്നേഹിക്കുന്നത് അവളെയാണ്.. നമുക്ക് എന്തിനാ ഒരു നസ്രാണി കൊച്ചിനെ.. നല്ലൊരു ഹിന്ദു കൊച്ചിനെ തന്നെ തരില്ലേ ഞാൻ എന്റെ അമ്മയ്ക്ക്..ചന്ദനയെന്നാ പേര്..ചന്ദന അയ്യർ.." അവൻ ഫോൺ ഗാലറി ഓപ്പൺ ചെയ്തു ചിഞ്ചു അയച്ചു തന്നതിൽ നിന്നും ചന്ദുവിന്റെ ഒരു ഫോട്ടോ രാധികയ്ക്ക് കാണിച്ചു കൊടുത്തു..രാധികയുടെ മിഴികൾ ആ ഫോട്ടോയിലൂടെ ഒന്ന് ശെരിക്കും ഓടി നടന്നു.. മുഖത്ത് അതിയായ നിഷ്കളങ്കത.. കണ്ണുകളിൽ ശാന്തത..ചുണ്ടുകളിൽ ചെറു പുഞ്ചിരി..നെറ്റിയിൽ ഒരു കുഞ്ഞു വട്ട പൊട്ടും നീട്ടി വരച്ച ചന്ദന കുറിയും.. അരയൊപ്പമെത്തുന്ന നീളൻ മുടി.. പച്ചയും മഞ്ഞയും നിറത്തിലുള്ള പട്ടു പാവാടയാണ് വേഷം..

ശെരിക്കു പറഞ്ഞാൽ ഒരു ശാലീന സുന്ദരി..ഒറ്റ നോട്ടത്തിൽ തന്നെ ആരുടെയും മനം കീഴടക്കും.. രാധികയുടെ കണ്ണുകളും മനസ്സും ഒരുപോലെ നിറഞ്ഞു.. സമ്മതമെന്നോണം ചുണ്ടുകൾക്കിടയിൽ ഒരു ചിരി സ്ഥാനം പിടിച്ചു..വസുവിനും ശരൺനും അത് കണ്ടു സന്തോഷം തോന്നി..വസു അപ്പോൾത്തന്നെ രാധികയുടെ മടിയിലേക്ക് വീണു വയറിലൂടെ വട്ടം ചുറ്റി പിടിച്ചു പറഞ്ഞു.. "താങ്ക് യൂ അമ്മ..എനിക്ക് അറിയാമായിരുന്നു അമ്മ എതിര് പറയില്ലന്ന്.. " "എനിക്ക് എതിർപ്പ് ഒന്നുമില്ല.. അതുപോലെ തന്നെ നിന്റെയും വരുണിന്റെയും ഒരു സന്തോഷത്തിനും നിങ്ങളുടെ അച്ഛനും ഇതുവരെ ഒരു തടസ്സവും പറഞ്ഞിട്ടില്ല..പക്ഷെ ഇത്... ഒരു അയ്യർ ഫാമിലി എന്നൊക്കെ പറയുമ്പോൾ.. അവർക്ക് അവരുടെതായ ചിട്ടാ വട്ടങ്ങൾ ഒക്കെ കാണില്ലേ വസു.. " "അമ്മ തന്നെയല്ലേ അല്പം മുൻപ് പറഞ്ഞത് ജാതിയിലും മതത്തിലുമൊന്നും ഒരു കാര്യവുമില്ലന്ന്.. പിന്നെന്താ.. " "അത് ഇവിടുത്തെ കാര്യമാണ് പറഞ്ഞത്..എല്ലാരും അതേ മനോഭാവവും കാഴ്ചപ്പാടും ഉള്ളവരാവാണമെന്നില്ലല്ലോടാ.. "

"അത് ശെരിയാ ആന്റി.. അവളുടെ അച്ഛൻ ഒരു മൂരാച്ചി ആണെന്നാ കേട്ടത്.. " "നീ പോടാ.. വെറുതെ എന്റെ ആത്മ വിശ്വാസം കളയാൻ വേണ്ടിട്ട്... എനിക്കറിയാം എന്ത് വേണമെന്നൊക്കെ..വസുദേവിനു ഈ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ചന്ദന മാത്രം ആയിരിക്കും..അവളെ കൂടെ കൂട്ടാനുള്ള വഴികളൊക്കെ എനിക്കറിയാം.. " "അല്ല..ഇതേതാ വേറൊരു കുട്ടി..ഇരട്ടയാണോ അവൾ.. " രാധിക ചന്ദനയുടെ ഓരോ ഫോട്ടോസും നോക്കുകയായിരുന്നു.. പെട്ടെന്നാണ് ചന്ദുവും ചിഞ്ചുവും പരസ്പരം പുണർന്നു നിൽക്കുന്ന ഒരു ഫോട്ടോ കണ്ണിൽ ഉടക്കിയത്.. രാധിക അത്ഭുതത്തോടെ വസുവിനെ നോക്കി.. "ഇരട്ടയൊന്നുമല്ല അമ്മ..ചന്ദനയുടെ ചിറ്റയുടെ മകളാണ് മറ്റേത്..ഒറ്റ നോട്ടത്തിൽ ഇരട്ടകൾ ആണെന്ന് തോന്നിക്കും..പക്ഷെ അടുത്ത് നിന്നു കാണുമ്പോൾ നല്ല വ്യത്യാസമുണ്ട്.. ഇവളുടെ പേര് ചഞ്ചല എന്നാണ്.. ആ വേറൊരു കാര്യം കൂടെയുണ്ട്.. അമ്മയുടെ ഈ അനന്തരവന് ഒരു നോട്ടമുണ്ട്..അന്ന് അമ്മ ചോദിച്ചില്ലേ ഒരു ചുറ്റിക്കളിയുടെ കാര്യം..അത് ഇവളാണ്.. " വസു ശരൺനെ നോക്കി ചിരി അമർത്തി.. "പോടാ പട്ടി..ശവത്തിൽ കുത്തുന്നോ..എനിക്കിഷ്ടമാണെന്നതു നേരാ ആന്റി.പക്ഷെ അവൾക്ക് വേറെ അഫയർ ഉണ്ട്.. "

"പരസ്പരം സ്നേഹത്തോടെ കഴിയുന്ന സഹോദരിമാരു ഒരേ കുടുംബത്തിലേക്ക് കയറി വന്നാൽ നന്നാകുമായിരുന്നു..അവർക്ക് ഇടയിലുള്ള സ്നേഹവും സന്തോഷവും അവർ കയറി ചെല്ലുന്ന വീടുകളിലും ഉണ്ടാകുമത്രേ..പക്ഷെ ഇവിടെ ഈ കുട്ടിക്ക് വേറെ ഇഷ്ടം ഉണ്ടെന്നല്ലേ പറഞ്ഞത്.. സാരമില്ല..എന്റെ മോന് എന്താ ഒരു കുറവ്..ഇവളെക്കാൾ നല്ല കുട്ടിയെ തന്നെ കിട്ടും നിനക്ക്..ഈ ആന്റി കണ്ടുപിടിച്ചു തരാം.." "മക്കളു സ്നേഹിച്ച പെണ്ണിനെ അവർക്ക് കിട്ടിയില്ലങ്കിൽ എല്ലാ അമ്മമ്മാരും പറയുന്ന ഡയലോഗാ ഇത്..നിന്റെ കാര്യത്തിൽ അമ്മയല്ല..ആന്റിയാണെന്ന് മാത്രം.." ഇപ്രാവശ്യം വസുവിന് ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല.. ശരൺന്റെ നിരാശ കാമുകനായുള്ള ഇരുപ്പു കണ്ടു ഉറക്കെ ചിരിച്ചു പോയി.. "മതി നീ എന്റെ കുഞ്ഞിനെ കളിയാക്കിയത്..വേണമെന്ന് വെച്ചാൽ നീ പ്രേമിക്കുന്ന സമയം കൊണ്ട് ഞാൻ ഇവന്റെ കല്യാണം തന്നെ നടത്തിയെന്ന് വരും..

ഇവനെ കഴിഞ്ഞിട്ടേ എനിക്ക് നീയുള്ളൂ.. ഇനി ഇതിന്റെ പേരിൽ ഇവനെ കളിയാക്കിയാൽ ഉണ്ടല്ലോ...കിടന്ന് ഉറങ്ങാൻ നോക്കടാ.. നേരം ഒരുപാടായി.. " വസുവിന്റെ കൈക്ക് ഒരടി വെച്ചു കൊടുത്തിട്ടു രാധിക മുറിക്ക് വെളിയിലേക്ക് ഇറങ്ങി.. "നല്ല ബെഡ്..ഞാനിന്നു ഇവിടെയാ.." ശരൺ ബെഡിലേക്ക് മറിഞ്ഞു.. "ഇതേ ബെഡ് തന്നെയാ നിന്റെ മുറിയിലും ഉള്ളത്..എണീറ്റ് പോടാ ജന്തു.. " "ഓ..നിനക്ക് അവളെ സ്വപ്നം കണ്ടു കിടക്കാൻ ആയിരിക്കും.. " "ആണെങ്കിൽ നിനക്ക് നഷ്ടം ഒന്നുമില്ലല്ലോ..?" "അയ്യോ..എനിക്കെന്തു നഷ്ടം..അല്ലേലും ആര് കിടക്കുന്നു നിന്റെ ഒപ്പം..ഞാൻ പോകുവാ..എങ്ങാനും അവൾ ആണെന്ന് കരുതി നീയെന്നെ വല്ലതും ചെയ്‌താലോ..ചാരിത്രം നഷ്ടപെട്ടിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ..? " "എടാ..പുല്ലെ.. " വസു തെറി വിളിച്ചു കൊണ്ട് കഴുത്തിനു പിടിക്കാൻ വരുമ്പോഴേക്കും ശരൺ ഓടി രക്ഷപെട്ടിരുന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story