മണിവാക: ഭാഗം 28

manivaka

രചന: SHAMSEENA FIROZ

"ചിഞ്ചു..ഇത് വേണ്ടാ..ഇതിട്ടിട്ടു എനിക്ക് ആകെ എന്തോ പോലെ ആകുന്നു..നീ ഏതേലും ചുരിദാറോ മിഡിയോ ഉണ്ടെങ്കിൽ എടുത്തു താ.." കുളി കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്നും മുടി തുവർത്തുകയായിരുന്നു ചന്ദന.. ചിഞ്ചുവിന്റെ പലാസ പാന്റും ഒരു സ്ലീവ് ലെസ്സ് ബനിയനുമാണ് വേഷം..വാതിൽ അടക്കുന്ന ശബ്ദം കേട്ടു ചിഞ്ചുവാണെന്ന് കരുതി പറഞ്ഞു അവൾ.. "ഇതിനെന്താ കുഴപ്പം..നിനക്ക് നന്നായി ചേരുന്നുണ്ട്..ഈ ഡ്രെസ്സിലും നീ സുന്ദരിയാണ് ചന്ദന.." വസുവിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി. "എന്റെ ചന്ദന..എപ്പോഴും എന്നെ കാണുമ്പോൾ നിന്റെ ഈ മുഖത്ത് ഞെട്ടലും പേടിയുമല്ലാതെ മറ്റൊന്നുമില്ലല്ലോ..ഒന്നുമില്ലേലും ഞാൻ നിന്റെ കാമുകൻ അല്ലേ.. അതിന്റെയൊരു സന്തോഷമെങ്കിലും കാണിക്ക്.." ചന്ദന ഒന്നും മിണ്ടിയില്ല..ചിഞ്ചു ആയിരിക്കും വസുവിനെ വിളിച്ചു വരുത്തിയതെന്ന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ..പക്ഷെ പെട്ടെന്നാണ് അവൾക്ക് എബ്രഹാമിന്റെ കാര്യം ഓർമ്മ വന്നത്.. "നിങ്ങൾ പുറത്ത് പോകൂ..അങ്കിൾ ഉണ്ട് ഇവിടെ..അങ്കിൾ എന്ത് കരുതും.. " "അപ്പോൾ അങ്കിൾ എന്ത് കരുതുമെന്ന പ്രശ്നമേയുള്ളൂ.. അല്ലാതെ ഞാൻ ഇവിടേക്ക് വന്നതിൽ യാതൊരു പ്രശ്നവുമില്ല ല്ലെ.?"

"അങ്ങനെയല്ല.." "പിന്നെങ്ങനെയാണ്..? " ചോദിച്ചു കൊണ്ട് അവൻ വന്നു ബെഡിലേക്ക് ഇരുന്നു.. "അയ്യോ...നിങ്ങൾ എന്താ ഈ കാണിക്കുന്നത്..? " "എന്ത്..ഒന്ന് ഇരിക്കുന്നത് അത്ര വല്യ തെറ്റാണോ..? " "അതല്ല..അങ്കിൾ..ഇങ്ങനെ കണ്ടാൽ എന്താ കരുതുക...? " അവൾക്ക് ടെൻഷൻ കയറിയിരുന്നു.. "നീ എന്താടി ഇങ്ങനെ..അവിടെ വന്നാൽ അപ്പ അപ്പാന്ന് പറഞ്ഞോണ്ട് ഇരിക്കും..ഇവിടെ വന്നാൽ അങ്കിൾ അങ്കിൾ എന്ന്..നിന്റെ വീട്ടിലോ നീയെന്നെ ഒരു മിനിറ്റ് നിർത്തിക്കാറില്ല..ഇവിടെ എങ്കിലും ഞാൻ അല്പ സമയം നിന്നോട്ടേ.. പിന്നെ ചുമ്മാ അങ്കിൾ എന്ത് കരുതുമെന്നും പറഞ്ഞോണ്ട് ടെൻഷൻ അടിക്കണ്ട..നിന്റെ അങ്കിളിന്റെ സമ്മതത്തോടു കൂടി തന്നെയാ ഞാൻ ഇപ്പോ ഇങ്ങോട്ട് കയറി വന്നത്..നീ ഇവിടെ വന്നിരുന്നേ.. ഞാൻ ചോദിക്കട്ടെ നിന്നോട്.. " അവൻ കൈ നീട്ടി അവളുടെ കയ്യിൽ പിടിക്കാൻ തുടങ്ങിയതും അവൾ വേഗം പിന്നിലേക്ക് നീങ്ങി കളഞ്ഞു.. എന്തോ വല്ലാതെ വിറക്കാൻ തുടങ്ങിയിരുന്നു.. കയ്യിലെ തോർത്ത്‌ താഴെ പോയി..അവൾ നിലത്തേക്ക് നോക്കി..ശേഷം അവനെയും..

അപ്പോൾ മാത്രമാണ് അവൻ അവളെ ശെരിക്കും നോക്കുന്നത്.. നേരത്തെ അകത്തേക്ക് കയറുമ്പോൾ അവൾ പറയുന്നത് കേട്ടു അങ്ങനൊരു മറുപടി കൊടുത്തു എന്നേയുള്ളൂ..അല്ലാതെ അവളെ ആദ്യമായാണ് ഇങ്ങനൊരു വസ്ത്രത്തിൽ കാണുന്നതെന്ന് അവൻ ഓർത്തിട്ടില്ലായിരുന്നു.. ശെരിയാണ്..ആ വേഷം അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.. അവന്റെ കണ്ണുകൾ ഒരുനിമിഷം അവളുടെ ഈറനായ നീണ്ട മുടിയിലൂടെയും സുന്ദരമായ മുഖത്തൂടെയും പൊന്നിൻ നിറമുള്ള കഴുത്തിലൂടെയും ഓടി നടന്നു.. അല്ലാതെ തന്നെ ആ വസ്ത്രം അവൾക്ക് അസ്വസ്ഥത നൽകിയിരുന്നു.. ഇപ്പോൾ അവന്റെ നോട്ടവും..നേരിടാൻ കഴിയാതെ അവൾ വല്ലാത്തൊരു അവസ്ഥയോടെ നിന്നു..കൈ അറിയാതെ തന്നെ കഴുത്തിലേക്കും ഇറക്കം കുറഞ്ഞ ബനിയന്റെ അറ്റത്തേക്കും സഞ്ചരിക്കുന്നുണ്ടായിരുന്നു..അത് കണ്ടു വസു ഒന്ന് ചിരിച്ചു.. എഴുന്നേറ്റു അവൾക്ക് അരികിലേക്ക് ചെന്ന് കുനിഞ്ഞു നിലത്തു കിടക്കുന്ന ടവൽ എടുത്തു..അവൾ നോക്കി നിൽക്കേ തന്നെ അത് അവളുടെ തലയിലേക്ക് ഇട്ടു തല ശെരിക്കും തുവർത്തി കൊടുത്തു. "തല നന്നായി തുവർത്തണം..

മുടിയിൽ നിന്നും ഇങ്ങനെ വെള്ളം ഇറ്റി വീഴാൻ പാടില്ല..ജീവിതത്തിൽ കണ്ണീരു തോരില്ലാത്രെ.. ഞാൻ പറഞ്ഞതല്ല..പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടതാണ്.. " വല്ലാത്തൊരു തരം അത്ഭുതത്തോടെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നവളെ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചിട്ട് ടവൽ അവളുടെ ചുമലിലൂടെയിട്ട് കൊടുത്തു.. "എന്തേ നീയിങ്ങനെ ക്ഷീണിച്ചു.. വല്ലാതെ ക്ഷീണം കാണുന്നുണ്ടല്ലോ.. ചിഞ്ചുവും പറഞ്ഞു അത്.. ഇന്നും വയ്യേ നിനക്ക്..? " "ഒന്നുമില്ല.. " "എന്താ ചന്ദന..എന്താ നിനക്ക് പറ്റിയത്..ഞാൻ ആദ്യം കാണുമ്പോൾ നീ ഇതിലും സുന്ദരിയായിരുന്നു..ഇപ്പോൾ ശരീരം മാത്രമല്ല.. മുഖവും ക്ഷീണിച്ചിരിക്കുന്നു.ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഈ താമര മിഴികൾക്ക് പോലും അതിയായ തളർച്ച ഉള്ളത് പോലെ..ശെരിക്കും ഉറങ്ങാറില്ലേ നീ..ഞാനാണോ നിന്റെ പ്രശ്നം..? " അങ്ങനൊന്നുമില്ലന്ന് പറയാനാണ് തുടങ്ങിയതെങ്കിലും എന്തോ തോന്നലിൽ അവൾ ആണെന്ന് തലയാട്ടുകയാണ് ചെയ്തത്. "എങ്കിൽ പറാ..ഞാൻ എങ്ങനെയാ നിന്റെ പ്രശ്നം ആകുന്നത്..ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നല്ലേ ഉള്ളു..

നീയെന്നെ സ്നേഹിക്കുന്നില്ലല്ലോ..അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അല്ലേ നിനക്ക് ഇത്രയും ടെൻഷൻ അടിക്കേണ്ട കാര്യമുള്ളൂ.. ഇതിപ്പോ എന്തിന് വേണ്ടിയാ നീ തളർന്നു പോകുന്നത്.. പറയ്യ്.. " അവൾക്ക് ഉത്തരമില്ലായിരുന്നു. മിഴികൾ താഴ്ത്തി നിന്നു.. "താഴേക്ക് അല്ല.. മുഖത്തേക്ക്.. എന്റെ മുഖത്തേക്ക് നോക്കി പറയ്യ്.." അവളുടെ താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി.. "എന്നോട് ഇങ്ങനെയൊന്നും ചോദിക്കരുത്..എനിക്ക് ഒന്നുമറിയില്ല.. " വളരെ ദയനീയത നിറഞ്ഞിരുന്നു സ്വരത്തിൽ. "എന്നാൽ എനിക്കറിയാം..നിന്റെ ഉള്ളിൽ ഞാനുണ്ട് ചന്ദന.. ഉള്ളു നിറയെ ഞാനാണെന്ന് പറയുന്നില്ല.. പക്ഷെ എവിടൊക്കെയോ ഞാനുണ്ട്.. നീയെന്നെ പ്രണയിക്കാൻ തുടങ്ങിയിട്ടുണ്ട്.. നിന്റെ ചിന്തകളിൽ ഒക്കെ ഞാൻ കടന്നു വരുന്നു..അതോടൊപ്പം തന്നെ നിന്റെ അപ്പയും..

എന്നെ സ്നേഹിച്ചാൽ അത് നീ നിന്റെ അപ്പയോട് ചെയ്യുന്ന തെറ്റ് ആയിരിക്കില്ലെ എന്ന ചിന്തയാണ് എന്നോടുള്ള പ്രണയം തുറന്നു പറയുന്നതിൽ നിന്നും നിന്നെ വിലക്കുന്നത്..എല്ലാം കൂടെ നിന്റെ ഉള്ളിൽ കിടന്നു പിടിവലി നടത്തുകയാണ്..ഈ ചുണ്ടുകൾ ഒന്നും പറയുന്നില്ലന്നാലും നിന്റെ ഈ കണ്ണുകൾ എന്നോട് എല്ലാം പറയുന്നുണ്ട് ചന്ദന.. " അവൻ അവളുടെ കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞു.. അത് അപ്പടിയും ശെരിയാണെന്ന അർത്ഥത്തിൽ അവളുടെ മിഴികൾ നനയാൻ തുടങ്ങി.. "നോക്ക് ചന്ദന..വെറുതെ ഒരു നേരം പോക്കിനല്ല..ജീവിത കാലം മുഴുവനും കൂടെ വേണം..ഒന്നിന്റെ പേരിലും വിട്ടു കളയില്ല.. അത്രയ്ക്കും ഇഷ്ടമായതു കൊണ്ടാടീ.. " അവൻ അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചു...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story