മണിവാക: ഭാഗം 3

manivaka

രചന: SHAMSEENA FIROZ

"എന്നിട്ടു എന്റെ എന്ത് കാര്യമാടി അവൾ അറിയാതെയുള്ളത്..ഇന്നീ കാലം വരെ അവൾ അറിയാത്ത എന്ത് രഹസ്യമാടി എനിക്ക് ഉണ്ടായിട്ടുള്ളത്..എന്ത് കാര്യവും നിന്നോട് പറയുന്നതിനു മുന്നേ ഞാൻ അവളോടാ പറയാറ്.. അത് നിനക്കും അറിയാവുന്നതല്ലേ.. പിന്നെ ഇപ്പോ പതുക്കെ പറയാൻ പറഞ്ഞത് വേറൊന്നും കൊണ്ടല്ല.. കേട്ടാൽ അപ്പോ തുടങ്ങും "അങ്ങനൊന്നും വേണ്ടാ ചിഞ്ചു,, അപ്പ അറിഞ്ഞാൽ നിന്നോട് ദേഷ്യമാകും" എന്നൊക്കെ പറഞ്ഞു പരിഭ്രമിക്കാൻ.. " "പെൺകുട്ടികൾ ആയാൽ അല്പ സ്വല്പമൊക്കെ വീട്ടുകാരെ പേടി വേണം..അവൾക്കതു വേണ്ടുവോളം ഉണ്ട്...നിനക്ക് പിന്നെ പണ്ടേ അതൊന്നും പറഞ്ഞിട്ടില്ലല്ലോ.. നിന്റെ ഡോക്ടർ പപ്പ ഒറ്റ ഒരാളാ നിന്നെ ഇങ്ങനെ ആക്കിയത്... പാവം ചന്ദു..നിനക്ക് അല്പമെങ്കിലും നല്ല ബുദ്ധി ഉണ്ടായിക്കോട്ടെന്ന് കരുതിയാ അവളുടെ അപ്പായ്ക്ക് ഇഷ്ടമല്ലാതെ ഇരുന്നിട്ട് കൂടി അവളു നിന്നെ ഇവിടെ താമസിപ്പിക്കുന്നത്..

നീ ഇവിടെ വരുമ്പോൾ ഒക്കെ അവളുടെ അപ്പായ്ക്ക് അവളെ കുറിച്ച് ടെൻഷനാണ്..ഇതിപ്പോ നിന്നെ നന്നാക്കാൻ നോക്കി നോക്കി അവളു തല തിരിഞ്ഞു പോകുമോ എന്നാണ് എല്ലാരുടെയും പേടി.. " "എന്നാൽ ആ പേടി നിങ്ങൾക്ക് ആർക്കും വേണ്ടാ.. കാരണം അവളു തിലകരാമ അയ്യരുടെ മകളാണ്.. അങ്ങേരു വരയ്ക്കുന്ന ഒരു വരയ്ക്ക് അപ്പുറവും അവളു ഇന്നുവരെ പോയിട്ടില്ല..ഇനി ഒരിക്കലും പോകുകയുമില്ല..അതിനി ഞാൻ വിചാരിച്ചാൽ എന്നല്ല.. എന്റപ്പൻ ജോസഫ് എബ്രഹാം വിചാരിച്ചാൽ പോലും..പിന്നെ എനിക്കൊരു സംശയം ഉള്ളത് ചൈതുവിന്റെ കാര്യത്തിലാണ്..അവൾ ചന്ദുവിനെ പോലെയൊന്നുമല്ല..ഇപ്പോഴേ ബോൾഡ് ആണ്.. അതിന് അവൾക്കു തന്തപ്പിടിയുടെ കയ്യിന്നു കണക്കിന് കിട്ടുന്നുമുണ്ട്.." "രഹസ്യം പറച്ചില് മതിയാക്കി ഒന്ന് വേഗം നടക്കുന്നുണ്ടോ.. ഇപ്പൊത്തന്നെ നേരം വൈകി.. അപ്പാവോടു എന്ത് പറയും.. എനിക്ക് കയ്യും കാലും വിറച്ചിട്ട് വയ്യ.. " ചന്ദു തിരിഞ്ഞു നിന്നു രണ്ടുപേരെയും നോക്കി..അവരെന്തെങ്കിലും പറയുന്നതിന് മുന്നേ വെപ്രാളപ്പെട്ടു വേഗം മുന്നിലേക്ക് തന്നെ നടക്കാനും തുടങ്ങിയിരുന്നു.. **

"എന്താ വൈകിയത്..? " ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ കേട്ടു ഗൗരവമേറിയ ചോദ്യം.. "അത് അപ്പാ..കുറച്ചു നേരം കൂടെ നിൽക്കാൻ ജ്യോതി നിർബന്ധിച്ചപ്പോൾ... " പറയുമ്പോൾ ചന്ദന നന്നേ വിറച്ചിരുന്നു.. ചിഞ്ചു പക്ഷെ ഇത് തന്നെ ബാധിക്കുന്നതേയല്ലന്ന മട്ടിൽ തിലകരാമന്റെ ചോദ്യം നിസ്സാരമാക്കി കളഞ്ഞു അകത്തളത്തിലേക്ക് നടന്നു.. "അവളുടെ ഒന്നിച്ചു നടന്നു അതേ തോന്നിവാസം കാണിക്കാൻ തുടങ്ങിയാൽ വെച്ചേക്കില്ല നിന്നെ ഞാൻ...ഇനി മുതൽ അയല്പക്കത്തേക്ക് പോലും വിടില്ല.. ചടങ്ങ് കഴിഞ്ഞാൽ ഉടനെ വന്നോളാമെന്ന് പറഞ്ഞിട്ടല്ലേ നീ രാവിലെ ഇവിടുന്നിറങ്ങിയത്.. എന്നിട്ടിപ്പോ നേരം എത്രയായി.. സന്ധ്യാ സമയം കഴിഞ്ഞിരിക്കുന്നു.. ഇനിയിതു ആവർത്തിച്ചു പോകരുത്..മ്മ്..കയറി പോ.. " ചന്ദു ജീവൻ തിരിച്ചു കിട്ടിയത് പോലെ അകത്തേക്ക് ഓടി.. "കഴിഞ്ഞോ ചോദ്യവും വിസ്താരവുമൊക്കെ..എന്ത് മനുഷ്യനാടി നിന്റെ അപ്പ..

അങ്ങോട്ട്‌ പോകാൻ പാടില്ല,, ഇങ്ങോട്ട് പോകാൻ പാടില്ല..അഥവാ പോയാലോ അങ്ങേരു നിശ്ചയിച്ച സമയത്തു ഇങ്ങെത്തിക്കോളണം.. എനിക്കു മടുത്തു.. പപ്പ തിരിച്ചു വന്നാൽ ഞാൻ ഇവിടുന്നൊന്നു രക്ഷപെട്ടേനേ.. നീ ആയത് കൊണ്ടു ഇവിടെ ജീവിക്കുന്നു.. സമ്മതിക്കണം ചന്ദു നിന്നെ.. " ചിഞ്ചു കഴുത്തിലെ ഷാൾ അലസമായി ബെഡിലേക്ക് ഇട്ടു,, പാറി പറക്കുന്ന തന്റെ മുടി വാരി പിടിച്ചു ഉച്ചിയിൽ കെട്ടുകയായിരുന്നു. ചന്ദുവിനെ റൂമിലേക്ക്‌ കണ്ടതും പറഞ്ഞു.. "എന്റെ അപ്പാവേ പറയണ്ടാ..അപ്പ പാവമാ..എന്നോടുള്ള സ്നേഹം കൊണ്ടാ.. " "ഇതിനെ സ്നേഹമെന്നല്ല പറയുക.. ഡോമിനേഷൻ എന്നാ.. എല്ലാത്തിലും ഒരുതരം അടിച്ചേൽപ്പിക്കൽ..എല്ലാം കണ്ടിട്ട് എനിക്ക് വീർപ്പു മുട്ടുന്നു.. " ചന്ദു ഒന്നും മിണ്ടിയില്ല..ചിഞ്ചു തന്റെ അച്ഛനെ പറഞ്ഞതിൽ അവൾക്കു നല്ല വിഷമം തോന്നുന്നുണ്ടായിരുന്നു.. "ഇനി ഞാൻ നിന്റെ അപ്പായെ പറഞ്ഞെന്നു കരുതി മൂടി കെട്ടി നിൽക്കണ്ട..വാ..കഴിക്കാം...പാറുവമ്മ നല്ല ഉഴുന്ന് വട ഉണ്ടാക്കി വെച്ചിട്ട് ഉണ്ടാകും..കാര്യം നിന്റെ അപ്പ ഒരു മുരടൻ ആണെങ്കിലും അമ്മ അങ്ങനെയല്ല..

വളരെ സമാധാന ശീലയും സ്നേഹനിധിയുമാണ്.. നിന്റെ അപ്പാക്ക് എന്നെ കണ്ണിനു മുന്നിൽ കാണുന്നത് ചതുർഥി ആയിട്ടു കൂടി അതെനിക്ക് ഫീൽ ചെയ്യാത്തത് നിന്റെ അമ്മ നിനക്ക് തരുന്നതിനേക്കാൾ കൂടുതൽ സ്നേഹവും കെയറിങ്ങും എനിക്ക് തരുന്നത് കൊണ്ടാ..പപ്പ എപ്പോഴും പറയും പാറുവമ്മയ്ക്ക് എന്റെ അമ്മ അനിയത്തിയായിരുന്നില്ല, മകൾ ആയിരുന്നെന്ന്..ആ സ്നേഹമാ ഇന്ന് എന്നോടുള്ളതെന്ന്.." തന്റെ അമ്മ പൂർണ്ണിമയുടെ ഓർമകളിൽ ചിഞ്ചുവിന്റെ കണ്ണുകൾ ഈറനായി..അത് കണ്ടു ചന്ദു വേദനയോടെ അവൾക്ക് അരികിലേക്ക് നീങ്ങി വന്നു.. "ഓ..നിന്നോടാണോ ഞാനിതൊക്കെ പറഞ്ഞത്..ഇന്നിതു മതിയാകുമല്ലേ നിനക്ക് കരഞ്ഞോണ്ട് ഇരിക്കാൻ.. എടീ..ആയുസ്സ് തീർന്നാൽ പരലോകത്തേക്ക് എത്തും.. അതിപ്പോ എന്റെ അമ്മയായാലും ഇനി ഞാൻ ആയാലും..നീ വന്നേ.. വയറു കത്തി കരിയുന്നു..വല്ലതും കഴിക്കാം.. " "അയ്യോ..കുളിക്കാതെയോ..ഞാനില്ല...അപ്പ കണ്ടാൽ വഴക്കു പറയും.. ഇവിടുത്തെ രീതികൾ ഒക്കെ നിനക്ക് അറിയാവുന്നതല്ലെ..നീയും കുളിച്ചിട്ടു കഴിക്കാൻ ചെന്നാൽ മതി.. "

"അതിന് വേറെ ആളെ നോക്ക്... ഇതെന്താ വല്ല ആശ്രമവുമാണോ ഇരുപത്തി നാല് മണിക്കൂറും കുളിച്ചു വൃത്തിയിൽ നടക്കാൻ.. ഇങ്ങനൊരു കഴുതയുടെ കൂടാണല്ലോ ദേവി ഞാൻ ജീവിക്കുന്നത്.. " ചിഞ്ചു സ്വയം തലയ്ക്കു കിഴുക്കി അടുക്കളയിലേക്ക് നടന്നു.. ** "ആ എത്തിയോ..? എന്താ ഇത്രേം വൈകിയത്..കഴിക്കാൻ പോലും നിൽക്കില്ലന്ന് പറഞ്ഞിട്ട്..? " കാറിന്റെ ശബ്ദം കേട്ടു രാധിക പുറത്തേക്കിറങ്ങി വന്നു.. "ഇവൻ നിൽക്കുന്നില്ലായിരുന്നു ആന്റി..അവിടെത്തിയപ്പോഴേ പോകാമെന്ന് പറഞ്ഞു ചവിട്ടി തുള്ളാൻ തുടങ്ങിയതാ..സണ്ണിയാ പിടിച്ചു നിർത്തിയത്..." ശരൺ സീറ്റ്‌ ഔട്ടിലേക്ക് കയറി..പുറകെ കാർ ലോക്ക് ചെയ്തു വസുവും.. "എന്നിട്ടു സണ്ണി എവിടെ..? എന്തെ ഇവിടെ കയറാതെ പോയി..? " രാധിക ചോദിച്ചു.. "ലേറ്റ് ആയില്ലേ അമ്മാ.." വസു മറുപടി നൽകി.. "എങ്ങനെ ഉണ്ടായിരുന്നു ഫങ്ക്ഷൻ..?" "അടിപൊളി എന്ന് പറഞ്ഞാൽ പോരാ.. അതിനേക്കാളും മുകളിലാണെന്ന് പറയണം.." ശരൺ ചിഞ്ചുവിനെ ഓർത്തു കൊണ്ടു പറഞ്ഞു...ആ ഓർമയിൽ അവന്റെ ചുണ്ടുകളിൽ സുന്ദരമായൊരു പുഞ്ചിരി ഇടം നേടി..

"അതെന്താ..അത്രയ്ക്കും ഗ്രാൻഡ് ആയിരുന്നോ..? " "അടിപൊളി എന്നാൽ ഗ്രാൻഡ് ആണെന്ന് മാത്രമാണോ ആന്റി മീനിങ്..വലിയ ആർഭാടമൊന്നും ഇല്ലായിരുന്നു..അവരത്രക്ക് കഴിവുള്ളവരൊന്നുമല്ല..എന്നാലും നല്ല മനുഷ്യരാ..നല്ല പെരുമാറ്റം..ജിത്തുവിനെയും വീട്ടുകാരെയും സണ്ണി പറഞ്ഞു ആന്റിക്ക് അറിയാമല്ലോ..പിന്നെ ആന്റിയുടെ മകന്റെ വക ഒരു വെടിക്കെട്ട് കൂടെ ഉണ്ടായിരുന്നു അവിടെ.. " ശരൺ വസുവിനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ടു അവന് ഒപോസിറ്റുള്ള സെറ്റിയിൽ വന്നിരുന്നു കാലു രണ്ടും നിവർത്തി വെച്ചു.. "വെടിക്കെട്ടോ..അതും വസുവിന്റെ വകയോ..ഒന്ന് തെളിച്ചു പറയെടാ.. " മറുപടി പറയുന്നതിനു മുന്നേ ശരൺ വസുവിനെ ഒന്ന് നോക്കി.. പറഞ്ഞാൽ തന്റെ പല്ല് മാത്രമല്ല, ഒരു എല്ലു പോലും ബാക്കി ഉണ്ടാകില്ലന്ന് ശരണിന് വസുവിന്റെ നോട്ടത്തിൽ നിന്നും മനസ്സിലായി.. അതുകൊണ്ട് വിഷയം മാറ്റാൻ എന്നവണ്ണം അവൻ പറഞ്ഞു : "ആന്റി..അതൊക്കെ പിന്നെ പറയാം..പോയി ഒരു കപ്പ്‌ ചായ എടുത്തു കൊണ്ടു വാ..നല്ല തലവേദന.. " രാധികയ്ക്ക് എന്തോ വശ പിശക് തോന്നി..

അതുകൊണ്ട് രണ്ടുപേരെയും നോക്കി ഒന്ന് അമർത്തി മൂളിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. "നിന്റച്ഛൻ വിളിച്ചിരുന്നു..ഇവിടെ ഇങ്ങനെ തേരാ പാര നടന്നു സമയം കളയാതെ അങ്ങോട്ട്‌ ചെല്ലാനാ പറഞ്ഞത് നിന്നോട്..അല്ലെങ്കിൽ ഇവിടെ വല്ല ജോലിയും നോക്കാൻ..കയ്യിലൊരു എംബിഎ ഉണ്ടല്ലോ.." ട്രേയിൽ നിന്നും ചായ കപ്പ്‌ എടുത്തു ശരണിന് നീട്ടുമ്പോൾ രാധിക പറഞ്ഞു.. "ഓ എനിക്കൊന്നും വയ്യ ജോലി ചെയ്തു ജീവിക്കാൻ..അല്ലാതെ തന്നെ മനുഷ്യൻമാർക്ക് ഇവിടെ സമയം മതിയാകുന്നില്ല..അതിന്റെ ഇടയിലാ ഇനി ജോലി... " "അതിനുമാത്രം എന്ത് ആനക്കാര്യമാ നിനക്ക് ഇവിടെ ഉള്ളത്..കുറച്ചു ദിവസമായി നിനക്ക് ഒന്നിനും സമയം മതിയാകുന്നില്ല..ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്റെ പോക്ക് വരവ് ഒക്കെ..എനിക്കൊന്നും മനസ്സിലാകുന്നില്ലന്ന് കരുതണ്ട... എന്ത് കള്ളത്തരമാ നീ ഒപ്പിക്കുന്നത്.. സത്യം പറഞ്ഞോണം.." "അയ്യോ..എന്നെ കണ്ടാൽ ആന്റിക്ക് അങ്ങനെ കള്ളത്തരം ഉള്ളതായിയൊക്കെ തോന്നുമോ..?

സത്യമായിട്ടും ഞാൻ ഡീസന്റ് ആണ്..പിന്നെ ജോലി..അത് പണ്ടേ എനിക്കിഷ്ടമല്ലാത്ത കാര്യമാണ്.. ഞാൻ ജോലി ചെയ്തിട്ട് വേണോ എനിക്കും അച്ഛനും അമ്മയ്ക്കും ഏട്ടനുമൊക്കെ ജീവിക്കാൻ.. എല്ലാവർക്കുമുള്ളത് അപ്പൂപ്പന്റെ കാലത്തേ സാമ്പാദിച്ചു കൂട്ടിയിട്ടുണ്ടല്ലോ...പിന്നെ അച്ഛനും വേണ്ടുവോളം ഉണ്ടാക്കി വെച്ചിട്ടുണ്ട്..ഇപ്പോ ഉണ്ടാക്കുന്നുമുണ്ട്..എനിക്ക് പണത്തിനോട് യാതൊരു ആക്രാന്തവുമില്ല.. " ശരൺ വളരെ നിഷ്കളങ്കമായി പറഞ്ഞു.. "വേണ്ടാ..നീ വേറെ ജോലിയൊന്നും ചെയ്യണ്ട..പക്ഷെ ബിസ്സിനെസ്സ്ൽ അച്ഛനെ ഹെല്പ് ചെയ്തൂടെ.. അതിനല്ലേ നിന്നെ രവി ഏട്ടൻ എംബിഎയ്ക്ക് പഠിപ്പിച്ചത്.." "അച്ഛനെ സഹായിക്കാനല്ലെ ഏട്ടൻ അവിടെയുള്ളത്..ഏട്ടനും സെയിം കോഴ്സ് തന്നെയല്ലേ പഠിച്ചത്.. മാത്രമല്ല എന്നേക്കാൾ ടാലെന്റ്റുമുണ്ട്..." "എന്ത് പറഞ്ഞാലും ഒരു നൂറു ന്യായം കാണും നിനക്ക്..എങ്ങനെ എന്റെ രവി ഏട്ടന് നിന്നെപ്പോലെ ഒരു മകനെ കിട്ടിയെന്നതാ ഇപ്പോ എന്റെ സംശയം.." "ഉത്തരം സിമ്പിൾ..അമ്മയെ ഗർഭം ധരിപ്പിച്ചിട്ട്.." ശരൺ ചിരിച്ചു..രാധിക തലയ്ക്കു കൈ കൊടുത്തു നിന്നു..

എന്റെ പൊന്നു ആന്റി..ദേ ഇരിക്കുന്ന ആന്റിയുടെ മകൻ വസുവിനെ പോലെ ആകാനോ എന്റെ ഏട്ടനെ പോലെ ആകാനോ ഒന്നും എനിക്ക് പറ്റില്ല.. ഇവർക്കൊക്കെ ദൈവം ഒടുക്കത്തെ ബുദ്ധിയും കഴിവും കൊടുത്തത്തിനു ഞാനെന്തു പിഴച്ചു..ഞാൻ എംബിഎ പാസ്സ് ആയ കഷ്ടപ്പാട് എനിക്ക് മാത്രമേ അറിയുള്ളു..ആ ഞാൻ ഇനി ബിസ്സിനെസ്സ്ൽ കയ്യിട്ടിട്ടു വേണം അച്ഛൻ ഇത്രേം നാളും വളർത്തി കൊണ്ടു വന്നതൊക്കെ ഒറ്റയടിക്ക് നിലം പതിക്കാൻ..എന്ത് കണ്ടിട്ടാ അച്ഛൻ എന്നെ അങ്ങോട്ട്‌ വിളിക്കുന്നതെന്നാ എനിക്ക് മനസ്സിലാകാത്തത്. ഞാൻ ഇവിടെ തന്നെ നിന്നോളാം..എനിക്ക് ദുബായിലേക്ക് ഒന്നും പോകണ്ട..ഒരു വിധത്തിലാ ഞാൻ അവിടുന്ന് ഇങ്ങോട്ട് ചാടിയത്..അച്ഛനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക് ആന്റി.." ശരണിന്റെ കെഞ്ചൽ കണ്ടു രാധിക ചിരിച്ചു പോയി.. ശെരിയെന്ന അർത്ഥത്തിൽ തലയാട്ടുകയും ചെയ്തു..അവൻ അപ്പൊത്തന്നെ ചക്കരയുമ്മയെന്നും പറഞ്ഞു രാധികയുടെ കവിളിൽ ഒരു മുത്തം കൊടുത്തു മുകളിലേക്ക് കയറി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story