മണിവാക: ഭാഗം 30

manivaka

രചന: SHAMSEENA FIROZ

ഇപ്പോ ഫ്ലാറ്റിൽ ആയത് കൊണ്ട് ചിഞ്ചു കോളേജിലേക്കുള്ള വരവും പോക്കുമൊക്കെ സ്വന്തം സ്കൂട്ടിയിലാണ്..പതിവ് പോലെ വൈകുന്നേരം ചന്ദുവിന്റെയും ശ്രുതിയുടെയും ബസ് വന്നതിനു ശേഷം ചിഞ്ചു പാർക്കിങ്ങിലേക്ക് ചെന്ന് തന്റെ വണ്ടി എടുത്തു ഫ്ലാറ്റിലേക്ക് തിരിച്ചു. പക്ഷെ പകുതിയിൽ വെച്ചു വണ്ടി പണി മുടക്കി..അവൾ ഇറങ്ങി നിന്നും തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കിയെങ്കിലും വണ്ടി സ്റ്റാർട്ട്‌ ആയില്ല..അപ്പോഴേക്കും കാലം തെറ്റിയൊരു ചാറ്റൽ മഴ തുള്ളികളായി ഭൂമിയിലേക്ക് പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു.. "ഷിറ്റ്.. " അവൾ സ്കൂട്ടിയുടെ വീലിലേക്ക് ഒരു ചവിട്ടു കൊടുത്തു.. ശേഷം അടുത്ത് കണ്ട ബസ് സ്റ്റോപ്പിലേക്ക് ഓടി കയറി..അപ്പോഴേക്കും ചെറുതായി നനഞ്ഞിരുന്നു... ഫോൺ എടുത്തു എബ്രഹാമിനെ വിളിച്ചു.. റിങ് പോകുന്നുണ്ട്.. അറ്റൻഡ് ചെയ്യപ്പെടുന്നില്ല..

പപ്പ ഓഫീസ് റൂമിൽ കേസ്ന്റെ ഫയൽ സ്റ്റഡി ചെയ്യുകയാകും എന്ന് ഊഹിച്ചു അവൾ.. ഒരു ചൂളം വിളി കേട്ടു തിരിഞ്ഞു നോക്കി.. ബസ് സ്റ്റോപ്പിന് പുറകിലുള്ള ചായ കടയിലെ രണ്ട് മൂന്നു പൂവാലൻമാരു തന്നെ നോക്കി ഇളിക്കുന്നതും ഗോഷ്ടി കാണിക്കുന്നതും കണ്ടു.. നാവും കയ്യും ഒരുപോലെ തരിച്ചു വന്നു എങ്കിലും ഒറ്റപ്പെട്ട് നിൽക്കുന്ന സ്ഥലവും സന്ദർഭവും ആയത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടാക്കേണ്ടന്ന് കരുതി സ്വയം നിയന്ത്രിച്ചു നിന്നു.. ഒന്നുകൂടെ എബ്രഹാമിന്റെ ഫോണിലേക്ക് ട്രൈ ചെയ്തു.. അതേ അവസ്ഥ തന്നെ വീണ്ടും.. ഈ പപ്പാ..ഈ ടൈമിൽ ഏതായാലും ഇതുവഴി ബസ്സ് ഒന്നുമില്ല.. ആരോടേലുമൊന്നു ലിഫ്റ്റ് ചോദിക്കാമെന്നു വെച്ചാൽ ഒരൊറ്റ വണ്ടി പോലും വരുന്നത് കാണുന്നില്ല.. നാശം.. പിറു പിറുക്കവേ തന്നെ എന്തോ കണ്ടത് പോലെ മുഖം പ്രകാശിച്ചു.. ദൂരെ നിന്നും വരുന്നൊരു ബുള്ളറ്റ്.. ബ്ലാക്ക് ഷർട്ട്‌.. തലയിൽ ഹെൽമെറ്റ്‌.. "സ്റ്റോപ്പ്‌.. " കൈ കാണിച്ചു കൊണ്ട് തന്നെ ബസ് സ്റ്റോപ്പിന്ന് ഓടിയിറങ്ങി. അവിടെയും നിരാശ മാത്രം..

തെണ്ടി..ആരെടാ നീ..ഒന്ന് നിർത്തിയാൽ എന്താ..പോയി ഏതേലും പാണ്ടിലോറി അല്ലേൽ വേണ്ടാ എവിടേലും മറിഞ്ഞു വീഴുമെടാ നീ.. പ്രാകി നാവ് എടുത്തു തീർന്നില്ല.. അതിന് മുന്നേ ബുള്ളറ്റ് റിവേഴ്സ് വന്നു.. അങ്ങനെ വാ വഴിക്ക്..അല്ലേലും ഇത്രേം സുന്ദരിയായ എന്നെ കണ്ടാൽ ആർക്കായാലും നിർത്താതെ പോകാൻ കഴിയില്ല.. ഇപ്പോഴായിരിക്കും ഇവന് ശെരിക്കും കണ്ണ് കണ്ടു കാണുക.. ജീൻസും ഷർട്ടും ആയതു കൊണ്ട് ആദ്യം ആണാണെന്ന് കരുതി കാണും..ഞെരമ്പൻ.. "ചേട്ടാ..ഒരു ലിഫ്റ്റ്..വണ്ടി കേടായി.." അവൾ മറ്റു ഭാവങ്ങളൊന്നും കാണിച്ചില്ല..അങ്ങേയറ്റം വിനയാ കുലയായി നിന്നു.. ആ രൂപം തലയിൽ നിന്നും ഹെൽമെറ്റ്‌ മാറ്റി.. മുഖം കണ്ടതും അവളിൽ എന്തൊക്കെയോ ഭാവങ്ങൾ.. ഞെട്ടൽ ആണോ അത്ഭുതമാണോ സന്തോഷമാണോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. "ഡോക്ടർ... "

അറിയാതെ തന്നെ ചുണ്ടുകൾ ഉരുവിട്ടു.. വേണ്ടായിരുന്നു..പ്രാകണ്ടായിരുന്നു..എന്റെ ഡോക്ടറെ തന്നെയാണല്ലോ ഈശ്വരാ ഞാൻ.. "വീട്ടിൽ വന്നാൽ മാത്രമല്ല.. വഴിയിലും സ്വസ്ഥത തരില്ല നീ.. അല്ലേ..? " "അതിന് ഞാൻ അറിഞ്ഞോ ഇത് ഡോക്ടർ ആണെന്ന്..ഹെൽമെറ്റ്‌ മാറ്റുമ്പോൾ അല്ലേ അറിയുന്നത്.. ഡോക്ടറോഡ് ആരു പറഞ്ഞു നിർത്താനും റിവേഴ്സ് വരാനും.. ആദ്യം എന്നെ മൈൻഡ് ചെയ്തില്ലല്ലോ.. അതേ പോലെത്തന്നെ അങ്ങ് പോയാൽ മതിയായിരുന്നല്ലോ..? എന്റെ വണ്ടി കേടായി..ഒരു ലിഫ്റ്റ്നാ ഞാൻ.. " "നിനക്ക് ലിഫ്റ്റ് തരലല്ല എന്റെ പണി.." "അപ്പോൾ ഞാൻ ചോദിച്ചതിന് മറുപടി പറയ്യ്..എന്തിനാ നിർത്തിയത്..? എന്റെ മുഖത്ത് ഹെൽമെറ്റ്‌ ഒന്നും ഇല്ലായിരുന്നല്ലോ.. ഇത് ഞാൻ ആണെന്ന് ഡോക്ടർക്ക് ആദ്യമേ അറിഞ്ഞതല്ലെ.? " അവൾ ചോദിച്ചു.. അവനു മറുപടി ഇല്ലായിരുന്നു.. അവൾ ആണെന്ന് കണ്ടത് കൊണ്ടാണ് നിർത്താതെ പോയത്..പിന്നെ അവളുടെ വണ്ടി സൈഡിൽ കേടായി കിടക്കുന്നത് കണ്ണിൽ ഉടക്കിയപ്പോൾ മാത്രമാണ് നിർത്തിയത്..മാത്രമല്ല..

അവൾക്ക് പുറകിൽ നിന്നും അവളെ നോക്കി കമന്റ്‌ അടിക്കുന്ന പൂവാലൻമാർ.. തന്റെ സാന്ദ്രയാണ് ഈ സ്ഥാനത്തു എങ്കിൽ താൻ കണ്ടില്ലന്ന് നടിച്ചു പോകുമോ..? "ഡോക്ടർ എന്താ ഒന്നും പറയാത്തത്..? ലിഫ്റ്റ് തരാൻ പറ്റുമോ..? പപ്പയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. അല്ലെങ്കിൽ ഈ സമയം കൊണ്ട് പപ്പ വന്നെന്നെ പിക് ചെയ്തേനെ..പ്ലീസ് ഡോക്ടർ.." അവളുടെ മുഖത്ത് ഒരേ സമയം കെഞ്ചലും ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയുമുള്ളത് അവൻ അറിഞ്ഞു..സാന്ദ്രയായി തന്നെ തോന്നി ഒരു നിമിഷം അവളെ.. "ആാാ...കയറ്.. " പക്ഷെ അപ്പോഴും ഗൗരവം കൈ വെടിഞ്ഞിട്ടില്ലായിരുന്നു.. അവൾക്ക് കേട്ടത് വിശ്വസിക്കാൻ പ്രയാസം തോന്നി.. അല്പ നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി.. വായിനോക്കി നിന്നാൽ കിട്ടിയ ചാൻസ് ഇപ്പൊത്തന്നെ നഷ്ട പെടുമെന്നു ഓർത്തതും വേഗം അവന്റെ പുറകിലേക്ക് കയറാൻ തുടങ്ങി..പെട്ടന്നാണ് ചാറ്റൽ മഴ ശക്തി പ്രാപിച്ചത്..അവൾ ആകാശത്തേക്ക് നോക്കി.ശേഷം സണ്ണിയെയും..വണ്ടിയിലേക്ക് കയറണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു

ആ നോട്ടത്തിൽ ഉള്ളതെന്ന് അവന് മനസ്സിലായി. "അങ്ങോട്ട് കയറി നിൽക്ക്.. നനയണ്ടാ.. " "അയ്യോ..അപ്പോൾ ഡോക്ടർ പോയാൽ എനിക്കാരാ ലിഫ്റ്റ് തരുക...?" അവൻ ഒന്നും പറഞ്ഞില്ല.. ഓ..ഇതിനെക്കൊണ്ട് എന്നൊരു ഭാവമുണ്ടായിരുന്നു മുഖത്ത്.. കീ എടുത്തു ബുള്ളറ്റ്ന്ന് ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു.. പുറകെ അവളും..മഴ പിന്നെയും ശക്തി പ്രാപിച്ചു..അടങ്ങാത്ത പ്രണയത്തോടെ മണ്ണിനെ ഗാഡമായി പുണർന്നു കൊണ്ടേയിരുന്നു.. അതിനൊപ്പം കാറ്റ് തന്റെ പ്രണയത്തെ ഓരോ മര ചില്ലകളെയും അറിയിച്ചു.. ആദ്യമായി കാണുന്നത് പോലെ അവൾ മഴയെ നോക്കി നിന്നു.. ശരീരം വല്ലാതെ തണുത്തു കുളിരു കോരുന്നതായി തോന്നി അവൾക്ക്.. അത് മഴയുടെ ശക്തി കൊണ്ടാണോ അതോ സണ്ണി തന്റെ അരികിൽ ഉള്ളത് കൊണ്ടാണോ എന്ന് അറിഞ്ഞില്ല... എന്തോ..ഇന്നുവരെ തോന്നാത്ത ഒരു സുഖവും സന്തോഷവും തോന്നുന്നുണ്ടായിരുന്നു.. അവൾ പയ്യെ തല ചെരിച്ചു സണ്ണിയെ നോക്കി.. കൈ വിരലുകൾ കൊണ്ട് മുടി കോതുകയായിരുന്നു..

ശേഷം പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്തു മുഖത്തെയും കഴുത്തിലെയും വെള്ളത്തുള്ളികൾ ഒപ്പിയെടുത്തു..വസ്ത്രവും നനഞ്ഞിട്ടുണ്ടായിരുന്നു..ബ്ലാക്ക് ഷർട്ട്‌ അവന്റെ ദേഹത്തേക്ക് പറ്റി ചേർന്ന് നിൽക്കുന്നു.. അവന്റെ ഓരോ പ്രവർത്തികളും കണ്ണിമ വെട്ടാതെ നോക്കുകയായിരുന്നു അവൾ.. എല്ലാത്തിനും ഒരു പ്രത്യേകത ഉള്ളത് പോലെ.. ഒന്ന് നോക്കിയാൽ കണ്ണ് എടുക്കാൻ തോന്നില്ല.. അത്രയും അഴക് ആ മുഖത്തിന് ഉള്ളത് പോലെ.. ഇപ്പോ പറഞ്ഞാലോ തന്റെ മനസ്സിൽ ഉള്ളത്..?? പറയാം.. ഇത് തന്നെ അവസരം.. ഇന്നലെ പപ്പയോട് അങ്ങനെ പറയുമ്പോൾ ഇത്ര പെട്ടെന്നു ഒരു അവസരം കർത്താവുണ്ടാക്കി തരുമെന്ന് കരുതിയില്ല... പക്ഷെ നാവ് അനങ്ങുന്നില്ലല്ലോ..? കൈ കാലുകൾ വല്ലാതെ വിറക്കുകയാണല്ലോ..? എന്ത് പറയും..? എങ്ങനെ തുടങ്ങും..? അറിയില്ല.. പക്ഷെ പറയണം..മനസ്സിൽ ഇങ്ങനെ കൊണ്ട് നടക്കാൻ വയ്യ.. വല്ലാത്ത ഭാരമാണ്.. താൻ തുറന്നു പറഞ്ഞില്ല എന്നൊരു കാരണം കൊണ്ട് തനിക്ക് തന്റെ പ്രണയം ഒരിക്കലും നഷ്ട പെടാൻ പാടില്ല.. സണ്ണി എന്ത് വേണേലും തീരുമാനിച്ചോട്ടേ.. എന്റെ മനസ്സിൽ ഉള്ളത് പറയേണ്ടത് എന്റെ ആവശ്യമാണ്.. അവൾ ദീർഘമായി ഒന്ന് ശ്വസിച്ചു. "ഡോക്ടർ.. "

സകല ധൈര്യവും സംഭരിച്ചു വിളിച്ചു..അരികിൽ അവൾ ഉണ്ടായിട്ടും അത്രേം നേരം അവളെ ശ്രദ്ധിക്കാതെയിരുന്ന അവൻ ആ വിളിയിൽ അവളെ നോക്കി.. "അത് ഡോക്ടർ..എനിക്ക്..എനിക്ക് ഡോക്ടറോട് ഒരു കാര്യം പറയാൻ..." അത്രയേറെ ധൈര്യം സംഭരിച്ചിട്ടും അവൾക്ക് നാവ് വിറക്കുന്നുണ്ടായിരുന്നു.. ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു.. "എന്ത് കാര്യം..? " അവന്റെ മുഖത്ത് ചോദ്യ ഭാവം.. "ഡോക്ടർ..നിങ്ങളെ ഞാൻ സ്നേഹിക്കുന്നു..ഒരുപാട് നാളുകൾ ആയിട്ട്..എന്റെ മനസ്സിൽ ഉള്ളത് നിങ്ങളാണ്..അത് കൊണ്ടാണ് ഞാൻ ശരണിന്റെ പ്രണയം സ്വീകരിക്കാത്തത്.. മനസ്സിൽ നിങ്ങൾ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് എനിക്ക് ശരണിനോട് നോ പറയേണ്ടി വന്നത്.. " അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഒരുനിമിഷം വേണ്ടി വന്നു അവന് അവൾ പറഞ്ഞതെന്തെന്ന് മനസ്സിലാക്കാൻ.. അടുത്ത സെക്കന്റ്‌ൽ കൈ വായുവിലൂടെ അവൾക്ക് നേരെ ഉയർന്നു. "ഡീീീ.. " മുൻകൂട്ടി കണ്ടതായിരുന്നു..എന്തും സംഭവിക്കാമെന്ന ഉറപ്പിൽ തന്നെയാണ് മനസ്സ് തുറന്നത്..അത് കൊണ്ട് അവൾ കണ്ണുകൾ ഇറുകെ മൂടി നിന്നു..അല്പ സമയമായിട്ടും കവിളിൽ കൈ പതിഞ്ഞില്ല.. കണ്ണുകൾ തുറന്നു നോക്കി..

"നീ..നീ എന്റെ ശരൺ സ്നേഹിക്കുന്ന പെണ്ണായിപ്പോയി.. എന്റെ വസു അത്രയേറെ ലാളിക്കുന്ന അവന്റെ അനിയത്തിയായിപ്പോയി.. എന്റെ കൺകണ്ട ദൈവമായ എബ്രഹാം സാറിന്റെ മകൾ ആയിപോയി.. അത് കൊണ്ട്.. അതുകൊണ്ട് മാത്രം ഉയർത്തിയ ഈ കൈ ഞാൻ പിൻവലിക്കുന്നു.. മറ്റാരെങ്കിലുമായിരുന്നു ഈ സ്ഥാനത്തു എങ്കിൽ.... " തുടർന്ന് പറഞ്ഞില്ല.. അവൻ കൈകൾ ഞെരിച്ചു ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു.. അവന്റെ ജ്വലിക്കുന്ന രൂപം കണ്ടു അവൾ ഭയന്നിരുന്നു.. എങ്കിലും തളരാതെ നിന്നു.. പക്ഷെ കണ്ണുകൾ വല്ലാതെ അനുസരണ കേടു കാണിക്കാൻ തുടങ്ങി.. "ഡോ..ഡോക്ടർ.. ഒരുവട്ടം..ഒരേ ഒരുവട്ടം എന്നെ കേൾക്കാൻ തയാറകണം.. ശരൺ..ശരൺനെ ഞാൻ സ്നേഹിച്ചിട്ടില്ല.. ഞാൻ ഇഷ്ട പെട്ടത് നിങ്ങളെയാണ്..

ആ ഞാൻ എങ്ങനെയാണ് ശരൺന്റെ പ്രണയം അക്‌സെപ്റ് ചെയ്യുക..ഡോക്ടർക്ക് അറിയാമോ.. ഞാൻ ഡോക്ടറെ..... " "വേണ്ടാ..ഇനിയൊരക്ഷരം മിണ്ടി പോകരുത് നീ.. ഇതാണ് ഞാൻ പറഞ്ഞത് നീ എബ്രഹാം സാർന്റെ മകൾ ആണെന്ന് വിശ്വസിക്കാൻ തന്നെ കഴിയുന്നില്ലന്ന്.. അദ്ദേഹത്തിന്റെ ഒരു മേന്മകളും നിനക്ക് കിട്ടിയിട്ടില്ല.. നിനക്ക് എങ്ങനെ ഇത്ര മോശപ്പെട്ടവളാകാൻ കഴിയുന്നു..നിന്നെ പോലെ അല്ലേടി ചന്ദനയും..അവളെ കണ്ടു പഠിയെടീ... " "ഒരാളോട് ഇഷ്ടം തോന്നുന്നത് അത്ര വല്യ തെറ്റാണോ..? ഒരാളെ അതിയായി സ്നേഹിക്കുന്നു എന്നത് കൊണ്ട് ആരെങ്കിലും മോശപ്പെട്ടവരാകുമോ.? ഡോക്ടർ എന്തിനാണ് എന്നോട് ഇത്രയും വിരോധം കാണിക്കുന്നത്.. അതിനും മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തിട്ടുള്ളത്.. " "ശരൺനെ നിനക്ക് ഇഷ്ടമല്ലങ്കിൽ നീ അവനെ ആദ്യം തന്നെ വിലക്കണമായിരുന്നു..

അവന് സ്വപ്നം കാണാനുള്ള സമയം നീ നൽകരുതായിരുന്നു.. തുറന്നു പറഞ്ഞതല്ലേ അവൻ നിന്നോട്.. ആ നിമിഷം തന്നെ ഇഷ്ടമല്ലന്ന് പറയണമായിരുന്നു. അല്ലാതെ പൊട്ടൻ കളിപ്പിച്ചു വിടുകയല്ല ചെയ്യേണ്ടിയിരുന്നത്.. നിനക്ക് തോന്നുന്ന സമയത്തല്ല അവനോട് കാര്യങ്ങൾ പറയേണ്ടിയിരുന്നത്.. അവന്റെ ഫീലിംഗ്സ് എന്താണെന്നു നീ മനസ്സിലാക്കിയിട്ടുണ്ടോ.. ഇല്ലാ.. നിനക്ക് അതിന് കഴിയില്ല.. അവന്റെയല്ല.. ഒരാളുടെ ഫീലിംഗ്സും മനസ്സിലാക്കാൻ നിനക്ക് കഴിയില്ല. കാരണം നിനക്ക് എല്ലാം നിസ്സാരമാണ്.. ഞാൻ ആദ്യമായി നിന്നെ കാണുന്നത് ജിത്തുവിന്റെ വീട്ടിൽ വെച്ചാണ്.. ആദ്യ കൂടി കാഴ്ചയിൽ തന്നെ എന്റെ മനസ്സിൽ നിനക്ക് ഉണ്ടായത് ഒരു നെഗറ്റീവ് ഇമേജ് ആണ്.. അതിനി എന്നും അങ്ങനെ തന്നെ ആയിരിക്കും..ഈ നിമിഷം പിഴുതെറിഞ്ഞെക്ക് മനസ്സിലുള്ളതെല്ലാം.. " "ഡോക്ടർ... " അവളുടെ ഉള്ളം ആർത്തു കരയുകയായിരുന്നു.വേദനയോടെ വിളിച്ചു...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story