മണിവാക: ഭാഗം 31

manivaka

രചന: SHAMSEENA FIROZ

"ഡോക്ടർ അല്ല.. എഡ്വിൻ.. ഇനിയിപ്പോ നീ ഒന്നും തന്നെ വിളിക്കണമെന്നില്ല... എന്റെ മനസ്സിൽ ഇതുവരെ നിനക്ക് ഒരു സ്ഥാനവും ഉണ്ടായിട്ടില്ല.. ഇനിയൊരിക്കലും ഉണ്ടാകുകയുമില്ല.. അഥവാ എന്നെങ്കിലും ഉണ്ടാകുകയാണെങ്കിൽ തന്നെ അത് ശരൺന്റെ പെണ്ണ് എന്നൊരു സ്ഥാനം മാത്രമായിരിക്കും. ഒരു കാര്യം പറഞ്ഞേക്കാം..ഇത് എങ്ങാനും ശരൺ അറിഞ്ഞാൽ അന്ന് നിന്റെ അവസാനമായിരിക്കും..ശരൺ മാത്രമല്ല, വസുവും.. ഇന്ന് കൈ പിൻവലിച്ചതു പോലെ പിൻവലിക്കില്ല ഞാനന്ന്..എനിക്കും ശരൺനും ഇടയിലുള്ള ബന്ധം എത്രത്തോളമാണെന്ന് അറിഞ്ഞിട്ടും നിനക്ക് എങ്ങനെ ഇങ്ങനൊരു ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാനും എന്നോട് പറയാനും കഴിഞ്ഞു.. ശരൺ ആണ് നിന്നെ സ്നേഹിക്കുന്നത്.. പറ്റുമെങ്കിൽ ആ സ്നേഹം മനസ്സിലാക്കാൻ ശ്രമിക്ക്.. അവനെ സന്തോഷ പെടുത്താൻ നോക്ക്.. " പറഞ്ഞിട്ട് അവൻ ഇറങ്ങി ബുള്ളറ്റ്നു അരികിലേക്ക് നടന്നു.. മഴ കുറഞ്ഞിരുന്നു.. എന്നാലും ചാറ്റൽ ഉണ്ടെന്നു പോലും നോക്കിയില്ല അവൻ.. അവൾ എല്ലാം തകർന്നവളെ പോലെ നിന്നു..

ഒന്ന് അനങ്ങാൻ പോലും വയ്യായിരുന്നു.. താൻ മരണ വേദന അനുഭവിക്കുകയാണോ എന്ന് വരെ തോന്നിപ്പോയി.. അത്രയേറെ നെഞ്ച് വേദനിക്കുന്നുണ്ടായിരുന്നു.. ദേഷ്യം കാരണം അവളെ കൂട്ടാതെ പോകാൻ തോന്നിയെങ്കിലും എന്തോ അതിന് കഴിഞ്ഞില്ല.. അവളൊരു പെണ്ണാണെന്ന പരിഗണന.. അത് മാത്രം നൽകി.. അവൾ വന്നു കയറാൻ എന്ന വണ്ണം ആക്‌സിലെറ്റർ ശക്തിയായി തിരിച്ചു കൊണ്ടിരുന്നു.. അവളുടെ മനസ്സ് മരിച്ചു പോയിരുന്നു. യാന്ത്രികമെന്നോണം ചെന്ന് അവനു പുറകെയിരുന്നു.. അറിയാതെ പോലും അവന്റെ ദേഹത്ത് തട്ടിയില്ല.. തണുപ്പു കാരണവും വിതുമ്പലു കാരണവും ചുണ്ടുകൾ നന്നേ വിറക്കുന്നുണ്ടായിരുന്നു..അവളുടെ കണ്ണീർ ഒഴുകുന്ന മുഖം മിററിലൂടെ കണ്ടു എങ്കിലും അത് അവനെ തെല്ലും ഉലച്ചില്ല.. *** ഫ്ലാറ്റിലേക്ക് എത്തിയ അവൾ നേരെ എബ്രഹാമിന്റെ മടിയിലേക്ക് വീണു.. അവളുടെ രൂപം കണ്ടു അയാൾ ഒന്ന് വല്ലാതെയായി.. "ചിഞ്ചു.. " അയാൾ മുഖം പിടിച്ചു ഉയർത്താൻ നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല..

അവൾ ശക്തിയോടെ അയാളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി വെച്ചു.. ശബ്ദം പുറത്തേക്ക് വരുന്നില്ല.. പക്ഷെ തേങ്ങലുകൾ ഉയരുന്നുണ്ട്.. "എന്താ ചിഞ്ചു... എന്താ നിനക്ക്.. പറ മോളെ.. പപ്പയോട് പറാ.. " അയാൾ വല്ലാത്ത ആധിയോടെ ചോദിച്ചു. "സ..സണ്ണി.. പപ്പാ.. സണ്ണി...എന്നെ...എന്നെ സ്നേഹിക്കില്ല പപ്പാ... ഒരിക്കലും.. ഒരിക്കലും എന്നെ മനസ്സിലാക്കില്ല പപ്പാ.. എന്നെ മുഴുവനായി കേൾക്കാൻ പോലും തയാറായില്ല.." ആദ്യം പദം പറഞ്ഞു തുടങ്ങിയ അവൾ ഒടുക്കം ഉറക്കെ കരയാൻ തുടങ്ങി..അവൾ കാര്യങ്ങൾ മുഴുവനായും പറഞ്ഞില്ല എങ്കിലും എന്തായിരിക്കും നടന്നു കാണുക എന്നതു എബ്രഹാമിനു ഊഹിക്കാവുന്നതേ ഉണ്ടാരുന്നുള്ളു. ആദ്യമായാണ് തന്റെ മകളെ ഇങ്ങനെ കാണുന്നത്.. ഇതുവരെ തളരുന്നതു പോയിട്ട് ഒന്ന് കരയുന്നത് പോലും കണ്ടിട്ടില്ല.. അത്രയും സന്തോഷം നൽകിയാണ് വളർത്തിയത്.. ആദ്യമായി അവളൊരു കാര്യത്തിന് വേണ്ടി കരയുന്നു.. അതും ഇങ്ങനൊരു കാര്യം.. അവൾ എത്രമാത്രം സണ്ണിയെ സ്നേഹിക്കുന്നുണ്ടാകും..

ആ സ്നേഹമല്ലേ ഇത്ര പെട്ടെന്നു വേദനയായി പരിണമിച്ചത്..അവളുടെ അവസ്ഥ കണ്ടു എബ്രഹാമിന്റെ കണ്ണുകൾ നിറഞ്ഞു തൂവി.. വാക്കുകൾ കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ തുടങ്ങിയെങ്കിലും അതൊന്നും അവൾ ഇപ്പോൾ ചെവി കൊള്ളുകയോ അതൊന്നും അവളുടെ വേദനയ്ക്ക് പരിഹാരമാകുകയോ ചെയ്യില്ലന്ന് ഉറപ്പുള്ളതു കൊണ്ട് അയാൾ അവളെ കരയാൻ അനുവദിച്ചു.. വേണ്ടുവോളം കരഞ്ഞോളു എന്നുള്ള അർത്ഥത്തിൽ ഏറെ നേരം അവളുടെ തലയിൽ തലോടി കൊണ്ടേയിരുന്നു.. *** പള്ളിയിൽ നിന്നും ഇറങ്ങിയ ചിഞ്ചു എബ്രഹാമിനെ കാണാഞ്ഞു ചുറ്റും നോക്കി..ആരോടോ പുറം തിരിഞ്ഞു നിന്നു സംസാരിക്കുന്നത് കണ്ടു.. "പപ്പാ.. " അവൾ അരികിൽ ചെന്ന് വിളിച്ചു.. "ആ..വന്നേ..നീ തന്നെയായിരുന്നു സംസാര വിഷയം..ഇതാരാണെന്ന് മനസ്സിലായോ മോൾക്ക്‌..? " എബ്രഹാം തന്റെ അരികിൽ നിൽക്കുന്ന സ്ത്രീ രൂപത്തെ കാണിച്ചു കൊണ്ട് ചോദിച്ചു.. "തെരേസാന്റി.. " ആദ്യം കുറച്ച് നേരം മനസ്സിലാവാതെ നോക്കിയെങ്കിലും പിന്നീട് അവൾ ഓർത്തെടുത്തു ആ മുഖം..പണ്ട് കണ്ടതിൽ നിന്നും ഒരുപാട് മാറ്റമുണ്ട്..പക്ഷെ ആ മുഖത്തെ ഐശ്വര്യം കാലം ഇത്ര കടന്നിട്ടും മങ്ങിയിട്ടില്ല എന്നും ഓർത്തു അവൾ..

"ആഹാ..മോൾക്ക്‌ അപ്പോൾ എന്നെ ഓർമ്മയുണ്ടോ..? ഞാൻ വിചാരിച്ചു മറന്നു കാണുമെന്ന്.. ഞാൻ വീട്ടിലേക്കു പോകാതെ രണ്ട് മൂന്നു മാസങ്ങൾ ആയി.. പോയപ്പോഴോക്കെ മോളുടെ വല്യമ്മച്ചിയോട് മോളെ അന്വേഷിക്കാറുണ്ട്..ഇവളുടെ പഠിപ്പും സണ്ണിയുടെ ജോലിയുമൊക്കെയായി ഒന്ന് വീട്ടിന്നു മാറി നിൽക്കാൻ പറ്റുന്നില്ലാന്നെ..." തെരേസ യാതൊരു അപരിചിതത്വവും കൂടാതെ സംസാരിച്ചു..അപ്പോൾ മാത്രമാണ് തെരേസയ്ക്ക് അരികിൽ നിൽക്കുന്ന പെൺകുട്ടിയെ ചിഞ്ചു കാണുന്നത്..സാന്ദ്രയാണെന്ന് മനസ്സിലായി..സണ്ണിയെ പകുത്തു വെച്ചത് പോലെയുണ്ട്..ഒരു കൊച്ച് സുന്ദരി..ചിഞ്ചു അവളെ നോക്കി പുഞ്ചിരിച്ചു..സാന്ദ്രയും തിരിച്ചു നൽകി ഒരു ചിരി.. "ഇങ്ങനെ കാണണ്ട ട്ടോ..ഇതിപ്പോ തെരേസയെ വല്യ പരിചയമില്ലാത്തതു കൊണ്ടാണ് ഈ സൈലെൻസ്..അല്ലാതെ ആളു നല്ല കാന്താരി മുളക് തന്നെയാണ്.. " "ഈ പറഞ്ഞത് പോലെത്തന്നെയാണ് ഇവളും..അങ്ങേരു ലാളിച്ചു വെച്ചേക്കുന്നതിന്റെ സകല കുരുത്തക്കേടുകളുമുണ്ട് കയ്യിൽ..

സണ്ണിയെ പേടി ഉള്ളത് കൊണ്ട് മാത്രം അല്പം അടങ്ങുന്നു.. പിന്നെ എൽസ മോളെ ഇന്നാളും കൂടെ ഞാൻ ഓർത്തതേയുള്ളൂ കേട്ടോ.." പറഞ്ഞു തീരുന്നതിന് മുന്നേ സാന്ദ്ര ഈ അമ്മച്ചിയെക്കൊണ്ട് എന്നും പറഞ്ഞു തെരേസയുടെ കയ്യിൽ പിച്ചിയിരുന്നു.. "നിങ്ങൾ ഇവിടെ നിൽക്കുകയാണോ..ഞാൻ എവിടെയൊക്കെ അന്വേഷിച്ചു.. പോകണ്ടേ..? ഓ.. സാർ.. സാർ ആയിരുന്നോ..? ഞാൻ ശ്രദ്ധിച്ചില്ല.." എബ്രഹാമിനെ കണ്ടതും സണ്ണിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. പക്ഷെ അതേ സമയം ചിഞ്ചുവിന്റെ മുഖം വേദനയാൽ നിറഞ്ഞതു എബ്രഹാം മാത്രം അറിഞ്ഞു.. സണ്ണിയോട് പുഞ്ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം എബ്രഹാമിന്റെ ഉള്ളം ചിഞ്ചുവിനെ ഓർത്തു വിഷമിക്കുകയായിരുന്നു.. സണ്ണിയുടെ ഒരു നോട്ടമോ ശ്രദ്ധയോ ഒന്നും അറിയാതെ പോലും അവളിലേക്ക് ചെല്ലുന്നില്ലന്നത് എബ്രഹാമിനെ അത്ഭുതപ്പെടുത്തി..

എന്തോ..എബ്രഹാമിനു അവനോട് അല്പം പോലും നീരസം തോന്നിയില്ല..പകരം മതിപ്പ് തോന്നി..സുഹൃത്തായ ശരൺനെ അവൻ എന്തുമാത്രം സ്നേഹിക്കുന്നു എന്നത് അയാൾക്ക് സണ്ണിയോടുള്ള ഇഷ്ടത്തിന്റെ അളവ് വർധിപ്പിക്കുകയായിരുന്നു.. "മോളെയും കൂട്ടി ഒരുദിവസം അങ്ങോട്ടേക്ക് ഇറങ്ങ്..ഇപ്പോൾ ആന്റി പോകുവാട്ടോ..നിങ്ങൾ ആയത് കൊണ്ടാ ഇവൻ തിരക്ക് കൂട്ടാത്തത്..വേറെ വല്ലവരും ആയിരുന്നെങ്കിൽ നേരത്തെ ദേഷ്യം പിടിച്ചേനെ..ഞായറാഴ്ച മാത്രമല്ലെ ഇവനൊരു ഒഴിവുള്ളു..വരട്ടേ.. " തെരേസ സാന്ദ്രയോടുള്ള അതേ സ്നേഹത്തോടെ തന്നെ ചിഞ്ചുവിനെ ഒന്ന് തഴുകി.. "വരട്ടേ..ഇനിയും കാണാട്ടോ.. " സാന്ദ്രയും ചിഞ്ചുവിനോട് യാത്ര പറഞ്ഞു..സണ്ണി എബ്രഹാമിനോടും.. ശേഷം അവർ മുന്നോട്ടു നടന്നു നീങ്ങി.. അതുവരെ അടക്കി നിർത്തിയ കണ്ണുനീർ പേമാരിയായി പുറത്തേക്ക് ഒഴുകുന്നത് ചിഞ്ചു അറിഞ്ഞു..

ആരെയാണോ ഇനി കാണരുതെന്ന് അല്പം മുന്നേ വരെ കർത്താവിന്റെ തിരുസന്നിധിയിൽ വെച്ചു ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തത്,, അയാളെ തന്നെ വീണ്ടും വീണ്ടും കണ്മുന്നിൽ കാണുന്നു.. എന്തിനാണ് ഇങ്ങനെയും പരീക്ഷണം..പപ്പയ്ക്ക് കൊടുത്ത വാക്ക് ഞാൻ തെറ്റിക്കുകയാണല്ലോ..?? "മോളെ... " എബ്രഹാമിന്റെ കരം അവളെ ചേർത്ത് പിടിച്ചു. "ഇല്ല പപ്പാ..ഞാൻ കരയില്ല..പപ്പയ്ക്ക് തന്ന വാക്ക് ഞാൻ തെറ്റിക്കില്ല..സണ്ണിയെ ഓർത്തു ഞാൻ വേദനിക്കില്ല പപ്പ.. പപ്പയുടെ മകൾ ഗ്ലൂമിയായി നടക്കില്ല..പക്ഷെ മറക്കാൻ എന്നോട് ആവശ്യ പെടരുത് പപ്പാ..ഞാൻ കാത്തിരുന്നോട്ടേ..എന്നെങ്കിലും ഒരിക്കൽ എന്നെ മനസിലാക്കുമെന്നു കരുതിയിട്ട്..എന്റെ മനസ്സ് അറിയുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.. പ്ലീസ് പപ്പാ.. "... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story