മണിവാക: ഭാഗം 32

manivaka

രചന: SHAMSEENA FIROZ

അയാളുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് കരയുകയായിരുന്നു അവൾ.. പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും പരാജയ പെടുന്നത് പോലെ..എബ്രഹാമിനു തന്റെ നെഞ്ച് പൊള്ളുന്നതായി തോന്നി.. അത്രക്കും അവളുടെ കണ്ണുനീർ അയാളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.. ** "എൽസ മോള് ഒത്തിരി മാറി.. പഴയതിനേക്കാളും സുന്ദരിയായിട്ടുണ്ട്..അന്ന് ഞാൻ കാണുമ്പോൾ ഇതിന്റെ പകുതിക്കേ ഉണ്ടാരുന്നുള്ളു..എത്ര പെട്ടെന്നാ പെൺകുട്ടികൾ വളരുന്നത്..ഇവിടെ തന്നെ കണ്ടില്ലേ ഒരുത്തിയെ.. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടല്ലേ വല്യ പെണ്ണായത്.." തിരിച്ചു പോകുന്ന വഴിയിൽ തെരേസ പറഞ്ഞു.. "എന്ത് പറയുമ്പോഴും ഒടുക്കം എന്നെ പറഞ്ഞോണം.. മനുഷ്യന്മാരായാൽ വളർച്ചയൊക്കെ സാധാരണയാണ്.. ഇതിപ്പോ തിന്നാൻ തരുന്നത് അമ്മച്ചി തന്നെയല്ലേ..എന്നിട്ട് അത് കഴിച്ചു വളർച്ച വെച്ചപ്പോ കുറ്റം എനിക്കായി.. " "അതിന് ഞാൻ നിന്നെ പറഞ്ഞതാണോടീ..എല്ലാം പെൺകുട്ടികളുടെയും കാര്യമാണ്.. എൽസ മോള് ഏകദേശം നിന്റെ പ്രായം തന്നെയാണ്..നിന്നെക്കാൾ ഒരു വയസ്സ് മൂക്കുമായിരിക്കും.. പാവം കൊച്ച്..അമ്മയില്ലാതെ വളർന്നതാണ്..ജോസിച്ചൻ താഴത്തും തലയിലും വെക്കാതെ കൊണ്ട് നടക്കുന്നതാ അവളെ..

അദ്ദേഹത്തിന്റെ എല്ലാം ഗുണങ്ങളും മോൾക്ക്‌ കിട്ടിയിട്ട് ഉണ്ടെന്നു തോന്നുന്നു.. നീ കണ്ടില്ലായിരുന്നോ എന്നെ കണ്ടപ്പോൾ തെരേസാന്റിന്ന് വിളിച്ചത്..എത്ര മുന്നേ കണ്ടതാ.. എന്നിട്ടും അവളെന്നെ തിരിച്ചറിഞ്ഞു.. എന്ത് സ്നേഹത്തോടെയാ വിളിച്ചത്.. ഏതായാലും എനിക്ക് നല്ലത് പോലെ ഇഷ്ടമായി..നല്ലൊരു കൊച്ചു തന്നെ..നമ്മുടെ കുടുംബത്തിലേക്ക് തരുകയാണെങ്കിൽ ഇങ്ങോട്ട് എടുക്കാമായിരുന്നു.. വീടിന്റെ ഐശ്വര്യം തന്നെയായി മാറും അവൾ..സമ്പത്തിലും തറവാട്ട് മഹിമയിലുമൊക്കെ നമ്മളെക്കാൾ ഒരുപാട് മുന്നിലാണ് അവർ..പക്ഷെ ജോസിച്ചനോ വീട്ടുകാർക്കോ അതുപോലെയുള്ള യാതൊരു അന്തരവുമില്ല..എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്.." "എന്നോട് പറഞ്ഞിട്ട് എന്തിനാ..? എനിക്കൊരു എതിർപ്പുമില്ല.. എങ്ങനെയെങ്കിലും ഒന്ന് ഈ ചേട്ടായിയുടെ വിവാഹം നടന്നു കണ്ടാൽ മതി..ഇരിക്കയല്ലേ മുന്നിൽ..അങ്ങോട്ട് തന്നെ ചോദിച്ചു നോക്ക് അമ്മച്ചി..ഏതായാലും എൽസയെ ഇപ്പോൾ അവിടെ വെച്ചു കണ്ടതാണല്ലോ..?? എങ്ങനെയുണ്ട് എന്ന് ചേട്ടായി പറയട്ടെ.. "

ചിഞ്ചുവിനെ കുറിച്ച് ഓർക്കുമ്പോഴേ സണ്ണിയുടെ മുഖത്ത് അനിഷ്ടം നിറഞ്ഞു..തെരേസ അവളെ കുറിച്ച് നല്ലത് പറയുമ്പോൾ തന്നെ നാവ് ചൊറിഞ്ഞതാണ് രണ്ടെണ്ണം പറയാൻ.. എന്നിട്ടും വേണ്ടാന്ന് വെച്ചു ഇരുന്നതാണ്.. അപ്പോഴുണ്ട് ഇങ്ങോട്ടായി ചോദ്യം വരുന്നു.. "ചേട്ടായി എന്താ ഒന്നും പറയാത്തത്.. ചോദിച്ചത് കേട്ടില്ലേ..?" "എന്നെ കെട്ടിക്കാൻ നിനക്ക് എന്താടി ഇത്ര തിരക്ക്..എനിക്കിപ്പോ വിവാഹം നോക്കണ്ടന്ന് ഞാൻ നിന്നോടും അമ്മച്ചിയോടും നൂറു വട്ടം പറഞ്ഞിട്ട് ഉള്ളതാണ്..ആദ്യം നീ മര്യാദക്ക് പഠിക്കാൻ നോക്ക്.. എന്നിട്ടു മതി ഈ ബ്രോക്കർ പണിയൊക്കെ.. " "ഈ ചേട്ടായിയെക്കൊണ്ട്.. കേട്ടില്ലേ അമ്മച്ചി.. ഇവൻ എന്ന് നന്നാവനാണ്.. ഈ ജന്മത്തിൽ ഇവന്റെ കെട്ടു നടന്നു കാണാമെന്നു അമ്മച്ചി കൊതിക്കണ്ടാ.. അതിനുള്ള വിധിയില്ലന്ന് കരുതി സമാധാനിക്കുക..അതേ ഗതിയുള്ളൂ.." സാന്ദ്ര മുഖം തിരിച്ചു പുറത്തെ കാഴ്ചകളിൽ കണ്ണോടിച്ചു ഇരുന്നു.. തെരേസ ഒന്നും പറഞ്ഞില്ല. വെറുതെ ഓരോന്ന് പറഞ്ഞു സങ്കടപെടാമെന്നെയുള്ളൂ..

തെരേസയും പുറത്തെ കാഴ്ചകളിൽ കണ്ണ് നട്ടിരുന്നു.. പക്ഷെ സണ്ണിയുടെ ചുണ്ടിൽ ഏതോ ഓർമ്മയിൽ ഒരു ചെറു ചിരി വിരിഞ്ഞിരുന്നു.. അവന്റെ കൈ തന്റെ ഇട നെഞ്ചിലേക്ക് സഞ്ചരിക്കുകയും അവിടമൊന്നു അമരുകയും ചെയ്തു.. "ആരായിരുന്നു നീ..? എവിടെയാണ് ഇപ്പോൾ..? ഇനി തമ്മിൽ കാണുമോ നമ്മൾ..? കണ്ടാലും തിരിച്ചറിയുമോ..? നിന്റെ ഓർമകളിൽ ഒരുവട്ടമെങ്കിലും ഞാൻ വന്നിട്ടുണ്ടോ..? അന്ന് എന്തിനായിരുന്നു ഈ നെഞ്ചിലേക്ക് വന്നണഞ്ഞത്..? ഈ ഹൃദയം കൈയടക്കാൻ വേണ്ടിയോ..? ആ മുഖം മനസ്സിൽ ഇല്ലെന്നാലും നിന്റെ ആ വർധിച്ച നെഞ്ചിടിപ്പ് ഇന്നും ഈ മാറിലുണ്ട്.. ഇടയ്ക്കെല്ലാം അതെന്റെ ഹൃദയത്തോടു ചേർന്ന് മിടിക്കുന്നത് പോലെ.. സണ്ണിയുടെ ചുണ്ടുകളിൽ നിന്നും വീണ്ടും സുന്ദരമയൊരു ചിരി പൊഴിഞ്ഞു.. ** "സാന്ദ്രാ... " ആ വിളിയിൽ വാത്സല്യമായിരുന്നു..വേദനയായിരുന്നു..കവിളിനെ തഴുകാൻ കൈയുയർത്തി.. പക്ഷെ അവിടം ശൂന്യമായിരുന്നു.. ഇല്ലാ...ആരുമില്ല.. തനിക്ക് അരികിൽ ആരുമില്ല..താൻ ഒറ്റയ്ക്കാണ്..

എത്രയോ നാളുകളായി താൻ ഇപ്പോൾ ഒറ്റയ്ക്കാണ്.. ഒരുവളെ പ്രാണനോളം പ്രണയിച്ചു.. സ്വന്തമാക്കാൻ അതിയായി ആഗ്രഹിച്ചു.. പക്ഷെ ആ പ്രണയം പാതിയിൽ ഉപേക്ഷിച്ചു അവൾ പൊക്കളഞ്ഞു..ഇന്ന് മറ്റൊരാൾക്ക് സ്വന്തമാണ്..ഓർക്കവേ തന്നെ അവന്റെ ഉള്ളു വല്ലാതെ നൊന്തു..കണ്ണുകൾ നിറഞ്ഞു.. മറ്റൊരുവളെ താലി ചാർത്തി കൂടെ കൂട്ടി..പക്ഷെ ഇന്ന് അവളും തനിക്ക് അരികിലില്ല..തന്റെ കൂടെയില്ല.. തനിച്ചാക്കി പോയിരിക്കുന്നു.. അവളും തന്നെ തനിച്ചാക്കി അകലങ്ങളിലേക്ക് പോയി മറഞ്ഞിരിക്കുന്നു.. തന്നെ മനസ്സിലാക്കാൻ അവൾക്കും സാധിച്ചിട്ടില്ലേ..? എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ഒന്നും മറക്കാൻ കഴിയുന്നില്ല..വിധിയെന്ന് കരുതി സമാധാനിക്കാൻ ശ്രമിക്കും തോറും പൂർവ്വാധികം ശക്തിയോടെ ഓരോന്നും മനസ്സിൽ തെളിമയോടെ കടന്നു വന്നു തന്നെ ചുട്ടു പൊള്ളിക്കുകയാണ്.. എന്തിനാണ് ഇങ്ങനെയൊക്കെ.. അറിയുന്നില്ല.. അതിനും മാത്രം എന്താണ് താൻ ചെയ്തിട്ടുള്ളത്...?? അവന്റെ മിഴികളിൽ നിന്നും ചുടു നീർ കവിളിലേക്ക് ഒഴുകി.. ***

"ഒരിക്കലും എന്റെ പ്രണയത്തെ കുറിച്ചോ ആ പ്രണയത്തിന് എന്ത് സംഭവിച്ചു എന്നോ ഒന്നും ഞാൻ ശരൺനോട് പറയില്ലായിരുന്നു.. എന്നേ മറന്നതാണ് ഞാനത്.. " പറയുമ്പോൾ സ്വരം വല്ലാതെ തളർന്നിരുന്നു..കണ്ണുകൾ അപ്പോഴും തോരുന്നുണ്ടായിരുന്നു. "ഇല്ല ചിഞ്ചു..നീ മറന്നിട്ടില്ല.. നിനക്ക് ഒരിക്കലും മറക്കാനുമാകില്ല.. കാരണം നീ അത്രമാത്രം സണ്ണിയെ സ്നേഹിച്ചിരുന്നു.. അവന്റെ സ്നേഹം കൊതിച്ചിരുന്നു.. മറന്നു എന്നും മറന്നതാണെന്നും പറയാനേ നിനക്ക് കഴിയുകയുള്ളൂ.. മറക്കാൻ നിനക്ക് കഴിഞ്ഞിട്ടില്ല.. കഴിഞ്ഞിരുന്നു എങ്കിൽ നിന്റെ കണ്ണുകളിൽ ഇന്ന് ഇത്ര മാത്രം വേദന ഞാൻ കാണില്ലായിരുന്നു ചിഞ്ചു..നിന്റെയീ തളർന്നു നിൽക്കുന്ന രൂപം എനിക്ക് കാണേണ്ടി വരില്ലായിരുന്നു.. ഞാൻ.. ഞാൻ വെറുതെ.. ഒന്നും അറിയാതെ.. എനിക്ക് അറിയില്ലായിരുന്നു അത് സണ്ണി ആയിരിക്കുമെന്ന്.. നിന്റെ പ്രണയത്തിന് അവകാശി എന്റെ സണ്ണിയാണെന്ന് ഈ നിമിഷം വരെ ഞാൻ അറിയില്ലായിരുന്നു ചിഞ്ചു.. അറിഞ്ഞിരുന്നെങ്കിൽ എന്നേ ഞാൻ പിന്മാറുമായിരുന്നു.. ഒരുപക്ഷെ നീ ഇന്ന് സണ്ണിക്ക് സ്വന്തമായി കാണുമായിരുന്നു.. ഞാൻ ആവശ്യ പെട്ടിരുന്നു എങ്കിൽ ഉറപ്പായും അവൻ നിന്നെയും നിന്റെ പ്രണയത്തേയും സ്വീകരിക്കുമായിരുന്നു.. അവൻ എനിക്ക് വേണ്ടിയായിരിക്കും നിന്നെ വേദനിപ്പിച്ചത്..അല്ലാതെ അവന് ആരെയും വേദനിപ്പിക്കാൻ കഴിയില്ല.. " ശരൺ പറഞ്ഞു..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story