മണിവാക: ഭാഗം 36

manivaka

രചന: SHAMSEENA FIROZ

"നീ കിടന്നില്ലേ..?" "ഇ.. ഇല്ല..." "എന്തെടുക്കുവായിരുന്നു..കിടക്കുന്ന നേരമായല്ലോ..എന്താ നിനക്കൊരു വയ്യായ്ക പോലെ..?" ചോദിക്കുന്നതിന് ഒപ്പം തന്നെ സണ്ണി സാന്ദ്രയുടെ നെറ്റിയിൽ തൊട്ട് നോക്കി.. "ഒന്നുമില്ല ചേട്ടായി..ഞാൻ വെറുതെ ഫോണിൽ ഓരോന്നൊക്കെ നോക്കി.. സമയം പോയതറിഞ്ഞില്ല.." "മതി.. കിടക്കാൻ നോക്ക്.. ഫോണിൽ കളിയൊക്കെ കൊള്ളാം.. നെക്സ്റ്റ് സെം എക്സാമാണ് വരുന്നതെന്നു ഓർമ വേണം. ഉറക്കമൊഴിച്ചുള്ള കളിയൊന്നും വേണ്ട.. പടുത്തവും.. കിട്ടുന്ന ടൈം നന്നായി യൂസ് ചെയ്തോ.. എക്സാമിനു തലേന്നു കുത്തിയിരുന്നുള്ള കഷ്ടപ്പാട് വേണ്ടന്ന് സാരം.." "ഓ.. സമ്മതിച്ചു.. എനിക്ക് അറിഞ്ഞൂടെ മാർക്സ് കുറഞ്ഞാൽ ചേട്ടായി എന്നെ നിലത്തു നിർത്തിക്കില്ലന്ന്.." "എനിക്ക് വേണ്ടിയല്ല.. നിനക്ക് വേണ്ടിയാണു പറയുന്നത്.." "ശെരി ശെരി.. ഇതാണ് പറയുന്നത് പൊന്നാങ്ങള ബുദ്ധിജീവി ആവാൻ പാടില്ലന്ന്.. ഇതൊക്കെ അനുഭവിക്കണ്ടി വരും..ഞാൻ കിടക്കുവാ.. ഗുഡ് നൈറ്റ്‌.. ഉമ്മ.." സണ്ണിയുടെ കവിളിൽ ഒരുമ്മ നൽകി അവൾ ബെഡിലേക്ക് ഇരുന്നു..

പതിവ് പോലെ അവളെ പുതപ്പിച്ചു നെറുകിലൊന്നു മുത്തി അവൻ.. "ഞാൻ ഉറങ്ങി കഴിഞ്ഞു പോയ മതി.. ഒന്നുല്ലേലും ഞാൻ ഇനി അധിക കാലം ഇവിടില്ലല്ലോ..കെട്ടി അങ്ങ് പോകില്ലേ.. അപ്പൊ നീ എന്തോ ചെയ്യും..?" "അതിന് നിന്നെ ഉടനെ കെട്ടിച്ചു വിടുന്നെന്ന് ആര് പറഞ്ഞു. ഡിഗ്രി കംപ്ലീറ്റ് ചെയ്തു പിജിയും കഴിഞ്ഞു സ്വന്തം കാലിൽ നില്ക്കാറായിട്ടേ നിന്നെ കെട്ടിക്കുന്നുള്ളു എന്നാണ് അമ്മച്ചി പറഞ്ഞത്.. " "ഞാൻ ഇപ്പോഴും സ്വന്തം കാലിൽ തന്നെയാണ് നിൽക്കുന്നത്.. അല്ലാതെ ആരാന്റെ കാലു വാടകയ്ക്ക് എടുത്തല്ല.. അതൊന്ന് പറഞ്ഞേരെ അമ്മച്ചിയോട്.." "നിനക്കെന്താ ഇത്ര തിടുക്കം.. ആരെയേലും കണ്ടു വെച്ചിട്ടുണ്ടോ.. അങ്ങനെ എന്തേലും ഉണ്ടേൽ തുറന്ന് പറയണം..ഒളിച്ചു വെക്കരുത്..അതിനുള്ള സ്വാതന്ത്ര്യം നിനക്ക് നൽകിയിട്ടുണ്ട്.. പിന്നെ അറിയാമല്ലോ എല്ലാം.. ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ..?" "അത് ചേട്ടായി..മനസ്സിൽ ഒരാളുണ്ട്...കുറെ കാലമായിട്ട്..ബട്ട്‌ one വേ ആണ്..ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.. പക്ഷെ എന്നെ ഇഷ്ടമായിരിക്കുമെന്നൊരു വിശ്വാസമുണ്ട്..

സമയമാകുമ്പോൾ ഞാൻ നിങ്ങളോടും ആ ആളോടും തുറന്നു പറഞ്ഞോളാം..അതുവരെ ഞാൻ ഒന്നിനും പോകില്ല.. അത് ഞാൻ ചേട്ടായിക്ക് തരുന്ന വാക്കാണ്.." അവൾ അവന്റെ കൈ തലം മുറുകെ പിടിച്ചു.. അവൻ മന്ദഹസിച്ചു.. വിശ്വാസമാണെന്ന പോൽ.. തന്റെ പെങ്ങൾ.. കുഞ്ഞ് പെങ്ങൾ.. ഒരു മകളോട് എന്ന പോൽ സ്നേഹവും ലാളനയും.. ഉറങ്ങി കിടക്കുന്ന അവളുടെ കുഞ്ഞ് മുഖത്ത് അവൻ അതീവ വാത്സല്യത്തോടെ തഴുകി.. അവൾ ഉറങ്ങി കഴിഞ്ഞിട്ടും ഏറെ നേരം അവൻ അവിടെയിരുന്നു.. ** പടിക്കെട്ട് ഇറങ്ങി വരുമ്പോഴാണ് ആൽത്തറയോട് ചാരി കൈകൾ പിണച്ചു കെട്ടി നിൽക്കുന്ന വസുവിനെ ചന്ദന കാണുന്നത്.. ഒരുനിമിഷം കണ്ണുകൾ അത്ഭുതത്താലും സന്തോഷത്താലും വിടർന്നു.. കാണുന്നത് സത്യമോന്ന് ഉറപ്പിക്കാൻ ഒന്നൂടെ നോക്കി.. അതേ.. തന്നെ നോക്കി പുഞ്ചിരിച്ചു നിൽപ്പാണ്.. അവൻ അരികിലേക്ക് വരാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.. അവൾ തന്റൊപ്പം നടക്കുന്ന ചൈതുവിനെ നോക്കി..

"ഒന്നും പേടിക്കണ്ട.. പാലക്കാട്‌ പോയ അപ്പ ഏതായാലും ഈ കോവിൽ പരിസരത്ത് കാണില്ല.ധൈര്യമായി ചെന്ന് സംസാരിക്കു.. ഞാൻ അപ്പുറത്തു കാണും.." ചന്ദുവിനോടു പറഞ്ഞിട്ട് വസുവിനെ നോക്കി ചിരിച്ചു കൈ വീശി കാണിച്ചു ചൈതന്യ മുന്നിലേക്ക് നടന്നു.. "അവൾക്കുള്ള ചിന്താ ശേഷി പോലും നിനക്കില്ലല്ലോന്ന് ഓർക്കുമ്പോഴാ.." പതിയെ അരികിലെക്ക് വന്ന ചന്ദുവിനെ അവൻ കഷ്ടമെന്നുള്ള അർത്ഥത്തിൽ നോക്കി കൈ മലർത്തി.. "ഇതെന്താ ഇവിടെ..? " "ടെംപിളിലേക്ക് മാത്രമല്ലെ നിനക്ക് പെർമിഷൻ ഉള്ളു.. എന്തോ.. എനിക്ക് ഉറപ്പായിരുന്നു ഇന്ന് ഈ നേരത്തു നീ ഇവിടെ കാണുമെന്ന്.. ആകെ ഒരു ടെൻഷൻ നിന്റെ അപ്പ ഈ പരിസരത്ത് ഉണ്ടെങ്കിൽ നീ എന്നെ ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കില്ലല്ലോന്ന് ഓർത്തായിരുന്നു.. അപ്പോഴാണ് ചിഞ്ചുവിന്റ മെസ്സേജ്.. വാദ്യാരു സ്ഥലത്തു ഇല്ലെന്ന്.." "മ്മ്.. അപ്പ പാലക്കാട്‌ പോയിരിക്കുവാ... നാളെ ഉച്ച കഴിയും തിരിച്ചെത്താൻ.. പാട്ടിക്ക് ചെറുതായ് ഒരു വയ്യായ്ക.. പിന്നെ..." ചന്ദന പകുതിയിൽ നിർത്തി.. "പിന്നെ നിന്റെ വിവാഹ കാര്യങ്ങളെ കുറിച്ചു കൂടുതൽ സംസാരിക്കാൻ.. ഒപ്പം ഭാവി മരുമകനോട്‌ ഒപ്പം ഇന്ന് അവിടെയൊരു സൽക്കാരവും.അല്ലേ..?"

ചിരിയോടെയായിരുന്നു ചോദ്യം.. ചന്ദന മറുപടി ഒന്നും പറഞ്ഞില്ല.. പുറമെ ശാന്തമായിരുന്നു എന്നാലും അവളുടെ ഉള്ളിൽ ഒരു കൊടുങ്കാറ്റു തന്നെ ആഞ്ഞു വീശുന്നുണ്ടായിരുന്നു.. "എവിടെ.. എനിക്ക് പ്രസാദമില്ലേ.. അതോ... അന്യ ജാതിക്കാർക്ക് അതും നിഷിദ്ധമാണോ..?" അവളുടെ സംഘർഷം മനസ്സിലാക്കിയെന്ന പോൽ അവൻ വിഷയം മാറ്റി വിട്ടു.. അവൾ ഒന്ന് മന്ദഹസിച്ചു കയ്യിലുള്ള ഇല ചീന്തു അവനു നേരെ നീട്ടി പിടിച്ചു.. അവൻ വേണ്ടാന്നുള്ള അർത്ഥത്തിൽ തല വെട്ടിക്കുമ്പോൾ അവൾ എന്തെന്നുള്ള അർത്ഥത്തിൽ കണ്ണ് മിഴിച്ചു.. "നെറ്റിയിൽ തൊട്ട് തരൂ..." അവൾ ചുറ്റും നോക്കി.. ആരെങ്കിലും കണ്ടാൽ അപ്പായുടെ ചെവിക്ക് എത്താൻ അധിക നേരം വേണ്ട.. അടുത്തൊന്നും ആരും ഇല്ലെന്ന് ഉറപ്പിച്ചു വിരലിൽ ചന്ദനം എടുത്തു അവൾ അവന്റെ നെറ്റിയിൽ തൊട്ടു.. നെറ്റിയിൽ അനുഭവപ്പെട്ട തണുപ്പ് മനസ്സോളം പടരുന്നത് അറിഞ്ഞു അവൻ.. വല്ലാത്തൊരു തണുപ്പ്.. അവളെ കണ്ടപ്പോഴേ ഉള്ളിലെ ചൂട് അണഞ്ഞു കിട്ടിയതാണ്.. അരികിൽ വന്നു നിന്നപ്പോൾ.. ആ ഗന്ധം അറിഞ്ഞപ്പോൾ..

ഒന്ന് സംസാരിച്ചപ്പോൾ.. ഇപ്പോൾ തന്നെ ഒന്ന് സ്പർശിച്ചപ്പോൾ.. അവനു അവളെ ഇറുകെ ഒന്ന് പുൽകണമെന്ന് തോന്നി.. ആ അലിവ് ഒഴുകുന്ന മിഴികളിൽ ഒന്ന് ചുംബിക്കണമെന്ന് തോന്നി.. അത്രയും ശാന്തമായിരിക്കുന്ന ആ മുഖമാകെ ഒന്ന് തഴുകി തലോടണമെന്ന് തോന്നി.. അവൻ ദീർഘമായൊന്നു ശ്വസിച്ചു തന്റെ മനസ്സിനെ നിയന്ത്രണത്തിൽ ഏർപ്പെടുത്തി.. "ആദ്യമായാണ് ഇത്രയും ദിവസങ്ങൾ നിന്നെ കാണാതെ.. സംസാരിക്കാതെ.. എത്രമാത്രം മിസ്സ്‌ ചെയ്തെന്നു അറിയാമോ നിനക്ക്.. നിന്നെ പോലെ എനിക്ക് ഫീലിംഗ്സ് ഒതുക്കി നിർത്താൻ പറ്റുന്നില്ല.. എന്നാണ് ഈ അകലം കുറഞ്ഞു നമ്മൾ ഒന്നാവുന്നത്.. ഇറങ്ങി വരുവോ എന്റൊപ്പം.." "എന്നെ ഇങ്ങനെ സങ്കടപെടുത്തരുത്.." "അങ്ങനൊന്നു നീ ചെയ്യില്ലെന്ന് എനിക്കറിയാം.. പക്ഷെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം വേണമല്ലോ.. പെണ്ണ് കാണൽ കഴിഞ്ഞു. നിശ്ചയം ഉടനെ ഉണ്ടാവും.. ചിലപ്പോ നിശ്ചയം പോലും ഇല്ലാതെ എടിപിടി ന്ന് ഒരു വിവാഹം.. അന്നാ ദിവസം വരെ ഇതേ പോലെ തുടർന്നാൽ.. അന്ന് നീ എന്ത് ചെയ്യും.. അപ്പായുടെ അന്തസ്സും അഭിമാനവും മാനിക്കാതെ ഇരിക്കാൻ പറ്റുമോ..

ആ ആൾക്ക് മുന്നിൽ കഴുത്തു നീട്ടുക അല്ലാതെ അത്രയും പേരുടെ മുന്നിൽ വെച്ച് എല്ലാവരെയും ധിക്കരിക്കാൻ തയാറാകുമോ നീ.. അതോ ഇനി ഒന്നും വേണ്ടാന്ന് കരുതി ആത്മഹത്യ വല്ലതും ചെയ്യാനാണോ തീരുമാനം.. എന്തായാലും ഇപ്പോ ഉറപ്പിച്ചു പറയണം.." "ഞാൻ.. ഞാൻ അപ്പയോട് സംസാരിക്കാം.. പാട്ടിക്ക് വയ്യെന്ന് പറഞ്ഞോണ്ടാണ് ഇപ്പോ ദൃതി പിടിച്ചു പാലക്കാടെക്ക് പോയത്.. വന്നു കഴിഞ്ഞാൽ ഞാൻ അപ്പയോട് പറയാം എനിക്ക് ആ വിവാഹം വേണ്ടാന്ന്.. അമ്മ ഇതെക്കുറിച്ചു സംസാരിച്ചിരുന്നു.. അതിന് അമ്മയോട് ഒരുപാട് ഒച്ച വെച്ചു. അടിച്ചു.. ചൈതു കരയാൻ തുടങ്ങിയപ്പോഴാണ് അപ്പ ഒതുങ്ങിയത്.. നിങ്ങളുടെ സ്ഥാനത്തു എനിക്കിനി മറ്റാരെയും ഓർക്കാൻ കൂടി വയ്യ.. അങ്ങനൊരു ജീവിതം ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല.. അപ്പയോളം.. ചില സമയങ്ങളിൽ അതിനേക്കാൾ ഏറെ ഞാൻ നിങ്ങളെ സ്നേഹിച്ചു പോയ്‌.." അവൾ വിതുമ്പുകയായിരുന്നു..

ആ വാക്കുകൾ വസുവിനെ കുറച്ചു തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.. കണ്ണ് നിറയുന്ന അവസരത്തിലും അവൻ ഹൃദയം തുറന്നു ചിരിച്ചു.. അപ്പോഴും ആ നിങ്ങളെന്ന വിളി അവനെ ചൊടിപ്പിച്ചു.. "എന്ന് ഇനി ദേവേട്ടാ ന്ന് വിളിക്കാൻ കഴിയുന്നോ അന്നിനി നീ എന്നോട് സംസാരിച്ചാൽ മതിയാകും.." അവൻ കപട ദേഷ്യമണിഞ്ഞു. "അയ്യോ.. സോറി.. ഇനി ആവർത്തിക്കില്ല.." അപദ്ധം പറ്റിയത് പോലെ അവൾ ചെറുതായ് നെറ്റിയിൽ അടിച്ചു.. "എപ്പോഴും ഇതുതന്നെയല്ലേ പറയുന്നത്.. വാ.. ഞാൻ കൊണ്ട് വിടാം..നോക്കി നിന്നു ചൈതു മുഷിഞ്ഞിട്ട് ഉണ്ടാവും.." "വേണ്ട..ഞങ്ങൾ നടന്നോളാം.. ജ്യോതിയുടെ വീട്ടിൽ കയറണം. കുറച്ചു നോട്സ് എഴുതി എടുക്കണം.. എത്ര പെട്ടന്നാണ് ദിവസങ്ങൾ പോകുന്നത്.. വീണ്ടും എക്സാം അടുക്കാറായി..പിന്നെ.. നേരത്തെ പറഞ്ഞപോലെ ഇവിടെ ആർക്കും നിഷിദ്ധമൊന്നും അല്ലാട്ടോ.. കയറി ഒന്ന് തൊഴുതിട്ട് പോകു.. ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ..ഏറ്റവും ആദ്യമായ് വേണ്ടത് അതാണ്..പൊക്കോട്ടെ.." അവൾ അനുവാദത്തിനായ് അവന്റെ മുഖത്തേക്ക് നോക്കി..

അവൻ ശിരസ്സ് ചലിപ്പിച്ചു.. "ചന്ദന.." മുന്നിലേക്ക് നടന്ന അവളെ അവൻ വിളിച്ചു.. "നീ ആവശ്യത്തിന് സംസാരിക്കാൻ പഠിച്ചു.." അവൻ കുസൃതിയായി കണ്ണ് ചിമ്മി. "അങ്ങനെയല്ലാ.. പഠിപ്പിച്ചെന്നു പറയു.." അവളും അതേ ചിരിയോടെ പറഞ്ഞു.. "പോവുവാണേ..." അവൾ വേഗത്തിൽ ചൈതുവിന് അരികിലേക്ക് നടന്നു..വസു അവൾ പറഞ്ഞത് പ്രകാരം അമ്പലത്തിന് അകത്തേക്കും.. ** "സാന്ദ്ര എവിടെ..?" വൈകുന്നേരം ഹോസ്പിറ്റലിൽ നിന്നും വന്ന സണ്ണി സാന്ദ്രയെ താഴെ എങ്ങും കാണാഞ്ഞു തെരേസയോട് ചോദിച്ചു. "അവൾ അപ്പച്ചന്റെ കൂടെ പറമ്പിലേക്ക് ഇറങ്ങി.. നീ കുളിച്ചിട്ട് വാ..കാപ്പി എടുത്തു വെക്കാം.. അപ്പോഴേക്കും രണ്ടാളും ഇങ്ങേത്തും.." പറഞ്ഞിട്ട് തെരേസ കിച്ചണിലേക്ക് നടന്നു.. റൂമിലേക്ക് കയറി പോകുമ്പോൾ സാന്ദ്രയുടെ റൂമിൽ ഫാനും ലൈറ്റും തെളിഞ്ഞു കിടക്കുന്നത് കണ്ടു.. അത് ഓഫ് ചെയ്യാനായി കയറിയപ്പോൾ ബാഗും പുസ്തകങ്ങളും ടേബിളിലും ബെഡിലും അലസമായി കിടക്കുന്നതും.. ഇവളു എന്താണ് ഇങ്ങനെ.. എത്ര പറഞ്ഞാലും ഒരു അടുക്കും ചിട്ടയും ഇല്ലാതെ.. അവൻ ബെഡിൽ കിടക്കുന്ന പുസ്തങ്ങൾ എല്ലാം പെറുക്കി എടുത്തു കബോഡിലേക്ക് വെച്ചു. ടേബിൾ കൂടെ അടുക്കി വെക്കാൻ ഒരുങ്ങുമ്പോഴാണ് ബെഡിൽ ഷട്ട് ഡൌൺ ചെയ്യാതെ വെച്ചിരിക്കുന്ന ലാപ്ടോപ് ശ്രദ്ധയിൽ പെടുന്നത്.. അതിൽ തെളിഞ്ഞു കാണുന്ന വസുവിന്റെ ചിരിക്കുന്ന മുഖവും മുകളിലായി എഴുതി വെച്ചിരിക്കുന്ന "ഇഷ്ടമാണ് ഒരുപാട് " എന്ന വാക്കും ഒരു നിമിഷത്തേക്ക് അവന്റെ ശ്വാസ ഗതി ഉയർത്തി.. കണ്ണുകളെ വിശ്വസിക്കാൻ ആവാത്ത പോൽ അവൻ ഒന്നൂടെ ആ ആ സ്ക്രീനിലേക്ക് നോക്കി....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story