മണിവാക: ഭാഗം 39

manivaka

രചന: SHAMSEENA FIROZ

"ശനിയാഴ്ച നിഖിലിന്റെ വീട്ടുകാര് വരും.. വിവാഹത്തിന് തീയതി കുറിക്കാൻ.. ഇന്നലെ എന്നോട് സംസാരിച്ചത് പോലെ അവരുടെ മുന്നിൽ നിന്ന് സംസാരിക്കാൻ നിക്കരുത്.. അന്തർജ്ജനങ്ങൾ എപ്പോഴും അന്തർജ്ജനങ്ങൾ ആയി തന്നെ ഇരുന്നാൽ മതി.." തിലക രാമൻ കിച്ചണിൽ വന്നു രണ്ട് പേരും കേൾക്കാൻ പാകത്തിനായ് പറഞ്ഞു..പ്ലേറ്റുകൾ കഴുകി അടുക്കി വെക്കുകയായിരുന്ന ചന്ദനയുടെ കയ്യിൽ നിന്നുമൊരെണ്ണം താഴേക്ക് വീണു..ഒപ്പം രണ്ട് തുള്ളി കണ്ണുനീരും. "ഇപ്പോൾത്തന്നെ അവിടെ ഇവിടെയൊക്കെ സംസാരം പാട്ടായിട്ടുണ്ട്..നിഖിലിന്റെ വീട്ടുകാര് അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും.. കുടുംബത്തിനു പേര് ദോഷം ഉണ്ടാക്കാൻ വേണ്ടി.. ഇതിൽ കൂടുതൽ വല്ലതും ഉണ്ടായാൽ കൊന്ന് കളയും..പിന്നൊന്നു ആലോചിക്കാൻ നിൽക്കില്ല.." അതൊരു താക്കീത് ആയിരുന്നു.. കിച്ചണിൽ നിന്നും തിരിഞ്ഞു പോകുന്ന കൂട്ടത്തിൽ അയാൾ സ്ലാബിന് മുകളിൽ ഇരിക്കുന്ന പാർവതിയുടെ ഫോണും എടുത്തു കൊണ്ട് പോയ്‌.. ഇനിയൊരു അവസരവും ബാക്കി നൽകില്ലെന്ന പോലെ.. "ഞാൻ ചിഞ്ചുവിനെ ഒന്നു വിളിക്കാമെന്ന് കരുതിയതായിരുന്നു.." പാർവതി നിസ്സഹായയായി പറഞ്ഞു.. "അത് അപ്പായ്ക്ക് അറിയാം..

അത് കൊണ്ടാണ് ഇപ്പോൾ അമ്മായുടെ ഫോണും കൈവശം വെച്ചിരിക്കുന്നത്.." ചന്ദന വേദനയോടെ പുഞ്ചിരിച്ചു.. "ഇതുവരെ നിന്റെ അപ്പായ്ക്ക് ഭയമൊന്നും ഇല്ലായിരുന്നു.. പക്ഷെ നീയിന്നലെ നിനക്ക് വേണ്ടി സംസാരിച്ചത്.. അത് നിന്റെ അപ്പായുടെ ഉറക്കം കെടുത്തി കളഞ്ഞു.." "അപ്പായുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ തെറ്റ് പറയാൻ ആകില്ല.. അല്ലേ അമ്മാ..? വേണ്ടായിരുന്നു.. ഒന്നും വേണ്ടായിരുന്നു.. ഞാൻ കാരണം എത്ര പേരുടെ സമാധാനമാണ് നഷ്ടമായത്.." ചന്ദന വിതുമ്പി.. "നീ തെറ്റ് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല ചന്ദു.. ഒരാളെ ഇഷ്ട പെടുന്നത് എങ്ങനെയാണു തെറ്റ് ആവുക.. എന്ത് കൊണ്ട് നിന്റെ അപ്പ കണ്ണ് തുറന്ന് നോക്കുന്നില്ല എന്നാണ് എനിക്ക് മനസ്സിലാകാത്തത്.. ആ മനസ്സിന്റെ ഇടുക്കം ഇനിയൊരിക്കലും മാറുകയില്ലേ..? നിനക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോന്നുള്ള സങ്കടം മാത്രമാണുള്ളത്..എത്ര വർഷങ്ങളായി ഇങ്ങനെ..." പാർവതി ഒന്നു നെടുവീർപ്പിട്ടു.. ** മുറ്റത്തു സ്കൂട്ടർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് പാർവതി പൂമുഖത്തേക്ക് വന്നത്..

ചിഞ്ചു ആണെന്ന് കണ്ടതും ഒരേ സമയം അവരിൽ ആനന്ദവും ആധിയും നിറഞ്ഞു.. "എന്താ എന്നെ കണ്ടിട്ടും ഒരു സന്തോഷമില്ലാതെ.." കീ ഊരി കയ്യിൽ കറക്കി കൊണ്ടവൾ പൂമുഖത്തേക്ക് കയറി.. "സന്തോഷമില്ലാതിരിക്കുമോ..? കാണാൻ കണ്ണ് തുടിക്കുവായിരുന്നു.. സുഖമല്ലേ നിനക്ക്..?" പാർവതി ചിഞ്ചുവിനെ വാത്സല്യത്തോടെ തഴുകുകയും ചേർത്ത് പിടിക്കുകയും ചെയ്തു. "എന്റെ സുഖ വിവരങ്ങളൊക്കെ അവിടെ നിക്കട്ടെ..സന്തോഷത്തേക്കാളും കൂടുതൽ ടെൻഷൻ ആണല്ലോ ഈ മുഖത്ത് കാണുന്നെ.. നിങ്ങളുടെ ആ മൂശേട്ട കണവൻ എവിടെ.. എന്നെ ഇവിടെ കണ്ടാൽ ഒരു മൂന്നാം ലോക മഹായുദ്ധം നടക്കുമല്ലേ.." "പുറത്തു പോയിരിക്കുകയാണ്. വരുന്നതിന് മുന്നേ നീ പൊയ്ക്കോ കേട്ടോ.." "അങ്ങനെ പേടിച്ചോടാൻ വന്നതല്ല ഞാൻ.. രാവിലെ തൊട്ട് ഞാൻ വിളിക്കുവാ..പാറുവമ്മയുടെ ഫോൺ എവിടെ.. സ്വിച്ച് ഓഫ്‌ ആണല്ലോ.." "അത് ചന്ദുവിന്റെ അപ്പായുടെ കയ്യിലാണ്.." "മ്മ്.. എനിക്ക് തോന്നി.. ഇനി ഇങ്ങോട്ട് വരികയല്ലാതെ വേറെ വഴിയില്ലന്നതു കൊണ്ടാണ് ഒന്നും ആലോചിക്കാതെ ഇറങ്ങിയിങ്ങു പോന്നത്..

ഞാൻ ഇന്ന് ക്ലാസ്സിന് പോയില്ല..ആകെ കൂടെ ഒരു സമാധാന കുറവ്..ചന്ദു എന്ത്യേ..? എത്ര ദിവസമായി ഞാൻ അവളെ ഒന്നു കണ്ടിട്ട്.. ചൈതു സ്കൂളിൽ പോയ്‌ കാണുമല്ലേ.. എനിക്ക് വിശക്കുന്നുണ്ട് ട്ടോ.. കഴിക്കാൻ എടുത്തു വെക്ക് പാറുവമ്മാ.." പറഞ്ഞിട്ട് അവൾ അകത്തളത്തിലേക്ക് നടന്നു.. ചന്ദന ബാത്‌റൂമിൽ ആയിരുന്നു. ഇറങ്ങി വരുമ്പോൾ തന്നെ മുന്നിൽ ചിഞ്ചുവിനെ കണ്ടതും അവൾ ഒന്ന് അമ്പരന്നു. ഉടനെ ഓടി വന്നു ഇറുകെ പുണർന്നു.. "ഒന്നു പതിയെ പിടി മോളെ.. ഞാൻ നിന്റെ വസുദേവ് അല്ല.. ഓ സോറി.. ദേവേട്ടൻ അല്ലാ.." "അതിനേക്കാൾ മിസ്സ്‌ ചെയ്തത് നിന്നെയാണ്.." മുഖമുയർത്തിയ ചന്ദനയുടെ മിഴികൾ നിറഞ്ഞിട്ട് ഉണ്ടായിരുന്നു.. ചിഞ്ചു ആ കണ്ണുകൾ തുടച്ചു കൊടുത്തു. "മിസ്സ്‌ യൂ ടൂ ചന്ദു.. ആദ്യം ഞാൻ വല്ലതും അകത്താക്കട്ടെ.. എന്നിട്ടാവാം ബാക്കിയെല്ലാം... ഇവിടെത്തിയാൽ ഉടനെ വിളിക്കണമെന്ന് വസു പറഞ്ഞിരുന്നു.. ഞാൻ നിന്നെ ഇത്രയ്ക്കു മിസ്സ്‌ ചെയ്തെങ്കിൽ അവൻ എന്തുമാത്രം മിസ് ചെയ്യുന്നുണ്ടാകും നിന്നെ..ഇതാ.. പെട്ടന്ന് വിളിക്ക്.. " ചിഞ്ചു തന്റെ ഫോൺ ചന്ദുവിന്റെ കയ്യിൽ കൊടുത്തു റൂമിന് വെളിയിലേക്ക് പോയ്‌.. ആദ്യ റിങ്ങിൽ തന്നെ മറു പുറത്തു കാൾ കണക്ട് ആയി.. "ചന്ദനാ.. " പ്രണയാർദ്രമായ അവന്റെ സ്വരം അവളുടെ കാതിൽ ഒഴുകിയെത്തി..

മരുഭൂമി കണക്കെ ചുട്ട് പൊള്ളുന്ന തന്റെ ഹൃദയം ദ്രുതഗതിയിൽ തണുത്തതറിഞ്ഞു അവൾ.. പ്രണയത്തിന് ഇത്രമാത്രം ശക്തിയോ..? "ചന്ദനാ..." വീണ്ടും അത്രയും പ്രണയം നിറച്ചൊരു വിളി..ഈ നിമിഷം അവൾക്കാ മാറിൽ ചേരണമെന്ന് തോന്നി.. അറിയാതെ ഒരു ഏങ്ങൽ പുറത്തേക്ക് വന്നു.. "കരയുവാണോ നീ..?" "അല്ലാ..." "എനിക്ക് അറിയില്ലേ.. നിന്റെ ശ്വാസ ഗതിയൊന്നു മാറിയാൽ പോലും ഞാൻ അറിയില്ലേ ചന്ദനാ... വിഷമിച്ചിരിക്കരുത്.. കരയണ്ടന്ന് ഞാൻ പറയില്ല.. കരയാൻ തോന്നുമ്പോഴൊക്കെ കരഞ്ഞു തീർത്തോളൂ.. എല്ലാം മനസ്സിൽ ഒതുക്കി വെച്ചു വീർപ്പു മുട്ടിയിരിക്കരുത് കേട്ടോ.. ചിഞ്ചു എവിടെ..അവള് വന്നിട്ടും നീ ഉഷാർ ആയില്ലേ പെണ്ണേ..." "അപ്പ വരുമ്പോൾ ചിഞ്ചുവിനെ കണ്ടാലുള്ള അവസ്ഥ എന്താകുമെന്നോർത്താണ്.. അവളോട് എങ്ങനെ പെരുമാറുമെന്ന് എനിക്കൊരു നിശ്ചയവുമില്ല.." "കുഴപ്പമില്ല.. അതൊക്കെ അവൾ മാനേജ് ചെയ്തോളും.. ഏതായാലും നിന്നെ പോലെ കയ്യും കാലും വിറച്ചു നിൽക്കില്ലവൾ.. ചിലപ്പോ നിന്റെ അപ്പായ്ക്ക് അവളുടെ കയ്യിന്ന് ഒന്ന് കിട്ടാനും ചാൻസ് ഉണ്ട്.." വസു ഉറക്കെ ചിരിച്ചു.. "അവിടെന്നുള്ള കൊട്ടേഷൻ ആയിരിക്കും അല്ലേ..? " "എന്താ സംശയം.." "വേണ്ടാട്ടോ.." "വേണമെന്ന് ഉണ്ടെങ്കിലും നീയതിന് സമ്മതിക്കില്ലല്ലോ..

അത് കൊണ്ട് മാത്രമാണ് ഞാൻ ദേഷ്യമൊതുക്കി നിൽക്കുന്നത്.." "ശനിയാഴ്ച വിവാഹത്തിനുള്ള തിയതി കുറിക്കാൻ അവര് വരുമെന്ന് അപ്പ പറഞ്ഞു.." "നീയിങ്ങനെ സമാധാനത്തിന്റെ വെള്ളരിപ്രാവിനേം പറത്തി അവിടങ്ങു ഇരുന്നോ..അവസാനം കാര്യങ്ങളൊക്കെ കൈ വിട്ട ശേഷം ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല.. ഞാൻ ഒരു വരവ് വരും അങ്ങോട്ട്.. രണ്ടും കല്പിച്ചൊരു വരവ്.." "എന്നിട്ടോ.. ഇന്നാള് വന്നപ്പോ നടന്നതിൽ കൂടുതലായി മറ്റൊന്നും നടക്കാൻ പോകുന്നില്ല.." "നമുക്ക് എന്തേലുമൊക്കെ വേണേൽ നമ്മള് തന്നെ ശ്രമിക്കണം.. അല്ലാതെ അതു നടക്കില്ല ഇത് നടക്കില്ലന്നും പറഞ്ഞു വിധിയാണെന്ന് കരുതി സമാധാനിക്കാനൊന്നും എനിക്ക് പറ്റില്ല..പകുതിയെ ഈശ്വരന്റെ കയ്യിലുള്ളു.. ബാക്കി നമ്മുടെ കയ്യിലും.. ശെരി.. നീ ഫോൺ ചിഞ്ചുവിന്റെയിൽ കൊടുത്തേ.. നിന്നോടൊന്നും സംസാരിച്ചിട്ട് കാര്യമില്ല.." അവന്റെ ചൊടിച്ചു കൊണ്ടുള്ള സംസാരം അവളിൽ ചിരി ഉണർത്തി.. "ഇപ്പോഴെങ്കിലും ഒന്ന് ചിരിച്ചു കേട്ടുവല്ലോ.. ടെൻഷൻസ് ഒന്നും വേണ്ട.നന്നായി കഴിച്ചും ഉറങ്ങിയും ബോഡിയും മൈൻഡുമൊക്കെ ഫിറ്റ്‌ ചെയ്തു വെക്ക്.. കുറച്ചു ദിവസം കഴിഞ്ഞാൽ എനിക്ക് ആവശ്യമുള്ളതാ.." വസുവിന്റെ കുസൃതി ചിരി ഉയർന്നു.. ചന്ദന നാണം കൊണ്ട് വിവശയായി..

ഇനിയും സംസാരിച്ചാൽ ശെരി ആകില്ലന്ന് കരുതി ഡൈനിങ് ഏരിയയിലേക്ക് ചെന്ന് ചിഞ്ചുനു കൊടുക്കാമെന്നു പറഞ്ഞവൾ ഫോൺ കൈ മാറി.അപ്പോഴും വസുവിന്റെ ചിരി ഉറക്കെ കേൾക്കാമായിരുന്നു. ചിഞ്ചുവിന്റെ മിഴികൾ കൂർപ്പിച്ചുള്ള നോട്ടവും ചോദ്യവും വരുന്നതിന് മുന്നേ അവൾ പാർവതിക്കൊപ്പം ഊണിനുള്ള തയാറെടുപ്പിലേക്ക് തിരിഞ്ഞു.. ചിഞ്ചു വേഗത്തിൽ കഴിച്ചെണീറ്റ് ഫോൺ സംസാരം തുടർന്ന് കൊണ്ട് അടുക്കള വശത്തേക്ക് ഇറങ്ങി നിന്നു. ** "സണ്ണി... നീ എന്ത് തീരുമാനിച്ചു.." കാര്യം അറിഞ്ഞത് മുതൽ ഫെർണാൻഡസും ചിന്താ കുഴപ്പത്തിലാണ്.. ചെറുത് അല്ലാത്തൊരു ആധി അയാളിലും നിറഞ്ഞിരുന്നു. "എന്ത് തീരുമാനിക്കാനാണ് അപ്പച്ചാ.. അവളെ പറഞ്ഞു തിരുത്തുകയല്ലാതെ മറ്റൊരു വഴിയും ഇക്കാര്യത്തിലില്ല.." സണ്ണി അതേ നിലപാടിൽ ഉറച്ചു നിന്നു.. "അവളെക്കാൾ വാശി നിനക്ക് ഉണ്ടായാൽ എങ്ങനെയാണു.. ഇപ്പോൾ തന്നെ നോക്ക് അവളുടെ അവസ്ഥ.. കഴിക്കാതെയും കുടിക്കാതെയും ഓരോന്നൊക്കെ ആലോചിച്ചു കൂട്ടിയിട്ട് പകുതിക്ക് പകുതിയായി പെണ്ണ്.. അവൾ ആണേൽ പറയുന്നതൊട്ട് ചെവി കൊള്ളുന്നുമില്ല.. മനസ്സിലാക്കാൻ ശ്രമിക്കുന്നുമില്ല.. നീയൂടി ഇങ്ങനെ തുടർന്നാൽ ഞങ്ങൾ എന്താ ചെയ്യേണ്ടത്.. "

തെരേസയും മുറിക്കകത്തേക്ക് കടന്ന് വന്നു..ഇന്നലെ വൈകുന്നേരം അവൾ ബോധം നശിച്ചു വീണത് തെരേസയെ ഭയപ്പെടുത്തിയിരുന്നു. "അമ്മച്ചി കരുതുന്ന പോലല്ല കാര്യങ്ങൾ.. ഇതിപ്പോ അവളെ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ കഷ്ടം ആണല്ലോ നിങ്ങളെ.. സാന്ദ്രയ്ക്ക് ഇഷ്ടമുണ്ടായിട്ട് ഞാൻ എതിർപ്പ് നിൽക്കുന്നതല്ലാ.. വസുവിനു വേറൊരു പെങ്കൊച്ചിനെ ഇഷ്ടമുള്ളത് കൊണ്ടാണ്. അങ്ങനൊന്ന് ഇല്ലായിരുന്നെങ്കിൽ ഉറപ്പായും ഞാൻ സാന്ദ്രയ്ക്ക് വേണ്ടി വസുവിനോട് ഇക്കാര്യം സംസാരിക്കുമായിരുന്നു..അവളുടെ ഇഷ്ടത്തിന് ഞാൻ എതിര് നിൽക്കുമായിരുന്നോ.. വസുവാണെന്നത് എന്നെ സന്തോഷിപ്പിക്കുകയെ ചെയ്യുമായിരുന്നുള്ളൂ.. ഇതിപ്പോ അങ്ങനെയല്ല.. വൈകിപ്പോയി.. സാന്ദ്ര കുറച്ചു മുന്നേ കാര്യങ്ങൾ പറയണമായിരുന്നു..അപ്പോഴും വസുവിന്റെ ഭാഗം നോക്കാനുണ്ട്.. ഇടയിൽ ചന്ദന ഇല്ലെന്നാൽ പോലും അവൻ ഇത് അംഗീകരിക്കണമെന്നില്ല... സാന്ദ്രയെ അവൻ ഒരു അനുജത്തിയായെ കണ്ടിട്ടുള്ളു.. " "നീയിങ്ങനെ അവന്റെ ഭാഗം മാത്രം ചിന്തിക്കാതേം പറയാതേം ഇവിടെ ഉള്ളൊരുത്തിയേം കൂടെ ആലോചിക്ക്.. ഒന്നുല്ലേലും സാന്ദ്രയെക്കാൾ വലുത് ഒന്നും അല്ലല്ലോ നിനക്ക് വസുവും ആ പെണ്ണും.. നീ തന്നല്ലേ പറഞ്ഞെ ആ പെങ്കൊച്ചിന്റെ വീട്ടിൽ എതിർപ്പ് ഉണ്ടെന്ന്..

വീട്ടുകാരൊക്കെ ആലോചിച്ചു ചെന്നിട്ടും നടക്കില്ലന്ന് പറഞ്ഞു തിരിച്ചയച്ചെന്ന്.. അപ്പൊ പിന്നെ വസു എന്തിനാണ് കാത്ത് നിക്കുന്നെ..ഏതായാലും നടക്കില്ലന്ന് ഉറപ്പല്ലേ.. അതോണ്ട് നീ അവനോട് ഇക്കാര്യമൊന്നു സംസാരിക്ക്.. നീ പറഞ്ഞാൽ അവൻ അങ്ങനെ എടുത്തടിച്ച പോലെ തള്ളി കളയുകയൊന്നുമില്ല.. പിന്നെ രാധികയ്ക്ക് ഒക്കെ സാന്ദ്രയെ വലിയ കാര്യമാണ്..." "അമ്മച്ചി ഒന്ന് നിർത്തുന്നുണ്ടോ..?" ആദ്യമായി സണ്ണിയുടെ സ്വരം തെരേസയ്ക്ക് നേരെ ഉയർന്നു.. "അമ്മച്ചി...അമ്മച്ചി ഇപ്പോൾ സാന്ദ്രയെ മാത്രമാണ് ഓർക്കുന്നത്.. അതുകൊണ്ടാണ് ഇങ്ങനൊക്കെ സംസാരിക്കുന്നത്.." സണ്ണി ഉടനെ തന്നെ ആത്മസംയമനം വീണ്ടെടുത്തു.. "സാന്ദ്രയെ പോലൊരു പെൺകുട്ടിയാണ് ചന്ദനയും. പക്ഷെ രണ്ട് പേരും തമ്മിൽ വലിയ വ്യത്യാസമുണ്ട്.. വളരെ നിഷ്കളങ്കമായ.. എല്ലാവരോടും സ്നേഹവും ആദരവും മാത്രമുള്ള.. എല്ലാവരുടേം നന്മ മാത്രം ആഗ്രഹിക്കുന്ന.. ഈ ലോകവും അതിന്റെ നല്ലതും ചീത്തയും എന്തെന്ന് അറിയാത്ത.. തന്റെ അച്ഛനും അമ്മയ്ക്കും അനുജത്തിക്കുമിടയിൽ മാത്രം ഒതുങ്ങി ജീവിക്കുന്ന ഒരു പെൺകുട്ടി..

സാന്ദ്രയുടെ പത്തിൽ ഒന്ന് പോലും മനോബലം ഇല്ലാത്തവൾ... ആ കൊച്ചിനെയാണോ ഞാൻ സാന്ദ്രയ്ക്ക് വേണ്ടി തഴയേണ്ടത്.. അതിനെ വേദനിപ്പിച്ചിട്ടാണോ ഞാൻ സാന്ദ്രയ്ക്ക് അവളാഗ്രഹിച്ച ജീവിതം നേടി കൊടുക്കേണ്ടത്.. ഒക്കെയും പോട്ടെ.. വസു.. അവനോട് ഞാൻ എന്ത് പറയണം.. ചന്ദനയെ ഓർത്തു തന്നെ വല്ലാത്ത വേദനയിലാണ് അവനിപ്പോ.. ആ അവനെ പോയ്‌ ഞാൻ ഒന്നൂടെ കുത്തി നോവിക്കണോ.. അഥവാ പറഞ്ഞെന്ന് തന്നെ കരുതൂ.. അത് ചിലപ്പോൾ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കും എന്നല്ലാതെ മറ്റൊന്നിനും ഉപകരിക്കുകയില്ല.. ഇതൊരിക്കലും നടക്കില്ലാത്ത കാര്യമാണ് അപ്പച്ചാ.. അമ്മച്ചിയെ എങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കു.." സണ്ണി അത്രമേൽ നിസ്സഹായനായിരുന്നു..ഇനിയൊന്നും വയ്യെന്ന കണക്കെ വെളിയിലേക്ക് ഇറങ്ങി.. *** പാർവതിയും ചന്ദനയും ചേർന്ന് വേഗത്തിൽ ഊണ് തയാറാക്കി. ചിഞ്ചുവിന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെയും ഉണ്ടായിരുന്നു. കഴിക്കാൻ സമയമാകുന്നതിന് മുന്നേ തന്നെ അവൾക്കായ് വിളമ്പി നൽകുകയും ചെയ്തു..

വളരെ നാളുകൾക്കു ശേഷം അവൾ വയറു നിറയെ ഉണ്ടു.. ഫ്ലാറ്റിൽ അധികവും പുറത്തുന്നാണ്. അല്ലെങ്കിൽ പപ്പയുടെ വക വല്ലതുമൊക്കെ തട്ടി കൂട്ടലും..വല്യമ്മച്ചിയുടെ അടുത്താണേൽ ഇഷ്ടം പോലെ കഴിക്കാം. പക്ഷെ എല്ലാം നോൺ വെജ് ആണെന്ന് മാത്രം. അല്ലെങ്കിലും പണ്ടേ തനിക്ക് ഇഷ്ടം പാറുവമ്മയുടെ ഭക്ഷണമാണെന്ന് അവളൊരു പുഞ്ചിരിയോടെ ഓർത്തു. മനസ്സും നിറഞ്ഞാണ് അവൾ എണീറ്റത്.. "ഇനി താമസിക്കണ്ട.. വേഗം പൊയ്ക്കോ.." പാർവതിയുടെ നോട്ടമത്രയും ജനൽ വഴി പുറത്തേക്ക് ആയിരുന്നു.. "വേഗം ഊട്ടിയത് വേഗം പറഞ്ഞു വിടാനാണെന്ന് എനിക്ക് അറിയാം.. പക്ഷെ ഞാൻ പോവില്ല.. എന്ത് നടക്കുമെന്ന് എനിക്ക് കാണണം.." "ചിഞ്ചു.. നീയിതു എന്ത് ഭവിച്ചാണ്.." ചന്ദനയും വേവലാതിപ്പെട്ടു.. "നീ മിണ്ടരുത്.. സംസാരിക്കേണ്ട ഇടത്ത് സംസാരിക്കണം.. പ്രവർത്തിക്കേണ്ടിടത്തു പ്രവർത്തിക്കണം... ഇല്ലേൽ ജീവിതം ഇങ്ങനെയിരിക്കും.. വസു വിളിച്ചതല്ലേ.. ഇറങ്ങി പോവാൻ മേലാരുന്നോ അവന്റൊപ്പം..ഈ ജയിൽ വാസം ഒന്ന് അവസാനിക്കില്ലായിരുന്നോ നിനക്ക്..."

"അത് കൊള്ളാം.. അപ്പോൾ നീയെന്റെ മകളെ ഒളിച്ചോട്ടം പഠിപ്പിക്കാൻ വന്നതാണ്.. " പൊടുന്നനെ ഉയർന്ന ശബ്ദത്തിൽ മൂവരും ഒരുപോലെ തിരിഞ്ഞു നോക്കി.. പാർവതിയുടെയും ചന്ദനയുടെയും ഉള്ളിൽ ഒരാന്തൽ ഉണ്ടായി.. ഇനിയെന്തെന്ന ആന്തൽ.. ചിഞ്ചു പക്ഷെ തന്നെ ബാധിക്കാത്ത മട്ടിൽ നില കൊണ്ടു. "നിന്റെ അമ്മയുടെ ബാക്കി നീയാണ്.അല്ലാതെ ഇവളല്ല.. ആ പാത നീ പിന്തുടർന്നാൽ മതിയാകും.. ഇവിടേക്ക് കടക്കരുത് എന്ന് പണ്ട് മുതലേ പറയാൻ തുടങ്ങിയതാണ്.. കൂടെ കൊണ്ട് നടന്നു ഓരോ വഷളത്തരവും പഠിപ്പിച്ചു കൊടുത്തിട്ട്..കടക്കു പുറത്ത്.. കണ്ട നസ്രാണികൾക്ക് കയറി ഇറങ്ങാനുള്ളതല്ല ഇവിടം.." "വരാൻ അറിയാമെങ്കിൽ പോകാനും അറിയാം..ഇവരെ ഭയപ്പെടുത്തി നിർത്തുന്നത് പോലെ എന്നെയും ആകാമെന്ന് കരുതണ്ട... നസ്രാണിക്ക് പിറന്നത് ആയാലും അന്തസ്സുള്ള കുടുംബത്തിലേതു തന്നെയാണ്.. എന്റെ അപ്പന്റെ കുടുംബ മഹിമയുടെയും വലുപ്പത്തിന്റേം അത്രേം എത്തുമോ നിങ്ങളുടേത്.. എന്തുണ്ട് ഇവിടെ.. കുറെ അയിത്തങ്ങളും കറുത്ത ചിന്തകളുമൊക്കെയല്ലാതെ.. ഈശ്വര സൃഷ്ടികളല്ലേ എല്ലാ മനുഷ്യരും.. അവിടെ ജാതിയ്ക്കും മതത്തിനും എന്ത് സ്ഥാനമാണുള്ളത്.. ഏതായാലും മനുഷ്യൻ നന്നായി ഇരിക്കണമെന്നല്ലേ...

നിങ്ങളെന്നു നന്നാവാനാണ്.. സ്വന്തം മകളുടെ മനസ്സ് പോലും കാണുന്നില്ല. ഇഷ്ടമുള്ളതിനെ നഷ്ട പെടുത്താനും ഇഷ്ടമില്ലാത്തതിനെ ചേർത്ത് വെക്കാനും ശ്രമിക്കുന്നു..." ചിഞ്ചുവിന്റെ വാക്കുകൾക്ക് വല്ലാത്ത ശൗര്യം ഉണ്ടായിരുന്നു.. തനിക്കു ആരെയും ഭയക്കാൻ ഇല്ലെന്ന പോൽ തിലക രാമന്റെ മുന്നിൽ വീറോടെ നിന്നവൾ.. തിലക രാമനത് വിശ്വസിക്കാൻ പ്രയാസപ്പെട്ടു. തന്നിഷ്ടക്കാരിയും തന്റെടിയുമാണെന്നാൽ പോലും തന്നോട് ഇങ്ങനൊന്നു ആദ്യമായിരുന്നു അവൾ.. "എന്താണ് വസുദേവിൽ കാണുന്ന കുറവ്..ജാതിയാണോ ഒരു മനുഷ്യനെ അളക്കുന്ന അളവ് കോൽ.. അതാണോ ഒരു വിവാഹത്തിനു വേണ്ടുന്ന മാനദണ്ഡം.. എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകാത്തത് അതാണ്.. ചന്ദു വസുദേവിന്റൊപ്പം ഇറങ്ങി പോയാൽ നിങ്ങൾ എന്ത് ചെയ്യും.. എല്ലാ കാലവും ഇവളെ ഇതിനകത്ത് അടച്ചു പൂട്ടാമെന്ന് കരുതുന്നുണ്ടോ നിങ്ങൾ.?" "കടക്കു വെളിയിൽ... ഞാൻ ക്ഷമിച്ചു നിൽക്കുന്നതിന്റെ അർത്ഥം നിനക്കിവിടെ നിൽക്കാനോ സംസാരിക്കാനോ ഞാൻ അനുവാദം നൽകിയിട്ടുണ്ട് എന്നതല്ല.. മറിച്ചു അടിച്ചിറക്കുന്നത് മര്യാദ അല്ലാത്തത് കൊണ്ടാണ്.. ഈ വീടുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചേക്കു.. മേലാൽ കടന്ന് വരരുത് കൺവെട്ടത്തേക്ക്.."

അമറുന്ന പോൽ പറഞ്ഞയാൾ.. "അമ്മ മാത്രമേ മരിച്ചു പോയിട്ടുള്ളൂ.. പാറുവമ്മയും രണ്ട് മക്കളും ജീവനോടെ ഉണ്ടല്ലോ.. ഇവർക്കെന്നെ വേണമല്ലോ.. ആ ബന്ധമൊരിക്കലും അവസാനിക്കുന്നില്ലല്ലോ.. ഇത് നിങ്ങളുടെ വീടായിരിക്കാം. അത് കൊണ്ട് ചിലപ്പോൾ ഞാൻ വരാതെയുമിരിക്കാം..എന്ന് കരുതി ഇവരുമായുള്ള ബന്ധം തീരുന്നെന്ന് കരുതണ്ട..ഞാൻ ഇറങ്ങുവാ പാറുവമ്മാ.നിങ്ങൾ ഇത്രയും നേരം ഭയന്നത് ഇതുതന്നെയല്ലേ.. എന്നാലും സാരമില്ല.. ഇത്രയെങ്കിലും എനിക്ക് സംസാരിക്കാൻ കഴിഞ്ഞുവല്ലോ..അത് കൊണ്ടാണ് നിങ്ങൾ നിർബന്ധിച്ചിട്ടും നേരത്തെ പോകാഞ്ഞത്.. " ചിഞ്ചു കീ ഹോൾഡറിൽ നിന്നും താക്കോൽ എടുത്തു.ചന്ദനയും പാർവതിയും ശ്വാസം അടക്കി പിടിച്ചായിരുന്നു ആ നേരമത്രയും നിൽപ്..ഇറങ്ങുന്നതിനു മുന്നേ ചിഞ്ചു രണ്ട് പേരെയും ഒന്ന് പുണർന്നു.. അവരുടെ നിറഞ്ഞു തൂവുന്ന മിഴികൾ കണ്ടു അവൾ ഒന്നുമില്ലന്ന് കണ്ണുകൾ ചിമ്മി അടച്ചു..തിലക രാമന് ഒരു ചോദ്യത്തിന് ഇട നൽകാതെ പാർവതി ചന്ദനയെയും കൂട്ടി മുറിക്കകത്തേക്ക് പോയ്‌.. ഹാളിൽ പലതും വീണുടയുന്ന ശബ്ദം കേട്ടിട്ടും പാർവതി പുറത്തേക്ക് ഇറങ്ങാതെ നിന്നു.. അത്രയ്ക്കും മനസ്സ് മടുത്തെന്ന പോൽ......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story