മണിവാക: ഭാഗം 42

manivaka

രചന: SHAMSEENA FIROZ

"വസു.. നീ ഇവിടിരിപ്പാണോ.. വാ.. അത്താഴം എടുത്തു വെച്ചിട്ടുണ്ട്.." പുറത്തെ വരാന്തയിൽ ദൂരെ ഇരുട്ടിലേക്ക് നോക്കിയിരിക്കുകയായിരുന്ന വസുവിനരികിലേക്ക് വന്നു വിശ്വനാഥൻ.. "എനിക്ക് വേണ്ട..വിശപ്പില്ലച്ഛാ. നിങ്ങള് കഴിച്ചോ.." "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.. അവള് വിഷമത്തിലാണ്.. ഉച്ചക്ക് വന്നത് തൊട്ട് നീയൊന്നും കഴിച്ചില്ലന്നും പറഞ്ഞ്.. " അയാളും വിഷമത്തിലായി. "ചന്ദന ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കുമച്ഛാ.. കരയുകയായിരിക്കുമോ..? അവള് എന്തേലും കഴിച്ചു കാണുമോ..? അവള് ഇപ്പോ എന്തുമാത്രം നോവുന്നുണ്ടാവുമെന്ന് അറിയാമോ അച്ഛന്.." എത്ര വേണ്ടാന്ന് വെച്ചിട്ടും വസുവിന്റെ മിഴികൾ നനഞ്ഞു. "നീയിനിയും അവളെ ഓർത്തു ഇരിപ്പാണോ വസു.. നിന്നെ വേണമായിരുന്നു എങ്കിൽ അവൾ നിന്റൊപ്പം വരുമായിരുന്നല്ലോ.. അവൾക്ക് വലുത് അവളുടെ വീട്ടുകാരാണ്.. അത് പോലെ നീയും ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ ഇത്..അവൾക്ക് വേണ്ടി നീ ഞങ്ങളെ വിഷമിപ്പിക്കരുത്.." രാധികയും വരാന്തയിലേക്ക് കടന്ന് വന്നു.

"നീ ചുമ്മായിരി രാധികേ.. അവൻ വന്നോളും.. വന്നു കഴിച്ചോളും.." "അതല്ല വിശ്വേട്ടാ.. കുറച്ചു ദിവസം കൊണ്ട് തന്നെ ഇവൻ അങ്ങ് വല്ലാതെയായി പോയ്‌.. എനിക്ക് പറ്റണില്ല ഇവനെ ഇങ്ങനെ കാണാൻ.. ആ കൊച്ചിനെ എനിക്ക് ഇഷ്ടപെടാഞ്ഞിട്ട് ഒന്നുമല്ല.. അതിന്റെ വീട്ടുകാരേം കൂടെ നമ്മള് നോക്കണ്ടേ.. അവർക്ക് താല്പര്യമില്ലാത്ത സ്ഥിതിക്ക് ഇത് വേണ്ടന്നാണു ഞാൻ പറഞ്ഞത്.. രാവിലെ പോകുമ്പോഴേ ഞാൻ വിലക്കിയതാ..വീണ്ടും നാണം കെട്ടു വന്നല്ലാണ്ട് വേറെന്തുണ്ടായി.. അവളെ കുറ്റം പറയാനും വയ്യ.. ഇക്കണ്ട കാലം വളർത്തി വലുതാക്കിയ അച്ഛനെ ധിക്കരിച്ചില്ലല്ലോ.. അത് അവളുടെ നന്മയായിട്ടെ ഞാൻ കാണുന്നുള്ളൂ.. ഇതിപ്പോ ഈ വീട്ടിലെ കുട്ടിയാണ് ഇങ്ങനെ പോകാൻ നിക്കുന്നത് എങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും.. എല്ലാ ഭാഗത്തു നിന്നും ചിന്തിച്ചു നോക്കു വസു.. അവളെ കിട്ടാൻ മാത്രം ഭാഗ്യം നിനക്കില്ലന്ന് കരുതു.. നിന്നെ ഇപ്പോഴേ ഒന്നും ഒരു വിവാഹത്തിന് ഞങ്ങൾ ആരും നിർബന്ധിക്കില്ല.. പതിയെ എല്ലാം മറന്നോളും നീ.. മറക്കണം.."

"നീ അകത്ത് പോ രാധികേ.. അവന് വിശക്കുമ്പോൾ വന്നു കഴിച്ചോളും.. നീ ശരണിനെയും വരുണിനെയും വിളിക്കു.. നമുക്ക് ഇരിക്കാം.." വിശ്വനാഥൻ രാധികയെ അകത്തേക്ക് പറഞ്ഞയച്ചു.. വസുവിന്റെ മിഴികൾ അപ്പോഴും അങ്ങ് ദൂരെ ഇരുട്ടിലേക്ക് മാത്രമായിരുന്നു.. ആ മിഴികൾ പെയ്യുകയാണെന്ന് അയാൾ വേദനയോടെ കണ്ടു നിന്നു. ഒരുവൾക്ക് തന്റെ മകനെ ഇത്രമാത്രം സ്വാധീനിക്കുവാൻ കഴിഞ്ഞു എന്നത് അയാൾക്ക് അത്ഭുതമായി തോന്നി. പഠന കാലത്തു തമാശയായി പോലും ഒരു പെൺകുട്ടിയെയും ശ്രദ്ധിക്കാത്തവൻ.. പ്രണയമെന്നതിനോട്‌ യോജിപ്പും താല്പര്യവുമില്ലാത്തവൻ.. എങ്ങനെയാണ് വസുവിനു ഇങ്ങനെയൊരു മാറ്റം.. ഇത്രയുമൊരു മാറ്റം.. അപ്പോൾ ഇവന്റെ ഹൃദയം ചന്ദനയിൽ എത്രമാത്രം ഇറങ്ങി ചെന്നിട്ടുണ്ടാകണം.. രാധിക പറഞ്ഞത് പോലെ ഇനി വസുവിനു ഭാഗ്യമില്ലന്നാണോ കരുതേണ്ടത്..? ഒന്നിനൊന്നും ഉത്തരം കണ്ടെത്തുവാൻ അയാൾക്കുമായില്ല.. ചോദിച്ചു വസുവിനെ ഏറെ സങ്കടപെടുത്തുവാനും.. അവനെ തനിച്ചു വിട്ടയാൾ പിൻവാങ്ങി..

"എന്നോട് ക്ഷമിക്കണം...എനിക്ക് നിങ്ങളൊപ്പം വരാൻ കഴിയില്ല.. നിങ്ങളു പൊയ്ക്കോളൂ.." അങ്ങേയറ്റം നിസ്സഹയായി നിൽക്കുന്നവളുടെ വാക്കുകൾ.. പറയുമ്പോൾ തന്നെ നോക്കാതിരിക്കുവാൻ അത്യധികം ശ്രമിച്ചു നിന്നവളുടെ മുഖമോർക്കെ അവൻ വീണ്ടും വിതുമ്പിപ്പോയ്.. ആരെ തള്ളണം കൊള്ളണമെന്ന് അറിയാതെ തന്റെ മുന്നിൽ വെന്തുരുകി നിൽക്കുന്ന ചന്ദന.. പറഞ്ഞിട്ട് ഒടുക്കം അടക്കി പിടിച്ച കരച്ചിലോടെ അകത്തേക്ക് ഓടി പോകുന്ന മനോബലമില്ലാത്തൊരു പെൺകുട്ടി.. ഇപ്പോൾ എന്തായിരിക്കും അവളുടെ അവസ്ഥ..? ഒന്നും ഒന്നും വേണ്ടിയിരുന്നില്ലന്നു ഇപ്പോൾ തോന്നുന്നു.. അവളുടെ മുന്നിലേക്ക് എത്തിപ്പെടുകയോ അവളുടെ സ്നേഹം പിടിച്ചു വാങ്ങുകയോ ചെയ്യേണ്ടിയിരുന്നില്ല.. താൻ മൂലം ഇത്രമാത്രം വേദന അവൾ അനുഭവിക്കേണ്ടിയിരുന്നില്ല.. വസുവിനു നെഞ്ച് വല്ലാതെ വിങ്ങുന്നതായ് തോന്നി.. ഈ ദിവസത്തോട് കൂടി ലോകമവസാനിച്ചിരുന്നുവെങ്കിൽ എന്ന് അവൻ അതിയായി നിനച്ചു പോയ്‌. ** "വസൂ..." രാത്രിയിൽ എപ്പോഴാണ് മുറിയിൽ വന്നു കിടന്നതെന്ന ഓർമ പോലും ഇല്ലായിരുന്നു വസുവിന്.. രാവിലെ ശരൺ വന്നു ദൃതിയിൽ തട്ടി വിളിക്കുന്നതിനെ തുടർന്നാണ് കണ്ണുകൾ തുറക്കുന്നത്.. തലയാകെ വെട്ടി പിളരുന്നത് പോലെ..

ക്ലോക്കിൽ സമയം ഏഴായതേയുള്ളൂ..വസു കാര്യം എന്തെന്ന പോൽ നെറ്റി ചുളിച്ചു നോക്കി.. "എടാ.. സണ്ണി വിളിച്ചിരുന്നോ..?" "എന്താടാ കാര്യം.. എന്റെ ഫോൺ താഴെയാന്ന്‌ തോന്നുന്നു.." സൈഡിലെ ടേബിളിലും ബെഡിലുമാകെ മൊത്തം കണ്ണോടിച്ചു കൊണ്ട് വസു പറഞ്ഞു. "സാന്ദ്ര.. സാന്ദ്ര ഹോസ്പിറ്റലിൽ ആണെന്ന്.. സൂയിസൈഡ് അറ്റെംപ്റ്റ്.." "എന്താ..?" വസുവിനതു വിശ്വസിക്കുവാൻ ആയില്ല.. "വ്യക്തമായി ഒന്നും അറിഞ്ഞൂടാ.. തെരേസാന്റിയുടെ കാൾ ഉണ്ടായിരുന്നു രാധികാന്റിക്ക് കുറച്ചു മുന്നേ..അങ്ങനെയാ ഞാൻ അറിയുന്നത്.. സണ്ണിക്ക് വിളിച്ചിട്ട് അവൻ ഫോൺ എടുക്കുന്നില്ല.. അതാ നിനക്ക് അവൻ വിളിച്ചിരുന്നോ ന്നു അറിയാൻ... നീ രാത്രി ഒരുപാട് വൈകിയാ വന്നു കിടന്നേന്നു ആന്റി പറഞ്ഞു. അതോണ്ടാ നേരത്തെ വന്നു വിളിക്കാഞ്ഞേ.. ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാ.. നീ പതിയെ ഇറങ്ങങ്ങോട്ട്.." "ഒരഞ്ചു മിനുട്ട്..ഞാനും കൂടി വരുന്നു..ഒന്നിച്ചു പോവാം..നീ താഴെ ഹാളിൽ എങ്ങാനും എന്റെ ഫോൺ കിടപ്പുണ്ടോന്നു നോക്കിയേ.. സണ്ണി വിളിച്ചിരുന്നോ ആവോ..? "

സണ്ണിയെ ഓർക്കുമ്പോൾ തന്നെ വസുവിനു ആധി നിറഞ്ഞു.. സാന്ദ്രയ്ക്ക് എന്തേലും പറ്റിയാൽ അതൊന്ന് താങ്ങുവാനുള്ള ശേഷി അവന് ഉണ്ടായെന്നു വരില്ല.. ഒരിക്കൽ അങ്ങനൊരു അവസ്ഥയിൽ നിന്നും തിരിച്ചു വന്നതാണ് അവൻ.. എന്തിനായിരിക്കും അവളിപ്പോ ഇങ്ങനൊന്ന്..?? ചിന്തകളെല്ലാം കൂടി അവന്റെ തലവേദന ഇരട്ടിപ്പിച്ചു.. ** "നീ എന്താടാ ഒന്ന് വിളിക്കാതെ.. ഇങ്ങോട്ടു വിളിച്ചിട്ട് ഒട്ട് എടുക്കുന്നുമില്ല.." കോറിഡോറിലൂടെ നടക്കുമ്പോൾ തന്നെ കണ്ടു അവിടെ ഇട്ടിരിക്കുന്ന കസേരകളിൽ ഒന്നിൽ കൈകളിൽ ശിരസ്സും താങ്ങി ഇരിക്കുന്ന സണ്ണിയെ.. അടുത്ത് തന്നെ തെരേസയും ഫെർണാൻഡസും ഇരിപ്പുണ്ട്.. കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്നെ മൂന്ന് പേരും വല്ലാതെ തളർന്നത് പോലെ.. "ഒന്നുമില്ലടാ.. നിങ്ങളേം കൂടെ ടെൻഷൻ അടിപ്പിക്കണ്ടന്നോർത്താ.." വസുവിന്റെ ഇന്നലെത്തെ അവസ്ഥ ഓർത്തതെ സണ്ണി ഒരുനിമിഷം സാന്ദ്രയെ മറന്നു.. അലിവോടെ വസുവിനെ നോക്കി.. "എന്താടാ ഉണ്ടായേ..എന്തിനാ അവളിപ്പോ ഇങ്ങനൊന്ന്..?"

വസു ചോദിച്ചതും സണ്ണി വേഗത്തിൽ തെരേസയിലേക്ക് നോട്ടമെയ്തു ഒന്നും പറയരുതെന്ന പോൽ.. ആ അവസരത്തിലും തെരേസയുടെ മുഖത്ത് സണ്ണിയോടുള്ള ദേഷ്യം കനത്തു നിന്നു.. "അറിയില്ല.." വസുവിനെ നോക്കാൻ കെൽപ്പ് ഇല്ലാത്ത പോലെ സണ്ണി ദൃഷ്ടി വേറെങ്ങോ പതിപ്പിച്ചു. "അതൊക്കെ പിന്നീട് അന്വേഷിക്കാം.. ഇപ്പോ എങ്ങനെയുണ്ട് അവൾക്ക്.. എപ്പോഴായിരുന്നു സംഭവം.." ശരൺ തിരക്കി.. "രാവിലെ ജോഗിങ്ങിന് ഇറങ്ങാൻ തുടങ്ങുമ്പോ സാന്ദ്രയുടെ മുറിയിൽ വെട്ടമുണ്ട്.. എക്സാം ആയതു കൊണ്ട് രാവിലെ എണീറ്റ് പഠിക്കുകയാവുമെന്നാണ് കരുതിയത്.. ചെന്നു നോക്കുമ്പോൾ ബോധം മറഞ്ഞു കിടപ്പുണ്ട് അവൾ..ബ്ലഡ്‌ കുറച്ചധികം പോയിട്ടുണ്ട്.. ഉച്ചയാകും റൂമിലേക്ക് മാറ്റാൻ.." അനുഭവിക്കുന്ന മനോവിഷമത്താൽ സണ്ണിയുടെ ശബ്ദം പലയിടത്തും ഇടറി. "നിങ്ങളെന്തെങ്കിലും കഴിച്ചതാണോ..?" വസു ചോദിച്ചു..സണ്ണി ഇല്ലെന്ന് തല വെട്ടിച്ചു. "എന്താടാ ഇത്..അങ്കിളിനേം ആന്റിയേമെങ്കിലും ഓർക്കണ്ടേ.. ചെല്ല്..രണ്ട് പേരേം കൂട്ടി ചെന്നു കഴിച്ചിട്ട് വാ..

ഇവിടെ ഞങ്ങൾ ഉണ്ടല്ലോ.. ചെല്ലെടാ.." ശരൺ പറഞ്ഞിട്ടും സണ്ണി മടിച്ചു നിന്നു..അത് താൻ വിളിച്ചാലും തെരേസയും ഫെർനാൻഡസും തനിക്ക് ഒപ്പം വരില്ലെന്ന് ഓർത്തിട്ടായിരുന്നു.. "ഞാൻ വാങ്ങിച്ചിട്ട് വരണോ..?" ശരൺ വീണ്ടും ചോദിച്ചു.. "ഞങ്ങളു വാങ്ങിച്ചിട്ട് വരാം.. നീ ഇവിടെ ഇരുന്നോ..." സണ്ണി മറുപടി നൽകുന്നതിന് മുന്നേ വസു ശരണിനെയും കൂട്ടി കാന്റീനിലേക്ക് നടന്നു.. "അമ്മച്ചി..." തന്നെ ശ്രദ്ധിക്കുക കൂടി ചെയ്യാതെ ഇരിക്കുന്ന തെരേസയുടെ ചുമലിൽ തൊട്ടു വിളിച്ചു സണ്ണി.. "നിനക്കിനി ഇങ്ങനൊരു അമ്മച്ചിയില്ല.." തെരേസ അവന്റെ കൈ തട്ടി മാറ്റി.. "അമ്മച്ചീ..." സണ്ണിയുടെ കണ്ണുകൾ നിറഞ്ഞു.. "നിനക്ക് അറിയില്ല അല്ലേ അവള് എന്തിനാണ് ജീവൻ കെടുത്താൻ നോക്കിയതെന്ന്...ഇപ്പോഴും നിനക്ക് വലുത് നിന്റെ ഫ്രണ്ട്സ് ആണ്.. അല്ലാതെ സാന്ദ്രയല്ല.. ഹോസ്പിറ്റൽ ആയിപോയി.." ചുറ്റിനും ആളുകൾ ഉണ്ടെന്ന ഓർമയിൽ തെരേസ പറഞ്ഞു വന്നത് നിർത്തി കളഞ്ഞു. * കിംസിലേക്ക് കൊണ്ട് പോയാൽ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്നതിനാൽ സണ്ണി സാന്ദ്രയെ വീടിനടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് തന്നെയായിരുന്നു രാവിലെ കൊണ്ട് വന്നത്..

കാര്യങ്ങൾ പുറത്ത് എവിടെയും എത്താതെയിരിക്കാൻ അവൻ നന്നേ ശ്രദ്ധിച്ചിരുന്നു. ഉച്ച കഴിഞ്ഞവളെ റൂമിലേക്ക് മാറ്റി.. ആർക്കും മുഖം നൽകാതെ തല കുനിച്ചായിരുന്നു അവളുടെ കിടപ്പ്.. "എന്തിനാ മോളെ നീയിങ്ങനെയൊരു കടും കൈ ചെയ്തത്.. എന്തെങ്കിലും പറ്റി പോയിരുന്നുവെങ്കിലോ.. പിന്നെ ഞങ്ങൾക്ക് ആരാടിയുള്ളെ..?" തെരേസയ്ക്ക് സഹിക്കാൻ കഴിയുന്നില്ലായിരുന്നു.. സാന്ദ്രയെ കണ്ടതെ അവര് മുഖം പൊത്തി വിലപിക്കാൻ തുടങ്ങി.. "ആന്റി കരഞ്ഞു അവളെ കൂടെ ടെൻഷൻ ആക്കല്ലേ.. നിങ്ങളു പുറത്ത് നില്ക്കു.. ഞങ്ങളു സംസാരിക്കാം അവളോട്.. സണ്ണി.. നീ ആന്റിയെയും അങ്കിൾനെയും വിളിച്ചു വെളിയിൽ നില്ക്കു..

നിങ്ങളോട് പറയാനുള്ള മടി കൊണ്ടായിരിക്കാം..സാന്ദ്ര നല്ല കുട്ടിയല്ലേ.. ഏട്ടന്മാരോട് പറയില്ലേ എന്താണെന്ന്...?" ശരൺ സണ്ണിയോട് പറഞ്ഞിട്ട് സാന്ദ്രയിലേക്ക് തിരിഞ്ഞു..വസുവും ശരണിന് അരികിലേക്ക് വന്നു.. സണ്ണി ഒരു നിമിഷം പകപ്പോടെ നിന്നു. സാന്ദ്ര ഇതുവരെയുള്ളത് എല്ലാം പറഞ്ഞാൽ..? വസുവിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ..? അവൻ ഇതിനെ എങ്ങനെ ഉൾകൊള്ളും..? തങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കില്ലേ.. അവളെ പറഞ്ഞു തിരുത്താത്തതെന്തെന്നു അവൻ ചോദിക്കില്ലേ..? താൻ എന്ത് പറയുമവനോട്..? ചിന്തകളെല്ലാം കൂടെ അവനെ മദിച്ചു കളഞ്ഞു.. എന്ത് വേണമെന്ന തോന്നലിൽ അവൻ അവിടെ തന്നെ നിന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story