മണിവാക: ഭാഗം 43

manivaka

രചന: SHAMSEENA FIROZ

"ഇതെന്തു ഇരിപ്പാടി.. പോയ്‌ ചെന്നു കുളി.. പത്തു മിനുട്ട്നുള്ളിൽ ഇറങ്ങുവാണേൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. ഞാൻ ഇന്ന് അതുവഴിയാ.." സെറ്റിയിൽ വെറുതെ ചടഞ്ഞിരിക്കുകയായിരുന്ന ചിഞ്ചുവിന്റെ തലയിൽ എബ്രഹാം ചെറുതായ് ഒന്ന് കിഴുക്കി.. "ഞാൻ ഇല്ല പപ്പാ.. വെയ്റ്റ് ചെയ്യണ്ട..പപ്പ ഇറങ്ങിക്കോ.." "നീ ഇന്നും ലീവാണോ..? ഇതിപ്പോ ആഴ്ചയിൽ രണ്ട് ക്ലാസും നാലു ലീവുമാണല്ലോ നിനക്ക്.. എന്ത് പറ്റിയെടീ..? ചുമ്മാ ഇവിടെ കുത്തിയിരിക്കണ്ട.. എണീറ്റ് ചെന്നു റെഡിയാവു.. ടൈം ഉണ്ട്.. ഇന്ന് രാവിലെ തന്നെ റെസ്റ്റോറന്റ്ൽ കയറിയേക്കാം.. " എബ്രഹാം ഷർട്ട്ന്റെ സ്ലീവ്സ് ഭംഗിയായി മുകളിലേക്ക് മടക്കി വെക്കുന്നതിനിടയിൽ ചിഞ്ചുവിനെ നോക്കി ചിരിച്ചു. "എനിക്കെന്തോ ഒന്നിനും മൂഡില്ല പപ്പാ.. ചന്ദുവിന്റെ അബ്സെൻസ് എന്നെ ശെരിക്കും കോളേജ് മടുപ്പിച്ചിരുന്നു.. ആ കൂടെ ഇപ്പോ ഇതും കൂടി.. എന്തായിരുന്നു അവൾക്ക് വസുവിന്റ ഒപ്പം പോയിരുന്നേൽ..? അങ്ങേരു തൂങ്ങി ചാവുമെങ്കിൽ അങ്ങ് ചാകട്ടെന്ന് വെക്കണമായിരുന്നു..

പത്തറുപത് വയസ്സ് ആയില്ലേ.. ഇനിയിപ്പോ ജീവിച്ചിട്ട് തന്നെ എന്തിനാണ്.. അവൾക്ക് അവൾ ആഗ്രഹിച്ച ജീവിതം കിട്ടുമായിരുന്നില്ലേ..? " ചിഞ്ചു വല്ലാത്ത ഈർഷ്യയിൽ പറഞ്ഞു.അതിന് മറുപടിയായി എബ്രഹാം ചിരിക്കുകയാണ് ചെയ്തത്. "പപ്പ ചിരിക്കുന്നോ.. ഞാൻ പറഞ്ഞത് തമാശയായിട്ടാണോ തോന്നുന്നത്..? ഇപ്പോ ചന്ദുവിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലോ.. പപ്പ ഇങ്ങനെ ചിരിക്കുമായിരുന്നോ..?" "ചന്ദുവിന്റെ സ്ഥാനത്തു നീ ആയിരുന്നുവെങ്കിൽ എപ്പോഴേ നീ അവന്റ കൂടെ പോയ്‌ കാണുമായിരുന്നു.." "പപ്പാ..." "നീ അലറിക്കൂവി നാട്ടുകാരെ അറിയിക്കല്ലേ.. സത്യമല്ലേ ഞാൻ പറഞ്ഞത്.. അതിപ്പോ ഞാൻ കെട്ടി തൂങ്ങി ചാകുമെന്ന് പറഞ്ഞിരുന്നേലും നീ ആ കൂടെ പോകുമായിരുന്നു.. അതാണ് നീയും ചന്ദുവും തമ്മിലുള്ള വ്യത്യാസം.. അത് കൊണ്ടാണ് എനിക്ക് എപ്പോഴും നിന്നെക്കാൾ ഒരുപൊടിക്ക് സ്നേഹം കൂടുതൽ അവളോടുള്ളത്.." "പപ്പ എന്താണ് പറഞ്ഞു വരുന്നത്. അപ്പൊ വസുവും അവളും പിരിഞ്ഞോട്ടെ എന്നാണോ..?"

ചിഞ്ചുവിന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു പോയ്‌.. "അങ്ങനെയാണോ പപ്പ പറഞ്ഞതിനർത്ഥം..?" എബ്രഹാം സെറ്റിയിൽ അവളോട് ചേർന്നിരുന്നു. "തിലകരാമൻ അവളെ മാനസികമായി തളർത്തുകയാണ് ചെയ്തത്.. ഞാൻ തമാശ പറഞ്ഞതാണ്.. നീയാണ് അവളുടെ സ്ഥാനത്തെന്നു നോക്കു.. ഞാൻ മരിക്കുമെന്ന് പറഞ്ഞാൽ അത് വക വെക്കാതെ നീ നിന്റെ കാര്യം നോക്കി പോകുമോ..? ഇല്ലല്ലോ.. മാതാപിതാക്കളെ സ്നേഹിക്കുന്ന ഏതു മക്കൾക്കും അതിന് സാധിക്കില്ല.. പ്രത്യേകിച്ച് ചന്ദനയ്ക്ക്.. വസു വിളിക്കാൻ ചെന്നിട്ടും കൂടെ പോകാൻ അവൾക്ക് കഴിഞ്ഞില്ല എന്നത് വല്ലാത്ത വിഷമം തന്നെയാണ്.. ഇനി എന്താണ് ഇക്കാര്യത്തിൽ ഒരു പോംവഴി.. നമുക്ക് ഒന്ന് അവിടേം വരെ പോയാലോ..?" "അത് കൊണ്ടൊന്നും കാര്യമുണ്ടാകില്ല പപ്പാ.. വെറുതെ പപ്പ കൂടെ നാണം കെടാമെന്നേയുള്ളൂ.. ചന്ദുനെ ഓർത്തിട്ട് എനിക്ക് കരച്ചിൽ വരുന്നു.. പാവം.. ഒന്നും വേണ്ടായിരുന്നു.. ഞാനാണ് അവളുടെ മനസ്സിൽ വസുവിനെ കുത്തി നിറച്ചത്.."

ഇപ്രാവശ്യം ചിഞ്ചുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. "അതിപ്പോ നീ ഇടയിൽ ഇല്ലെന്നാലും സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിക്കുമായിരുന്നു ചിഞ്ചു... നീയിങ്ങനെ ഗ്ലൂമിയായി ഇരിക്കുന്നത് കണ്ടിട്ടിറങ്ങിയാൽ എന്റെയാ ദിവസം നന്നായി പോകില്ലന്ന് അറിയാമല്ലോ..? കോളേജിൽ പോകുന്നില്ലേൽ വേണ്ട.. പുറത്തൊക്കെ ഒന്ന് കറങ്ങി വരാം.. ഇന്നെനിക്ക് ചില ആവശ്യങ്ങളുണ്ടായിരുന്നു.അത് പോസ്റ്റ്‌ പോൺ ചെയ്യാം.. പെട്ടന്ന് റെഡിയാവ്..ചെല്ല്.." എബ്രഹാം അത്രയേറെ സ്നേഹത്തോടെ ചിഞ്ചുവിന്റെ നെറുകിൽ തലോടി.. കണ്ണുകൾ തുടച്ചു കൊടുത്തു.. "ലവ് യൂ പപ്പാ.." അവൾ എബ്രഹാമിനെ മുറുകെ പുണർന്നു. *** ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ചു വെച്ച പ്രണയം പറഞ്ഞപ്പോ സ്വന്തം കൂടപ്പിറപ്പ് പോലും കൂടെ നിന്നില്ല.. ഒറ്റയടിക്ക് തിരസ്കരിച്ചു കളഞ്ഞു.. ഒരു കടലാസ് തുണ്ടിന്റെ വില പോലും കല്പിച്ചില്ല തന്റെ മനസ്സിനും അവിടെ പടർന്നു കിടക്കുന്ന മോഹങ്ങൾക്കും.. അപ്പോഴാണോ ഇവര് ഇനി തന്നെ മനസിലാക്കുക..? സാന്ദ്രയ്ക്ക് പുച്ഛം തോന്നി.. എന്തിനാണ് മരണത്തിൽ നിന്നും തിരികെ കൊണ്ട് വന്നത്.. വീണ്ടും തന്നെ തഴയാനോ.. വസുദേവ് മറ്റൊരുത്തിയുടെതാണെന്ന് വിശ്വസിപ്പിക്കാനോ..? സാന്ദ്രയ്ക്ക് ആരോട് എന്നില്ലാതെ അമർഷവും വേദനയും അനുഭവപ്പെട്ടു.

എന്നിരുന്നാലും തന്റെ അരികിൽ ശരണിനു ഒപ്പം നിൽക്കുന്നത് വസുവാണെന്ന് ഓർത്തതും താനേ മിഴികൾ അവരിലേക്ക് ഉയർന്നു. വസുവിനെ കണ്ടവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു.. വസുവിന് വല്ലാതെ മാറ്റമുള്ളത് പോലെ.. ആ പഴയ തിളക്കവും പ്രസരിപ്പും നഷ്ടമായിരിക്കുന്നു.. "സാന്ദ്രാ.. എന്തായിരുന്നു കാരണം.. പ്രേമ നൈരാശ്യമാണോ..?" മൗനം കനത്തു നിൽക്കുന്ന അന്തരീക്ഷത്തിന് അയവുണ്ടാവാൻ ശരൺ തമാശയായി തിരക്കി.. സാന്ദ്ര പൊടുന്നനെ വസുവിൽ നിന്നും മിഴികൾ മാറ്റി.. "ആണെങ്കിൽ തന്നെ അതിലൊന്നും തളർന്നു പോകരുത് കേട്ടോ.. ഇപ്പോൾ വസുവിനെ നോക്കു.. എന്ത് വന്നാലും ചന്ദനയെ നൽകില്ലന്നതിൽ ഉറച്ചു നിൽക്കുകയാണ് അവളുടെ അച്ഛൻ.. എന്നിട്ട് ഇവൻ ആത്മഹത്യയ്ക്ക് ശ്രമിച്ചോ..? ഈ എന്റെ കാര്യം തന്നെ നോക്കു.. ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട്.. അവൾക്ക് ആണേൽ വേറെ പ്രണയമുണ്ട്.. എന്നിട്ട് അവളെന്നെ സ്നേഹിക്കുന്നില്ലന്ന് കരുതി ഞാൻ ചാകാൻ നോക്കിയോ..? ഇല്ലല്ലോ..?" ശരൺ പറഞ്ഞതിൽ നിന്നും ഒന്ന് മാത്രമേ സാന്ദ്ര കേട്ടുള്ളു.. എന്ത് വന്നാലും ചന്ദനയെ വസുവിനു നൽകില്ലന്നതിൽ ഉറച്ച് നിൽക്കുകയാണ് അവളുടെ അച്ഛൻ..

സാന്ദ്രയുടെ മിഴികളിൽ അസ്തമിച്ചു കൊണ്ടിരുന്ന പ്രതീക്ഷയുടെ വെട്ടം വീണ്ടും മിന്നി.. "അവളെ കൂടുതൽ സംസാരിപ്പിക്കണ്ട... റസ്റ്റ്‌ എടുത്തോട്ടെ.." സണ്ണിയാണ് പറഞ്ഞത്. അപ്പോൾ മാത്രമാണ് സണ്ണി അവിടെ നിൽപ്പ് ഉണ്ടെന്ന് സാന്ദ്ര കണ്ടത്. തെരേസയും ഫെർണാൻഡസും അതിനോടകം വെളിയിലേക്ക് കടന്നിരുന്നു.. ഒരു കാരണവശാലും സാന്ദ്രയ്ക്ക് പ്രതീക്ഷിക്കാൻ ഒരു തുമ്പ് പോലും ഉണ്ടാകരുത് എന്ന് സണ്ണിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. വസുവിനെ കണ്ട മാത്രയിൽ അവളിൽ ഉണ്ടായ മാറ്റങ്ങൾ അവൻ വ്യക്തമായി ശ്രദ്ധിച്ചിരുന്നു.. ഇത് താൻ മുന്നേ മനസ്സിലാക്കിയിരുന്നുവെങ്കിൽ കാര്യങ്ങൾ ഒരിക്കലും ഇത്രയും കൈവിട്ട് പോകില്ലായിരുന്നു.. തെറ്റ് തന്റേത് ആണെന്ന തോന്നലിൽ സണ്ണിയുടെ ശിരസ്സ് കുനിഞ്ഞു പോയി. "അങ്കിളിനേം ആന്റിയേം കണ്ടില്ലേ നീ.. രണ്ട് പേരും നന്നായി ഭയന്നിട്ടുണ്ട്.. ഇനി നീ ഇങ്ങനൊന്നും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്.. നിനക്ക് എന്ത് വിഷമം ഉണ്ടെങ്കിലും അത് തുറന്നു പറയാമല്ലോ.. സണ്ണി മാത്രമല്ല.. ഞാനും ശരണും നിന്റെ ബ്രദർസ് തന്നെയാണ്..

സണ്ണിയെ പോലെത്തന്നെ സ്നേഹവും സ്വാതന്ത്ര്യവും ഞങ്ങളും നൽകിയിട്ടുണ്ട് നിനക്ക്.. എന്നിട്ടും നിനക്കൊന്ന് തുറന്ന് പറയുവാൻ വയ്യായിരുന്നോ എന്താണ് നിന്നെ അലട്ടുന്നതെന്ന്..? ഞങ്ങളെ ഒന്ന് ഓർക്കാൻ പാടില്ലായിരുന്നോ..? എന്ത് പ്രശ്നമാണെന്ന് ചോദിച്ചു ഞാൻ നിന്നെ പ്രയാസപ്പെടുത്തുന്നില്ല. എന്ത് തന്നെ ആണേലും അതുടനെ ശെരിയാക്കിക്കോണം.. എന്ത് ആവശ്യമുണ്ടേലും പറയണം.. ആ പഴയ കുറുമ്പിയായി കണ്ടാൽ മതി എപ്പോഴും.. കേട്ടല്ലോ.." വസു അരുമയോടെ സാന്ദ്രയുടെ കവിളിൽ തട്ടി.. അവന്റ വാക്കുകളിൽ അവളോടുള്ള കരുതലും വാത്സല്യവും മാത്രം നിറഞ്ഞു നിൽക്കുമ്പോൾ അവൻ പറഞ്ഞ ബ്രദറെന്ന വാക്ക് വീണ്ടും തന്നിൽ സൃഷ്‌ടിച്ച ആഘാതത്തിൽ ആയിരുന്നു സാന്ദ്ര അപ്പോൾ.. "എന്നാൽ നിങ്ങള് ഇറങ്ങിക്കോടാ.. ഇവിടെ ഞാനും അപ്പച്ചനുമൊക്കെ ഉണ്ടല്ലോ.. നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാമെന്നാണ് പറഞ്ഞത്.. " വസു സാന്ദ്രയ്ക്ക് അരികിൽ ഉണ്ടാകുന്ന ഓരോ നിമിഷത്തെയും സണ്ണി ഭയപ്പെട്ടു. "ആവശ്യം ഉണ്ടേൽ വിളിക്കണം.. ഇന്ന് രാവിലെ ചെയ്ത പോലെ ചെയ്യരുത്..

കാര്യം അറിയാൻ രാധികാന്റി പറയേണ്ടി വന്നു. അതും നീ അറിയാതെയാണ് വിളിച്ചതെന്നു തെരെസാന്റി പറഞ്ഞു. അതിനർത്ഥം ഞങ്ങള് അറിയരുത് എന്നായിരുന്നോ..?" "പോടാ.. അങ്ങനെ ആരെങ്കിലുമൊക്കെ ആണോ നീയും ഇവനുമെനിക്ക്.. ഇന്നലെ ആൾറെഡി ഡെസ്പ് അല്ലായിരുന്നോ എല്ലാരും.. അത് കൊണ്ടാണ് ഞാൻ.." സണ്ണി തിരുത്താൻ ശ്രമിച്ചു.. പിന്നെയും അൽപ്പ നേരം അവിടെ നിന്നു ഫെർണാൻഡസിനെയും തെരേസയെയും മുഴുവനായും ആശ്വസിപ്പിച്ചാണ് വസുവും ശരണും മടങ്ങിയത്.. എന്നിട്ടും തെരേസ സണ്ണിയോടു മയപ്പെട്ടില്ല.. മുഖം കനപ്പിച്ചു തന്നെ നിന്നു.. ** വൈകുന്നേരം കാളിങ് ബെൽ മുഴങ്ങുന്നത് കേട്ടിട്ടാണ് രാധിക മുൻവശത്തേക്ക് വന്നത്.. വാതിൽ തുറന്നതും മുന്നിലൊരു പെൺകുട്ടി.. കണ്ടു പരിചയമുള്ളത് പോലെ.. "ചന്ദനാ..." രാധിക ഒരു നിമിഷം ആലോചനയോടെ നിന്നതിനു ശേഷം പതിയെ തിരക്കി.. "അല്ല.. ചഞ്ചലാ.." ചിഞ്ചു പുഞ്ചിരിച്ചു.. "ചന്ദനയുടെ സഹോദരി.. ഓർക്കുന്നു.. വസു പറഞ്ഞു അറിയാം രണ്ടു പേരെയും.. ഫോട്ടോയും കാണിച്ചിരുന്നു..

എന്നിട്ടും എനിക്ക് മാറിപ്പോയി.. പിന്നെ ചന്ദനയെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടുമില്ല.." ആദ്യം ചിരിയോടെയാണ് പറഞ്ഞതെങ്കിലും അവസാനം അന്ന് ചന്ദനയുടെ വീട്ടിൽ പോയ ഓർമയിൽ രാധികയുടെ മുഖം മങ്ങിപ്പോയിരുന്നു.. "വസു ഇല്ലേ.." ചിഞ്ചു പെട്ടന്ന് വിഷയം തിരിച്ചു വിട്ടു.. "ഉണ്ട്.. മുകളിലാണ്.. മോള് ഒറ്റയ്ക്കാണോ.. അകത്തേയ്ക്ക് വാ." "പപ്പയുണ്ട്..ദേ അവിടെ..ഒരു അർജന്റ് കാൾ.." ചിഞ്ചു കൈ നീട്ടി കാണിക്കുമ്പോഴാണ് മുറ്റത്തു നിൽക്കുന്ന എബ്രഹാമിനെ രാധിക കാണുന്നത്. അപ്പോഴേക്കും എബ്രഹാം ഫോൺ പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് അങ്ങോട്ട് കയറി വന്നിരുന്നു.. "അകത്തേയ്ക്ക് വരൂ..." രാധിക ഹൃദ്യമായി ഇരുവരെയും ക്ഷണിച്ചു.. "നിങ്ങളിരിക്ക്.. ഞാൻ വസുവിനെ വിളിക്കാം.." "ശരൺ ഇല്ലേ ആന്റി..?". "ഉണ്ട്.. രണ്ട് പേരും മുകളിലാണ്. പുറത്ത് പോയിരുന്നു. അൽപ്പം മുൻപ് വന്നതേയുള്ളൂ.. വസു ഇന്ന് ലീവ് ആയിരുന്നു.." പറഞ്ഞിട്ട് രാധിക മുകളിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ വസുവും ശരണും താഴേക്ക് വരുന്നുണ്ടായിരുന്നു.. ചിഞ്ചുവിനെയും എബ്രഹാമിനെയും കണ്ടതും രണ്ട് പേരും ഒരുപോലെ അതിശയപ്പെട്ടു.. "ആരൊക്കെയാ ഇത്... എന്താടി പറയാഞ്ഞത്..? കുറച്ചു മുന്നേ കൂടി മെസ്സേജ് ചെയ്തതല്ലേ.?

പപ്പയെ കൂട്ടി ഒരുദിവസം വരുമെന്ന് പറയാൻ തുടങ്ങിയിട്ട് നാള് ഒരുപാടായി.. ഇന്നാണോ നിനക്കീ വഴി അറിഞ്ഞത്.." വസു ഇറങ്ങി വന്നതെ ചിഞ്ചുവിനെ കെറുവിച്ചു നോക്കി.. "അമ്മാ.. പരിചയപ്പെട്ടുവോ..? " "എനിക്ക് മനസ്സിലായതാണ്.. നീ എപ്പോഴും പറയാറുള്ളതല്ലെ.." രാധിക ചിരിച്ചു.. "ശരൺ.. നീ അങ്കിളിനെ മീറ്റ് ചെയ്തിട്ടില്ലല്ലോ..ഇതാണ് ഞാനും സണ്ണിയും പറയാറുള്ള എബ്രഹാം സർ.. ചിഞ്ചുവിന്റെ പപ്പാ.." "ഹലോ അങ്കിൾ.. ഞാൻ ശരൺ.." ശരൺന്റെ മുഖത്ത് ആദരവ് നിറഞ്ഞു.പുഞ്ചിരിയോടെ എബ്രഹാമിനരികിലേക്ക് വന്നു ഷേക്ക്‌ ഹാൻഡ് നൽകി. "പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തൽ വേണമെന്നില്ലാ.. ചിഞ്ചു പറഞ്ഞു എല്ലാവരെയും അറിയാം.. ഇവൾക്ക് എപ്പോഴും നിങ്ങളെയൊക്കെ പറയുവാനെ നേരമുള്ളൂ.. എവിടെ മിസ്റ്റർ വിശ്വനാഥൻ..? " "വിശ്വേട്ടൻ ഓഫീസിൽ പോയിരിക്കുകയാണ്.. ഒരു ക്ലൈന്റ് മീറ്റിംഗ് ഉണ്ട്..ലേറ്റ് ആകുമെന്നാണ് പറഞ്ഞത്.." രാധിക മറുപടി നൽകി. "അപ്പൊ വരുൺ എവിടെ..?" ചിഞ്ചു ചോദിച്ചു. "അവൻ ക്ലാസ് കഴിഞ്ഞു വന്നാൽ കളിക്കാൻ പോകും..പിന്നെ സന്ധ്യ കഴിഞ്ഞിട്ട് നോക്കിയാൽ മതിയാകും.. ഞാൻ കുടിക്കാൻ എടുക്കാം.. നിങ്ങള് സംസാരിച്ചിരിക്കു കേട്ടോ.." രാധിക കിച്ചണിലേക്ക് നടന്നു..

"കേട്ടോ വസു..ഇവൾക്ക് നല്ല മൂഡ് ഓഫ്‌.. അത്യാവശ്യമായി രണ്ട് മൂന്ന് കാര്യങ്ങൾ ഉണ്ടായിട്ടും അതൊക്കെ മാറ്റി വെച്ചു രാവിലെ തന്നെ ഔട്ടിങ്ങിനു ഇറങ്ങിയതാണ്.. ഈ സമയം വരെ ആയിട്ടും മുഖത്തിന് തെളിച്ചമില്ല.. സാധാരണ അങ്ങനെയുള്ള സമയങ്ങളിലൊക്കെ ചന്ദനയുടെ അടുത്ത് പോകാറാണ് പതിവ്.. അതേതായാലും ഇപ്പോ നടക്കില്ല.. അപ്പോൾ പിന്നെ ആലോചിച്ചപ്പോ ഇവിടേം വരെ ഒന്ന് വന്നു പോകാന്നു കരുതി.. ദേ കണ്ടോ.. ഇപ്പോഴാണ് മുഖമൊന്നു തെളിഞ്ഞു കണ്ടത്.. ഞാനീ വൈകുന്നേരം വരെ ടൈമും എനർജിയും വേസ്റ്റ് ചെയ്തത് മിച്ചം.." എബ്രഹാം ചിരിയോടെ പറഞ്ഞതും വസു ആണോന്നുള്ള അർത്ഥത്തിൽ ചിഞ്ചുവിനെ നോക്കി.. അവൾ അന്നേരം ചുമ്മാതെയാന്നു കണ്ണുകൾ അടച്ചു കാണിച്ചു.. ശരൺ നോക്കി കാണുകയായിരുന്നു ചിഞ്ചുവിനെ.. കുറച്ചു ദിവസങ്ങൾക്കു മുന്നേ സിറ്റിയിൽ വെച്ചു കാണുമ്പോൾ ഉണ്ടായത് പോലെ തന്നെ.. അവൾക്ക് ആ പഴയ പ്രസരിപ്പ് ഇല്ല ഇപ്പോൾ.. അത് ചന്ദനയുടെ അഭാവത്തിലാണെന്നത് അവരുടെ സംസാരത്തിൽ നിന്നും അവൻ മനസ്സിലാക്കി..

എന്നിരുന്നാലും ചിഞ്ചുവിനെ കാണുമ്പോൾ തന്നെ ഉള്ളിലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്.. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ അവൾക്ക് പ്രത്യേകമായൊരു കഴിവ് ഉള്ളത് പോലെ.. "ശരൺ എന്താണ് ഒന്നും സംസാരിക്കാത്തത്..? ഇല്ലേൽ ഇങ്ങോട്ട് കയറി സംസാരിക്കുന്ന ആളാണ്.. എന്താണ് ഇതിനുമാത്രം ആലോചന.." ചിഞ്ചുവിന്റെ ചിരിയോടെയുള്ള ചോദ്യം..അത് ശരണിലും ചിരിയുണർത്തി... "ഏയ്യ്..ഇന്നാള് സിറ്റിയിൽ വെച്ചു കണ്ടപ്പോൾ കാര്യമായി സംസാരിക്കാൻ കഴിഞ്ഞില്ലന്നത് ഓർക്കുകയായിരുന്നു.." "കഴിയാത്തതല്ല.. സണ്ണി ഉള്ളത് കൊണ്ട് സംസാരിച്ചില്ലന്ന് പറയു.." ശരൺ ഒന്ന് അമ്പരന്നുവെങ്കിലും അല്ലെന്ന പോൽ തലവെട്ടിച്ചു.. "നുണ പറയുവാൻ ശ്രമിക്കണ്ട.. എനിക്കറിയാം സണ്ണിയ്ക്ക് എന്നെ കണ്ണിന് പിടിക്കില്ലന്ന്.." "അപ്പോൾ നീ അവനെ കാര്യമായി എന്തോ ചെയ്തിട്ടുണ്ട്.. അല്ലാതെ ഒരു കാരണവശാലും അവന് അങ്ങനൊരു ഇഷ്ട കുറവ് ഉണ്ടാകാൻ വഴിയില്ല.. ആരോടും വിരോധം വെയ്ക്കുന്ന കൂട്ടത്തിലല്ല അവൻ..." വസു പറഞ്ഞു.. "ഞാൻ എന്ത് ചെയ്യാനാണ് നിന്റെ ഫ്രണ്ട്നെ...

ചെയ്യാൻ പറ്റിയൊരു മുതല്..അവന് എന്നെ പിടിക്കില്ലേൽ എനിക്ക് അത്രയും പിടിക്കില്ല അവനെ..ഹല്ല പിന്നെ.." ചിഞ്ചു വസുവിൽ നിന്നും മുഖം വെട്ടിച്ചു കളഞ്ഞു.ശരണും വസുവും ഒരുപോലെ ചിരിച്ചു അവളുടെ ചെയ്തികൾ കണ്ടിട്ട്..പക്ഷെ ആ മനസ്സിലെ നോവ് എബ്രഹാം മാത്രം തിരിച്ചറിഞ്ഞു..ഉള്ളാലെ അവൾ ഇപ്പോൾ സണ്ണിയുടെ തിരസ്കരണം ഓർത്തു ആർത്തു കരയുകയായിരിക്കുമെന്ന് എബ്രഹാം നോവോടെ ഓർത്തു.. "ഇനി കോഫി കുടിച്ചിട്ടാവാം ബാക്കി വിശേഷങ്ങൾ.." അപ്പോഴേക്കും രാധിക ഒരു ട്രേയുമായി വന്നിരുന്നു. ശരൺ കിച്ചണിൽ ചെന്നു രണ്ട് പ്ളേറ്റുകളിലായി നിറച്ചു വെച്ചിരിക്കുന്ന പലഹാരങ്ങളും എടുത്തു കൊണ്ട് വന്നു ടീ പോയിൽ വെച്ചു.. "അത്താഴം കഴിഞ്ഞിട്ട് പോകാട്ടോ.. അപ്പോഴേക്കും വിശ്വേട്ടൻ എത്തും.. ആദ്യമായി വരികയല്ലേ.. ഏതായാലും ഇന്ന് രാത്രി ഭക്ഷണം ഇവിടുന്നാവാം.." രാധിക പറഞ്ഞു. "അയ്യോ..ഇനിയൊരിക്കലാവാം.. അർജന്റ് ആയി രണ്ട് മൂന്ന് കേസ് ഫയൽ മെയിൽ ചെയ്യാനുണ്ട്.. കാൾസ് വന്നോണ്ട് ഇരിക്കുകയാണ്. ഇവൾക്ക് വേണ്ടിയാണു ഈ ദിവസം ഇങ്ങനെ സ്‌പെന്റു ചെയ്തത്..

സാവകാശം ഒരുദിവസം ഇറങ്ങാം ഇനിയൊരിക്കൽ.." "അത് പറയുകയേ ഉണ്ടാവുള്ളൂ.. പപ്പ ഫ്രീയായി ഞാൻ ഒരിക്കലും പപ്പയോടു ഒപ്പം വരവ് ഉണ്ടാവില്ല.. " "എന്നാൽ ചിഞ്ചു ഇവിടെ നിൽക്കട്ടെ.. ഡിന്നർ കഴിഞ്ഞു വസു കൊണ്ട് വിട്ടോളും..അത്രേം നേരം ചിഞ്ചു ഇവിടെ ഉണ്ടാകുന്നത് ഞങ്ങൾക്ക് കൂടി സന്തോഷമായിരിക്കും.." രാധിക അഭിപ്രായപ്പെട്ടു.. കേട്ടതെ ചിഞ്ചുവിന്റെ മുഖം വിടർന്നു. അവളും അത് ആഗ്രഹിക്കുന്നുണ്ടെന്നതിനാൽ എബ്രഹാം നിറഞ്ഞ മനസ്സാലെ സമ്മതിച്ചു. "വസു എന്തായിരുന്നു ഇന്ന് ലീവ്.. പേർസണൽ മാറ്റർസ് വർക്കിനെ ബാധിക്കാൻ തുടങ്ങിയോ..? " എബ്രഹാം അന്വേഷിച്ചു. "ഏയ്..അങ്ങനെയൊന്നുമില്ല അങ്കിൾ.. പേർസണൽ മറ്റേഴ്‌സ് ഒന്നും വർക്ക്സുമായി മാക്സിമം റിലേറ്റ് ചെയ്യാറില്ല.. സണ്ണിയുടെ സിസ്റ്റർ സുഖമില്ലാതെ ഹോസ്പിറ്റലിലാണ്.. ഞാനും ശരണും അവിടേം വരെ പോയിരുന്നു.." "ആര്..സാന്ദ്രയോ... എന്തുപ... എബ്രഹാം അടുത്തതായി എന്തോ ചോദിച്ചു തുടങ്ങുമ്പോഴാണ് അയാളുടെ ഫോൺ റിങ് ചെയ്യുന്നത്.. അതൊരു ആശ്വാസമായി തോന്നി വസുവിന്..സാന്ദ്രയ്ക്ക് യഥാർത്ഥത്തിൽ എന്തുപറ്റിയെന്ന് പറയേണ്ടി വരുമോ എന്നൊരു ചോദ്യം ആ സമയം കൊണ്ട് വസുവിൽ ഉടലെടുത്തിരുന്നു.. " ഇനിയും നിൽക്കാൻ പറ്റില്ല.. ഇപ്പോൾ തന്നെ ലേറ്റ് ആയി..

ഞാൻ ഇറങ്ങുവാ..ചിഞ്ചു ടൈം ആകുമ്പോൾ വിളിക്ക്..പിക് ചെയ്യാൻ ഞാൻ വന്നേക്കാം.. " പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്യാതെ തന്നെ എബ്രഹാം ചിഞ്ചുവിനോട് പറഞ്ഞു.. "എനിക്ക് ബുദ്ധിമുട്ട് ആകുമെന്ന് കരുതിയാണേൽ വേണ്ട ട്ടോ.. നൈറ്റ്‌ ഡ്രൈവ്നു കമ്പനിക്ക് ശരണുണ്ട്. ഞാൻ കൊണ്ട് വിട്ടോളാം.. അങ്കിളു ഇനി തിരക്കിനിടയിൽ വീണ്ടും ഇത്രേം ഡ്രൈവ് ചെയ്യണ്ടല്ലോ.. " വസു പറഞ്ഞു..എബ്രഹാം ശെരിയെന്ന മട്ടിൽ ചിരിയോടെ തല കുലുക്കി.. "ശരൺ.. കാണാം കേട്ടോ.." എന്തോ എബ്രഹാമിനു പ്രത്യേകമായൊരു ഇഷ്ടം ആ ചുരുങ്ങിയ നേരം കൊണ്ട് ശരണിനോട് തോന്നിയിരുന്നു.. ചിഞ്ചുവിനു നേർക്കുള്ള അവന്റെ ഓരോ നോട്ടത്തിലും അത്രമേൽ സ്നേഹം നിറഞ്ഞിരിക്കുന്നു എന്നയാൾ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു.. ഒരുവട്ടം കൂടെ യാത്ര പറഞ്ഞു എബ്രഹാം ഇറങ്ങി.. "എന്നാലും അത്താഴം കഴിഞ്ഞിട്ട് പോകാമായിരുന്നു..ആദ്യമായി വന്നിട്ട്.." രാധിക വിഷമപ്പെട്ടു. "പപ്പയ്ക്ക് തിരക്ക് ഉള്ളത് കൊണ്ടാണ്.. അല്ലേൽ ഉറപ്പായും നിന്നേനെ..

ആന്റി വിഷമിക്കണ്ട കേട്ടോ.. പപ്പയ്ക്ക് ഉള്ളത് കൂടെ എനിക്ക് വിളമ്പിയാൽ മതി..ആ കുറവ് ഞാൻ നികത്തിയേക്കാം.." "കണ്ടാൽ പറയില്ലാട്ടോ ആഹാരത്തിനോട് ഇത്രേം ആക്രാന്തമുള്ള കൂട്ടത്തിൽ ആണെന്ന്.." ശരൺ ചിഞ്ചുവിനെ കളിയാക്കി. "വസൂ..നിന്റെ ഫ്രണ്ട്നെ ഫ്രന്റ്‌ന്ന് മാറ്റി ബാക്കിലേക്ക് നിർത്തിക്കോ.. അതായിരിക്കും നല്ലത്.." "അവൻ ചുമ്മ തമാശ പറയുന്നതാണ്.. അവൻ എല്ലാരോടും അങ്ങനെയാണ് ശീലം..മോളത് കാര്യമാക്കണ്ട.. വസു..മോളെ വീടൊക്കെ കാണിച്ചു കൊടുക്കു.. ഞാൻ കിച്ചണിലേക്ക് ചെല്ലുവാണ്.." "എനിക്കായ് സ്പെഷ്യൽ ഒന്നും വേണ്ടാട്ടോ.. എന്നെ ഇവിടുത്തെ ഒരു അംഗമായി തന്നെ കണ്ടാൽ മതി.." "അല്ലേലും ആരാണ് നിനക്ക് സ്പെഷ്യൽ ഉണ്ടാക്കുന്നത്.. അത്രയ്ക്ക് ഡിമാൻഡ് ഒന്നുമില്ല നിനക്ക്.." ഇത്തവണ വസുവായിരുന്നു. "ആന്റി... ഞാൻ പാപ്പയോടൊപ്പം പോയേനെ.. ചുമ്മാ എന്നെ പിടിച്ചിവിടെ നിർത്തിച്ചിട്ട് പറയുന്നത് നോക്കിക്കേ രണ്ടാളും.." രാധികയോട് പരാതിപ്പെട്ടവൾ വസുവിനെ നോക്കി കണ്ണുകൾ കൂർപ്പിച്ചു. "നിങ്ങളൊന്നു വെറുതെയിരി ചെറുക്കന്മാരെ ആ കൊച്ചിനെ ദേഷ്യം പിടിപ്പിക്കാതെ..

ഏതായാലും ഇവര് കളിയാക്കിയ സ്ഥിതിക്ക് മോൾക്ക് ചെറുത് അല്ലാത്ത വിരുന്ന് തന്നെ റെഡിയാക്കിയേക്കാം.." രാധിക ചിരിയോടെ അകത്തേക്ക് നടന്നു.. "ഏട്ടന്റെ മോളു പിണങ്ങല്ലേ.. നിന്നെ കരയിപ്പിച്ചാൽ മിക്കവാറും ഇവനെനിക്ക് കൊട്ടേഷൻ തരാൻ ചാൻസ് ഉണ്ട്.." "ഓ.. വേണ്ട വേണ്ട.. ആങ്ങളയും പെങ്ങളും ഉള്ളത് നിങ്ങളു തന്നെ തീർത്തേക്ക്.. അതിന്റെ ഇടയിൽ എന്നെ വലിച്ചിടണ്ട.." ശരൺ കൈകൾ കൂപ്പി.. അത് കണ്ടു ചിഞ്ചു ഉറക്കെ ചിരിച്ചു.. എബ്രഹാം പറഞ്ഞത് നൂറു ശതമാനം സത്യമാണെന്ന് ശരൺ ഉറപ്പിച്ചു.. വസുവിനെ കണ്ടതോട് കൂടി തന്നെ ചിഞ്ചുവിന്റെ മുഖം തെളിഞ്ഞിരുന്നു.. അവനോട് ഒപ്പമുള്ള നിമിഷങ്ങൾ അവൾ വളരെ സന്തോഷവതിയായി കാണപ്പെടുന്നു.. എന്നെങ്കിലും അവളുടെ മനസ്സിൽ തനിക്കു ഇങ്ങനൊരു സ്ഥാനം.. അല്ല,,താൻ ആഗ്രഹിക്കുന്ന പോലൊരു സ്ഥാനം ഉണ്ടാകുമോ..? അറിയില്ല.. എന്നിരുന്നാലും അവളുടെ വിടർന്ന മുഖം കാൺകെ ശരണിന്റെ ഉള്ളവും വിടർന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story