മണിവാക: ഭാഗം 44

manivaka

രചന: SHAMSEENA FIROZ

"ചന്ദന.. ചന്ദനയുടെ വിവാഹം എന്നാണ്..?" രാധികയുടെ പാചകം ശ്രദ്ധിച്ചു കൊണ്ട് കിച്ചണിൽ നിൽക്കുകയായിരുന്ന ചിഞ്ചുവിനോട് അൽപ്പം മടിയോടെയാണ് രാധികയത് ചോദിച്ചത്.. "ആന്റിക്ക് തോന്നുന്നുണ്ടോ വസു ചന്ദുവിനെ മറക്കുമെന്ന്.." പെട്ടന്ന് അങ്ങനെ ചോദിക്കാനാണ് ചിഞ്ചുവിന് തോന്നിയത്.. "അതില്ലന്നു എനിക്ക് അറിയാം.. പക്ഷെ സത്യമതല്ലേ ചിഞ്ചു.. ചന്ദനയുടെ വിവാഹം ഉടനെ നടക്കുമല്ലോ..?" രാധിക വേദനയോടെ പറഞ്ഞു.. ചിഞ്ചു നിശബ്ദമായി നിന്നതേയുള്ളൂ. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. "വസു ഇന്നലെ രാത്രിയിൽ എപ്പോഴാണ് കിടന്നതെന്ന് പോലും എനിക്ക് അറിയില്ല.. അത്രയും നേരം പുറത്ത് തനിയെ ഇരിക്കുകയായിരുന്നു.. ഉച്ചയ്ക്കും രാത്രിയിലും ആഹാരം കഴിച്ചിട്ടില്ല.. അവൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്നു എനിക്ക് അറിയാം.. പക്ഷെ ചന്ദനയുടെ ഭാഗം ചിന്തിക്കുമ്പോൾ.. ചന്ദന മരുമകൾ ആയി വരണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു.. വസുവിന്റെയും ശരണിന്റെയും സംസാരത്തിൽ അത്രമേൽ നിറഞ്ഞു നിൽക്കും ചന്ദനയും നീയും..

ഹാ.. പറഞ്ഞിട്ട് കാര്യമില്ല.. രണ്ട് പേർക്കും ഭാഗ്യമില്ലന്നു കരുതി സമാധാനിക്കുക.." "ആന്റി.." ചിഞ്ചു വല്ലായ്മയോടെ വിളിച്ചു. "അയ്യോ.. മോള് വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല കേട്ടോ.. ശരണിനു മോളെ ഇഷ്ടമാണെന്നും മോൾക്ക് വേറൊരു ഇഷ്ടമുണ്ടെന്നുമൊക്കെയുള്ളതു അവൻ ആദ്യമെ പറഞ്ഞിരുന്നു.. പയ്യൻ എവിടെയാ..? നിങ്ങളുടെ കൂട്ടരു തന്നെയാണോ..? ക്രിസ്ത്യൻ ആണോന്നാട്ടോ ചോദിച്ചേ.. നിന്റെ പപ്പയുടേത് വല്യ കുടുംബമാണെന്ന് വസു പറഞ്ഞിരുന്നു..നീ ആ കുടുംബത്തിലെ ഒരേ ഒരു പെൺകുട്ടിയാണെന്നും.." രാധിക പുഞ്ചിരിച്ചു.. ചിഞ്ചുവിന് മറുപടി പറയുവാൻ ആയില്ല.. നെഞ്ചിൽ എന്തോ ഉരുണ്ട് കൂടുന്നത് പോലെ.. താൻ സ്നേഹിക്കുന്ന ആൾ സണ്ണി ആണെന്ന് അറിഞ്ഞാൽ ഇവരൊക്കെ എന്ത് കരുതും..? എങ്ങനെ പ്രതികരിക്കും..? ശരൺ അറിഞ്ഞാൽ..? വസു അറിഞ്ഞാൽ.? ഓർക്കും തോറും ഇതുവരെ അനുഭവിക്കാത്ത ഒരുതരം ടെൻഷൻ താൻ ഇപ്പോൾ അനുഭവിക്കുന്നതായി തോന്നി ചിഞ്ചുവിന്.. വെറുതെയല്ല ശരണോ വസുവോ ഒന്നും അറിയരുത് എന്ന് സണ്ണി തന്നോട് ശഠിച്ചത്..

വസുവിനു ആർക്ക് ഒപ്പം നിൽക്കണമെന്ന ശങ്കയുണ്ടാവും.. ശരണിന് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.. പപ്പ പറഞ്ഞത് പോലെ ഒരിക്കലും താൻ കാരണം ഇവരുടെ ഫ്രണ്ട്ഷിപ്നു ഒരുവിധ കോട്ടവും തട്ടാൻ പാടില്ല.. ഇനിയൊരിക്കലും ഈ മനസ്സിൽ ഉള്ളത് പുറത്തേക്ക് വരാതെയിരിക്കാൻ നന്നേ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. ചിഞ്ചു ദീർഘമായൊന്നു നിശ്വസിച്ചു. "ചിഞ്ചു എന്താ ഒന്നും മിണ്ടാത്തത്..?സീക്രെട് ആണെങ്കിൽ പറയണ്ട കേട്ടോ.. " ചിഞ്ചുവിന്റെ അനക്കമൊന്നും ഇല്ലെന്ന് കണ്ടു രാധിക സ്റ്റവ്ന്റെ ഫ്ലെയിം കുറച്ചു തിരിഞ്ഞു നോക്കി. "ഏയ്യ്.. അങ്ങനെയൊന്നുമല്ല ആന്റി.. വൺ വേ ആണ്..എനിക്ക് മാത്രമേ ഇഷ്ടമുള്ളു.. അതുകൊണ്ട് എന്റെ കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല.." ചിഞ്ചു ചിരിക്കാൻ ശ്രമിച്ചു. "അതുശരി..പഠനമൊക്കെ കഴിയട്ടെ.. അത് കഴിഞ്ഞു മതി വിവാഹം.. നിന്റെ പപ്പ ഏതായാലും നിന്നെ പെട്ടന്ന് ഒന്നും പിടിച്ചു കെട്ടിക്കില്ല.. ചന്ദനയുടെ അച്ഛനും അതുപോലെ ആയിരുന്നുവെങ്കിൽ..." "സത്യത്തിൽ ചന്ദു വസുവിനെ ഒരിക്കലും സ്നേഹിക്കേണ്ടതല്ലായിരുന്നു.

ഞാനാണ് അവളുടെ മനസ്സിൽ ഓരോന്ന് ഉണ്ടാക്കി കാര്യങ്ങൾ ഇവിടേം വരെ എത്തിച്ചത്.. വസുവിന് മാത്രമായിരുന്നു ഇഷ്ടമുള്ളതെങ്കിൽ കാര്യങ്ങൾ ഇത്രയ്ക്കും വിഷമത്തിൽ ആവില്ലായിരുന്നു.. വസു ഇന്നല്ലെങ്കിൽ നാളെ അവളെ മറന്നേക്കുമെന്ന് കരുതാമായിരുന്നു.. ഇതിപ്പോൾ അങ്ങനെയല്ലല്ലോ.. ചന്ദു.. അവളും ഒരുപാട് സ്നേഹിച്ചു.. അവൾക്ക് എന്ത് ഇഷ്ടമാണെന്നോ വസുവിനെ.. ബഹളങ്ങൾ ഒന്നുമില്ലാതെ ശാന്തമായി ഇത്രേം ആഴത്തിൽ പ്രണയിക്കാമെന്ന് ഞാൻ ആദ്യമായി അറിയുകയാണ്. ചന്ദുവിൽ നിന്ന്.. വസുവിൽ നിന്ന്.. ഓർക്കും തോറും എനിക്ക് കരച്ചിൽ വരുന്നു ആന്റി... " "നീ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.. അങ്ങനെയാണേൽ എല്ലാം തുടങ്ങി വെച്ചത് വസുവല്ലേ..? അവൻ പറഞ്ഞിട്ടല്ലേ.. അല്ലെങ്കിൽ അവന് വേണ്ടിയിട്ടല്ലേ നീ ചന്ദുവിനെ ഫോഴ്സ് ചെയ്തത് പോലും.. ആരെയും കുറ്റം പറയുവാൻ കഴിയില്ല.. എല്ലാം ദൈവ നിശ്ചയമാണ്.. അത് ഇപ്പോൾ കണ്ടു മുട്ടുവാൻ ആയാലും കൂടി ചേരുവാൻ ആയാലും.. സംസാരിച്ചാൽ ഇതിങ്ങനെ പോകാമെന്നേയുള്ളു.. വെറുതെ വിഷമിക്കാൻ.. മോള് അവരുടെ അടുത്തേക്ക് ചെന്നോ.." ചിഞ്ചുവിന്റെ വിഷമം കണ്ടു രാധിക ആ സംസാരം അവസാനിപ്പിച്ചു.. "ഞാൻ ഹെല്പ് എന്തേലും ചെയ്യണോ ആന്റി.. "

"അയ്യോ.. അതിനുമാത്രമൊന്നും ജോലിയിവിടെ ഇല്ല കേട്ടോ.. പിന്നെ നിനക്ക് കുക്കിങ്ങോ വീട്ടു ജോലികളോ വശമില്ലെന്ന് എനിക്ക് അറിയാം.." രാധിക ചിരിച്ചു. ചിഞ്ചുവും ചമ്മിയ ഒരു ചിരി ചിരിച്ചു.. "ആ.. വരുൺ ആയിരിക്കും.." കാളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട് രാധിക പറഞ്ഞു. "അങ്കിൾ എപ്പോഴാ വരുവാ..?" "ഏതായാലും അത്താഴത്തിനു മുന്നേ എത്തും.. മോള് ആ വാതിലൊന്ന് തുറക്കാവോ..?" "അതിനെന്താ.. വരുണിനു ഒരു ഷോക്കും കൊടുത്തേക്കാം അല്ലേ..?" ചിഞ്ചു കുസൃതിയോടെ ഹാളിലേക്ക് ചെന്നു വാതിൽ തുറന്നു. "എന്താണമ്മ തുറക്കാൻ ഇത്ര താമസം.." വരുൺ അകത്തേക്ക് കയറി. ആകെ വിയർത്തു മുഷിഞ്ഞിരുന്നു അവൻ.. പെട്ടെന്ന് എന്തോ കണ്ണിൽ ഉടക്കിയത് പോലെ അവൻ തിരിഞ്ഞു വാതിൽക്കലേക്ക് നോക്കി.. സന്ധ്യയ്ക്ക് കുളിച്ചു മാറ്റാൻ ചിഞ്ചുവിന് വരുണിന്റെ ഒരു ത്രീ ഫോർത്തും ടീഷർട്ടുമാണ് രാധിക നൽകിയിരുന്നത്.. അവൻ അന്തം വിട്ടവളെ നോക്കി. "എന്താടാ...?" അവൾ ചിരി ഒതുക്കി പിടിച്ചു. "ആരാ.. അമ്മ എവിടെ..?" "അമ്മ കിച്ചണിലാണ്.. എന്നോട് ഡോർ തുറന്നു തരാൻ പറഞ്ഞു..

ഞാൻ ആരാന്നു മനസ്സിലായില്ലേ.. നിന്റെ ഏട്ടൻ കെട്ടി കൊണ്ട് വന്നതാ.. ഇനി ഇവിടെ കാണും ട്ടോ ഞാൻ.." "ങ്ങേ.. അതിന് ആ കുട്ടി ഏട്ടന്റൊപ്പം വന്നില്ലന്ന് ആണല്ലോ പറഞ്ഞത്. പിന്നെ അതൊരു പെൺകുട്ടിയാണെന്നും സുന്ദരിയാണെന്നുമൊക്കെ പറഞ്ഞിരുന്നു..ഇത് പോലൊന്നുമല്ലല്ലോ ഏട്ടൻ വിവരിച്ചത്.." വരുൺ പറഞ്ഞതും പുറകിൽ നിന്നും കൂട്ടച്ചിരി ഉയർന്നു. ചിഞ്ചു തിരിഞ്ഞു നോക്കി. വസുവും ശരണും നിൽക്കുന്നു. അവൾ രണ്ട് പേരെയും കണ്ണുകൾ കൂർപ്പിച്ചു നോക്കി.. "ആദ്യമായിട്ട് കാണുന്ന ഇവന് പോലും മനസ്സിലായി നിന്നെ പെണ്ണെന്ന ഗണത്തിൽ കൂട്ടാൻ പറ്റില്ലന്ന്.." വസു വീണ്ടും ചിരിച്ചു. "നിങ്ങളിങ്ങനെ ചിരിക്കാതെ കാര്യം പറയ്യ്.. ആരാ ഇത്.. ആഹാ.. ഇപ്പോ മനസ്സിലായി.. ഇത് ശരൺ ചേട്ടന്റെ ആളല്ലേ.. ചിഞ്ചു.. ആം ഐ റൈറ്റ്..?" വസു ശരണിനോടായ് ചോദിച്ചു.. ശരൺ ഒന്നു ചിരിച്ചതേയുള്ളൂ.. "അതേ അതേ..അതുതന്നെ.. രണ്ട് പേരും പറഞ്ഞു എനിക്കറിയാം കേട്ടോ.. എന്നെയും അറിയാമെന്നു തോന്നുന്നു.. എങ്കിലും ഞാനായിട്ട് കുറയ്ക്കുന്നില്ല.. ഞാൻ വരുൺ.. ക്ലാസും കളിയുമൊക്കെ കഴിഞ്ഞുള്ള വരവാണ്.. ഫ്രഷ് ആയി വരാവേ.. ഇനി ഏതായാലും ഇവിടെ കാണുമെന്നല്ലേ പറഞ്ഞെ.. ചേട്ടൻ ന്ന് പറയുമ്പോൾ ഞാൻ വസുവിനെയാണ് പെട്ടന്ന് ഓർത്തത്.

പിന്നീട് അല്ലേ ശരൺ ചേട്ടന്റ കാര്യം കത്തിയത്.. പതിയെ ബാക്കി പരിചയ പെടാം കേട്ടോ.." "അയ്യോ.. ഞാൻ കുറച്ചു കഴിയുമ്പോൾ പോകും.. നീ വിചാരിക്കുന്ന പോലൊന്നും അല്ലാട്ടോ.." ചിഞ്ചു വരുണിനെ തിരുത്താൻ ശ്രമിച്ചു. "അതിന് ഞാൻ എന്ത് വിചാരിച്ചെന്നു അറിയാമോ .?" വരുൺ കളിയായി ചിരിച്ചു. "ഉള്ളതെല്ലാം കണക്കാണ്." ചിഞ്ചു പതുക്കെ പറഞ്ഞു. "ഞാൻ കേട്ടു.. ഏതായാലും കുളിച്ചിട്ട് വരാട്ടോ.. അതിന് മുന്നേ ചിഞ്ചുക്കുട്ടി പോയേക്കരുത്.. " വരുൺ തന്റെ റൂമിലേക്ക് നീങ്ങി.. "മൂന്നും ഒരേ കോപ്പിയാണ്.. ഒന്നിനൊന്നു കണക്ക്.. രാധികാന്റി എങ്ങനെ സഹിക്കുന്നു ആവോ.." ചിഞ്ചു സെറ്റിയിലേക്ക് ഇരുന്നു.. "നിന്റെ അത്രേമോ..?" വസുവും അവൾക്ക് അരികിലേക്ക് ഇരുന്നു. മറുഭാഗത്തായി ശരണും. "നിങ്ങളെന്നോട് മിണ്ടരുത്.. എവിടെ ആയിരുന്നു ഇത്രയും നേരം.. എന്നെ ഇവിടെ പോസ്റ്റ്‌ ആക്കാൻ ആണേൽ പിടിച്ചു നിർത്തിച്ചത് എന്തിനാണ്.. മേളിൽ എന്തെടുക്കുവായിരുന്നു രണ്ടാളും..?" "നീ കിച്ചണിൽ അമ്മയോട് സംസാരിച്ചു നിൽപ്പ് ആണെന്ന് ശരൺ പറഞ്ഞുവല്ലോ..

അത് കൊണ്ടാണ് നിന്നെ മേളിലേക്ക് വിളിക്കാഞ്ഞത്.. എനിക്ക് അൽപ്പം വർക്ക്‌ ഉണ്ടായിരുന്നു..മാറ്റി വെച്ചാൽ പെന്റിങ് ആയി കിടക്കത്തെയുള്ളൂ.. ശരൺ ഇവിടെ താഴെ തന്നെ ഉണ്ടായിരുന്നു.. അവന് കാൾ വന്നപ്പോഴാണ് റൂമിലേക്ക് വന്നത്.. ബോറടിച്ചുവോ നീ.. വരുൺ നേരത്തെ വന്നിരുന്നേൽ നീ ഒട്ടും ബോറടിക്കില്ലായിരുന്നു.. അവനും ശരണും ഏകദേശം സെയിം ക്യാരക്റ്റർ ആണ്.." "അത് അൽപ്പ സമയം കൊണ്ട് തന്നെ മനസ്സിലായി.. പിന്നെ ബോറടിച്ചിട്ട് ഒന്നുമില്ല.. കുറെ ഡെയ്‌സിന് ശേഷം ഇന്ന് ഞാൻ ഒത്തിരി ഹാപ്പിയാണ്. രാധികാന്റിയോട് സംസാരിക്കുമ്പോൾ പാറുവമ്മയോടെന്ന പോൽ എനിക്ക് ഫീൽ ചെയ്യുന്നു.. സത്യത്തിൽ ഞാൻ അവരെയൊക്കെ എന്തോരം മിസ്സ്‌ ചെയ്യുന്നുവെന്നോ..?" എത്ര ഒതുക്കി വെക്കുവാൻ ശ്രമിച്ചിട്ടും ചിഞ്ചുവിന്റെ മിഴികൾ നിറഞ്ഞു പോയി.. വസു ഒരുനിമിഷം മൗനമായി ഇരുന്നു.. ഹൃദയം വല്ലാതെ മിടിക്കുന്നു.. ഉച്ചത്തിൽ ഒരു പേര് മാത്രം മൊഴിയുന്നു.. ചന്ദനാ.. അതുമാത്രം.. വല്ലാത്തൊരു വേദന.. അത്രമേൽ തന്നെയൊരു തണുപ്പ്..

ആ മുഖമോർക്കുമ്പോൾ.. "ചന്ദുവിന്റെ ഒന്നിച്ചു ചേർന്ന് നീയും സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം വാങ്ങിക്കുമോ..? എന്താണ് നിന്റെ ഉദ്ദേശം.. അവളെ നഷ്ടപ്പെടുമെന്ന് ആയിട്ടും നിനക്ക് എങ്ങനെ ഇത്ര സമാധാന പരമായി പെരുമാറാനും ഇരിക്കാനുമൊക്കെ കഴിയുന്നു.. അതാണ് എനിക്ക് മനസ്സിലാകാത്തത്.. സത്യം പറ വസു.. ഉള്ളാലെ നീ കരയുവല്ലേ..? " "അതിന് എനിക്ക് അവളെ നഷ്ടപ്പെടുമെന്ന് ആരാണ് പറഞ്ഞത്.?" "നിനക്ക് ഞാൻ പറയുന്നത് തമാശയായി തോന്നുന്നോ.? അങ്ങേരു ചാവുമെന്ന് പറയുമ്പോൾ നീയും പറയണമായിരുന്നു കൂടെ വന്നില്ലേൽ ഞാനും ചത്തു കളയുമെന്ന്.. അങ്ങേർക്ക് മാത്രമാണോ ആത്മഹത്യയെന്നും പറഞ്ഞു പേടിപ്പിക്കാൻ അറിയുന്നത്.. " "അതുകൊണ്ട് എന്ത് കാര്യം.. അത് അവളെ കൂടുതൽ സംഘർഷത്തിലാക്കിയേനെ.. അതല്ലാതെ മറ്റൊന്നും ഉണ്ടാവുമായിരുന്നില്ല.. എന്നുകരുതി ചന്ദനയെ വിട്ടു കളയുമെന്നല്ല.. ഇനി ഒരുവട്ടം കൂടെ പോകണം.. ആ പോക്കിൽ അവളെ കയ്യോടെ കൂട്ടി കൊണ്ട് വരണം. അവൾ ഇവിടെ എത്തിയതിനു ശേഷമേ അത് അവളുടെ അച്ഛൻ അറിയുകയുള്ളു.. അദ്ദേഹം മുന്നിൽ ഉണ്ടാകുമ്പോൾ മാത്രമാണ് അവൾ തളർന്നു പോകുന്നത്.. അത് അവളുടെ ബലഹീനതയായി അദ്ദേഹം മുറുകെ പിടിക്കുന്നു..

എനിക്കുറപ്പാണ്.. ഇനിയൊരു വട്ടം കൂടെ ഞാൻ ചെന്നാൽ വരാതെ ഇരിക്കാൻ ആവില്ലവൾക്ക്.. അത്രമേൽ അവളെന്നെ പ്രതീക്ഷിച്ചിരിപ്പായിരിക്കും.." വസുവിന്റെ സ്വരത്തിൽ വല്ലാത്തൊരു വിശ്വാസം കലർന്നിരുന്നു. "അവിടത്തെ ലാൻഡ് ലൈനും കട്ട്‌ ആണ്.. അല്ലേൽ അതിലേക്ക് എങ്കിലും ഒന്നു വിളിച്ചു നോക്കാമായിരുന്നു.. ചന്ദുവിനോട് ഒന്നു സംസാരിക്കാതെ.. അവിടത്തെ വിവരങ്ങൾ എന്തെന്ന് അറിയാതെ ഒരു സുഖവും തോന്നുന്നില്ല.." "നീ ചുമ്മാ അതുമിതുമൊക്കെ ആലോചിച്ചു ഈ കുഞ്ഞ് തലയിലെ സമാധാനം കളയണ്ട.. അറിയാമല്ലോ.. നീ മൂഡൗട് ആകുന്നത് അങ്കിളിന് തീരെ ഇഷ്ടമല്ല.. അതാണ് നിന്നെയീ രാത്രിയിൽ ഇവിടെ വിട്ടിട്ട് പോയത് പോലും.." "മ്മ്.. ഞാൻ ചോദിക്കാൻ വിട്ടു പോയി. സാന്ദ്രയ്ക്ക് എന്താണ് പറ്റിയത്.. പപ്പ പറഞ്ഞു എനിക്ക് സണ്ണിയുടെ ഫാമിലിയെ ഒക്കെ അറിയാം.. തെരെസ്സാന്റിയെയും സാന്ദ്രയെയും ഈ ഇടയ്ക്ക് ഒരിക്കൽ പള്ളിയിൽ വെച്ചു കണ്ടിരുന്നു.." പെട്ടെന്ന് ഓർത്ത പോൽ ചിഞ്ചു ചോദിച്ചു.. വസുവും ശരണും അത് പ്രതീക്ഷിച്ചിരുന്നില്ല. എന്ത് പറയണമെന്ന് ഒരുനിമിഷം ആലോചിച്ചു.. പുറത്ത് അറിഞ്ഞാൽ സാന്ദ്രയ്ക്കും സണ്ണിയ്ക്കുമൊക്കെ ഒരുപോലെ മോശമല്ലേന്ന് ഓർത്തിട്ടാണ് ആ വിഷയം നേരത്തെ തന്നെ ഒഴിവാക്കിയത്..

"നിങ്ങളെന്താ ഒന്നും മിണ്ടാത്തത്..? അത്രയ്ക്കും പറയാൻ പറ്റാത്ത അസുഖമാണോ..?" ചിഞ്ചു ഒന്നു ഭയന്നു. "അല്ല.. അവൾക്ക് ഒരു അപദ്ധം പറ്റി.. കയ്യിലെ വെയ്ൻ കട്ട്‌ ചെയ്തതാണ്.." ചിഞ്ചുവിനോട് മറച്ചു വെക്കേണ്ടതില്ലന്ന് തോന്നി വസുവിന്. "എന്താ..??? സൂയിസൈഡ് അറ്റെംപ്റ്റോ.? എന്തിന്..?" ചിഞ്ചുവിന് അത് വിശ്വസിക്കാൻ ആയില്ല. എബ്രഹാം അന്ന് പറഞ്ഞ കഥകളൊക്കെ ഒരു സെക്കന്റ്റിൽ ഉള്ളിലൂടെ മിന്നി മാഞ്ഞവൾക്ക്. "വ്യക്തമായിട്ടൊന്നും അറിയില്ല.. അവളെ ബുദ്ധിമുട്ടിക്കണ്ടന്ന് കരുതി ഞങ്ങൾ കാര്യ കാരണങ്ങൾ തിരക്കിയില്ല.. സണ്ണി ഇതിനോടകം ചോദിച്ചു മനസ്സിലാക്കിയിട്ട് ഉണ്ടാകും.. അവളോട് അമിതമായ സ്നേഹവും വാത്സല്യവുമാണ്.എങ്കിലും സണ്ണി അവളെ ശാസിക്കുകയും ശകാരിക്കുകയും ചെയ്യും.. അതുകൊണ്ട് തെറ്റിലേക്ക് ഒന്നും പോകില്ലന്നാണ് വിശ്വാസം... ഇനിയിപ്പോ അങ്ങനെ വല്ലതും ആണേൽ തന്നെ സണ്ണി പറഞ്ഞാൽ അവൾക്ക് മനസ്സിലാവും.. ദൈവം അനുഗ്രഹിച്ചു ഒന്നും പറ്റിയില്ലല്ലോ. അതുതന്നെ വലിയ കാര്യം.." ശരൺ പറഞ്ഞു നിർത്തി. ചിഞ്ചുവിന് എന്തോ ഒരസ്വസ്ഥത തോന്നി.

സണ്ണിയുടെ അവസ്ഥ എന്തായിരിക്കും ഇപ്പോൾ.. സാന്ദ്ര എന്നാൽ അത്രയ്ക്ക് കാര്യമാണ് അവർക്ക്.. "സണ്ണി.. സണ്ണിയ്ക്ക് വിളിച്ചില്ലേ.. അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്.. ഏത് ഹോസ്പിറ്റലിൽ ആണ്.. ഡിസ്ചാർജ് ആയതാണോ..?" ഏതോ തോന്നലിൽ ചിഞ്ചു ഓരോന്നായി ചോദിച്ചു കൊണ്ടിരുന്നു. "നാളെ രാവിലെ ഡിസ്ചാർജ് ചെയ്യും.. അവൾക്ക് കുഴപ്പമൊന്നുമില്ല.. ഉച്ച കഴിഞ്ഞു റൂമിലേക്ക് മാറ്റിയിരുന്നു. ഞങ്ങൾ കണ്ടിട്ടാണ് വന്നത്.." വസു പറഞ്ഞു..അപ്പോഴേക്കും കുളിയും കാപ്പി കുടിയും കഴിഞ്ഞു വരുണും വന്ന് ഇരുന്നു.. പിന്നെ സംസാരം മറ്റു രസകരമായ വിഷയങ്ങളിലേക്ക് നീങ്ങി.. @@@@@ നിഖിലിന്റെ കുടുംബത്തിൽ ഒരു മരണം നടന്നതിനാൽ ശനിയാഴ്ചയുള്ള വരവ് ഒഴിവാക്കിയിരുന്നു.. കാര്യങ്ങൾ വൈകുന്നത് തിലക രാമനെ അസ്വസ്ഥത പെടുത്തിയെങ്കിലും ചന്ദനയെ സംബന്ധിച്ചിടത്തോളം അതൊരു ആശ്വാസമായിരുന്നു.. ഒരാഴ്ച കഴിഞ്ഞേ അവിടെന്ന് ഇനി വരവ് ഉണ്ടാവുകയുള്ളൂ എന്നതിനാൽ സേതുരാമനും കുടുംബവും ഞായറാഴ്ച പുലർച്ചെ തന്നെ പാലക്കാടെക്ക് മടങ്ങി. പോകുന്നതിന് മുന്നേ ചന്ദനയെ കഴിവിന്റെ പരമാവധി ഉപദേശിക്കുകയും ഭീഷണിയെന്നോണം കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുകയും ചെയ്തിരുന്നു..

എല്ലാം കേട്ട് നിന്നതല്ലാതെ ഒന്നിനൊന്നും മറുപടി പറയുവാനോ ആരോട് ഒന്നും സംസാരിക്കുവാനോ ചന്ദന തയാറായില്ല. പാർവതിയുടെയും ചൈതന്യയുടെയും ചെറിയ ചെറിയ സംസാരങ്ങൾക്ക് മാത്രം മറുപടി നൽകി പഴയതിലും ഒതുങ്ങി കൂടിയവൾ.. തിലകരാമൻ അവളോടുള്ള സംസാരം പാടെ ഒഴിവാക്കിയിരുന്നു. ഒരു വളർത്തു മൃഗത്തിനെ നോക്കും പോൽ മൂന്ന് നേരം വന്നു അവൾ മുറിയിലുണ്ടോ എന്ന് ഉറപ്പിച്ചു പോന്നു അയാൾ.. "എനിക്ക് തന്നെ വീർപ്പു മുട്ടുന്നു ചേച്ചിയുടെ അവസ്ഥ കണ്ട്.. അപ്പയൊന്നും ചെയ്യുമായിരുന്നില്ല.. ചേച്ചിയെ വെറുതെ പേടിപ്പിച്ചതാണ്.. വസു ചേട്ടനൊപ്പം പോകായിരുന്നില്ലേ ചേച്ചിക്ക്.. ഒന്നുമില്ലേലും ഈ വീട്ടീന്ന് രക്ഷപെടുമായിരുന്നില്ലേ..? ഇനിയൊരിക്കലും വസു ചേട്ടനെ കാണുകില്ലേ ചേച്ചി.. നിങ്ങളു എന്നെന്നേക്കുമായി പിരിഞ്ഞുവോ..?" മുറിയിലെ കട്ടിലിൽ ഏതോ ഓർമയിൽ കാലുകൾ നീട്ടിയിരിപ്പായിരുന്ന ചന്ദനയുടെ മടിയിൽ മുഖം ചേർത്ത് കിടന്നു ചൈതന്യ.. "ആരാണ് പറഞ്ഞതങ്ങനെ.. കാണുന്നില്ലന്നും സംസാരിക്കുന്നില്ലന്നുമല്ലേയുള്ളു..

മനസ്സിലുണ്ടല്ലോ.. ഓർമിക്കാത്ത ഒരു നിമിഷം പോലുമില്ലല്ലോ.. അത് ഞാനായാലും വസു ആയാലും.. എനിക്കുറപ്പാണ്..ഒരിക്കൽ കൂടെ വരുമെന്ന്.. ആ വന്നാൽ ഞാൻ കൂടെ പോകുമെന്നും.. ഇനി ഒന്നിന്റെ പേരിലും ഞാൻ തളർന്നു പോകില്ല.. ഞാൻ സ്നേഹിച്ചിരുന്നില്ല എങ്കിൽ.. ഒരു പ്രതീക്ഷയും ആ മനുഷ്യന് നൽകിയിരുന്നില്ല എങ്കിൽ ഉറപ്പായും ഞാൻ തീർത്തു പറഞ്ഞേനെ ഒന്നിനും വേണ്ടിയും ഇവിടേക്ക് വരരുത് എന്ന്.. ഇത് പക്ഷെ ഞാൻ സ്നേഹിച്ചു പോയില്ലേ.. ഒരുപാട് സ്വപ്നങ്ങൾ കണ്ടില്ലേ.. പ്രതീക്ഷകൾ നൽകിയില്ലേ.. വഞ്ചിക്കുവാനോ പിരിയുവാനോ ആവാത്ത വിധം.. " ചന്ദനയുടെ സ്വരം നന്നേ നേർത്തതായിരുന്നു. എങ്കിലും അതിലൊരു തീരുമാനവും ഉറപ്പുമുണ്ടായിരുന്നു.. വസുവിനെ ഓർക്കേ തന്നെ ഹൃദയം തരളിതമാകുന്നത് അറിഞ്ഞു അവൾ.. എങ്കിലും എന്തിനെന്നറിയാത്ത ഒരു വേദന..അതിന്റെ പ്രതിഫലനമെന്നോണം ആ മിഴികളിൽ നിന്നും അടർന്ന രണ്ട് തുള്ളി ചൈതന്യയുടെ മുഖത്തേക്ക് ചിതറി......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story