മണിവാക: ഭാഗം 45

manivaka

രചന: SHAMSEENA FIROZ

സാന്ദ്രയെ ഡിസ്ചാർജ് ചെയ്തു രണ്ട് ദിവസമായി എങ്കിലും സണ്ണി ഹോസ്പിറ്റലിൽ പോകുവാൻ തുടങ്ങിയിരുന്നില്ല.. സാന്ദ്രയുടെയും തെരേസയുടെയും സണ്ണിയോടുള്ള മൗനവും അകൽച്ചയും ദിനം തോറും അധികരിച്ചു കൊണ്ടിരുന്നു.. ഫെർനാൻഡസ് ആണേൽ സാന്ദ്ര ഇനിയും എന്തേലും കാണിച്ചേക്കുമോന്നുള്ള ഭയത്താൽ സാന്ദ്രയ്ക്ക് കാവൽ ഇരിക്കുന്നത് പോലെ ആ വീട്ടിൽ തന്നെ ചടഞ്ഞിരിക്കുവാൻ തുടങ്ങി. സെലിന്റെ ഓർമ്മകൾ അയാളെ അത്രമാത്രം അലട്ടുന്നുണ്ടായിരുന്നു.. "അത്രയ്ക്ക് വലിയ തെറ്റ് ഞാൻ ചെയ്തുവോ മോളെ..? എന്തിനാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്..? നീ അല്ലാതെ വേറെ ആരാണെനിക്ക്..? നിന്നെക്കാൾ വലുതായി എന്താണെനിക്കുള്ളത്..?" ഒരു രാത്രിയിൽ കിടന്നിട്ട് ഏറെ നേരമായിട്ടും ഉറക്കം വരാതെയിരുന്ന സണ്ണി എഴുന്നേറ്റു സാന്ദ്രയ്ക്ക് അരികിലേക്ക് വന്നു.. അവളും ഉറങ്ങാതെ വെറുതെ കണ്ണുകൾ തുറന്നു കിടപ്പായിരുന്നു.. ആ സാമീപ്യം കൊതിച്ചെന്ന പോൽ.. ഒരു തലോടലിനു കാത്തു നിന്നെന്ന പോൽ സാന്ദ്ര സണ്ണിയുടെ നെഞ്ചിലേക്ക് അമർന്നു ഉറക്കെ കരയുവാൻ തുടങ്ങി.

"ചേട്ടായിയേക്കാൾ വലുതായി എനിക്കും മറ്റൊന്നുമില്ല.. എന്നിട്ടുമെന്നെയൊന്നു മനസ്സിലാക്കിയില്ലല്ലോന്ന് ഓർക്കുമ്പോഴാണ്.. അപ്പോഴാണ് ഞാൻ വേദനിക്കുന്നത്.. അതാണെനിക്ക് സഹിക്കാൻ കഴിയാതെ വന്നത്.. ഞാൻ അത്രയ്ക്കങ്ങു സ്നേഹിച്ചു പോയത് കൊണ്ടാണ്.. ഒരുനാൾ എന്നിലേക്ക് വന്ന് ചേരുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു.. ആ കാത്തിരിപ്പിലായിരുന്നു ഞാൻ.. അവിടെ മറ്റാരുമുണ്ടാകുമെന്ന് ഞാൻ വിചാരിച്ചതേയില്ല.. അങ്ങനെയൊന്നു എനിക്ക് അംഗീകരിക്കുവാൻ പോലുമാകുന്നില്ല.." "നീ ഇങ്ങനെ കരയാതെ... ഇനി എങ്ങനെയാണു ഞാൻ നിന്നെ പറഞ്ഞു മനസ്സിലാക്കേണ്ടത്..? മിനിയാന്ന് തന്നെ നോക്കു.. നിന്നെ കാണുവാൻ വന്ന വസുവിന്റെ ഒരു നോക്കിലോ വാക്കിലോ നിന്നോടുള്ള വാത്സല്യമല്ലാതെ മറ്റെന്തെങ്കിലും കാണുവാൻ നിനക്ക് കഴിഞ്ഞുവോ.? ഞാൻ ഇക്കാര്യം അവനോട് പറഞ്ഞാൽ ഉള്ള സ്നേഹം ഇല്ലാതെ ആകുമെന്നല്ലാതെ നിന്നോട് അവന് പ്രണയം ഉണ്ടാകുവാൻ പോകുന്നില്ല മോളെ.. അതെന്താണ് നീ മനസ്സിലാക്കാത്തത്..

അവനോട് ഇക്കാര്യം പറയുന്നത് ചിന്തിക്കാൻ കൂടെ എനിക്ക് വയ്യ.. എന്നെ ഒന്നു മനസ്സിലാക്കു സാന്ദ്ര നീ.." അങ്ങേയറ്റം നിസ്സഹായമായ വാക്കുകൾ.. സണ്ണി തളർന്നത് പോലെ ശിരസ്സ് കൈകളിൽ താങ്ങി ഇരുന്നു. "അതേ.. നിനക്ക് അപ്പോഴും വലുത് നിന്റെ ഫ്രണ്ട് തന്നെയാണ്.. അല്ലെങ്കിൽ അവർക്ക് മുന്നിലുള്ള നിന്റെ വ്യക്തിത്വം.. അല്ലേ..? ഇവള് ഇത്രയൊക്കെ അപേക്ഷിച്ചിട്ടും കരഞ്ഞിട്ടും അതിനൊരു വിലയുമില്ലന്ന്..?? " ബാത്‌റൂമിൽ നിന്നുമിറങ്ങിയ തെരേസയുടെ ചോദ്യം പൊടുന്നനെ ഉയർന്നു.. അന്നേരം മാത്രമാണ് തെരേസ ഇപ്പോൾ സാന്ദ്രയ്ക്ക് ഒപ്പമാണ് കിടക്കുന്നതെന്ന കാര്യം സണ്ണി ഓർത്തത്.. "അമ്മച്ചി മിണ്ടരുത്.. എല്ലാം അമ്മച്ചി കാരണമാണ്.. അവൾക്ക് തെറ്റ് പറ്റി പോയതിലല്ല എനിക്ക് വിഷമം.. അതമ്മച്ചി പറഞ്ഞു തിരുത്താൻ ശ്രമിക്കുന്നില്ലല്ലോന്ന് ഓർത്തിട്ടാണ്.. ഈ പ്രായത്തിൽ ഇതൊക്കെ സാധാരണയാണ്.. മോഹിച്ചതും ആഗ്രഹിച്ചതുമൊക്കെ നേടാൻ പറ്റണമെന്നില്ല..അതിനായ് ശഠിക്കുകയുമരുത്.. മക്കൾക്ക് തെറ്റ് പറ്റിയാൽ നേർവഴി ചൊല്ലി കൊടുക്കണം..

കാര്യങ്ങൾ ഇവിടേം വരെ കൊണ്ടെത്തിച്ചത് നിങ്ങളൊക്കെ കൂടെയാണ്.. ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതാണ്.. എല്ലാവർക്കും സമാധാനം ഉണ്ടായിക്കോട്ടെ.." സണ്ണി ക്ഷുഭിതനായി. അത്രമാത്രം സഹികെട്ടിരുന്നു അവൻ.. "ഇനിയിപ്പോ ഇതും കൂടെയേ ബാക്കി ഉണ്ടായിരുന്നുള്ളു..മക്കളൊക്കെ തന്നോളം എത്തിയാൽ താൻ എന്ന് വിളിക്കണമെന്നല്ലേ..? എന്നോട് കയർക്കുവാനും മിണ്ടാതിരിക്കുവാൻ പറയാനുമൊക്കെ നീ വളർന്നെന്ന് ഞാൻ മറന്ന് പോയി... " പെട്ടെന്നുണ്ടായ സണ്ണിയുടെ ഭാവ മാറ്റത്തിൽ തെരേസയും സാന്ദ്രയും ഒരുപോലെ ഭയന്നിരുന്നു.. അത് തെരേസയുടെ വിഷമം വർധിപ്പിച്ചു.. അപ്പോൾ മാത്രമാണ് താൻ എത്ര ഉച്ചത്തിലാണ് അമ്മച്ചിയോടു സംസാരിച്ചതെന്ന് സണ്ണി ഓർക്കുന്നത്.. അവൻ കൈ വിരലുകൾ കൊണ്ട് നെറ്റിയിൽ ഉഴിഞ്ഞു സമാധാനിക്കുവാൻ ശ്രമിച്ചു.. "നിനക്ക് എന്തിനാണ് ഇത്രയ്ക്കു വാശി.. വസുവിനോട് ഒന്നു സംസാരിക്കുന്നതിൽ എന്താണ് അത്ര വലിയ തെറ്റായി നീ കാണുന്നത്..

ആ പെങ്കൊച്ചിനെ ഏതായാലും അവളുടെ വീട്ടുകാര് അവന് കൊടുക്കില്ലന്ന് ഉറപ്പായ്.. അവൾ ആണേൽ വീട്ടുകാരെ ധിക്കരിച്ചു അവന്റൊപ്പം വരുവേമില്ല.. സാന്ദ്രയ്ക്ക് ഇങ്ങനൊരു ഇഷ്ടമുള്ളത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല.. ഏതേലും കള്ള് കുടിയനോ പെണ്ണ് പിടിയനോ ആണേൽ പറഞ്ഞു തിരുത്താമായിരുന്നു.. ഇതിപ്പോ എങ്ങനെ നോക്കിയാലും നല്ലത് അല്ലാതെ മോശമൊന്നും ഇതിൽ കാണാനില്ല.. അവനെ പോലൊരു പയ്യനെ ഇക്കാലത്തു കിട്ടാൻ വളരെ പ്രയാസമാണ്‌.. സാന്ദ്രയെ അവന്റെ കയ്യിൽ ഏല്പിക്കുന്നതിന് ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല.. അതിനേക്കാൾ സന്തോഷവും എനിക്ക് വേറെയില്ല.. എനിക്ക് നിന്നോളം തന്നെ ഇഷ്ടമാണ് വസുവിനെയും..." "അപ്പോഴും നിങ്ങളു നോക്കുന്നത് നിങ്ങളുടെ ഇഷ്ടവും നേട്ടവുമൊക്കെയാണ്. അവന്റേത് അല്ല.. ഞാൻ ഇക്കാര്യം അവനോട് സംസാരിക്കില്ല.. ആ പ്രതീക്ഷ ഇവിടെ ആർക്കും വേണ്ടാ.." സണ്ണി തീർപ്പ് കൽപിക്കും പോൽ പറഞ്ഞു.. "എന്നാപ്പിന്നെ ഇവളങ്ങു ചത്തു പോട്ടെന്നു വെക്കായിരുന്നില്ലേ നിനക്ക്.. എന്തിനാണ് തിരിച്ചു കൊണ്ട് വന്നത്.. ഇങ്ങനെയിട്ട് വേദനിപ്പിക്കാനോ..? "

തെരേസയുടെ മൂർച്ചയുള്ള വാക്കുകൾ.. അത് സണ്ണിയുടെ ഹൃദയത്തിൽ തന്നെ കൊണ്ടു.. അവൻ വല്ലാത്തൊരു നീറ്റലോടെ തെരേസയെ നോക്കി. "ലോകത്തുള്ള സകലവരുടെയും വേദന അവന് മനസ്സിലാകും.. സ്വന്തം കൂടപ്പിറപ്പിന്റെത് ഒഴിച്ച്.. നീ എങ്ങനെ എന്റെ വയറ്റിൽ വന്ന് ജനിച്ചെടാ.. നാളെ എനിക്കും എന്തേലുമുണ്ടായാൽ നിന്റെ ചെയ്ത്ത് ഇതുപോലൊക്കെ തന്നെ അല്ലെന്ന് ആര് കണ്ടു..ഈ ഫ്രണ്ട്സും കൂട്ടവുമൊക്ക ഇന്ന് കാണും.. നാളെ കൂടെ ഉണ്ടാവുന്നത് ഞങ്ങളൊക്കെ തന്നെ ആയിരിക്കും.." അരിശത്തോടെ മുഖം തിരിച്ചിട്ട് തെരേസ വന്ന് ബെഡിൽ കയറി കിടന്നു. "എങ്ങാനും അവന്റ മുന്നിൽ ഇരുന്നു മോങ്ങാൻ നിന്നാൽ ഉണ്ടല്ലോ.. നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട.. നിന്റെ സങ്കടങ്ങൾ മനസ്സിലാക്കുന്നവരോട് മാത്രം അത് പറഞ്ഞാൽ മതി.. കേട്ടല്ലോ..?" ബാക്കി സാന്ദ്രയോട് ആയിരുന്നു.. അവളൊന്നും മിണ്ടിയില്ല.. സണ്ണിയെ പിന്നൊരുവട്ടം നോക്കിയത് കൂടിയില്ല.. മറു വശത്തേക്ക് തിരിഞ്ഞു കിടന്നു.. തെരേസ കയ്യെത്തിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു..

സണ്ണിയ്ക്ക് ഹൃദയം വല്ലാതെ നോവുന്നതായി തോന്നി.. ഇതിലും ഭേദം താൻ നേരത്തെ പറഞ്ഞത് പോലെ തന്നെയങ്ങു കൊല്ലുന്നത് ആയിരുന്നു.. സണ്ണി കണ്ണീരോടെ പിൻവാങ്ങി.. ** "നീയോ... വസുവും ഉണ്ടോ..?" മുറിയിലേക്ക് കയറി വന്ന ശരണിനെ കണ്ടു സണ്ണി തെല്ലത്ഭുതപ്പെട്ടു.. ഒപ്പം തന്നെ വാതിൽക്കലേക്ക് നോക്കി. "ഇല്ല.. വസു വന്നിട്ടില്ല.. ഓഫീസിൽ പോയിരിക്കുകയാണ്.. ഞാൻ സാന്ദ്രയെ ഒന്നു കണ്ടിട്ട് പോകാമെന്നു കരുതി.. നീ എന്താണ് ഹോസ്പിറ്റലിൽ പോകാത്തത്...? എത്ര ഡേയ്‌സ് ആയി ലീവ് എടുക്കുന്നു..? എന്താണ് നിനക്ക് പറ്റിയത്..?" "ഒന്നുമില്ലടാ.. സാന്ദ്ര അൽപ്പം ഡള്ളാണ്.. അവളൊന്നു ആക്റ്റീവ് ആയിക്കോട്ടെന്ന് കരുതി.." "അതിന് അവള് അവളുടെ മുറി അടച്ചും നീ നിന്റെ മുറിയിൽ കയറി ഇരുന്നാലും അവളു ആക്റ്റീവ് ആകുമോ..? എല്ലാവർക്കും എന്താണ് സംഭവിച്ചത്..

തെരെസാന്റിയുടെ മുഖത്തും വലിയ തെളിച്ചമില്ല.. അങ്കിൾ ഒന്നു ചിരിച്ചെന്ന് വരുത്തി. അത്രമാത്രം.. ഞാനൊരു കാര്യം അറിഞ്ഞു..അതിന്റെ പിന്നോടിയാണോ ഇവിടെ നടക്കുന്നതൊക്കെ..?" "എന്താടാ..?" സണ്ണിയിൽ ചെറുതായ് ഭയം നിറഞ്ഞു.. "സാന്ദ്രയ്ക്ക് വസുവിനെ ഇഷ്ടമാണെന്ന്.. അതിനെ നീ എതിർത്തതിനെ തുടർന്നാണ് അവൾ വെയ്ൻ കട്ട്‌ ചെയ്തതെന്ന്.. രാധികാന്റിയാണ് പറഞ്ഞത്.. തെരേസാന്റി അങ്ങനെ പറഞ്ഞുവെന്ന്.." സണ്ണിയുടെ നെഞ്ചിടിപ്പ് ഉയർന്നു.. എന്താണ് പറയേണ്ടത്...? "വസു.. വസു അറിഞ്ഞുവോ..?" അത് മാത്രമായിരുന്നു സണ്ണിയ്ക്ക് അറിയേണ്ടിയിരുന്നത്.. "ഇല്ല... ആന്റി നേരെ വന്ന് എന്നോടാണ് പറയുന്നത്.. അവന് അല്ലാതെ തന്നെ വേണ്ടുവോളം ചിന്തകളുണ്ട്.. ആന്റി പറഞ്ഞു അവനോട് പറയണ്ടന്നു.. ഞാനും അത് ശെരിവെച്ചു.. എന്തിനാണ് ഇനിയിതു കൂടെ അവന്.. അല്ല..വേറൊന്നും ഉണ്ടായിട്ടല്ല,,അവന് വേണ്ടിയാണു സാന്ദ്ര സൂയിസൈഡ്ന് ശ്രമിച്ചതെന്നത് അവനെ സംബന്ധിച്ചിടത്തോളം വലിയ വേദനയായിരിക്കും.." "ഞാൻ എന്താടാ ഇനി വേണ്ടത്..

പറ്റുന്നത് പോലൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അതിന്റെ ഇടയിൽ അവൾ അങ്ങനൊന്നു ചെയ്യുമെന്ന് ഞാൻ കരുതിയില്ല. എന്നോട് സംസാരിക്കാറ് പോലുമില്ല അവളിപ്പോൾ.. അമ്മച്ചിയും അപ്പച്ചനുമൊക്കെ അതുപോലെ തന്നെ.. " "എനിക്ക് മുന്നേ തോന്നിയിരുന്നു അവൾക്ക് വസുവിനോട് അങ്ങനെയൊരു താല്പര്യം ഉണ്ടെന്ന്.. അത് ഞാൻ ഒന്നു രണ്ട് വട്ടം വസുവിനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.. പക്ഷെ അതെന്റെ വെറും തോന്നൽ മാത്രമായ് അവൻ തള്ളി കളഞ്ഞു.. അല്ല.. അതിപ്പോൾ നിനക്കും തോന്നിയിട്ടില്ലല്ലോ സാന്ദ്രയ്ക്ക് ഇങ്ങനെയൊന്നു ഉണ്ടാകുമെന്ന്.. വസു അവളെ ഒരു കുഞ്ഞനുജത്തിയായെ കാണുന്നുള്ളൂ.. ആരെയാണ് തെറ്റ് പറയേണ്ടത്.." ശരണും ചിന്താ കുഴപ്പത്തിലായി.. "ദേ കാപ്പി.." അപ്പോഴേക്കും തെരേസ രണ്ട് പേർക്കുമുള്ള കാപ്പിയുമായി മുറിയിലേക്ക് വന്നിരുന്നു. "അയ്യോ.. ഞങ്ങള് താഴേക്കു വരുമായിരുന്നല്ലോ.. ആന്റിക്ക് വെറുതെ ബുദ്ധിമുട്ടായി.." ശരൺ പറഞ്ഞു. "കുഴപ്പമില്ല.. ചൂടാറുന്നതിന് മുന്നേ എടുത്തു കുടിച്ചേക്കു.."

കപ്പുകൾ സൈഡ് ടേബിളിലേക്ക് എടുത്തു വെച്ചിട്ട് തെരേസ വെളിയിലേക്ക് കടന്നു.. "നീ ഏതായാലും ഹോസ്പിറ്റലിൽ പോകാതെയിരിക്കണ്ട.. പേർസണൽ കാര്യങ്ങൾ മാക്സിമം വർക്കുമായി റിലേറ്റഡ് ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.. അതാകെ കൂടി കുഴയും.. വസുവിനെ കാണുന്നില്ലേ.. മറ്റു തിരക്കുകളിൽ ഏർപ്പെടുമ്പോൾ മനസ്സിൽ കുമിഞ്ഞു കൂടുന്ന ചിന്തകളും ചോദ്യങ്ങളുമൊക്കെ ഒരു പരിധിവരെ മാറി നിക്കുമെന്നാണ് അവൻ പറയാറ്.. അത് സത്യവുമായിരിക്കണം.. അതുകൊണ്ടാണ് അവന്റയുള്ളിലെ വേദന പുറത്തേക്ക് കാണാത്തത്.. എത്ര എത്ര പേഷ്യൻസ്‌ ആണ് നിന്നെ കാത്തിരിക്കുന്നത്.അവരെ നിരാശരാക്കേണ്ട.." "എടാ.. വസു.. അവനൊന്നും അറിഞ്ഞേക്കരുത്.." സണ്ണി അപ്പോഴും ആ ഒരു ചിന്തയിൽ കുടുങ്ങി നിന്നിരുന്നു. "ഇല്ലടാ.. ഞാൻ പറയില്ല.. പക്ഷെ പിന്നീട് എപ്പോഴേലും അറിയുക ആണേൽ അന്ന് അവൻ ചോദിക്കില്ലേ എന്നോടും നിന്നോടും എന്തിനാണ് മറച്ചു വെച്ചതെന്ന്.. അപ്പൊഴെന്തു പറയും.. എനിക്ക് തോന്നുന്നു വസു തന്നെ സാന്ദ്രയോട് ഒന്നു സംസാരിക്കുന്നത് കുറച്ചു കൂടെ നന്നാകുമെന്ന്.." "വേണ്ടടാ.. അത് വസുവിന്റെ സമാധാനം കൂടെ കെടുത്താൻ ഉപകരിക്കുമെന്നല്ലാതെ മറ്റൊന്നുമില്ല.. അറിയാമല്ലോ..

സാന്ദ്രയ്ക്ക് പിടിവാശി കൂടുതലാണ്..വസുവിനോടും അവൾ വാശിയോടെ എന്തെങ്കിലും പറഞ്ഞാലോ..? അത് അവന്റെ മനസ്സിൽ ഒരു കരടായ് തന്നെ കിടന്നേക്കും.. എനിക്ക് ഭയമാണ് ഇതെങ്ങാനും ഞാനും വസുവുമായുള്ള നല്ല ബന്ധത്തെ ഇല്ലാതെയാക്കി കളയുമോന്ന്.." "അതിനും മാത്രം ബന്ധമേയുള്ളോ നീയും വസുവും ഞാനുമൊക്കെ തമ്മിൽ.. അരുതാത്തതൊന്നും ചിന്തിക്കണ്ട..കാപ്പി കുടിക്ക് നീ..." ശരൺ ഒരു കപ്പ്‌ സണ്ണിയ്ക്ക് നൽകി മറ്റേത് കയ്യിൽ എടുത്തു.. "നീ വാ.. എനിക്ക് സാന്ദ്രയെ കാണണം.. ഇതേ കുറിച്ച് ഒന്നും സംസാരിക്കില്ല ട്ടോ.. ഇനിയിപ്പോ അവളെ പറഞ്ഞു ഉപദേശിക്കുവാൻ നീ എന്നെ വിളിച്ചു വരുത്തിയതാണെന്ന തോന്നൽ വേണ്ട അവൾക്ക്.." ശരൺ സണ്ണിയ്ക്ക് ഒപ്പം സാന്ദ്രയുടെ മുറി ലക്ഷ്യമിട്ടു..ലോക്ക് ആണെന്ന് കരുതി എങ്കിലും ചാരി വെച്ചതെ ഉണ്ടായിരുന്നുള്ളൂ. സണ്ണി അകത്തേയ്ക്ക് തള്ളി തുറന്നു.. അവൾ കണ്ണുകൾ അടച്ചു ചെരിഞ്ഞു കിടപ്പായിരുന്നു "സാന്ദ്രാ..." സണ്ണി വിളിച്ചുവെങ്കിലും അവൾ ഉണർന്നില്ല.. സണ്ണി വീണ്ടും വിളിക്കാൻ തുടങ്ങിയതും ശരൺ തടഞ്ഞു.

"വേണ്ട.. ശല്യ പെടുത്തേണ്ട.. ഉറങ്ങിക്കോട്ടെ.." ശരൺ ഇറങ്ങിയതും പുറകെ വാതിൽ ചാരി സണ്ണിയും പുറത്തേക്ക് ഇറങ്ങി.. കാൽ പെരുമാറ്റം അകന്നപ്പോൾ മാത്രം സാന്ദ്ര കണ്ണുകൾ തുറന്നു.. അൽപ്പം മുൻപേ വന്ന് തെരെസ പറഞ്ഞത് ഓർത്തു അവൾ.. "ശരൺ വന്നിട്ടുണ്ട്.. ചിലപ്പോൾ സണ്ണിയ്ക്ക് കൂട്ട് പിടിക്കാൻ ആയിരിക്കും.. ഇനി അവന്റേത് കൂടി കേൾക്കാൻ നിക്കണ്ട.. രാധികയോട് ഞാൻ പറഞ്ഞതൊക്കെ ഇതിനോടകം സണ്ണിയുടെ ചെവിയിൽ എത്തിക്കാണും..ഉറക്കം നടിച്ചങ്ങു കിടന്നേക്ക്.." വീണ്ടും വീണ്ടും ഒന്നു തന്നെ കേൾക്കുവാനും മുറിവേറ്റ് കിടക്കുന്ന മനസ്സിനെ ഇനിയും മുറി പെടുത്തുവാനായി വിട്ടു നൽകാനും വയ്യ.. സാന്ദ്ര എണീറ്റ് തുറന്നു കിടക്കുന്ന ജനലോരത്തേക്ക് നടന്നു.. ** "സത്യത്തിൽ വസുവിന്റെ വീടൊരു ഹെവനാണ് പപ്പാ.. എന്ത് ഒത്തൊരുമയും സ്നേഹവുമാണ് അവിടെ എല്ലാവർക്കും..

ചന്ദുവിനെ തേടി വന്നിരിക്കുന്നത് എത്ര വലിയ ഭാഗ്യമാണ്‌.. ഈ ഇരുപത് വർഷത്തോളം അവൾക്ക് അന്യമായതൊക്കെ ആ വീട്ടിൽ കയറി ചെല്ലുന്നതോടെ അവളിലേക്ക് വന്ന് ചേരും.. " അത്താഴത്തിനുള്ള ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു എബ്രഹാം.. എഴുതി കൊണ്ടിരുന്ന നോട്സ് അടച്ചു വെച്ചു ചിഞ്ചു കിച്ചണിലേക്ക് വന്ന് സ്ലാബിൽ കയറിയിരുന്നു.. "ചുമ്മാ ഇരിക്കണ്ട..ആ വെജിറ്റബിൾ എടുത്തു അരിഞ്ഞിട്...വയറ്റിലോട്ട് വല്ലതും പോകണ്ടേ.." "പപ്പാ..." ചിഞ്ചു മുഖം ചുളിച്ചു. "വേണേൽ മതി.. ഇല്ലേൽ ചപ്പാത്തി മാത്രം കഴിച്ചങ്ങു മിണ്ടാണ്ട് ഇരുന്നോണം.." "ഇതാണ് ഞാൻ ഈ ഭാഗത്തോട്ട് വരാത്തത്.. വന്നാൽ അപ്പോ എന്തേലും പണി തരും.." "പിന്നെ എന്നും പുറത്തുന്നു കഴിക്കാൻ പറ്റുവോ... ആരോഗ്യത്തിനു കേടാടി.. മേലനങ്ങാതെ മൂന്ന് നേരവും ഫാസ്റ്റ് ഫുഡ്‌ അടിച്ചാൽ അത്രേം ഫാസ്റ്റ് ആയിട്ട് മേല്പോട്ടും പോകാം.." "പറയുന്നത് കേട്ടാൽ തോന്നും മേലനക്കിയിട്ട് ഇവിടൊരു സദ്യ തന്നെ ഉണ്ടാക്കുന്നുണ്ടെന്നു.. ഇതൊക്കെ തന്നെയല്ലേ ഉള്ളു.. ഈ ഉണക്ക ചപ്പാത്തിയും വെജിറ്റബിൾ കറിയും..

വസുവിന്റെ വീട്ടിലെ ആ ഡിന്നർ എന്ത് രസമായിരുന്നു..ഇപ്പോഴും നാവിൽ കപ്പലോടുന്നു.. രാധികാന്റി ബഹു മിടുക്കിയാണ് പാചകത്തിൽ.. പാറുവമ്മയെ പോലെത്തന്നെ.. ബട്ട്‌ പാറുവമ്മ നോൺവെജ് കുക്ക് ചെയ്യില്ലല്ലോ.. രാധികാന്റി അതും നന്നായിട്ട് ചെയ്യും.. ആ രുചിക്കൊപ്പം ശരൺന്റേം വരുൺന്റേം തമാശകളും വിശ്വനങ്കിളിന്റെ കുറെ വക്കീൽ കഥകളും വസുവിന്റെ സ്നേഹത്തോടെയുള്ള കളിയാക്കലുകളുമൊക്കെയായി.. എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു പപ്പാ.. ഇവിടെപ്പോഴും ഞാനും പപ്പയും മാത്രം.." ആ രാത്രി തനിക്കു അത്രമാത്രം സ്പെഷ്യൽ ആണെന്ന് അവൾ വീണ്ടും വീണ്ടും എബ്രഹാമിനെ ഓർമ്മ പെടുത്തി കൊണ്ടേയിരുന്നു. "നിന്നെയും തേടി വന്നതല്ലേ ആ ഭാഗ്യം.. നീ തന്നല്ലേ വേണ്ടന്ന് വെച്ചത്.." "അതിന് ശരൺ ആ വീട്ടിലെ അല്ലല്ലോ.." "ആ ഫാമിലിയിലെ തന്നെയല്ലേ.. പിന്നെ എനിക്ക് തോന്നുന്നത് അവിടെ ശരൺ എന്നോ വസു എന്നോ വ്യത്യാസം ഇല്ലന്നാണ്.. രണ്ട് പേർക്കും തുല്യ സ്ഥാനവും പരിഗണനയും ഉണ്ടവിടെ.."

"ഇപ്പോൾ ഞാൻ അതേക്കുറിച്ച് ആലോചിക്കാതില്ലാതില്ല കേട്ടോ.." ബാസ്കറ്റിലെ പച്ചക്കറികളിൽ നിന്നും ഒരു ക്യാരറ്റ് എടുത്തു കടിച്ചു പൊട്ടിച്ചു അവൾ.. "റിയലി..?? എങ്കിൽ എനിക്ക് നൂറ്റമ്പത് വട്ടം സമ്മതം.." എബ്രഹാമിന്റെ മുഖത്ത് ഒരേ സമയം അതിശയവും സന്തോഷവും.. "അതെന്താണ്..? സണ്ണിയെ പറയുമ്പോൾ നൂറു വട്ടമേ ഉണ്ടായിരുന്നുള്ളു.. ഇതെങ്ങനെ അതിനേക്കാൾ കൂടി..?" "ശരണിനെ എനിക്ക് നന്നായി ബോധിച്ചു.. ഒറ്റവാക്കിൽ പറഞ്ഞാൽ a gentle young man.. അതിനർത്ഥം സണ്ണി മോശമാണെന്നല്ല.. അവന്റെതായ ക്വാളിറ്റിസ് അവനുമുണ്ട്.. " "മ്മ്.." "അതെന്തെടി വോൾടേജ്‌ മങ്ങിയത്.. എന്നിരുന്നാലും സണ്ണി തന്നെ മുന്നിൽ അല്ലേ..? നീ എന്താടി നന്നാവാതെ..? നിന്നെ വേണ്ടാത്തവനോട് പോകാൻ പറയ്യ്.. എന്നിട്ട് ആ ശരണിനെ തന്നെ അങ്ങോട്ട് ഉറപ്പിക്ക്.. " "പപ്പാ.. ഞാൻ എപ്പോഴും പറയാറുണ്ട് ഞാൻ സീരിയസ് ആയി വല്ലതും പറയുമ്പോൾ അതിന്റെ ഇടയിൽ എന്നെ തമാശിക്കാൻ നിക്കരുത് എന്ന്.." കട്ടിങ് ബോഡ് എടുത്തവൾ പച്ചക്കറികൾ അരിഞ്ഞിടുവാൻ തുടങ്ങി..

"അതിന് നീ എന്താണിപ്പോൾ സീരിയസ് ആയി പറഞ്ഞത്..? " "ഒന്നുമില്ല. എനിക്കും വരും ചാൻസസ്...അപ്പോൾ തിരിച്ചു തന്നേക്കാം.." ചിഞ്ചു മുഖം വെട്ടിച്ചു കളഞ്ഞു. എബ്രഹാം അത് കണ്ടു ഉറക്കെ ചിരിച്ചു.. ** "അമ്മച്ചി രാധികാന്റിക്ക് വിളിച്ചിരുന്നോ..?" രാത്രിയിൽ അത്താഴം കഴിക്കാൻ വിളിക്കാൻ വന്ന തെരേസയോട് സണ്ണി തിരക്കി. "ഞാൻ എങ്ങും വിളിച്ചിട്ടില്ല.. സാന്ദ്രയുടെ വിവരം അറിയാൻ രാധിക ഇങ്ങോട്ട് വിളിച്ചിരുന്നു.." "എന്നാൽ ആ വിവരം പറഞ്ഞിട്ടങ്ങു വെച്ചാൽ പോരായിരുന്നോ.? എന്തിനാണ് എല്ലാം കൂടെ വിശദീകരിക്കാൻ നിന്നത്.. അതിനൊരു അവസരം കാത്തു നിക്കുവല്ലായിരുന്നോ അല്ലേ..? " സണ്ണി നീരസത്തോടെ പറഞ്ഞു. "എന്നെ ചോദ്യം ചെയ്യാൻ മാത്രം നീ വളർന്നിട്ടില്ല സണ്ണി.. നല്ലത് എന്താണെന്നും ചീത്ത എന്താണെന്നും എനിക്ക് വ്യക്തമായിട്ട് അറിയാം.. തത്കാലം എന്നെ പഠിപ്പിക്കുവാൻ വരേണ്ടതില്ല.. എനിക്ക് വലുത് സാന്ദ്രയുടെ കാര്യം തന്നെയാണ്.. പിന്നെ ഇല്ലാത്തത് ഒന്നുമല്ലല്ലോ ഞാൻ രാധികയോട് പറഞ്ഞത്.. ഉള്ളതൊക്കെയല്ലേ..? സാന്ദ്രയ്ക്ക് വേണ്ടി നീ സംസാരിക്കാത്ത ഇടത്തോളം കാര്യങ്ങൾ ഞങ്ങൾ ആരെങ്കിലുമൊക്കെ തന്നെ പറയേണ്ടി വരും..

ഇനി വസുവിനോട് ആയിരിക്കും ഞാൻ പറയുന്നത്.. നിനക്ക് ഞങ്ങളെയൊക്കെ ജീവനോടെ കാണണമെന്ന് ഉണ്ടേൽ നീ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്ക്.. അല്ലേൽ പിന്നെ നിനക്ക് അമ്മച്ചിന്ന് വിളിക്കാൻ ഞാൻ കാണത്തില്ല.. ഒരു പോക്ക് അങ്ങോട്ട് പോകും.. രണ്ടും കല്പിച്ചിട്ടാണ് ഞാൻ പറയുന്നത്.. മറക്കണ്ട നീ..." തെരേസയുടെ വാക്കുകൾക്ക് വല്ലാത്ത തീക്ഷണത ഉണ്ടായിരുന്നു. അത് സണ്ണിയിൽ വലിയ തോതിൽ ഭയമുളവാക്കി.. ** "നീ പോയിരുന്നോ.. എന്താണ് അവിടത്തെ അവസ്ഥ..? ചന്ദു എന്ത് പറയുന്നെടി.." കിടക്കാൻ നേരമാണ് ശ്രുതി വിളിക്കുന്നത്. ഫോൺ എടുത്തതെ ചിഞ്ചു ചോദിച്ചു. "ഒന്നും പറയണ്ടന്റെ ചിഞ്ചു.. പോകേണ്ടിയിരുന്നില്ലന്ന് തോന്നി.. ഇത്രേം ഡേയ്‌സ് നീ പോകാൻ പറഞ്ഞിട്ടും ഞാൻ പോകാത്തത് ഇതോർത്തു തന്നെ ആയിരുന്നു.. പിന്നെ ചന്ദുനെ കണ്ടിട്ട് ഒരുപാട് ആയില്ലെന്ന് ഓർത്തിട്ടാണ് കൂടുതൽ ആലോചിക്കാൻ നിക്കാതെ ചെന്നത്.. അവളുടെ അച്ഛന്റെയിന്ന് വയറു നിറച്ചു കിട്ടിയെനിക്ക്.." "ഓ.. അത് കുഴപ്പമില്ല..

എന്തായാലും ഞാൻ കേട്ടത്രയുമൊന്നും വരില്ല.. അങ്ങേരുടെ കാര്യം വിടു.. ചന്ദു പാറുവമ്മയൊക്കെ എങ്ങനെ ഇരിക്കുന്നു.." "അതിന് ഞാൻ അവരെ കണ്ടിട്ട് വേണ്ടേ..? അകത്തേക്കു പോലും കയറ്റിയില്ല. നമ്മളൊക്കെ കൂടിയാണ് ചന്ദുവിനെ ഇത്രേം വഷളാക്കിയത് എന്നും ഇനി ഒറ്റ ഒരാൾ പോലും അവളെ കാണണ്ടന്നും പറഞ്ഞു വെളിയിന്ന് തന്നെ ഗെറ്റ് ഔട്ട്‌ അടിച്ചു. ഭാഗ്യത്തിന് ആരും കണ്ടില്ലാ.. ചുറ്റുപാട് ഒക്കെ വീട് ഉള്ളതല്ലേ. നാണക്കേട് ആയേനെ എനിക്ക്.. ഇങ്ങനേം ഉണ്ടോ മനുഷ്യന്മാർ.. എങ്ങനെ ചന്ദു ഇത്രേം കാലം ആ വീട്ടിൽ.. ഹൂ.. ഓർക്കുവാനേ വയ്യ.. നീ എപ്പോഴും പറയുമ്പോൾ ഞാൻ ഇത്രയ്ക്കു കരുതിയില്ലടി.. ഒന്നുമില്ലേലും ഞാനീ ചുറ്റുവട്ടത്തുള്ളത് തന്നെയല്ലേ.. പണ്ടേ ചന്ദുന്റെ ഒപ്പമുണ്ട്.. പുതിയതായി ഇന്ന് വന്നത് ഒന്നുമല്ല.. അവളുടെ അപ്പായ്ക്ക് എന്നേം വീട്ടുകാരേം ഒക്കെ നന്നായിട്ട് അറിയാം. എന്നിട്ടാണ് എന്നോട് അങ്ങനെ പെരുമാറിയത്.. സത്യം പറഞ്ഞാൽ സഹിച്ചില്ലടി.. കരച്ചിൽ വന്ന് പോയി.." "സാരമില്ല.. ഇനി ഇപ്പോ പറഞ്ഞിട്ട് എന്ത് ചെയ്യാനാണ്. നിന്നോട് അങ്ങനെ പെരുമാറുമെന്ന് ഞാൻ കരുതിയില്ല.

അത് കൊണ്ടാണ് ഒന്നു പോയി അവിടത്തെ വിവരം അന്വേഷിക്കാൻ എപ്പോഴും പറഞ്ഞോണ്ട് ഇരുന്നത്.. ഇനി ആകെയൊരു പ്രതീക്ഷ വസുവിൽ മാത്രമാണ്..." ചിഞ്ചു ഒന്നു നിശ്വസിച്ചു. "അതേ.. ഞാനും അത് പറയുവാൻ വരുവായിരുന്നു...എളുപ്പമൊന്നും അവളെ മറ്റാർക്കും കൊടുത്തേക്കില്ല വസു.. എങ്ങനെയായാലും ആ കൂടെ കൂട്ടിക്കോളും.." "ശെരിയെടീ.. ഞാൻ ഒന്നു വസുനെ വിളിക്കട്ടെ.. നീ വെച്ചോ..നാളെ കാണാം..." ചിഞ്ചു കാൾ കട്ട്‌ ചെയ്തു.. ശേഷം വസുവിനെ വിളിച്ചു എങ്കിലും അത് ഔട്ട്‌ ഓഫ്‌ കവറേജ് ഏരിയാന്നു റെസ്പോണ്ട് ചെയ്തു.. പിന്നെയും ട്രൈ ചെയ്തപ്പോൾ അതുതന്നെ പറഞ്ഞു കൊണ്ടിരുന്നു..ശരൺ എവിടേക്ക് എങ്കിലും കൂട്ടിക്കൊണ്ട് പോയി കാണുമെന്നു ഊഹിച്ചു അവൾ. ശരണിനു യാത്രകളും കറക്കങ്ങളും ഒരുപാട് ഇഷ്ടമാണ്..

പ്രത്യേകിച്ച് രാത്രിയ്ക്ക്.. മൈൻഡ് ഫ്രഷ് ആവാൻ വസുവും മടി കൂടാതെ ശരണിനു ഒപ്പം പോയി കാണണം.. എന്തൊക്കെയോ ഓർത്തും ചിന്തിച്ചുമൊക്കെ ചിഞ്ചു ഉറക്കത്തിലേക്ക് വഴുതി.. രാവിലെ ഉണരുന്നത് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ്. വസുവിനു മെസ്സേജ് ഇട്ടിരുന്നു രാത്രിയിൽ.. അതോണ്ട് വസുവായിരിക്കും ന്ന് കരുതി എങ്കിലും unknown നമ്പർ ആയിരുന്നു.. ആരാണെന്ന് ഓർത്തു കൊണ്ട് കാൾ അറ്റൻഡ് ചെയ്തതും മറു പുറത്ത് ന്ന് അത്രയേറെ പരിചിതമായ ശബ്ദം.. പക്ഷെ അത് അവൾക്ക് അവിശ്വസനീയമായി തോന്നി.. സംശയത്തോടെ ഒന്നുകൂടെ ഫോണിലേക്ക് നോക്കി ഹലോന്ന് മൊഴിഞ്ഞു അവൾ........... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story