മണിവാക: ഭാഗം 47

manivaka

രചന: SHAMSEENA FIROZ

"ചിഞ്ചു..വന്ന് കഴിക്കു.." എബ്രഹാം രണ്ടുവട്ടം വന്ന് വിളിച്ചതിന് ശേഷമാണു ചിഞ്ചു എണീറ്റു ഭക്ഷണത്തിനു മുന്നിലേക്ക് വന്നിരുന്നത്.. ആ വൈകുന്നേരത്തിനു ശേഷം അവളുടെ മുഖവും മനസ്സും തെളിഞ്ഞു കണ്ടിട്ടില്ലന്ന് ഓർത്തു അയാൾ.. സാന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നതു ചിഞ്ചു അന്നുതന്നെ പറഞ്ഞിരുന്നു എങ്കിലും അതിന് പിന്നിലെ കാരണം ഇങ്ങനെയൊന്നായിരിക്കുമെന്ന് ചിഞ്ചുവോ താനോ കരുതിയിരുന്നില്ല.. സണ്ണിയെ കണ്ടന്ന് വൈകുന്നേരം വന്ന് ചിഞ്ചു പറഞ്ഞതും കരഞ്ഞതും ഇപ്പോഴെന്ന പോൽ എബ്രഹാമിന്റെ ഉള്ളിൽ തെളിഞ്ഞു കൊണ്ടിരുന്നു. ഒരുവട്ടം പോലും കരഞ്ഞോ തളർന്നോ കണ്ടിട്ടില്ലാത്ത തന്റെ മകളുടെ കണ്ണുകൾ ഇപ്പോൾ നിറയുന്നു.. അവൾ വേദനിക്കുന്നു.. ആ വേദന എല്ലായ്‌പ്പോഴും സണ്ണി മുഖേനയാണെന്നത് എബ്രഹാമിനെയും നോവിച്ചു..

എങ്ങനെയാണു സണ്ണിയെ തെറ്റ് പറയാൻ ഒക്കുക..? ചിഞ്ചുവൊന്ന് വേദനിച്ചു കാണുന്നതു തനിക്കു സഹിക്കാൻ കഴിയുന്നില്ല.. ആ മുഖമൊന്നിരുണ്ടാൽ അന്നത്തെ ദിവസം സൂര്യൻ ഉദിക്കാത്തത് പോലെയാണ് തനിക്ക്.. അപ്പോൾ സാന്ദ്ര ഇത്രയും വലിയൊരു കടും കൈ ചെയ്തപ്പോൾ സണ്ണി എങ്ങനെ സഹിച്ചു കാണും.. അവൻ സ്വാർത്ഥനായിരിക്കുന്നതു ആ രക്തബന്ധത്തിനു മുന്നിലാണ്.. അയാളൊന്ന് ദീർഘമായി നിശ്വസിച്ചു.. ** "പപ്പാ..ദേ ചൈതു.." കാർ പാർക്ക്‌ ചെയ്തു ഇറങ്ങിയ ചിഞ്ചു കണ്ടത് ഒപോസിറ്റ് ടെക്സ്ടൈൽസിന്റെ മുന്നിൽ നിൽക്കുന്ന ചൈതന്യയെയാണ്.. "ശെരിയാണല്ലോ.. വാ.." എബ്രഹാം ചിഞ്ചുവിന്റെ കയ്യിൽ പിടിച്ചു റോഡ് ക്രോസ് ചെയ്തു. "ചിഞ്ചു ചേച്ചി..." ചിഞ്ചുവിനെ കണ്ടതും ചൈതന്യയുടെ മുഖം വിടർന്നു. സന്തോഷത്തോടെ അവൾ ചിഞ്ചുവിനരികിലേക്ക് കുതിച്ചു. "പതിയെ.. മോളെന്താ ഇവിടെ.. ആരാ കൂടെയുള്ളത്..?" എബ്രഹാം ചുറ്റിനും നോക്കി. "അപ്പ..അപ്പയുണ്ട് കൂടെ.." "എന്നിട്ടെവിടെ..? നിന്നെ അങ്ങനെ തനിച്ചു നിർത്തി എങ്ങോട്ടും പോകില്ലല്ലോ നിന്റെ അപ്പ.." ചിഞ്ചു ചോദിച്ചു.

"അകത്തു ബില്ല് പേ ചെയ്യുകയാണ്.. മെറ്റീരിയൽസിന്റെ ക്വാളിറ്റി അനുസരിച്ചുള്ള വില മാത്രം എടുത്താൽ മതിയെന്ന് പറഞ്ഞു അവിടെ ചർച്ചയിലാണ്.. അറിയാമല്ലോ അപ്പയുടെ സ്വഭാവം.. എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നു.. നാണക്കേട് കാരണം ഞാൻ പുറത്തേക്ക് ഇറങ്ങി നിന്നു.." "അല്ല.. ഇതെന്താ ഇപ്പോ ഒരു പർച്ചേസിംഗ്.. അതും നിന്നെ കൂട്ടി വന്നൊക്കെ.. അല്ലേൽ അപ്പ സ്വന്തം ഇഷ്ടത്തിനു എടുത്തു വരികയല്ലേ ചെയ്യാറ്.. എന്താടി വിശേഷമുള്ളത്.." ചിഞ്ചു സംശയിച്ചു.. "മറ്റന്നാൾ നിഖിൽ ചേട്ടന്റെ വീട്ടീന്ന് വരും..ചെറുതായിട്ട് ഒരു നിശ്ചയം പോലെ..പത്തിരുപതു ദിവസത്തിനുള്ളിൽ വിവാഹം ഉണ്ടാകുമെന്നാണ് പറയുന്നത് കേട്ടത്." പറയുമ്പോൾ തന്നെ ചൈതന്യയുടെ മുഖം കരയാനെന്ന പോൽ മൂടി കെട്ടിയിരുന്നു. "അത് നിന്റെ അപ്പ മാത്രം തീരുമാനിച്ചാൽ മതിയോ..?" ചിഞ്ചുവിന്റെ ഭാവം മാറി.. "ഇത്രയും കാലം എല്ലാം അപ്പയല്ലേ തീരുമാനിച്ചത്.അപ്പോൾ ഇതും അങ്ങനെ തന്നെയാണ്.. " ചൈതന്യ പുഞ്ചിരിക്കാൻ ശ്രമിച്ചു.. എബ്രഹാം ഒരുനിമിഷം അത്ഭുതപ്പെട്ടു.

സാഹചര്യങ്ങൾ മനസ്സിലാക്കിയും പൊരുത്തപ്പെട്ടും എത്ര പക്വമായി സംസാരിക്കുന്നു അവൾ. തിലകരാമന്റെ ഭാഗ്യമാണ് ഈ രണ്ട് കുട്ടികൾ.. അതെന്തു കൊണ്ടയാൾ മനസ്സിലാക്കുന്നില്ല.. "ചേച്ചി.. അപ്പ വരുന്നുണ്ട്.." ചൈതന്യ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു.. എബ്രഹാമിനെയും ചിഞ്ചുവിനെയും കണ്ടതെ തിലകരാമന്റെ മുഖം ഇരുണ്ടു. "വാ.. പോകാം.." കയ്യിലെ കവറുകൾ ചൈതന്യയ്ക്ക് നേരെ നീട്ടി പിടിച്ചു കൊണ്ടയാൾ പറഞ്ഞു. "അങ്കിൾ... " ചിഞ്ചു പതിയെ വിളിച്ചു...തിലക രാമനതു കേട്ടില്ലെന്ന് നടിച്ചു. "അങ്കിൾ ഞാനൊന്ന് പറഞ്ഞോട്ടെ.." ചിഞ്ചു കേണു. "മ്മ്..? എന്താ നിനക്ക് പറയാനുള്ളത്..? അന്ന് പറഞ്ഞതിന്റെ ബാക്കിയാണോ.? എന്റെ വീട്ടിൽ വന്ന് എന്നോട് കയർത്തിട്ട് ഇറങ്ങി പോയവളാണ് നീ.. അന്ന് അവസാനിച്ചു നീയുമായുള്ള എല്ലാ ബന്ധവും.. എന്നെ ശെരിയും തെറ്റും പഠിപ്പിക്കാൻ മാത്രം വളർന്നിട്ടില്ല നീ... വളർത്തു ദോഷം..അല്ലാതെന്ത്..?" ഒടുക്കം പറഞ്ഞത് എബ്രഹാമിനെ നോക്കിയായിരുന്നു. ചിഞ്ചുവിനത് സഹിക്കാൻ കഴിഞ്ഞില്ല.

എന്തോ പറയുവാൻ തുനിഞ്ഞവളെ എബ്രഹാം കൈകളിൽ പിടി മുറുക്കി തടഞ്ഞു.ചിഞ്ചു സ്വയം നിയന്ത്രിക്കാൻ എന്ന പോൽ ഒന്നു നിശ്വസിച്ചു. "അങ്കിൾ.. ഈ വിവാഹം കൊണ്ട് ഒരിക്കലും ചന്ദുവിന് സന്തോഷിക്കുവാൻ കഴിയില്ല.. അതുകൊണ്ടാണ് ഞാൻ പറയുന്നത്.. ഒരേ ഒരുവട്ടം അവളുടെ മനസ്സൊന്നു കാണുവാൻ ശ്രമിക്കു.." "നീ കാരണമാണ് ഇപ്പോൾ ഇതൊക്കെ സംഭവിച്ചിരിക്കുന്നത്.. ഇന്നുവരെ എന്റെ ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും ഒരു നോട്ടം കൊണ്ട് പോലും എതിർപ്പ് പറയാത്ത എന്റെ മക്കളാണ് ഇപ്പോൾ എന്നോട് സ്നേഹവും ഭയവുമില്ലാതെയിരിക്കുന്നത്.. നിങ്ങളൊക്കെ ഒരു കാര്യം മറന്ന് പോകുന്നു. ചന്ദന എന്റെ മകളാണ്. അവൾക്ക് ദോഷമുള്ളത് ഒന്നും ഞാൻ ചെയ്യില്ല.. ഏതൊരു മക്കളുടെയും ഭാവി സുരക്ഷിതമാക്കുവാനേ മാതാപിതാക്കൾ ശ്രമിക്കുകയുള്ളൂ. അതും അവർക്ക് അനുയോജ്യമായവരോട് ഒപ്പം.ഞാനും അതിനാണ് ശ്രമിക്കുന്നത്. നിഖിൽ എന്ത് കൊണ്ടും ചന്ദനയ്ക്കും എന്റെ കുടുംബത്തിനും ചേർന്നവനാണ്.. " ഒട്ടും മയമില്ലാതെ തന്നെ പറഞ്ഞയാൾ..

"നിഖിലിന് കുഴപ്പമുണ്ടെന്നല്ല ഞാൻ പറഞ്ഞത്.. ചന്ദുവിന് ഈ വിവാഹത്തിൽ താല്പര്യം ഇല്ലെന്നാണ്.." "ഒന്നു തന്നെ ആവർത്തിക്കേണ്ടതില്ല.. ഇടയ്ക്ക് ഇടെയുള്ള നിന്റെ സന്ദർശനമാണ് എന്റെ കുടുംബത്തിനെ ഇത്രയും താളം തെറ്റിച്ചത്.. ഞാൻ നിന്നോട് അപേക്ഷിക്കുകയാണ്..ഇനി വരരുത് ഞങ്ങൾക്ക് ഇടയിലേക്ക്.. ചന്ദന എന്നെ അനുസരിച്ചോളും. എന്നേക്കാൾ വലുതായി അവൾക്ക് മറ്റൊന്നുമില്ല.. എപ്പോഴോ നീ അവളുടെ ഉള്ളിൽ കയറ്റിയതാണ് ആ പയ്യനെ.. അവളിപ്പോ അവനെ മറന്നു വരുകയായിരിക്കും.. ചന്ദനയുടെ മാത്രമല്ല,, ചൈതന്യയുടെ ഭാവിയെക്കൂടിയാണ് ഇത് ബാധിക്കുക..ഒരച്ഛൻ തന്റെ മകൾക്ക് വേണ്ടി കേഴുകയാണ് ഇതെന്ന് കരുതിയാൽ മതി. ഇപ്പോൾ എന്റെ സ്ഥാനത്തു നിന്റെ ഈ പിതാവ് ആണെന്ന് ഇരിക്കട്ടെ.. സ്വന്തം മകൾക്ക് വേണ്ടി ഒരാളുടെ മുന്നിൽ ഇങ്ങനെ അപേക്ഷിക്കേണ്ടി വരുന്ന ഒരവസ്ഥ നീ ചിന്തിച്ചു നോക്കു.. അതെത്ര നിസ്സഹായവും വേദനാജനകവുമാണെന്ന്.. ഇതിൽ കൂടുതൽ വേദന നീ എനിക്കും എന്റെ കുടുംബത്തിനും നൽകരുത്.

ഒന്നുമില്ലെങ്കിലും പാർവതി നിന്നെ സ്വന്തം മകളായ് തന്നെ സ്നേഹിച്ചിരുന്നു.അതിനുള്ള കടപ്പാട് ആയിട്ട് എങ്കിലും ചെയ്യുക നീയിത്.. പിന്നെ ഈ വിവാഹം കൊണ്ട് അവൾ സന്തോഷിക്കില്ലന്ന് പറഞ്ഞല്ലോ.. എന്നാൽ കേട്ടോ.. എന്നെ ധിക്കരിച്ചു മറ്റൊരു വിവാഹത്തിനാണു അവൾ തയാറാകുന്നതെങ്കിൽ ജീവിതത്തിൽ ഒരിക്കലും സന്തോഷം എന്തെന്ന് അവൾ അറിയുകയില്ല.. കാരണം എന്റെ കണ്ണീരും ശാപവും മാത്രമേ കാലാ കാലം അവളുടെ തലയ്ക്കു മുകളിൽ അവശേഷിക്കുകയുള്ളൂ.. അത് ഏതു സ്വർഗ്ഗത്തിലേക്ക് കയറി ചെന്നാലും അവിടം നരകമാക്കും.. അതിലൊരു വലിയ പങ്കു നിനക്കും ഉണ്ടാവും.. ഇനിയുള്ള നാളുകൾ സമാധാനമുണ്ടാകില്ല നിനക്കും.." അത്രയും പറഞ്ഞു തീർത്തയാൾ ചൈതന്യയുടെ കയ്യും പിടിച്ചു തിരിഞ്ഞു നടന്നു.. "അപ്പാ..." ചൈതന്യ കരച്ചിലോടെ അയാളെ നോക്കി.. മറുപടിയായി എന്തോ ഓർത്തെന്ന പോൽ ചൈതന്യയുടെ കയ്യിലുള്ള പിടി വിടാതെ തന്നെ ചിഞ്ചുവിനരികിലേക്ക് വന്നു. "മറ്റന്നാൾ നിശ്ചയമാണ്..

നിന്നെ ക്ഷണിച്ചില്ലെന്ന കാരണം കൊണ്ട് പാർവതിയ്ക്കും ചന്ദനയ്ക്കും സമാധാനമില്ലായ്ക ഉണ്ടാവേണ്ട.. അവളുടെ മനസ്സിൽ ഇനിയും വേണ്ടാത്തത് കുത്തി നിറയ്ക്കാനോ പറഞ്ഞു മനസ്സ് മാറ്റാനോ മുതിരില്ല എങ്കിൽ നിനക്ക് വീട്ടിലേക്ക് വരാം.. എപ്പോ വേണമെങ്കിലും..ഒരിക്കലും ഞാൻ വിലക്ക് പറയില്ല..പക്ഷെ നല്ലതിന് മാത്രമായിരിക്കണം ആ വരവ്.." തിലക രാമൻ മുന്നിലേക്ക് നടന്നു നീങ്ങി.ആ ഒപ്പം നടക്കുന്നുവെങ്കിലും ചൈതന്യ കൂടെ കൂടെ തിരിഞ്ഞു നോക്കി കൊണ്ടേയിരുന്നു.. അവര് കണ്ണിൽ നിന്നും മറഞ്ഞിട്ടും ചിഞ്ചു അനങ്ങിയില്ല.. ആ നിൽപ് തന്നെ തുടർന്നു. എന്തിനാണ് എല്ലാവരും ചേർന്ന് തന്നെ ഇങ്ങനെ തളർത്തി കളയുന്നത്..?എന്താണ് താൻ ചെയ്ത തെറ്റ്..? ചിഞ്ചുവിന് എന്തെന്നും ഏതെന്നും മനസ്സിലാകുന്നില്ലായിരുന്നു.. ഒന്നു ഉറക്കെ ഉറക്കെ കരയണമെന്ന് തോന്നി..

അവളുടെ വേദനയും സംഘർഷവും അറിഞ്ഞെന്ന പോൽ എബ്രഹാം അവളെ തന്നിലേക്ക് ചേർത്തണച്ചു പിടിച്ചു.. "ചിഞ്ചു..കണ്ണ് തുടയ്ക്ക്..ആൾക്കാര് ശ്രദ്ധിക്കും.." എബ്രഹാം അരുമയോടെ അവളെ തഴുകി..അവളുടനെ കണ്ണ് തുടച്ചു വേർപെട്ട് നിന്നു.. മൂടി കെട്ടിയിരിക്കുന്ന അവളെ ഒന്നു ഫ്രഷ് ആക്കാനാണ് അവളേം കൂട്ടി ഔട്ടിങ്ങിന് ഇറങ്ങിയത്.. എന്നിട്ടും.. എബ്രഹാമിനു വല്ലാതെ വിഷമം തോന്നി.എന്നിരുന്നാലും പുറത്തേക്ക് കാണിച്ചില്ല.അത് അവളെ കൂടുതൽ ബാധിച്ചേക്കുമെന്ന് കരുതി മറ്റു വിഷയങ്ങളിലേക്ക് സംസാരം മാറ്റി റോഡ് മുറിച്ചു കടന്നു മാളിന് അകത്തേക്ക് പ്രവേശിച്ചു........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story