മണിവാക: ഭാഗം 48

manivaka

രചന: SHAMSEENA FIROZ

"നീ പോകുന്നുണ്ടോ..?" "എന്തിന്..വേറൊരുത്തനുമായുള്ള അവളുടെ വിവാഹം ഉറപ്പിക്കുന്നത് കാണാനോ..?" ചിഞ്ചു ദേഷ്യത്തോടെ എണീറ്റു ബാൽക്കണിയിലേക്ക് നടന്നു. "നീയിങ്ങനെ മുഖം വീർപ്പിച്ചു ഇരുന്നത് കൊണ്ടോ കരഞ്ഞെന്നോട് പറഞ്ഞോണ്ടോ കാര്യമുണ്ടോ ചിഞ്ചു.. വിളിച്ച സ്ഥിതിക്ക് നീ ഏതായാലും പോയിട്ട് വാ.. അവിടുത്തെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു എന്നറിയാമല്ലോ..?" എബ്രഹാം അവൾക്ക് അരികിലേക്ക് ചെന്നു.. "പപ്പ എന്താണ് പറഞ്ഞു വരുന്നത്.. അവളുടെ വിവാഹ നിശ്ചയം നടക്കട്ടെ എന്നാണോ..?" "അതിപ്പോൾ നടക്കരുത് എന്ന് പറഞ്ഞാൽ നടക്കാതെ ഇരിക്കുമോ.. വേണ്ടാന്ന് പറയാൻ നമുക്ക് എന്താണ് അവകാശം.. പറഞ്ഞാൽ തന്നെ അത് തിലകരാമൻ കേൾക്കുമോ..? ഇല്ലെന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയാമല്ലോ.. ഇനി ഇക്കാര്യത്തിൽ ഒന്നും ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. തിലക രാമൻ പറഞ്ഞതത്രയും ശെരിയാണ്. വസുവിനോടുള്ള സ്നേഹം കൊണ്ട് അയാളെ ധിക്കരിച്ചു വരുവാൻ ചന്ദനയ്ക്ക് സാധിക്കുമായിരിക്കും.പക്ഷെ ആ വന്നതിന് ശേഷം അവൾ സമാധാനത്തോടെ ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല..

കാരണം അവളുടെ ഉള്ളിൽ എന്നും അതൊരു നോവ് തന്നെയായി അവശേഷിക്കും..ഒന്നുമില്ലെങ്കിലും ജന്മം നൽകിയ പിതാവാണ്.. ഈ കണ്ട കാലമത്രയും വളർത്തി വലുതാക്കിയതാണ്.. ചിലപ്പോ കർത്താവ് ആ പിതാവിന്റെ ഭാഗത്താണ് എങ്കിലോ.. ചന്ദുവിന്റെയും വസുവിന്റെയും ദുഃഖത്തിനേക്കാൾ വലുതായിരിക്കും ചിലപ്പോൾ ആ പിതൃ ഹൃദയത്തിന്റെ ആധികളും വേവലാതികളും.. നീ ഒന്നു ചിന്തിച്ചു നോക്കു.. നീ കാരണം ഞാൻ ഒരാളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നാൽ അതിനേക്കാൾ വേദന എനിക്ക് മറ്റൊന്നുണ്ടാകുമോ..? " "ഓഹോ.. ഇപ്പോൾ അങ്ങനെയായോ..? പപ്പയും ആ ഭാഗത്തേക്ക്‌ ചാഞ്ഞുവോ..?എന്താണ് നിങ്ങളൊക്കെ ഇങ്ങനെയെന്നാണ് എനിക്ക് മനസ്സിലാകാത്തത്.." "ഏതൊരു കാര്യത്തിനും രണ്ട് വശങ്ങൾ ഉണ്ടാകും ചിഞ്ചു.. എപ്പോഴും നാം ആ രണ്ടു ഭംഗങ്ങളും ചിന്തിക്കുക തന്നെ വേണം.. ഞാൻ തിലക രാമനെ സപ്പോർട്ട് ചെയ്യുകയോ ചന്ദുവിനെയോ നിന്നെയോ കുറ്റപ്പെടുത്തുകയോ അല്ല..

വസുവും ചന്ദുവും ഇത്രയും ആവശ്യപ്പെട്ട കണക്കിന് ഇന്നല്ലങ്കിൽ നാളെ തിലക രാമൻ ഇതിനോട് യോജിക്കുമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് അങ്ങനെയൊരു വിശ്വാസമില്ല.. നമുക്ക് ഇനി ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല.അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയെയുള്ളൂ.. ഇനി കഴിയുന്നത് ആ പയ്യനോട്.. എന്താണ് പേര്.. ആ നിഖിൽ.. അവനോട് ഒന്നു സംസാരിക്കുക എന്നതാണ്. ചന്ദന ഏതായാലും അതിന് മുതിരില്ല.. അതിനുള്ള സാഹചര്യവും അവൾക്ക് ഉണ്ടാകില്ല. അത് കൊണ്ട് നീ അങ്ങോട്ട് ചെല്ല്.. നിഖിലിനോട് ഇതെക്കുറിച്ചു ഒന്നു സംസാരിക്കാൻ പറ്റുന്നുണ്ടോന്ന് നോക്കു.. ആ വഴിയും ഒന്നു നോക്കുന്നതിൽ തെറ്റ് ഇല്ലല്ലോ.." "പക്ഷെ പപ്പാ.. ഇത് മുടങ്ങിയാൽ മറ്റൊന്ന്.. മറ്റൊരു പ്രൊപോസൽ ഉടനെ സെറ്റ് ചെയ്യും അങ്ങേര്.. ഒരിക്കലും വസുവിനെ ആ ലിസ്റ്റിൽ പോലും എടുക്കില്ല.." "അതുതന്നെയല്ലേ ചിഞ്ചു ഞാനും പറഞ്ഞത്.. ദൈവം എന്നൊരാൾ ഉണ്ടല്ലോ. ചന്ദനയ്ക്ക് വിധിച്ചത് അല്ലാതെ മറ്റൊന്നും അവൾക്ക് കിട്ടില്ല. അതിനി അവളുടെ ചുണ്ടുകൾക്ക് ഇടയിൽ ഉണ്ടെന്നാൽ പോലും..

നീ റെഡി ആവു. ഞാൻ കൊണ്ട് ചെന്നാക്കാം.. നിന്നെ കണ്ടാൽ ചന്ദനയ്ക്കും ഒരു സമാധാനമാകും." മനസ്സില്ലാ മനസ്സോടെ നിൽക്കുന്നവളെ എബ്രഹാം നിർബന്ധിച്ചകത്തേക്ക് വിട്ടു. ** ചടങ്ങുകൾ എല്ലാം കഴിഞ്ഞു രണ്ട് മണിയോടെ നിഖിലിന്റെ വീട്ടുകാർ മടങ്ങി. നിഖിലിനെ ഒന്നു ഒറ്റയ്ക്കു കിട്ടുവാനും സംസാരിക്കുവാനും ചിഞ്ചു ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. തിലക രാമന്റെയും ചന്ദുവിന്റെ ചെറിയമ്മയുടെയും ഒരു ശ്രദ്ധ ആ നേരമത്രയും ചിഞ്ചുവിന്റെ മേൽ ഉണ്ടായിരുന്നു. എന്തിനധികം പറയുന്നു.. ചന്ദുവിനെ പോലും തനിച്ചൊന്നു കിട്ടിയില്ല.ഓരോ കാരണം പറഞ്ഞു ചന്ദുവിനെ സുമിത്ര അരികിൽ തന്നെ പിടിച്ചു നിർത്തി. ചിഞ്ചുവിന് വല്ലാതെ നീരസം തോന്നി. ഒപ്പം ഒരുതരം വീർപ്പു മുട്ടലും. ചന്ദുവിന്റെ അവസ്ഥയും മറിച്ചല്ലെന്ന് അവളുടെ നന്നേ ക്ഷീണിച്ച മുഖഭാവം കണ്ടപ്പോൾ തോന്നി. എന്നിട്ടും ഒരു പാവയെ പോലെ അവൾ എല്ലാത്തിനും നിന്ന് കൊടുക്കുന്നു. പാർവതിയും ചൈതന്യയും ആർക്കോ വേണ്ടിയെന്ന പോൽ ഓരോന്ന് ചെയ്തു പോരുന്നു..

എങ്ങനെയെങ്കിലും അവിടെന്ന് ഒന്നു ഇറങ്ങി പോയാൽ മതി എന്നായിരുന്നു ചിഞ്ചുവിന്..ക്ഷമ കെട്ടത് പോലെ പിൻവരാന്തയിൽ ചെന്നിരുന്നു.. "നിന്റെ അച്ഛൻ എന്താണ് കയറാതെ പോയത്?" തിലക രാമന്റെ ചോദ്യം കേട്ട് അവൾ എഴുന്നേറ്റു.. "എനിക്ക് മാത്രമല്ലെ ക്ഷണമുള്ളു. പപ്പയ്ക്ക് ഇല്ലായിരുന്നല്ലോ..അതും ചില നിബന്ധനകൾ പ്രകാരമാണല്ലോ..?" എത്ര ഒതുക്കാൻ ശ്രമിച്ചിട്ടും അവളുടെ മുഖം കടുത്തു. "ഇന്ന് പോകുന്നുണ്ടോ നീ..?" "മ്മ്.. പോകും. ഈവെനിംഗ് പപ്പ വരും പിക് ചെയ്യാൻ..മുൻപ് എപ്പോഴും ഓടി പാഞ്ഞു വന്നിരുന്നത് ഇവിടെ വരുമ്പോൾ ഉണ്ടാകുന്ന സന്തോഷമോർത്തിട്ടായിരുന്നു. ഇപ്പോൾ അതില്ല...." "ചേട്ടൻ ഇവിടെ നിൽക്കുകയാണോ..?അമ്മ അവിടെ അന്വേഷിക്കുന്നുണ്ട്.." അങ്ങോട്ട് കടന്നു വന്ന സുമിത്ര പറഞ്ഞു..ചിഞ്ചുവിനോട് മറ്റെന്തോ പറയുവാൻ തുടങ്ങിയ തിലക രാമൻ അത് ഉപേക്ഷിച്ചു എതിർ വശത്തേക്ക് നടന്നു. "എന്നിട്ട് എവിടെ വരെയെത്തി നിന്റെ കല്യാണം മുടക്കല്.." സുമിത്ര പുച്ഛത്തോടെ തിരക്കി.. ചിഞ്ചു അത് കേട്ടതായി ഭാവിച്ചില്ല. മറ്റെങ്ങോ മിഴികൾ നട്ടു നിന്നു.. "നിന്നെക്കാൾ നല്ലത് ചന്ദുവിന് കിട്ടരുതെന്ന് കരുതിയായിരിക്കുമല്ലേ..? ചന്ദു നല്ല കുട്ടിയാണ്. അത് കൊണ്ടാണ് അവൾക്ക് ഇത്രയും നല്ലൊരു ആലോചന വന്നത്.

അല്ലാതെ നിന്നെ പോലെ അഹങ്കാരിയല്ല.. അച്ചടക്കമില്ലാത്തവളല്ല.." "എന്നെ അളക്കുവാൻ നിങ്ങളാരാണ്..? ഇത് നല്ല പ്രൊപോസൽ ആണെന്ന് നിങ്ങൾ അല്ലേ പറയുന്നത്.. അതെന്തു കൊണ്ടാ.?നിങ്ങളുടെ കുടുംബത്തുന്നു ആയതു കൊണ്ട്.. എങ്കിൽ കേട്ടോ.. ഇതിനേക്കാൾ എത്രയോ മുകളിൽ നിൽക്കുന്നവനാണ് വസുദേവ്. അത് ചന്ദുവിന്റെ അച്ഛനും നിങ്ങളെ ഹസ്ബൻഡിനും ഇതിനോടകം മനസ്സിലായതുമായിരിക്കും.എന്നിട്ടും എന്തിനാണ് ഈ പിടിവാശി എന്നാണ് അറിയാത്തത്.." "അഹങ്കാരി എന്ന് ഒരിക്കൽ പറഞ്ഞാൽ പോരാ.. നിന്നെക്കാൾ എത്ര വയസ്സിനു മുതിർന്നതാണ് ഞാൻ. ചന്ദുവിന്റെ ചെറിയമ്മയാണ്. അമ്മയുടെ സ്ഥാനം തന്നെ.. ആ എന്നോടാണ് നീയീ ധിക്കാരം പറയുന്നത്.. നിന്നെയൊന്നും ഈ പരിസരത്തേക്ക് അടുപ്പിക്കാൻ പാടില്ലെന്ന് ചേട്ടനോട്‌ എത്രയോ വട്ടം പറഞ്ഞതാണ്.. രണ്ട് മതക്കാരിയല്ലേ. ആ ഗുണം നീ കാണിക്കാതെ നിൽക്കില്ലല്ലോ അല്ലേ..?" ആക്ഷേപ സ്വരത്തിൽ പറഞ്ഞിട്ട് സുമിത്ര അവളെ കടന്നു പോയി.. പുറകെ പോയി ചുട്ട നാലെണ്ണം മറുപടിയായി പറയണമെന്ന് കരുതിയെങ്കിലും കയ്യിലെ ഫോൺ റിങ് ചെയ്തതിനെ തുടർന്ന് അവളാ ശ്രമം ഉപേക്ഷിച്ചു.. സണ്ണിയുടെ കാൾ ആയിരുന്നു. അറ്റൻഡ് ചെയ്തില്ല.. എന്തോ.. സംസാരിക്കാൻ പോലും താല്പര്യമില്ലാത്തത് പോലെ..

ഉള്ളിൽ എവിടെയോ വല്ലാത്തൊരു അനിഷ്ടം തോന്നിയിരിക്കുന്നു.. കരിങ്കല്ലുകൾക്കിടയിൽ നിന്നും ഒഴുകുന്ന തെളിനീര് പോലെ ശുദ്ധവും തെളിച്ചവുമാർന്ന തന്റെ പ്രണയത്തിനാണ് സണ്ണി വിലയിട്ടത്.. ഓർക്കും തോറും ചിഞ്ചുവിന്റെ ഉള്ളം പുകഞ്ഞു.. കണ്ണുകൾ അമർത്തി തുടച്ചവൾ ചന്ദനയുടെ മുറി ലക്ഷ്യമിട്ടു.. അപ്പോൾ അവിടെ ചന്ദനയല്ലാതെ മറ്റാരുമില്ലായിരുന്നു.. ആ ഒരു നിമിഷത്തിനായി കാത്തു നിന്നെന്ന പോൽ ചന്ദു ഓടി വന്നു ചിഞ്ചുവിന്റെ മാറിലേക്കണഞ്ഞു.. "കരയല്ലേ ചന്ദു.." ചിഞ്ചു ചന്ദുവിനെ അരുമയോടെ തഴുകി.. "ദേവേട്ടൻ വിളിച്ചിരുന്നോ.. നീ പറഞ്ഞിരുന്നോ ഇവിടുത്തെ ചടങ്ങിനെക്കുറിച്ച്.." "ഞാൻ രാവിലെ മുതൽ വിളിക്കുന്നതാണ്. ഫോൺ സ്വിച്ച് ഓഫ്‌ ആണ്.. ഇന്നലെ അയച്ച മെസ്സേജും സീൻ ചെയ്തിട്ടില്ല.." ചിഞ്ചു പറഞ്ഞു. "എന്തെങ്കിലും തിരക്കിൽ ആയിരിക്കും.ഓഫീസ് കാര്യങ്ങളിലും വർക്കിലും ഒരു മുടക്കും വരുത്താറില്ല." ചന്ദന ആശ്വസിക്കാൻ ശ്രമിച്ചു.. ചിഞ്ചു ഫോൺ അൺലോക് ചെയ്തു വസുവിന്റെ നമ്പറിലേക്ക് ട്രൈ ചെയ്തു.

അപ്പോഴും മറുപുറത്തുന്നു സ്വിച്ച് ഓഫ്‌ എന്നുമാത്രം കേട്ടു.. ചിഞ്ചു ബെഡിലേക്ക് വന്നിരുന്നു. വല്ലാതെ തലവേദനിക്കുന്നുണ്ടായിരുന്നു. മുന്നിലേക്ക് ഇനി എന്തെന്ന ചോദ്യം ചന്ദുവിനെക്കാൾ ഏറെ അവളെ അലട്ടി.വിരലുകൾ കൊണ്ട് നെറ്റിയിൽ അമർത്തി തടവി അവൾ. "എന്തുപറ്റി ചിഞ്ചു.. വയ്യെ നിനക്ക്.." ചന്ദു അവൾക്കരികിലേക്ക് ഇരുന്നു അവളുടെ കവിളിൽ കൈ ചേർത്തു. "ഒന്നുമില്ലടി.. വസു വരും.. ഉടനെ.. ഇനി ഒന്നും ആലോചിക്കുകയോ അമാന്തിക്കുകയോ ചെയ്യരുത്.. എപ്പോ വന്നാലും ആ കൂടെ പൊയ്ക്കോളണം.." ചിഞ്ചു കർശനമായി പറഞ്ഞു.ചന്ദു അത് ശെരി വെക്കുകയും ചെയ്തു.. അപ്പോഴും ചിഞ്ചുവിന്റെ മനസ്സ് അസ്വസ്ഥതമായിരുന്നു.വസു എന്ത് തിരക്കിൽ ആയിരിക്കും പെട്ടു പോയിട്ട് ഉണ്ടാവുക എന്നവൾ ചിന്തിച്ചു കൊണ്ടിരുന്നു. ശരണിനെ വിളിച്ചു നോക്കിയാൽ കാര്യം അറിയാമെന്നു കരുതി എങ്കിലും ശരണിന്റെ നമ്പർ കയ്യിൽ ഇല്ലല്ലോ എന്നത് ഓർത്തു.. അതിനും മാത്രമൊരു ബന്ധം പോലും തനിക്കും ശരണിനും ഇടയിൽ ഇല്ലേ എന്നവൾ ഒരുനിമിഷം ചിന്തിക്കാതെയിരുന്നില്ല.. തന്നെ പ്രാണനോളം സ്നേഹിക്കുന്നവനെ താൻ ഓർക്കുന്നു പോലുമില്ല.എല്ലായ്പോഴും വേദന മാത്രം നൽകുന്നവനെ പ്രാണനോളം സ്നേഹിക്കുകയും ചെയ്യുന്നു.

എന്തൊരു വിരോധാഭാസമാണ്. ചിഞ്ചുവിന് ഒരേസമയം ദുഃഖമായും തമാശയായും തോന്നി. "ഓ.. ഇതിനകത്തു അട ഇരുപ്പ് തുടങ്ങ്യോ..?ഇനി വീണ്ടും അതുമിതുമൊക്കെ പറഞ്ഞു അവളുടെ മനസ്സ് മാറ്റാൻ ആയിരിക്കും അല്ലേ..? നിന്നെയൊക്കെ ചൂൽ എടുത്തു അടിച്ചിറക്കുകയാണ് വേണ്ടത് ഇവിടുന്ന്.." സുമിത്ര ഇഷ്ട കേടോടെ മുഖം വെട്ടിച്ചു. "ദേ..ചെറിയമ്മയാണ് ചൊറിയമ്മയാണെന്നൊന്നും നോക്കില്ല.. കൊറേ നേരമായി തള്ള തുടങ്ങീട്ട്.. എന്നാലൊന്ന് ചൂലെടുത്തോണ്ട് വാ നിങ്ങളു.. ഞാനൊന്ന് കാണട്ടെ.. വലിഞ്ഞു കയറി വന്നത് ഒന്നുമല്ല. ക്ഷണം ഉണ്ടായിട്ട് തന്നെയാണ്. അഥവാ ഇല്ലെങ്കിലും ഞാൻ വരും. ഇവിടെ ഉള്ളത് എന്റെ അമ്മയുടെ ചേച്ചിയാണ്.. അവരുടെ കുടുംബവും.. അല്ലാതെ നിങ്ങളെ തറവാട് സ്വത്തോ വീട്ടുകാരോ അല്ല.." സുമിത്രയുടെ മുഖം മുറുകി. ചിഞ്ചു വീണ്ടും പറയാൻ തുനിഞ്ഞുവെങ്കിലും ചന്ദു അവളെ തടഞ്ഞു.. സുമിത്ര മുഖത്തേക്ക് അടിയേറ്റത് പോലെ വെട്ടി തിരിഞ്ഞങ്ങു പോയി. "മിക്കവാറും ആ പെണ്ണും പിള്ള എന്റെ കയ്യിന്ന് വാങ്ങിക്കും..അല്ലാതെ തന്നെ ഇവിടെ നില തെറ്റി നിക്കുവാണ്.

വന്നപ്പോ തുടങ്ങിയതാണ് കൊലയാളിയെ നോക്കും പോലെ ഓരോ നോട്ടവും ചോദ്യം ചെയ്യലും കുറ്റം പറച്ചിലുമൊക്കെ. വെറുതെ അങ്ങ് കേട്ട് നിക്കാൻ ഞാൻ രണ്ടാമത് ജനിക്കണം..എനിക്ക് അസൂയയാണ് പോലും നിനക്ക് നല്ല ലൈഫ് കിട്ടുന്നതിൽ.. നല്ലതോ ചീത്തയോ..ആർക്കറിയാം അവൻ ഏതു തരക്കാരൻ ആണെന്ന്.. കാണുമ്പോൾ തന്നെ എന്തോ ഒരു ഇത്..എനിക്കൊട്ടും ഇഷ്ട പെട്ടിട്ടില്ല അവനെ.. സംസാരിക്കാൻ ഒരു അവസരത്തിനായി ഞാൻ ഒരുപാട് ശ്രമിച്ചു. ചിലപ്പോ സംസാരിച്ചാലും കാര്യം ഉണ്ടാകുമായിരുന്നില്ല.ഇപ്പോ പോയ ആ ചൊറിയമ്മ അവനെ പറഞ്ഞു അത്രേം സെറ്റ് ആക്കിയിട്ട് ഉണ്ടാകണം..ഓരോരോ മാരണങ്ങൾ.. ഒരു വെള്ളപ്പൊക്കം വന്ന് എല്ലാമൊന്നു ഒലിച്ചു പോയിരുന്നെങ്കിൽ.." ആ വിഷമാവസ്ഥയിലും ചിഞ്ചുവിന്റെ ദേഷ്യവും പറച്ചിലും കണ്ടു ചന്ദുവിന് ചിരി വന്നു. എത്രയോ ദിവസങ്ങൾക്കു ശേഷം ചന്ദന വേദനകളെല്ലാം മറന്ന് ഒന്ന് ചിരിച്ചു. അത് കണ്ടപ്പോ ചിഞ്ചുവിനും ആശ്വാസം തോന്നി.. കർത്താവെ.. എന്റെ ചന്ദുനെ എപ്പോഴും ഇങ്ങനെ ചിരിച്ചു തന്നെ കാണണേ.. ചിഞ്ചു നെഞ്ചിൽ കൈ വെച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചു......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story