മണിവാക: ഭാഗം 50

manivaka

രചന: SHAMSEENA FIROZ

"ചിഞ്ചു.. സണ്ണിയുടെ അപ്പച്ചൻ ഹോസ്പിറ്റലിലാണ്..അറ്റാക്ക് ആണ്. ഡോക്ടർ തോമസിനെ കാണുവാൻ വരുന്ന വഴിയിൽ ഞാൻ കിംസിൽ കയറിയിരുന്നു.അപ്പോഴാണ് വിവരം അറിഞ്ഞത്.." അപ്രതീക്ഷിതമായി കേട്ടതും ചിഞ്ചു വല്ലാതെയായി.. പെട്ടന്ന് ഓർത്തത് സണ്ണിയെ മാത്രമായിരുന്നു അവൾ. സണ്ണിയ്ക്ക് ഇത് സഹിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നു അവൾക്ക്.. സാന്ദ്രയുടെ വിഷയം കൊണ്ട് തന്നെ തകർന്നിരുന്നു.. ഇപ്പോൾ പൂർണമായും തളർന്നു നിൽപ്പാവും.. തനിക്ക് എവിടെയോ നോവുന്നതായി തോന്നി ചിഞ്ചുവിന്.. "നീ കേട്ടില്ലേ ഞാൻ പറഞ്ഞത്.. എന്തോർത്തു നിൽപ്പാണ്.. " കോഫി കപ്പും കയ്യിൽ പിടിച്ചു ഒന്നും മിണ്ടാതെ നിൽക്കുന്നവളുടെ നേർക്ക് എബ്രഹാം വിരൽ ഞൊടിച്ചു. "ഞാൻ സണ്ണിയെ കുറിച്ച് ഓർക്കുകയായിരുന്നു.. സണ്ണിയ്ക്ക് പരീക്ഷണങ്ങൾ ഏറെയാണല്ലോ പപ്പാ..സണ്ണിയ്ക്ക് ഫാമിലിയും ഫ്രണ്ട്സും കഴിഞ്ഞേ മറ്റെന്തുമുള്ളു.. എന്നിട്ടും.." "മ്മ്..സണ്ണിയെ കണ്ടപ്പോൾ ഓപി കഴിഞ്ഞില്ലേ എന്നാണ് ഞാൻ തിരക്കിയത്.. അന്നേരമാണ് സണ്ണി വിവരം പറയുന്നത്..

കുറച്ച് മാറി തെരേസയെ കണ്ടു..വല്ലാതെ കരയുന്നുണ്ടായിരുന്നു." "നമുക്ക് ഒന്ന് പോയി വന്നാലോ പപ്പാ..വസുവും ശരണുമൊന്നും ഇല്ലായിരുന്നോ.." ചിഞ്ചു ചോദിച്ചു. " കണ്ടില്ല..അപ്പുറത്ത് മാറി എങ്ങാനും ഉണ്ടായിരുന്നോന്നും അറിയില്ല.. ഏതായാലും ഒന്ന് പോയി വരാം..പെട്ടന്ന് ചേഞ്ച്‌ ചെയ്തിട്ട് വാ.. അപ്പോഴേക്കും ഞാൻ ഒരു മെയിൽ ചെയ്യട്ടെ.." എബ്രഹാം ഓഫീസ് മുറിയിലേക്ക് നടന്നു.ചിഞ്ചു ബെഡ്റൂമിലേക്കും.. * "ആന്റി..ഫെർനാൻഡസ് അങ്കിളിന് അൽപ്പം സീരിയസ് ആണ്.. സർജറി വേണം.. തീയറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.." ശരൺ പറഞ്ഞതും രാധിക ഒരുനിമിഷം നിശബ്ദയായി നിന്നു.. ഒന്നും സംഭവിക്കരുതേ എന്നായിരുന്നു ആ നേരമത്രയും ഉള്ളിലെ പ്രാർത്ഥന.. "വസു എത്തിയോ..?" ശരൺ ചോദിച്ചു.. "ഉവ്വ്..അങ്ങോട്ടേക്ക് ഇറങ്ങാൻ നിൽക്കുവാണ്.." "ശെരി..ഞാൻ വെക്കുവാ.. അവനോട് തിരക്കിട്ടോടിക്കണ്ടന്ന് പറയ്യ് കേട്ടോ.." വസു താഴേക്കു വന്നതും രാധിക ശരൺന്റെ കാൾ ഉണ്ടായിരുന്നെന്ന കാര്യം അറിയിച്ചു.ഒപ്പം സൂക്ഷിച്ചു പോകണമെന്നൊരു നിർദേശവും. *

സണ്ണിയെയും തെരേസയെയും സാന്ദ്രയെയും കൂടാതെ തെരേസയോളം തന്നെ പ്രായമുള്ള ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ.അത് അവരുടെ ബന്ധുക്കൾ ആകാമെന്ന് ഊഹിച്ചു ചിഞ്ചു.. സണ്ണി ഇടയ്ക്ക് ഇടെ കണ്ണും മുഖവും തുടക്കുകയും നെറ്റിയിൽ വിരൽ ചേർത്തു തടവുകയും ചെയ്യുന്നുണ്ട്. അതവന്റെ ടെൻഷൻ എത്രത്തോളമുണ്ടെന്ന് എടുത്ത് കാട്ടുന്നുണ്ടായിരുന്നു.. "സണ്ണി..ഇപ്പോൾ എങ്ങനെയുണ്ട്..?" എബ്രഹാം അരികിലെക്ക് ചെന്നു. "സർജറി വേണം.തീയറ്ററിലേക്ക് കയറ്റിയിട്ടുണ്ട്.." നന്നേ തളർന്ന സ്വരത്തിലൊരു മറുപടി.. "ടെൻഷൻസ് വേണ്ട.. നീയാണ് അവർക്ക് കരുത്തു നൽകേണ്ടത്.. കണ്ടില്ലേ.. അവര് കരഞ്ഞങ്ങു അവശരായിരിക്കുന്നത്.." എബ്രഹാം തെരേസയിലേക്കും സാന്ദ്രയിലേക്കും മിഴികൾ നീട്ടി. അതിന് താൻ അവർക്ക് ആരാണ്.? അപ്പച്ചനു വയ്യാതായത് പോലും താൻ കാരണമാണെന്ന് പറഞ്ഞു അൽപ്പം മുൻപ് വരെ തെരേസ ക്ഷോഭിച്ചതു ഇപ്പോഴെന്ന പോൽ സണ്ണിയുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.

"നീ കാരണമാണ്. എല്ലാം നീ കാരണമാണ്..എല്ലാരും ചത്തു തൊലഞ്ഞാൽ മാത്രമേ നിനക്ക് സമാധാനം ആകുകയുള്ളൂ..നിന്റെ പ്രാർത്ഥന കർത്താവങ്ങു കേട്ട് കാണും.." ഓർക്കവേ തന്നെ വീണ്ടും വീണ്ടും സണ്ണിയുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു. "നമ്മള് ഡോക്ടർമാര് അത്ര പെട്ടെന്നങ്ങു തളർന്നു പോകാൻ പാടുണ്ടോ..? എത്ര എത്ര ജീവൻ തുടിച്ച കൈകളാണ് നിന്റേതു..? എത്ര എത്ര അമ്മമാരുടെ വേദനയും കരച്ചിലും കണ്ടവനാണ് നീ..? ആ നിനക്ക് ഈ സിറ്റുവേഷൻ ഓവർക്കം ചെയ്യാൻ പറ്റുകയില്ലേ..?" എബ്രഹാം ആശ്വസിപ്പിക്കും പോൽ അവന്റെ ചുമലിൽ തട്ടി.. "സർ പോയില്ലായിരുന്നോ ഇതുവരെ..?" ഒട്ടൊരു നേരത്തെ നിശബ്ദയ്ക്ക് ശേഷം സണ്ണി തിരക്കി... "ഉവ്വ്.ഞാൻ ഫ്ലാറ്റിൽ പോയി വരുകയാണ്..വിവരം അറിഞ്ഞപ്പോൾ ഒന്നിവിടേം വരെ വന്ന് പോകാമെന്നു ചിഞ്ചു പറഞ്ഞപ്പോൾ അവളേം കൂട്ടി വന്നതാണ്." തെരേസയ്ക്കും സാന്ദ്രയ്ക്കും അരികിൽ നിന്നു അവരെ സമാധാനിപ്പിക്കുവാൻ ശ്രമിക്കുന്ന ചിഞ്ചുവിനെ നോക്കിയാണ് എബ്രഹാം പറഞ്ഞത്.പക്ഷെ സണ്ണി അതത്ര താല്പര്യത്തിൽ എടുത്തില്ല..

മനസ്സിനു അത്രമേൽ ഭാരമേറിയിരുന്നു. അതുകൊണ്ട് എബ്രഹാമിനോടും മറ്റൊന്നും സംസാരിക്കുവാൻ ആയില്ലവന്.. ഒഴിഞ്ഞൊരു ചെയർലേക്ക് ചെന്നിരുന്നു അവൻ.. ** "വിഷമിക്കണ്ട..അങ്കിൾ പെട്ടന്ന് തന്നെ ഹെൽത്തി ആകും.." അരികിൽ ഒരു പതിഞ്ഞ ശബ്ദം കേട്ടാണ് സണ്ണി തല ചെരിച്ചു നോക്കുന്നത്.. ആ നേരമത്രയും കസേരയിൽ ചാഞ്ഞു ഒരേ ഇരുപ്പായിരുന്നെന്ന് ഓർത്തു അവൻ.. ചിഞ്ചുവിനെ അടുത്ത് കണ്ടതും വീണ്ടും താല്പര്യമില്ലായ്മ മാത്രം.. "ആന്റിയും സാന്ദ്രയും നന്നായി ക്ഷീണിച്ചിട്ടുണ്ട്.. അവരെ വീട്ടിൽ കൊണ്ട് ചെന്നാക്കാമായിരുന്നു. ഇവിടിപ്പോ ആവശ്യത്തിന് ആളുകൾ ഉണ്ടല്ലോ.." "നിനക്കെന്തു വേണം.എന്റെ അപ്പച്ചനും അമ്മച്ചിയും സഹോദരിയുമാണ്.. അവർക്ക് എന്ത് പറ്റിയാലും നിനക്കെന്താണ്..? എനിക്കാണ് നഷ്ടങ്ങൾ മുഴുവൻ.. എല്ലാം നഷ്ടമായിരിക്കുന്നു.. അതു തന്നെയല്ലേ നിനക്ക് വേണ്ടതും..?"

"ഞാൻ.. ഞാൻ എന്ത് ചെയ്തു എന്നാണ് സണ്ണി പറയുന്നത്..?" ചിഞ്ചു പകപ്പോടെ തിരക്കി.. വലിയൊരു ആഘാതം തന്നെ സൃഷ്ടിച്ചിരുന്നു അവളിൽ ആ വാക്കുകൾ.. "എന്തിനാണ് നീയും ചന്ദനയുമൊക്കെ ഞങ്ങളുടെ ഇടയിലേക്ക് വന്നത്..?അന്നുമുതൽ തുടങ്ങിയതാണ്.. ഇല്ല എങ്കിൽ ഒരിക്കലും ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.. ഇനി അപ്പച്ചനെ കൂടെ നഷ്ടമായാൽ... " സണ്ണിയുടെ സ്വരം വേദനയാലും അനുഭവിക്കുന്ന സംഘർഷത്താലും വിറച്ചു പോയി.. ചിഞ്ചുവിന് എന്ത് പറയണമെന്നോ ഏതു ചോദിക്കണമെന്നോ നിശ്ചയമില്ലായിരുന്നു.. "ഇടയിൽ ചന്ദന ഇല്ലായിരുന്നുവെങ്കിൽ എന്റെ സാന്ദ്ര ഇന്നിത്രേം വേദനിക്കേണ്ടി വരില്ലായിരുന്നു.. അവളോ അമ്മച്ചിയോ എന്നോട് ഈ അകൽച്ച കാണിക്കില്ലായിരുന്നു.. അപ്പച്ചൻ ഇങ്ങനെ കിടക്കില്ലായിരുന്നു.. ദേഷ്യം തോന്നുന്നത് മുഴുവനും നിന്നോടാണ്.. നീയാണ് എല്ലാം തുടങ്ങി വെച്ചത്..

ഒന്നെല്ലാം അവസാനിപ്പിച്ചു തരുവാനും പറഞ്ഞതല്ലേ നിന്നോട്... എന്നിട്ടിപ്പോ സുഖ വിവരം അന്വേഷിക്കുവാനും ഉപദേശിക്കുവാനും വന്നിരിക്കുന്നു.. നിന്നോളം വെറുപ്പ് മറ്റൊന്നിനോടും തോന്നുന്നില്ല..ഒരിക്കലും കണ്മുന്നിൽ കണ്ടേക്കരുത് നിന്നെ.. " സണ്ണി രോഷത്തോടെ എഴുന്നേറ്റു പോയി.. ഹോസ്പിറ്റൽ അന്തരീക്ഷമായതിനാൽ അത്രയും അടക്കി പിടിച്ചിട്ടായിരുന്നു അവൻ സംസാരിച്ചത്.. ചിഞ്ചു ചുറ്റിനും നോക്കി..പപ്പയുടെ മിഴികൾ ഈ നേർക്ക് എങ്ങാനും ഉണ്ടോ എന്ന്.. കരുതിയത് പോലെത്തന്നെ അതവളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു.. കണ്ണുകളിൽ പൊടിഞ്ഞ നീർതുള്ളികളെ പുറം കയ്യാലെ തട്ടി തെറിപ്പിച്ചു എബ്രഹാമിനരികിലേക്ക് നീങ്ങാൻ നിന്നവളുടെ മുന്നിലേക്ക് വസുവും ശരണും വന്നു നിന്നു......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story