മണിവാക: ഭാഗം 51

manivaka

രചന: SHAMSEENA FIROZ

"നിങ്ങൾ.. നിങ്ങൾ എവിടെയായിരുന്നു.. വന്നിട്ടുണ്ടെന്ന് തെരെസാന്റി പറഞ്ഞിരുന്നു.." പെട്ടന്ന് വസുവിനെയും ശരണിനെയും മുന്നിൽ കണ്ടതും ചിഞ്ചു ഒന്ന് പരിഭ്രമിച്ചു, തന്റെയും സണ്ണിയുടെയും സംസാരം ശ്രദ്ധിച്ചു കാണുമോ എന്നോർത്ത്... "ഞങ്ങള് അപ്പുറത്തുണ്ടായിരുന്നു.. എല്ലാരും അവിടെ കൂടി നിക്കണ്ടന്ന് കരുതിയാണ് മാറി നിന്നത്.." ശരണാണ് മറുപടി നൽകിയത്. "മ്മ്.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. പപ്പ വെയിറ്റ് ചെയ്യുകയാണ്." കൂടുതൽ നേരം അവർക്ക് മുഖം നൽകാൻ അവൾക്ക് കഴിയുമായിരുന്നില്ല. "അതെന്താ അങ്ങനൊരു പോക്ക്.. എന്തുപറ്റി നിനക്ക്.. കണ്ണും മുഖവുമൊക്കെ വല്ലാതെ ഇരിക്കുന്നല്ലോ.. പതിവ് എനർജിയും കാണാനില്ല." "ഇതൊരു ഹോസ്പിറ്റലാണ്.വന്നത് പറ്റുകയാണെങ്കിൽ പേഷ്യന്റിനെ വിസിറ്റ് ചെയ്യാൻ..അല്ല എങ്കിൽ വിവരങ്ങൾ അറിഞ്ഞിട്ട് പോകാൻ.. അങ്ങനെയുള്ള ഒരു സ്ഥലത്തു ഇതിനേക്കാൾ എനെർജിറ്റിക് ആയി പെരുമാറാൻ പറ്റുമോ..? ഒരു ഡിജെ സോങ്ങും ഡാൻസും വേണമെന്നാണോ വസു പറയുന്നത്.."

"അയ്യോ.. ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഇപ്പോൾ എന്തുണ്ടായി..? എന്തോ പിണക്കമുണ്ടല്ലോ നിനക്ക്..?എന്താണത്..? പറയെടി..ഇങ്ങനെ തെളിച്ചമില്ലാതെ കാണുമ്പോൾ ഒരു രസവുമില്ല.." "എനിക്ക് ആരോടും ഒരു പിണക്കവുമില്ല.. ഞാൻ കാര്യമായി പറഞ്ഞതാണ്. സന്ദർഭവും സാഹചര്യവും അനുസരിച്ചല്ലേ പെരുമാറാൻ കഴിയു.. അതിപ്പോ എത്ര ബോണ്ട്‌ ഉള്ളവരോട് ആണെങ്കിലും.." "നീ അവനോട് ഇങ്ങനെ തർക്കിക്കല്ലേ ചിഞ്ചു.. തിരിച്ചു വഴക്ക് ഇടാൻ അൽപ്പം എനർജി പോലും കാണില്ലവന്.. ടുഡേയ്സ് ആയി സ്ഥലത്തു ഇല്ലായിരുന്നു അവൻ.. ഇപ്പോ സന്ധ്യയ്ക്ക് വീടെത്തിയതേ ഉള്ളു. അപ്പോഴേക്കും ദേ ഇങ്ങോട്ടും ഓടി വന്നു. അവന്റെ colleague മരണപ്പെട്ടു.ആക്‌സിഡന്റ് ആയിരുന്നു..അവൻറ്റെ പ്ലേസ് ട്രിവാൻഡമാണ്. One ഡേ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു.ഇന്ന് രാവിലെയാണ് മരിച്ചത്.. മൃതദേഹമെടുത്തതിന് ശേഷമാണു ഇവൻ വന്നത്.." ശരൺ പറഞ്ഞു.. "നിന്റെ കാൾസും മെസ്സേജ്സുമൊക്കെ ഞാൻ ഇന്ന് വൈകുന്നേരമാണു കാണുന്നത്. ഫോൺ സ്വിച്ച് ഓഫുമായിരുന്നു..

ഞാൻ കരുതി അതിനൊന്നും റിപ്ലൈ കിട്ടാഞ്ഞതിലാണ് ഈ പിണക്കമെന്ന്.." ചിഞ്ചു ഒന്നും പറഞ്ഞില്ല.. മുന്നിൽ വസുവും ശരണും ഉണ്ടെന്നാലും അവര് സംസാരിക്കുന്നുണ്ടെന്നാലും മനസ്സ് ഇപ്പോഴും കുരുങ്ങി കിടക്കുന്നത് സണ്ണി പറഞ്ഞ വാക്കുകളിൽ മാത്രമായിരുന്നു.. അത് തന്റെ തലയെ വെട്ടി പിളർക്കുന്നതായ് തോന്നി അവൾക്ക്.. അസഹിഷ്ണുതയോടെ വിരലുകൾ വെച്ചു നെറ്റിയിൽ അമർത്തി തിരുമ്മി അവൾ. "എന്തുപറ്റി.. തലവേദനയാണോ.?" അവളുടെ അസ്വസ്ഥത നിറഞ്ഞ മുഖം കണ്ടു ശരൺ അലിവോടെ തിരക്കി.. "ഒന്നുമില്ല. ഞാൻ പോകുവാണ്.. പിന്നൊരിക്കൽ കാണാം.. " "ചിഞ്ചു..ചന്ദനാ.." വസു വേഗത്തിൽ തിരക്കി. "അതാരാണ്..?" ചിഞ്ചു ചോദിച്ചു.. "കളിക്കല്ലേ പെണ്ണെ.." വസു ചിരിച്ചു.. "അല്ല..അവൾ നിന്റെ ആരാണെന്നാണ് ചോദിച്ചത്.. അവളെ നീ എന്തിനാണന്വേഷിക്കുന്നത്..?" "നിന്റെ തലയ്ക്കു സാരമായി കുഴപ്പമേറ്റിട്ടുണ്ട്.. പുറത്ത് എവിടെയും പോകണ്ട.. പപ്പയോടു തന്നെ ഒന്ന് ട്രീറ്റ് ചെയ്യാൻ പറയു കേട്ടോ.. " വസു പറഞ്ഞത് കേട്ട് ശരണിനും ചിരി വന്നു.

"തമാശയല്ല.ഞാൻ സീരിയസ് ആയിട്ടാണ് സംസാരിക്കുന്നത്.. ചന്ദന നിഖിലുമായുള്ള വിവാഹത്തിനു സമ്മതിച്ചു.. നിശ്ചയവും തീയതി കുറിക്കലുമെല്ലാം ഭംഗിയായി കഴിഞ്ഞു.. ഇനി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവാഹം.. അവൾ എല്ലാത്തിനോടും പൊരുത്തപ്പെട്ടിരിക്കുന്നു.. എത്രയൊക്കെ പറഞ്ഞാലും അവൾക്ക് എപ്പോഴും വലുത് അവളുടെ അച്ഛൻ തന്നെയാണ്.. നീയുമായി വലിയ കാലത്തെ പരിചയമോ ബന്ധമോ ഒന്നും അവൾക്കില്ലല്ലോ.. അതുകൊണ്ട് പെട്ടെന്നങ്ങു മറക്കാനും സാധിക്കും.. പക്ഷെ അച്ഛനെയും അമ്മയെയുമൊന്നും അത്ര എളുപ്പത്തിൽ മറക്കുവാൻ കഴിയില്ലല്ലോ. പ്രത്യേകിച്ച് അവളെ പോലൊരു പെണ്ണിന്.. അവളിപ്പോൾ നിന്നെ കാത്തിരിക്കുന്നില്ല വസു.. കാത്തിരുന്നു നീ വെറുതെ വിഡ്ഢി ആകേണ്ടതില്ലാ..എല്ലാം അവസാനിപ്പിക്കാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് അവളെന്നെ.. " എങ്ങനെയാണു അത്രയും പറഞ്ഞതെന്ന് ഒരുവേള ചിഞ്ചുവിന് തന്നെ മനസ്സിലായില്ല.. വാക്കുകൾ എവിടെയും പതറാതെയും മുറിഞ്ഞു പോകാതെയുമിരിക്കാൻ മനസ്സിനെ അത്രമേൽ ഉറപ്പിച്ചു നിർത്തിയിരുന്നു..

വസുവിനെയോ ശരണിനെയോ പിന്നൊരു വട്ടം പോലും നോക്കുകയോ അവിടെ നിൽക്കുകയോ ചെയ്തില്ല. വേഗത്തിൽ നടന്നു നീങ്ങി.. ആ മുഖത്തേക്ക് നോക്കിയില്ലങ്കിൽ പോലും അവിടത്തെ ഭാവം എന്തെന്ന് അവൾക്ക് വ്യക്തമായിരുന്നു.അത് കാണാൻ തനിക്ക് ആകില്ലന്നതു പോലെയായിരുന്നു തിരിഞ്ഞു നോക്കാതെയുള്ള പോക്ക്.. ആകെയൊരു പകപ്പ് ആയിരുന്നു വസുവിന്.. ഒരുമിനിറ്റ് നേരം വേണ്ടി വന്നു അവൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കുവാൻ.. ശരൺ തോളിൽ കൈ അമർത്തുമ്പോൾ മാത്രമാണ് അവനൊന്നു ചലിക്കുന്നത്..അവൻ ശക്തിയായി തല കുടഞ്ഞു. "എനിക്കറിയില്ലേ അവളെ.. വെറുതെയാണ്.എന്നെ ഒന്ന് ഷോക്ക് ചെയ്യാൻ.. ഇത് ഈ കഴിഞ്ഞ രണ്ട് ഡേയ്സിന്റെ റിവഞ്ച് ചെയ്യലാണ്.. " വസു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ ശരണിന് അതെന്തോ അങ്ങനെയായി തോന്നിയില്ല.. ചിഞ്ചുവിന്റെ ഭാവം.. സംസാരം.. ആ ദേഷ്യം.. എല്ലാത്തിലും വ്യത്യാസമുള്ളത് പോലെ.. അല്ലെങ്കിൽ വസുവിനെ കാണുമ്പോൾ തന്നെ വിടരുകയും തെളിയുകയും ചെയ്യുന്ന മുഖമാണ്..

എത്ര സംസാരിച്ചാലും ചിരിച്ചാലും മതി വരാറില്ലവൾക്ക്.. ആ അവളാണ് ഇന്നിങ്ങനെ.. പെട്ടെന്നൊരു പോക്കങ്ങു പോയത്.. ശരൺ ആ വിഷയത്തെക്കുറിച്ച് തന്നെ ചിന്താ കുഴപ്പത്തിലായി. *** സർജറി കഴിഞ്ഞു ഫെർനാൻഡസിന്റെ വിവരം അറിയുവാൻ ഇനിയും മണിക്കൂറുകൾ എടുക്കും. അത്രയും നേരം അവിടെ ചിലവഴിക്കാൻ ചിഞ്ചുവിന് താല്പര്യമില്ലന്ന് മനസ്സിലായ എബ്രഹാം സണ്ണിയോട് യാത്ര പറഞ്ഞിറങ്ങുവാൻ ഒരുങ്ങി.. ആ കൂടെ തന്നെ വസുവിനോടും ശരണിനോടും അൽപ്പമൊന്നു സംസാരിക്കുകയും അവിടെ എന്താവശ്യമുണ്ടെങ്കിലും അറിയിക്കാൻ മടിക്കരുത് എന്നും നിർദേശിച്ചു.. ആ നേരത്തൊഴിഞ്ഞു നിൽക്കുന്ന സണ്ണിയ്ക്ക് മുന്നിലേക്ക് ചിഞ്ചു വന്ന് നിന്നു.. അവളുടെ മുഖത്തു ഇന്നോളം കാണാത്തൊരു അനിഷ്ടവും അരിശവുമല്ലാതെ മറ്റൊന്നും തെളിഞ്ഞു നിൽക്കുന്നില്ലന്ന് തോന്നി സണ്ണിയ്ക്ക്.. "ഞാനോ ചന്ദുവോ കാരണം സണ്ണിയ്ക്കും കുടുംബത്തിനും ഒരുവിധ നഷ്ടങ്ങളും ഉണ്ടാവേണ്ട.. പലവട്ടമായി പറഞ്ഞുവല്ലോ.. ഞാനാണ് ഇതൊക്കെ തുടങ്ങി വെച്ചതെന്നും ഞാൻ തന്നെ അവസാനിപ്പിച്ചേക്കണമെന്നും..

എല്ലാം പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട്.. സണ്ണിയുടെയോ കുടുംബത്തിന്റെയോ ഒരു ശാപവും എന്റെ ചന്ദുവിന്റെ മേൽ വന്ന് വീഴണ്ട.. അറിഞ്ഞു കൊണ്ട് വന്ന് പെട്ടതല്ല നിങ്ങള് മൂവർക്കിടയിലേക്ക്..പക്ഷെ അന്ന് തൊട്ട് ഒത്തിരി സന്തോഷിച്ചിരുന്നു.. ആകെയൊരു വേദന സണ്ണി എന്റെ സ്നേഹത്തെ തിരിച്ചറിയുന്നില്ലല്ലോന്നോർത്ത് മാത്രമായിരുന്നു. പക്ഷെ ഇന്നത്തോടെ എല്ലാം അവസാനിച്ചിരിക്കുന്നു.. സാന്ദ്ര ആഗ്രഹിച്ചത് നേടി കൊടുക്കുവാനല്ലേ സണ്ണി ഇത്രയ്ക്കും കഷ്ടപെടുന്നത്.. അതവൾക്ക് ലഭിക്കട്ടെ..അതിൽ സന്തോഷം കണ്ടെത്താൻ കഴിയട്ടെ.. ഒരിക്കലും ചന്ദന ആകുന്നില്ല അവൾ.. ആകുവാൻ കഴിയുകയുമില്ലവൾക്ക്.." അവസാനം പറഞ്ഞതിൽ അത്യധികം പുച്ഛം കലർന്നിരിക്കുന്നതായി അനുഭവപ്പെട്ടു സണ്ണിയ്ക്ക്.. "ഇനിയൊരിക്കലും കാണാൻ ഇടവരാതിരിക്കട്ടെ.. പിന്നെ..ചന്ദുവിനെ ഒഴിവാക്കി തരാൻ എനിക്ക് മുന്നിലേക്ക് വെച്ചു തന്ന ഓഫർ സ്വീകരിച്ചു കൊണ്ടാണിതെന്നു ഡോക്ടർ എഡ്വിൻ ഫെർനാൻഡസിനു ഒരിക്കലും തോന്നിയേക്കരുത് കേട്ടോ..

ഇനി മുന്നിലേക്ക് നീട്ടി വെച്ച് സ്വീകരിക്കെന്നു യാചിച്ചെന്നാൽ പോലും എനിക്ക് വേണ്ട നിങ്ങളുടെ സ്നേഹവും ഇഷ്ടവുമൊന്നും.. നിങ്ങളോട് തോന്നിയ പ്രണയത്തിനു മങ്ങലേറ്റിരിക്കുന്നു..ഇനിയൊരു വിധത്തിലും തെളിഞ്ഞു വരാത്ത രീതിയിൽ..ഗുഡ് ബൈ.." ചിഞ്ചു മുന്നിലേക്ക് നടന്നു.. എബ്രഹാം അവളെ കാത്തെന്ന പോൽ കുറച്ചു മാറി നിൽപ് ഉണ്ടായിരുന്നു. അടുത്ത് തന്നെ ശരണും വസുവും ഉണ്ടായിരുന്നുവെങ്കിലും ഒരു നോട്ടം കൊണ്ട് പോലും അവളാ ഭാഗത്തേക്ക്‌ ശ്രദ്ധിച്ചില്ല.. വേഗത്തിൽ തന്നെ എബ്രഹാമിനോട് പോകാം പപ്പാന്ന് പറഞ്ഞു ലിഫ്റ്റിനരികിലേക്ക് നീങ്ങി.. ആ അവഗണന കണ്ണുകൾക്കൊപ്പം തന്റെ നെഞ്ചിനെയും പുകയ്ക്കുന്നതായി തോന്നി വസുവിന്.. എന്നിരുന്നാലും സാഹചര്യവും സന്ദർഭവും ഓർത്തവൻ സ്വയമേ സഹിച്ചു നിന്നു.. ** "ഇതെല്ലാത്തിന്റെയും അവസാനമയിക്കോട്ടെ അല്ലേ പപ്പാ.. ഇത് കൊണ്ട് ആർക്കെങ്കിലുമൊക്കെ നേട്ടവും സന്തോഷവുമൊക്ക ഉണ്ടാവുകയാണെങ്കിൽ ഉണ്ടായിക്കോട്ടെ.. വസുവും ചന്ദുവും മാത്രമേ വിഷമിക്കുകയുള്ളൂ..

ബാക്കി എല്ലാവർക്കും ആഹ്ലാദമാണ്.. ആഗ്രഹിച്ചത് വെട്ടി പിടിക്കുന്നതിൽ.." ചിഞ്ചു തന്റെ ചുണ്ടുകൾ ഉള്ളിലേക്കു വലിച്ചു കരച്ചിൽ ഒതുക്കി.. "ആരൊക്കെയാണ് എല്ലാവരും. മറ്റാരും ഇതിൽ സന്തോഷിക്കുന്നില്ല. സണ്ണിയെ മാത്രമാണ് നീ ഉദ്ദേശിച്ചിരിക്കുന്നത്.. ഒരുകണക്കിന് സണ്ണി സന്തോഷിക്കുകയാണോ..? നിന്റെ മനസ്സിൽ അത്രമാത്രം അകന്നുവോ സണ്ണിയിപ്പോൾ..?" "അകൽച്ച.. അതിനെപ്പോഴാണ് അടുത്തിട്ടുള്ളത്..?" അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നുമൊരു പുച്ഛച്ചിരി ഉതിർന്നു. "മനുഷ്യരെത്ര സ്വാർത്ഥരാണല്ലേ പപ്പാ.. ഞാനും സ്വാർത്ഥയായി.. സണ്ണിയ്ക്ക് മുന്നിൽ ഒരുവട്ടമെങ്കിലും വിജയിക്കുവാൻ വേണ്ടി... വസുവിനോട് ഞാൻ എത്ര റഫ് ആയാണ് പെരുമാറിയത്.. അങ്ങനെയൊന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല.. എന്നിട്ടു പോലും.. വസുവിനേം ചന്ദുവിനേം ഓർക്കുമ്പോൾ ഞാൻ അങ്ങ് ഇല്ലാതായി പോകുവാ പപ്പാ.. കർത്താവ് ഒരിക്കലും പൊറുക്കില്ലെന്നോട്.." "നീ പറഞ്ഞത് പോലെ ഇത് ചിലർക്കെങ്കിലും സന്തോഷം നൽകുന്നുവെങ്കിൽ നൽകട്ടെ.. അവരതിൽ സംതൃപ്തി കണ്ടെത്തട്ടെ..

ചന്ദനയുടെ അച്ഛനും കുടുംബവും ഇതുതന്നെയാണല്ലോ ആഗ്രഹിക്കുന്നത്.." എബ്രഹാം ഒരു നെടുവീർപ്പോടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു.. കുറച്ചേറെ നിമിഷങ്ങൾ മൗനമായി കടന്നു പോയി.. രണ്ട് പേരും ഒന്നിനെ കുറിച്ചും സംസാരിച്ചില്ല.. അല്ലെങ്കിൽ മൂഡൗട് ആകുന്ന അവസരങ്ങളിലൊക്കെ ആ വിഷയങ്ങൾ അവസാനിപ്പിച്ച് മറ്റു രസകരമായ വിഷയങ്ങൾ സംസാരത്തിലേക്ക് കൊണ്ട് വരുകയും അതേറേ നേരത്തെ കളി ചിരികളായി മാറുകയും ചെയ്യാറുണ്ട്. പക്ഷെ ഇന്നതൊന്നുമില്ല.. രണ്ട് പേരുടെയും മനസ്സ് കലുഷിതമായിരുന്നു. ചിഞ്ചു വസുവിനേം ചന്ദുവിനേം കുറിച്ച് മാത്രമോർക്കുമ്പോൾ എബ്രഹാം ആ ഒപ്പം തന്നെ ചിഞ്ചുവിനേം സണ്ണിയെയും ഓർക്കുകയായിരുന്നു.. ദീർഘ നാളുകളായി ഒതുക്കി പിടിച്ച ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും ഫലമായി സണ്ണിയുടെ മുന്നിൽ വിജയിക്കുവാൻ വേണ്ടി മാത്രമാണ് ചിഞ്ചു സണ്ണിയോട് അങ്ങനൊക്കെ പറഞ്ഞിരിക്കുക എന്നത് എബ്രഹാമിന് അത്രയേറെ ഉറപ്പുള്ള ഒന്നായിരുന്നു.. അല്ലാതെ ഒരിക്കലും അവൾക്ക് സണ്ണിയെ എന്നെന്നേക്കുമായി മറക്കുവാനോ വെറുക്കുവാനോ കഴിയില്ല.. സണ്ണിയിപ്പോൾ സമാധാനമായി ഇരിക്കുകയായിരിക്കുമോ..? ഒരിക്കലുമല്ല.. ഒരേസമയം വേദനയിലാഴുന്നത് എത്ര പേരാണ്.. ആ വേദനയുടെ ആഴത്തിനും വ്യാപ്തിയ്ക്കും മാറ്റമുണ്ടെന്ന് മാത്രം.. അതെല്ലാ മനസ്സിനെയും നീറിക്കുക തന്നെ ചെയ്യുന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story