മണിവാക: ഭാഗം 52

manivaka

രചന: SHAMSEENA FIROZ

രണ്ടാഴ്ചയോളം കഴിഞ്ഞാണ് ഫെർനാൻഡസിനെ ഡിസ്ചാർജ് ചെയ്തത്.. ആരോഗ്യ സ്ഥിതി നന്നേ മോശമായതിനാൽ ഫെർനാൻഡസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തണമെന്ന് തെരേസയോടും സണ്ണിയോടും ഡോക്ടർ നിർദേശിച്ചിരുന്നു.. സണ്ണിയോട് പിന്നെ ഒന്നും എടുത്തു പറയേണ്ടതില്ലല്ലോ എന്നും കൂട്ടിച്ചേർത്തു ഡോക്ടർ.. ആ ദിവസങ്ങളിലൊക്കെ വസുവും ശരണും വിശ്രമമില്ലാതെ ഹോസ്പിറ്റലിലേക്ക് വന്ന് പോയും വിവരങ്ങൾ അന്വേഷിച്ചു കൊണ്ടും തെരേസയെയും സാന്ദ്രയെയും വീട്ടിലാക്കി രാത്രി കാലങ്ങളിൽ സണ്ണിയ്ക്കൊപ്പം ഹോസ്പിറ്റലിൽ കൂട്ട് നിൽക്കുകയും ചെയ്തു.. ഓഫീസും ഹോസ്പിറ്റലിൽ വിഷയവുമായി നന്നേ തിരക്കും ക്ഷീണിച്ച അവസ്ഥയുമാണെന്നാൽ പോലും വസു ദിവസവും ചിഞ്ചുവിനെ ഫോണിൽ ട്രൈ ചെയ്യുമായിരുന്നു. എന്നാലും എപ്പോഴും നിരാശ മാത്രമായിരുന്നു ഫലം. ഒരുവട്ടം പോലും അവൾ കാൾ അറ്റൻഡ് ചെയ്യുകയോ മെസ്സേജ്സിനു റിപ്ലൈ ചെയ്യുന്നില്ലല്ലോ എന്നതും വസുവിനെ വല്ലാതെ അതിശയപ്പെടുത്തി..

അതിനും മാത്രമൊക്കെ എന്താണ് അവൾക്ക് സംഭവിച്ചു കാണുക.. ചന്ദനയുടെ കാര്യമവൾ പറഞ്ഞതും സത്യമായിരിക്കുമോ..? ഏയ്യ്.. അതൊരിക്കലുമാകില്ല.. ചിലപ്പോൾ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ആ വിവാഹത്തിനു സമ്മതം മൂളി കാണുമായിരിക്കും.. എന്നാലും തന്നെ അവൾ കാത്തിരിക്കുന്നില്ല എന്നത് തനിക്കു എങ്ങനെ വിശ്വസിക്കുവാൻ കഴിയും..? അതിനി ആരൊക്കെ പറഞ്ഞാലും.. ചന്ദന തന്നെ മാത്രമേ കാത്തിരിക്കുന്നുള്ളു.. ഓരോ നിമിഷവും തന്നെ ഓർത്തു തന്റെ വരവിനു വേണ്ടി പ്രതീക്ഷിച്ചിരിപ്പായിരിക്കുമവൾ.. ഉടനെ പോവേണ്ടിയിരിക്കുന്നു ആ ചാരത്തേക്ക്..ഈ കൈകളിൽ കൈ ചേർത്തു ആ പടി ഇറക്കി കൊണ്ട് വരേണ്ടിയിരിക്കുന്നു.. വസു ചില ഉറച്ച തീരുമാനങ്ങളോടെ ചെയർലേക്ക് ചാരിയിരുന്നു കണ്ണുകൾ അടച്ചു.. അത്രമാത്രം ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്ന് ആ നേരത്തവന്.. ശരീരവും മനസ്സും ഒരുപോലെ തളർന്നത് പോലെ.. തന്റെ ബലവും കരുത്തും സുഖവും സന്തോഷവുമെല്ലാം അവളാണ്.. എത്രയോ ദിവസങ്ങളായി ഒന്ന് കണ്ടിട്ട്..

ആ സ്വരമൊന്ന് കേട്ടിട്ട്.. അവളെ ഒന്ന് കാണാതെയും കേൾക്കാതെയും തനിക്ക് എങ്ങനെ ഉന്മേഷമുണ്ടാകുവാനാണ്..? അവന്റെ ഹൃദയ താളം ചന്ദന എന്ന് മാത്രം മന്ത്രിച്ചു കൊണ്ടേയിരുന്നു. ചന്ദനയെ കാണാൻ പോകുന്നതിന് മുന്നേ ചിഞ്ചുവിനെ കാണേണ്ടത് അത്യാവശ്യമാണെന്ന് തോന്നി അവന്.. എന്തിന് ഇങ്ങനെയൊരു അകൽച്ചയും പിണക്കവുമെന്നറിയണം.. ഫെർനാൻഡസ് അങ്കിളിനെ വിസിറ്റ് ചെയ്യുവാൻ അതിന് ശേഷം ഒന്ന് രണ്ടു തവണ കൂടി എബ്രഹാം സർ വന്നിരുന്നു എങ്കിലും ആ സമയത്തൊന്നും താൻ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചിഞ്ചുവിനെ കുറിച്ചൊന്നും അന്വേഷിക്കുവാനോ അറിയുവാനോ കഴിഞ്ഞില്ല.. ശരൺ ചിഞ്ചുവിനെ ചോദിക്കുമ്പോൾ അവൾ സുഖമായിരിക്കുന്നു, കോളേജിൽ പോയിരിക്കുന്നു എന്നായിരുന്നു മറുപടി.. അല്ലെങ്കിലും ശരണിന് സാർനോട്‌ അതിൽ കൂടുതൽ മറ്റെന്തു ചോദിക്കുവാൻ കഴിയും.. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കായ് ചേക്കേറി കൊണ്ടിരുന്നു വസുവിന്റെ ചിന്തകൾ.. *

"എത്ര ആരോഗ്യത്തോടെ നടന്നോണ്ടിരുന്ന മനുഷ്യനാ.. ഞാൻ അപ്പോഴേ പറഞ്ഞതാ ഓരോന്ന് ചിന്തിച്ചു കൂട്ടി വേണ്ടാത്തത് ഒന്നും വരുത്തി വെച്ചേക്കരുതെന്ന്.. സാന്ദ്രയെ കുറിച്ചോർത്തിട്ടും പറഞ്ഞിട്ടും തന്നെയാ.. ഇനി കൂടുതൽ ടെൻഷനോ ദേഷ്യമോ സന്തോഷമോ അങ്ങനൊന്നും പാടില്ലന്ന ഡോക്ടർ പറഞ്ഞേക്കുന്നത്.. ഇപ്പോഴും എന്റെയുള്ളിൽ ആധിയാ.. ഏതു നേരവും ഒന്നും മിണ്ടാതെ ഒറ്റയിരുപ്പ് ഇരിക്കുന്നത് കാണാം.." ഫെർനാൻഡസിനെ സന്ദർശിക്കുവാൻ വന്നതായിരുന്നു വിശ്വാനാഥനും രാധികയും.. സുഖ വിവരങ്ങളും ആരോഗ്യനിലയും അന്വേഷിക്കുകയും പറയുകയും ചെയ്യുന്നതിനിടയിൽ തെരേസ തന്റെ വിഷമങ്ങളും തുറന്നങ്ങു പറഞ്ഞു.. സാന്ദ്രയുടെ കാര്യം രാധിക മുൻപേ തന്നെ വിശ്വനാഥനോട്‌ സൂചിപ്പിച്ചിരുന്നതിനാൽ തെരേസ പറയുമ്പോൾ അയാൾക്ക് അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..

"സാന്ദ്രയുടെ കാര്യമൊന്നു മാത്രമേയുള്ളൂ ഇപ്പോ ഇവിടെ വിഷയത്തിൽ.. അവളെ നല്ലൊരുത്തന്റെ കയ്യിലങ്ങേൽപ്പിച്ചിട്ട് കണ്ണടയ്ക്കണമെന്നാണ്.. അറിയാല്ലോ.. സെലിന്റെ കാര്യത്തിലും ആ യോഗമുണ്ടായിട്ടില്ല..ഇനിയാകെ കൂടെ ഉള്ളത് ഇവളൊരുത്തിയാണ്.. വിവാഹാലോചന നോക്കാമെന്നൊരു കാര്യം സാന്ദ്രയോട് സംസാരിക്കുവാനേ ഭയമാണ്.. ഇന്നലെ ഒരുവട്ടം സാധാമട്ടിൽ അവതരിപ്പിച്ചപ്പോൾ തന്നെ അവള് കരയാനും പറയാനുമൊക്കെ തുടങ്ങി.. എന്ത് വന്നാലും വസുവിനെ മറക്കാൻ കഴിയില്ലന്ന്.. വേറെ ആരെയും ആ സ്ഥാനത്തേക്ക് കാണാൻ പറ്റില്ലന്ന്.. ഞാൻ എന്താ രാധികേ ചെയ്യേണ്ടത്.. എല്ലാത്തിന്റെയും ഇടയിൽ കിടന്നിങ്ങനെ നീറാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി.. മുഖവുരയൊന്നുമില്ലാണ്ട് ഞാൻ ചോദിക്കുവാ..വസുവിനെ തന്നേക്കാമോ ഞങ്ങൾക്ക്..സാന്ദ്ര നിങ്ങൾ അറിയുന്ന കൊച്ചു തന്നെയല്ലേ.. മറ്റ് ദോഷങ്ങളൊന്നുമില്ലവൾക്ക്..ഈ കാണുന്നത് എല്ലാം അവൾക്ക് ഉള്ളത് തന്നെയാണ്.." "തെരെസാ.. അതങ്ങനെയല്ലാ.. സാന്ദ്രയോട് ഞങ്ങൾക്ക് ഇഷ്ട കുറവുള്ളൊണ്ടല്ല..

സണ്ണിയേം അവളെമൊക്കെ എപ്പോഴും ഞങ്ങള് വസുനെയും ശരണിനെയും പോലെയേ കണ്ടിട്ടുള്ളു.. പക്ഷെ വസുവിന്റെ ഇഷ്ടം.. താല്പര്യം അതിനല്ലേ ഇവിടെ മുൻഗണന നൽകേണ്ടത്.. സാന്ദ്രയ്ക്ക് ഉള്ളത് പോലൊരു ഇഷ്ടം അവനില്ലാത്ത സ്ഥിതിക്ക്.. സണ്ണി എന്ത് പറയുന്നു ഇക്കാര്യത്തിൽ.. അവൻ ഇതിനോട് യോജിക്കുമെന്നെനിക്ക് തോന്നുന്നില്ല.." വിശ്വനാഥൻ കാര്യങ്ങൾ മനസ്സിലാകും വിധത്തിൽ പൊതുവെയുള്ള സൗമ്യതയോടെ പറഞ്ഞു. "അവനും താല്പര്യമില്ലായിരുന്നു.. പക്ഷെ ഇന്നലെന്നോട് പറഞ്ഞു ഞാനൊന്ന് സംസാരിച്ചു നോക്കാമെന്ന്.. സാന്ദ്രയെ വസുവിന്റെ കയ്യിൽ ഏൽപ്പിക്കുകയെന്നത് സണ്ണിയ്ക്കും വലിയ സന്തോഷമുള്ള കാര്യമാണ്. പക്ഷെ അതെങ്ങനെ വസുവിനോട് അവതരിപ്പിക്കുമെന്നും അത് ഫ്രണ്ട്ഷിപ്പിനെ ബാധിക്കുമോ എന്നുള്ളതും കൊണ്ടാണ് സണ്ണി മടിച്ചു നിൽക്കുന്നത്.. ഇപ്പോഴും അവൻ പറയുന്നത് അങ്കിളിനോടോ ആന്റിയോടോ വേണമെങ്കിൽ ഞാൻ സംസാരിക്കാം, വസുവിനോട് എനിക്ക് പറ്റില്ലന്നാണ്.."

തെരേസ പറഞ്ഞു.. വിശ്വനാഥൻ ഒന്നും മിണ്ടിയില്ല.. എന്തോ ആലോചനയിലെന്ന പോൽ ഇരുന്നു. രാധികയ്ക്ക് പിന്നെ പ്രത്യേകിച്ച് ഒരു അഭിപ്രായമോ ഇഷ്ടകുറവോ ആ കാര്യത്തിൽ ഉണ്ടായിരുന്നില്ല. പണ്ട് തൊട്ടേ അറിയാവുന്ന കുട്ടിയാണ് സാന്ദ്ര.അതിന്റെതായ ഇഷ്ടവുമുണ്ടവളോട്. ചിലപ്പോൾ ചന്ദന എന്നൊരു പെൺകുട്ടിയുടെ വിഷയം ഇടയിൽ ഇല്ലായിരുന്നുവെങ്കിൽ ഉറപ്പായും എത്രയോ മുന്നേ തന്നെ ഈയൊരു പ്രൊപോസൽ സ്വീകരിക്കുമായിരുന്നു. "നിങ്ങൾക്ക് തിരക്ക് ഒന്നുമില്ലല്ലോ അല്ലേ..? സണ്ണി ഇപ്പോൾ വരും.. അത് കഴിഞ്ഞിട്ട് പോകാം.. അവനും കൂടെ ഉണ്ടേൽ ഇതിലൊരു തീരുമാനത്തിൽ എത്താമായിരുന്നു.. അതിയാന് കൂടുതൽ സംസാരിക്കാൻ കഴിയാത്തത് കൊണ്ടാണ്.. അല്ലെങ്കിലും ഇപ്പോൾ സംസാരമൊക്കെ കുറഞ്ഞൊതുങ്ങിയിരിക്കുന്നു.. ഇങ്ങനൊന്നുമല്ലായിരുന്നു ഇവിടെ.. സെലിൻ പോയെന്നാലും സാന്ദ്രയിലൂടെ ആ വിഷമങ്ങളൊക്കെ മറന്നിരുന്നു.. അവളുടെ ദുഃഖഭാവമാണു വീണ്ടും ഈ വീടിനെയും ഞങ്ങളെയും ഇങ്ങനെയാക്കി കളഞ്ഞത്..

രാധിക വസുവിനോട് ഇതെക്കുറിച്ച് സംസാരിക്കണം..ആ അയ്യര് കൊച്ചിന്റെ വിവാഹം ഉറച്ചു എന്നാണ് സണ്ണി പറഞ്ഞു കേട്ടത്..അതുകൊണ്ട് വസു ഇനി അക്കാര്യം എടുത്തിട്ട് ഇതിനൊരു തടസ്സം പറയില്ലല്ലോ അല്ലേ..?" "സംസാരിച്ചു നോക്കാം അവനോട്.. ഉറപ്പ് ഒന്നും പറയുന്നില്ല.. ഞങ്ങൾ ഇറങ്ങുവാ. പോയിട്ട് അൽപ്പം ദൃതിയുണ്ട്.. സണ്ണിയ്ക്ക് ഓഫ്‌ ഉള്ള ഒരുദിവസം നോക്കി ഞങ്ങള് ഇറങ്ങാം.. അല്ലേൽ നിങ്ങൾ എല്ലാരും അങ്ങോട്ടേക്ക് ഇറങ്ങു..എനിക്ക് അത്യാവശ്യമായി ഒരു ക്ലൈന്റ് മീറ്റിംഗ് ഉണ്ട്.ഒഴിവാക്കാൻ പറ്റില്ല.." വിശ്വനാഥൻ സെറ്റിയിൽ നിന്നും എണീറ്റു..ഒപ്പം രാധികയും. "സാന്ദ്രയോട് അന്വേഷണം പറയണം കേട്ടോ.. മൂഡൗട് ഒക്കെ മാറ്റി വെച്ച് പഠനത്തിൽ നന്നായി കോൺസെൻട്രെറ്റ് ചെയ്യാൻ പറയു.. ആരെ വിവാഹം കഴിക്കുന്നുവെങ്കിലും ആരുടെ ഒപ്പം ജീവിക്കുന്നുവെങ്കിലും പെൺകുട്ടികൾ എപ്പോഴും ഇൻഡിപെൻഡൻറ്റ് ആയിരിക്കണം.. എങ്കിൽ മാത്രമേ അവർക്കവരുടേതായ വ്യക്തിത്വവും നിലപാടുകളും ഉണ്ടാവുകയുള്ളൂ.. ഞങ്ങൾ ഇറങ്ങട്ടെ.."

രണ്ട് പേരും ഇറങ്ങുന്നതിനു മുന്നേ ഫെർനാൻഡസിന്റെ മുറിയിലേക്ക് ഒരിക്കൽ കൂടി ചെല്ലുകയും യാത്ര പറയുകയും ചെയ്തു.. അവരുടെ കാർ ഗേറ്റ് കടന്നു പോയതിന് പുറകെ തന്നെയാണ് സണ്ണിയെത്തിയത്.. "വിശ്വൻ അങ്കിളായിരുന്നോ..?" കാർ ലോക്ക് ചെയ്തു അവൻ ചോദ്യ ഭാവത്തോടെ സീറ്റ് ഔട്ടിലേക്ക് കയറി. "മ്മ്.. രാധികയും ഉണ്ടായിരുന്നു. അപ്പച്ചനെ കാണാൻ വന്നതാണ്.. ഞാൻ അവരോട് സാന്ദ്രയുടെ കാര്യം അവതരിപ്പിച്ചിട്ടുണ്ട്.വസുവിനോടതേ പറ്റി സംസാരിക്കാനും പറഞ്ഞിട്ടുണ്ട്.." സണ്ണിയൊന്നു മൂളുക മാത്രം ചെയ്തു. "വെറുതെ മൂളിയാലൊന്നും നടക്കില്ല.. പറയേണ്ടത് പോലെ പറയുകയും ചെയ്യേണ്ടത് പോലൊക്കെ കാര്യങ്ങൾ ചെയ്യുകയും വേണം.. എന്നാലേ എന്തേലുമൊക്കെ ആകുകയുള്ളു.." തെരേസ അവന് പുറകെ അകത്തേക്ക് കയറി. "ഞാനെന്തു ചെയ്യണമെന്നാണ്.. അമ്മച്ചി പറഞ്ഞിട്ടുണ്ടല്ലോ കാര്യങ്ങൾ.. വസുവിനോട് സംസാരിച്ചവന്റെ ഭാഗം കൂടെ എന്തെന്ന് അറിയട്ടെ ആദ്യം.." "അവൻ പെട്ടെന്നൊന്നും സമ്മതിക്കില്ല.. അത് നിനക്കും അറിയാല്ലോ.. അപ്പോഴാണ് നീ സംസാരിക്കേണ്ടത്.. നീ ഒരാവശ്യം പറഞ്ഞാൽ അതവൻ ഒരിക്കലും തള്ളി കളയില്ല.. " സണ്ണി ഒരുനിമിഷം നിശബ്ദനായി.. ചിലപ്പോൾ തള്ളി കളയില്ല..

അല്ലെങ്കിൽ എന്നെന്നേക്കുമായി തള്ളി കളഞ്ഞേക്കാം.. തന്നെയും തന്റെ ഫ്രണ്ട്ഷിപ്പിനെയും.. അങ്ങനൊന്നു ഒരിക്കലും ഉണ്ടാകാതെയിരിക്കാൻ വേണ്ടിയാണു ചഞ്ചലയെ ഇതിനിടയിലേക്ക് കൊണ്ട് വന്നത്.. സ്വാർത്ഥതയാണ്.. വളരെ വലിയ സ്വാർത്ഥതയും ദുഷ്ടത്തരവും.. പക്ഷെ ചെയ്യുകയേ നിവർത്തിയുള്ളൂ.. വസുവിന്റെ മനസ്സിൽ ചന്ദനയോടുള്ള സ്നേഹത്തിനും സ്ഥാനത്തിനും അൽപ്പമെങ്കിലും കുറവുണ്ടായാൽ മാത്രമേ സാന്ദ്രയ്ക്കൊരു അവസരമെങ്കിലും ഉണ്ടാകുകയുള്ളു.. അല്ലാത്ത പക്ഷം അവനിതൊരിക്കലും ചിന്തയിൽ പോലും എടുക്കുന്ന ഒന്നായിരിക്കില്ല.. അതിന് ചഞ്ചല തന്നെ വേണ്ടിയിരിക്കുന്നു.. അവൾക്ക് മാത്രമേ ചന്ദനയെ അവന്റെ മനസ്സിൽ നിന്നും നീക്കം ചെയ്യുവാൻ സാധിക്കുകയുള്ളൂ.. അങ്ങനെ എളുപ്പത്തിൽ മാഞ്ഞു പോകുന്നവളാണോ ചന്ദന..? ഇന്ന് വസുവിന്റെ മനസ്സിൽ ആരെക്കാളും സ്ഥാനമുള്ളത് അവൾക്കല്ലേ.. അവന്റെ ജീവ വായുവിൽ പോലും ചന്ദനയാണ്.. എന്നിട്ടും താനാ പ്രണയത്തെ എന്നെന്നേക്കുമായി നശിപ്പിക്കുവാൻ ശ്രമിക്കുന്നു.. തന്റെ ഈ ചെയ്തിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ആ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് തന്നെ സണ്ണിയുടെ ചിന്തകളും മനസ്സും പല വഴിക്ക് നീങ്ങി.

"നീ കേട്ടില്ലേ ഞാൻ പറഞ്ഞത്.. എന്താലോചിച്ചു നിൽക്കുവാണ്.. രാധികയ്ക്കും വിശ്വനുമൊന്നും ഇക്കാര്യത്തിൽ വിയോജിപ്പൊന്നുമില്ല.. വസുവിനെ മാത്രമേ നോക്കാനുള്ളു.. അവനെ സമ്മതിപ്പിക്കേണ്ടത് നീയാണ്.. എനിക്കുറപ്പുണ്ട്.. നീ ആവശ്യപ്പെട്ടാൽ അവനൊരിക്കലും തള്ളി കളയാനാകില്ലന്ന്.. ആ ശരണിനോടുമൊന്ന് പറയ് വസുവിനോട് ഇതേപറ്റിയൊന്ന് സംസാരിക്കാൻ.. ഇനിയിപ്പോ ഏതായാലും നാളെ കെട്ട് കഴിഞ്ഞങ്ങു പോകാൻ നിക്കുന്ന ആ പെണ്ണിന്റെ പുറകെ അവൻ നടന്നിട്ട് കാര്യമില്ലല്ലോ.. ഞാൻ ചായ എടുക്കാം.. നീ കുളിച്ചിട്ട് വാ.." പറഞ്ഞിട്ട് തെരേസ അടുക്കളയിലേക്ക് നടന്നു.. സണ്ണി ഓർക്കുകയായിരുന്നു എത്രയോ ദിവസങ്ങൾക്കു ശേഷമാണു അമ്മച്ചി അൽപ്പം മയത്തോടെയും സ്നേഹത്തോടെയും തന്നോട് സംസാരിക്കുന്നത്.. അത് സാന്ദ്രയുടെ വിഷയത്തിൽ താൻ എതിർപ്പ് പറയുന്നത് അവസാനിപ്പിച്ചത് കൊണ്ട് മാത്രമാണ്.. ഇനി എന്ത് കൊണ്ടും ഇതുമായി മുന്നോട്ട് പോകുക തന്നെ.. ഒരുവിധത്തിലും വസു യോജിക്കുന്നില്ലന്നൊരവസ്ഥ വരുകയാണെങ്കിൽ മാത്രം താൻ അവനോട് ഇതെക്കുറിച്ചു സംസാരിക്കാം... അതുവരെ കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ട് പോകട്ടെ.. സണ്ണി ഒന്നു നിശ്വസിച്ചു.. ** "അയ്യോ.. എന്നൊക്കെയാരു പറഞ്ഞു.. സാന്ദ്രയോ..?

അവളെന്തോ അവിവേകം പറഞ്ഞെന്ന് കരുതി.. നിങ്ങളതും സമ്മതിച്ചിങ്ങു പോന്നോ.." വളരെ മടിച്ചു മടിച്ചു കൊണ്ടാണ് വിശ്വനാഥനും രാധികയും വസുവിനോട് കാര്യമവതരിപ്പിച്ചത്.. പക്ഷെ കേട്ടപ്പോൾ വസു ചിരിക്കുകയാണ് ഉണ്ടായത്. "തമാശയല്ലടാ വസു.. അവള് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പോലും ഇതിനെ തുടർന്നാണ്.. ആ സംഭവം കഴിഞ്ഞപ്പോൾ തന്നെ തെരേസ എന്നോടിതെ കുറിച്ച് പറഞ്ഞിരുന്നു.. പക്ഷെ ഞാനും അത്രയ്ക്ക് ഗൗനിച്ചിരുന്നില്ല..പക്ഷെ ഇപ്പോൾ." രാധിക കുറച്ചൂടെ വ്യക്തമാക്കി. "ഇപ്പോഴെന്താ.. ഇപ്പോഴുമൊന്നുമില്ല.. ഞാൻ സംസാരിച്ചോളാം അവളോട്.. പറഞ്ഞാൽ മനസ്സിലാകും അവൾക്ക്.. കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ.. വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ളവളല്ലേ. അതിന്റെ പക്വത കാണിക്കാതിരിക്കില്ല.." "ആ പക്വത ഉണ്ടായിട്ടാണോ അവളന്നങ്ങനെയൊരു കടും കൈ ചെയ്തത്.. അവളെ പറഞ്ഞു മാറ്റാൻ ആർക്കും കഴിയില്ല.. അവൾ അത്രക്കും ഉറച്ചു നിൽക്കുവാണ്.. സണ്ണി ആവുന്നത്ര ശ്രമിച്ചതാണ്. നിനക്ക് അറിയാമല്ലോ..

ഇപ്പോൾ അവന്റപ്പച്ചന്റെ ആരോഗ്യ സ്ഥിതിയും നന്നല്ല.. ആകെ കൂടെ അവിടത്തെ അന്തരീക്ഷമിപ്പോൾ ഇരുണ്ടു കിടക്കുവാണ്.." "എന്നുകരുതി എനിക്കിപ്പോ അവളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുവാൻ പറ്റുമോ.. ഇത് നല്ല കാര്യമാണല്ലോ.. എനിക്ക് തമാശയായിട്ടല്ലാതെ മറ്റൊന്നും തോന്നുന്നില്ല അമ്മ ഇതിൽ.. അങ്കിളിന്റെ ആരോഗ്യ സ്ഥിതി മോശമാണ്.. അതോർത്തു സണ്ണിയ്ക്കും ആന്റിയ്ക്കുമൊക്കെ നല്ല ടെൻഷനുണ്ട്.. എനിക്കുമുണ്ട്.. പക്ഷെ സാന്ദ്ര.. അവളിതെന്തോർത്തിട്ടാണ്.. സെക്കന്റ്‌ ഇയർ അല്ലേ.. പഠിക്കേണ്ട സമയമാണ്.. പിജി കഴിയാതെ അവളുടെ വിവാഹ കാര്യം നോക്കുന്നില്ലന്നാണ് ആന്റി ഈ ഇടയ്ക്ക് പോലും പറഞ്ഞോണ്ടിരുന്നത്.. സാന്ദ്രയ്ക്ക് മുന്നേ സണ്ണിയ്ക്ക് നോക്കണമെന്ന്.. അല്ല.. അത് പോട്ടെ.. എന്നിട്ടു സണ്ണി എന്നോട് ഇതൊന്ന് സൂചിപ്പിക്കുക പോലും ചെയ്തില്ലല്ലോ.. അവൻ എന്ത് പറയുന്നു.. അവനൊരിക്കലും ഇതിനോട് യോജിക്കില്ല.. അത് സാന്ദ്ര എനിക്കാരാണെന്ന് അവന് നന്നായി അറിയാവുന്നത് കൊണ്ട് മാത്രമല്ലാ,,,

ചന്ദനയ്ക്ക് എന്നിൽ എത്രത്തോളം സ്ഥാനമുണ്ടെന്ന് കൂടെ അവന് അറിയാവുന്നോണ്ടാണ്.. ഇപ്പോൾത്തന്നെ നോക്കു.. കാര്യങ്ങൾ ഇത്രയുമൊക്കെ ആയിട്ടും അവനെന്നോട് സാന്ദ്രയുടെ കാര്യം പറഞ്ഞുവോ.. ഇല്ല.. അവനതിന് കഴിയില്ല.. ഇപ്പോ നിങ്ങൾക്ക് പകരം അവനായിരുന്നു മുന്നിൽ എങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു അമ്മ.. അവനോട് ഒറ്റയടിക്ക് എനിക്കിങ്ങനൊക്കെ പറയുവാൻ പറ്റുമായിരുന്നോ..? അവനറിയാം ഇങ്ങനൊരു അവസ്ഥ എനിക്കുണ്ടാകുമെന്ന്.. അതുകൊണ്ടാണ് ആ സംസാരം അവൻ ഒഴിവാക്കി കളഞ്ഞത്.. നോക്കു.. എത്ര നന്നായി അവനെന്നെ മനസ്സിലാക്കിയിരിക്കുന്നു.. എക്കാലവും എന്റെ ഭാഗ്യമാണ് അവൻ.. ഫ്രണ്ട്ഷിപ്പിന് എത്ര വലിയ വിലയാണ് അവൻ നൽകുന്നത്.. " വസുവിന്റെ വാക്കുകളിലും മനസ്സിലും സണ്ണിയോടുള്ള സ്നേഹം നിറഞ്ഞു.. പക്ഷെ മറ്റൊരിടത്തു സണ്ണി അപ്പോഴേക്കും തന്റെ ചിന്തകളെയും മനസ്സിനെയും സ്വാർത്ഥതയിലൊതുക്കി നിർത്തിയിരുന്നു...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story