മണിവാക: ഭാഗം 53

manivaka

രചന: SHAMSEENA FIROZ

"വിവരക്കേടാണ്, പ്രായത്തിന്റെതാണെന്നൊക്കെ പറഞ്ഞു തള്ളി കളയാനോ പറഞ്ഞെന്നെ തിരുത്തി കളയാമെന്നോ ആണേൽ വേണമെന്നില്ല.. വസു ഏട്ടൻ.. അല്ല.. ദേവേട്ടൻ.. അങ്ങനെയാണ് ഞാൻ മനസ്സിൽ കുറിച്ചിട്ടിരിക്കുന്നത്.. അതും ഇന്നും ഇന്നലെയുമൊന്നുമല്ല.. കാണുവാൻ തുടങ്ങിയ നാള് തൊട്ട്.. അന്ന് മുതൽ ഈ ഉള്ളിലുള്ള മുഖമാണ്.. ദിവസം ചെല്ലും തോറും അതവിടെ കൂടുതൽ വേരുറച്ചു പോയി.. എനിക്ക് അത്രക്കുമിഷ്ടമാണ്.. ആരെന്തു പറഞ്ഞാലും ഞാൻ പിന്മാറില്ല.." സാന്ദ്രയെ കാണുവാൻ വന്നതായിരുന്നു വസു.. അവളോട് കൂടുതലെന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുന്നതിന് മുന്നേ അവളിൽ നിന്നുമവന് കേൾക്കാൻ കഴിഞ്ഞത് ഇങ്ങനെയാണ്.. അവൾക്ക് ഒരു അവസരം നൽകാം.. പറയാനുള്ളത് അവൾ പറയട്ടെ .. കേൾക്കാം.. അവളെ കേട്ടില്ലല്ലോ എന്നുള്ളൊരു പരാതി പിന്നീട് ഒരിക്കലും ആരിൽ നിന്നും ഉണ്ടാവാൻ പാടില്ല.. പക്ഷെ ആ പറയുന്നത് തള്ളണോ കൊള്ളണോ എന്നുള്ളത് തീർത്തും തന്റെ മാത്രം ഇഷ്ടവും തീരുമാനവുമാണ്..

അത് കൊണ്ട് മാത്രമാണ് ഒന്നും മിണ്ടാതെ ചെവിയോർത്തു നിന്നത്.. പക്ഷെ ദേവേട്ടൻ എന്നുള്ള ആ വിളി.. അതവന്റെ ശാന്തതയെ തെല്ലൊന്നുമല്ല കെടുത്തി കളഞ്ഞത്.. ചന്ദനയ്ക്ക് മാത്രമേ ആ വിളിക്കവകാശമുള്ളു.. അതവൾക്ക് മാത്രമുള്ളതാണ്.. അതവളിൽ നിന്നും കേൾക്കാൻ മാത്രമേ താൻ കൊതിച്ചിട്ടുള്ളു.. എടുത്തടിച്ചത് പോലെ അതങ്ങനെ തന്നെ പറയുവാൻ നാവു തരിച്ചതാണ് അവന്.. എന്നിട്ടും നിയന്ത്രിച്ചു നിന്നു.. മുന്നിൽ നിൽക്കുന്നത് സാന്ദ്രയാണ്.. സണ്ണിയുടെ കുഞ്ഞ് പെങ്ങൾ.. ഈ കണ്ട നാളുകളത്രയും താനും ഒരു കുഞ്ഞനുജത്തിയെന്ന പോൽ സ്നേഹിച്ചവൾ.. അത്രേം ലാളനയും പരിഗണനയും നൽകിയവൾ.. ആ അവളാണ് തന്റെ മുന്നിൽ നിന്ന് ഇപ്പോൾ ഇങ്ങനെയൊരു സംസാരം.. വസുവിന് ഒരേ സമയം അത്ഭുതവും ദേഷ്യവും തോന്നി.. എങ്ങനെ ഇവൾക്കുള്ളിൽ ഇങ്ങനെയൊന്ന്.. എപ്പോഴെങ്കിലും താൻ അങ്ങനെയൊരു സമീപനം നടത്തിയിട്ടുണ്ടോ..? വസു ചിന്തിക്കുകയുണ്ടായി.. "എനിക്കറിയാം പെട്ടെന്ന് ഒന്നും ഉൾകൊള്ളുവാൻ കഴിയില്ലെന്ന്..

പതിയെ മതി.. ഞാൻ കാത്തിരുന്നോളാം.. ഇത്രയും വർഷങ്ങൾ കാത്തിരുന്നത് പോലെ.. ഞാൻ പ്രണയിക്കുകയായിരുന്നു.. ആരുമറിയാതെ.. പക്ഷെ എന്നെങ്കിലും ഒരുദിവസം ഞാൻ പറയാതെ എന്റെ പ്രണയം അറിയുമെന്ന് ഞാൻ മോഹിച്ചു.. എന്റെ ഉള്ളു നിറയെ നിങ്ങളാണ്.. അവിടെ ഇനി മറ്റാരുമുണ്ടാകില്ല. ഒരാൾക്കും സ്ഥാനം നൽകുവാൻ പറ്റില്ല.. അതുകൊണ്ട് മറ്റൊരു വിവാഹമെന്നൊരു കാര്യം എന്റെ മുന്നിലേക്ക് എടുത്തു വെക്കരുത്.. മരിച്ചു കളയും ഞാൻ.." കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെന്നാലും വളരെ ഉറച്ചതായിരുന്നു അവളുടെ വാക്കുകൾ.. വസു ഒരുനിമിഷം നിശബ്ദനായ് നിന്നു.. അതാ നേരത്ത് അവൻ അനുഭവിക്കുന്ന അസ്വസ്ഥതയെയും അവന്റെ നീരസത്തെയും എടുത്തു കാട്ടി.. ഒരു വിധത്തിലും നിയന്ത്രണം നഷ്ട പെടരുതെന്ന രീതിയിൽ ദീർഘമായി ഒന്നു നിശ്വസിച്ചു. പറഞ്ഞു മനസിലാക്കുക എന്നൊന്നല്ലാതെ ഇക്കാര്യത്തിൽ മറ്റൊന്നുമില്ല.. അതിനായി അത്രയേറെ ശ്രമിക്കേണ്ടിയിരിക്കുന്നു. "നോക്കു സാന്ദ്ര...നിന്നോട് എനിക്ക് യാതൊരു ഇഷ്ട കുറവുമില്ല..

പക്ഷെ ഉള്ളിലുള്ള ഇഷ്ടത്തിനു പ്രണയമെന്നൊരു അർത്ഥവുമില്ല.. സണ്ണിയ്ക്ക് എങ്ങനെയാണോ നീ അത് പോലെയാണ് എനിക്കും.. ഒരിക്കലും അതിനൊരു മാറ്റാവുമുണ്ടാകില്ല.. നീ തെറ്റാണെന്ന് ഞാൻ പറയില്ല.. ഒരാളോട് പ്രണയം തോന്നുന്നത് ഒരിക്കലും ഒരു തെറ്റല്ല. പക്ഷെ ആ ആൾക്ക് അത് തിരിച്ചു തോന്നാത്ത പക്ഷം അതിനായ് വാശി പിടിക്കുന്നത് തെറ്റാണ്.. അതും ഞാൻ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നറിഞ്ഞിട്ടും.. " വസു വളരെ ശാന്തമായി, വ്യക്തമായി പറഞ്ഞു. "കേട്ട് കേട്ട് മടുത്തു ഞാൻ.. മറ്റൊരു പെൺകുട്ടി.. ആരാണവൾ..? എവിടുന്ന് വന്നു..? അവൾക്ക് ഒക്കെ എത്രയോ മുൻപേ ഞാൻ ഇവിടെ ഉണ്ട്.. നിങ്ങളുടെ അരികിലുണ്ട്.. എന്നിട്ടും എന്നെ ഒന്നറിഞ്ഞില്ലല്ലോ..? എന്റെ മനസ്സ് ഒന്നു കണ്ടില്ലല്ലോ..? തുറന്നു പറഞ്ഞപ്പോഴും കുറ്റപ്പെടുത്തലുകളും തിരുത്തലുകളും മാത്രം.. എന്റെ മോഹങ്ങൾക്ക് ഒരു വിലയുമില്ലേ..? ആ പെണ്ണിന്റെ വിവാഹമുറച്ചുന്നൊക്കെയാണല്ലോ കേട്ടത്.. പിന്നെയും പിന്നെയും നിങ്ങൾ എന്തിനാണ് അവൾക്ക് പുറകെ ചെല്ലുന്നത്..?

അവളെ മറക്കുവാൻ ആകില്ലേ നിങ്ങൾക്ക്..? എനിക്കുറപ്പുണ്ട്.. അവളുടെ വിവാഹം കഴിയുന്നതോടെ തന്നെ നിങ്ങൾ അവളേം അവളു നിങ്ങളേം മറന്നേക്കും.. അപ്പൊഴെന്നെ വിവാഹം ചെയ്യാമല്ലോ..? " സാന്ദ്ര പ്രതീക്ഷയോടെ വസുവിന്റെ മുഖത്തേക്ക് നോക്കി.. സാന്ദ്ര ഇങ്ങനേം ഉറച്ചു സംസാരിക്കുമോ എന്നവൻ അവിശ്വസനീയപ്പെട്ടു.. ഇന്നുവരെ കണ്ട സാന്ദ്രയല്ല മുന്നിൽ നിൽക്കുന്നതെന്ന് തോന്നി.. കുസൃതികൾ ഉണ്ടെന്നാലും ഇങ്ങനൊരു ഭാവം കണ്ടിരുന്നില്ലവളിൽ.. എങ്കിലും വസു ഒന്ന് മന്ദഹസിച്ചു.. "ഒരിക്കലുമുണ്ടാകില്ലത്.. ഞാൻ ചന്ദനയേയോ ചന്ദന എന്നെയോ മറക്കുവാൻ പോകുന്നില്ല സാന്ദ്ര.. നീ ഊഹിക്കുന്നതിലും ചിന്തിക്കുന്നതിലും എത്രയോ അപ്പുറമാണ് എനിക്ക് അവൾ.. മരണത്തോടെയല്ലാതെ മറവിയിലേക്ക് പോകാത്ത ഒന്ന്.. ഓരോ ഹൃദയമിടിപ്പിലുമുണ്ടവൾ.. അത് കൊണ്ട് അല്ലേ അവൾ അരികിൽ ഇല്ലെന്നാലും ഞാൻ അത്രയ്ക്ക് വേദനിക്കാത്തത്.. തായ് വേര് പോലെ ആഴത്തിൽ ഇറങ്ങി ചെന്ന ഒന്നാണ് ഞങ്ങളുടെ പ്രണയം.. അതിനെ നിന്നോട് വിവരിക്കുവാനോ നിർവചിക്കുവാനോ കഴിയില്ലെനിക്ക്.. കഴിഞ്ഞെന്നാൽ തന്നെ നീ അതിനെ മനസ്സിലാക്കുവാനും പോകുന്നില്ല.. അവിടെയാണ് നീയും ചന്ദനയും വ്യത്യസ്തമായിരിക്കുന്നത്..

നിനക്ക് പ്രായമേയുള്ളൂ.. പക്വത കൈ വന്നിട്ടില്ല.. " "അതിനർത്ഥം എന്റെ പ്രണയം തമാശയാണെന്നോ..? ഞാൻ പറയുന്നതൊക്കെ വിഡ്ഢിത്തരമാണെന്നോ..?" സാന്ദ്രയ്ക്ക് സഹിക്കാൻ കഴിയാത്തത് പോലെ തോന്നി.. എന്തിനോ വേണ്ടി ശബ്‌ദത്തിൽ ദേഷ്യവും കലർന്നിരുന്നു.. അത് ചന്ദനയെ കുറിച്ച് അവൻ വാചാലനായതിലായിരുന്നു..അതാണ്‌ തന്നെ ഇത്രയുമധികം വേദനിപ്പിച്ചു കളയുന്നതെന്നു സാന്ദ്ര മനസ്സിലാക്കി. "എനിക്ക് സമയമില്ല സാന്ദ്ര..ഞാൻ ഇറങ്ങുവാണ്..ജോലി തിരക്ക് ഉണ്ടായിട്ടും ഈ വിഷയം എത്ര വേഗത്തിൽ അവസാനിപ്പിക്കാൻ പറ്റുമോ അത്രയും വേഗത്തിൽ അവസാനിക്കണമെന്നോർത്തിട്ടാണ് ഓടി വന്നത്.. അല്ലെങ്കിൽ സണ്ണി ഉണ്ടാകുന്ന ഒരു നേരം നോക്കി വരുമായിരുന്നു.. ഇതേ പറ്റി ഇനിയൊരു സംസാരം വേണ്ട കേട്ടോ. അതിന് നീയായി ഇട നൽകരുത്.. ഒത്തിരി സ്നേഹത്തോടെ പറയുവാണ് ഞാൻ..നിനക്കെന്നും മനസ്സിലൊരു സ്ഥാനമുണ്ട്.. അതിനൊരിക്കലും ഒരു കോട്ടവും സംഭവിക്കില്ല.. എന്ത് ഭംഗിയാണ് ഒരു ചേട്ടൻ അനുജത്തി ബന്ധം.. അവിടെ നമുക്ക് എന്തൊക്കെ പറയാം..

ചോദിക്കാം..ചിരിക്കാം..കളിക്കാം.. അത്രേം സുഖമൊന്നും മറ്റൊരു തരത്തിലേക്ക് പോകുമ്പോൾ ഉണ്ടാവില്ല മോളെ.. ചിലപ്പോൾ ഉള്ള സ്നേഹം നഷ്ടപ്പെട്ടേക്കാം എന്നല്ലാതെ.. വാശി കളയൂ.. നിന്റെ നല്ലതിന് അല്ലാതെ മറ്റൊന്നിനു വേണ്ടിയുമല്ല പറയുന്നത്.. എന്റെ സ്വാർത്ഥതയ്ക്ക് ആണെന്ന് ഒരിക്കലും കരുതിയേക്കരുത്.. ഇടയിൽ ചന്ദന ഇല്ലെന്നാൽ പോലും ഈ വിഷയത്തിൽ എന്റെ തീരുമാനം ഇതുമാത്രമായിരിക്കും.. ചന്ദനയോടും ദേഷ്യമരുത്.. ഒരു പാവം കുട്ടിയാണ്.. സണ്ണിയ്ക്ക് അറിയാം.. ആരുടേം ഗുണത്തിനോ ദോഷത്തിനോ ചെല്ലാത്തവൾ.. അവൾക്ക് പകരം മാറ്റാരുമില്ല.. ആർക്കും കഴിയില്ല അവളാവാൻ..ഈ ജന്മത്തിൽ എന്നല്ല.. അടുത്ത ജന്മത്തിൽ പോലും.. അതുകൊണ്ട് നീ നിന്റെ മനസ്സിലുള്ളതൊക്കെ കളയണം.. ഇക്കാര്യം പറഞ്ഞു ഇനി ഇവിടെ ഒരു സമാധാന കുറവും നീ ഉണ്ടാക്കരുത് കേട്ടല്ലോ.. ഞാൻ ഇറങ്ങുവാ.. നല്ല കുട്ടിയായി ഇരിക്കണം.. ഇതല്ലാതെ മറ്റെന്തും നീ ആവശ്യപ്പെട്ടോളൂ.. ന്യായമാണേൽ ഉറപ്പായും ഞാൻ നിന്റൊപ്പമുണ്ടാകും.. എപ്പോഴും.. "

പറഞ്ഞിട്ട് അവൻ സ്നേഹത്തോടെ സാന്ദ്രയുടെ കവിളിൽ തട്ടി.. അവൾ അനങ്ങാതെ നിന്നതേയുള്ളൂ.. ഒന്നുറക്കെ കരയണമെന്നോ പൊട്ടി തെറിക്കണമെന്നൊക്കെ തോന്നുന്നുണ്ടായിരുന്നു അവൾക്ക്.. അടുത്ത നിമിഷം തന്നെ അരികിൽ കിട്ടിയ ഫ്ലവർ ബേസുകളും ലാമ്പ് ലൈറ്റ്സുമെല്ലാം എടുത്തെറിഞ്ഞവൾ.. *** സണ്ണിയുടെ വീട്ടിൽ നിന്നിറങ്ങിയ വസു നേരെ ചെന്നത് ചിഞ്ചുവിന്റെ ഫ്ലാറ്റിലേക്ക് ആണ്,, ഇനി ഒന്നിനും താമസം ഉണ്ടാകരുതെന്ന രീതിയിൽ.. ഇപ്പോൾത്തന്നെ ഒരുപാട് വൈകിയിരിക്കുന്നു.. സാന്ദ്രയ്ക്ക് ഇനി പ്രതീക്ഷിക്കാൻ പോലും താനായി ഒരവസരം നല്കരുതെന്ന് അവൻ ഉറപ്പിച്ചിരുന്നു.. അതോടൊപ്പം തന്നെ ചന്ദനയെ ഓർത്തുള്ള ആധിയും.. ശനിയാഴ്ച ആയത് കാരണം ചിഞ്ചു ഫ്ലാറ്റിൽ കാണുമെന്ന ധാരണയിലാണ് ചെന്നത് എങ്കിലും പൂട്ടി കിടക്കുകയായിരുന്നു.. ഫോൺ എടുത്തു ചിഞ്ചുവിന്റെ നമ്പർലേക്ക് ട്രൈ ചെയ്തു.. അവിടെയും നിരാശയായിരുന്നു ഫലം. ഇത്രയും ദിവസങ്ങൾ ആയിട്ടും അവൾ തന്റെ കാളുകൾ സ്വീകരിക്കുന്നില്ലന്നതും മെസ്സേജ്സിനു റിപ്ലൈസ് നൽകുന്നില്ലന്നതും അവനെ വേദനിപ്പിച്ചു കളഞ്ഞു.. അതിനും മാത്രം എന്തായിരിക്കും താൻ ചെയ്തു കാണുക..??

വസുവിന്റെ ചിന്ത അതേപറ്റി മാത്രമായി. നെഞ്ചിലൂറിയ വേദനയോടെ അവൻ തിരികെ നടന്നു.. ** അതേ സമയം ചിഞ്ചു പള്ളിയിലായിരുന്നു.. മുന്നിലെ വലിയ തിരു രൂപത്തിന് മുന്നിൽ അവൾ മുട്ട് കുത്തിയിരുന്നു.. കഴുത്തിലേക്ക് ഊർന്നു പോയ ഷാൾ തലയിലേക്ക് കയറ്റിയിട്ട് കണ്ണുകൾ ഇറുകെ ചിമ്മി അടച്ചു.. എന്താണ് ആ മുന്നിൽ നിന്നും പറയേണ്ടതെന്നോ പ്രാർത്ഥിക്കേണ്ടതെന്നോ അവൾക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.. ചെയ്യുന്ന അപരാധം പൊറുത്തു നൽകേണമേ എന്നതിനേക്കാൾ കൂടുതലായി എവിടെ ആയാലും ആരൊപ്പമായാലും വസുവും ചന്ദുവും എക്കാലവും സന്തോഷമായി ഇരിക്കണേ എന്നുമാത്രമൊരു പ്രാർത്ഥന അവളുടെ ഹൃദയം ഉരുവിട്ട് കൊണ്ടിരുന്നു.. നാളെ പപ്പ തിരിച്ചു പോകും.. താൻ വീണ്ടും തനിച്ച്.. മുൻപ് ഒക്കെ ആണേൽ പപ്പ പോകുമ്പോൾ ചന്ദുവിന്റെ വീട്ടിൽ കൊണ്ട് വിടുകയാണ് പതിവ്.. വല്യമ്മച്ചി എത്ര തന്നെ വിളിച്ചാലും പരിഭവിച്ചാലും അങ്ങോട്ട് ചെല്ലാറില്ല.. ചന്ദുവിന്റെ അപ്പായ്ക്ക് വലിയ തോതിൽ അനിഷ്ടം ഉണ്ടെങ്കിലും അതൊന്നും തന്നെ ബാധിക്കാത്ത മട്ടിൽ അവിടെ തന്നെ താമസിക്കും..

പക്ഷെ ഇപ്പോൾ.. ഏതു നേരം വേണമെങ്കിലും തനിക്കു അവിടേക്ക് കയറി ചെല്ലാം.. ചന്ദുവിന്റെ അപ്പായ്ക്ക് അതിൽ ഇഷ്ട കുറവില്ല.. എന്നിരുന്നാലും മനസ്സ് മടിക്കുന്നു ഇപ്പോൾ.. സന്തോഷിക്കുവാൻ കഴിയുന്നില്ല.. സമാധാനിക്കുവാൻ കഴിയുന്നില്ല.. പപ്പ പറയുന്നത് പോലെ എല്ലാം നല്ലതിനായിരിക്കട്ടെ.. കണ്ണുകൾ തുടച്ചു ചിഞ്ചു എണീറ്റു.. പുറത്തെ രൂപ കൂടിന് മുന്നിൽ കയ്യിൽ കരുതിയ മെഴുകു തിരികൾ തെളിച്ചിട്ടു.. ആ കുഞ്ഞു തീനാളങ്ങളെ കാറ്റ് വല്ലാതെ ഉലയ്ക്കുന്നതായ് തോന്നി അവൾക്ക്.. കൂടെ ചെല്ലുവാൻ ആയിരിക്കണം.. അത്രമേൽ സ്നേഹം നിറച്ചിരിക്കണം.. വേഗം കൈത്തലം കൊണ്ടവയെ മറച്ചു പിടിച്ചു.. അപ്പോഴും അൽപ്പം മുൻപേ മാത്രം ആ വഴി കടന്നു പോയ സണ്ണി കത്തിച്ചു വെച്ച മെഴുകുതിരി നാളങ്ങൾ കാറ്റിനെ വക വെയ്ക്കാതെ ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു.. ഇത് നിനക്ക് വേണ്ടിയുള്ളതാണെന്നവ ചിഞ്ചുവിനോട് പറയാതെ പറഞ്ഞു.. ഈ പള്ളി പരിസരത്ത് വെച്ചാദ്യമായി കണ്ട നിന്നെ തേടിയാണ് അവൻ അലയുന്നതെന്നും ആ ഓർമയിലാണ് മുടങ്ങാതെ ഈ പ്രകാശം ഇവിടെ തെളിയുന്നതെന്നുമവ മൗനമായി പറഞ്ഞവളോട്.. *

* "ഇതെന്താ ഈ നേരത്ത്..? തനിച്ചാണോ..? പപ്പയില്ലേ..?" സന്ധ്യാ നേരത്ത് വീട്ടിലേക്ക് കയറി വരുന്ന ചിഞ്ചുവിനെ കണ്ടു പാർവതിയും ചന്ദനയും ഉൽകണ്ഠപ്പെട്ടു.. "ഇവിടെ ഇറക്കിയിട്ട് പോയി.. പപ്പയ്ക്ക് തിരക്കാണ്.. നാളെ പോകും കാനഡയിലേക്ക്.. " ചിഞ്ചു പൂമുഖത്തെ അരഭിത്തിയിലേക്ക് കയറിയിരുന്നു. "അതാണോ നീയിങ്ങനെ ക്ഷീണിച്ചിരിക്കുന്നത്...? എന്തുപറ്റി..? പപ്പയെ മിസ്സ്‌ ചെയ്യുമെന്നോർത്തിട്ടാണോ..?" ചന്ദന അവളുടെ അരികിൽ വന്നിരുന്നു..അവളൊന്നും പറഞ്ഞില്ല.. ആ മടിയിലേക്ക് തല ചായിച്ചു കിടന്നു.. "നാളെ 10 PM നു ആണ് പപ്പയ്ക്ക് ഫ്ലൈറ്റ്.. അതിന് മുന്നേ തറവാട്ടിൽ കൊണ്ട് വിട്ടോളും പപ്പ എന്നെ.. നാളെ ജ്യോതിയുടെ മാര്യേജ് അല്ലേ..അത് കൊണ്ടാണ് ഇപ്പോ ഈ വഴി വന്നത്.. നാളെ ഉച്ചയോടെ ഞാൻ ഇറങ്ങും കേട്ടോ.." "അതുശരി..അപ്പോ അതിനുള്ള വരവാണ്..അതെന്തുപറ്റി ഇപ്രാവശ്യം തറവാട്ടിലേക്ക്.. അല്ലെങ്കിൽ പപ്പ വരുന്നത് വരെ നീയിവിടെയല്ലേ ഉണ്ടാവാറ്.." പാർവതി പരിഭവത്തോടെ തിരക്കി.. "എല്ലാ പ്രാവശ്യവും ഇവിടെയല്ലേ..

അത് കൊണ്ട് ഇപ്രാവശ്യം അവിടെ ആകാമെന്ന് കരുതി..വല്യമ്മച്ചി വിളിയോട് വിളിയാണ്..ജ്യോതി വന്നില്ലേ ഇങ്ങോട്ട്.. കല്യാണം വിളിച്ചില്ലേ..?" ചിഞ്ചു വിഷയം മാറ്റാൻ ശ്രമിച്ചു.. "മ്മ്.. വന്നിരുന്നു..ജിത്തു ഏട്ടനും ഉണ്ടായിരുന്നു. എന്നെ അപ്പ വിടാൻ പോകുന്നില്ല. അവരോട് നല്ല പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നു.അതുതന്നെ വലിയ ആശ്വാസം.. ശ്രുതി അന്ന് വന്നത് പോലും ഞാൻ അറിഞ്ഞില്ല..അവളെ വെളിയിന്ന് തന്നെ പറഞ്ഞയച്ചെന്ന് നീ പറഞ്ഞപ്പോഴാ ഞങ്ങൾ അറിഞ്ഞത് പോലും.." "ഇനി ഏതായാലും അങ്ങനൊന്നും ഉണ്ടാവില്ല..അതൊക്കെയും എന്നോടുള്ള വിദ്വേഷം കൊണ്ടായിരുന്നു.. അല്ലാതെ ശ്രുതിയോട് എന്ത് ദേഷ്യമാണു നിന്റെ അപ്പായ്ക്ക് ഉള്ളത്..? ഞാൻ ഇപ്പോൾ വസുവിന്റെ കാര്യത്തിൽ മുൻകൈ ഒന്നും എടുക്കുന്നില്ലല്ലോ.. അതുകൊണ്ട് നിന്റെ അപ്പായ്ക്ക് ആ പഴയ ദേഷ്യവുമില്ല.. നിന്നെ ഞാൻ ചീത്തയാക്കിയെന്ന പേരിലായിരുന്നല്ലോ പ്രശ്നങ്ങൾ മുഴുവനും.." ചിഞ്ചു പറഞ്ഞതും ചന്ദന ഒന്ന് ചിരിച്ചു.. ഇത്രയും നാളുകൾ കണ്ടിരുന്ന വേദനയൊന്നും ചന്ദുവിന്റെ മുഖത്ത് ചിഞ്ചു അപ്പോൾ കണ്ടില്ല.

തികച്ചും ശാന്തയായിരുന്നു അവൾ.. വലുതായൊരു വിശ്വാസം ഉള്ളിൽ നിറഞ്ഞിരിക്കുന്നത് പോലെ.. അവൾ അത്രകണ്ടു വസുവിനെ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് ചിഞ്ചുവിനെ വീണ്ടും വീണ്ടും പൊള്ളിച്ചു കൊണ്ടിരുന്നു.. ആ വിശ്വാസമാണു താൻ തകർക്കാൻ പോകുന്നത്.. ആ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് എന്നെന്നേക്കുമായി ഇല്ലാതെയാക്കുവാൻ പോകുന്നത്.. "ഞാൻ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വിഷമിക്കരുത്.." ചിഞ്ചു ഒരു തുടക്കമെന്നോണം പറഞ്ഞു.. "എന്താ..പറയു ചിഞ്ചു.." ചന്ദന ആവലാതിയോടെ ചിഞ്ചുവിലേക്ക് മിഴികൾ ഉറ്റു.. ആ ഒപ്പം പാർവതിയും.. "വസു.. വസു വരില്ല.. നീ അവന് വേണ്ടി കാത്തിരിക്കരുത്.. വിവാഹത്തിനു ഇനി കുറച്ചു ദിവസങ്ങൾ അല്ലേ ഉള്ളു.. ഇവിടെ ഇപ്പോൾ എല്ലാം ഭംഗിയായി അല്ലേ നടക്കുന്നത്.. ഇനി വസുവിന്റെ പേരും പറഞ്ഞു അതിനൊന്നും മുടക്കം വരുത്തണ്ട.." നന്നേ പ്രയാസപ്പെട്ടു ചന്ദനയുടെ മുഖത്തേക്ക് നോക്കാതെയാണ് ചിഞ്ചു പറഞ്ഞത്....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story