മണിവാക: ഭാഗം 54

manivaka

രചന: SHAMSEENA FIROZ

"എന്താ...?" പാർവതിയ്ക്ക് താൻ കേട്ടതിലുള്ള അപാകതയാണെന്ന് തോന്നി.. "സത്യമാണ് ഞാൻ പറഞ്ഞത്.. വസു ഇനി വരില്ല.. അവനെ കാത്തിരിക്കരുത്.. അത് വിഡ്ഢിത്തമാകും.. ചന്ദുവിന്റെ വിവാഹം ഉറച്ചത് കൊണ്ട് അവന്റെയും വിവാഹം ഉറപ്പിക്കുകയാണ്. വസുവിനും ഫാമിലിയ്ക്കും നേരത്തെ അറിയാവുന്ന കുട്ടി തന്നെയാണ്.. " പറഞ്ഞൊപ്പിക്കുവാൻ ചിഞ്ചു നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.. കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു ചന്ദനയ്ക്ക് ചിഞ്ചു എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കുവാൻ.. "ദേവേട്ടൻ.. ദേവേട്ടൻ വിവാഹത്തിന് സമ്മതിച്ചുവോ..? ഇല്ല.. അങ്ങനൊന്നു ഒരിക്കലുമുണ്ടാകില്ല.. എനിക്ക് അറിഞ്ഞൂടെ ആ മനസ്സ്.." ചന്ദനയത് വിശ്വസിക്കുവാൻ തയാറാകാത്തത് പോലെ തല വെട്ടിച്ചു.. "നിനക്ക് എന്തറിയാമെന്നാണ്..?? അറിയാമായിരുന്നു എങ്കിൽ വിളിക്കാൻ വന്നപ്പോൾ വസുവിന്റൊപ്പം ഇറങ്ങി പോകണമായിരുന്നു.. വസുവിനെ തെറ്റ് പറയുവാൻ കഴിയില്ല..മാന്യമായി പെണ്ണ് ആലോചിക്കുവാൻ വന്നവരെ അപമാനിച്ചു വിട്ടു..

എന്നിട്ടതു വക വെക്കാതെ വീണ്ടുമവൻ വന്നില്ലേ..? അപ്പൊ നിനക്ക് വലുത് നിന്റെ അച്ഛനും അച്ഛന്റെ അഭിമാനവും.. ഇനിയവൻ എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്..? നിന്റെ അച്ഛന് മാത്രമാണോ വാശിയും അഭിമാന പ്രശ്നവുമൊക്കെ.. അവന്റെ വീട്ടുകാർക്കും കാണില്ലേ..? ഇനിയും അവൻ ഇവിടെ വന്നു നാണം കെടാൻ അവന്റെ വീട്ടുകാര് അവനെ സമ്മതിക്കുമോ..? അതിനുമാത്രമൊന്നും നിലവാരമില്ലാത്തവരല്ല അവർ.." ചന്ദന ശ്വാസം പോലും വിടാൻ മറന്ന് നിന്നു.. എന്തൊക്കെയാണ് കേൾക്കുന്നത്..!! ഇതിനാണോ താൻ കാത്തിരുന്നത്..? ഇതാണോ താൻ നിനച്ചിരുന്നത്..? ഇതിന്റെ അവസാനമിങ്ങനെ ആകുമെന്നാണോ ഓർത്തത്..? ചന്ദനയ്ക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതായും തോന്നി. ഒരാശ്രയത്തിനായ് ഭിത്തിയിലേക്ക് ചേർന്ന് നിന്നു.. "ഇനിയിപ്പോ വസു വന്നാലും നിന്റെ അച്ഛന്റെ ഭാഗത്തുന്നു പഴയതിൽ കൂടുതലായി എന്തെങ്കിലും നീ പ്രതീക്ഷിക്കുന്നുണ്ടോ..?

ഇപ്പോൾ എല്ലാം ശാന്തമാണ്.. ഇതിങ്ങനെ തന്നെ പോകട്ടെ.. ഇതിങ്ങനെ ആകുവാനായിരിക്കും ദൈവ നിശ്ചയം.. അച്ഛനെ എതിർത്തു പോയെന്നാലും നിനക്ക് സമാധാനത്തോടെയൊരു ജീവിതമുണ്ടാകുമോ..? " "നീ വസുവിനെ കണ്ടിരുന്നോ..? നിന്നോടരാണ് ഇതൊക്കെ പറഞ്ഞത്..? അവൻ അത്ര എളുപ്പം ചന്ദനയെ ഒഴിവാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.." നെഞ്ച് വിങ്ങുന്നുണ്ടെന്നാലും പാർവതി ഉറപ്പോടെ പറഞ്ഞു. "വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്.. ഇനി വസുവെന്നൊരു അധ്യായം ഇവിടെ വേണ്ട.. ഇടയിൽ എപ്പോഴോ കയറി വന്നതാണ്.. എല്ലാത്തിനും തുടക്കം കുറിച്ചത് ഞാനാണ്.. അവസാനിക്കട്ടെ.. ഇതോടെ എല്ലാം അവസാനിക്കട്ടെ.. " ചിഞ്ചു പുറം തിരിഞ്ഞു നിന്ന് കണ്ണുകൾ തുടച്ചു.. ചന്ദുവിനെ നോക്കാൻ കെൽപ്പ് ഇല്ലാത്തത് പോലെ അകത്തേക്ക് നടന്നു.. ചന്ദന അപ്പോഴും നിശബ്ദമായി നിൽക്കുകയായിരുന്നു.. കണ്ണുകൾ ഇടതടവില്ലാതെ ഒഴുകുന്നുണ്ട്..

ഇത് താങ്ങുവാനുള്ള കരുത്തവൾക്ക് ഒരിക്കലും ഉണ്ടാകില്ലന്നത് മറ്റാരേക്കാളും നന്നായി പാർവതിക്ക് അറിയാമായിരുന്നു.. അവൾ തളർന്നു വീണേക്കുമോ എന്നവർ ഭയപ്പെട്ടു.. ആദ്യമായും അവസാനമായും തന്റെ മകൾ ആഗ്രഹിച്ച ഒരേ ഒരു കാര്യമാണിത്.. അതിന് വേണ്ടിയാണു ഈ ദിവസങ്ങൾ അത്രയും പോരാടിയത് പോലും.. എന്നിട്ടും വിധി ഇങ്ങനെയായിരിക്കുന്നു.. തന്റെ മകൾക്ക് മാത്രമെന്തിനാണ് ഇത്രയും വേദന..? ആ ഒരുനിമിഷം ദൈവങ്ങളോട് പോലും അതിയായ നീരസം തോന്നി പാർവതിയ്ക്ക്.. *** രാവിലെ ഉറക്കമുണർന്നിട്ടും ചിഞ്ചു അൽപ്പ നേരം കൂടെ വെറുതെ കട്ടിലിൽ ചുരുണ്ടു കിടന്നു.. അപ്പോൾ ചന്ദന കുളി കഴിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.. ചന്ദനയുടെ മുഖത്തേക്ക് നോക്കിയ ചിഞ്ചുവിന്റെ ഉള്ളു നുറുങ്ങി.. രാത്രിയിൽ മുഴുവനും ചന്ദു ഒരു പോള കണ്ണ് ചിമ്മിയിട്ടില്ല. അടക്കി പിടിച്ച കരച്ചിൽ കേൾക്കാമായിരുന്നു. അതിന്റെ ഫലമായി കണ്ണുകൾ ഇടുങ്ങിയിരിക്കുകയും മുഖമാകെ ചുമന്നു വീർത്തു കെട്ടിയിരിക്കുന്നുമുണ്ട്..

"ചന്ദു.." ചിഞ്ചു വേദനയോടെ വിളിച്ചു.. ചന്ദു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. "നീ.. നീ പോകുന്നില്ലേ കല്യാണത്തിനു..? എഴുന്നേറ്റു കുളിക്കു.. അല്ലേൽ നീ ചെല്ലുമ്പോഴേക്കും താലി കെട്ട് കഴിയും.." "നീ വരുന്നുണ്ടോ.. അപ്പായോട് ഞാൻ ചോദിക്കണോ..? " "വേണ്ട.. നീ പോയിട്ട് വാ.. അങ്കിൾ ഉച്ചയോടെ വരുമെന്നല്ലേ പറഞ്ഞത്.. നീ ഇന്നുതന്നെ പോകുന്നുണ്ടോ..? ഇവിടെ നിന്നാൽ പൊരേ നിനക്ക്.. ഞാൻ നിന്നെ മിസ്സ്‌ ചെയ്യും.." ഉള്ളിലെ വേദന ഒതുക്കി പിടിച്ചു ചന്ദന ചിഞ്ചുവിനരികിൽ വന്നിരുന്നു.. "ഞാനും മിസ്സ്‌ ചെയ്യും.. ഇനിയിപ്പോ ഇത് ശീലമായല്ലേ പറ്റു.. നീ ഉടനെ വിവാഹം കഴിഞ്ഞു പോകുമല്ലോ.. കുറച്ചു ഡേയ്‌സ് മിസ്സിംഗ്‌ ഒക്കെ കാണും.. പിന്നീട് ശെരിയായിക്കോളും.." ചന്ദന ഒന്നും മിണ്ടിയില്ല.. മുഖം കുനിച്ചിരുന്നു.. അവളിൽ നിന്നും പുറത്തേക്ക് വരുന്ന നേർത്ത വിങ്ങലുകൾ ചിഞ്ചു വ്യക്തമായി കേട്ടു.. "അപ്പോൾ.. അപ്പോൾ ഇനി ദേവേട്ടൻ വരില്ലെന്ന് തന്നെയാണോ..?

എന്നോടൊന്നു പറഞ്ഞു പോലുമില്ലല്ലോ.. അവസാനമായി ഒന്ന് കാണുവാൻ കൂടി വന്നില്ലല്ലോ..? " ചന്ദനയുടെ ഹൃദയം തപിച്ചു കൊണ്ടിരുന്നു.. ചിഞ്ചുവിന് ഇനിയും ഇത് സഹിക്കുവാൻ കഴിയില്ലന്ന് തോന്നി.. ഒരുവേള ചന്ദുവിനെ എങ്ങനെയെങ്കിലും അവിടുന്ന് ഇറക്കി കൊണ്ട് പോയി വസുവിനരികിൽ എത്തിക്കണമെന്ന് അവൾ അതിയായി ആഗ്രഹിച്ചു.. ജ്യോതിയുടെ വിവാഹത്തിന് വസു കാണില്ലേ എന്നൊരു ചോദ്യം മനസ്സിൽ ഉയർന്നതും അവൾ പൊടുന്നനെ ചന്ദനയുടെ മുഖത്തേക്ക് നോക്കി. "അപ്പയോട് ഞാൻ ചോദിക്കാം.. നീയും വാ കല്യാണത്തിനു.. " "സമ്മതിക്കില്ല.. ഉറപ്പാണെനിക്ക്.." "ചോദിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ...." ചിഞ്ചു ബാത്‌റൂമിൽ കയറി മുഖം വാഷ് ചെയ്തിറങ്ങി പൂമുഖത്തേക്ക് നടന്നു.. തിലക രാമൻ പത്ര വായനയിലായിരുന്നു.. ശ്രദ്ധ പിടിച്ചു പറ്റാനെന്ന രീതിയിൽ ചിഞ്ചു അരികിൽ ചെന്നു നിന്നു.. ചന്ദന അകത്ത് തന്നെ നിന്നതേയുള്ളൂ.. "മ്മ്...?"

തിലക രാമൻ മുഖമുയർത്തി നോക്കി. "അത്..ജ്യോതിയുടെ വിവാഹമല്ലേ.. ഞാൻ പോകുന്നുണ്ട്.. ചന്ദു കൂടി..." "വേണ്ടാ.." ഒറ്റവാക്കിൽ മറുപടി വന്നു.. "ഇത്രേം അടുത്തായിട്ട്.. കുഞ്ഞ് നാള് തൊട്ടേ പരിചയമുള്ളതല്ലേ.. അവളു തന്നെ വന്നു ക്ഷണിച്ചതുമല്ലേ.. ചന്ദു പോകാതിരുന്നാൽ ജ്യോതിയ്ക്കത് വിഷമമാകും.. ചന്ദുവിനും പോകാൻ ആഗ്രഹമുണ്ട്.. ഇനി വിവാഹം കഴിഞ്ഞു പോയാൽ ചന്ദുവിന് ഇവിടെയുള്ള ഫങ്ക്ഷൻസിനൊന്നും പങ്കെടുക്കാൻ പറ്റില്ലല്ലോ.." ചിഞ്ചു വീണ്ടും പറഞ്ഞു.. "വേണ്ടന്ന് പറഞ്ഞുവല്ലോ.. ഇനി ഇതെപ്പറ്റി കൂടുതൽ സംസാരവും വേണ്ട... ചന്ദന ഇനി വിവാഹം കഴിയുന്നത് വരെ എങ്ങോട്ടും പോകുന്നില്ല.. വിവാഹം ഉറച്ച പെൺകുട്ടികൾ വീട്ടീന്ന് ഇറങ്ങി നടക്കുന്നത് അത്രയ്ക്ക് നല്ല കാര്യമല്ല.. അടുക്കും ചിട്ടയും ആവശ്യമാണ്.." ഇനി അതേപറ്റി സംസാരത്തിനു താല്പര്യമില്ലെന്നത് പോലെ തിലക രാമൻ വീണ്ടും പത്രത്തിലേക്ക് മിഴികൾ ഉറ്റു.. നല്ല നാലെണ്ണം പറയുവാൻ നാവ് വല്ലാതെ തരിച്ചുവെങ്കിലും ചിഞ്ചു സ്വയം നിയന്ത്രിച്ചു നിന്നു.. അകത്തേക്ക് കയറുമ്പോൾ കണ്ടു ഭിത്തിയോട് ചേർന്ന് നിന്നു കണ്ണ് നിറയ്ക്കുന്ന ചന്ദനയെ.. "ഞാൻ പറഞ്ഞതല്ലേ അപ്പ സമ്മതിക്കില്ലന്ന്.. നീ വെറുതെ രാവിലെതന്നെ അപ്പായുടെ വഴക്ക് കേൾക്കാൻ.."

"അതിനാർക്ക് വഴക്ക് കിട്ടി.. എന്നെയൊന്നും പറഞ്ഞില്ലല്ലോ.. നിന്റെ അച്ഛനായി പോയി.. അല്ലേൽ എപ്പോഴേ എന്റെ കൈ കൊണ്ടങ്ങു തീർന്നേനെ അങ്ങേര്.." ചിഞ്ചു ദേഷ്യത്തോടെ മുറിയിലേക്ക് നടന്നു.. ** "നീ ആരെയാണ് ഈ നോക്കുന്നത്..?" കല്യാണ പന്തലിൽ ഇരിക്കുന്ന വസുവിന്റെ മിഴികൾ ഇടതടവില്ലാതെ അകത്തേക്കും പുറത്തേക്കും പായുന്നത് കണ്ടു ശരൺ തിരക്കി.. "ചിഞ്ചു.. അവൾ വരില്ലേ..? ജ്യോതിയുടെ വിവാഹത്തിന് അവൾ നേരത്തെ വരേണ്ടതാണല്ലോ..? " "ഞാനും അതോർക്കാതെയില്ല.. ചിലപ്പോൾ അവൾ കോട്ടയത്തേക്ക് പോയി കാണും.. ഇന്നലെ നീ ചെന്നപ്പോൾ ഫ്ലാറ്റ് പൂട്ടി കിടക്കുവായിരുന്നു എന്നല്ലേ പറഞ്ഞത്.. ഇപ്പോൾ സ്റ്റഡി ലീവാണവർക്ക്.." "പോയി കാണുമോ..? ഒരു വാക്ക് പോലും പറയാതെ.. എന്ത് കൊണ്ടായിരിക്കാം അവൾ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്.. വല്ലാത്തൊരു തരം അകൽച്ച പോലെ.. അവൾക്ക് സാരമായി എന്തോ പറ്റിയിട്ടുണ്ട്..

അല്ലാതൊരിക്കലും അവൾ ഇങ്ങനെ ചെയ്യില്ല.." "എനിക്കും തോന്നി അങ്ങനെ.. ഹോസ്പിറ്റലിൽ വെച്ചു കണ്ടതിൽ പിന്നെ കണ്ടതുമില്ല.. അന്ന് പിന്നെ കൂടുതൽ ചോദിക്കാനും പറയാനും പറ്റുന്നൊരു സാഹചര്യവും ആയിരുന്നില്ലല്ലോ.. അവൾ ഇപ്പോൾ ആകെ ഗ്ലൂമി ആയതു പോലെയുണ്ട്.. എന്തുണ്ടെലും നിന്നോട് പറയേണ്ടതാണല്ലോ അവൾ.." അതേ കുറിച്ച് തന്നെ ആലോചിച്ചു മുഖം ചെരിച്ച ശരണിന്റെ മിഴികൾ പൊടുന്നനെ വിടർന്നു. "വസു..ദേ ചിഞ്ചു.." എതിർ ദിശയിൽ ശ്രുതിക്കൊപ്പം ഒരൊഴിഞ്ഞ ഭാഗത്തിരിക്കുകയായിരുന്ന ചിഞ്ചുവിനെ ശരൺ വസുവിനു കാണിച്ചു കൊടുത്തു.. വസുവിന്റെ മുഖവും പ്രസന്നമായി. വല്ലാത്തൊരു സന്തോഷം വന്നു നിറയുന്നത് പോലെ.. "നീ എവിടെയായിരുന്നു..? എന്താണ് കാൾസ്സിനും മെസ്സേജ്സിനൊന്നുമൊന്നും റെസ്പോണ്ട് ചെയ്യാത്തത്.. ഞാൻ ഇന്നലെ ഈവെനിംഗ് ഫ്ലാറ്റിൽ വന്നിരുന്നു.." അരികിൽ ചെന്നുടനെ വസു തിരക്കി.. "ഞാൻ.. ഞാൻ തിരക്കിലായിരുന്നു.." ചിഞ്ചുവൊന്ന് വല്ലാതെയായി എങ്കിലും വേഗത്തിൽ പറഞ്ഞൊപ്പിച്ചു. "അതെന്തുപറ്റി അത്രയും തിരക്കിൽ പെടാൻ..?

എക്സാം അടുത്തത് കൊണ്ടാണോ..?" "മ്മ്.. സ്റ്റഡി ലീവാണ് ഇപ്പോൾ.. ഫോൺ കൂടുതൽ യൂസ് ചെയ്യാറില്ല..പിന്നെ പപ്പ ഇന്ന് നൈറ്റ്‌ അബ്രോഡിലേക്ക് പോകും..അതും ചേർന്ന് ബിസി ആയിരുന്നു..." "മ്മ്..." വസു ഒന്ന് മൂളിയതേയുള്ളൂ.. മനഃപൂർവമൊരു ഒഴിഞ്ഞു മാറ്റമാണെന്ന് വ്യക്തമായിരുന്നു എങ്കിലും അവൾ നന്നേ അസ്വസ്ഥതമായി കാണപ്പെട്ടത് കൊണ്ട് വസു കൂടുതൽ ചോദിച്ചു അവളെ പ്രയാസപ്പെടുത്തിയില്ല.. അൽപ്പം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി ശാന്തമായി സംസാരിക്കാമെന്ന് തോന്നി അവന്.. "ചന്ദന...?" ശരൺ ആണ് ചോദിച്ചത്.. അന്ന് ചന്ദനയെ ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഓർത്തു കൊണ്ടാണ് വസു അതിനുള്ള ഉത്തരം ശ്രവിച്ചത്.. "സുഖമായിരിക്കുന്നു..." അത്രമാത്രം പറഞ്ഞു അവൾ.. "കല്യാണത്തിനു വരുവാൻ വിലക്ക് ഉണ്ടായിരിക്കുമല്ലേ..?" ശരൺ വീണ്ടും തിരക്കി.. "മ്മ്.. ഇപ്പോൾ വിവാഹം ഉറച്ചെന്നൊരു കാരണം കൂടിയുണ്ട്..വരുന്ന 27 നു ആണ്.."

വസുവിന്റെ നെഞ്ചിടിപ്പ് ഒന്നുയർന്നു പൊങ്ങി.. എങ്കിലും അവൻ സമാധാനിക്കുവാൻ ശ്രമിച്ചു.. ശരണിനൊപ്പം ചിഞ്ചുവിനും വ്യക്തമായിരുന്നു ആ ഹൃദയമിടിപ്പിലുള്ള മാറ്റം.. ചന്ദുവിനെക്കാൾ ഏറെ താൻ വേദനിപ്പിക്കുന്നത് വസുവിനെ ആണെന്ന് തോന്നി അവൾക്ക്.. അത്രയേറെ സ്നേഹത്തോടെ, കരുതലോടെ, കുറുമ്പോടെ തന്നെ അനുജത്തിയെന്നു പറഞ്ഞു ചേർത്തു പിടിച്ചവൻ.. തെളിനീരുറവ പോലെ ശുദ്ധ മനസ്സുള്ളവൻ.. ചന്ദുവിനെ പോലെ സ്നേഹവും കരുണയും ആവോളം ഉള്ളവൻ.. എന്തിന് വേണ്ടി താൻ ഇവന്റെ ഹൃദയം വിണ്ടു കീറണം.. തന്റെ മനസ്സിനും പ്രണയത്തിനും കടലാസ് തുണ്ടിന്റെ വില പോലും നല്കാത്ത സണ്ണിയ്ക്ക് വേണ്ടിയോ..? അവൾക്ക് ആത്മനിന്ദ തോന്നി.. ഈ ലോകത്തു താൻ അത്രയേറെ വെറുക്കുന്ന ഒരാളായി സണ്ണി മാറിയോ എന്നതവൾ അത്ഭുതത്തോടെ ഓർത്തു.. ഒപ്പം ദീർഘമായി ഒന്ന് ശ്വസിച്ചു.. വസുവിനോടും ശരണിനോടും താനും സണ്ണിയുമായി ഉണ്ടായ കൂടി കാഴ്ചയെ കുറിച്ച് പറയാൻ ഒരുങ്ങവെ പിന്നിൽ നിന്നും ഒരു വിളി ഉയർന്നു.. "ദേവേട്ടാ..." അത്രയേറെ മൃദുലമായൊരു വിളി.. പ്രണയം നിറഞ്ഞൊരു വിളി.. ചിഞ്ചു അസഹിഷ്ണുതയോടെ ആ ഭാഗത്തേക്ക്‌ മിഴികൾ നീട്ടി.. നിറഞ്ഞ ചിരിയോടെ സാന്ദ്ര നിൽപ് ഉണ്ടായിരുന്നു അവിടെ...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story