മണിവാക: ഭാഗം 55

manivaka

രചന: SHAMSEENA FIROZ

സാന്ദ്രയുടെ ദേവേട്ടാന്നുള്ള ആ വിളിയിൽ കൊരുത്തു നിൽക്കുകയായിരുന്നു ചിഞ്ചുവിന്റെ കാതും മനസ്സും.. അതവളെ വല്ലാതെ നൊമ്പരപ്പെടുത്തി.. ചന്ദുവിന്റെ മുഖം ഉള്ളിൽ നിറഞ്ഞു വന്നു.. പ്രണയം നിറച്ചു അത്രയേറെ മൃദുവായി ചന്ദു വസുവിനെ വിളിക്കുന്ന ആ വിളി ഓർത്തു അവൾ.. ചന്ദുവിന് മാത്രം അവകാശപ്പെട്ടതല്ലായിരുന്നോ അതപ്പോൾ..? സണ്ണി പറഞ്ഞത് എത്ര സത്യമാണ്..? ഇവരൊക്കെ എത്രയോ വർഷങ്ങളായി കൂടെയുള്ളവരാണ്.. താനും ചന്ദുവുമാണു ഇവർക്ക് ഇടയിലേക്ക് കടന്നു വന്നത്.. പാടില്ലായിരുന്നു.. ഒരിക്കലും ആ കടന്നു കയറ്റം പാടില്ലായിരുന്നു.. ചിഞ്ചുവിന് അസഹിഷ്ണുത തോന്നി. അവർക്ക് മുന്നിൽ നിന്നും അകന്ന് നിൽക്കുവാൻ അത്രമേൽ ആഗ്രഹിച്ചു അവൾ.. സണ്ണിയുടെ ഫാമിലി സ്റ്റോറി അറിഞ്ഞപ്പോഴും പിന്നീട് സാന്ദ്ര ചെയ്ത അവിവേകമോർത്തുമൊക്കെ സാന്ദ്രയോട് തോന്നിയ അനുകമ്പ പാടെ ഇല്ലാതെയാകുന്നതും അവിടെ വലുതായി മറ്റെന്തോ ഉടലെടുക്കുന്നതും ചിഞ്ചു തിരിച്ചറിഞ്ഞു.. "ജ്യോതി അന്വേഷിക്കുന്നുണ്ടാകും.. ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ.. "

അത്രമാത്രം പറഞ്ഞു അവൾ ശ്രുതിയെയും കൂട്ടി വീടിനകത്തേക്ക് നടന്നു.. അപ്പോൾ ജിത്തുവിനരികിൽ നിൽക്കുന്ന സണ്ണിയെ കണ്ടു.. ജിത്തുവിനോടും കൂടെ ഉള്ളവരോടും സംസാരിക്കുന്നുണ്ടെന്നാലും സണ്ണിയുടെ ശ്രദ്ധയത്രയും അവരുടെ ഭാഗത്തേക്ക്‌ മാത്രമായിരുന്നു. അത് മനസ്സിലാക്കിയെന്ന പോൽ പിന്നെ ഒരുവട്ടം പോലും സണ്ണിയെ നോക്കാൻ മുതിർന്നില്ലവൾ.. * "ദേവേട്ടനോ..? അതേതു വകയിൽ..?നീയിത്രേം കാലം വസു ഏട്ടൻന്നല്ലേ വിളിച്ചോണ്ടിരുന്നെ.. ഇതെന്താ പെട്ടെന്നൊരു മാറ്റം.." ശരണിന് ആ വിളി അത്രയ്ക്ക് ദഹിച്ചിരുന്നില്ല.. എങ്കിലും സാന്ദ്രയോട് എടുത്തടിച്ചത് പോലെ ഒന്നും പറയുവാനും വയ്യ. അതുകൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ലാത്ത മട്ടിൽ ചോദിച്ചു അവൻ.. "അതുപിന്നെ..ദേവേട്ടൻന്നുള്ള വിളിയാണ് ഭംഗി.." സാന്ദ്ര നിറഞ്ഞ ചിരിയോടെ തന്നെ പറഞ്ഞു. "എന്നാലും വേണ്ട.. വസൂന്ന് തന്നെ മതി.. എല്ലാരും അങ്ങനെയല്ലേ വിളിക്കുക.. നീയും ഇതുവരെ അങ്ങനെ തന്നെയായിരുന്നു.. ഇനിയും അതുമതി കേട്ടോ.. മാറ്റമൊന്നും വേണ്ട.."

വസു സ്നേഹത്തോടെ നിഷേധിച്ചു.. സാന്ദ്രയുടെ മുഖം പൊടുന്നനെ മങ്ങി എങ്കിലും അവളാ പ്രസന്നത കൈ വിടാതിരിക്കാൻ ശ്രദ്ധിച്ചു. "ഇന്ന് സ്മാർട്ട്‌ ആയിട്ടുണ്ടല്ലോ.. എന്നും ഇങ്ങനെ തന്നെ വേണം കേട്ടോ..? ഏതായാലും സണ്ണി നിന്നെ കൊണ്ട് വന്നത് നന്നായി.. മൈൻഡ് ഫ്രഷ് ആവാൻ നല്ലതാണ്..അല്ലേ ശരൺ..?" വസു ചോദിച്ചതും ശരൺ ആണെന്ന് തലയാട്ടി.. "എനിക്കും ചേട്ടായിക്കും താല്പര്യമില്ലായിരുന്നു.. അമ്മച്ചിക്ക് അപ്പച്ചനെ വിട്ടു വരാൻ പറ്റില്ലല്ലോ.. അതുകൊണ്ട് എന്നെ ചേട്ടായിക്ക് ഒപ്പം നിർബന്ധിച്ചു വിട്ടതാണ്.." "അതുശരി.. ഞങ്ങൾ ഓരോ തിരക്കിൽ പെട്ട് പോകും.. അതുകൊണ്ടാവും സണ്ണിയ്ക്ക് നിന്നെ കൊണ്ട് വരാൻ താല്പര്യമില്ലാഞ്ഞത്.. വന്ന സ്ഥിതിയ്ക്ക് മിസ്സ്‌ ചെയ്യണ്ട.. അകത്തു ജ്യോതിയുടെ അടുത്തേക്ക് ചെല്ല്.. അവിടെ അവളുടെ ഫ്രണ്ട്സ് ഉണ്ട്.. നീ എല്ലാവരോടും പെട്ടന്ന് കമ്പനി ആകുന്ന ടൈപ്പ് അല്ലേ..എൻജോയ് ചെയ്യ് കേട്ടോ.." സാന്ദ്ര ശെരിയെന്ന അർത്ഥത്തിൽ ശിരസ്സ് ചലിപ്പിച്ചു.. "നിനക്ക് സാന്ദ്രയോട് അൽപ്പം പോലും ദേഷ്യമില്ലേ വസു..?"

സാന്ദ്ര നീങ്ങിയതിന് ശേഷം ശരൺ ചോദിച്ചു. "എന്തിനാണെടാ..? ഞാൻ അവളോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.. അതവൾ മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാണ് എന്റെ വിശ്വാസം.." "എന്നെനിക്ക് തോന്നുന്നില്ല.. അങ്ങനെയാണേൽ ആ ദേവേട്ടാന്നുള്ള വിളി ഇപ്പോൾ ഉണ്ടാവില്ലായിരുന്നു.. ആ നേരത്തൊരു കോപം നിന്റെ മുഖത്ത് ഞാൻ കണ്ടിരുന്നു.. " "എന്നുകരുതി അവളോട് ദേഷ്യപ്പെടാൻ പറ്റുമോടാ..? അന്നേരമൊക്കെ സണ്ണിയുടെ മുഖമാണ് മനസ്സിൽ വരുക.. എന്തുണ്ടായാലും അതവനെ വേദനിപ്പിക്കും.. " "സണ്ണി വരുന്നുണ്ട്.. സാന്ദ്രയെ അകത്തേക്ക് ആക്കി കാണും... ജിത്തൂന് നിന്ന് തിരിയാൻ സമയമില്ല.. ആൾക്കാരൊക്കെ വരാൻ തുടങ്ങി.. വാ അങ്ങോട്ട് നിക്കാം.. " സണ്ണി വന്നതും മൂവരും കൂടി തിരക്കുള്ള ഭാഗത്തേക്ക്‌ കടന്നു.. *** കല്യാണ തിരക്ക് ഒഴിയാൻ കാത്തു നിൽക്കുകയായിരുന്നു വസു..

ചിഞ്ചുവിനോട് സംസാരിക്കണം.. കാര്യങ്ങൾ ചോദിക്കണം.. മനസ്സിലാക്കണം.. അവിടെ നിൽക്കുമ്പോഴും ജിത്തുവിനും സണ്ണിയ്ക്കും ശരണിനുമൊപ്പം ഓരോ തിരക്കിൽ ഏർപ്പെടുമ്പോഴും വസുവിന്റെ മിഴികൾ ഇടയ്ക്ക് ഇടെ ചിഞ്ചുവിനെ തേടി കൊണ്ടിരുന്നു.. എന്തോ.. അത്രമേൽ അവൾ അകന്ന് പോകുന്നത് പോലെ തോന്നിയിരുന്നു അവന്... വൈകുന്നേരം വരെ അവിടെ ചിലവഴിച്ചിട്ടും ചിഞ്ചുവിനെ പിന്നെ ഒന്ന് കണ്ടത് കൂടിയില്ല വസു.. ശ്രുതിയെ കണ്ടപ്പോൾ പപ്പ പോകുന്നത് കാരണം തിരക്കുണ്ടെന്ന് പറഞ്ഞു ചിഞ്ചു നേരത്തെ പോയെന്ന് അറിയാൻ കഴിഞ്ഞു.. എന്നിട്ടും തന്നോട് ഒന്ന് പറഞ്ഞില്ല.. വസു ചിഞ്ചുവിനെ ഫോണിൽ ട്രൈ ചെയ്യാൻ തുടങ്ങി എന്നാലും നെറ്റ്‌വർക്ക് പ്രോബ്ലമായിരുന്നു.. അവിടെ റേഞ്ച് കുറവാണെന്നത് ഓർത്തു അവൻ.. വല്ലാത്തൊരു തകർച്ച അനുഭവപ്പെടുന്നത് പോലെ തോന്നി വസുവിന്..

എന്തിനായിരിക്കാം ഈ ഒഴിഞ്ഞു മാറ്റം.. ആർക്ക് വേണ്ടിയാവാം..? ആ ചോദ്യങ്ങൾ അവന്റെയുള്ളിൽ തികട്ടി കൊണ്ടിരുന്നു.. ജിത്തുവിനോടും സണ്ണിയോടും യാത്ര പറഞ്ഞവൻ തിടുക്കത്തിൽ ഇറങ്ങി.. ശരൺ സാന്ദ്രയെ കൊണ്ട് വിടാൻ പോയിരുന്നു.. ** "ദേവേട്ടൻ.. ദേവേട്ടൻ ഉണ്ടായിരുന്നില്ലേ..?" ചിഞ്ചു ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞത് കാരണം വളരെ മടിച്ചാണ് ചന്ദന ചോദിച്ചത്. "ദേവേട്ടൻ..ആരാ നിന്റെ ദേവേട്ടൻ..? ഞാൻ പറഞ്ഞതൊക്കെ മറന്നോ നീ..? അവൻ നിന്റെ മാത്രം ദേവേട്ടനൊന്നുമല്ലാ.. അവനെ അങ്ങനെ വിളിക്കാനും പിന്നാലെ നടക്കാനും ഇഷ്ടം പോലെ പെൺപിള്ളേരുണ്ട്.. അതിലൊരുത്തി ഇന്നവിടെ ഉണ്ടായിരുന്നു.. ഞാൻ പറഞ്ഞില്ലേ അവന്റെ കല്യാണം ഉറച്ചെന്ന്.. അതവളുമായിട്ടാണ്.. നീ വിളിക്കുന്ന പോലെ.. അല്ലെങ്കിൽ അതിനെക്കാൾ ഭംഗിയായിട്ട് അവളു വിളിക്കുന്നുണ്ട് ദേവ്വേട്ടാന്ന്.."

സാന്ദ്രയുടെ പ്രണയം നിറഞ്ഞു നിൽക്കുന്ന ആ മുഖം ഓർക്കേ തന്നെ ചിഞ്ചുവിന് അരോചകത്വം അനുഭവപ്പെട്ടു. ഒരുവേള ചന്ദുവിന് താൻ മരിച്ചു പോയാൽ മതിയെന്ന് തോന്നി.. കഴിയുന്നില്ല.. സഹിക്കാൻ കഴിയുന്നില്ല.. നെഞ്ചിൽ വാളുരഞ്ഞു മുറിവുണ്ടായത് പോൽ നീറുന്നു.. അതിൽ നിന്നും ചോര കിനിയുന്നു.. അത്രമേൽ താങ്ങാൻ കഴിയാത്ത വേദന.. തളർച്ചയോടെ നിലത്തേക്ക് ഊർന്ന് പോയി ചന്ദന.. എങ്കിലും താനിതു ഒരിക്കലും വിശ്വസിക്കാൻ പോകുന്നില്ലന്നത് പോൽ അവൾ തലവെട്ടിച്ചു കൊണ്ടേയിരുന്നു.. "നമുക്കിത് വേണ്ട ചന്ദു.. എല്ലാമെന്റെ തെറ്റാണു.. പക്ഷെ അവസാനിപ്പിച്ചേ പറ്റു.. ചിലപ്പോൾ ദൈവം നിശ്ചയിച്ചത് ഇങ്ങനെ തന്നെയായിരിക്കാം.

എന്ത് തന്നെ ആയാലും ഇനിയിത് നിനക്ക് വേണ്ടാ.. നീ തളർന്നു പോകരുത്.. നീ എന്നും ആഗ്രഹിച്ചത് നിന്റെ അപ്പായുടെ സന്തോഷവും ആ ആഗ്രഹവും അനുഗ്രഹവും നേടിയൊരു ജീവിതമല്ലേ.. അതാണ് ഇപ്പോൾ നിന്റെ മുന്നിൽ ഉള്ളത്..നിനക്ക് അത് കിട്ടും.. അതുതന്നെ മതി നിനക്ക്.." ഉതിരാൻ തുടങ്ങിയ നീർ തുള്ളികളെ ചിഞ്ചു പുറം കയ്യാലെ തട്ടി തെറിപ്പിച്ചു.. ചന്ദനയിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല.. ജീവൻ അവശേഷിക്കുന്നതിന്റെ തെളിവായി അവളിൽ നിന്നും ഏങ്ങലുകൾ മാത്രം ഉയർന്നു കൊണ്ടിരുന്നു.. ചന്ദനയുടെ അരികിലേക്ക് ചിഞ്ചു മുട്ട് കുത്തിയിരിക്കാൻ തുടങ്ങിയതും മുറ്റത്തൊരു വാഹനം വന്നു നിന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story