മണിവാക: ഭാഗം 56

manivaka

രചന: SHAMSEENA FIROZ

എല്ലാവരോടും യാത്ര പറഞ്ഞു എബ്രഹാമിനു ഒപ്പം ഇറങ്ങുമ്പോഴും ചിഞ്ചുവിന്റെ ഉള്ളം തേങ്ങുകയായിരുന്നു.. ചന്ദുവിന്റെ ഹൃദയവും സ്വപ്നങ്ങളുമെല്ലാം തച്ചുടച്ചാണ് താൻ പോകുന്നതെന്ന ചിന്ത അവളുടെ കണ്ണുകളെ വീണ്ടും പെയ്യിച്ചു കൊണ്ടിരുന്നു.. എങ്കിലും മനസ്സിൽ ആരോടൊക്കെയോ വാശി തോന്നുന്നുണ്ടായിരുന്നു.. ഇതോടെ എല്ലാം അവസാനിച്ചാൽ മതിയെന്ന് മാത്രമായിരുന്നു.. ഇനി എപ്പോഴാണ് ഇങ്ങോട്ടേക്കൊരു വരവെന്നും അറിയില്ല.. ചന്ദുവിൽ നിന്നു പോലും താൻ അകലുകയാണോ..? ഓടി ഒളിക്കുകയാണോ..? ചിഞ്ചു ഒരുവട്ടം കൂടെ തിരിഞ്ഞു പൂമുഖത്ത് നിൽക്കുന്ന പാർവതിയെയും ചന്ദനയെയും നോക്കി.. പുഞ്ചിരിക്കുകയാണെന്നാലും ചന്ദുവിന്റെ ഉടലു പോലുമപ്പോൾ തപിക്കുകയായിരുന്നു.. ** "ഇതെന്താ ഈ നേരത്തൊരു കിടപ്പ്.. പതിവില്ലാത്തത് ആണല്ലോ..? കുളിച്ചുമില്ലേ നീ..?" വൈകുന്നേരമേ വന്ന വസുവിനെ സന്ധ്യ ആയിട്ടും താഴേക്ക് കാണാത്തപ്പോ രാധിക മുറിയിലേക്ക് കയറി ചെന്നു.. "ഒന്നുമില്ലമ്മാ..വന്നു കിടന്നപ്പോൾ മയങ്ങിപ്പോയി..

സമയമിത്രയായെന്നു അറിഞ്ഞില്ല.." പറഞ്ഞു കൊണ്ടവൻ എണീറ്റു ഇരുന്നു.. "കല്യാണം എങ്ങനെ ഉണ്ടായിരുന്നു..? ശരൺ ഇപ്പോ വന്നതേയുള്ളൂ. നീയെന്താ നേരത്തെ ഇങ്ങു പോന്നത്.. വയ്യായിരുന്നോ..?" രാധിക വിഷമത്തോടെ വസുവിന്റെ ക്ഷീണിച്ചു കിടക്കുന്ന മുഖത്തേക്ക് മിഴികൾ ഉറ്റു.. "ചന്ദനയുടെ വിവാഹമാണ് 27 ന്.. ഇനിയും എനിക്ക് വയ്യമ്മാ.. ഈ വേദന സഹിക്കുവാൻ.. അവളില്ലാതെ ഞാൻ എങ്ങനെയാണു..? അവളെങ്ങനെയാണ്..? എനിക്കറിയാം.. എനിക്ക് വേണ്ടി മാത്രമായിരിക്കും അവളിപ്പോൾ കാത്തു നിൽക്കുന്നത്.. മറ്റൊരാളെ വിവാഹം ചെയ്താൽ അവളൊരിക്കലും ജീവിക്കുകയില്ല.. മരിക്കുകയായിരിക്കും അവളാ നിമിഷം.. പിന്നീട് കാലങ്ങളോളം ആ മരണത്തിൽ ജീവിക്കേണ്ടിയിരിക്കുന്നു അവൾ.." അനുഭവിക്കുന്ന വേദനയാലും ദുഃഖത്താലും വസുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒപ്പം രാധികയുടെയും.. തന്റെ മകൻ.. ഒന്നിന് വേണ്ടിയും കരഞ്ഞു കണ്ടിട്ടില്ല.. തളർന്നു പോയിട്ടില്ല.. എപ്പോഴും എവിടെയും കരുത്തോടെ, ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ നിൽക്കുന്നത് മാത്രമേ കണ്ടിട്ടുള്ളു.. ഒരു പെൺകുട്ടി.. എടുത്തു പറയുവാൻ മാത്രം പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടി.. അവളാണ് വസുവിനെ ഇത്രമാത്രം സ്വാധീനിച്ചിരിക്കുന്നത്..

അവളോടുള്ള പ്രണയത്താലാണ് അവനിന്ന് ഉരുകുന്നത്.. രാധികയ്ക്ക് ഒരുനിമിഷം എന്ത് പറയണമെന്ന് പോലും അറിയുന്നില്ലായിരുന്നു. "ഞാൻ നാളെ പോകുവാണ് ചന്ദനയുടെ വീട്ടിലേക്ക്.. എനിക്കുറപ്പാണ്.. അവളെനിക്ക് ഒപ്പം വരും.. ഇനിയൊരുവട്ടം കൂടെ വരാതെയിരിക്കുവാൻ അവൾക്ക് ആകില്ല.. എന്ത് വന്നാലും അവളെയും കൊണ്ടേ ഞാൻ വരുകയുള്ളു.." വസു ഉറപ്പോടെ പറഞ്ഞു.. "ഞാനും വരുന്നുണ്ട് നിന്റെ കൂടെ.. പോലീസോ കേസോ എന്ത് വേണമെങ്കിലും ആയിക്കോട്ടെ.. ചന്ദന പ്രായപൂർത്തിയായൊരു പെൺകുട്ടിയല്ലേ.. അപ്പോൾ അവളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അവകാശം അവൾക്കുണ്ട്.. അവൾ നിനക്കൊപ്പം വരുമെന്ന് നിനക്കുറപ്പല്ലേ.." "അതേ അമ്മാ..ഉറപ്പാണ്.. ഇപ്പോൾ തന്നെ അവളെന്നെ കാത്തു മടുത്തിട്ടുണ്ടാകും.. ഇനി അൽപ്പം പോലും വൈകാൻ പാടില്ല.." "ശെരി..ഞാൻ അച്ഛനോട് പറയട്ടെ.. അച്ഛനും കൂടി വരട്ടെ ഒപ്പം.. നീ കുളിച്ചു താഴേക്ക് വാ.. ശരണും വരുണും ചായയും നോക്കി ഇരുന്നു കാണും.." രാധിക വെളിയിലേക്ക് കടന്നു..

ഇനിയും ഈ അകൽച്ച താങ്ങുവാൻ ആകില്ല ചന്ദന.. അത് എന്നെയും നിന്നെയും ഒരുപോലെ തളർത്തി കളയും.. നിന്നെ നഷ്ടപ്പെടുന്നത് ഓർക്കുവാൻ കൂടെ വയ്യ.. നാളത്തെ ദിവസം മാത്രം മനസ്സിൽ കാണുകയായിരുന്നു വസു അപ്പോൾ.. ** "ഇത് പൂട്ടി കിടക്കുവാണല്ലോ..? " ചന്ദനയുടെ വീടിന്റെ ഗേറ്റ് പൂട്ടി കിടക്കുന്നത് കണ്ടു വിശ്വനാഥൻ വസുവിനെ നോക്കി.. "ശെരിയാണല്ലോ..?" രാധികയും പറഞ്ഞു.. "എവിടെ പോയതായിരിക്കും..??" വസു ആലോചനയോടെ ചുറ്റിലും കണ്ണോടിച്ചു.. "അടുത്ത് എവിടെയുമാണെന്ന് തോന്നുന്നില്ല.. അങ്ങനെയെങ്കിൽ ഗേറ്റ് ലോക്ക് ചെയ്യുമോ..? " രാധിക സംശയം പറഞ്ഞു. "ദൂരെ എവിടെ പോകാനാണ്..?" വസുവിന് തല പെരുക്കുന്നതായ് തോന്നി. "കൂടുതൽ ചിന്തകൾ വേണ്ട.. ചുറ്റിനും ഇഷ്ടം പോലെ വീടുകൾ കിടക്കുവല്ലേ.. അവിടെ ആരോടേലും ചോദിച്ചു നോക്കാം.." പറഞ്ഞു കൊണ്ട് വിശ്വനാഥൻ നേരെ മുന്നിൽ കിട്ടുന്ന വീടിന്റെ ഗേറ്റിനകത്തേക്ക് കടന്നു.. "എന്ത് പറഞ്ഞു..എവിടെ പോയതാണ് ഇവര്..?" മൂന്നാല് മിനുട്ടുകൾക്കുള്ളിൽ തിരിച്ചു വന്ന വിശ്വനാഥനോട്‌ രാധിക വേഗത്തിൽ തിരക്കി..

"അവർക്ക് അറിഞ്ഞുകൂടന്ന്.. ചന്ദനയുടെ അച്ഛൻ ഒരു പ്രത്യേക സ്വഭാവക്കാരൻ ആണെന്നും ഇവിടെയുള്ളവരോട് ഒന്നും യാതൊരു അടുപ്പവും സൂക്ഷിക്കുന്നില്ലന്നുമാണു അവിടെയുള്ളവരു പറഞ്ഞത്.. അതുകൊണ്ട് ഇനി മറ്റ് വീടുകളിൽ ചോദിച്ചിട്ടും കാര്യമുണ്ടാകാൻ പോകുന്നില്ല.. ഇത് തന്നെ ആയിരിക്കും അവർക്കും പറയുവാനുള്ളത്.." വിശ്വനാഥൻ നിരാശയോടെ പറഞ്ഞു.. വസു മിണ്ടാതെ നിന്നതേയുള്ളൂ.. എങ്കിലും വിട്ടു കൊടുക്കാൻ തയാറല്ലെന്നത് പോലെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ചിഞ്ചുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.. കാൾ പോകുന്നില്ലായിരുന്നു.. അവൻ വീണ്ടും ട്രൈ ചെയ്തു.. ആ അൽപ്പ സമയത്തിൽ എത്രയോ വട്ടം വിളിച്ചു അവൻ.. ഒടുക്കം മടുത്തത് പോലെ ഫോണിൽ വിരലുകൾ ഞെരിച്ചു.. "നീ ആരെയാണ് വിളിച്ചത്..?" രാധിക അന്വേഷിച്ചു. "ചിഞ്ചുവിനെ.. കാൾ കിട്ടുന്നില്ല... അവളും ഇപ്പോൾ സ്ഥലത്തു കാണില്ല. കോട്ടയത്തേക്ക് പോയി കാണും.. എബ്രഹാം സർ ഇന്നലെ അബ്രോഡിലേക്ക് പോകുവാണെന്നു പറഞ്ഞിരുന്നു അവൾ.." "ഇനിയിപ്പോൾ എന്ത് ചെയ്യും.. ചന്ദനയും വീട്ടുകാരും എവിടെ പോയതാണ്, ഇന്ന് വരുവോ? എന്തെങ്കിലുമൊന്നു അറിയാതെ എന്ത് ചെയ്യാനാണ് നമ്മൾ.. ആരോടാണ് ഇനി ഒന്ന് ചോദിക്കുക..? "

വിശ്വനാഥാനും ആലോചനയോടെ നിന്നു.. വസു വിരലുകൾ കൊണ്ട് നെറ്റി ഉഴിയുകയും മുഖമാകെ അമർത്തി തുടക്കുകയും ചെയ്യുന്നുണ്ട്.. അതവന്റെ അപ്പോഴത്തെ മാനസിക നിലയെ എടുത്തു കാട്ടി.. രാധികയ്ക്ക് അവനോട് വല്ലാത്ത അലിവ് തോന്നി. ഒരുവേള ചന്ദനയോട് ദേഷ്യവും.. എന്തിനാണ് അവൾ തന്റെ മകന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് ഓർത്ത്.. ഈ ചുരുങ്ങിയ ദിവസങ്ങളുടെ ഓർമ്മകൾ മാത്രം അവന് സമ്മാനിക്കുവാനോ..? ആ ഓർമ്മകളൊക്കെയും നൊമ്പരങ്ങളായി പരിണമിച്ചിരിക്കുന്നു എന്നതവൾ അറിയുന്നില്ലേ..? അറിഞ്ഞതാണെങ്കിൽ എന്തുകൊണ്ട് അവൾ കഴിഞ്ഞ തവണ വസു വന്നപ്പോൾ അവന്റെ കൂടെ വന്നില്ല..? ഇതൊക്കെയും വസുവിനെ തളർത്തി കളഞ്ഞേക്കുമോ, ഇനി അവനൊരു ജീവിതം ഉണ്ടാകില്ലേ എന്നത്തിലേക്ക് വരെ എത്തി നിന്നിരുന്നു രാധികയുടെ ചിന്തകൾ ആ അൽപ്പ നേരം കൊണ്ട്.. അവരപ്പോൾ ഒരമ്മ മാത്രമായിരുന്നു.. തന്റെ മകന്റെ ഭാവിയും സന്തോഷങ്ങളും മാത്രം മുന്നിൽ കണ്ടു നിൽക്കുന്ന തികച്ചും സ്വാർത്ഥയായൊരമ്മ..

ഒരു ദീർഘ ശ്വാസത്തോടെ അവർ വസുവിന്റെ കയ്യിൽ പിടിച്ചു. "വാ നമുക്ക് പോകാം.. നിന്റെ വിശ്വാസങ്ങളെല്ലാം തെറ്റാണു വസു.. എനിക്ക് തോന്നുന്നില്ല അവൾ നിനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന്.. ചിലപ്പോൾ ഇതിനോടകം അവളാ വിവാഹത്തിന് സമ്മതിക്കുകയും പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ടാകാം.. വിവാഹം അടുത്ത് വരികയല്ലേ.. അതിന്റെ തിരക്കുകളും കാര്യങ്ങളുമൊക്കെ ആയിരിക്കാം അവർക്ക്.. അതുകൊണ്ടായിരിക്കാം ഇപ്പോൾ ഇവിടെ ഇല്ലാത്തത്..? " "നീ എന്തൊക്കെയാണ് രാധികേ ഈ പറയുന്നത്.. ചന്ദനയുടെ കാര്യത്തിൽ അവന് ഉറപ്പുണ്ടെങ്കിൽ പിന്നെ നിനക്കെന്താണ്..? നമ്മളെക്കാൾ കൂടുതൽ നന്നായി ആ കുട്ടിയെ അറിയുന്നത് ഇവന് അല്ലേ..? അവന്റ വിശ്വാസം തെറ്റില്ലാന്ന് തന്നെയാണ് എന്റേം മനസ്സ് പറയുന്നത്.. ആ കുട്ടി അത്രയും പാവമാണ്.." "പാവമാണു.. അത് തന്നെയാണ് കുഴപ്പവും.. അതുകൊണ്ട് വീട്ടുകാരെ അനുസരിച്ചു കാണും അവൾ.. " "വീട്ടീന്ന് വലിയ താല്പര്യത്തോടെ ഇറങ്ങിയത് നീ ഇവിടെ വന്നു ഇങ്ങനൊക്കെ പറയാനാണോ..?

ചുമ്മാ മോന്റെ സമാധാനം കളയുവാൻ വേണ്ടിട്ട്.. നീ വണ്ടിയിൽ കയറു.." "അങ്ങനെയല്ല വിശ്വേട്ടാ.." "ഇനി ഇവിടുന്ന് സംസാരം വേണ്ട. വീട്ടിൽ ചെന്നിട്ടാവാം.. വസു.. നീ കയറു... അടുത്ത് എവിടേലും പോയതാണേൽ ഇന്ന് തന്നെ തിരിച്ചു വരുമായിരിക്കും അവർ.. നമുക്ക് നാളെയും കൂടെ വന്നു നോക്കാം.. നീ വണ്ടി എടുക്കു.. അല്ലേൽ വേണ്ട.. കീ ഇങ്ങു താ.." വസുവിന്റെ കയ്യിൽ നിന്നും കീ വാങ്ങിച്ചയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.. രാധിക പുറകിൽ ഇരുന്നു.. എന്നിട്ടും അൽപ്പ സമയം കഴിഞ്ഞതിനു ശേഷം മാത്രമാണ് വസു കയറിയിരുന്നത്.. എന്തോ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു. ഇതുവരെ ഉണ്ടായിരുന്ന പ്രതീക്ഷകളും വിശ്വാസങ്ങളും നഷ്ടപ്പെടുന്നത് പോലെ.. ചന്ദന ദൂരേക്ക് മായുന്നത് പോലെ.. അതോർക്കുവാൻ കൂടി കഴിഞ്ഞില്ലവന്.. ഹൃദയമൊന്നുയർന്നു പൊങ്ങി.. വല്ലാതെ നൊന്തു നീറുന്നത് പോലെ.. കണ്ണുനീർ മുന്നിലെ കാഴ്ചയെ പോലും മറച്ചു കളഞ്ഞു.. കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു അവൻ.. ** [ Present] കാളിങ് ബെല്ലിൽ വിരൽ അമർത്തി നിൽക്കുമ്പോൾ സണ്ണിയുടെ മനസ്സ് നിർജീവമായിരുന്നു..

സെർവന്റ് വന്നു വാതിൽ തുറന്ന് കൊടുത്തിട്ടും അവൻ അനങ്ങാതെ ആ നിൽപ് തുടർന്നു.. "സർ.." അപ്പോൾ മാത്രമാണ് സണ്ണി ഇമകൾ ചിമ്മുന്നത്.. അകത്തേക്ക് കടന്ന സണ്ണിയ്ക്ക് താൻ വലുതായൊരു ഗർത്തത്തിലേക്ക് നടന്നു നീങ്ങുന്നതായി തോന്നി.. സെർവന്റ് വാതിൽ അടച്ചു കിച്ചണിലേക്ക് പോയി കഴിഞ്ഞിരുന്നു.. അതിനപ്പുറം അവിടെ മറ്റ് മനുഷ്യജീവികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.. കാത്തിരിക്കാൻ പോലും ആരോരുമില്ല.. താൻ സ്നേഹിച്ചവരൊക്കെയും തന്നിൽ നിന്നും വളരെ അകലത്തിലേക്ക് പോയി കഴിഞ്ഞിരിക്കുന്നു.. സ്വാർത്ഥ കാണിച്ചതും വെട്ടി പിടിച്ചതുമൊക്കെ എന്തിനു വേണ്ടിയായിരുന്നു..? ഈ നഷ്ടങ്ങൾ ഏൽക്കുവാനോ..? ഇത്രയും പാപ ഭാരം തലയിലേറ്റുവാനോ..? ഈ കഴിഞ്ഞ വർഷങ്ങൾ അത്രയും ഏകാന്തത മാത്രമാണ് കൂട്ടിന്.. ഈ ഒറ്റപ്പെടൽ പോലും താൻ ചെയ്ത മഹാ അപരാധത്തിന്റെ ഫലമാണെന്ന് ഓർക്കേ സണ്ണിയുടെ കൺകോണിൽ നിന്നും നീർ പൊടിഞ്ഞു.. അല്ലെങ്കിൽ ആരെങ്കിലുമൊക്കെ ബാക്കിയാകുമായിരുന്നു.. ഒരാൾ എങ്കിലും ഈ വീട്ടിൽ തന്നെ കാത്തിരിക്കുവാനായി കാണുമായിരുന്നു........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story