മണിവാക: ഭാഗം 57

manivaka

രചന: SHAMSEENA FIROZ

രാത്രിയിൽ ഏറെ നേരമായിട്ടും ശരണിന് ഉറക്കം വന്നില്ല.. മനസ്സ് അപ്പോഴും ആ പഴയ ഓർമകളിലായിരുന്നു.. ചിഞ്ചു.. ചഞ്ചല.. തന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം.. തിരിച്ചു സ്നേഹിക്കപ്പെടുമോ എന്ന് യാതൊരു ഉറപ്പ് പോലുമില്ലാതെ കണ്ട നാൾ മുതൽ നെഞ്ചിലേറ്റിയ പെൺകുട്ടി.. മറ്റൊരു പ്രണയം ഉണ്ടെന്ന് അറിഞ്ഞിട്ടും മറക്കുവാൻ തയാറല്ലാഞ്ഞത് കാലങ്ങൾക്ക് ഇപ്പുറം ഇങ്ങനൊരു കണ്ടു മുട്ടലും തിരിച്ചറിവുകളും ഉണ്ടാകുമെന്ന് ഓർത്തിട്ടല്ല.. മൂന്ന് ദിവസങ്ങൾക്കു മുന്നേ തികച്ചും അപ്രതീക്ഷിതമായാണ് ചിഞ്ചുവിനെ കണ്ടത്.. അവളിൽ നിന്നുമറിയാൻ കഴിഞ്ഞതൊക്കെയും ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു.. സണ്ണിയാണ് അവളുടെ പ്രണയമെന്നോർക്കേ തന്നെ ശരണിന്റെ ഉള്ളമൊന്ന് പിടഞ്ഞു.. എന്നിട്ടും താൻ അറിയാതെ.. ശരണിന് വല്ലാത്തൊരു വേദന തോന്നി..

അതെന്തിനെന്ന് അവന് വ്യക്തമായില്ല.. എന്ത് കൊണ്ടായിരിക്കാം സണ്ണി ഒരുവട്ടം പോലും ചിഞ്ചുവിനെ കേൾക്കുവാനോ അറിയുവാനോ അംഗീകരിക്കുവാനോ തയാറാകാഞ്ഞത്..? അതിന് കാരണം താൻ ആയിരുന്നുവോ..? തനിക്ക് വേണ്ടിയാണോ സണ്ണി അവളെ തിരസ്കരിച്ചത്..? അങ്ങനെ എങ്കിൽ സാന്ദ്രയ്ക്ക് വേണ്ടി അവൻ എന്തിനു വസുവിന്റെ പ്രണയവും വേദനയും കണ്ടില്ലന്നു നടിച്ചു..? ചന്ദന വസുവിന്റെ ജീവശ്വാസമാണെന്ന് ആരെക്കാളും നന്നായി അറിഞ്ഞവനല്ലേ സണ്ണി..? ചുരുങ്ങിയ ദിവസങ്ങളിലെ സ്വാർത്ഥത കൊണ്ട് എന്താണ് സണ്ണിയ്ക്ക് നേടുവാൻ ആയത്..? നഷ്ടങ്ങൾ അവന് കൂടിയല്ലേ..? മറ്റാരേക്കാളും വലിയ നഷ്ടങ്ങൾ..!! സണ്ണിയുടെ സ്വാർത്ഥ താല്പര്യമൊന്നു മാത്രമാണ് എല്ലാവരുടെയും ജീവിതം ഇന്നീ തരത്തിൽ എത്തിച്ചതെന്ന് ശരണിന് ഓർക്കുവാൻ പോലും വയ്യായിരുന്നു.. അത്രയ്ക്കും ചിന്താ ഭാരം ഏറുന്നത് പോലെ..

ചിഞ്ചു പറഞ്ഞറിഞ്ഞ ചന്ദനയുടെ ജീവിതവും ഇന്നത്തെ അവളുടെ അവസ്ഥയും ഓർമയിൽ തെളിഞ്ഞതും ശരണിന്റെ ഉടൽ ഒന്ന് വിറച്ചു.. വസു അറിഞ്ഞാൽ..?? സഹിക്കുമോ അവൻ..? അവന്റെ പ്രാണൻ ആയിരുന്നു.. ഇന്നുമാണോ..? ഇന്നുമവന്റെ മനസ്സിൽ വലിയൊരു വിങ്ങലായി ചന്ദന കാണില്ലേ..? ഈ ജന്മത്തിൽ അവളെ മറക്കുവാൻ അവനു കഴിയുമോ..? അവളിൽ അത്രമാത്രം വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നിട്ടു കൂടി വസുവിന് സാന്ദ്രയെ വിവാഹം ചെയ്യേണ്ടി വന്നൊരാ അവസ്ഥയെ ശരൺ വേദനയോടെ ഓർത്തു .. പക്ഷെ അന്ന് താൻ പോലും വസുവിന് ഒപ്പം നിന്നില്ല.. ചന്ദനയെ അവിശ്വസിച്ചിരുന്നു.. സണ്ണി ഭയന്നത് പോലെ വസു സണ്ണിയെ വെറുത്തു കളയുമോ..? അവന് എന്നെങ്കിലും സണ്ണിയോട് ക്ഷമിക്കാൻ ആകുമോ..? എന്നുകരുതി ഇനിയും വസുവിനോട് ഇത് മറച്ചു വെക്കുവാൻ കഴിയുകയുമില്ല.. അവനെല്ലാം അറിയട്ടെ.. അങ്ങനെയെങ്കിലും നാട്ടിലേക്ക് ഒന്ന് വരട്ടെ.. ചിലപ്പോൾ ആ വരവ് കൊണ്ട് ചന്ദന എങ്കിലും രക്ഷപെടുമായിരിക്കും..

എന്നാലും ഒന്നും പഴയത് പോലെയാകുവാൻ പോകുന്നില്ല.. ആയാൽ തന്നെ നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്..!! ചിഞ്ചുവിന്റെ ഉള്ളിൽ സണ്ണിയോട് ഇന്നും പ്രണയമാണോ..? ആ പ്രണയത്തിനു മങ്ങലേറ്റ് കാണില്ലേ..? ഇന്നും അവളു പഴയത് പോലെത്തന്നെ സണ്ണിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് വലിയൊരു അത്ഭുതമായിരിക്കണം.. ലോകത്തൊരു പെണ്ണിനും അത് സാധിക്കില്ല.. ഓർമകളിൽ ചിഞ്ചു കടന്നു വരുന്ന നിമിഷങ്ങളിൽ ഒക്കെ സണ്ണിയോട് വല്ലാത്തൊരു തരം വിദ്വേഷം തോന്നി ശരണിന്.. അത് ചിഞ്ചുവിന്റെ നിസ്വാർത്ഥമായ പ്രണയം സണ്ണി തിരിച്ചറിയാത്തതിലായിരുന്നു... ആ പ്രണയത്തിനു അവൻ വിലയിട്ടതിനായിരുന്നു.. ചിഞ്ചു മുഖേന ചന്ദനയെയും വസുവിനെയും വേർപിരിച്ചതിനായിരുന്നു.. ഉടനെ തന്നെ ചന്ദനയെ കാണുവാൻ പോകേണ്ടിയിരിക്കുന്നു എന്നവൻ ഉറപ്പിച്ചു.. ഒട്ടനേകം ചിന്ത ഭാരത്തോടെ ശരൺ എണീറ്റ് ബൽക്കണിയിലേക്ക് നടന്നു ദൂരെ ഇരുട്ടിലേക്ക് മിഴികൾ നട്ടു നിന്നു.. ** അടുത്ത ദിവസവും ചന്ദനയുടെ വീട്ടിലേക്ക് പോയെന്നാലും നിരാശ തന്നെയായിരുന്നു ഫലം..

ശ്രുതിയുടെ വീട് ആ ഭാഗത്തു തന്നെ എവിടെയോ ആണെന്ന് വസുവിന് അറിയാമായിരുന്നു എങ്കിലും ഏതാണ് വീടെന്ന് അറിയില്ലായിരുന്നു.. കഴിഞ്ഞ ദിവസം അന്വേഷിച്ച വീട്ടിൽ കയറി അവൻ ശ്രുതിയുടെ വീട് തിരക്കി.. ഏതു ശ്രുതി എന്ന് ചോദിക്കുമ്പോൾ ചന്ദനയുടെ കൂട്ടുകാരിയെന്നല്ലാതെ മറ്റൊന്നും ശ്രുതിയെ കുറിച്ച് പറയുവാൻ കഴിഞ്ഞില്ല അവന്.. മറ്റൊന്നും അറിയില്ല.. ആ വഴിയും അടയുന്നത് അവൻ നോവോടെ തിരിച്ചറിഞ്ഞു.. അപ്പോൾ ചന്ദന തന്നിൽ നിന്നും എന്നെന്നേക്കുമായി അകന്നു പോയോ..? ഇനിയൊരിക്കലും ഒന്ന് ചേരുവാൻ സാധിക്കാത്ത വിധം..? വസുവിന്റെ കണ്ണുകൾ നീറി പുകഞ്ഞു. ഒന്നുമൊന്നും അറിയാതെ, പറയാതെ ഇങ്ങനെയൊരു വേർപാട്.. തന്റെ പാഴ് ചിന്തകളിൽ പോലും ഇങ്ങനെയൊന്നു കടന്നു വന്നിട്ടില്ല.. എവിടെയാണ് നീ..? നീ ഇല്ലാതെ ഞാൻ ഇല്ലെന്ന് നിനക്ക് അറിയില്ലേ ചന്ദനാ..? വസുവിന്റെ ഹൃദയം മുറവിളി കൂട്ടി.. ** "ഇനിയിപ്പോൾ ആ പെൺകുട്ടിയെയും ഓർത്ത് ഇരിക്കുന്നതിൽ അർത്ഥമില്ല.. എനിക്ക് തോന്നുന്നു വസു അവളുടെ വിവാഹം മുടക്കുമെന്ന് കരുതി

അവളുടെ അച്ഛൻ ഇവിടുന്ന് താമസം മാറിയെന്ന്.. അല്ലെങ്കിൽ പെട്ടെന്ന് അവര് എവിടെ പോവാനാണ്..? ഇനി അഥവാ വരുകയാണെങ്കിൽ തന്നെ അപ്പോഴേക്കും കല്യാണമൊക്കെ കഴിഞ്ഞു കാണും.. അതിന് വേണ്ടി തന്നെയാണ് ഇപ്പോൾ ഈ മാറ്റം.. അത് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.. ഇവൻ ചുമ്മ അവളെയും കാത്തു ഇങ്ങനെ ഇരിക്കാമെന്നേയുള്ളൂ.. " ചന്ദന വസുവിനെ വഞ്ചിച്ചെന്നൊരു തോന്നൽ രാധികയിൽ രൂപപ്പെട്ടിരുന്നു.. അത് രാധികയെ നീരസത്തിൽ ആഴ്ത്തി. "നീ ഒന്ന് വെറുതെ ഇരിക്കെന്റെ രാധികേ.. ഇന്നലെ തുടങ്ങിയതാണല്ലോ നീ.." "നിങ്ങൾക്ക് എന്താണ് വിശ്വേട്ടാ..? ഇത് ഇവന്റെ ജീവിതമാണ്.. ഒരുവാക്ക് പോലും അറിയിക്കാതെ പെട്ടെന്ന് ഒരു ദിവസം കടന്നു കളഞ്ഞൊരു പെണ്ണിന് വേണ്ടി ഇവന്റെ ലൈഫ് സ്പോയിൽ ചെയ്യണമോ..? അവളെ ഓർത്ത് ഇങ്ങനെ വേദനിച്ചു നടക്കട്ടെ എന്നാണോ നിങ്ങളു പറഞ്ഞു വരുന്നത്..? വിവാഹ പ്രായമെത്തീട്ടും ഞാൻ ഇതേവരെ നിർബന്ധിക്കാത്തതും പറയാത്തതുമൊക്കെ ഇവൻ ഇഷ്ടപെട്ടു കൊണ്ട് വരുന്നൊരു കുട്ടി മതിയെന്ന് ഓർത്തിട്ടാ..

ഇതുവരെ ഞാൻ അതിന് എതിർപ്പ് പറഞ്ഞിട്ടില്ല.. ഇന്നലേം കൂടെ നിന്റെ വിഷമം കണ്ടു സഹിക്കാൻ വയ്യാഞ്ഞു നിന്റൊപ്പം വന്നതാ ഞാൻ,, എന്ത് വന്നാലും അവളേം കൊണ്ട് വന്നേക്കാമെന്ന് കരുതി.. ഇനി അതിന് പറ്റില്ല.. പോയവൾക്ക് വേണ്ടി വെറുതെ കാത്തിരുന്നു വേസ്റ്റ് ചെയ്യാനുള്ളതല്ല നിന്റെ ലൈഫ്.. ഇന്നേവരെ നിന്നോടും വരുണിനോടും ഞാൻ നിർബന്ധ ബുദ്ധി കാണിച്ചിട്ടില്ല.. പക്ഷെ ഈ കാര്യത്തിൽ ഇനി എനിക്കതിനു കഴിയില്ല.. നീ എന്നെ അനുസരിച്ചെ പറ്റുകയുള്ളു.." "അമ്മ എന്താണ് പറഞ്ഞു വരുന്നത്..?" വസു വല്ലാത്തൊരു സംഘർഷത്തോടെ രാധികയെ നോക്കി. "സാന്ദ്രയുടെ കാര്യം തന്നെ..

സണ്ണി നിനക്ക് എത്ര പ്രിയപ്പെട്ടതാണ്.. പിന്നെന്താണ് സാന്ദ്രയോട് ഒരു ഇഷ്ട കുറവ്.. അവള് നല്ല കുട്ടിയാണ്.. തെരേസ അൽപ്പം മുന്നേ പോലും വിളിച്ചിരുന്നു.. ഇത്രേയുമൊക്കെ ചോദിച്ചോണ്ടിരിക്കുന്ന സ്ഥിതിക്കു ഇനി എനിക്ക് അവരോട് നടക്കില്ലന്ന് പറയാൻ കഴിയില്ല.. ഇപ്പോൾ ചന്ദന ഇടയിലൊരു വിഷയവുമല്ല.. അവൾക്ക് അവളുടെ വീട്ടുകാരാണ് വലുത്.. അത് പോലെയാകണം നിനക്കും.. അല്ലെങ്കിലും അച്ഛനും അമ്മയുമൊക്കെയെ എന്നും കൂടെ കാണുകയുള്ളു.. ഇടയിൽ കടന്നു വരുന്നവരൊക്കെ അവരുടെ സമയമാകുമ്പോൾ നമ്മളിൽ നിന്നും ഇറങ്ങി പോയിക്കോളും.. " "അമ്മാ.." വസു അങ്ങേയറ്റം വേദനയോടെ വിളിച്ചു.. അത്രമേൽ നിസ്സഹായനായിരുന്നു അവൻ.. ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞിരുന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story