മണിവാക: ഭാഗം 59

manivaka

രചന: SHAMSEENA FIROZ

."സാന്ദ്ര എന്താ ഇതിൽ നിന്നും പിന്മാറാത്തത്..? ഞാൻ അറിഞ്ഞത് ഏറെ വൈകിയാണ്..പക്ഷെ അപ്പോൾ തന്നെ ഞാൻ നിന്നെ തിരുത്തിയതാണ്.. എന്നിട്ടും എന്തിനാണ് കാര്യങ്ങൾ ഇവിടേം വരെ കൊണ്ടെത്തിച്ചത്..? ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.. അതെന്താണ് ആരും മനസ്സിലാക്കാത്തത്..?" ബാൽക്കണിയിലെ കൈ വരിയിൽ കൈകൾ ഊന്നി വസു ദൂരേക്ക് നോക്കി നിന്നു.. സമയമപ്പോൾ വൈകുന്നേരമായിരുന്നു.. തഴുകി അകലുന്ന കാറ്റിനു പോലും തന്റെ മനസ്സിനെ തണുപ്പിക്കുവാനാകുന്നില്ലന്ന് തോന്നി അവന്.. "അത് തന്നെയാണെനിക്കും ചോദിക്കുവാനുള്ളത്..? എന്താണ് എന്നെ മനസ്സിലാക്കാത്തത്..? ഇപ്പോൾ പറയുവാൻ ദേവേട്ടന് മറ്റ് കാരണങ്ങൾ ഒന്നുമില്ലല്ലോ..?" "ദേവ് അല്ല..വസു.." വസു അസഹിഷ്ണുതയോടെ കൈ വിരലുകൾ കൊണ്ട് നെറ്റിയുഴിഞ്ഞു.. "ദേവേട്ടാന്ന് വിളിച്ചാൽ എന്താണ് കുഴപ്പം..?

എനിക്കങ്ങനെ വിളിക്കാനാണ് ഇഷ്ടം.." സാന്ദ്ര അത്യധികം സ്നേഹത്തോടെ, പ്രണയത്തോടെ പറഞ്ഞു.. "നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ സാന്ദ്ര..? എന്റെ സ്വൈര്യം കളയുവാൻ ആയിട്ട്." പെട്ടന്നാണ് വസുവിന്റെ ശബ്ദം ഉയർന്നത്.. സാന്ദ്ര അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. നിന്ന നിൽപ്പിലൊന്നു വിറച്ചു അവൾ.. കണ്ണുകൾ നിറഞ്ഞു.. അപ്പോൾ മാത്രമാണ് ഒരുവേള തന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് വസു തിരിച്ചറിയുന്നത്.. ദേഷ്യമൊതുക്കുവാൻ എന്ന പോൽ കൈവിരലുകൾ ഞെരിച്ചു തിരിഞ്ഞു നിൽക്കുമ്പോൾ മുന്നിൽ കണ്ടത് സണ്ണിയെ.. "സണ്ണി..ഞാൻ.." "ഇതുവരെ നിന്നോട് ഇതേ കുറിച്ച് ഞാൻ ഒന്നും സംസാരിക്കാത്തത് നമുക്ക് ഇടയിൽ ഇങ്ങനൊരു ടാക്കിങ് ട്രബിൾ ഉണ്ടാകുമെന്ന് കരുതിയാണ്.. അത് നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കുമെന്നോർത്തിട്ടാണ്.. പക്ഷെ ഇപ്പോഴെങ്കിലും ഞാൻ സംസാരിച്ചില്ലങ്കിൽ ശെരിയാകില്ലന്ന് തോന്നി..

അതുകൊണ്ടാണ് ഞാൻ കയറി വന്നത്.." സണ്ണി സങ്കോചത്തോടെയാണ് പറഞ്ഞു തുടങ്ങിയത്.. "അമ്മ നിർബന്ധിച്ചു കൊണ്ട് വന്നതാണ് എന്നെ.. എതിർക്കുവാൻ എന്റെ പക്കൽ ഇപ്പോൾ ന്യായമോ കാരണങ്ങളോ ഇല്ല.. 27 നു ചന്ദനയുടെ വിവാഹമാണ്..ഇനി നാലു ദിവസങ്ങൾ കൂടി.." കണ്ണിൽ നിന്നും ഒരുതുള്ളി അടർന്നത് കാറ്റിനൊപ്പം ചിതറി പോയി.. "എൻറെ മനസ്സിൽ നിന്നൊരിക്കലും ചന്ദന മാഞ്ഞു പോകില്ല.. ചന്ദനയുടെ സ്ഥാനത്തു മറ്റൊരാളെയും കാണുവാനുമാകില്ല.. അവളെ പോലെ മാറ്റാരുമില്ലെനിക്ക്.. " കണ്ണുകൾ അനുസരണക്കേടു കാണിക്കുമെന്ന് ഉറപ്പായതും വസു സണ്ണിയ്ക്ക് മുഖം നൽകാതെ പുറം തിരിഞ്ഞു നിന്നു.. "സാന്ദ്ര.. നീ താഴേയ്ക്ക് പൊയ്ക്കോ.. ഞങ്ങള് വന്നേക്കാമെന്നു പറാ.." സണ്ണി സാന്ദ്രയെ പറഞ്ഞയച്ചു.. പോകുവാൻ താല്പര്യമില്ലെന്നാലും ചന്ദനയോടുള്ള വസുവിന്റെ പ്രണയം വീണ്ടും വീണ്ടും കേൾക്കാനോ മനസ്സിനെ മുറിപ്പെടുത്താനോ വയ്യാത്തത് കൊണ്ടു സാന്ദ്ര പിൻവാങ്ങി.. "സാന്ദ്രയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞു ഞാൻ നിന്നെ നിർബന്ധിക്കുകയല്ല..

പക്ഷെ അവളെ പിന്തിരിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു.. ഞാൻ എത്രയോ ശ്രമിച്ചതാണതിന്.. ദേഷ്യത്തോടെ അവളെ സമീപിക്കാൻ എനിക്ക് ഭയമാണ്.. ഒരുവട്ടം വാശി പുറത്ത് ചെയ്തു കൂട്ടിയത് എന്താണെന്ന് നിനക്കും അറിയാമല്ലോ..? ഇനിയും അവൾ അത് ആവർത്തിച്ചേക്കാം കണ്ണ് തെറ്റാതെ കൂട്ടിരിക്കാൻ ആകുമോ എനിക്ക്..? സെലിനെ നഷ്ടമായി.. ഇനി ഈ നഷ്ടവും കൂടി ഞാൻ താങ്ങില്ല വസു.. സാന്ദ്ര അൽപ്പം ചടഞ്ഞു കൂടിയതിന്റെ ഫലമാണ് അപ്പച്ചന്റെ ഈ കിടപ്പ് പോലും.. അപ്പോൾ അവൾക്ക് മറ്റെന്തെങ്കിലും സംഭവിച്ചാലോ..? എനിക്ക് ഒരേസമയം എല്ലാവരെയും നഷ്ടപ്പെട്ടേക്കും..ആ ഭയമാണ് എനിക്കിപ്പോൾ.. " സണ്ണി പറഞ്ഞു നിർത്തി.. വസു മിഴികൾ ഇറുകെ അടച്ചു.. മനസ്സ് വല്ലാത്ത സംഘർഷത്തിൽ ആയിരുന്നു.. താൻ വലിയൊരു ബന്ധനത്തിൽ പെട്ടു കിടക്കുകയാണെന്ന് തോന്നി വസുവിനു.. സണ്ണിയാണ് മുന്നിൽ നിൽക്കുന്നത്.. അവനാണ് ദുഃഖങ്ങളും ആധികളും എണ്ണി പറയുന്നത്.. അത് കണ്ടില്ലന്നോ കേട്ടില്ലന്നോ നടിക്കുവാൻ ആകില്ല..

അത് പോലെത്തന്നെ ഇതൊരിക്കലും അംഗീകരിക്കുവാനും.. "ഇനി എന്താണ് ഇക്കാര്യത്തിൽ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.. എത്രയോ ദിവസങ്ങൾ ആയി ഞാൻ സമാധാനത്തോടെ ഒന്നുറങ്ങിയിട്ട്.. ഈ വീട് മരണ വീടിന് തുല്യമാണ്.. ശരണിന് നേരത്തെ ഈ വിഷയത്തെ കുറിച്ച് അറിയാമായിരുന്നു എങ്കിലും ഞാൻ അവനെ വിലക്കിയിരുന്നു നിന്നോട് പറയുന്നതിൽ നിന്നും.. പക്ഷെ ഇപ്പോഴെനിക്ക് ഇതല്ലാതെ മറ്റൊരു നിവർത്തിയില്ല.. കൈ പിടിയിൽ നിന്നും മണൽ തരികൾ ഊർന്നു പോകുന്നത് പോലെ എനിക്കെന്റെ കുടുംബം നഷ്ടപ്പെടുന്നതായി തോന്നുന്നു.. " സണ്ണിയുടെ സ്വരം വളരെ ദുർബലമായതു വസു തിരിച്ചറിഞ്ഞു.. മുൻപ് ഒരിക്കൽ സണ്ണി തളർന്നിരുന്നു... സെലിന്റെ മരണ ശേഷം.. എത്രയോ ദിവസങ്ങൾക്ക് ശേഷമാണു പിന്നെയൊന്ന് പഴയ നിലയിൽ ആയത്.. വീണ്ടും അതേ തളർച്ച സണ്ണിയിൽ കണ്ടു വസുവാ നിമിഷത്തിൽ.. വീണ്ടും അവൻ അതേപടി ആയെക്കുമോ എന്നൊരു ഭയം വസുവിനെ പിടികൂടി.. എന്നാൽ പോലും അനുകൂലമായൊരു മറുപടി നൽകുവാൻ വസു മുതിർന്നില്ല..

അങ്ങനൊന്നു ചെയ്താൽ അത് താൻ തന്റെ മനസ്സിനെ തന്നെ വഞ്ചിക്കുകയായിരിക്കുമെന്ന് വസുവിനു അറിയാമായിരുന്നു.. ** വസു ഒഴികെ ബാക്കി എല്ലാവരും കാര്യങ്ങൾ ഏകദേശം തീരുമാനിച്ചുറപ്പിച്ചത് പോലെ ആയിരുന്നു.. ചന്ദനയുടെ വിവാഹമാണെന്നതിനാൽ വിശ്വനാഥനും പ്രത്യേകിച്ച് എതിർപ്പ് ഒന്നും പ്രകടിപ്പിച്ചില്ല.. അല്ലെങ്കിൽ രാധിക ഭയപ്പെടുന്നത് പോലെ വസുവിനു ഇനിയൊരു വിവാഹമോ ജീവിതമോ ഉണ്ടാവില്ലേ എന്നയാളും ചിന്തിച്ചു തുടങ്ങിയിരുന്നു... "വസൂ..നീ മാത്രമാണ് ഒന്നിലും പെടാതെ മാറി നിക്കുന്നത്.. കല്യാണ ഡേറ്റ് വരെ എത്തി കാര്യങ്ങൾ.. നീ ഒന്നിലും ഇൻവോൾവ് ചെയ്യുന്നില്ലന്ന വിഷമത്തിലാണ് രാധികാന്റി.." കണ്ണുകൾക്ക് കുറുകെ കൈകൾ പിണച്ചു കിടക്കുന്ന വസുവിനരികിലേക്ക് വന്ന് ഇരുന്നു ശരൺ.. "അതിന് എന്റെ സമ്മതമാരെങ്കിലും തിരക്കിയോ..? ഞാൻ ആർക്കും എന്റെ കല്യാണത്തിന് സമ്മതം നൽകിയിട്ടില്ല.." "അപ്പോൾ എന്താണ് നിന്റെ തീരുമാനം..??" "എനിക്കൊരു തീരുമാനമേയുള്ളൂ.. ചന്ദനയെ മറക്കുവാൻ കഴിയില്ല..സാന്ദ്രയെ വിവാഹം ചെയ്യുവാനും.."

"പക്ഷെ ഇനി നിനക്ക് അതല്ലാതെ മറ്റൊരു വഴിയില്ല വസു.." "നീയുമെന്നെ ഇതിൽ അടിച്ചമർത്തുകയാണോ..?" "ഒരിക്കലുമല്ല... പക്ഷെ ചന്ദനയുടെ കല്യാണം കഴിഞ്ഞു ഇന്നേക്ക് നാലു ദിവസങ്ങൾ ആകുന്നു.. ആ അവളെ ഓർത്തണോ നീ ഈ കിടപ്പു കിടക്കുന്നത്..? മറ്റൊരാളുടെ ഭാര്യയായി കഴിയുന്ന പെണ്ണിനെയാണോ നീ എപ്പോഴും ഇനി ഓർക്കാൻ പോകുന്നത്..? അവൾക്കുള്ള തടസ്സം എന്തുമായിക്കോട്ടെ.. പക്ഷെ ഒന്ന് നിന്നെ അറിയിക്കാമായിരുന്നു അവൾക്ക്.. ഇങ്ങനെ വിഡ്ഢി ആക്കേണ്ടിയിരുന്നില്ല.. ഒരു ഫോൺ കാൾ.. അല്ലെങ്കിൽ ഒരു മെസ്സേജ്.. ശ്രമിച്ചാൽ അതൊന്നു കഴിയുമായിരുന്നില്ലേ അവൾക്ക്..? ചന്ദന മുന്നേ കാര്യങ്ങളോട് പൊരുത്തപ്പെട്ടിരുന്നു.. അല്ലെങ്കിൽ ഉറപ്പായും അവൾ അന്ന് നിനക്കൊപ്പം വരുമായിരുന്നു.. അത് പോലും ഡ്രാമ ആണെന്ന് തോന്നുന്നു എനിക്കിപ്പോൾ.. ചിഞ്ചുവിന്റെ ഒഴിഞ്ഞു മാറ്റം എന്ത് കൊണ്ടാണെന്നു ഇപ്പോൾ മനസ്സിലാകുന്നു.. ചന്ദനയുടെ വിഷയത്തിൽ നിന്നെ ഫേസ് ചെയ്യാനുള്ള മടിയാണ് ചിഞ്ചുവിന് ഉള്ളത്.. ചന്ദന നിന്നെ മറന്നു തുടങ്ങിയെന്നത് നിന്നോട് പറയുക ചിഞ്ചുവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമുള്ള ഒന്നാണ്.. കാരണം അവളിലൂടെയാണ് നിന്റെയും ചന്ദനയുടെയും പ്രണയം തുടങ്ങിയത്.." "ചന്ദന എന്നെ മറന്നുവെന്നു ഞാൻ വിശ്വസിക്കില്ല ശരൺ..

അതിനൊരിക്കലും അവൾക്ക് ആകില്ല.. " വസുവിന്റെ കണ്ണുകൾ നീറി പുകഞ്ഞു.. ഉൾകൊള്ളാൻ ആവാത്ത പോൽ തല വെട്ടിച്ചു കൊണ്ടിരുന്നു.. "അത് നിന്റെ വിശ്വാസമാണ് വസു.. ചിലപ്പോൾ അവൾക്ക് മറക്കാൻ ആകില്ലായിരിക്കാം.. പക്ഷെ അവൾക്ക് നിന്നെ മറന്നെ പറ്റുകയുള്ളു.. അവളുടെ സാഹചര്യം അതാണ് ഇപ്പോൾ.. അവൾ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.. ഇനി നീ അവളെ വിശ്വസിച്ചു ഇരിക്കുന്നതത്തിൽ എന്താർത്ഥമാണുള്ളത്..? അവളെ നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ.. " അത്യധികം വേദനയോടെയാണ് ശരൺ പറഞ്ഞത്.. "ഇന്നേവരെ രാധികാന്റി നിന്നോട് നിർബന്ധ ബുദ്ധി കാണിച്ചിട്ടില്ല.. ഒരു കാര്യത്തിന് പോലും.. എല്ലാം നിന്റെ ഇഷ്ടത്തിന് വിട്ട് തന്നിരുന്നു.. ചന്ദനയുടെ വിഷയം ഉൾപ്പടെ.. അവിടെ പക്ഷെ സാഹചര്യങ്ങൾ നിനക്കെതിരായി വന്നു..

ചന്ദന ഇപ്പോഴും നിന്നെ കാത്തിരിക്കുകയാണെന്നാൽ ഉറപ്പായും ഞാൻ ഈ കല്യാണം വിലക്കിയേനെ.. അങ്കിൾനെയും ആന്റിയെയും ഇതുമായി മുന്നോട്ട് പോകുവാൻ സമ്മതിക്കില്ലായിരുന്നു.. സാന്ദ്ര എന്ത് വേണേലും ചെയ്യട്ടെന്ന് വെക്കുമായിരുന്നു.. പക്ഷെ ഇപ്പോൾ..? എന്തുണ്ടെടാ പറയാൻ..? ഏത് വിധേന നോക്കിയാലും ചന്ദനയെ ന്യായികരിക്കാൻ പറ്റുന്നില്ല.. ഒരിക്കലും അച്ഛനെ എതിർക്കാൻ കഴിയില്ലന്നാണേൽ അവളു നിന്നെ സ്നേഹിക്കാൻ നിൽക്കരുതായിരുന്നു.. ഒടുക്കം ഇത്രേം വേദന സമ്മാനിച്ചു കടന്ന് കളയണമായിരുന്നോ..? നീ ഒന്ന് സമാധാനത്തോടെ ചിന്തിച്ചു നോക്കു.. അങ്കിളും ആന്റിയും മാത്രമല്ല നിനക്ക് മുന്നിൽ.. സണ്ണി കൂടിയാണ്.. അവനാദ്യമായി പറയുന്നൊരു കാര്യമാണ്.. അവന്റെ അവസ്ഥ പരിതാപകരമാണ്.. സാന്ദ്രയുടെ കാര്യത്തിൽ ആദ്യമേ അവൻ എതിർത്തെന്നും പറഞ്ഞു ഇത്രയും ദിവസങ്ങൾ തെരെസാന്റിയും ഫെർനാൻഡസ് അങ്കിളും അവനോട്‌ സംസാരമില്ലായിരുന്നു. വല്ലാതെ അവഗണിച്ചിരുന്നു അവനെ.. അവനും തളർന്ന് പോകുവല്ലേ അപ്പോൾ..? "

ശരണിനു രണ്ട് പേരും ഒരുപോലെ ആയിരുന്നു.. താൻ ആരുടെ ഭാഗത്തു നിൽക്കണമെന്നോ ഏതാണ് ശെരിയെന്നോ അവന് വ്യക്തമല്ലായിരുന്നു.. മനസ്സ് നിറയെ നോവ് മാത്രമാണ്.. "എന്ത് വേണേലും ആയിക്കോളു.. എന്തിനായാലും ഞാൻ തയാറാണെന്ന് പറഞ്ഞേക്ക് അമ്മയോട്.. ഞാൻ കാരണം ആർക്കുമാർക്കും വേദനയോ നഷ്ടങ്ങളോ ഉണ്ടാവേണ്ട.." അന്തിമമായി പറഞ്ഞു ശരണിന് മുഖം നൽകാതെ വസു എണീറ്റു വാഷ് റൂമിലേക്ക് പോയി.. ആ നെഞ്ച് പൊള്ളുകയാണെന്നും അവനിതു അംഗീകരിക്കുവാൻ വളരെയേറെ പ്രയാസമാണെന്നതും ശരണിന് അറിയാമായിരുന്നു. എങ്കിലും ഒന്നിനുമൊന്നുമല്ലാത്തൊരു കാത്തിരിപ്പും വേദനയും അവന്റെ ജീവിതത്തെ നഷ്ടപെടുത്തിയേക്കുമോ എന്നൊരു തോന്നലിൽ ഇതിങ്ങനെ ആകട്ടെ എന്ന് ശരൺ സമാധാനിക്കുവാൻ ശ്രമിച്ചു.. ** [ Present ] "ശരൺ വന്നിരുന്നു.. " കൊച്ചിയിലെ ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം അപ്പോൾ.. വൈകുന്നേരം ചിഞ്ചു വിളിച്ചപ്പോൾ ആദ്യം പറഞ്ഞു അയാൾ.. ശരണിനെ കണ്ടിരുന്ന വിവരം എബ്രഹാമിനോട് അവൾ പറഞ്ഞിരുന്നു.

ശരൺ ചന്ദനയെ കാണുവാൻ പോകുമെന്നും ഊഹിച്ചിരുന്നു.. ശരണിനെ പോലെ ആകാൻ ശരണിന് മാത്രമേ കഴിയുകയുകള്ളൂ എന്നോർത്തു അവൾ.. "നീ എന്താ ഒന്നും മിണ്ടാത്തത്..?" അവളുടെ നിശബ്ദത കണ്ടു എബ്രഹാം തിരക്കി.. "ഒന്നുമില്ല.. ഞാൻ മറ്റെന്തോ ഓർക്കുകയായിരുന്നു.. ചന്ദു.. എന്തെങ്കിലും പ്രോഗ്രസ്സ് ഉണ്ടോ പപ്പാ..? ശരണിനെ തിരിച്ചറിഞ്ഞോ അവൾ..? എങ്ങനെയായിരുന്നു അവളുടെ പെരുമാറ്റം.." "ശരൺ മാത്രമല്ല.. സണ്ണിയും ഉണ്ടായിരുന്നു കൂടെ.." എബ്രഹാം പറഞ്ഞു.. ചിഞ്ചുവിന് അത് അവിശ്വസനീയമായി തോന്നി.. കേട്ടതിലുള്ള അപാകതയാണെന്ന് പോലും.. "സണ്ണിയോ..?" അവൾ ചോദിച്ചു.. "അതേ... അവൻ ഡൽഹിയിൽ ആണ് ഇപ്പോൾ. രണ്ട് ദിവസം മുൻപാണ് നാട്ടിലേക്ക് വന്നത്.." ചിഞ്ചുവിനെ വീണ്ടും നിശബ്ദ പിടികൂടി.. എന്തിനോ വേണ്ടി ഹൃദയമൊന്നു തേങ്ങി.. കണ്ണുകൾ നിറഞ്ഞു.. അതിനുമപ്പുറം ദേഷ്യവും തോന്നി......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story