മണിവാക: ഭാഗം 6

manivaka

രചന: SHAMSEENA FIROZ

"അവളാരാ നിന്റെ.. അനിയത്തിയാണോ..? " ചന്ദന ഭയത്തോടെ ആണെന്ന് തലയാട്ടി.. "എന്നിട്ടെന്താ അവളങ്ങനെ..? " ആ ചോദ്യം അവൾക്കു മനസ്സിലായില്ല.. സംശയത്തോടെ വസുവിനെ നോക്കി.. "എന്താ അവൾക്കത്ര അഹങ്കാരമെന്ന്..നിന്റെ അനിയത്തിയായിട്ട് നിന്നെപ്പോലെ അല്ലല്ലോ അവൾ..നല്ല സ്വഭാവം പഠിപ്പിച്ചു കൊടുക്കാത്തതെന്താ..? ഈ തല തെറി വീട്ടിൽ നടക്കും..പക്ഷെ വെളിയിൽ നടക്കില്ല..ആണുങ്ങൾടെ കയ്യിന്നു വാങ്ങിച്ചു കൂട്ടും അവൾ.." "അത്..അത് അവളുടെ അച്ഛൻ അവളെ കൂടുതൽ ലാളിച്ചു വളർത്തിയത് കൊണ്ടാ..അവൾക്കു അമ്മയില്ല..അല്ലാതെ അവള് നിങ്ങള് വിചാരിക്കുന്ന പോലെ അഹങ്കാരി ഒന്നുമല്ല.. " വസുവിന്റെ ഗൗരവം നിറഞ്ഞ മുഖത്തിനും ചോദ്യത്തിനും മുന്നിൽ ചന്ദനയ്ക്ക് ശബ്ദം പുറത്തേക്കു വരുന്നില്ലായിരുന്നു..ഒരുവിധം പറഞ്ഞൊപ്പിച്ചു.. "അപ്പോൾ നിങ്ങൾ സഹോദരിമാരല്ലേ..ഐ മീൻ ട്വിൻസ്..? " വസുവിനു ഞെട്ടൽ മറച്ചു വെക്കാൻ ആയില്ല.. "അല്ല..അവളെന്റെ ചിറ്റയുടെ മകളാണ്..അവരിപ്പോ ജീവിച്ചിരിപ്പില്ല..

ചിഞ്ചു കുഞ്ഞ് ഇരിക്കുമ്പോഴേ മരിച്ചു പോയി.. " അവളുടെ മുഖത്ത് സങ്കടം നിഴലിച്ചു..വസു ഒന്നും മിണ്ടിയില്ല. ഒരുനിമിഷത്തേക്ക് മൗനം പാലിച്ചു.. ശേഷം അവളെ തന്നെ ശ്രദ്ധിച്ചു നിന്നു..ആദ്യം ഉണ്ടായ ഭയവും പരിഭ്രമവുമില്ല അവളിൽ.. അതൽപം മാറിയിട്ടുണ്ട്..എന്നാലും മുഖത്ത് അനേകം വിയർപ്പു തുള്ളികൾ സ്ഥാനം നേടിയിരിക്കുന്നു.. ഒരു ധൈര്യത്തിനെന്ന പോൽ കഴുത്തിലുള്ള ഷാളിന്റെ അറ്റം തെരു പിടിച്ചിരിക്കുന്നു.. എല്ലാം കണ്ടു അവൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു പോയി.. "അവള് ഈ വാതിലിപ്പോ ഇടിച്ചു പൊളിക്കുമല്ലോ.." പുറത്തു നിന്നും വാതിലിലേക്കുള്ള ശക്തമായ മുട്ട് കേട്ടു വസു പറഞ്ഞു.. ചന്ദു ഒന്നും മിണ്ടിയില്ല..അവനെ ഒന്ന് നോക്കി ശേഷം നിസ്സഹായയായി വാതിലിലേക്ക് നോക്കി നിന്നു. "എനിക്ക് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട് അതെന്താണെന്ന് ചോദിക്കാത്തതെന്താ..? " വസുവിന്റെ ആ ചോദ്യത്തിനും മൗനമായിരുന്നു അവളുടെ മറുപടി... "പെൺകുട്ടികൾ ആയാൽ ഇത്രയ്ക്കു പാവമാകാൻ പാടില്ല.. അല്പമൊക്കെ ബോൾഡ് ആകാം.. എന്നാൽ നിന്റെ അനിയത്തിയെ പോലെയും ആകരുത്..കേട്ടോ..? " അവൾ കേട്ടു എന്നുള്ള അർത്ഥത്തിൽ തല കുലുക്കി.. "എന്ത് പറഞ്ഞാലും ഈ തല കുലുക്കൽ മാത്രമേ ഉള്ളോ..?

ശെരി..ഞാനൊരു സോറി പറയാനാ വന്നത്..ആദ്യമായിട്ടാ ഒരു പെണ്ണിന് നേരെ കൈ ഉയർത്തുന്നതും ഒരു പെണ്ണിനോട് ക്ഷമ പറയുന്നതും... അതും രണ്ടും നിന്നോടാ..വന്നപ്പോ തന്നെ പറഞ്ഞിട്ട് പോകണമെന്ന കരുതിയത്..അവളുടെ അഹങ്കാരം കണ്ടപ്പോൾ വിട്ടു കൊടുക്കാൻ തോന്നിയില്ല. അത് കൊണ്ടാ ഇങ്ങനൊരു സീൻ ഉണ്ടായത്.. ഇപ്രാവശ്യം തെറ്റ് എന്റേതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. പക്ഷെ നേരത്തെ ആളറിയാതെ നിന്നെ അടിച്ചു പോയത് എന്റെ തെറ്റാണ്.. അതുകൊണ്ട് സോറി.." വസുവിനു ആരുടെ മുന്നിലും താഴ്ന്ന് കൊടുക്കാൻ സാധിക്കില്ലായിരുന്നു. പക്ഷെ മുന്നിലുള്ളതു ചന്ദന ആയതു കാരണം അവനു വലിയ മടി തോന്നിയില്ല.. "അയ്യോ..സോറിയൊന്നും വേണ്ടാ.. തെറ്റ് അവളുടെ ഭാഗത്താ.. അവൾക്കു എല്ലാം തമാശയാണ്.. വെറുതെ ഒരു കളിക്കു ചെയ്തതാണ്..അവൾ എല്ലാവരോടും അങ്ങനെയാണ്.. അത് നിങ്ങൾ സീരിയസ് ആയി എടുക്കുമെന്ന് അവൾ കരുതിയില്ല.. മറ്റേ ചേട്ടനോട് പറയണം അവളോട്‌ ദേഷ്യമൊന്നും തോന്നരുതെന്ന്.. അതുപോലെതന്നെ നിങ്ങളും ഒന്നും മനസ്സിൽ വെക്കരുത്.. " അവൾ വളരെ പതിയെ പറഞ്ഞു.. അവനു അത്ഭുതം തോന്നി.. ഒരു തെറ്റും ചെയ്യാതെ ഇങ്ങോട്ട് ക്ഷമ ചോദിക്കുന്നു..അതും മറ്റവൾക്ക് വേണ്ടി..

സ്വന്തം കൂട പിറപ്പ് അല്ലാതെയിരുന്നിട്ട് കൂടി ഇവൾ അവളെ എന്തുമാത്രം സ്നേഹിക്കുന്നു..അവളുടെ തെറ്റു കുറ്റങ്ങൾ ഏല്ക്കുന്നു.. എത്ര വിശാലമായ മനസായിരിക്കണം ഇവൾക്ക് ഉള്ളിൽ ഉള്ളത്.. അവനെന്തോ..ശാന്തമായ അവളുടെ മുഖത്ത് നിന്നും കണ്ണുകൾ എടുക്കാനേ സാധിച്ചില്ല.. "വാതിൽ തുറക്കാമോ.. ചിഞ്ചു ദേഷ്യപ്പെടും.. " വാതിലിലുള്ള ചിഞ്ചുവിന്റെ തട്ടും വിളിയും വളരെ ഉച്ചത്തിൽ ആയതും അവൾ ചോദിച്ചു..അവൻ പെട്ടെന്ന് അവളിലുള്ള നോട്ടം പിൻവലിച്ചു.. "നിനക്ക് അവളെ പേടിയാണോ..? " അവൻ ചോദിച്ചു.. "അല്ല..ഇഷ്ടമാണ്..ഒരുപാട് ഇഷ്ടം." അവനൊന്നു മൂളുക മാത്രം ചെയ്തു..എന്നിട്ടു വാതിൽ തുറക്കാൻ മുന്നിലേക്ക് നടന്നു.. പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു അവളെ നോക്കി.. "ഇനി കാണുമോ നമ്മൾ..? " "എന്താ..? " അവൾ മനസ്സിലാവാതെ ചോദിച്ചു.. "ഒന്നുമില്ല.. " അവൻ ചിരിച്ചു.. ശേഷം വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി.. ചിഞ്ചു ഉഗ്രരൂപിണിയായി നിൽപ്പ് ഉണ്ട്..അടുത്ത് തന്നെ അവളെ തടയാൻ എന്ന വണ്ണം ശ്രുതിയും.. "എന്തായിരുന്നു അകത്ത്.. അവളൊരു പാവം ആയത് കൊണ്ടു അവളോട്‌ എന്തുവേണമെങ്കിലും ആവാമെന്ന് കരുതിയോ..? " ചിഞ്ചു വസുവിനെ രൂക്ഷമായി നോക്കി.. "എന്തായിരുന്നെന്ന് അവളോട്‌ ചോദിച്ചു നോക്ക്..

അതൊന്നും നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെനിക്ക്..പിന്നെ ഞാൻ അവളെ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് നീ ഒരുപാട് പ്രതീക്ഷിച്ചതല്ലേ..ആ പ്രതീക്ഷ ഞാൻ ഏതായാലും തെറ്റിച്ചിട്ടില്ല. അവൾക്കു എന്നെന്നും ഓർക്കാനായിട്ട് ഒരു സമ്മാനം കൊടുത്തിട്ടുണ്ട്..A sweet gift.. " വസു തന്റെ ചുണ്ടുകൾ ഒന്ന് തടവി ചിഞ്ചുവിനെ പുച്ഛിച്ചു മുന്നോട്ടു നീങ്ങി.അവന്റെ മുഖത്തെ വിജയ ഭാവം അവളുടെ ദേഷ്യം വർധിപ്പിച്ചു..ഉടനെ അകത്തേക്ക് കയറി ചെന്നു. "എന്താ..എന്താ ഇവിടെ സംഭവിച്ചത്..പറയ്യ് ചന്ദു...അവൻ എന്താ നിന്നെ ചെയ്തത്..?" "ഇല്ല..സോറി പറയാനാ വന്നത്.. വേറൊന്നും ചെയ്തിട്ടില്ല.. " "നുണ പറയരുത്..വേറൊന്നും ചെയ്തിട്ടില്ലങ്കിൽ പിന്നെ അവനെന്തിനാ എന്നോട് അങ്ങനെ പറഞ്ഞത്..സത്യം പറാ ചന്ദു.. ഞാനൊരു പ്രശ്നം ഉണ്ടാക്കുമെന്ന് കരുതി നീ ഒന്നും പറയാതെ നിൽക്കരുത്.. "

"നീ ഇത്രയ്ക്കു മണ്ടിയാണോ ചിഞ്ചു.. നിന്റെ മുന്നിൽ ആളാവാൻ വേണ്ടിയാ ആ ചേട്ടൻ അങ്ങനെ പറഞ്ഞത്.. അല്ലാതെ ഇവിടെന്തു സംഭവിക്കാനാണ്.. വല്ലതും സംഭവിച്ചിരുന്നെങ്കിൽ ഇവളുടെ കോലം ഇതാകുമായിരുന്നോ.. എപ്പോഴേ കരഞ്ഞു നിന്റെ മേലേക്ക് വന്നു വീണേനെ.. " ശ്രുതി ചിഞ്ചുവിനെ കളിയാക്കി.. അന്നേരമാണ് ചിഞ്ചു ചന്ദുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത്.. ഇല്ലാ.. ആ കണ്ണുകളിൽ നീർ പൊടിഞ്ഞിട്ടില്ല.. ശ്രുതി പറഞ്ഞത് സത്യമാണ്. വല്ലതും സംഭവിച്ചിരുന്നെങ്കിൽ ഇപ്പോ കരഞ്ഞു വീർത്തു കാണുമായിരുന്നു മുഖം.. ചിഞ്ചുവിനു ആശ്വാസമായി.. പക്ഷെ എന്ത് കൊണ്ടോ വസുവിനോടുള്ള ദേഷ്യം മാറിയില്ല അവൾക്ക്...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story