മണിവാക: ഭാഗം 60

manivaka

രചന: SHAMSEENA FIROZ

. തിരികെയുള്ള യാത്രയിൽ സണ്ണി യഥാർത്ഥത്തിൽ വെന്തുരുകകയായിരുന്നു.. താൻ ഈ നിമിഷം മരണം വരിച്ചെങ്കിൽ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി. അത്രമേൽ ചന്ദനയുടെ മുഖം സണ്ണിയെ പൊള്ളിക്കുന്നുണ്ടായിരുന്നു.. പഴയ ചന്ദനയുടെ നിഴൽ പോലൊരു രൂപം.. അതിനേക്കാൾ ഏറെ സണ്ണിയെ നീറ്റിയത് ആ മനസ്സ് പോലും അവൾക്ക് ഇന്ന് നഷ്ടമായിരിക്കുന്നു എന്നതാണ്.. "ദേവേട്ടനാണോ അത്..? ദേവേട്ടൻ വന്നുവോ.. ഇനി വരില്ലേ..? എന്റേതല്ലേ.. പറയു.. എന്റേത് മാത്രമല്ലേ..?" അൽപ്പം മുന്നേയുള്ള ചന്ദനയുടെ ചോദ്യവും കരച്ചിലും ഇപ്പോഴും കാതുകളിൽ തങ്ങി നിൽക്കുന്നു.. തന്നെയും ശരണിനെയും കണ്ടപ്പോൾ ഏറെ നേരം സൂക്ഷിച്ചു നോക്കുകയും പിന്നീട് ഒരേ കാര്യം തന്നെ ആവർത്തിച്ചാവർത്തിച്ചു ചോദിക്കുകയും അലമുറയിട്ട് കരയുകയുമാണ് ചെയ്തത്.. ഒരു ഭ്രാന്തിയുടെ സകല ഭവങ്ങളോടും കൂടി നിലത്തേക്ക് വീഴുന്നതും തല തറയിൽ ഇടിച്ചു അവൾ സ്വയം വേദനിപ്പിക്കുന്നതും കണ്ടു നിൽക്കുവാൻ മാത്രമേ തനിക്ക് കഴിഞ്ഞുള്ളു..

ആ സമയമത്രയും ദേവേട്ടൻ എന്നൊന്ന് മാത്രമേ ചന്ദനയിൽ നിന്നും കേട്ടുള്ളു.. അത്രമേൽ വസുവിലധിഷ്ടിതമായ മനസ്സിനെയാണ് താൻ കൊന്ന് കളഞ്ഞത്.. ആ നിഷ്കളങ്കവും സത്യവുമായ അവളുടെ പ്രണയത്തെയാണ് താൻ പിടിച്ചെടുത്തു സാന്ദ്രയ്ക്ക് നൽകിയത്.. എന്തിന്റെ പേരിലായാലും ഒരിക്കലുമത് ചെയ്യുവാൻ പാടില്ലായിരുന്നു..!! ഈ ജന്മമെന്നല്ല,, വരുന്ന ഏതേതു ജന്മങ്ങളിലും താൻ ഈ പാപത്തിൽ നിന്നും മുക്തനാകുവാൻ പോകുന്നില്ല.. ശരൺ ചന്ദനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും തഴുകുന്നതും ചേർത്തു പിടിച്ചാശ്വാസം നൽകുന്നതും മാറി നിന്നു കണ്ടതെയുള്ളൂ.. ആ അരികിൽ ചെല്ലുവാനോ ഇനിയൊന്നുമൊന്നും സംസാരിക്കുവാനോ താൻ അർഹനല്ലെന്ന് ഉറപ്പുണ്ട്.. അല്ലെങ്കിലും ഇനിയെന്ത് ആശ്വാസ വാക്കാണ് തനിക്ക് പറയുവാനുള്ളത്..?? അവളുടെ സ്വപ്നങ്ങൾ മാത്രമല്ല,, അവളെ തന്നെയാണ് താൻ ഇല്ലാതെയാക്കി കളഞ്ഞത്.. "സണ്ണി..." കനത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് ശരൺ വിളിച്ചു. സണ്ണി കണ്ണും മുഖവും അമർത്തി തുടച്ചു.. "നീ എന്നാ മടങ്ങുന്നത്..?"

ശരൺ ചോദിച്ചു.. "തീരുമാനിച്ചിട്ടില്ല.. " "തെരെസാന്റിക്ക് അറിയാമോ നീ വന്നത്..? " "ഇല്ല..ഞാൻ പോയില്ല..." "എന്തിനാണ് തനിച്ചാ വീട്ടിൽ നിൽക്കുന്നത്..? തറവാട്ടിൽ പോകാമായിരുന്നില്ലേ..?" ശരൺ തിരക്കി.. സണ്ണിയതിനു മറുപടി നൽകിയില്ല.. "നിന്റെ മാനസികാവസ്ഥ എനിക്ക് വ്യക്തമാകും.. പക്ഷെ ഇനി പശ്ചാത്തപിക്കുവാൻ അല്ലാതെ മറ്റൊന്നിനും കഴിയില്ല.. ഒന്നും പഴയത് പോലെ ആകില്ല സണ്ണി.. തിരുത്തുവാൻ പോലും കഴിയുന്ന ഒന്നല്ല.. കാലം ഒരുപാട് ദൂരേക്ക് സഞ്ചരിച്ചിരിക്കുന്നു.. എല്ലാവരുടെയും അവസ്ഥയും മാറി മറിഞ്ഞിരിക്കുന്നു.." ശരൺ ഒന്ന് ദീർഘമായി നിശ്വസിച്ചു.. "ചന്ദന..ഒരിക്കലും അവളെ ഇങ്ങനെയൊരവസ്ഥയിൽ.. " സണ്ണിയുടെ തൊണ്ട കുഴിയോളം വന്നു നിന്നു ഗദ്ഗദം.. "ശെരി.. ചന്ദനയുടെ വിഷയത്തിൽ നിനക്ക് അങ്ങനെയെങ്കിലും പറയാം.. പക്ഷെ ചിഞ്ചു ഇന്ന് ഏതവസ്ഥയിൽ ഉണ്ടാകുമെന്ന് നീ ഓർത്തിരുന്നോ..? നിന്നോട് ഇനി ഒരിക്കലും ഇതെപ്പറ്റി ചോദിക്കണ്ടന്ന് കരുതിയതാണ്.. ചന്ദനയെ നീ സാന്ദ്രയ്ക്ക് വേണ്ടി തഴഞ്ഞു. ചിഞ്ചുവിനെയോ..?

എന്തുകൊണ്ടാണെടാ ഒരുവട്ടം പോലും അവളെ ഒന്ന് അറിയാതെ പോയത് നീ..? " സണ്ണിയ്ക്ക് അതിനും മറുപടി ഇല്ലായിരുന്നു.. മുഖം കുനിച്ചിരുന്നു അവൻ.. "ഇന്ന് എബ്രഹാം സാർ നിന്നോട് എന്തെങ്കിലും വിരോധം കാണിച്ചുവോ..? വേണമെങ്കിൽ ആകാമായിരുന്നു.. ഒരേ സമയം നീ കാരണം തകർന്നത് രണ്ട് പെൺകുട്ടികളാണ്.. സ്വന്തം മകൾക്ക് നീ അത്രമാത്രം വേദനകൾ നൽകിയിട്ടും സാർ നിന്നെ വെറുത്തിട്ടില്ല.. ഇന്നും ആ കണ്ണുകളിൽ നിന്നോടുള്ള സ്നേഹമേ ഞാൻ കണ്ടുള്ളു.. നീ തന്നെ എന്നോട് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് സാർ നിനക്ക് ദൈവ തുല്യനാണെന്ന്.. സാർ ഇല്ലായിരുന്നുവെങ്കിൽ നീയൊരിക്കലും ഇന്നീ നിലയിൽ ഉണ്ടാകുമായിരുന്നില്ലന്ന്..." ശരണിന്റെ സ്വരവും ഒരുവേള വിറച്ചു പോയി.. സത്യമാണ്.. മനസ്സ് കൈവിട്ട് പോയ നേരത്ത് ദൈവ ദൂതനെ പോലെ ചേർത്തു പിടിച്ചതും മനോബലം നൽകിയതും ഉയർച്ചയിലേക്ക് നയിച്ചതും സാർ ആണ്..

ദൈവത്തോളം താൻ കടപ്പെട്ടിരിക്കുന്ന മനുഷ്യൻ.. അത്രയേറെ സ്നേഹവും ബഹുമാനവുമായിരുന്നു തനിക്ക് അദ്ദേഹത്തോട്. പക്ഷെ ഒരിക്കലും അതിന്റെ ഒരംശം പോലും ചിഞ്ചുവിനോട് തോന്നിയിട്ടില്ല.. അനിഷ്ടമല്ലാതെ മറ്റൊന്നും.. അതെന്തു കൊണ്ടായിരുന്നു..?? ശരണിനു അവളോടുള്ള പ്രണയം എത്രമാത്രം തീവ്രമാണെന്ന് അറിഞ്ഞിരുന്നത് കൊണ്ടോ..? അതുമാത്രമായിരുന്നോ കാരണം..?? പേരറിയാത്ത, വീട് അറിയാത്ത, ഏതുമേതും അറിയാത്ത, മുഖം പോലും വ്യക്തമല്ലാത്തൊരുവൾ എത്രയോ മുൻപേ തന്നെ ഹൃദയത്തിൽ കുടിയേറിയത് കൊണ്ടായിരുന്നില്ലേ..? ഇന്നവളെവിടെ..? അത് പോലും തനിക്കു അറിയില്ല.. അന്വേഷിച്ചിട്ടില്ല.. എല്ലാ അർത്ഥത്തിലും താൻ പരാജിതനാണന്ന തോന്നൽ സണ്ണിയിൽ ഒന്നുകൂടി ഉറച്ചു.. 🍂🍂🍂🍂🍂🍂🍂🍂🍂 ശ്രീക്കുട്ടിയെ ചേർത്തു പിടിച്ചു കിടന്നിട്ടും ചിഞ്ചുവിന് ഉറങ്ങുവാൻ സാധിച്ചില്ല.. എബ്രഹാം വിളിച്ചപ്പോൾ പറഞ്ഞതിൽ തന്നെയായിരുന്നു മനസ്സ് അപ്പോഴും.. ശരണിനൊപ്പം സണ്ണി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല..

പപ്പയും അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു.. എന്തിനായിരിക്കാം ഇപ്പോൾ നാട്ടിൽ വന്നത്..? ശരൺ വിളിച്ചു വരുത്തിയതായിരിക്കുമോ..? വർഷങ്ങൾക്ക് ഇപ്പുറം ശരണിനോട് തുറന്ന് സംസാരിച്ചത് അന്നേ ആയിരുന്നുവെങ്കിൽ എല്ലാം എത്ര മനോഹരമാകുമായിരുന്നു..? സണ്ണിയെ കുറ്റപ്പെടുത്തുവാനും വെറുക്കുവാനും തനിക്ക് എന്തർഹതയുണ്ട്..? അതേ അളവിൽ താനും തെറ്റ് ചെയ്തിരിക്കുന്നു.. എന്നെങ്കിലും ചന്ദു പൊറുത്തു തന്നിരുന്നുവെങ്കിൽ..?? വിട പറഞ്ഞു പോകുന്നതിന് മുന്നേ ചന്ദു ജീവിതത്തിലേക്ക് കര കയറുന്നതും സന്തോഷമായിരിക്കുന്നതും കാണണം.. അത് മാത്രമാണ് ഇപ്പോൾ തന്റെ ദൗത്യം.. അതിന് വേണ്ടിയാണു പപ്പയെ പോലുമൊന്നുമറിയിക്കാതെ.. കണ്ണുകളിലൂറിയ നനവിനെ തുടച്ചു മാറ്റിയവൾ ഷെൽഫ് തുറന്ന് ഒരു ഹോസ്പിറ്റൽ ഫയൽ കയ്യിലെടുത്തു.. അതിലേക്ക് മിഴികൾ കേന്ദ്രീകരിക്കും തോറും വല്ലാത്തൊരു പ്രാണവേദന അവളെ പിടികൂടി.......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story