മണിവാക: ഭാഗം 61

manivaka

രചന: SHAMSEENA FIROZ

. ചൈതന്യയ്ക്ക് എക്സാം ആയതിനാൽ കല്യാണം കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളിൽ തിലക രാമനും പാർവതിയും ചൈതന്യയും തിരിച്ചു വന്നിരുന്നു.. വിശേഷപ്പെട്ട പൂജകളും ചടങ്ങുകളും കഴിഞ്ഞു ഒരു മാസത്തിനു ശേഷമാണു നിഖിലും ചന്ദനയും നാട്ടിലേക്ക് വരുന്നത്.. അന്നവിടുത്തെ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുകയായിരുന്നു.. നന്നേ മെലിഞ്ഞു ജീവൻ നഷ്ടപ്പെട്ടത് പോലെയായിരുന്നു ചന്ദന ആ ഒരു മാസ കാലത്തിനുള്ളിൽ.. അവളെ കണ്ട പാർവതിയുടെയും ചൈതന്യയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.. എങ്കിലും അവർ നിഖിലിന് മുന്നിൽ ദുഃഖം മറച്ചു വെച്ചു സന്തോഷം പ്രകടിപ്പിക്കുകയും നന്നായി സ്വീകരിക്കുകയും പെരുമാറുകയും ചെയ്തു.. വിവാഹം കഴിഞ്ഞു ആദ്യമായുള്ള വരവായതിനാൽ ഭക്ഷണത്തിനു എല്ലാ വിഭവങ്ങളും ഉണ്ടായിരിക്കണമെന്നു തിലക രാമൻ നിർദേശിച്ചിരുന്നു.. നിഖിൽ പാർവതിയോടും ചൈതന്യയോടും വളരെ അടുപ്പത്തോടെ, സ്നേഹത്തോടെ പെരുമാറി..

ചന്ദനയോടും അങ്ങനെ തന്നെ ആയിരുന്നു.. അതൊരു പരിധി വരെ പാർവതിയെ ആശ്വസിപ്പിച്ചു.. എങ്കിലും വലുതായൊരു ദുഃഖവും ചന്ദനയെ ഓർത്തൊരു ആധിയും പാർവതിയുടെ ഉള്ളിൽ തികട്ടുന്നുണ്ടായിരുന്നു.. ചന്ദനയ്ക്ക് ചിഞ്ചുവിനെ കാണുവാൻ അതിയായ ആഗ്രഹം തോന്നി.. മറ്റന്നാൾ കഴിഞ്ഞാൽ പാലക്കാടേക്ക് തിരിച്ചു പോകും.. ആ പോയാൽ പിന്നീട് എപ്പോഴാണ് ഒരു വരവ് എന്ന് നിശ്ചയമില്ല.. ചന്ദനയുടെ വിവാഹം കഴിഞ്ഞെന്നതിനാൽ തിലകരാമൻ പാർവതിയ്ക്ക് ഫോൺ തിരികെ നൽകിയിരുന്നു.. നിഖിലിന്റെ വീട്ടിലെ ചിട്ടകളും വട്ടങ്ങളും വളരെ പുരാതനമായതിനാൽ ചന്ദനയ്ക്ക് സ്വന്തമായൊരു ഫോൺ ഇല്ലായിരുന്നു.. ആവശ്യം ഉണ്ടെങ്കിൽ വീട്ടിലെ ലാൻഡ് ഫോൺ ഉപയോഗിക്കാം.. അല്ല എങ്കിൽ അനുവാദം തിരക്കി നിഖിലിന്റേതും.. പാർവതിയുടെ ഫോൺ എടുത്തു ചന്ദന ചിഞ്ചുവിന്റെ നമ്പർ കാളിലിട്ടു.. രണ്ട് മൂന്ന് വട്ടം ആവർത്തിച്ചിട്ടും കാൾ കിട്ടിയില്ല.. ചിഞ്ചുവിന്റെ തറവാട്ടിലെ നമ്പർ മുൻപ് എപ്പോഴോ സേവ് ചെയ്തിട്ടിരുന്നു.. അതിലേക്ക് വിളിച്ചു നോക്കി.

ആദ്യ റിങ്ങിൽ തന്നെ കാൾ കണക്ട് ആയി.. "ഹലോ..ആരാ..?" ഒരു സ്ത്രീ ശബ്ദം. "ചിഞ്ചുവില്ലേ അവിടെ..? ഞാൻ ചന്ദനയാണ്.." "ഉണ്ടല്ലോ..ഞാൻ കൊടുത്തേക്കാം.. എന്തുണ്ടവിടെ വിശേഷം..? വിവാഹം കഴിഞ്ഞുവല്ലേ..? ചിഞ്ചു പറഞ്ഞിരുന്നു കേട്ടോ.. സുഖമായിരിക്കുന്നോ മോളെ..? ഇപ്പോൾ എവിടെയാണ്..? " "ഞാനെന്റെ വീട്ടിലാണ്.. ഇന്ന് രാവിലെയാണ് വന്നത്.. ചിഞ്ചുവിന്റെ ഫോണിനെന്തുപറ്റി.. വിളിച്ചിട്ട് കിട്ടുന്നില്ല.." "അതിവിടെ നെറ്റ്‌വർക്ക് കിട്ടാഞ്ഞിട്ടാകും.. ഞാൻ വിളിക്കാം അവളെ.." ആ സ്ത്രീ ശബ്ദം ചിഞ്ചു എന്ന് നീട്ടി വിളിക്കുന്നതും ചന്ദു ആണെന്ന് പറയുന്നതും ചന്ദന കേട്ടു.. "ഹലോ..ചന്ദു..സുഖമല്ലേ ടീ.." ചിഞ്ചു കരയുകയായിരുന്നു.. "മ്മ്..ആണ്..നിനക്കോ..?" ചന്ദുവിന്റെ കണ്ണുകളും നിറഞ്ഞു.. ശബ്ദം വിറച്ചു.. "നീ എവിടെയാണ്.. വീട്ടിലുണ്ടോ..?" "മ്മ്..ഇന്ന് രാവിലെ വന്നു.. എനിക്ക് നിന്നെ കാണണം ചിഞ്ചു.. അത്രയ്ക്ക് മിസ്സ്‌ ചെയ്യുന്നുണ്ട്.."

പറയുന്നതോടൊപ്പം ചന്ദന വിങ്ങിപ്പോയി.. "എപ്പോഴാ പോകുന്നത്..? കുറച്ച് ദിവസം കാണുമോ ഇവിടെ..?" ചിഞ്ചു അന്വേഷിച്ചു.. "മറ്റന്നാൾ കഴിഞ്ഞു പോകും. ഇവിടെ ഉത്സവം തുടങ്ങി.. അതുകൊണ്ടാണ് രണ്ട് ദിവസമെങ്കിലും താമസിക്കുന്നത്.. അല്ലെങ്കിൽ നാളെ തന്നെ മടങ്ങുമായിരുന്നു.." ചന്ദു തന്റെ നോവ് ഒതുക്കി പിടിച്ചു. "ഞാൻ നാളെത്തന്നെ വന്നേക്കാം.." ചിഞ്ചു പറഞ്ഞു.. മറ്റെന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു ചിഞ്ചുവിന്. പക്ഷെ ഒന്നിനും സാധിച്ചില്ല.. വല്ലാത്തൊരു വേദന.. നെഞ്ച് വിങ്ങുന്നു.. "ശെരി.. അമ്മ ജോലിയിലാണ്.. ഞാൻ ചെല്ലട്ടെ..നാളെ കാണാം.." ചിഞ്ചു ഒന്നും സംസാരിക്കുന്നില്ലന്ന് കണ്ടതും സംഭാഷണം അവസാനിപ്പിച്ചു ചന്ദന ഫോൺ കട്ട്‌ ചെയ്തു.. മിഴികൾ ഇറുകെ അടച്ചു അൽപ്പ നേരം അവളാ വരാന്തയിൽ തന്നെ നിന്നു.. വസുവിനോടൊപ്പമുണ്ടായിരുന്ന ഓരോ നിമിഷങ്ങളും ഉള്ളിൽ കാണുകയായിരുന്നു അവളപ്പോൾ.. കാണുവാൻ വന്നിരുന്ന രാത്രികളിൽ ചേർത്തു പിടിച്ച കരങ്ങളുടെ ചൂട് ഇപ്പോഴും ദേഹത്ത് അവശേഷിക്കുന്നത് പോലെ.. വെറുതെ നെറ്റിയിലേക്കൊന്ന് കൈ വിരലുകൾ നീണ്ടു..

ആ രാത്രികളിലൊന്നിൽ നെറ്റിയിൽ നൽകിയ സ്നേഹ ചുംബനത്തിന്റെ തണുപ്പ് പോലും അവളാ നിമിഷത്തിലെന്ന പോൽ അനുഭവിച്ചറിഞ്ഞു... എന്നിട്ടും തന്നെ മറന്നുവല്ലോ..? മറ്റൊരു പെണ്ണിനെ വരിച്ചുവല്ലോ..? മറക്കുവാനും അകറ്റുവാനും മാത്രമെന്ത് ചെയ്തു ഞാൻ..? പ്രാണനായി സ്നേഹിച്ചു പോയതോ..? മറന്നെന്നു വിശ്വസിക്കുവാൻ തനിക്ക് ആകുന്നതേയില്ലല്ലോ.. ചന്ദനയുടെ ഹൃദയം ആർത്തലച്ചു കൊണ്ടിരുന്നു.. ഭൂമിയോളം സഹനമുള്ളൊരു പെണ്ണ്.. ഭൂമി ദേവിയാണവൾ.. അവൾ നൊന്താൽ ആർക്കാണ് നോവാത്തത്..? മേഘങ്ങൾ കണ്ണ് നീർ പൊഴിച്ചു.. മര ചില്ലകൾ ആടിയുലഞ്ഞു.. കാലം തെറ്റിയൊരു ചാറ്റൽ മണ്ണിനെ പുൽകി.. അവളുടെ തപിക്കുന്ന ഹൃദയത്തെ തണുപ്പിക്കാനെന്ന പോൽ.. *** ഇന്നായിരുന്നു വസുവിന്റെയും സാന്ദ്രയുടെയും വിവാഹം.. അൽപ്പം മടിച്ചാണ് സാന്ദ്ര രാത്രിയിൽ മുറിയിലേക്ക് ചെന്നത്..

വസു അപ്പോൾ ബാൽക്കണിയിൽ വെറും നിലത്തു ദൂരെ ഇരുട്ടിലേക്ക് നോക്കി കിടക്കുകയായിരുന്നു.. കണ്ണുകളിൽ നനവ് ഊറി കൂടിയിരുന്നു.. തന്റെ സ്വപ്നത്തിലെ ഈ രാത്രി ഇങ്ങനെയായിരുന്നുവോ എന്നവൻ പലവുരു വേദനയോടെ ഓർത്തു കൊണ്ടിരുന്നു.. അത്രമേൽ പ്രണയ പരവശയായി തന്റെ നെഞ്ചിൽ അമർന്നു നിൽക്കുന്ന ചന്ദന.. അത്രമേൽ സ്നേഹത്തോടെ അവളെ തഴുകുന്ന തന്റെ കരങ്ങൾ.. ആ സ്വപ്ന ലോകത്തു മാത്രം തനിക്ക് ജീവിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നവൻ വെറുതെ മോഹിച്ചു.. സാന്ദ്ര അരികിൽ വന്നു നിന്നത് വസു അറിഞ്ഞിരുന്നില്ല. അവന്റെ ശ്രദ്ധ ആകർഷിക്കുവാൻ എന്ന വണ്ണം സാന്ദ്ര കൈകൾ അനക്കി.. വളകൾ ശബ്ദിച്ചു.. പക്ഷെ അപ്പോഴും അവൻ ചന്ദന എന്ന വൃത്തത്തിലായിരുന്നു.. അവളെ മാത്രം കേന്ദ്രീകരിച്ചു സഞ്ചരിക്കുന്ന വൃത്തത്തിലെ ഏക ബിന്ദു.. ദേവേട്ടനെന്നു ചൊല്ലി വിളിക്കുവാൻ സാന്ദ്ര ഭയപ്പെട്ടു... തുടക്കം തന്നെ അവന്റെ ദേഷ്യത്തിലൂടെയാകരുതെന്നു ചിന്തിച്ചു അവൾ.. എന്നിരുന്നാലും ക്ഷമ നഷ്ടപ്പെട്ടിരുന്നു അവൾക്ക്..

നടന്നവന്റെ മുന്നിൽ വന്നു നിന്നു. അപ്പോൾ മാത്രമാണ് വസു ഇരുട്ടിൽ നിന്നും മിഴികൾ വെട്ടിക്കുന്നത്.. "എന്താ..?" അവൻ തിരക്കി.. "എന്താ ഇവിടെ കിടക്കുന്നെ..? ഈ തണുപ്പത്ത്.." "ഒന്നുമില്ല..സാന്ദ്ര കിടന്നോളു.." ഒന്നിനൊന്നും താല്പര്യമില്ലാത്തത് പോൽ വസു മിഴികൾ പൂട്ടി കിടന്നു. "ദേവേട്ടൻ ഇപ്പോഴും ആ പെണ്ണിനെ ഓർക്കുകയാണോ..? എന്തിനാണ് എന്നോട് ഇത്രയും അനിഷ്ടം കാണിക്കുന്നത്.. സംസാരിക്കാൻ പോലും താല്പര്യപ്പെടുന്നില്ലല്ലോ.." സാന്ദ്രയുടെ സ്വരത്തിൽ ദുഃഖത്തേക്കാൾ ദേഷ്യമായിരുന്നു.. വസു എഴുന്നേറ്റവൾക്കഭിമുഖമായി നിന്നു.. "ഓർക്കുവാൻ മറന്നിട്ട് വേണ്ടേ..? എനിക്കതിനൊരിക്കലും കഴിയുകയില്ലന്ന് ഞാൻ പറഞ്ഞതല്ലേ..? നിന്നോട് എത്ര വ്യക്തമായി ഞാൻ കാര്യങ്ങൾ സംസാരിച്ചിരുന്നു.. എത്രത്തോളം മനസ്സിലാക്കി തരുവാൻ ശ്രമിച്ചതാണ്... നിനക്ക് പിൻമാറായിരുന്നില്ലേ..?

എന്തിനാണ് അത്രയും വാശി കാണിച്ചത്..? ഒരിക്കലും നീ ആഗ്രഹിക്കുന്ന തരത്തിൽ നിന്നെ സ്നേഹിക്കുവാൻ കഴിയാത്തൊരു മനസ്സിനെയാണ് നീ വെട്ടി പിടിച്ചിരിക്കുന്നത്.. സണ്ണിയ്ക്ക് വേണ്ടി.. അവന് വേണ്ടി മാത്രമാണ് ഞാൻ ഇപ്പോൾ ഇങ്ങനെ.." പറഞ്ഞു പൂർത്തിയാക്കാതെ കൈ വരിയിൽ കൈകൾ ഊന്നി വീണ്ടും ദൂരെയാ ഇരുട്ടിലേക്ക് മിഴികൾ നീട്ടി അവൻ.. "ആർക്ക് വേണ്ടിയാണെന്നാലും ദേവേട്ടൻ ഇപ്പോൾ എന്റെ ഭർത്താവാണ്.. മറ്റൊരു പെണ്ണിനെ മനസ്സിൽ ഇട്ടു നടക്കുന്നത് എനിക്ക് സഹിക്കുവാൻ കഴിയില്ല.. അത് അംഗീകരിച്ചു തരുവാനും.. അവളിപ്പോൾ വിവാഹം കഴിഞ്ഞുവല്ലോ.. ഇനിയെന്താണ് അവളെ മറക്കുവാൻ പ്രയാസം..? ദേവേട്ടന് അവളോടുള്ള പോലൊരു സ്നേഹം അവൾക്കുണ്ടായിരുന്നെങ്കിൽ അവൾ മറ്റൊരു വിവാഹം ചെയ്യുമായിരുന്നോ..? ദേവേട്ടൻ വെറുതെ വിഡ്ഢി ആകുകയാണ്.. ഉടനെ എന്നെ ഭാര്യയായി അംഗീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല.. പതിയെ മതി.. പക്ഷെ ചന്ദനയെ എന്നെന്നേക്കുമായി മറന്ന് കളയണം.." സാന്ദ്രയുടെ മുഖം കനത്തിരുന്നു.

"അതൊരിക്കലും സാധ്യമല്ല.. ഇന്നല്ലങ്കിൽ നാളെ ചന്ദനയെ മറന്ന് നിന്നെ അംഗീകരിക്കാമെന്നൊരു ഉറപ്പോ ഉടമ്പടിയൊ എനിക്കില്ല.. കൊച്ച് കുട്ടിയൊന്നുമല്ലായിരുന്നു നീ.. ഒരു മനുഷ്യന്റെ മനസ്സും ചിന്തകളും വിചാരങ്ങളും വികാരങ്ങളുമൊക്കെ തിരിച്ചറിയുവാൻ മാത്രം പ്രായമുള്ള അതിനോളം വിദ്യാഭ്യാസമുള്ള പെണ്ണാണ്.. എന്നിട്ടും വാശി മാത്രമായിരുന്നു മുൻപന്തിയിൽ.. ശഠിച്ചു നേടിയതാണ് നീയിത്.. ഈ ജീവിതം എങ്ങനെ പോയാലും എന്തുണ്ടായാലും അതിനുത്തരവാദി നീ മാത്രമായിരിക്കും സാന്ദ്ര.. എന്റെ പക്കൽ നിന്ന് നീ യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.. ചന്ദനയുടെ സ്ഥാനത്തു നിന്നെയല്ല.. ആരെയും കാണുവാൻ ഒരുകാലത്തും ആകില്ലെനിക്ക്.. കുഞ്ഞ് കുട്ടികൾ കരഞ്ഞു വാശി പിടിക്കുമ്പോൾ കയ്യിൽ കിട്ടുന്ന ബലൂൺ പോലെയല്ല ജീവിതമെന്ന് നീ ഇത് കൊണ്ട് തിരിച്ചറിയണം.. ദേവേട്ടൻന്നുള്ള വിളി ഇനി ആവർത്തിക്കരുത്.." വസു അകത്തേക്ക് കടന്നു.. സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞു.. അതിനേക്കാൾ ഏറെ ഉള്ളിൽ അമർഷവും.. എങ്കിലും തോറ്റു കൊടുക്കില്ലന്ന പോൽ വാശിയോടെ കണ്ണുകൾ തുടച്ചു മാറ്റി.. കൈ പിടിയിൽ ഒതുക്കുവാൻ പറ്റിയിട്ടുണ്ടെങ്കിൽ ചൊല്പടിക്കു നിർത്തുവാനും ഈ സാന്ദ്രയ്ക്ക് അറിയാം.... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story