മണിവാക: ഭാഗം 62

manivaka

രചന: SHAMSEENA FIROZ

. "ആരെ സ്വപ്നം കണ്ടു നിൽക്കുകയാണ്..? നിന്റെ പൂർവ്വ കാമുകനെയോ..?" ഏറെ നേരമായി പുറത്തെ ഇരുട്ടിലേക്ക് മിഴികൾ നട്ടു നിൽപ്പായിരുന്നു ചന്ദന.. ചെറുതായി മഴ ചാറ്റലുണ്ട്.. വസുവിന്റെ ഓർമകളിൽ മുഴുകി നിന്നതിനാൽ പുറത്തെ തണുപ്പ് തന്നെ ബാധിച്ചതായി തോന്നിയിരുന്നില്ല ചന്ദനയ്ക്ക്.. നിഖിലിന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്.. വേഗത്തിൽ മിഴികൾ തുടച്ചു നീക്കിയവൾ.. "ഭക്ഷണമെടുത്തു വെയ്ക്ക്.. ഒന്നിനുമേതിനും ലേറ്റ് ആകുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് നിനക്ക് അറിയാമല്ലോ...? എല്ലാം കൃത്യ സമയത്ത് ആയിരിക്കണം.." ശിരസ്സ് ചലിപ്പിച്ചു കൊണ്ട് അകത്തേയ്ക്ക് നടക്കാൻ തുനിഞ്ഞവളെ നിഖിൽ കൈ നീട്ടി തന്നോട് ഒതുക്കി പിടിച്ചു.. ശ്വാസം മുട്ടുന്നതായി തോന്നി ചന്ദനയ്ക്ക്.. എല്ലുകൾ നുറുങ്ങുന്നത് പോലെ.. എങ്കിലും പുതുമയൊന്നും തോന്നിയില്ല.. ആദ്യം മനസ്സ് മാത്രമാണ് ആഴത്തിൽ മുറിവേറ്റത്.. ഇപ്പോൾ ശരീരവും.. ഒരു രാത്രി പോലുമൊഴിയാതെ താൻ ഇങ്ങനെ വേദനിക്കുവാൻ തുടങ്ങിയിട്ട് എത്ര നാളായെന്ന് അവൾ കണ്ണീരോടെ ഓർത്തു..

"വേഗം കിടക്കണം.. സ്വന്തം വീടാണെന്ന് കരുതി അവിടേം ഇവിടേം സംസാരിച്ചു ഇരുന്നു സമയം കളയരുത്.. ഇന്നലെ രാത്രിയിലെ കുറവിന്നു നികത്താനുണ്ട്.." നിഖിൽ വല്ലാത്തൊരു ആവേശത്തോടെ പറഞ്ഞു.. എന്നും നേരിടുന്നതാണേൽ പോലും നിഖിലിന്റെ ആ നേരത്തെ ഭാവം ചന്ദനയിൽ ഭീതി നിറച്ചു.. അത്രയേറെ സ്നേഹത്തോടെ.. പ്രണയത്തോടെ.. സന്തോഷത്തോടെ.. കാത്തിരിപ്പോടെ തന്റെ പാതിയുടെ മുന്നിൽ സ്വയം സമർപ്പിക്കേണ്ടതിനു പകരം ഓരോ രാത്രിയിലും താൻ തന്റെ പാതിയാൽ തന്നെ പിച്ചി ചീന്തപെടുന്നു.. അസഹനീയമാണാ വേദന.. ശരീരരത്തേക്കാൾ ഏറെ ഹൃദയത്തെയാണ് അത് കീഴ് പെടുത്തുന്നത്.. ഒരിറ്റ് പോലും അനുകമ്പയോ സ്നേഹമോ സ്ത്രീ ആണെന്നൊരു പരിഗണനയോ പോലും താലി ചാർത്തിയവൻ കിടപ്പറയിൽ തന്നോട് കാണിക്കുന്നില്ലല്ലോ എന്ന് അവൾ ഓർത്തു.. വിശന്നു വലഞ്ഞ ചെന്നായയുടെ മുന്നിൽ പെട്ടൊരാട്ടിൻ കുട്ടി മാത്രമാണ് താനാ നേരങ്ങളിൽ എന്ന് തോന്നി അവൾക്ക്.. വസുവിനെ അത്രമേൽ അടുത്തറിഞ്ഞത് കൊണ്ട് നിഖിൽ എന്ന പുരുഷൻ ചന്ദനയെ സംബന്ധിച്ചിടത്തോളം വളരെ ഭീതിയേറിയതായിരുന്നു..

തന്നെ കൈ വെടിഞ്ഞില്ലായിരുന്നുവെങ്കിൽ.. തന്നെ മറന്നില്ലായിരുന്നുവെങ്കിൽ.. അവളുടെ ഹൃദയം തപിച്ചു കൊണ്ടേയിരുന്നു.. ** "നിന്റെ വീട്ടിലേക്ക് വന്നപ്പോഴേക്കും നീ എല്ലാം മറന്നോ..? അതോ ഇവിടെ എങ്ങനെ വേണേലും ആകാമെന്നാണോ..? ഇത്രേം തണുത്ത ചായ ആർക്കാണ് നീ കൊണ്ട് വച്ചിരിക്കുന്നത്..?" നിഖിൽ ചായക്കപ്പ് തറയിലേക്ക് വലിച്ചെറിഞ്ഞു.. ചന്ദന ചായയുമായി വരുമ്പോൾ നിഖിൽ കുളിക്കാൻ കയറിയിരുന്നു.. അന്നേരമതവിടെ ടേബിളിൽ വെച്ചു പോയതാണ്.. കുളി കഴിഞ്ഞുടനെ ചന്ദനയെന്ന കടുത്ത വിളി ഉയർന്നു.. ആ ഒപ്പം തന്നെ കപ്പ്‌ നിലത്തേക്കും.. ചന്ദന ഭയന്നു ഒരടി പുറകിലെക്ക് മാറി നിന്നു.. "ഞാൻ വേറെ എടുക്കാം.." ചന്ദന വിറയലോടെ പറഞ്ഞു.. "അപ്പോൾ ഇതാര് ക്ലീൻ ചെയ്യും..? നിന്റമ്മ ചെയ്യുമോ..? വേഗം വൃത്തിയാക്കി ഇടടി.." ആക്രോഷിച്ചു കൊണ്ട് മുഖമുയർത്തിയ നിഖിൽ കണ്ടത് വാതിൽ പടിക്ക് മുന്നിൽ നിൽക്കുന്ന തിലക രാമനെയും പാർവതിയെയുമാണ്.. നിഖിലിനു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..

ഏവർക്കും മുന്നിൽ അണിയുന്ന പതിവ് പുഞ്ചിരിയോടെ അവൻ പുറത്തേക്ക് ഇറങ്ങി വന്നു.. "എന്താ.. എന്താ നിഖിൽ..?" തിലക രാമൻ ആവലാതിയോടെ തിരക്കി.. "വിവാഹം കഴിച്ചു വിടുമ്പോൾ മകൾക്ക് കാര്യ വിവരങ്ങൾ ഒന്നും പഠിപ്പിച്ചു കൊടുത്തില്ലേ..? ഒന്നുമൊന്നും അറിയില്ലവൾക്ക്.. എത്രവട്ടം പറഞ്ഞു കൊടുത്താലും അശ്രദ്ധയാണ്.. കൂടുതൽ വട്ടം പറഞ്ഞു കൊടുക്കുവാൻ ഞാൻ താല്പര്യപെടുകയുമില്ല.. എനിക്ക് ദേഷ്യം വന്നാൽ ഇത് പോലെയിരിക്കും.." ഭാവഭേദമേതും കൂടാതെയാണ് നിഖിൽ പറഞ്ഞത്.. പാർവതിയുടെ മിഴികൾ ചന്ദനയിൽ മാത്രം തങ്ങി.. തന്റെ ഭീതിയും ആധിയുമെല്ലാം ഇത് മാത്രമായിരുന്നു.. അത് സത്യമായിരിക്കുന്നു.. പാർവതി നോവോടെ കണ്ണുകൾ ഇറുകെ അടച്ചു.. തിലകരാമൻ ചന്ദനയുടെ അരികിലേക്ക് നടന്നു.. "എന്തായിരുന്നു ഇവിടെ..? നിഖിൽ എന്താണ് പറഞ്ഞിട്ട് പോയത്..? നീ ഇപ്പോൾ അവന്റെ ഭാര്യയാണ്.. ഒരു വീടിന്റെ മരുമകൾ ആണ്.. എപ്പോഴും ആ ഓർമ്മയോട് കൂടി വേണം കാര്യങ്ങൾ പ്രവർത്തിക്കുവാൻ..

നിഖിലിന് ദേഷ്യമുണ്ടാകുന്നത് പോലെ ആകരുത് നിന്റെ പെരുമാറ്റങ്ങൾ.. ചെന്നു കയറിയിടത്തു വീട്ടുകാരെ പറയിപ്പിക്കരുത്.." അയാൾ താക്കീതോടെ പറഞ്ഞു.. ചന്ദനയ്ക്കു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. അല്ലെങ്കിലും ഇനി എന്ത് തോന്നുവാനാണ്..?? അത്രമേൽ മരവിച്ചു പോയിരുന്നു.. "ഞാൻ അപ്പോഴേ പറഞ്ഞതാണ് നല്ല ബുദ്ധി ചൊല്ലി കൊടുക്കണമെന്ന്.. അതെങ്ങനെയാണ്.? ആ സമയത്തു മകളെ പ്രേമിപ്പിക്കാൻ പഠിപ്പിക്കുന്ന തിരക്കിൽ ആയിരുന്നില്ലേ..? കേട്ടില്ലേ നിഖിൽ പറഞ്ഞത്.. ഇവളുടെ ഭാഗത്തു അത്രയേറെ അനാസ്ഥകൾ അവന്റെ കാര്യങ്ങളിൽ ഉണ്ടാകാറുണ്ട് എന്നല്ലേ അതിനർത്ഥം. ഇപ്പോഴും ആ അന്യജാതിക്കാരനെ ഓർത്തു നിൽക്കുകയാണോ നിന്റെ മകൾ.. അത് നല്ലതിനാവില്ലന്ന് പറഞ്ഞു കൊടുത്തേക്ക്.." പാർവതിയെ കടന്ന് പോകുമ്പോൾ കഠിന സ്വരത്തിൽ പറഞ്ഞയാൾ.. പാർവതി ഭിത്തിയിലേക്ക് ചാരി നിന്നു.. കഠിനമായി നെഞ്ച് വേദനിക്കുന്നത് പോലെ.. വസുദേവിന്റെ കടന്ന് വരവിൽ തീർച്ചയായും വിശ്വസിച്ചിരുന്നു തന്റെ മകൾ ഈ നരകത്തിൽ നിന്നും രക്ഷപെട്ടു പോകുമെന്ന്..

ഒരുവേള വസുവിനോട് വല്ലാത്ത അമർഷം തോന്നി പാർവതിയ്ക്ക്.. എന്തിനായിരിക്കാം അവളെ മോഹിപ്പിച്ചു കളഞ്ഞത്..? വെറുതെ നൂറായിരം പ്രതീക്ഷകളും സ്വപ്നങ്ങളും നൽകിയത്..? അതായിരിക്കില്ലേ തന്റെ മകളെ ഇപ്പോൾ മറ്റെന്തിനെക്കാളും ഏറെ നോവിക്കുന്നത്..? * "ചിഞ്ചു ചേച്ചി വരുമെന്ന് പറഞ്ഞിട്ട്.. എവിടെ..എത്തിയില്ലേ..?" വൈകുന്നേരം ട്യൂഷൻ കഴിഞ്ഞു വന്ന ചൈതന്യ തിരക്കി.. ചന്ദന അപ്പോൾ പിൻവരാന്തയിൽ വെറുതെ പാർവതിയുടെ മടിയിൽ തല ചായിച്ചിരിക്കുകയായിരുന്നു.. തിലക രാമനും നിഖിലും പുറത്ത് പോയിരുന്നു. "അവിടത്തെ വലിയമ്മച്ചിയ്ക്ക് സുഖമില്ല.. നെഞ്ച് വേദനയായി ഹോസ്പിറ്റലിലാണ്.. ചിഞ്ചു ഉച്ചയ്ക്ക് വിളിച്ചിരുന്നു.." പാർവതി പറഞ്ഞു. "അപ്പോൾ വരില്ല അല്ലേ...? കഷ്ടമായി.. ചിഞ്ചു ചേച്ചിയെ ഇന്നെങ്കിലും കാണാമെന്നോർത്തതാണ്.. അത്രയധികം മിസ്സ്‌ ചെയ്യുന്നുണ്ട്.. ചേച്ചിയുടെ കല്യാണത്തിനു പോലും വന്നില്ലല്ലോ.." "അത് എക്സാം ആയിരുന്നത് കൊണ്ടല്ലേ.." ചന്ദന പറഞ്ഞു. "ഉവ്വ.. അതെനിക്ക് അറിയാം എന്ത് കൊണ്ടാണെന്ന്..

എക്സാം അല്ലെങ്കിലും ചിഞ്ചു ചേച്ചി വരില്ലായിരുന്നു.. ചേച്ചിയെക്കാളും ചിഞ്ചു ചേച്ചിയ്ക്ക് ആയിരുന്നു ഈ കല്യാണത്തോട് എതിർപ്.. ചേച്ചിയുടെ സങ്കടം കാണാൻ വയ്യാത്തത് കൊണ്ടാണ് ചിഞ്ചു ചേച്ചി വരാഞ്ഞേ.." ചൈതന്യ പറഞ്ഞു.. അത് സത്യമാണെന്ന തോന്നലിൽ ആയിരുന്നു ചന്ദന.. "നിഖിൽ ഏട്ടൻ എന്ത്യേ..? നിഖിൽ ഏട്ടൻ ഫ്രണ്ട്ലി ഒക്കെയാണ് അല്ലേ ചേച്ചി..? ഞാൻ കരുതിയത് പോലെയല്ല.. ചേച്ചിയോടും ഞങ്ങളോടും സ്നേഹമാണ്.. വസു ചേട്ടനെ ഒരുപാട് ഇഷ്ടമായതു കൊണ്ടാണ് നിഖിൽ ഏട്ടനെ നമുക്ക് പെട്ടന്ന് ഇഷ്ട പെടാൻ പറ്റാതെ വന്നത്.." ചന്ദന വെറുതെ കേട്ട് ഇരുന്നതെ ഉള്ളു.. എന്താണ് പറയേണ്ടതെന്ന് നിശ്ചയമില്ലായിരുന്നു.. പാർവതിയും അതെ അവസ്ഥയിൽ തന്നെ.. രാവിലെ തങ്ങളുടെ മുന്നിൽ വെച്ചാണ് നിഖിൽ ചന്ദനയോട് അതുപോലെ പെരുമാറിയത്.. വീണ്ടും അത് ആവർത്തിക്കില്ലേ..?

എപ്പോഴും ആവർത്തിക്കില്ലേ..? അപ്പോൾ ചൈതന്യ അറിയുകില്ലേ..? സ്വന്തം അച്ഛന് പോലും അതിൽ വിഷമമോ പരാതിയോ ഇല്ല.. അവിടെയും ചിട്ടകളും ഉപദേശങ്ങളും താക്കീതുകളും മാത്രം.. പിന്നെയാണോ നിഖിൽ..? * "കാനഡയിൽ നിന്നും ഓഫർ വന്നിട്ടുണ്ട്.. ഞാൻ ഇവിടുന്ന് റിസൈൻ ചെയ്തു.. സാറ്റർഡേ ഈവെനിംഗ് ആണ് ഫ്ലൈറ്റ്.." രാത്രിയിൽ അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് വസു പറഞ്ഞത്.. "അതെന്താ ഇപ്പോൾ ഒരു പോക്ക്..? നിനക്ക് ഇതിന് മുന്നേയും എത്ര എത്ര ഓഫർസ് വന്നിട്ടുണ്ട്..? അന്നൊക്കെ നീ പറഞ്ഞത് നാട് വിട്ട് മറ്റെവിടെക്കും പോകുന്നില്ലന്നല്ലേ..?" രാധിക വേഗത്തിൽ തിരക്കി.. "നല്ല ഓഫറാണ് അമ്മ.. വിട്ട് കളയാൻ പറ്റില്ല.." കൂടുതൽ പറയുവാൻ വസു താല്പര്യപ്പെട്ടില്ല.. പിന്നെയും ചോദിക്കുവാൻ ഒരുങ്ങിയ രാധികയെ വിശ്വനാഥൻ കണ്ണുകൾ കൊണ്ട് വിലക്കി.. സാന്ദ്രയപ്പോൾ വലിയ സങ്കർഷത്തിലായിരുന്നു.. തൊട്ടു എതിർ വശത്തെ കസേരയിൽ ഉണ്ടെന്നാലും അറിയാതെ പോലും വസുവിന്റെ ഒരു നോട്ടം തന്നിലേക്ക് വീഴുന്നില്ലന്ന് കണ്ട സാന്ദ്രയുടെ ഉള്ളം ചുട്ട് പഴുത്ത ഈയം പോൽ ചൂടേറി കൊണ്ടിരുന്നു..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story