മണിവാക: ഭാഗം 63

manivaka

രചന: SHAMSEENA FIROZ

. വിവാഹം കഴിഞ്ഞു നാലാഴ്ചകൾ പിന്നിട്ടിരുന്നു എങ്കിലും വസുവും സാന്ദ്രയും അപരിചിതരെ പോലെ രണ്ട് മുറിയിൽ കഴിഞ്ഞു കൂടി.. പലയാവർത്തി വസുവിനോട് അടുക്കുവാൻ സാന്ദ്ര ശ്രമിച്ചുവെങ്കിലും ഒരു തരത്തിലും വസുവതിന് വഴങ്ങിയില്ല.. ഇനിയാർക്കും വികാര പരമായി തന്നെ തോല്പിക്കുവാൻ കഴിയുകില്ലന്ന് വസു തീരുമാനിച്ചുറപ്പിച്ചിരുന്നു.. അത്രമേൽ താൻ പരാജയപ്പെട്ടിരിക്കുന്നു എന്നവൻ ഓരോ നിമിഷത്തിലും നോവോടെ ഓർത്തു കൊണ്ടിരുന്നു.. "അതെന്താ പോകുന്ന വിവരം എന്നോട് പറയാത്തത്..? ഞാൻ അറിയേണ്ടതല്ലേ..? എന്തിനാണിപ്പോൾ തിരക്കിട്ടൊരു പോക്ക്.. എന്നെ ഒഴിവാക്കുവാനോ..?" വലിയ തയാറെടുപ്പുകൾ ഒന്നും ഇല്ലായിരുന്നു വസുവിന്.. ഇങ്ങനെയൊരു യാത്ര ആഗ്രഹിച്ചതുമല്ല.. എങ്കിലും ഇപ്പോൾ താൻ ഈ ദൂരം ആഗ്രഹിച്ചു പോകുന്നു.. വസ്ത്രങ്ങൾ ട്രോളി ബാഗിലെക്ക് എടുത്തു വെയ്ക്കുമ്പോഴാണ് സാന്ദ്രയുടെ ചോദ്യം.. മറുപടി പറയുവാൻ വസു മുതിർന്നില്ല.. സത്യത്തിൽ താല്പര്യപ്പെട്ടിരുന്നില്ല.. "ഞാൻ ചോദിച്ചത് കേട്ടില്ലേ..?" സാന്ദ്ര മുന്നിലേക്ക് വന്നു.. "പ്ലീസ്.. ലീവ് മി അലോൺ.. അൽപ്പ സമയം.. അൽപ്പ സമയമെന്നെ വെറുതെ വിടു സാന്ദ്ര.." "എപ്പോഴും ഇതുതന്നെയല്ലേ പറയുന്നത്..? എന്റെ ജീവിതത്തിന് ഒരു വിലയും ഇല്ലേ..?"

സാന്ദ്രയുടെ സ്വരം കടുത്തിരുന്നു.. "അപ്പോൾ എന്റെ ജീവിതത്തിനോ..? അതിനൊരു വിലയും ഇല്ലായിരുന്നോ സാന്ദ്രാ..? എന്റെ വേദനകൾക്ക് പോലും സ്ഥാനമില്ലായിരുന്നു.." വസുവിന്റെ ചുണ്ടുകളിൽ നിന്നുമൊരു വിഷാദ ചിരി പൊഴിഞ്ഞു. "ഇപ്പോൾ കാനഡയിലേക്ക് പോകുന്നത് എന്തിനാണ്..? എത്ര നാളത്തേക്കാണ്.. ഞാനിനി എന്ത് ചെയ്യണം..? അത് മാത്രമാണ് എനിക്ക് അറിയേണ്ടത്..?" സാന്ദ്ര ഉറച്ചു ചോദിച്ചു.. "അത് എന്നോടല്ല.. നീ നിന്നോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്.. വാശിയോടെ കൈക്കലാക്കുമ്പോൾ നീ എന്താണ് കരുതിയത്..? എക്കാലവും സന്തോഷത്തോടെ അനുഭവിക്കാമെന്നോ..? ഇങ്ങനെ ഒരവസ്ഥയിലൂടെ നീയും ഞാനും കടന്ന് പോകാതിരിക്കുവാൻ വേണ്ടിയാണു ഞാൻ തുടക്കത്തിലേ എതിർത്തത്.. നീ അറിയുക തന്നെ വേണം ഇതിന്റെ അനന്തര ഫലം.. അതാണ് നിനക്കുള്ള ശിക്ഷ.." "അത്രയ്ക്ക് വെറുത്തു പോയോ എന്നെ..? ഞാൻ കാത്തിരുന്നോളാം.. എത്ര കാലം വേണമെങ്കിലും.. ഞാൻ അത്രയേറെ സ്നേഹിച്ചു പോയി.. ഒരുമിച്ചൊരു ജീവിതം ആഗ്രഹിച്ചു പോയി..

ഒരിക്കലും നഷ്ടപെടുക എന്നൊന്ന് ഓർക്കുവാൻ കൂടി കഴിഞ്ഞിരുന്നില്ല.. അതുകൊണ്ടാണ്.." സാന്ദ്രയുടെ സ്വരം നേർത്തു പോയി.. കണ്ണുകൾ നിറഞ്ഞു.. "ഇത് വെറുപ്പല്ല സാന്ദ്ര.. പക്ഷെ സ്നേഹിക്കുവാനും ആകുകില്ല.. ഉണ്ടായിരുന്ന സ്നേഹത്തിനു ഒരിക്കലും ഈ അർത്ഥവുമായിരുന്നില്ല.. ചന്ദനയുടെ സ്ഥാനത്തു നിന്നെ കാണുവാൻ കഴിയുകില്ലാ.. ഹൃദയം അത്രമാത്രം അവളോട് ചേർന്ന് നില്കുന്നു.. എക്കാലവും അതങ്ങനെ തന്നെ ആയിരിക്കും.. ഞാൻ ഒരിക്കലും നിങ്ങളെല്ലാവരും എന്നോട് ചെയ്തത് പോലെ ഒന്നിനും നിന്നെ നിർബന്ധിക്കുകയോ ഒന്നിനോടും നിന്നെ ബന്ധിപ്പിക്കുകയോ ചെയ്യുകില്ല.. സ്വന്തം ഇഷ്ടത്തോടെ വന്നു കയറിയത് പോൽ തന്നെ എപ്പോൾ വേണമെങ്കിലും നിനക്ക് പിൻവാങ്ങാം.. ഈ ജന്മത്തിൽ മറ്റാർക്കൊപ്പവും ഇനിയൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല.." വസു തന്റെ ജോലിയിൽ വ്യാപൃതനായി.. സാന്ദ്ര അൽപ്പ നേരം അവിടെ അങ്ങനയേ നിന്നു.. എല്ലാമെല്ലാം പതിയെ ശരിയാകുമെന്നും കാത്തിരിപ്പ് ആവശ്യമാണെന്നും അവൾ സ്വന്തം മനസ്സിനെ വിശ്വസിപ്പിച്ചു..

എങ്കിലും പടിയിറക്കമില്ല.. അത്രമേൽ ആഗ്രഹിച്ചു നേടിയതാണ്.. ഈയൊരു ജന്മം മാത്രമല്ല.. വരും ജന്മങ്ങളിലും തനിക്ക് തന്നെ വേണം പാതിയായി.. പ്രാണനായി.. സാന്ദ്ര അങ്ങേയറ്റം പ്രണയത്തോടെ.. അതിലേറെ നിരാശയോടെ വസുവിനെ നോക്കി നിന്നു.. ** "സാന്ദ്ര പറഞ്ഞിരുന്നു.. എന്തുപറ്റി ഇപ്പോൾ പെട്ടെന്ന്..? സാന്ദ്രയാണോ കാരണം.." സണ്ണിയെ കാണുവാൻ ഹോസ്പിറ്റലിൽ വന്നതായിരുന്നു വസുദേവ്.. ഒരു യാത്ര പറച്ചിൽ എന്നോണം.. "വസൂ.." വസു മൗനമായിരിക്കുന്നത് കണ്ടു സണ്ണി വിളിച്ചു.. "നുണ പറഞ്ഞൊഴിഞ്ഞാൽ അത് വീണ്ടും മറ്റൊരു നുണയിൽ എത്തി ചേരും.. സാന്ദ്ര തന്നെയാണ് കാരണം.. എനിക്ക് പറ്റുന്നില്ല.." വസു നിസ്സഹായതയോടെ പറഞ്ഞു. "ഞാൻ അവളുടെ പക്ഷം ചേരുന്നതല്ല.. എങ്കിലും തോന്നുന്നു എല്ലാം ശെരിയാകുമെന്ന്.. ആവുമെടാ.. അവൾക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടായപ്പോൾ തിരുത്തുവാൻ ശ്രമിക്കുകയല്ലാതെ കൊല്ലുവാനോ കൊണ്ട് പോയി കളയുവാനോ കഴിയുകില്ലായിരുന്നു എനിക്ക്.. നിനക്ക് ഇപ്പോൾ ഈ അകൽച്ച ആവശ്യമാണെന്നാൽ നീ പൊയ്ക്കോളൂ..

ചിലപ്പോൾ അത് നല്ലതിനായിരിക്കാം.. അപ്പോഴേക്കും നിന്റെ മനസ്സ് സ്വസ്ഥമായേക്കാം.." സണ്ണി പറഞ്ഞു.. വസു വെറുതെ കേട്ടിരുന്നതേയുള്ളൂ.. "നിനക്ക് തിരക്കുണ്ടോ..? മൂന്നാല് പേഷ്യൻസ് കൂടെയുണ്ട്.. അത് കഴിഞ്ഞാൽ ഞാൻ ഇറങ്ങും.. " സണ്ണി തിരക്കി.. "ഞാൻ പോകുന്നു.. സമയമില്ല.. 6:30 ക്ക് ആണ് ഫ്ലൈറ്റ്.. നീ തിരക്കിട്ട് ഇറങ്ങേണ്ട.. ശരൺ ഉണ്ടല്ലോ.. സാന്ദ്രയ്ക്ക് നെക്സ്റ്റ് വീക്ക്‌ ക്ലാസ് തുടങ്ങുകയല്ലേ.. ക്ലാസ്സ്‌ മിസ്സ്‌ ചെയ്യണ്ടന്ന് പറയണം.. പഠിക്കട്ടെ നല്ലത് പോലെ.. ഒന്നിന്റെ പേരിലും ഉഴപ്പി കളയരുതെന്ന്.. ഞാൻ ഇറങ്ങട്ടെ.." വസു എണീറ്റു.. "ഉടനെ വന്നേക്കണം.. മിസ്സ്‌ ചെയ്യും.. സേഫ് ഫ്ലൈറ്റ്.." സണ്ണി വസുവിനെ ഇറുകെ പുണർന്നു.. എന്തുകൊണ്ടോ സണ്ണിയുടെ കൺകോണിൽ നനവ് പടർന്നിരുന്നു.. വസുവിനു ആണേൽ കണ്ണീരു പോലും തന്നിൽ നിന്നകന്നത് പോലെയായിരുന്നു.. * "അശ്രീകരം.. ഈ നേരത്താണോ എണീറ്റ് വരുന്നത്.. നീയിതൊന്നും കാണുന്നില്ലേ സുനിതേ..?" തലേ ദിവസം നല്ല പനിയും തലവേദനയും അതിന്റെയൊപ്പം നിഖിലിന്റെ പതിവ് ഉപദ്രവങ്ങളുമായതിനാൽ ചന്ദന രാവിലെ ഉണരുവാൻ വൈകിയിരുന്നു..

അത്രമേൽ ക്ഷീണിതയായിരുന്നു അവൾ.. കുളി കഴിഞ്ഞടുക്കളയിലേക്ക് വന്ന ചന്ദനയെ കണ്ടു നിഖിലിന്റെ അച്ഛൻ പെങ്ങളാണ് അത് പറഞ്ഞത്.. ഇന്നലെ ഉച്ചയ്ക്ക് വന്നതാണ് അവരും കുടുംബവും.. അതുകൊണ്ട് ഇന്നലെ ജോലി ഭാരവും കൂടുതലായിരുന്നു ചന്ദനയ്ക്ക്.. "നിനക്ക് നേരത്തിനും കാലത്തിനും എഴുന്നേറ്റു വന്നുകൂടെ.. ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുവാൻ.. അതെങ്ങനെയാണ്.. വീട്ടിൽ പഠിച്ച ശീലമല്ലേ ഇവിടെയും പാലിക്കുകയുള്ളൂ.. വൈകി എഴുന്നേൽക്കുന്ന സ്ത്രീകൾ വീടിനു ഐശ്വര്യ കേടാണ്.. ദുശകുനങ്ങൾ വരുത്തി വെയ്ക്കുവാൻ വേണ്ടി ഓരോന്ന് ചെയ്തു വച്ചോളും.." നിഖിലിന്റെ അമ്മ സുനിതയുടെ മുഖവും കടുത്തു.. ഒന്നുറക്കെ കരയണമെന്ന് തോന്നി ചന്ദനയ്ക്ക്.. ഈ വീട്ടിൽ വന്നിട്ട് ഇത്രേം മാസങ്ങൾക്കുള്ളിൽ ആദ്യമായിട്ടാണ് വൈകി എഴുന്നേൽക്കുന്നത്.. അല്ലാത്ത ദിവസങ്ങളിൽ ആദ്യം ഉണരുന്നതും അടുക്കള മുതൽ എതിർ വശം മുറ്റം വരെയുള്ള എല്ലാ ജോലികളും ചെയ്തു തീർക്കുന്നതും താൻ ആണ്.. രാത്രിയിൽ അത്താഴം കഴിഞ്ഞു പാത്രങ്ങൾ കഴുകി അടുക്കള ഒതുക്കി കഴിയുമ്പോൾ മാത്രമാണ് ആ ജോലികൾ അവസാനിക്കുന്നത്..

ഈ വീട്ടിൽ ഒരു ജോലിക്കാരിയുടെ സ്ഥാനം മാത്രമേ തനിക്ക് ഉള്ളു എന്നത് ഓർക്കേ അറിയാതെ തന്നെ ചന്ദനയുടെ കണ്ണുകൾ നിറഞ്ഞു.. അപ്പായ്ക്ക് താൻ അത്രേം വലിയൊരു ബാധ്യത ആയിരുന്നോ..? ഇത് വല്ലതും അപ്പ അറിയുന്നുണ്ടോ..? അറിഞ്ഞാൽ തന്നെ വിശ്വസിക്കുമോ..? സ്വന്തം അപ്പായ്ക്ക് പോലും വേണ്ടാത്തവളെയാണോ ഇനി ഇവർക്ക് വേണ്ടുക..? വിധിയാണ്.. തന്റെ വിധി.. അനുഭവിച്ചു തീർക്കുക തന്നെ.. ആരോടും പരാതി തോന്നിയില്ലവൾക്ക്.. അല്ലെങ്കിലും പരാതി പറഞ്ഞൊ പരിഭവിച്ചോ ശീലമില്ലാത്തവളാണ്.. "ഇനി അവിടെ ശില കണക്കെ നിന്നോ.. ആ മുറ്റമടിച്ച് വാരുവാനും തൊഴുത്തു വൃത്തിയാക്കി ഇടുവാനും നിന്റെ വീട്ടീന്ന് ആള് വരുമോ..? എന്നും ചെയ്യുന്ന ജോലികൾ അല്ലേ..? അത് വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു തരണോ നിനക്ക്..? ഏതു നേരം നോക്കിയാലും ഇങ്ങനെ കണ്ണീരും ഒലിപ്പിച്ചു നിന്നോളും.. അതിനും മാത്രമെന്താണ് നിനക്ക് ഇവിടെയൊരു കുറവ്..? " സുനിതയുടെ ശബ്ദമുയർന്നു.. ചന്ദന വേഗത്തിൽ പിൻവരാന്ത വഴി പുറകു വശത്തേക്ക് ഇറങ്ങി മുറ്റം തൂക്കുവാൻ തുടങ്ങി..

"കല്യാണം കഴിഞ്ഞു മാസമിത്രേമായില്ലേ..? അവൾക്ക് വിശേഷമൊന്നുമായില്ലേ..?" നിഖിലിന്റെ അപ്പച്ചി സംശയത്തോടെ നെറ്റി ചുളിച്ചു.. "എവിടുന്ന്..? ഇനി വല്ല മച്ചിയുമാണോ എന്നാണെന്റെ പേടി..? എന്നാൽ അവളെ പൊറുപ്പിക്കല്ല ഞാൻ ഇവിടെ.." "നിഖിലിന് എന്തിന്റെ കേടായിരുന്നു.. കാണാൻ കൊള്ളാവുന്നത് കൊണ്ട് മാത്രം കാര്യമില്ല.. ഞാൻ എത്ര പറഞ്ഞതാണ് എന്റെ രശ്മിയെ അവന് വേണ്ടി.. അപ്പോഴവനു ഇവളെ തന്നെ വേണം.. ഇനി എന്തുണ്ടെലും അനുഭവിച്ചോ.. " "ആരോടു പറയാനാണ് ചേച്ചി..?എനിക്കും രശ്മി മോളെ തന്നെ ആയിരുന്നു താല്പര്യം.. നിഖിൽ ഇവളെ പണ്ടെങ്ങോ കണ്ടു ഇഷ്ടപ്പെട്ടതാണ്.. ഇവളെ തന്നെ വേണമെന്ന് പറഞ്ഞു വാശി പിടിച്ചത് കൊണ്ടാണ് ഞാൻ സുമിത്രയോടും സേതുരാമനോടും സംസാരിച്ചത്.. അവനെ പറഞ്ഞിട്ടും കാര്യമില്ല.. അത്രയ്ക്ക് സൗന്ദര്യമല്ലേ ഇവൾക്ക്..

ഏതൊരാണ് കണ്ടാലും ഒന്നിഷ്ടപ്പെട്ടു പോകും.. അതിന്റെ കൂടെ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൂടെ ഉണ്ടായാൽ മതിയായിരുന്നു.." സുനിത നെടുവീർപ്പിട്ടു.. ആ സംഭാഷണം മുഴുവൻ ചന്ദന കേൾക്കുന്നുണ്ടായിരുന്നു.. കിടപ്പ് മുറിയിൽ താൻ അനുഭവിക്കുന്നതെന്തെന്നു ഓർക്കേ തന്നെ ചന്ദനയ്ക്ക് തല കറങ്ങി.. അതോടൊപ്പം ഓക്കാനവും വന്നു.. അത്രയ്ക്ക് വേദന.. നിസ്സഹായത.. തളർച്ച.. അറപ്പ്.. വെറുപ്പ്.. താൻ ഇപ്പോൾ ശ്വസിക്കുന്നത് പോലും മൂത്ര ചൂരയുടെ ഗന്ധമാണെന്ന് തോന്നി അവൾക്ക്.. കണ്ണുകൾ ഇറുകെ ചിമ്മി അവൾ മനസ്സിനെ നിയന്ത്രണപ്പെടുത്തി.. അപ്പോഴും നാണം കൊണ്ട് ചുവക്കേണ്ട കവിളിണകൾ കണ്ണീരിൽ കുതിർന്നു കൊണ്ടേയിരുന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story