മണിവാക: ഭാഗം 64

manivaka

രചന: SHAMSEENA FIROZ

രാത്രിയിൽ എബ്രഹാമിന്റെ കാൾ വന്നു പുറത്തേക്ക് ഇറങ്ങി നിന്നതാണ് ചിഞ്ചു.. മുറിയിൽ നെറ്റ് വർക്ക്‌ കുറവായിരുന്നു.. കാൾ ഡിസ്‌ക്കണക്ട് ചെയ്തിട്ടും അൽപ്പ നേരം അവിടെ അങ്ങനെയേ നിന്നു അവൾ.. പെട്ടെന്നാണ് വയറിനു മീതെ രണ്ട് കൈകൾ അമർന്നത്.. ചന്ദനയും ചൈതന്യയുമല്ലന്ന് അവൾ ഞൊടിയിടയിൽ തിരിച്ചറിഞ്ഞു.. പകപ്പോടെ അകന്നു മാറി തിരിഞ്ഞു നോക്കുമ്പോൾ തൊട്ട് പുറകിൽ നിഖിൽ നിൽപ്പുണ്ട്.. "സോറി.. ഞാൻ ചന്ദനയാണെന്ന് കരുതി.." നിഖിൽ ക്ഷമാപണം നടത്തി.. "ചന്ദു..ചന്ദു അകത്തില്ലേ..?" ചിഞ്ചു സംശയിച്ചു.. "മുറിയിൽ കാണാനില്ല.. അപ്പോൾ ഞാൻ കരുതി ഇവിടെ നിൽക്കുകയാണെന്ന്.. " "ചൈതുവിന്റെ അടുത്ത് കാണും.." ചിഞ്ചു തിടുക്കത്തിൽ അകത്തേക്ക് പോകുവാൻ തുനിഞ്ഞു.. എന്തുകൊണ്ടോ.. ചിഞ്ചുവിന് നിഖിലിനരികിൽ നിൽക്കുവാൻ തോന്നിയില്ല.. "അതെന്താടോ അങ്ങനൊരു പോക്ക്.. ഒന്നുമില്ലേലും ഒരു പരിചയപ്പെടൽ എങ്കിലും ആവാം.." നിഖിൽ ചിഞ്ചുവിന്റെ മുന്നിൽ കയറി നിന്നു..

"ഞാൻ ചന്ദനയുടെ കസിൻ സിസ്റ്റർ ആണ്.. പേര് ചഞ്ചല.." ചിഞ്ചു പറഞ്ഞു.. "അതറിയാം.." നിഖിൽ ചിരിച്ചു.. പിന്നെന്താണ് എന്നുള്ള അർത്ഥത്തിൽ ചിഞ്ചു നിഖിലിന്റെ മുഖത്തേക്ക് നോക്കി.. അവന്റെ അന്നേരത്തെ ഭാവവും കണ്ണുകളുടെ ചലനവും ചുണ്ടിലെ ചിരിയുമൊന്നും ചിഞ്ചുവിന് ഉൾകൊള്ളുവാൻ കഴിഞ്ഞില്ല.. വല്ലാത്തൊരു അറപ്പ് ഉളവാക്കി.. അവന്റെ മുന്നിൽ നിന്ന് എങ്ങനെയെങ്കിലും നീങ്ങി കിട്ടുവാൻ ആഗ്രഹിച്ചു.. അപ്പോൾ ചന്ദു..? അവള് പറഞ്ഞതെല്ലാം നുണയാണോ..? നിഖിൽ ഇങ്ങനെയൊരു സ്വാഭാവക്കാരൻ ആണോ..? ചിഞ്ചുവിന്റെ ഉള്ളൊന്ന് കിടുങ്ങി.. തന്റെ തോന്നൽ മാത്രമാണോ ഇനി..? അപ്പോഴേക്കും അതിനെ ശെരി വെച്ചു കൊണ്ട് നിഖിലിന്റെ ശ്വാസം ചിഞ്ചുവിന്റെ മുഖത്ത് തട്ടിയിരുന്നു.. അത്രയും അവളുടെ അരികിലേക്ക് നീങ്ങി വന്നിരുന്നു അവൻ.. ഒരെണ്ണം കൊടുക്കുവാൻ കൈ നിവർന്നു എങ്കിലും എന്തോ ഓർമയിൽ ചിഞ്ചുവതു പിൻവലിച്ചു.. കാര്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർത്തു അവൾ..

"ഞാൻ അകത്തേക്ക് ചെല്ലട്ടെ.. നമുക്ക് വിശദമായി പിന്നീട് പരിചയപ്പെടാം.." അവസാനം പറഞ്ഞതിലൊരു താക്കീത് ഉണ്ടായിരുന്നു.. അതു നിഖിലിന് മനസ്സിലാവുകയും ചെയ്തു.. എന്നിരുന്നാലും അവനതൊരു വശ്യമായ ചിരിയോടെ നേരിട്ടു.. * മുറിയിൽ കയറിയ ചിഞ്ചുവിന് ഒരു തരത്തിലും സമാധാനിക്കുവാൻ സാധിച്ചില്ല.. ചന്ദുവിനോട് ഇപ്പോൾ തന്നെ എല്ലാം ചോദിച്ചു അറിയണമെന്ന തീരുമാനത്തോടെ ചന്ദുവിന്റെ മുറി വാതിൽക്കൽ എത്തിയതും നിഖിൽ കാറ്റു പോലകത്തേക്ക് കടന്നതും ഒരുമിച്ചായിരുന്നു.. "സോറി.. ഇന്നിനി ടൈം ഇല്ല കേട്ടോ.. ഇപ്പോൾ തന്നെ ലേറ്റ് ആണ്.. ഭാര്യയെ സ്നേഹിക്കുവാൻ കിട്ടുന്ന സമയങ്ങളിലൊരു മിനുട്ട് പോലും നഷ്ടപ്പെടുത്തുവാൻ ഞാൻ താല്പര്യപ്പെടുന്നില്ല.. ചന്ദന എന്നെ കാത്തിരുന്നു മുഷിഞ്ഞു കാണും.." പറയുന്നതിന് ഒപ്പം തന്നെ നിഖിൽ മുറി വാതിൽ ചേർത്തടച്ചു.. ആ നേരത്ത് ചിഞ്ചുവിനു മനസ്സിലാക്കുവാൻ പാകത്തിനൊരു വിജയ ചിരിയുണ്ടായിരുന്നു നിഖിലിന്റെ ചുണ്ടുകളിൽ.. മുഖത്തേക്ക് അടി കിട്ടിയത് പോലെ തോന്നി ചിഞ്ചുവിന്..

കലുഷിതമായ മനസ്സോടെയവൾ പാർവതിയ്ക്ക് അരികിലേക്ക് നടന്നു.. ആദ്യമൊന്നും പറയുവാൻ തയാറായില്ല എങ്കിലും പാർവതി ഓരോന്നും പറഞ്ഞു.. കൂടുതൽ അറിവ് പാർവതിക്കും ഇല്ലായിരുന്നു.. ചന്ദന പറഞ്ഞറിഞ്ഞുള്ളത് മാത്രമേയുള്ളു.. ചന്ദനയാണെങ്കിൽ അത്രയേറെ തുറന്ന് പറഞ്ഞിട്ടില്ല താനും.. കുഞ്ഞ് നാള് മുതലേ എന്തുണ്ടെങ്കിലും മനസ്സിൽ ഒതുക്കുവാനും ശാന്തമായി നില കൊള്ളുവാനുമാണ് അവൾ ശീലിച്ചത്.. ഇന്നും അതു തുടർന്ന് പോകുന്നു.. വിവാഹം കഴിഞ്ഞന്ന് മുതൽ ചന്ദന അനുഭവിക്കുന്ന പീഡനങ്ങൾ പാർവതിയുടെ വിങ്ങി പൊട്ടിയുള്ള വാക്കുകളിൽ നിന്നും ചിഞ്ചു അപ്പൊഴെന്ന പോൽ മുന്നിൽ കണ്ടു.. ഗാർഹികമായി. മാനസികമായി.. ശാരീരികമായി.. അത്രമേൽ ചന്ദുവിനെയവര് കൊല്ലാതെ കൊന്നിരിക്കുന്നു.. അത്രത്തോളം അവളു സഹിച്ചൊതുക്കി പിടിച്ചിരിക്കുന്നു.. ചിഞ്ചു തളർച്ചയോടെ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നു.. ഒരു ഗദ്ഗദം അവളുടെ തൊണ്ടക്കുഴിയിൽ കുരുങ്ങി നിന്നു.. ഒരുകാലത്തും നീ ഈ പാപത്തിൽ നിന്നും കര കയറുകില്ലെന്നവളുടെ മനസ്സ് അവളോട് ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.. രണ്ട് കൈകൾകൊണ്ടും കാൽമുട്ടുകൾ കൂട്ടി പിടിച്ചതിലേക്ക് മുഖം പൂഴ്ത്തി.. നെഞ്ച് പൊട്ടിയുള്ളൊരു കരച്ചിലിനെന്ന പോൽ..

എങ്കിലും നീ മാപ്പർഹിക്കുന്നില്ല ചിഞ്ചു.. ഹൃദയം വീണ്ടുമവൾക്ക് എതിരായി വന്നു നിന്നു.. ഈ നിമിഷം മരിച്ചു മണ്ണോടു ചേർന്ന് പോയെങ്കിൽ എന്നവൾ അതിയായ് ആഗ്രഹിച്ചു.. ** ക്ലാസ് തുടങ്ങിയത് കാരണം സാന്ദ്ര ഇപ്പോൾ തന്റെ വീട്ടിലാണ് താമസം. അവിടെ നിന്നുമാണ് പോയി വരാൻ എളുപ്പം.. പെട്ടെന്നുള്ള വസുവിന്റെ യാത്ര തെരേസയെ ചൊടിപ്പിച്ചിരുന്നു.. സാന്ദ്രയെ ഒഴിവാക്കുവാൻ വേണ്ടിയാണ് ഇപ്പോൾ വസു പോയതെന്ന് തെരേസയ്ക്ക് നന്നായി അറിയാമായിരുന്നു.. ഇത്രേം ദിവസങ്ങൾ ആയിട്ടും ഒരു തരത്തിലും വസു സാന്ദ്രയെ ഉൾക്കൊണ്ടില്ലന്നതും തെരേസയ്ക്ക് വലിയ വിഷയമാണ്... എപ്പോഴുമെപ്പോഴും അതേ ചൊല്ലി സാന്ദ്രയെ വഴക്ക് പറയുകയും ഉപദേശിക്കുകയുമാണ് തെരേസ ചെയ്യാറ്.. "വസു നിനക്ക് വിളിക്കാറില്ലേ..?" ഒരുദിവസം രാവിലെ കോളേജിലേക്ക് പോകാനൊരുങ്ങി താഴേക്ക് വന്ന സാന്ദ്രയോട് തെരേസ ചോദിച്ചു.. "മ്മ്.. വിളിക്കാറുണ്ട്.." സാന്ദ്ര പറഞ്ഞൊപ്പിച്ചു.. "എപ്പോഴൊക്കെ..?" തെരേസ സാന്ദ്രയെ ചൂഴ്ന്നു നോക്കി..

"അങ്ങനെ എല്ലാ ദിവസങ്ങളുമൊന്നും വിളിക്കാറില്ല.. ക്ലാസ് തുടങ്ങുന്ന അന്ന് വിളിച്ചിരുന്നു.. കോളേജിൽ പോകണമെന്ന് പറയാൻ.." സാന്ദ്ര ബാഗ് ടേബിളിലേക്ക് വെച്ചു ഒരു കസേര വലിച്ചിട്ടിരുന്നു.. തെരേസയ്ക്ക് മുഖം കൊടുത്തില്ല അവൾ.. സണ്ണി അൽപ്പം മുൻപാണ് കഴിക്കാൻ ഇരുന്നത്.. അവൻ അവരുടെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്നു.. "എന്നിട്ടു നീയതും സമ്മതിച്ചങ്ങു ഫോൺ വെച്ചോ.. ഇങ്ങനെ ആയാൽ അവൻ ഒരു കാലത്തും നിന്നെ പരിഗണിക്കുവാൻ പോകുന്നില്ല.. മുൻപ് കെട്ട് കഴിയാതെ നീയിവിടെ അവനെ ഓർത്തു കഴിഞ്ഞു.. ഇപ്പോ കഴുത്തിലൊരു മിന്നും വെച്ചു അവനേം ഓർത്തു ഇരിക്കുന്നു.. അതേ ഉള്ളൊരു വ്യത്യാസം.. നീ എക്കാലവും ഇങ്ങനെ ഇരിക്കത്തെയുള്ളൂ.. ആദ്യമൊരു അയ്യര് പെണ്ണ്.. ഇനി വരുമ്പോൾ ഏതേലും സായ്പ്പത്തി പെണ്ണ് ആയിരിക്കും കൂടെ.. മറക്കണ്ട നീ.." അമർഷത്തോടെയാണ് തെരേസ സാന്ദ്രയ്ക്ക് അപ്പവും കറിയും വിളമ്പി നൽകിയത്.. "അമ്മച്ചി ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ..? രാവിലെ തന്നെ.. വേണ്ടാത്തത് ഓരോന്ന് പറയരുത്..

വസു അങ്ങനൊരുത്തനല്ല.. അതമ്മച്ചിക്കും കൂടെ അറിയാവുന്നോണ്ടാണ് സാന്ദ്രയെ വസുവിനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കണമെന്ന് അമ്മച്ചി വാശി പിടിച്ചത്.. എന്നിട്ടിപ്പോ കുറ്റം അവനായോ..? നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചത് പോലെ നിർബന്ധിച്ചു സ്നേഹിപ്പിക്കാൻ പറ്റുമോ..? ഞാൻ അപ്പോഴേ പറഞ്ഞതാ സ്നേഹവും സ്ഥാനവുമൊന്നും പിടിച്ചു വാങ്ങിക്കാൻ സാധിക്കില്ലന്ന്.. നമ്മളെ പോലെയൊക്കെ അവനുമൊരു മനുഷ്യനാണ്.. അവനൽപ്പം സമയ ആവശ്യമായ് വരും.. അതിനാണ് ഇപ്പോൾ ഇങ്ങനെ ഒരു അകലം പാലിക്കുന്നതും.. അതെങ്കിലും അമ്മച്ചി ഒന്ന് മനസ്സിലാക്കു.." സണ്ണി കഴിപ്പ് മതിയാക്കി എഴുന്നേറ്റു പോയി. "ഞാൻ അവനെ പറയുമ്പോ നിനക്ക് പൊള്ളുന്നുണ്ട്.. നിന്റെ അനുജത്തിയുടെ ജീവിതമാണ്.. അതെവിടേം തൊടാതെ ഇങ്ങനെ അങ്ങ് പോട്ടെന്നാണോ.?" തെരേസ സണ്ണിയ്ക്ക് പുറകെ ചെന്നു.. "ഇപ്പോഴാണോ അതേ കുറിച്ചൊക്കെ അമ്മച്ചിക്ക് ബോധം വന്നു തുടങ്ങിയത്..? നിങ്ങൾ ആവശ്യപ്പെട്ടത് പോലെ സാന്ദ്രയ്ക്ക് ഞാൻ അവനെ നേടി കൊടുത്തു..

ഇനി അവനോട് സാന്ദ്രയെ സ്നേഹിക്ക് എന്നും പറഞ്ഞു ആ സ്നേഹം പിടിച്ചെടുത്തു ഇവൾക്ക് കൊടുക്കാൻ എനിക്ക് പറ്റുമോ..? എന്ത് ഉണ്ടേലും നീ അനുഭവിച്ചോണം സാന്ദ്രാ.. ഞാൻ അത്രമാത്രം എതിർത്തതും പറഞ്ഞതുമാണ്.. ഇനിയൊന്നിനും എന്നെ വലിച്ചിടണ്ട.. ഈയൊരു വിഷയം പറഞ്ഞു അവനെ ഇനിയും ഡിസ്റ്റർബ് ചെയ്യാൻ എനിക്ക് പറ്റില്ല.. അവൻ വരുമ്പോൾ വരട്ടെ.. നീ കാത്തിരിക്കണം സാന്ദ്ര.. കാത്തിരുന്നേ മതിയാകു.. വരുന്നുണ്ടേൽ വേഗം കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്.. എനിക്ക് ലേറ്റ് ആകും.. " സണ്ണി തന്റെ ഫോണും ബാഗും എടുത്തു ഹാളിലേക്ക് കടന്നു.. "അവൻ അങ്ങനൊക്കെ പറയും.. നീ അത് കേട്ടൊന്നും ഇരുന്നേക്കരുത്.. നമുക്ക് വേണ്ടത് നമ്മള് തന്നെ നേടണം.. ഇങ്ങനെ അകന്നിരുന്നാൽ ഒന്നും നടക്കില്ല സാന്ദ്രാ.. അതു കൂടുതൽ വിടവ് സൃഷ്ടിക്കുകയെ ചെയ്യുള്ളു.." തെരേസ സാന്ദ്രയ്ക്ക് തൊട്ടരികിലെ കസേരയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.. "ഞാൻ എന്ത് ചെയ്യാനാണ് അമ്മച്ചി..? ഞാൻ കൂടെ കൂടെ വിളിക്കുവേം മെസ്സേജ് അയക്കേമൊക്കെ ചെയ്യുന്നുണ്ട്..

പക്ഷെ റെസ്പോണ്ട് ചെയ്യണ്ടേ..? എണ്ണി പെറുക്കി ഓരോ റിപ്ലൈ.. അത്രമാത്രേ എനിക്ക് കിട്ടാറുള്ളു.. ഏതായാലും ഇങ്ങനെ അകന്ന് ഇരിക്കാനൊന്നും ഞാൻ ഒരുക്കമല്ലാ.. രാധികാന്റിയോട് പറഞ്ഞു എങ്ങനേലും ദേവേട്ടനെ പെട്ടെന്ന് വരുത്തിക്കണം.. ഞാൻ സങ്കടം പറഞ്ഞു കരഞ്ഞാൽ ഉറപ്പായും ആന്റിക്കും അങ്കിൾനും വിഷമമാകും.. അപ്പോൾ ദേവേട്ടനോട് വരുവാൻ പറയും.. അല്ലേൽ എന്നെ കൊണ്ട് പോകുവാൻ.. ഏതായാലും കാര്യങ്ങൾ അവിടേം വരെ എത്തിക്കണം.. നേടിയെടുത്തില്ലേ.. ഇനിയിപ്പോ നില നിർത്തേണ്ടത് എന്റെ ആവശ്യമാണല്ലോ.." "മ്മ്.. നല്ല പോലെ നോക്കിയും കണ്ടുമൊക്കെ പെരുമാറുകയും പ്രവർത്തിക്കുകയുമൊക്കെ ചെയ്.. രാധികയ്ക്ക് സ്നേഹവും ഇഷ്ടവുമൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.. അതെപ്പോ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം.. അതിന് അധിക സമയമോ വലിയ സംഭവങ്ങളോ വേണമെന്നില്ല.. അതോണ്ടാ പറയുന്നേ.. നല്ലൊതുക്കത്തിലും സ്നേഹത്തിലും വേണം അവിടെ കഴിയുവാൻ.. ഇന്ന് നീ അങ്ങോട്ട് പൊയ്ക്കോ..

തിങ്കളാഴ്ച വൈകുന്നേരം വന്നാൽ മതി ഇനി.. അതാവുമ്പോ രാധികയ്ക്ക് അങ്ങനൊരു പരാതിക്കും ഇടയുണ്ടാകില്ല.." തെരേസ സാന്ദ്രയ്ക്ക് വിശദീകരിച്ചു നൽകി.. "സാന്ദ്രാ.. നീ വരുന്നുണ്ടോ...?" സണ്ണി ഹോൺ മുഴക്കി... "ഞാൻ ഇറങ്ങുവാ അമ്മച്ചി.. അപ്പോ തിങ്കളാഴ്ച കാണാം.. വിളിച്ചേക്കാം കേട്ടോ.." വേഗത്തിൽ കൈ കഴുകി യാത്ര പറഞ്ഞവൾ കാറിൽ കയറി.. ** ( Present ) "ദേവേട്ടൻ വന്നില്ലേ..? അതെന്താണ് വരാത്തത്..? നിങ്ങൾ ആരും പറഞ്ഞില്ലേ ഞാൻ കാത്തിരിപ്പ് ആണെന്ന്..?" യാതൊരു ഭാവവും പരിചയവും കൂടാതെ ചുറ്റിലും കണ്ണോടിച്ചു കൊണ്ട് ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും തിരക്കുന്നവളെ കണ്ടു പാർവതി സാരി തലപ്പ് കൊണ്ട് ചുണ്ടുകൾ അമർത്തി പിടിച്ചു കരച്ചിൽ ഒതുക്കി.. "ഇനി എന്നാണ് വരുക..? അതോ ഇനി വരില്ലേ..? ചന്ദനയെ വേണ്ടേ അപ്പോൾ..? വിവാഹം കഴിഞ്ഞുവോ..? നുണയല്ലേ അത്..? എനിക്ക് അറിയാം എത്ര അകലെ ആണേലും എന്നെ മറക്കില്ലന്ന്.. വെറുതെ എല്ലാരും ചേർന്ന് എന്നെ പറ്റിച്ചതാണ്.." ആരോടെന്നില്ലാതെ ചന്ദന പറഞ്ഞു കൊണ്ടിരുന്നു..

തന്റെ മകൾക്ക് ഇന്ന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുവാൻ താനാണ് കാരണക്കാരൻ എന്ന ഹൃദയഭാരത്താലെ തിലകരാമൻ ഒരരുകിലേക്ക് ഒതുങ്ങി നിന്നു കണ്ണീർ വാർത്തു.. കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് ചന്ദനയെ കൊണ്ട് വന്നു രണ്ടാഴ്ച കഴിഞ്ഞുവെന്നാലും ഇന്നാണ് തിലക രാമനും പാർവതിയും വരുന്നത്.. ഈ ദിവസങ്ങൾ അത്രയും എബ്രഹാമാണ് അവരെ വിലക്കിയത്.. പക്ഷെ ഇനിയും ചന്ദനയെ കാണാതെ ഇരിക്കുവാൻ അവർക്ക് കഴിയുമായിരുന്നില്ല. ഇത്രയും കാലം പുറത്തെ ചികിത്സയിലായിരുന്നു.. പതിമൂന്ന് മാസങ്ങൾക്ക് ശേഷമാണു ചന്ദനയെ ഇപ്പോൾ കാണുന്നത്.. അന്ന് വിദേശത്തേക്ക് കൊണ്ട് പോകുമ്പോൾ ഉണ്ടായ അതേ അവസ്ഥയിൽ തന്നെയാണ് ചന്ദന ഇപ്പോഴും എന്നത് പാർവതിയെ കൂടുതൽ തളർത്തി കളഞ്ഞു.. എബ്രഹാം അവളെ ഏറ്റെടുക്കുമ്പോൾ അത്രയേറെ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നു.. ഏതു കേസുകളിലും കുറഞ്ഞ സമയം കൊണ്ട് നൂറു ശതമാനം വിജയം കൈ കൊള്ളുന്നയാളാണ് Dr. എബ്രഹാം ജോസഫ്.. എന്നിട്ടും തന്റെ മകളുടെ കാര്യത്തിൽ..

ആ മനസ്സിന് അത്രമാത്രം ക്ഷതമേറ്റിരിക്കുന്നു എന്നല്ലേ..? ഇനി എന്താണ് അതിനൊരു മരുന്ന്..? പാർവതി അങ്ങേയറ്റം വേദനയോടെ ഓർത്തു നിന്നു.. പെട്ടന്നാണ് ആരും നിനച്ചിരിക്കാതെ ചന്ദന ഉറക്കെ കരയുവാനും മുടിയിഴകൾ പിച്ചി പറിക്കുവാനും തുടങ്ങിയത്.. "മോളെ..." പാർവതിയുടെ ഹൃദയം തപിച്ചു.. തിലക രാമൻ അരികിലേക്ക് ചെന്നടുത്തതും ചന്ദന അയാളെ പിടിച്ചാഞ്ഞു തള്ളുകയും ഓടി ചെന്നു ജനൽ കമ്പികളിൽ പിടി മുറുക്കി അതിലേക്ക് നെറ്റിയിടിച്ചു പദം പറഞ്ഞു കരയുവാനും തുടങ്ങി.. കണ്ടു നിൽക്കാൻ വയ്യെന്നത് പോലെ പാർവതി മിഴികൾ ഇറുകെ ചിമ്മി.. എബ്രഹാം അപ്പോഴേക്കും സമാധാന പരമായി അവളെ നേരിടുകയും സ്വാഭാവികതയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.. ആ നേരമൊന്നും ചന്ദനയുടെ മിഴികൾ ആരിലും തങ്ങിയിരുന്നില്ല.. അത് അലസമായി നാലു പാടും സഞ്ചരിച്ചു കൊണ്ടിരുന്നു.. ഒടുവിൽ അതു വാതിൽക്കൽ നിൽക്കുന്ന എന്തോ ഒന്നിൽ തറഞ്ഞു.. ഒരുപാട് കരഞ്ഞൊടുക്കം ആഗ്രഹിച്ചതെന്തോ കയ്യിൽ കിട്ടിയ ഒരു പിഞ്ചു കുഞ്ഞിന്റെ ഭാവമായിരുന്നു അവൾക്ക് അപ്പോൾ.. വിടർന്ന കണ്ണുകളോടെ.. സന്തോഷം നിറഞ്ഞ മുഖത്തോടെ.. പുഞ്ചിരി തങ്ങിയ ചുണ്ടുകളോടെ അവൾ വാതിൽക്കലേക്ക് പതിയെ നടന്നടുത്തു.. ...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story