മണിവാക: ഭാഗം 65

manivaka

രചന: SHAMSEENA FIROZ

 "ദേവേട്ടൻ..." ചന്ദന അത്രമേൽ സന്തോഷത്തോടെ ശരണിന്റെ കവിളിൽ കൈ ചേർത്തു.. "വസുവല്ല..ശരൺ ആണ്.." ശരണിനതു സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. അലിവോടെ ചന്ദനയുടെ ഉള്ളം കൈ അവൻ തന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു.. "വെറുതെ പറയുകയാണ്.. എല്ലാരും പറ്റിക്കുകയാണ്.. ഇനി ദേവേട്ടനും അതു ചെയ്യരുത്.. അങ്ങനെ വന്നാൽ ഞാൻ മരിച്ചു പോകും.. ഇനിയുമെന്നെ തനിച്ചാക്കി പോകല്ലേ.. എനിക്ക് പേടിയാണ്.." ചന്ദന വിതുമ്പി കരഞ്ഞു കൊണ്ട് ശരണിന്റെ നെഞ്ചിലേക്ക് പതുങ്ങി.. "ഇല്ല.. തനിച്ചാക്കി പോകില്ല.. ചന്ദന വിഷമിച്ചിരിക്കരുത് കേട്ടോ.. നല്ല കുട്ടി ആയിരിക്കണം എപ്പോഴും.." ഒരു കൊച്ചു കുഞ്ഞിനെ ഒതുക്കി പിടിക്കുന്ന വാത്സല്യത്തോടെ അവൻ ചന്ദനയെ ചേർത്ത് ഒതുക്കി പിടിച്ചു.. "ഇനി എവിടെ പോകുമ്പോഴും എന്നോട് പറയണേ ട്ടൊ.. എന്നെയും കൂടെ കൊണ്ട് പോകണേ..

ഇത് കണ്ടുവോ.. ചോര പൊടിയുന്നത്.. ഇത് മാത്രമല്ല.. ദേഹത്ത് പലയിടത്തുമുണ്ട് ഇതുപോലെ ചിലത്.. ഉപദ്രവിക്കുവാൻ മാത്രം ഞാനെന്തു ചെയ്തു.. ദേവേട്ടനെ സ്നേഹിച്ചത് കൊണ്ടാണ്.. ആർക്കുമാർക്കും ചന്ദനയെ വേണ്ട.." അങ്ങനെയേ നിന്നു കൊണ്ട് അവൾ പദം പറഞ്ഞു കൊണ്ടിരുന്നു.. ഇന്നേവരെ കണ്ടതിൽ അത്രത്തോളം സാധുവെയൊരു പെൺകുട്ടി.. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ.. തന്റെ വസുവിന്റെ പ്രാണൻ ആയിരുന്നവൾ.. അവനെ പ്രണയിച്ചെന്നതിനാൽ ഒട്ടേറെ അനുഭവിച്ചവൾ.. എല്ലാത്തിനുമൊടുക്കം ഇന്നീ നിലയിൽ.. ശരൺ മിഴികൾ ഇറുകെ ചിമ്മി.. രണ്ട് തുള്ളി അടർന്നു ചന്ദനയുടെ മുടിയിഴകളിലൊളിച്ചു.. അരികിൽ നിൽക്കുന്ന സണ്ണിയുടെ അവസ്ഥ അതിനേക്കാൾ കഠിനമായിരുന്നു.. തലയ്ക്കു മുകളിൽ സൂര്യൻ നിന്നെന്ന പോൽ ഉരുകി ഒലിച്ചു അവൻ..

ഈ നിമിഷം തന്നെയൊന്നു മരണം പുൽകിയിരുന്നുവെങ്കിൽ എന്ന് അവൻ അതിയായി നിനച്ചു.. ശരൺ ഓരോന്നു പറഞ്ഞും തഴുകിയും ചന്ദനയെ ആശ്വസിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും പാർവതിയും തിലകരാമനും നീറുന്ന ഹൃദയത്തോടെ കണ്ടു നിന്നു.. സണ്ണിയും ശരണും ഇപ്പോൾ രണ്ടിടവിട്ട ദിവസങ്ങളിൽ വന്നു ചന്ദനയെ സന്ദർശിച്ചു പോകുമായിരുന്നു.. എബ്രഹാം അതിനോടകം സണ്ണിയ്ക്ക് അരികിലേക്ക് നീങ്ങിയിരുന്നു.. ആരെയും നേരിടാൻ ആകാതെ തല കുനിച്ചു നിൽക്കുന്ന സണ്ണിയുടെ തോളിൽ ഒന്ന് തട്ടി എബ്രഹാം പുറത്തെ അന്തരീക്ഷത്തിലേക്ക് കടന്നു.. എബ്രഹാം സാർ അതു തനിക്ക് നൽകിയ ആശ്വാസം ആണെന്ന് സണ്ണി തിരിച്ചറിഞ്ഞു.. ആ പുറകെ സണ്ണിയും പതിയെ വെളിയിലേക്ക് നടന്നു.. എന്ത് ചെയ്തെന്നാലും അതൊന്നും ചെയ്ത പാപത്തിന് പകരമാവില്ലന്ന് അറിയാമായിരുന്നു എങ്കിലും തന്നെക്കൊണ്ട് ആവുന്നത് ചന്ദനയ്ക്ക് വേണ്ടി ചെയ്യണമെന്ന് സണ്ണിയുടെ മനസ്സ് നിർബന്ധം പിടിച്ചു കൊണ്ടിരുന്നു..

എബ്രഹാമിനോട് അവൻ ചന്ദനയുടെ ഇതുവരെയുള്ള സ്ഥിതി വിവരങ്ങളെ കുറിച്ച്.. ട്രീറ്റ്‌മെന്റ്സിനെ കുറിച്ച്.. ഇനി മുന്നോട്ടുള്ളതിനെ കുറിച്ചുമൊക്കെ ചോദിച്ചു മനസ്സിലാക്കി.. "ചിഞ്ചു..?" ഒടുക്കം വളരെ മടിച്ചു കൊണ്ടാണ് സണ്ണി അതു തിരക്കിയത്.. "ചിഞ്ചുവും ചൈതന്യയും വന്നിട്ടുണ്ട്.. അവര് വരുന്ന സമയത്തു ചന്ദന വയലന്റായിരുന്നു.. ചൈതന്യ അതു കണ്ടു നന്നായി പേടിക്കുകയും കരയുകയും ചെയ്തു.. വൊമിറ്റു ചെയ്യുവാനും തുടങ്ങി.. ദൂര യാത്ര ചെയ്തതിന്റെ ആണെന്ന് തോന്നുന്നു.. ചിഞ്ചു അവളെ ഔട്ട്‌ സൈഡിലെ വാഷ് റൂമിൽ കൊണ്ട് പോയിരിക്കുകയാണ്.. അകത്തേത് വിസിറ്റർസ്നു യൂസ് ചെയ്യാൻ പറ്റില്ല.." എബ്രഹാം പറഞ്ഞു.. "ചിഞ്ചുവിന്റെ വിവാഹം..?" വീണ്ടും അത്രയേറെ മടിയോടെയൊരു ചോദ്യം.. താൻ അതൊന്നും തിരക്കുവാനും അറിയുവാനും അർഹനല്ലന്നൊരു തോന്നൽ ആയിരുന്നു സണ്ണിയിൽ.. അതു എബ്രഹാമിനു മനസ്സിലായി എങ്കിലും സണ്ണിയുടെ ആ തോന്നലിനെ അയാൾ പാടെ അവഗണിച്ചു. "ചിഞ്ചുവിന് ഒരാളെ ഇഷ്ടമായിരുന്നു..

പ്രായത്തിന്റെ കളി തമാശകളിൽ പെടാത്ത.. ചിന്താ ശേഷിയും പക്വതയും നിറഞ്ഞ ഒന്ന്.. അങ്ങനെയൊരു ഇഷ്ടം.. പക്ഷെ അതവൾക്ക് നേടി കൊടുക്കുവാൻ എനിക്ക് സാധിച്ചില്ല.. ഇല്ലെന്നല്ല.. ആ മനസ്സിൽ അവൾക്ക് സ്ഥാനമില്ലന്ന് അറിഞ്ഞത് കൊണ്ട് ഞാനതിന് ശ്രമിച്ചില്ല.." സണ്ണിയ്ക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.. വീണ്ടും വീണ്ടും താൻ അപരാധി ആകുന്നു.. "സണ്ണിയ്ക്ക് അറിയാമോ..? കുഞ്ഞ് നാള് മുതലേ എല്ലാവിധ സ്വാതന്ത്ര്യങ്ങളും നൽകിയാണ് ഞാൻ അവളെ വളർത്തിയത്.. പുറമെ നിന്നു നോക്കി കാണുന്നവർക്ക് അതു അമ്മ നഷ്ടപ്പെട്ടു പോയ ഒരു പെൺകുഞ്ഞിനോട് പിതാവ് കാണിക്കുന്ന അമിത സ്നേഹവും വാത്സല്യവുമാണെന്നൊക്കെ തോന്നിയിരിക്കാം.. അതു പക്ഷെ അങ്ങനെയല്ല.. അവൾ അവളായി.. അവളുടേതായ ഒരു വഴിയിൽ.. സ്വന്തം ഇഷ്ടങ്ങളിൽ.. സ്വന്തമായി ഒരു വ്യക്തിത്വത്തിൽ.. നിലപാടുകളിൽ വളർന്നങ്ങു വരണമെന്നായിരുന്നു അതിലെ ലക്ഷ്യം.. എല്ലാ കാര്യങ്ങളും അവളെന്നോട് ഷെയർ ചെയ്യും. അൽപ്പം കുസൃതികൾ ഉണ്ടായിരുന്നതല്ലാതെ..

ഒന്നിനും ഏതിനും വാശി കാണിച്ചിട്ടില്ല അവൾ ഇന്നോളം.. സണ്ണി അവളെ റിജക്റ്റ് ചെയ്ത ആ ദിവസം.. അത് ഇന്നും എനിക്ക് ഓർമയുണ്ട്.. വൈകുന്നേരം അത്രയധികം തളർന്നാണ് അവൾ ഫ്ലാറ്റിൽ എത്തിയത്.. അന്ന് ഒരുപാട് കരഞ്ഞു.. നേരം വെളുക്കും വരെ കരഞ്ഞു.. എന്നിട്ടും 'എനിക്ക് വേണം.. എനിക്ക് നേടി തരൂ പപ്പാ ' എന്നൊരു വാക്കവളെന്നോട് ആവശ്യപ്പെട്ടിട്ടില്ല.. ഒഴിഞ്ഞു മാറുവാൻ തുടങ്ങുകയായിരുന്നു.. ഒരിക്കലും ഞാൻ സണ്ണിയോട് ചിഞ്ചുവിനു വേണ്ടി സംസാരിച്ചിട്ടില്ല.. എങ്കിലും മറക്കുവാൻ അവൾ തയാർ അല്ലായിരുന്നു.. എന്നെങ്കിലും ഒരിക്കൽ മനസ്സിലാക്കിയാലോന്ന് ഓർത്തു കാത്തിരിപ്പായിരുന്നു.. പക്ഷെ ചന്ദനയുടെയും വസുവിന്റെയും വിഷയത്തിൽ അവളുടെ പ്രണയത്തെ മുൻ നിർത്തി കാര്യം ആവശ്യപ്പെട്ട അന്ന് അവൾ പൂർണമായും തകർന്നിരുന്നു..

അന്ന് മുതൽ മനസ്സിൽ നിന്നും അകറ്റിയതാണ് അവൾ സണ്ണിയെ.. അങ്ങനെ അവൾ പറയപ്പെടുന്നു.. അതൊരിക്കലും ഞാൻ വിശ്വസിക്കുകയില്ല.. പൂർണമായും അവൾക്ക് ഒരിക്കലും അതിന് സാധിക്കില്ലന്ന് എനിക്ക് അറിയാം.. എങ്ങനെ സണ്ണിയോട് അവൾക്ക് അത്രേം തീവ്രമായൊരു ഇഷ്ടം തോന്നി എന്നത് എപ്പോഴും എനിക്ക് ഒരു അത്ഭുതമായിരുന്നു.. ഒരു രാത്രിയിൽ എന്നെ വെയിറ്റ് ചെയ്തു ചർച്ചിന് സമീപത്തുള്ള ഇട വഴിയിൽ നിൽക്കുകയായിരുന്നു അവൾ.. അന്ന് പള്ളി പെരുന്നാൾ ആയിരുന്നു.. ട്രാഫിക് കാരണം പറഞ്ഞ സമയത്തിനേക്കാളും 20 മിനുട്സ് ലേറ്റ് ആയാണ് ഞാൻ എത്തുന്നത്.. തിരക്കും ബഹളവും ഒഴിഞ്ഞ വീഥിയിൽ തനിച്ചു നിൽക്കുന്നവളെ മൂന്നാല് പയ്യന്മാർ ഡിസ്റ്റർബ് ചെയ്തപ്പോൾ അവർക്കുള്ള മറുപടി നൽകി റോഡിലേക്ക് ഇറങ്ങി മുന്നോട്ട് നടക്കുകയായിരുന്നു.. വിടാനുള്ള ഭാവമില്ലാതെ വീണ്ടും അസഭ്യങ്ങളും അശ്ലീലങ്ങളും പറഞ്ഞു പുറകെ വന്നപ്പോൾ എന്റെ ഫോണിലേക്ക് ട്രൈ ചെയ്തു കൊണ്ടവൾ നടത്തത്തിന്റെ വേഗത കൂട്ടി..

മുന്നിൽ എന്തിലോ ചെന്നു ഇടിച്ചപ്പോഴാണ് അവൾ നടത്തം നിർത്തുന്നത്.. കണ്ണുകളിൽ ആദ്യം ഉടക്കിയത് നെഞ്ചിൽ ചേർന്ന് കിടന്നു വെട്ടി തിളങ്ങുന്നൊരു തിരുരൂപമായിരുന്നു.. മുഖമുയർത്തി നോക്കുമ്പോൾ കണ്ട മുഖത്തിന് നിന്റെ രൂപമായിരുന്നു സണ്ണി.. അതേ.. അതു നീ ആയിരുന്നു.. ആ ഇരുട്ടിൽ.. വിജനതയിൽ.. തനിച്ചായപ്പോൾ.. അവളെ കരുതലോടെ ചേർത്തു പിടിച്ച.. ആ രാത്രിയിലും ഒരു പെൺകുട്ടിക്ക് വേണ്ടി ധൈര്യത്തോടെ അപരിചിതരോട് ശബ്ദമുയർത്തിയ.. കാവലായ് മുന്നോട്ട് അവളെ അനുഗമിച്ച.. സുരക്ഷിതമായി മാറോടു ഒതുക്കി പിടിച്ചു റോഡ് അരുകിലെ ആൾക്കൂട്ടങ്ങൾ തിങ്ങിയ വെയ്റ്റിംഗ് ഷെഡിലേക്ക് എത്തിച്ച ആ പുരുഷനെയാണ് അവൾ നെഞ്ചിലേറ്റിയത്.. ആ രാത്രിയിലേ ഒരു നോക്ക്... അതൊന്നു മാത്രം.. അതല്ലാതെ മറ്റൊന്നുമില്ലായിരുന്നു.. നീ ആരെന്നോ എന്താണെന്നോ എവിടെ ആണെന്നോ ഒന്നുമേതും അറിയില്ലായിരുന്നവൾക്ക്.. എന്നിട്ടും സ്നേഹിച്ചു പോന്നു.. മനസ്സിന്റെ ആഴങ്ങളിൽ അവൾ നിന്റെ മുഖം ചേർത്തു വെച്ചു..

ആ രാത്രിയിൽ ഒരുവട്ടം പോലും നീ അവളുടെ മുഖത്തേക്ക് ശ്രദ്ധിച്ചില്ലെന്നത് അവൾ എപ്പോഴും അത്രയേറെ അതിശയത്തോടെ പറയുമായിരുന്നു.. സണ്ണിയുടെ ലക്ഷ്യം ആ നേരം എന്നെ സുരക്ഷിതയാക്കുന്നതിൽ മാത്രം ആയിരുന്നു പപ്പാ എന്ന്.." എബ്രഹാം പറഞ്ഞു നിർത്തി.. "പിന്നീട് കണ്ടപ്പോൾ ഒന്നും സണ്ണി തന്നെ തിരിച്ചറിഞ്ഞില്ല പപ്പാ.. അഥവാ അറിഞ്ഞിട്ടും സണ്ണിയ്ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.. സണ്ണിയെ സംബന്ധിച്ചിടത്തോളം ഒരു ദിവസം കണ്ടുമുട്ടുന്ന പലരിൽ ഒരാൾ.. അതു മാത്രമാണ് താൻ.." ചിഞ്ചു ഇടയ്ക്കിടെ വേദനയോടെ പറഞ്ഞു കൊണ്ടിരുന്നത് എബ്രഹാമിന്റെ ചെവികളിൽ അപ്പൊഴെന്ന പോൽ കേൾക്കുന്നുണ്ടായിരുന്നു.. സണ്ണി ശ്വാസം പോലും വിടാൻ മറന്ന് നിന്നു... അത്രമേൽ ഒരു പകപ്പ്.. അവിശ്വസനീയത.. ആഹ്ലാദം. വേദന.. നൊമ്പരം.. എല്ലാമവനെ കീഴ് പെടുത്തി കളഞ്ഞിരുന്നു.. "അതു..നീ ആയിരുന്നുവോ..? " സണ്ണി തന്റെ ഇടനെഞ്ചിൽ കൈ തലം ചേർത്തു വെച്ചു.. ആ ഹൃദയമിടിപ്പിൽ ഇപ്പോഴും അവൾ ഉണ്ടെന്ന് തോന്നി അവന്.. അന്ന് അവൾ ചേർന്ന് നിന്നൊരാ ചൂട് ഇപ്പോഴെന്ന പോൽ അനുഭവപ്പെട്ടവന്റെ നെഞ്ചിൽ.. കണ്ണുകൾ പുകഞ്ഞു നീറി. "താൻ അർഹനല്ല..കൈ വിട്ട് കളഞ്ഞിരിക്കുന്നു.." സണ്ണിയുടെ ചുണ്ടുകളിൽ നിന്നും നോവോടെ അടർന്നു വീണു..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story