മണിവാക: ഭാഗം 66

manivaka

രചന: SHAMSEENA FIROZ

 എബ്രഹാമും സണ്ണിയും പുറത്തെ വലിയ ഗാർഡന് സമീപത്തു എത്തിയിരുന്നു. ചിഞ്ചുവും ചൈതന്യയും വരുന്നത് കണ്ടു അവർ സംസാരം അവസാനിപ്പിച്ചു.. ചൈതന്യ മുന്നേയും ചിഞ്ചു അവൾക്ക് പുറകെയുമാണ് ഉള്ളത്.. ചിഞ്ചു ഒപ്പം പോയതിന്റെ നീരസം അപ്പോഴും ചൈതന്യയുടെ മുഖത്ത് കാണാമായിരുന്നു. പാർവതിയെയാണ് അവൾ വാഷ് റൂമിലേക്ക് ചെല്ലുവാൻ ഒപ്പം വിളിച്ചത്.. എബ്രഹാം ആണ് അതൊഴിവാക്കി ചിഞ്ചുവിനെ പറഞ്ഞയച്ചത്.. പാർവതി അത്രമേൽ തളർന്നു നിൽക്കുകയായതിനാൽ ചൈതന്യയ്ക്ക് പിന്നീട് എതിർക്കുവാനും സാധിച്ചില്ല.. "ചൈതു.. അവിടെ നില്ക്കു.." ചിഞ്ചു ഒപ്പമെത്തുവാൻ ചുവടുകൾ വേഗത്തിലാക്കി.. ചൈതന്യ അതു കേട്ടതായി ഭാവിച്ചില്ല.. എബ്രഹാമിനെയും സണ്ണിയെയും അവിടെ കണ്ടുവെങ്കിലും നിൽക്കാനോ അരികിലേക്ക് ചെല്ലുവാനോ മനസ്സില്ലാത്ത വിധം അവൾ നേരത്തെ ഇറങ്ങി വന്ന വഴികളിലൂടെ മുന്നോട്ടു സഞ്ചരിച്ചു.. മുന്നിൽ സണ്ണിയെ കണ്ടു ചിഞ്ചുവിന്റെ വേഗത കുറഞ്ഞു..

ജ്യോതിയുടെ വിവാഹത്തിനാണ് അവസാനമായി കണ്ടത്.. അതിന് ശേഷമൊരു കണ്ടുമുട്ടൽ ഉണ്ടായിട്ടില്ല.. രണ്ടര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. സണ്ണിയ്ക്ക് മാറ്റമുണ്ടോ എന്നവളുടെ കണ്ണുകൾ വെറുതെ ഒന്ന് തിരയാൻ ശ്രമിച്ചുവെങ്കിലും മനസ്സതിനെ ശക്തമായി വിലക്കി.. എന്നിരുന്നാലും സണ്ണി ക്ഷീണിതനാണെന്ന് തോന്നി അവൾക്ക്.. സണ്ണിയുടെ കണ്ണുകളിൽ അപ്പോൾ നഷ്ടബോധമായിരുന്നു.. വേദനയോടെ അവൻ ചിഞ്ചുവിലേക്ക് മിഴികൾ ഉറ്റു.. ചന്ദനയെ പോലെ.. അല്ലെങ്കിൽ അതിലേറെ അവശയായിരുന്നു ചിഞ്ചു.. പഴയ ചിഞ്ചുവിന്റെ നിഴൽ പോലൊരു രൂപം.. സണ്ണിയുടെ കൺകോണിൽ എവിടെയോ നനവ് ഊറി.. "സണ്ണി.. സണ്ണി എപ്പോൾ വന്നു..?" എന്തെങ്കിലും സംസാരിക്കണമല്ലോന്ന് ഓർത്തവൾ അവർക്ക് അരികിലേക്ക് എത്തിയപ്പോൾ തിരക്കി.. "അൽപ്പ സമയമാകുന്നു.. ശരണുമുണ്ട്.." സണ്ണി പറഞ്ഞു.. "മ്മ്..ഞാൻ ചെല്ലട്ടെ പപ്പാ.. ചൈതു ഒറ്റയ്ക്ക് പോയിരിക്കുകയല്ലേ.. ഇങ്ങനെയൊന്നും വന്നു പരിചയമില്ലാത്തത് അല്ലേ അവൾക്ക്..? ഒറ്റയ്ക്ക് കയറി ചെല്ലുന്നത് കണ്ടാൽ പാറുവമ്മ ഭയക്കും.. "

എബ്രഹാമിനോട് പറഞ്ഞിട്ട് അവൾ മുന്നോട്ട് കടന്നു. "ചൈതന്യ ഇപ്പോൾ ചിഞ്ചുവിനോട് സംസാരിക്കാറില്ല.. ചന്ദനയെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ചിഞ്ചു ആണെന്ന് പറഞ്ഞു എത്രയോ നാളുകളായി ഒരു ശത്രുവിനോടെന്ന പോലെയാണ് ചൈതന്യ ചിഞ്ചുവിനോട് പെരുമാറുന്നത്.. ചില നേരത്ത് ചിഞ്ചു പറയും,, സണ്ണി നൽകിയത് ഒന്നും വേദനകൾ അല്ലായിരുന്നു പപ്പാ.. യഥാർത്ഥ വേദനകൾ ഇതൊക്കെയാണെന്ന്.. ചന്ദനയേക്കാൾ പ്രിയമായിരുന്നു ചൈതന്യയ്ക്ക് ചിഞ്ചുവിനെ.. ചൈതന്യയെ കുറ്റപ്പെടുത്തുവാനും കഴിയുകില്ല... ഇപ്പോൾ ചിഞ്ചു ആയിരുന്നു ചൈതന്യയുടെ സ്ഥാനത്തെന്നാലും അങ്ങനെയേ പെരുമാറുകയുള്ളൂ.. ചന്ദന ഇന്നിങ്ങനെ ആകുവാൻ ചിഞ്ചുവിന് വലിയ പങ്കുണ്ട്.. ഇത്രേം കാലയളവിൽ ചന്ദനയെ കാണുവാൻ ചിഞ്ചു വന്നിട്ടില്ല.. അതു ചൈതന്യയെ പോലെ ചന്ദനയും അവളെ വെറുത്തു കാണുമോ എന്നുള്ള ഭയം കൊണ്ടാണു... തുടക്കത്തിൽ ഇടയ്ക്ക് ചില നിമിഷങ്ങളിൽ ചന്ദന സ്റ്റേബിൾ ആകുമായിരുന്നു.. അപ്പോഴൊക്കെ ചിഞ്ചുവെന്തിനു ദേവേട്ടനെ തന്നിൽ നിന്നുമകറ്റി എന്നും ഇനി തനിക്ക് അവളെ ഒരിക്കലും കാണേണ്ടന്നുമാണ് ചന്ദന പറഞ്ഞത്..

അതാണ് ചിഞ്ചുവിനെ അത്രയേറെ ദുഃഖത്തിൽ ആഴ്ത്തി കളഞ്ഞത്.." സണ്ണി നിശബ്നായിരുന്നു.. എന്ത് പറയണമെന്ന് അറിയില്ലായിരുന്നവന്.. അല്ലെങ്കിലും എന്താണ് പറയേണ്ടത്..? എല്ലാത്തിനും ഉത്തരവാദി താൻ മാത്രമാണെന്ന് ഉറക്കെ ഈ ലോകത്തോട് തന്നെ പലയാവർത്തി വിളിച്ചു പറഞ്ഞാലും തന്റെ ഉരുകുന്ന മനസ്സിന് അൽപ്പം പോലും ശമനമുണ്ടാകുകില്ല.. അതു നാൾക്ക് നാൾ അധികരിച്ചു കൊണ്ടേയിരിക്കും.. "സണ്ണി വരൂ.. അങ്ങോട്ട് ചെല്ലാം.. അവർക്കിപ്പോൾ മടങ്ങേണ്ടിയിരിക്കും.. മൂന്ന് പേരിൽ കൂടുതൽ പേർക്ക് ഇവിടെ തങ്ങാൻ സാധിക്കില്ല.. മാത്രവുമല്ല.. ചൈതന്യ ഇത് ടെൻത് ആണ്.. മറ്റന്നാൾ അവൾക്ക് ഹാഫ് ഇയർലി എക്സാം തുടങ്ങുകയാണ്.. ടാക്സി പിടിച്ചാണ് വന്നത്.. ഇനി മടങ്ങാൻ ഇവിടുന്ന് ഒരു ടാക്സി അറേഞ്ച് ചെയ്യണം.." "അതിന്റെ ആവശ്യമില്ല സാർ.. ഞങ്ങൾക്കൊപ്പം പോരാമല്ലോ അവർക്ക്.. ഇനി താല്പര്യമില്ലാ എന്നാണെങ്കിൽ ടാക്സി അറേഞ്ച് ചെയ്യാം.." സണ്ണി പറഞ്ഞു. "ഞാൻ സംസാരിക്കട്ടെ തിലകരാമനോട്.." എബ്രഹാമും സണ്ണിയും പിന്തിരിഞ്ഞു.. **

തിലകരാമന് പ്രത്യേകിച്ചൊരു എതിർപ്പ് ഉണ്ടായിരുന്നില്ല.. പാർവതി തിരികെ പോകുന്നതിൽ മടിച്ചു മടിച്ചു നിന്നു.. ചന്ദനയ്ക്ക് അരികിൽ തന്നെ ചിലവഴിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു.. പക്ഷെ അവിടുത്തെ നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നതിനാലും ചൈതന്യയ്ക്ക് എക്സാം തുടങ്ങുകയാണെന്നതിനാലും നോവുന്ന മനസ്സോടെ അവർ തിരികെ പോകുവാൻ ഒരുങ്ങി.. താല്പര്യപ്പാണെന്നാൽ ചിഞ്ചുവിനോട് അവിടെ നിൽക്കുവാൻ നിർദേശിച്ചു എബ്രഹാം.. അതാഗ്രഹിച്ചത് പോലെ അവൾ വേഗത്തിൽ സമ്മതമറിയിച്ചു.. ശരൺ ആണ് അവരേം കൊണ്ട് മടങ്ങി പോയത്.. ദൂരക്കൂടുതൽ കാരണം ഇടയ്ക്കിടെ വന്നു പോകുക ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ സണ്ണിയുടെ മനസ്സ് അറിഞ്ഞെന്നത് പോൽ ശരൺ സണ്ണിയെ അവിടെ നിൽക്കുവാൻ ഏല്പിച്ചു.. എബ്രഹാം സാർനൊപ്പം ചന്ദനയ്ക്കായി എന്തെങ്കിലും ഒന്ന് ചെയ്യുവാൻ അങ്ങനെയൊരു അവസരം സണ്ണിയും ആഗ്രഹിച്ചിരുന്നു.. ** വൈകുന്നേരത്തോടെ ചന്ദന ഉറക്കത്തിലേക്ക് വഴുതി...

ഹോസ്പിറ്റൽ എംഡിയും സൈക്കിയേട്രൈസ്റ്റ്മായ Dr. മോഹൻ ദാസ് വിദേശത്ത് നിന്നും രാവിലെയാണ് എത്തിച്ചേർന്നത്. ചന്ദനയുടെ കേസ് ഫയൽസ് ഡിസ്‌കസ് ചെയ്യുവാൻ വേണ്ടി എബ്രഹാം അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോയിരുന്നു.. ചന്ദനയുടെ മുറിയുടെ എതിർ വശത്തെ ബ്ലോക്കിലായിരുന്നു വിസിറ്റർസിനു അനുവദിച്ചിട്ടുള്ള റൂം.. വളരെ സമാധാന പരമായൊരു അന്തരീക്ഷമായിരുന്നവിടെ.. കണ്ണുകൾക്കും മനസ്സിനും കുളിർമയും പുതുമയും നൽകുന്നത് പോലെ.. യാതൊരു വിധ ഒച്ചപ്പാടുകളോ വൃത്തിരഹിതമോ അല്ലാത്തത്.. പുറമെ നിന്നും നോക്കുന്നവർക്ക് അതൊരു മാനസികാരോഗ്യ കേന്ദ്രമാണെന്നത് ഒറ്റ നോട്ടത്തിൽ തിരിച്ചറിയുവാൻ സാധിക്കുകയില്ല.. സമയമത്രയും കടന്ന് പോയിട്ടും സണ്ണി ചന്ദനയുടെ റൂമിന് മുന്നിൽ നിന്നും പിൻവാങ്ങിയില്ല.. ഇന്ന് ചന്ദന തൊണ്ട പൊട്ടുമാറുച്ചത്തിൽ കരയുകയോ പതിവ് പോലെ കൂടുതൽ അക്രമകാരിയാവുകയോ ചെയ്തില്ലന്നത് എബ്രഹാം അൽപ്പം മുന്നേ പറഞ്ഞത് സണ്ണി ഓർത്തു..

സാധാരണ മെഡിസിൻ നൽകിയാൽ മാത്രമാണ് ഉറങ്ങുക. ഇന്ന് സ്വാഭാവികതയോടെ ഉറക്കിലേക്ക് വീണു... ശരൺ അത്രമാത്രം ശ്രമപ്പെട്ടിരുന്നു ചന്ദനയെ ശാന്തമായിരുത്തുവാൻ.. ശരണിനോട് ഇടപഴകിയത് പോലെ സമാധാനത്തോടെയും വളരെ അനുസരണയോടെയും തന്നെയായിരുന്നു ചന്ദന ചിഞ്ചുവിനോടും.. ഇടയ്ക്ക് ഇടെ അകത്തേക്ക് നോക്കുമ്പോഴൊക്കെ കണ്ടത് ഉറങ്ങി കിടക്കുന്ന ചന്ദനയെയും അവൾക്ക് കാവലെന്ന പോൽ അവളെ തഴുകി തലോടി അത്രയേറെ കരുതലോടെ അവളെ ചേർന്ന് ഇരിക്കുന്ന ചിഞ്ചുവിനെയുമാണ്.. അവർക്കിടയിലുണ്ടായിരുന്ന അൽപ്പം പോലും സ്വാർത്ഥതയോ കറയോ പുരളാത്ത ആ ബന്ധത്തെയാണ് താൻ നശിപ്പിച്ചത്.. പരസ്പരം അത്രമേൽ ഒന്നായ് ജീവിച്ചിരുന്ന രണ്ട് സഹോദരികളെയാണ് താൻ ഒരേസമയം തകർത്തു കളഞ്ഞത്.. സ്വബോധത്തിലേക്ക് തിരിച്ചെത്തുന്ന നാൾ ചന്ദന ചിഞ്ചുവിനോട് ക്ഷമിക്കാൻ തയാറല്ല എങ്കിൽ..?? അങ്ങനൊന്നു ഓർക്കാൻ കൂടി സണ്ണിയ്ക്ക് കഴിഞ്ഞില്ല.. ആ നിമിഷം ചിഞ്ചുവിന്റെ മനോവേദന എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിക്കവേ തന്നെ സണ്ണിയുടെ ദേഹം തളർന്നു.. ചന്ദനയുടെ അകൽച്ചയോ വെറുപ്പോ ഒന്നും തന്നെ ചിഞ്ചുവിന് സഹിക്കുവാൻ കഴിയുകില്ല.. അങ്ങനൊന്നുണ്ടായാൽ ചിഞ്ചു പിന്നീട് ഉണ്ടാകുകയുമില്ല..

ചിഞ്ചുവിനെ ഓർത്തു സണ്ണിയുടെ മനസ്സ് നൊന്തു നീറി.. അതോടൊപ്പം അകാരണമായൊരു ഭയം ഉള്ളിൽ ഉറഞ്ഞു കൂടുന്നത് പോലെ.. സണ്ണിയ്ക്ക് കഠിനമായി തലവേദന അനുഭവപ്പെട്ടു.. തൊണ്ട വറ്റി വരണ്ടു.. എന്തോ തോന്നലിൽ അവൻ വാതിൽ പടിക്കൽ ചെന്നകത്തേക്ക് നോക്കി. ചന്ദനയുടെ കാലുകൾക്കരികിലിരുന്നു ചിഞ്ചു മയങ്ങിയിരുന്നു.. അപ്പോൾ മാത്രമാണ് സണ്ണിയ്ക്ക് ഒന്ന് ആശ്വസിക്കുവാൻ കഴിഞ്ഞത്.. ഒരു നിശ്വാസമുതിർന്നു സണ്ണിയിൽ നിന്നും. സമയമപ്പോൾ ഏഴു കടന്നിരുന്നു.. വെറുതെ ആ നീളൻ വരാന്തയിലൂടെ അങ്ങുമിങ്ങും നടന്നു.. ഒടുക്കം മടുത്തത് പോൽ കൈകൾ മാറിൽ പിണച്ചു കെട്ടി പില്ലറിൽ പുറം ചേർന്ന് നിന്നു. ഡിസംബർ മാസമായതിനാൽ ഇരുട്ട് വേഗത്തിൽ പടർന്നിരുന്നു..

എങ്കിലും അവിടത്തെ ഓരോ തൂണുകൾക്ക് ഇടയിലും വെളുത്ത പ്രകാശം തെളിഞ്ഞിരുന്നു.. സമീപത്താരോ ഉണ്ടെന്ന തോന്നലിൽ സണ്ണി തല ചെരിച്ചു നോക്കി.. ഇടയിലെ തൂണിന് അപ്പുറം ചിഞ്ചു ഉണ്ടായിരുന്നു.. സണ്ണിയെ പോലെ.. കൈകൾ മാറിനു കുറുകെ ചേർത്തു വെച്ചു ദൂരെ ഇരുളാർന്ന ആകാശത്തു മിഴികൾ നട്ടു നിൽപ്പായിരുന്നവൾ.. """ പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴികൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ.. വിരിയാനൊരുങ്ങി നിൽക്കയോ... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.. നെറുകിൽ തലോടി മാഞ്ഞുവോ...""" സണ്ണിയുടെ മനസ്സ് അപ്പോൾ അവനോടുള്ള പ്രതിഷേധമെന്ന പോൽ ആ വരികൾ മൂളുന്നുണ്ടായിരുന്നു.. രണ്ട് തുള്ളി ചുടുനീരവന്റെ കവിളിനെ പുണർന്നു.... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story