മണിവാക: ഭാഗം 67

manivaka

രചന: SHAMSEENA FIROZ

"ചന്ദന ഉണർന്നുവോ..? ഞാൻ നോക്കുമ്പോൾ രണ്ട് പേരും ഉറക്കമായിരുന്നു.." അരികിൽ സണ്ണിയുടെ ശബ്ദം കേട്ട് ചിഞ്ചു തല ചെരിച്ചു നോക്കി.. "ഞാൻ മയങ്ങി പോയിരുന്നു.." അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.. "സാർ താഴെ പോയിരിക്കുകയാണ്.. ചന്ദനയുടെ ഫയൽ ഡിസ്കസ് ചെയ്യുവാൻ.." സണ്ണി പറഞ്ഞു.. "മ്മ്.. പപ്പ നേരത്തെ പറഞ്ഞിരുന്നു.." ചിഞ്ചുവിന്റെ മിഴികൾ വീണ്ടും ദൂരെ ഇരുട്ടിലേക്ക് നീണ്ടു.. ഇനി എന്ത് ചോദിക്കണമെന്നോ പറയണമെന്നോ സണ്ണിയ്ക്ക് അറിയില്ലായിരുന്നു.. അവനും എങ്ങോ മിഴികൾ നട്ടു നിന്നു.. "ഡിഗ്രി കഴിഞ്ഞിട്ട് എന്ത് ചെയ്തു..? ഏത് കോഴ്സ് ആണ് ചൂസ് ചെയ്തത്..?" കനത്ത നിശബ്ദതയെ സണ്ണി ഭേദിച്ചു.. "ഞാൻ ലാസ്റ്റ് സെം എക്സാം എഴുതിയിരുന്നില്ല.." അങ്ങനൊന്ന് സണ്ണി പ്രതീക്ഷിച്ചിരുന്നില്ല.. അതെന്തു കൊണ്ടെന്നു ചോദിക്കുവാനും നാവു പൊങ്ങിയില്ല.. ചന്ദനയുടെയും ചിഞ്ചുവിന്റെയും ലൈഫിൽ അന്ന് തൊട്ട് ഇന്നോളം എന്ത് ഉണ്ടായിട്ടുണ്ടെങ്കിലും അതിന് ഉത്തരവാദി താൻ മാത്രമാണെന്ന് സണ്ണി ഉറച്ചു വിശ്വസിക്കുന്നുണ്ടായിരുന്നു.. ഉള്ളിലെ വേദന അടിക്കടി ശക്തമാകുന്നത് അറിഞ്ഞു സണ്ണി..

വീണ്ടും കനത്ത മൗനം.. "തെരെസാന്റി..?" സണ്ണി പിന്തിരിയാൻ ഒരുങ്ങവേ ചിഞ്ചു ചോദിച്ചു.. "അമ്മച്ചിയുടെ തറവാട്ടിലാണ്.." "ലൂസി പാപ്പൻ...?" ചിഞ്ചു വീണ്ടും ചോദിച്ചു.. "കിടപ്പിലാണ്..രണ്ട് വർഷത്തോളമായി.." പിന്നീട് ഒന്നും ചോദിച്ചില്ലവൾ.. സത്യത്തിൽ ഒന്നും ചോദിക്കുവാൻ ഉണ്ടായിരുന്നില്ല.. സണ്ണി അരികിൽ നിൽക്കുന്ന നേരത്തൊക്കെ മനസ്സിനു വല്ലാത്തൊരു വിങ്ങലോ വീർപ്പു മുട്ടലോ അസ്വസ്ഥതയോ അങ്ങനെ എന്തോ ആയിരുന്നവൾക്ക്.. വേർതിരിച്ചറിയാൻ പറ്റാത്ത ഒന്ന്.. അതു മനസ്സിലാക്കിയെന്ന പോൽ സണ്ണി പതിയെ പിൻവാങ്ങി.. ** ( Past ) ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം നടക്കുകയാണ്.. ഏഴു മണിയോടെ എല്ലാവരും പോകാമെന്നു അഭിപ്രായപ്പെട്ടു തിലക രാമൻ.. നിഖിൽ അതിൽ താല്പര്യപ്പെട്ടില്ല.. അൽപ്പം കഴിഞ്ഞു വന്നോളാമെന്ന് പറഞ്ഞു മുറിയിലേക്ക് തന്നെ മടങ്ങി.. "എന്നാൽ ചന്ദന നില്ക്കു.. നിഖിലിന് ഒപ്പം വന്നാൽ മതി.." തിലകരാമൻ പറഞ്ഞു.. "എങ്കിൽ ഞാനും ചിഞ്ചു ചേച്ചിയും അവർക്ക് ഒപ്പം വന്നോളാം.. എത്ര കാലമായി ഞങ്ങൾ ഒന്നിച്ചു നടന്നിട്ട്..

അമ്മ എന്നെ ഒരിടത്തു പിടിച്ചു ഇരുത്തുകയെ ഉള്ളു.." ചൈതന്യ കെഞ്ചലോടെ പറഞ്ഞു.. "അതൊന്നും വേണ്ട.. നിഖിലിന് ബുദ്ധിമുട്ട് ആകും.. അവര് രണ്ട് പേരും ഒന്നിച്ചു ഇറങ്ങിക്കോളും.. നിങ്ങൾ ഇപ്പോൾ തന്നെ തയാറായിക്കോ.." "കുഴപ്പമില്ല അങ്കിൾ.. ഞങ്ങൾ ഒന്നിച്ചു വന്നോളാം.. നിങ്ങളു പൊയ്ക്കോളൂ.." മുറിയിൽ നിന്നും വേഗത്തിൽ പുറത്ത് വന്നു നിഖിൽ പറഞ്ഞു. പിന്നീട് തിലക രാമൻ മറ്റൊന്നും പറയുവാൻ നിന്നില്ല.. ഏഴു മണിയോടെ തിലകരാമനും പാർവതിയും ക്ഷേത്രത്തിലേക്ക് ഇറങ്ങി.. ** ചന്ദനയോട് സംസാരിക്കുവാൻ അവളെ ഒറ്റയ്ക്ക് കിട്ടാൻ ഒരു അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു ചിഞ്ചു.. നിഖിൽ ഇപ്പോൾ മുറിയിലേക്ക് പോയാൽ ഫോണിലോ ലാപ്പിലോ വ്യാപൃതനാകും.. ആ നേരം നോക്കി ചന്ദനയോട് സംസാരിക്കാമെന്ന് ഓർത്തു അവൾ. അതുകൊണ്ടാണ് ചന്ദനയ്ക്ക് ഒപ്പം പോകാമെന്നു ചൈതു പറഞ്ഞപ്പോൾ താൻ എതിർക്കാതെ നിന്നത് പോലും... ചന്ദന അടുക്കളയിലായിരുന്നു.. നിഖിലിനു ഫ്രഷ് ജ്യൂസ്‌ വേണമെന്ന് പറഞ്ഞു അതുണ്ടാക്കാൻ പോയതാണ്.. പുറകെ ചെല്ലുമ്പോൾ ചിഞ്ചു കണ്ടു തനിക്ക് മുന്നേ കിച്ചണിലേക്ക് നടക്കുന്ന നിഖിലിനെ.. തിരിഞ്ഞു ചിഞ്ചുവിനെ നോക്കി വഷളമായി ഒന്ന് ചിരിക്കാനും മറന്നില്ല അവൻ..

നിഖിൽ മനഃപൂർവമാണെന്ന് അറിയാമായിരുന്നു ചിഞ്ചുവിന്.. വല്ലാത്ത അരിശവും വെറുപ്പും തോന്നി.. നിരാശയോടെ മുറിയിലേക്ക് നടക്കുമ്പോൾ ഹാളിലെ ടീപോയിൽ വെച്ചിരിക്കുകയായിരുന്ന അവളുടെ ഫോൺ റിങ് ചെയ്തു.. എബ്രഹാം ആയിരുന്നു.. കാൾ കണക്ട് ചെയ്തുവെങ്കിലും നെറ്റ് വർക്ക്‌ കുറവായതിനാൽ സംസാരമൊന്നും വ്യക്തമാകുന്നില്ലായിരുന്നവൾക്ക്.. പൂമുഖവും കഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങി നിന്നു.. ക്ഷേത്രം അടുത്തു തന്നെ ആയതിനാൽ അവിടെല്ലാം ശബ്ദമുഖരിതമായിരുന്നു.. നന്നേ ചെവിയോട് ചേർത്തു വെച്ചാണ് അവൾ സംഭാഷണം തുടർന്നത്.. ഇരുപത് മിനുട്ടോളം കടന്ന് പോയിരുന്നു.. ആരോ ഉറക്കെ കരയുന്നതായി തോന്നിയ അവൾ എബ്രഹാമിനോട്‌ കാര്യം പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്തു.. ഫോണിൽ സംസാരിച്ചു നടന്നു ഗേറ്റ് അരികിൽ എത്തിയിരുന്നു അവൾ.. അകത്തേക്ക് പാഞ്ഞു കയറിയ ചിഞ്ചു തരിച്ചു നിന്നു.. വയറ്റിൽ കുത്തേറ്റു ബെഡിൽ മലർന്ന് വീണിരിക്കുന്ന നിഖിൽ.. ചോര വാർന്നൊഴുകുന്നുണ്ട്..

അരികിൽ രക്തതുള്ളികൾ ഇറ്റ് വീഴുന്ന കത്തിയുമായി ചന്ദന.. ഇന്നേവരെ കാണാത്ത ഭാവത്തിൽ.. അവൾക്ക് അപ്പോൾ എല്ലാം സഹിക്കുന്ന ഭൂമി ദേവിയുടെ രൂപമായിരുന്നില്ല.. എല്ലാം സംഹരിക്കുന്ന സംഹാര രൂപിണിയായിരുന്നു.. ഒതുക്കി പിടിച്ച കരച്ചിൽ കേട്ട് ചിഞ്ചു പുറകിലേക്ക് നോക്കി.. പിച്ചി പറിക്കപ്പെട്ടു അർദ്ധ വസ്ത്രത്തിൽ കൂനി കൂടിയിരുന്നു കരയുകയാണ് ചൈതന്യ.. ചുണ്ടുകൾ കല്ലിച്ചു കിടക്കുകയും ചോര കിനിയുകയും ചെയ്യുന്നുണ്ടായിരുന്നു.. ഭയം കൊണ്ട് അവളുടെ ഉടൽ വിറയ്ക്കുന്നുണ്ട്.. കരച്ചിലിനിടയിൽ വിങ്ങുന്നുമുണ്ട്.. ചിഞ്ചുവിൽ നിന്നും ആദ്യത്തെ പകപ്പ് വിട്ടൊഴിഞ്ഞിരുന്നു.. പക്ഷെ ഇനി എന്തെന്നും ഏതെന്നുമെന്ന ചോദ്യമവളിൽ ബാക്കിയായി.. ഒരു പൊട്ടി കരച്ചിൽ അവളുടെ തൊണ്ട കുഴിയിൽ വട്ടമിട്ടു.. "എന്നെ കൊല്ലാതെ കൊന്ന് കളഞ്ഞു.. ഇനി എന്റെ ചൈതുവിനെ അങ്ങനെ ചെയ്യുവാൻ ഞാൻ സമ്മതിക്കുമെന്ന് കരുതിയോ..?" ചോരയിൽ മുങ്ങി കിടക്കുന്ന നിഖിലിനെ നോക്കി ചോദിച്ചു ചന്ദന.. പ്രാണന് വേണ്ടിയുള്ള അവന്റെ ഞെരക്കം അവൾ കണ്ടതേയില്ല.. കണ്ണിൽ അപ്പോഴും കുറച്ച് മുന്നേ മാത്രം നടന്ന സംഭവമായിരുന്നു.. താൻ കുളി കഴിഞ്ഞു ഇറങ്ങുവാൻ അൽപ്പമൊന്നു വൈകിയിരുന്നുവെങ്കിൽ..!!!

തന്റെ ചൈതുവിന്റെ അവസ്ഥ എന്താകുമായിരുന്നു..?? അങ്ങനൊന്നു ചിന്തിക്കുവാൻ കൂടി സാധിച്ചില്ലവൾക്ക്..!!! ആ ഓർമയിൽ മാത്രം അവളുടെ ഉടലൊന്നു വെട്ടി വിറച്ചു.. അവൾ ചൈതന്യയ്ക്ക് അരികിലേക്ക് ഊർന്ന് ഇരുന്നു.. "ചേച്ചി..." ചൈതന്യ ചന്ദനയുടെ നെഞ്ചിലേക്ക് അമർന്നു ഉറക്കെ.. ഉറക്കെ ഏങ്ങി ഏങ്ങി കരഞ്ഞു.. "ഞാൻ കാരണമാണല്ലോ മോളെ.. എന്റെ ഭർത്താവ് കാരണമാണല്ലോ നിനക്ക് ഇങ്ങനെ..." അതുവരെ നിഖിലിനോടുള്ള പകയെരിഞ്ഞ ചന്ദനയുടെ കണ്ണുകളിൽ അപ്പോൾ ചൈതന്യയ്ക്ക് വേണ്ടി നീരുറവ രൂപം കൊണ്ടു.. "അല്ല.. ഞാൻ കാരണമാണ്.. എല്ലാം ഞാൻ ഒറ്റയൊരുത്തി കാരണമാണ്.. ഇനിയുമെനിക്കീ ഭാരമേറുവാൻ വയ്യ.." സഹിക്കാൻ കഴിയുന്നില്ലന്നത് പോൽ ചിഞ്ചു രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി കരഞ്ഞു.. "ഒരിക്കലും വസു നിന്നെ മറന്നിട്ടില്ല..!!ഉപേക്ഷിച്ചിട്ടില്ല..!! മറ്റൊരുവളെ പ്രണയിച്ചിട്ടില്ല..!! നീ അല്ലാതെ മറ്റാരുമാ മനസ്സിൽ ഉണ്ടായിരുന്നില്ല..!! സണ്ണിയ്ക്ക് വേണ്ടി..!! സാന്ദ്രയ്ക്ക് വേണ്ടി..!! എവിടെയോ നിന്റെ അപ്പായ്ക്ക് വേണ്ടി..!!

ഒരിക്കൽ എങ്കിലും അവർക്ക് ഒക്കെ മുന്നിൽ ഒന്ന് വിജയിക്കുവാൻ വേണ്ടി.. ഞാനാണ് അകറ്റിയത് വസുവിനെ നിന്നിൽ നിന്നും.. അതുപോലെ നിന്നിൽ നിന്നു വസുവിനെയും.. നിഖിലിനെ കുറിച്ച് ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും കരുതിയിരുന്നില്ല.. പാറുവമ്മയും ചൈതുവും നിന്റെ ജീവിതത്തെ കുറിച്ച് ഇതൊന്നുമല്ലായിരുന്നെന്നോട് പറഞ്ഞത്.. ഇന്നലെയാണ് ഞാൻ എല്ലാം അറിയുന്നത്.. തെറ്റ് പറ്റിപ്പോയെടി.. വലിയ തെറ്റ്.. ക്ഷമിക്ക് എന്ന് പറയുവാൻ പോലും പറ്റാത്തത്രേം വലിയ തെറ്റ്.. ഞാൻ കാരണം നിനക്ക് നിന്റെ ജീവിതമാണ് നഷ്ടമായത്.. നിന്റെ വസുവിനെ.. എവിടെ കൊണ്ട് പോയി തീർക്കും ഞാൻ ഈ പാപഭാരമെല്ലാം.." നെഞ്ച് പൊട്ടുമാറുച്ചത്തിൽ ചിഞ്ചു കരഞ്ഞു.. അതിനിടയിലും അവൾ പുലമ്പി കൊണ്ടേയിരുന്നു.. ചന്ദനയ്ക്ക് ആകെയൊരു മരവിപ്പ് ആയിരുന്നു.. ഒന്നുമേതും മനസ്സിലായില്ലവൾക്ക്.. താൻ ഒരു അഗാധ ഗർത്തത്തിൽ ആണെന്നും തനിക്ക് ചുറ്റുമവിടെ ഇരുട്ട് മാത്രം ആണെന്നും തോന്നി അവൾക്ക്.. മുന്നിലേക്കുള്ള വഴികൾ പോലും ഇരുണ്ടു കെട്ടിയിരിക്കുന്നു.. ചന്ദന ചിരിച്ചു.. വെറുതെ ഒരു ചിരി.. ചിഞ്ചു ഞെട്ടലോടെ മുഖമുയർത്തി നോക്കി.. അപ്പോൾ അവൾ തികച്ചും ശാന്തമായിരുന്നു.. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അത്രയേറെ ശാന്തതയോടെ നില കൊണ്ടു അവൾ..

ചിഞ്ചുവിന് ഭീതി തോന്നി.. ചൈതന്യയുടെ കരച്ചിൽ ഏറെ ശക്തമായിരുന്നു എങ്കിലും ചിഞ്ചുവിനോടുള്ള വിദ്വേഷം ആ നേരത്തും അവളിൽ മുന്നിട്ട് നിന്നു.. "ചന്ദു..." ചിഞ്ചു വേഗത്തിൽ എണീറ്റ് ചെന്നു ചന്ദനയ്ക്ക് അരികിലേക്ക് ഇരുന്ന് അവൾക്ക് എന്തെങ്കിലും സംഭവിച്ചു പോകുമോന്നുള്ള ആധിയാൽ അവളെ ചേർത്തു പിടിക്കുകയും ഒട്ടനവധി തവണ തഴുകുകയും തലോടുകയും ചെയ്തു കൊണ്ടിരുന്നു.. ഏറെ നേരം ചിഞ്ചുവിന് വിധേയയായി ചന്ദു അതേ ഇരുപ്പ് ഇരുന്നു.. ശേഷം അവൾ എഴുന്നേറ്റു.. മുന്നിലെ ഇരുട്ട് മാഞ്ഞു പോയ് വെളിച്ചം പരക്കുന്നതായി തോന്നി അവൾക്ക്.. അവിടെ വസുദേവ് നിൽക്കുന്നു.. പതിവ് മന്ദഹാസത്തോടെ.. കണ്ണുകളിൽ നിറച്ച പ്രണയത്തോടെ.. അത്രയേറെ സ്നേഹത്തോടെ.. കരുതലോടെ അവൻ കൈകൾ വിടർത്തി അരികിലേക്ക് വിളിക്കുന്നു.. ഒട്ടും അമാന്തിച്ചില്ല അവൾ.. മുന്നിലേക്ക് സഞ്ചരിച്ചു.. "ദേവേട്ടാ..." ശൂന്യതയിലേക്ക് കൈ ഉയർത്തി വിളിക്കുന്നവളെ കണ്ടു ചിഞ്ചുവിന്റെ ഹൃദയം പിളർന്നു.. ഒരു വിലാപം ഉള്ളിൽ അമർന്നു...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story