മണിവാക: ഭാഗം 68

manivaka

രചന: SHAMSEENA FIROZ

""""മറക്കാം എല്ലാം മറക്കാം.. നിനക്കായ് എല്ലാം മറക്കാം... കണ്ടു കൊതിച്ചതെല്ലാം നെഞ്ചിൽ നിറച്ചതെല്ലാം കഴിഞ്ഞ കഥയിലെ ഓർമ്മകളായ് ഇനി മറന്നുകൊള്ളാം ഞാൻ മറന്നുകൊള്ളാം... മറക്കാം എല്ലാം മറക്കാം നിനക്കായ്... കുസൃതികളിൽ കുറുമ്പുകളിൽ ഇഷ്ടം കണ്ടു ഞാൻ.. കളിവാക്കിൻ മുൾമുനയിൽ പൂക്കൾ തേടി ഞാൻ.. ഞാൻ ആദ്യമെഴുതിയ നിനവുകളിൽ അവളെന്റെ മാത്രം നായികയായ്... പാടുമ്പോഴെൻ പ്രണയസരസ്സിലൊരിതളായ് അവളൊഴുകി.. മറക്കാം എല്ലാം മറക്കാം നിനക്കായ്.....""""" സ്റ്റീരിയോയിൽ നിന്നും ഒഴുകുന്ന ഗാനം കേൾക്കെ ശരൺ പതിയെ തല ചെരിച്ചു നോക്കി. അരികിലെ സീറ്റിൽ ഇരുന്നു പുറത്തെ കാഴ്ചകളിലേക്കു കണ്ണോടിക്കുന്നുണ്ടെന്നാലും ചിഞ്ചുവിന്റെ മനസ്സ് ഇവിടെങ്ങും ഇല്ലെന്ന് തോന്നി ശരണിന്.. അതു സത്യവുമായിരുന്നു.. വഴിയോര കാഴ്‌ചകൾ വെറുതെ അവൾക്ക് മുന്നിലൂടെ ഓടി.. ഒന്നുമൊന്നും കണ്ണുകളിൽ പതിയുന്നില്ലായിരുന്നു.. കണ്ണീരു മൂടിയിരുന്നു മിഴികളിൽ. ശരൺ സ്റ്റീരിയോ ഓഫ്‌ ചെയ്തു..

തനിക്ക് മറക്കുവാൻ സാധിക്കുമോ..? അവളുടെ പ്രണയത്തിലേക്ക് അവൾ എത്തി ചേർന്ന് കാണുമെന്നാണു ചിഞ്ചുവിനെ കണ്ടു മുട്ടുന്നത് വരെ വിശ്വസിച്ചിരുന്നത്.. ആ കാലയളവിൽ പോലും തനിക്കു അവളെ മറന്ന് കളയുവാൻ സാധിച്ചിരുന്നില്ലന്ന് അവൻ കണ്ണിലൂറിയ നനവോടെ ഓർത്തു.. എവിടെയോ ഒരു നോവ്.. വിങ്ങൽ.. എന്തോ ഒന്ന് വല്ലാതെ വേദനിപ്പിക്കുന്നത് പോലെ.. പാടില്ല.. ഇനിയും മനസ്സിലേറ്റുവാൻ പാടില്ല.. മറക്കാൻ ശ്രമിക്കേണ്ടിയിരുക്കുന്നു.. ശക്തമായി തന്നെ.. തന്റേത് അല്ല.. സണ്ണിയുടേതാണ്.. എക്കാലവും സണ്ണിയുടേത് മാത്രമാണ്.. ശരൺ ഹൃദയതാളിൽ ഒരുവട്ടം കൂടെ എഴുതി ചേർത്തു.. "ചിഞ്ചു..." കനത്ത നിശബ്ദതയെ ശരൺ ഭേദിച്ചു.. ആ വിളി അവൾ കേട്ടില്ലെന്ന് തോന്നി അവന്.. വീണ്ടും വിളിച്ചു.. ചിഞ്ചു വേഗത്തിൽ തല ചെരിച്ചു നോക്കി.. ചെറുതായ് ഞെട്ടിയിരുന്നു അവൾ.. "എന്താണ് ഈ ആലോചിച്ചു കൂട്ടുന്നത്..? രണ്ടുവട്ടം വിളിച്ചു ഞാൻ.." ശരൺ ചിരിച്ചു.. "സോറി..ഞാൻ ശ്രദ്ധിച്ചിരുന്നില്ല.." ചിഞ്ചു ചമ്മലോടെ പറഞ്ഞു..

"അതാണ് ഞാൻ ചോദിച്ചത് എന്താണ് അതിനു മാത്രം ആലോചനയെന്നു..?" "ഒന്നുമില്ല.." ചിഞ്ചു ചിരിച്ചു.. ആ ചിരിയിൽ വിഷാദമല്ലാതെ മറ്റൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ലവന്.. "എന്തിനാണ് ഈ ഏകാന്തത..? സണ്ണിയ്ക്ക് ഒരവസരം കൂടി നൽകാൻ കഴിയുകില്ലേ..?" എപ്പോഴായാലും ശരണിൽ നിന്നും അങ്ങനെയൊരു ചോദ്യം ചിഞ്ചു പ്രതീക്ഷിച്ചിരുന്നു.. അതുകൊണ്ട് പ്രതേകിച്ചു ഒന്നും തോന്നിയില്ലവൾക്ക്.. "സണ്ണി എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയമാണ്.. അതുകൊണ്ട് മറക്കുക എന്നൊന്ന് പ്രയാസമാണ്.. അതു പോലെ ഇനി സ്നേഹിക്കുക എന്നത് അസാധ്യവും.." അതവളുടെ ഹൃദയത്തിൽ നിന്നും അതേപടി വന്ന വാക്കുകൾ ആണെന്ന് ശരൺ തിരിച്ചറിഞ്ഞു.. അത്രമാത്രം കല്ലിച്ചു കിടന്നിരുന്നു ആ സമയമവളുടെ സ്വരം.. സണ്ണിയ്ക്ക് വേണ്ടി സംസാരിക്കുന്നത് ഉചിതമാകില്ലന്നതും അതു അവളെ കൂടുതൽ അലോസരപെടുത്തി കളയുമെന്നുമുള്ള തോന്നലിനാലേ ശരൺ ആ ശ്രമം ഉപേക്ഷിച്ചു.. പിന്നീട് അവൻ അതേക്കുറിച്ചു ഒന്നും സംസാരിച്ചില്ല.. **

ചിഞ്ചു തിരികെ പോയതിന് ശേഷം സണ്ണി ചന്ദനയ്ക്ക് അരികിൽ സമയം ചിലവഴിച്ചു.. ഇന്നലെ രാവിലെയാണ് ശരൺ വന്നത്.. വൈകുന്നേരം മടങ്ങുമ്പോൾ ചിഞ്ചുവും ആ കൂടെ പോയിരുന്നു.. "ചന്ദന ശരണിനെ വസുദേവ് എന്നാണ് കരുതിയിരിക്കുന്നത്.. വസു തിരികെ വന്നിരിക്കുന്നു എന്നും വസുവിനെ തനിക്കു നഷ്ടമായിട്ടില്ല എന്നുമുള്ള തോന്നലിലാണ് ഇപ്പോൾ അവളുടെ മനസ്സ് ആഹ്ലാദിക്കുന്നത്.. ഇത്രയും നാളുകൾ ട്രീറ്റ്മെന്റ്റിൽ ആയിരുന്നിട്ടും അവളിൽ ഇങ്ങനെയൊരു മാറ്റം ഉണ്ടായിട്ടില്ല.. മനസ്സ് അത്രമേൽ ആഗ്രഹിച്ചത് വസുദേവ്നെ ആയിരുന്നത് കൊണ്ടായിരിക്കാം.. ആ മനസ്സിന്റെ മുറിവ് ഉണങ്ങുവാൻ ആ മെഡിസിൻ ഒന്നു മാത്രം മതിയാകും. അതുകൊണ്ടാണ് ഈ കാലയളവുകളിൽ ചന്ദനയിൽ ഒരു പ്രോഗ്രസ്സും ഉണ്ടാക്കുവാൻ എനിക്ക് സാധിക്കാതെ പോയത്.." എബ്രഹാം സാർ തലേന്ന് തന്നോടും ശരണിനോടുമായി പറഞ്ഞ കാര്യങ്ങളിലായിരുന്നു സണ്ണിയുടെ മനസ്സ് അപ്പോൾ.. അത് തീർത്തും വാസ്തവമാണെന്ന് സണ്ണിയും തിരിച്ചറിഞ്ഞിരുന്നു.

ശരണിന്റെ സാന്നിധ്യത്തിൽ ചന്ദന അത്രമാത്രം സന്തോഷവതിയാകുന്നു.. ആ നേരത്ത് ഒരു പൂച്ച കുഞ്ഞിനെ പോൽ അവനോടു ഒതുങ്ങി ചേരുന്നു.. സണ്ണിയുടെ മിഴികൾ കട്ടിലിൽ മയങ്ങി കിടക്കുന്ന ചന്ദനയിലേക്ക് നീണ്ടു.. പതിയെ അവന്റെ കരങ്ങൾ ആ കാൽ പാദങ്ങളിലേക്കും.. "മാപ്പ്..." സണ്ണിയുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി അടർന്നു ചന്ദനയുടെ കാലുകളെ പുണർന്നു.. പുറത്തേക്ക് ഇറങ്ങിയ സണ്ണിയ്ക്ക് വല്ലാത്ത ശൂന്യത തോന്നി.. ഒന്നുമേതും സംസാരിക്കില്ല എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഈ വരാന്തയിൽ ഒരു തൂണിന് അപ്പുറം അവൾ ഉണ്ടാകുമായിരുന്നു.. സ്വയമേ നഷ്ടപ്പെടുത്തിയതാണ്.. ഹൃദയം പിളരുന്ന വേദന തോന്നി സണ്ണിയ്ക്ക്.. സ്നേഹിച്ചു പോയിരുന്നു.. മനസ്സിന്റെ അടിത്തട്ടിൽ ആ പ്രണയം സൂക്ഷിച്ചിരുന്നു.. അത്രമേൽ നിശബ്ദമായി.. ഒരിക്കൽ തന്നിലേക്ക് വന്നു ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു.. പക്ഷെ ഒരിക്കലും ആ പ്രണയത്തിന് ചിഞ്ചുവിന്റെ മുഖം നൽകിയിരുന്നില്ല.. സങ്കല്പിച്ചിരുന്നില്ല.. പക്ഷെ ഇപ്പോൾ...

ഇപ്പോൾ താൻ ആഗ്രഹിക്കുന്നുവോ..? തന്നിലേക്ക് ചേർന്ന് വന്നിരുന്നെങ്കിൽ എന്ന് മോഹിക്കുന്നുവോ..?? ഇല്ല.. ഒരിക്കലുമത് പാടില്ല.. ഒരിക്കലുമതിനർഹനല്ല.. ശരണിന്റെതാണ്.. ശരണിന്റെത് മാത്രം.. അവന്റെ പ്രണയം സത്യമാണ്‌... അതന്നുമിന്നും നിസ്സ്വാർത്ഥമാണ്.. ** (Past) "GCK കോളേജ്ന് സമീപം വാഹനാപകടം.. വിദ്യാർത്ഥിനിക്ക് ഗുരുതരമായ പരിക്ക്.." വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വന്നു ടീവീ ഓൺ ചെയ്തതാണ് വരുൺ.. ചാനൽ മാറ്റുവാൻ റിമോട്ട്നായ് തിരഞ്ഞതും ന്യൂസിൽ ഓടി കൊണ്ടിരിക്കുന്ന ആക്‌സിഡന്റ് ദൃശ്യം കണ്ടു അവൻ തരിച്ചു നിന്നു.. "ബസ്സും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.. സ്കൂട്ടർ നിയന്ത്രണം വിട്ട് ബസ്സിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.. വിദ്യാർത്ഥിനിയുടെ അമിത വേഗതയാണ് അപകടകാരണമെന്ന് പറയപ്പെടുന്നു..." ആ വിദ്യാർത്ഥിനിക്ക് സാന്ദ്രയുടെ മുഖമായിരുന്നു.. "അമ്മാ..." ഒരു നിലവിളി വരുണിന്റെ തൊണ്ടയിൽ കുരുങ്ങി....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story