മണിവാക: ഭാഗം 69

manivaka

രചന: SHAMSEENA FIROZ

"ഞാൻ പറഞ്ഞതാണവളോട്.. വിശ്വേട്ടൻ പോകുന്ന വഴി കോളേജിൽ ഇറക്കിക്കോളുമെന്നു.. വൈകുന്നേരം സണ്ണിയെ കുറെ നേരം വെയ്റ്റ് ചെയ്യണം,, അല്ലേൽ ബസ്സിന്‌ തൂങ്ങി പിടിച്ചു പോകണം,, അത് വയ്യെന്നൊക്കെ പറഞ്ഞാണ് അവൾ രാവിലെ വരുൺന്റെ സ്കൂട്ടർ എടുത്ത് പോയത്.. ഹെൽമെറ്റ്‌ എടുത്തോളാൻ പറഞ്ഞിട്ട് അതുപോലും കേട്ടില്ല.. ഇതിനായിരുന്നോ മോളെ നീ പോയത്.." രാധിക കരച്ചിലിനിടയിലും പുലമ്പി കൊണ്ടിരുന്നു.. "ന്റെ കർത്താവേ.. എനിക്കിത് സഹിക്കാൻ വയ്യായെ... എന്റെ മോളെ.." തെരേസ നെഞ്ചത്തടിച്ചു വാവിട്ട് കരഞ്ഞു.. സാന്ദ്രയെ തീയറ്ററിലേക്ക് കയറ്റിരുന്നു.. തലയ്ക്കാണ് ക്ഷതമേറ്റിരിക്കുന്നത്.. സണ്ണിയും ശരണും ആ കോറിഡോറിലൂടെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു സാന്ദ്രയുടെ ജീവൻ തിരികെ പിടിക്കുവാൻ.. വിശ്വനാഥൻ വരുണിനെ സണ്ണിയുടെ വീട്ടിൽ കൊണ്ട് വിടാൻ പോയിരുന്നു.. ഫെർനാൻഡസ്ന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നില്ല.. വിവരം അറിയിക്കാതെയാണ് സണ്ണി ചെന്നു തെരേസയെ കൂട്ടി കൊണ്ട് വന്നത്.. പെട്ടന്ന് കേട്ടാൽ അത് ഫെർനാൻഡസിനെ വീണ്ടുമൊരു ആഘാതത്തിൽ എത്തിച്ചേക്കുമെന്ന് ഭയന്നിരുന്നു..

സാന്ദ്രയുടെ വണ്ടി ചെറുതായ് ഒന്ന് തട്ടിയെന്നും കുഴപ്പമില്ലന്നും ധരിപ്പിച്ചു വരുണിനെ ഫെർനാൻഡസിന് കൂട്ട് നിർത്തുവാനാണ് ഇപ്പോൾ പോയിരിക്കുന്നത്.. ** മുന്നിലെ ചില്ലു കൂടിനുള്ളിൽ കിടക്കുന്ന രൂപത്തിലേക്ക് വസുവിന്റെ മിഴികൾ താഴ്ന്നു.. ശരീരം മുഴുവനായി വെള്ള പുതഞ്ഞിരുന്നു.. തലയിൽ വലിയ ചുറ്റു കെട്ട്.. മുഖം കറുത്തിരുണ്ടിരുന്നു.. അങ്ങിങ്ങായി മുറിവുകളും പാടുകളും.. ചുണ്ട് ഒരു വശത്തേക്ക് ചരിഞ്ഞു പോയിരിക്കുന്നു.. മരിച്ചു കിടക്കുന്നൊരു മൃത ശരീരത്തിനുണ്ടാകുന്ന ശാന്തതയോ സഫലതയോ ആ മുഖത്തിനില്ലന്ന് ചുറ്റിനും കൂടി നിന്നവർ മുറു മുറുത്തു.. ആഗ്രഹിച്ചത് നേടുവാതെ.. വിജയിക്കുവാൻ ആകാതെ യാത്ര തിരിക്കേണ്ടി വന്നതിന്റെ പ്രക്ഷുബ്ദമാണതെന്നും ആ കുടുംബത്തെ ഏറെ അടുത്തറിയുന്ന ചിലർ കൂട്ടി ചേർത്തു.. താലി ചാർത്തിയ പെണ്ണ്.. തന്റെ പാതി.. അവളാണ് മുന്നിൽ ചേതനയറ്റ് കിടക്കുന്നത്.. എന്നിരുന്നിട്ടും വസുവിനു യാതൊന്നും തോന്നിയില്ല.. ആകെയൊരു മരവിപ്പ് അല്ലാതെ. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരു കൊച്ചു പെൺകുട്ടി ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു..

കുറുമ്പോടെ വിളിക്കുന്നുണ്ടായിരുന്നു.. "വസുവേട്ടാ.." ആ ഓർമയിൽ വസുവിന്റെ മിഴികളിൽ ഒരുകണം മൊട്ടിട്ടു.. സണ്ണിയ്ക്ക് ഒപ്പം തന്റെ കയ്യിൽ കൈ ചേർത്ത് നടന്നവൾ.. തന്റെ കുഞ്ഞനുജത്തി ആയിരുന്നവൾ.. അത്രയേറെ വാത്സല്യത്തോടെയും കരുതലോടെയും താൻ ചേർത്തു പിടിച്ചു നടത്തിയ തന്റെ സണ്ണിയുടെ സാന്ദ്ര.. എന്നായിരിക്കാം അവൾ തന്നെ ഈ വിധത്തിൽ കണ്ടു തുടങ്ങിയത്..? എന്തിനായിരിക്കാം വാശിയോടെ ഈ ജീവിതം സ്വന്തമാക്കി കാണുക..? എന്ത് നേടിയിരിക്കുന്നു അവൾ..? എന്നെന്നേക്കുമുള്ളൊരു നഷ്ടമല്ലാതെ..? വസുവിന്റെ കണ്ണുകൾ ഇട തടവില്ലാതെ ഒഴുകി... നിലത്തു വീണു പിടഞ്ഞു കരയുന്ന തെരേസയെയും അരികിൽ നിർജീവമായി ഇരിക്കുന്ന സണ്ണിയെയും ഫെർനാൻഡസിനെയുമെല്ലാം കാൺകെ വസുവിന്റെ ഹൃദയം ഉയർന്നു മിടിച്ചു.. താൻ തെറ്റ് ചെയ്തുവോ..? തനിക്കു ഒരിക്കലും ആ സ്ഥാനത്തു കാണാൻ കഴിയാഞ്ഞത് കൊണ്ടല്ലേ..? മനസ്സിലാക്കുകില്ലേ സാന്ദ്ര നീയത്..? വസു നിലത്തേക്കൂർന്നു

ആ ചില്ലു കൂടിനു മുകളിലേക്ക് മുഖം ചേർത്തു മിഴിവാർത്തു.. ** നിഖിലിന്റെ വീട്ടുകാർ ചന്ദനയ്ക്കും വീട്ടുകാർക്കുമെതിരെ വധ ശ്രമത്തിന് കേസ് നൽകിയിരുന്നു.. നിഖിലിന്റെ അവസ്ഥ ഗുരുതരമായിരുന്നു.. മുറിവ് വളരെ ആഴത്തിൽ ഉള്ളതാണ്.. ഒരുപാട് രക്തവും നഷ്ടപ്പെട്ടിട്ടുണ്ട്.. കുത്തേറ്റു പുറകിലേക്ക് മലർന്ന് വീഴുമ്പോൾ കട്ടിലിന്റെ പടിയിൽ നട്ടെല്ല് ഇടിച്ചാണ് വീണത്.. രക്ഷപെടുവാൻ ചാൻസ് കുറവാണു.. ഉണ്ടെന്നാൽ തന്നെ മുന്നോട്ടുള്ളതിനെ കുറിച്ച് യാതൊരുവിധ ഉറപ്പും ഡോക്ടർസ് നൽകിയില്ല.. പര സഹായമില്ലാതെ ഇരിക്കാനോ നിൽക്കാനോ കഴിയാതെ.. ചിലപ്പോൾ ചലിക്കാൻ പോലുമാവാതെ.. ചന്ദന അപ്പോഴേക്കും മെന്റലി അൺസ്റ്റേബിൾ ആയത് കാരണം കേസ് ചന്ദനയ്ക്ക് അനുകൂലമായി മുന്നോട്ടു നീങ്ങിയിരുന്നു.. ഒപ്പം ചൈതന്യയുടെയും ചിഞ്ചുവിന്റെയും മൊഴികളും.. എബ്രഹാം മികച്ച അഡ്വക്കറ്റിനെ തന്നെ ഏർപ്പാട് ചെയ്തിരുന്നു.. അതോടൊപ്പം തന്നെ തിലക രാമൻ ചന്ദനയുടെ ഡിവോഴ്സ് കേസും വിഷയത്തിൽ എടുത്തു.. അതിനുള്ള നിയമ നടപടികൾ ദ്രുത ഗതിയിലാക്കി.. **

സാന്ദ്ര വിട പറഞ്ഞു പത്തു നാളുകൾക്കു ശേഷം ഫെർനാൻഡസും യാത്ര പറഞ്ഞു പോയി... വീണ്ടുമൊരു ഹൃദയാഘാതം.. അതോടെ തെരെസയും സണ്ണിയും ജീവൻ ഇല്ലാത്ത രണ്ട് ശരീരങ്ങൾ പോലെ ആ വീടിന്റെ രണ്ട് കോണിൽ ഒതുങ്ങി.. "ആരുടെ ശാപമാണോ എന്തോ ഈ വീടിന് മേളിൽ.. എന്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്നതാ.. എല്ലാരും പോയില്ലേ.. എന്റെ മക്കള്.. നിന്റെ അപ്പച്ചൻ.. ഇനി ആരുണ്ടെടാ നമുക്ക്.. ഇനി എന്തിനാടാ ജീവിക്കേണ്ടത്... അടിക്കടി ഇങ്ങനെ ഓരോ നഷ്ടങ്ങൾ പേറുവാൻ എന്ത് ചെയ്തു.." ഒരു രാത്രിയിൽ സണ്ണി തെരേസയെ നിർബന്ധിച്ചു അത്താഴം കഴിപ്പിക്കാൻ കൊണ്ടിരുത്തിയപ്പോൾ തെരേസ നെറ്റിയിൽ ഇടിച്ച് ഉറക്കെ കരയുകയും പറയുകയും ചെയ്തു.. "എന്ത് ചെയ്‌തെന്ന് മാത്രം അമ്മച്ചി ചോദിക്കരുത്... ചെയ്യുമ്പോൾ അത്ര വലിയ തെറ്റായി തോന്നിയിരുന്നില്ല.. ഒരു സാധു പെണ്ണിന്റെ കണ്ണീരിന് മേളിൽ കിട്ടിയ ജീവിതമായിരുന്നു സാന്ദ്രയ്ക്ക്.. എന്നെന്നേക്കുമായി വസുവിനെ ചന്ദനയിൽ നിന്നും അകറ്റിയിട്ടാണ് സാന്ദ്രയ്ക്ക് ഞാൻ അവനെ നേടി കൊടുത്തത്..

മുന്പു ആരുടെ ശാപം ആയിരുന്നെന്ന് അറിയില്ല... പക്ഷെ ഇപ്പോൾ ആ കുട്ടിയുടെ കണ്ണീരിന്റേതാണു ഇത്.. തലയ്ക്കു മുകളിൽ തീയായ് വന്നു വീണതാണത്.. ഇനി ഒരു കാലത്തും മാഞ്ഞു പോകുകില്ല.. ചിലപ്പോൾ നമ്മുടെയും മരണം കൊണ്ടല്ലാതെ.." കഴിക്കാൻ കൊണ്ട് വെച്ചിരുന്ന കഞ്ഞിയിൽ നിന്നും ഒരു പിടി പോലും വാരി കഴിക്കാൻ ആകാതെ സണ്ണി എഴുന്നേറ്റു പോയി.. "അയ്യോ... ഈശോയോ...." തെരേസ അപ്പോഴും പദം പറഞ്ഞുറക്കെ കരയുന്നുണ്ടായിരുന്നു.. ** ( Present ) "ഫെർനാൻഡസ് അങ്കിളിന്റെ മരണം കൂടി ആയതോടെ സണ്ണി പാടെ തകർന്നു.. തെരെസാന്റിയുടെ കാര്യങ്ങൾ പോലും ശ്രദ്ധയിൽ എടുക്കാതെയായി.. ആന്റിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.. മനസ്സ് കൈവിട്ടു പോയത് പോലെയായിരുന്നു പെരുമാറ്റങ്ങൾ.. ആന്റിയെ കോട്ടയത്ത്‌ ആന്റിയുടെ തറവാട്ടിൽ കൊണ്ട് വിട്ട് സണ്ണി ഡൽഹിയിലേക്ക് പോയി.. ജോബ് ആൻഡ് കരിയർ റിലേറ്റഡ് ആണെന്നാണ് എല്ലാവരോടും പറഞ്ഞതെങ്കിലും അപ്പോൾ അവൻ ഈ നാട്ടിൽ നിന്നുമൊരു അകലം ആഗ്രഹിച്ചിരുന്നു..

സത്യത്തിൽ അതൊരുതരം ഒളിച്ചോട്ടമായിരുന്നെന്ന് ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ഞാൻ തിരിച്ചറിഞ്ഞത്.. അതിനേക്കാൾ വേദനയായിരുന്നു വസുവിന്റെ അവസ്ഥ.. ചന്ദനയെ നഷ്ടപ്പെട്ടപ്പോൾ തന്നെ അവൻ ജീവിക്കുവാൻ മറന്ന് പോയിരുന്നു.. ആരുടെയോ ഒക്കെ നിർബന്ധങ്ങൾക്കും കണ്ണീരുകൾക്കും വഴങ്ങി ഒരു ബന്ധനത്തിൽ പെട്ടിരിക്കുകയാണെന്നത് പോലെയാണ് അവൻ സാന്ദ്രയെ വിവാഹം ചെയ്തത്.. ഒരിക്കലും അവൾ ചന്ദനയ്ക്ക് പകരമാവില്ലന്നോ ഒരുകാലത്തും അവളെ ലൈഫ് പാർട്ണർ ആയി അംഗീകരിക്കുവാനോ കഴിയില്ലന്നത് ഉറപ്പുള്ളത് കൊണ്ടാണ് അവൻ പെട്ടെന്ന് ഒരു ദിവസം നാടും വീടും ഞങ്ങളേയുമൊക്കെ ഉപേക്ഷിച്ചു കാനഡയിലേക്ക് പോയത്.. ഒരിക്കലും നാട്ടിൽ നിന്നും അകന്ന് കഴിയണമെന്ന് അവൻ ആഗ്രഹിച്ചിരുന്നില്ല.. അവനു ഏറെ ഇഷ്ടമുള്ള അവന്റെ കമ്പനി.. ജോലി.. സഹ പ്രവർത്തകർ.. എല്ലാത്തിനോടും അവൻ വിട പറഞ്ഞു.. അപ്പോഴാണ് അപ്രതീക്ഷിതമായി സാന്ദ്രയുടെ മരണം.. ഒരിക്കലും അവൾ ആഗ്രഹിച്ച രീതിയിൽ അവളെ സ്നേഹിച്ചിരുന്നില്ല എങ്കിലും അവന്റെ മനസ്സിൽ എപ്പോഴും അവൾക്ക് ഒരു സ്ഥാനമുണ്ടായിരുന്നു.. അത്രയധികം സ്നേഹവും വാത്സല്യവുമായിരുന്നു അവളോട്..

അതിനാൽ പെട്ടെന്നുള്ള അവളുടെ മരണം അവന് ഉൾകൊള്ളുവാൻ സാധിച്ചില്ല.. എപ്പോഴെങ്കിലും എവിടെയെങ്കിലും താൻ തെറ്റ് ചെയ്തുവോ എന്നൊരു തോന്നലും അവനെ വേട്ടയാടി.. എല്ലാം കൊണ്ടും അങ്ങേയറ്റം തളർന്നാണ് വീണ്ടും കാനഡയ്ക്ക് പോകുന്നത്.. ആ പോയ വസു പിന്നീട് നാട്ടിലേക്ക് വന്നിട്ടില്ല.. ആരുമായുമധികം കോൺടാക്ട് ഇല്ല ഇപ്പോൾ. ഒരു നൂറു വട്ടം അങ്ങോട്ട് വിളിച്ചാൽ അതിലൊരു കാൾ എടുക്കും.. എടുത്താൽ തന്നെ വലുതായി സംസാരമോ ഒന്നുമേതുമില്ല.. ചോദിക്കുന്ന കാര്യങ്ങൾക്ക് ഒന്നോ രണ്ടോ വക്കിൽ മറുപടി.. അത്രമാത്രം.. വല്ലാതെ ഉൾവലിഞ്ഞു പോയിരിക്കുന്നു അവൻ ഇപ്പോൾ.. രാധികാന്റിയ്ക്ക് എപ്പോഴും കരച്ചിലും പറച്ചിലുമൊക്കെയാണ്.. അതിനേക്കാൾ ഏറെ കുറ്റബോധവും.. അവന് തീരെ താല്പര്യവും ഇഷ്ടവും ഇല്ലാതിരുന്നിട്ട് കൂടി സാന്ദ്രയെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആന്റിയും അവനെ വലുതായി നിർബന്ധിച്ചിരുന്നുവല്ലോ.. അവന്റെ ഈ അകൽച്ച ആന്റിയെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.. അവനോട് ഒന്ന് നാട്ടിൽ വരാൻ പറയെന്നും പറഞ്ഞു

ആന്റി എന്നും എന്നോട് കരച്ചിലാണ്... ആ പിന്നൊന്നുണ്ട്.. പോകുന്നതിന് മുന്നേ എന്നോട് പറഞ്ഞിരുന്നു.. എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും നിന്നെയോ ചന്ദനയേയോ കാണുക ആണെങ്കിൽ സുഖമായിരിക്കുന്നോ എന്നന്വേഷിക്കണമെന്നും ഒരു കാരണ വശാലും ഞങ്ങൾ ആരും ചന്ദനയോട് ദേഷ്യം കാണിക്കരുത് എന്നും.. എവിടെ ആയിരുന്നാലും ആർക്കൊപ്പമായിരുന്നാലും എല്ലാ കാലവും അവൾ സന്തോഷമായിരിക്കുന്നുണ്ടെന്നു അറിഞ്ഞാൽ മാത്രം മതിയെന്ന്... " രാത്രിയിൽ വെറുതെ പുറത്ത് ഇരിക്കുമ്പോഴും തലേന്ന് ശരൺ പറഞ്ഞറിഞ്ഞതിലായിരുന്നു ചിഞ്ചുവിന്റെ മനസ്.. വസുവിനെ കുറിച്ച് ആലോചിക്കുകയായിരുന്നു അവൾ.. എന്നെങ്കിലും ഇനി കാണുവാനാകുമോ..? ആയാൽ തന്നെ തന്നോട് പൊറുക്കുമോ..? എന്ത് ഇഷ്ടമായിരുന്നു തന്നോട്.. എന്നിട്ടും.. ഓർക്കവേ തന്നെ ചിഞ്ചു കരഞ്ഞു പോയി.. ചന്ദു.. ചന്ദുവിനോട് ഇന്നും ആ സ്നേഹം കാണുമോ വസുവിനു..? ചന്ദു ഇങ്ങനൊരു അവസ്ഥയിൽ ആണെന്ന് അറിഞ്ഞാൽ ആ ഹൃദയം വേദനിക്കുമോ..? അരഭിത്തിയിൽ വെച്ചിരിക്കുന്ന ഫോൺ റിങ് ചെയ്തപ്പോഴാണ് ചിഞ്ചു ആ ഇരുപ്പിൽ നിന്നെഴുന്നേറ്റ് കണ്ണുകൾ തുടയ്ക്കുന്നത്.. ഡിസ്പ്ലേയിൽ തെളിഞ്ഞു നിൽക്കുന്ന പേരും മുഖവും കണ്ടവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story