മണിവാക: ഭാഗം 70

manivaka

രചന: SHAMSEENA FIROZ

 "ചന്ദനയെ നമുക്ക് ഇങ്ങോട്ട് കൊണ്ട് വന്നാലോ..? " ചന്ദനയുടെ ഓരോ വിവരങ്ങളും സണ്ണി നിശ്ചിത ഇടവേളകളിൽ ശരണിനെ വിളിച്ചു അറിയിക്കുമായിരുന്നു.. അതു അവൻ വിശ്വനാഥനോട്‌ ഷെയർ ചെയ്യുമ്പോഴാണ് രാധികയുടെ ചോദ്യം.. "അവൾ ട്രീറ്റ്മെന്റ്ലാണ്.. ഇപ്പോൾ നല്ല പ്രോഗ്രസ്സ് ഉണ്ടെന്നാണ് സണ്ണി പറയുന്നത്.. പിന്നെ നമ്മൾ എന്തവകാശത്തിലും വാദത്തിലുമാണ് അവളെ ഇങ്ങോട്ടു കൊണ്ട് വരേണ്ടത്.. നമുക്ക് അതിന് എന്ത് സ്ഥാനമാണുള്ളത്...?" ശരണിന്റെ ചോദ്യത്തിൽ രാധികയൊന്നു നിശബ്ദയായി.. "എന്നാലും.. എന്റെ വസു ഒത്തിരി സ്നേഹിച്ച കുട്ടിയല്ലേ..? അന്നതിനെ എന്റെ വസുവിനു കൊടുത്തിരുന്നേൽ ഇന്ന് ഇതൊക്കെ അനുഭവിക്കണമായിരുന്നോ..?" രാധിക വിതുമ്പിപ്പോയിരുന്നു.. "ചന്ദനയുടെ അച്ഛനെ മാത്രം പറയുവാൻ കഴിയില്ല.. അതിനും നമുക്ക് അർഹതയില്ല..

തെറ്റ് നമുക്കും പറ്റിയിട്ടുണ്ട്.. നമ്മളും ചന്ദനയെ തെറ്റിദ്ധരിച്ചിരുന്നില്ലേ.. അതിനി എന്തൊക്കെ ന്യായങ്ങൾ നിരത്തിയാൽ പോലും.." ശരണിൽ നിന്നുമൊരു നെടുവീർപ്പുതിർന്നു.. "എനിക്കതല്ല ശരൺ ചേട്ടാ.. വസുവേട്ടൻ ഇതറിഞ്ഞാൽ സഹിക്കുമോ..? എനിക്ക് തോന്നുന്നില്ല.. സാന്ദ്ര ചേച്ചിയുടെ മരണം തന്നെ ഏട്ടനെ വല്ലാതെ ബാധിച്ചിരുന്നു.. അപ്പോൾ ചന്ദന ചേച്ചി ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥയിൽ ആണെന്ന് അറിഞ്ഞാൽ..? ഏതായാലും ഏട്ടനെ ഇപ്പോൾ ഒന്നും അറിയിക്കണ്ട.. ഇവിടെത്തിക്കോട്ടെ.. എന്നിട്ടു പറയാം.. ഉറപ്പായും ഏട്ടൻ പെട്ടെന്ന് തന്നെ വരും.. ഇത്രയും ദിവസങ്ങൾ അമ്മ മാത്രമാണ് കരഞ്ഞതും പറഞ്ഞതും.. ഇന്ന് അച്ഛനും വിഷമിച്ചൊരുപാട് പറഞ്ഞില്ലേ.. അതുകൊണ്ടിനി ഏട്ടന് അവിടെ നിൽക്കുവാൻ കഴിയില്ല.. " വരുൺ പറഞ്ഞു.. അതൊക്കെയും ശെരിയാണെന്ന് ശരണിനും തോന്നി..

"വസുവിനു എല്ലാം ഉൾകൊള്ളാൻ ആകുമോ..? ചന്ദനയെ പഴയ പോലെ സ്നേഹിക്കുവാൻ..? അതൊന്നുമിനി കഴിയില്ലെന്നാൽ..? എന്തൊക്കെ പറഞ്ഞാലും വിവാഹ മോചിതയും ഇപ്പോൾ സമനില തെറ്റിയ അവസ്ഥയിലുമാണ്.. അപ്പോൾ..." രാധിക പൂർണമാക്കിയില്ല.. എന്തോ മനസ്സിലൊരു സംഘർഷം നടക്കുകയായിരുന്നു.. ഏറെ കൂടുതലും വസുവിനെ ഓർത്തു തന്നെയായിരുന്നു.. "നീ എന്തൊക്കെയാണ് രാധികേ പറയുന്നതും ചിന്തിച്ചു കൂട്ടുന്നതും..? ആ കുട്ടി ഇന്നിങ്ങനെ ഒരവസ്ഥയിൽ ആയിട്ടുണ്ടെങ്കിൽ നമുക്ക് അതിൽ വലുതായി തന്നെ പങ്കുണ്ട്.. ശരൺ പറഞ്ഞതെല്ലാം നീയും കേട്ടതല്ലേ..? സാന്ദ്രയെ ഉൾകൊള്ളുവാൻ കഴിയാതെ വന്നപ്പോൾ അവളെ അകറ്റി നിർത്തുവാനും അവളിൽ നിന്നും അകന്ന് പോകുവാനും വസുവിനു കഴിഞ്ഞിരുന്നു.. അതിനുള്ള സാഹചര്യങ്ങളും വഴികളും അവന് മുന്നിൽ ഏറെ ഉണ്ടായിരുന്നു.. പക്ഷെ ചന്ദനയോ..? തീർത്തും നിസ്സഹായയായിരുന്നു.. അവൾക്ക് മുന്നിൽ എല്ലാ വഴികളും അടയ്ക്കപ്പെട്ടിരുന്നു.

ഇഷ്ടമല്ലാത്ത ഒരാൾക്കൊപ്പം അയാളുടെ എല്ലാ ക്രൂരതകളും പീഡനങ്ങളും ഏറ്റു വാങ്ങി ആ വീട്ടിൽ ഒരു ജോലിയേക്കാരിയെ പോലെ ഒരുവർഷത്തോളം കഴിച്ചു കൂട്ടിയവൾ.. കണ്മുന്നിൽ ഭർത്താവ് മറ്റ് സ്ത്രീകളോടൊപ്പം കിടക്ക പങ്കിടുന്നത് കണ്ടിട്ടും ശബ്ദമുയർത്തുവാൻ കഴിയാതെ പോയവൾ.. ഏത് പെണ്ണിന് സഹിക്കാൻ കഴിയും ഈ വിധത്തിൽ.. വസു വരട്ടെ.. എനിക്കുറപ്പുണ്ട്.. ചന്ദനയെ ഒരുകാലത്തും അവൻ കയ്യൊഴിയുകില്ല.. നഷ്ടപ്പെട്ടു പോയ അവളെ ഓർത്തു വേദനിക്കുന്ന ഒരു ഹൃദയമാണ് അവന് ഇന്നും ഉണ്ടാവുക.. " വിശ്വനാഥൻ സോഫയിൽ പുറകിലേക്ക് ചാഞ്ഞിരുന്നു.. ശരണിന്റെ ചിന്തയപ്പോൾ സണ്ണിയിലും ചിഞ്ചുവിലും എത്തി നിന്നിരുന്നു.. വസുവിനു അവരോട് തോന്നുവാൻ പോകുന്നത് എന്തായിരിക്കും.? പൊറുക്കാൻ കഴിയുകില്ലേ അവന്..? *** "എന്റെ മോളെന്ത്യേടീ...?" കാൾ കണക്ട് ചെയ്തുടനെ മറുപുറത്തു നിന്നും തിടുക്കത്തിലൊരു ചോദ്യമെത്തി. "നിന്റെ മോളോ..? തോന്നുമ്പോൾ കൊണ്ട് വിടേം കൊണ്ട് പോകേം ചെയ്യും.. നിനക്ക് അവളോട് ഒരു സ്നേഹവുമില്ല..

ഇങ്ങനെയുമുണ്ടോ അമ്മമ്മാര്..?" ചിഞ്ചു കളിയായി ചോദിച്ചു.. "അയ്യടി.. ഇപ്പോ അങ്ങനെയായോ..? നീയല്ലേ അവളെ വിട്ട് പിരിയാൻ വയ്യെന്നും പറഞ്ഞു എന്നെ വിളിച്ചു സ്വൈര്യം തരാത്തത്.. അപ്പോഴല്ലേ ഞാൻ അവിടെ കൊണ്ട് വിടുന്നത്.. നിനക്ക് ഒരു നേരം പോക്ക് ആയിക്കോട്ടെന്ന് ഞാനും ഓർത്തു.. എപ്പോഴും പറയുമല്ലോ വല്ലാതെ മടുപ്പാണെന്ന്.. അവൾ അരികിൽ ഉണ്ടായിട്ട് അതു മാറുവാണേൽ മാറട്ടെന്നും കരുതി. എന്നിട്ടവസാനം പറയുന്നത് കേക്കണേ.. ഞാൻ നാളെത്തന്നെ വന്നു എടുത്തോളും എന്റെ കുഞ്ഞിനെ.. ഇനി അങ്ങോട്ട് തരുന്ന പ്രശ്നമില്ല.." "അയ്യോ.. ഞാനൊരു തമാശ പറഞ്ഞതാണ് എന്റെ പൊന്ന് ശ്രുതി.. ഇപ്പോഴും എന്നോട് അങ്കം വെട്ടുന്നതിന് നിനക്കൊരു കുറവും ഇല്ലല്ലോടി.. ശ്രീമോള് ഉറങ്ങി.. ഞാൻ ഇവിടെ പുറത്ത് വന്നിരിപ്പാണ്.. സിദ്ധു ഏട്ടൻ എന്തു പറയുന്നു.. എങ്ങനെയുണ്ട് ആൾക്കിപ്പോൾ..?" ചിഞ്ചു അന്വേഷിച്ചു.. ശ്രുതിയുടെ ഭർത്താവാണ് സിദ്ധാർഥ്.. നാട്ടിൽ കമ്പ്യൂട്ടർ സെന്റർ നടത്തുകയാണ്.. ഒരു മാസം മുന്നെയാണ് വാഹനാപകടത്തിൽ പെടുന്നത്..

ഓവർ സ്പീഡിൽ എതിരെ വന്ന സ്കോർപിയോ ബൈക്കിനെ ഇടിച്ചിടുകയായിരുന്നു.. വലത് കൈക്കും ഇടതു കാലിനും ഒടിവും ബാക്കി അങ്ങിങ്ങായി കുറച്ച് പരിക്കുകളും പറ്റിയിട്ടുണ്ട്.. "പ്ലാസ്റ്റർ എടുക്കാൻ ആയിട്ടില്ല.. പത്തു പന്ത്രണ്ട് ദിവസം കൂടെ കഴിയും.. ഏതായാലും അതിന് മുന്നേ ഒന്ന് പോയി കാണിച്ചു വരണം.. സിദ്ധു ഏട്ടന് തലയ്ക്കു ഒക്കെ നല്ല വേദന ഉണ്ടെന്ന്.." ശ്രുതി വിഷമിച്ചു.. "ടെൻഷൻ ആവണ്ട.. നാളെത്തന്നെ പോയി വാ.. ശ്രീക്കുട്ടി ഇവിടിരിക്കട്ടെ.. എനിക്ക് മടുക്കുമ്പോൾ ഞാൻ തന്നെ കൊണ്ട് വിട്ടേക്കാം.. പിന്നെ നിനക്ക് അവളെ മിസ്സിംഗ്‌ ഒന്നും ഇല്ലല്ലോ.. വയറ്റിൽ ഒരെണ്ണം കിടക്കുവല്ലേ.. വേഗത്തിൽ ഒപ്പിച്ചത് കൊണ്ടായി.. ഇല്ലേൽ സിദ്ധു ഏട്ടൻ സെറ്റ് ആയി വരുമ്പോഴേക്കും നീ മുഷിഞ്ഞേനെ.." ചിഞ്ചു ചിരിച്ചു.. "പോടീ അലവലാതി.. നാക്കിനു ഇപ്പോഴും കുറവൊന്നുമില്ലല്ലോ.. ഞാൻ വെറുതെ തെറ്റിദ്ധരിച്ചു നീ നന്നായെന്ന്.. ഏതായാലും പുറത്തിരുന്നു മഞ്ഞു കൊള്ളണ്ട.. പോയി കിടന്നുറങ്ങാൻ നോക്കു.. സിദ്ദു ഏട്ടന് മെഡിസിൻ ഒക്കെ കൊടുക്കാനുണ്ട്.."

"ശെരി.. ആ പിന്നെ.. നിന്റെയാ പഴയ ക്രഷ് നാട്ടിൽ തന്നെയുണ്ട് കേട്ടോ.. കല്യാണമൊന്നും കഴിഞ്ഞിട്ടില്ല. നീ കാത്തിരിക്കേണ്ടിയിരുന്നു.." ചിഞ്ചു വീണ്ടും ചിരിച്ചു.. "ആര്..? ശരൺ ചേട്ടനോ..? ഓ.. ഞാനെന്തിനാണ് കാത്തിരിക്കേണ്ടത്.. അങ്ങേര് നിനക്ക് വേണ്ടി തപസ്സിൽ ആയിരിക്കും.. എങ്ങാനും കാത്തിരുന്നേൽ എന്റെ മൂക്കിൽ പല്ല് വരുന്നത് മാത്രമായിരുന്നേനെ മിച്ചം.." "അപ്പോൾ നിനക്ക് ശെരിക്കും ഇഷ്ടമൊന്നും ഇല്ലായിരുന്നോ..? ശോ.. ഞാൻ ചുമ്മാ കുറെ ആഗ്രഹിച്ചു പോയി.. എല്ലാം സിദ്ധു ഏട്ടനോട് പറയുന്നതും നീയും സിദ്ധു ഏട്ടനും തമ്മിൽ ഉടക്കി പിരിയുന്നതുമെല്ലാം.." "എടീ.. സാമദ്രോഹി.. നിന്റെ കൊലച്ചിരി നിർത്തിക്കോ.. നിനക്ക് ഏതായാലും ഇഷ്ടമല്ലന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ അങ്ങേർക്ക് ഒരു ജീവിതം കൊടുക്കാനൊക്കെ എനിക്ക് താല്പര്യമുണ്ടായിരുന്നു.. പറഞ്ഞിട്ട് കാര്യമില്ല..

അങ്ങേർക്ക് അതിന് യോഗമില്ല.. സിദ്ധു ഏട്ടനാണ് ആ ഭാഗ്യം കിട്ടിയിരിക്കുന്നത്. വേണേൽ അടുത്ത ജന്മത്തിൽ നോക്കാം.. ഓരോന്നും ഓരോ വഴിക്ക് ആയതല്ലേ ആ കാലത്തു.. ഒന്ന് തുറന്നു പറയുവാൻ പോലും പറ്റിയിരുന്നില്ല.. പിന്നെ വീട്ടിൽ ആലോചനകൾ വരുമ്പോൾ ഞാനും അത് വിട്ട് കളഞ്ഞിരുന്നു.. ശെരിയെടി.. ഞാൻ വെക്കുവാ.. സിദ്ധു ഏട്ടന് ബാത്‌റൂമിൽ പോകണമെന്ന്.." ശ്രുതി കാൾ ഡിസ്‌ക്കണക്ട് ചെയ്തു.. അൽപ്പ നേരം കൂടി ചിഞ്ചു ആ തണുപ്പിൽ അങ്ങ് ഇരുട്ടിലേക്കു മിഴികൾ നീട്ടി നിന്നു.. ഇനി മുന്നിലേക്കുള്ള ദിനങ്ങൾ ഇത്രയേറെ ഇരുളാർന്നതാണെന്ന ഉറപ്പോടെ.. ** കൊച്ചിയിലെ പ്രശസ്തമായ മെന്റൽ ഹെൽത്ത്‌ കെയർനു മുന്നിൽ ശരൺ കാർ പാർക്ക്‌ ചെയ്യുമ്പോൾ വസുവിന്റെ മുഖം ചുളിഞ്ഞിരുന്നു.. ഒട്ടനവധി ചോദ്യങ്ങൾ അവന്റെ ഉള്ളിൽ ഉയർന്നു.. എങ്കിലും ഒന്നുമേ തിരക്കിയില്ല അവൻ..

കാറിൽ നിന്നിറങ്ങി ശരണിനെ അനുഗമിച്ചു.. വളരെ ശാന്തമായ അന്തരീക്ഷം.. എന്നിരുന്നിട്ടും ആ ശാന്തത മനസ്സിനെ പുണരുന്നില്ലന്ന് തോന്നി.. അത്രമേൽ അരുതാത്തത് എന്തോ കണ്മുന്നിൽ വരാൻ പോകുന്നത് പോലെ... അവസാനം അവൻ ചെന്നെത്തി ആ മുറിയ്ക്ക് മുന്നിൽ.. പൊടുന്നനെ അവന്റെ കാലുകൾ നിശ്ചലമായി.. ഒന്നേ നോക്കിയുള്ളു.. ഒരേ ഒരുവട്ടം.. മെലിഞ്ഞുണങ്ങി അസ്ഥികൾ ഉന്തി തള്ളി നിറം മങ്ങിയൊരു രൂപം.. അതിന് ചന്ദനയുടെ മുഖമാണെന്ന് തിരിച്ചറിയവേ നിന്ന നിൽപ്പിൽ ഒന്ന് ഉലഞ്ഞു പോയി അവൻ.. ആ രൂപത്തിന് ചന്ദനയുടെ നിഴലിനോട് മാത്രമേ സാമ്യതയുള്ളൂ എന്ന് തോന്നി.. അത്രയുമധികം ക്ഷീണിച്ചവശയായൊരു പെൺരൂപം. ജനൽ കമ്പികളിൽ വിരലുകൾ കൊരുത്തു തലയതിലേക്ക് ചേർത്തു വെച്ചു അകലങ്ങളിലേക്ക് നോക്കി ചെരിഞ്ഞു നിൽപ്പാണ് അവൾ.. "ചന്ദനാ.." വസുവിന്റെ തൊണ്ടക്കുഴിയിൽ ഒരു വിലാപം വന്നു തടഞ്ഞു.. തനിക്ക് ഒരിക്കലും ഇത് സഹിക്കുവാൻ കഴിയുകില്ലന്നത് പോൽ കണ്ണീർ മൂടിയ മിഴികളോടെ വസു തന്റെ ശിരസ്സ് ഭിത്തിയിലേക്ക് താങ്ങി നിന്നു...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story