മണിവാക: ഭാഗം 71

manivaka

രചന: SHAMSEENA FIROZ

ജീവൻ നഷ്ടപ്പെട്ടു കണ്ണീർ പാട കെട്ടിയിരിക്കുന്ന ചന്ദനയുടെ മിഴികളിൽ ഒരു നക്ഷത്ര തിളക്കം രൂപപ്പെട്ടു.. ആഹ്ലാദത്താൽ അവ വിടരുകയും ചുണ്ടുകൾ വിതുമ്പുകയും ചെയ്തു.. "ദേവേട്ടാ..." അത്രയേറെ സന്തോഷത്തോടെയവൾ ശരണിന്റെ മാറിൽ വന്നണഞ്ഞു. "എവിടെയായിരുന്നു..?? തനിച്ചാക്കി പോകുകില്ലന്ന് വാക്കു തന്നിട്ട്.. വീണ്ടും പറ്റിക്കുകയാണോ..?" ഒന്നുകൂടെ ആ മാറിലേക്ക് ഒതുങ്ങിക്കൊണ്ട് അവൾ പരിഭവത്തോടെ തിരക്കി.. ശരണിന്റെ വിരലുകൾ അത്രമേൽ വാത്സല്യത്തോടെ.. കരുതലോടെ.. ചന്ദനയുടെ ശിരസ്സിനെ തഴുകി.. വസുവിനു ശ്വാസം വിലങ്ങിയിരുന്നു.. അവളുടെ ദേവേട്ടാന്നുള്ള വിളിയിൽ ഒരുമാത്ര കുളിരു കോരിയിരുന്നു.. മരുഭൂമി പോൽ തപിക്കുന്ന തന്റെ ഹൃദയത്തിൽ തുലാമഴ പെയ്യുകയാണെന്ന് തോന്നിയിരുന്നു.. അവൾ തന്നെ വേഗത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നുവല്ലോ എന്നത്രമേൽ അത്ഭുതത്തോടെയും ആഹ്ലാദത്തോടെയും ഓർത്തിരുന്നു.. പക്ഷെ... തന്നെ ഒന്ന് നോക്കുന്നു പോലുമില്ല.. തന്നിലേക്ക് ആ ശ്രദ്ധയൊന്നു പാളുന്നതു പോലുമില്ല..

വസുവിന്റെ ഹൃദയം ആർത്തലച്ചു കരഞ്ഞു.. "ചന്ദന.. നോക്കു.. ഇതാരാണെന്ന്..? " ശരൺ പതിയെ ചന്ദനയെ വേർപെടുത്തി അരികിൽ നിൽക്കുന്ന വസുവിനെ കാട്ടി കൊടുത്തവൾക്ക്.. അപ്പോൾ മാത്രമാണ് ചന്ദനയുടെ മിഴികൾ വസുവിലേക്ക് നീളുന്നത്.. അപരിചിതനെ കണ്ടെന്നത് പോൽ ചന്ദന കണ്ണുകൾ കുറുക്കുകയും വീണ്ടും ശരണിലേക്ക് പതുങ്ങി ചേരുകയും ചെയ്തു.. തന്നോടുള്ള പ്രണയം മാത്രം നിറഞ്ഞു നിന്നിരുന്ന മിഴികളിൽ ഇന്ന് തന്നോടുള്ള അപരിചിതത്വ ഭാവം.. ഹൃദയ വേദന സഹിക്കുവാൻ കഴിയാതെ താൻ ഈ നിമിഷം മരിച്ചു പോകുമെന്ന് തോന്നി വസുവിനു.. അത്രമേൽ കണ്ടു നിൽക്കാൻ സാധിക്കുന്നില്ലായിരുന്നു തന്റെ പ്രാണനെ ആ നിലയിൽ.. കണ്ണീരോടെ പിൻവാങ്ങുവാൻ ഒരുങ്ങി.. പുറകിൽ സണ്ണി നിൽക്കുന്നുണ്ടായിരുന്നു.. അങ്ങേയറ്റം ദയനീയതയോടെ.. കുറ്റബോധത്തോടെ.. അത്രയേറെ വിങ്ങലോടെ.. തന്നോട് ക്ഷമിക്കു എന്നവന്റെ നിറഞ്ഞ കണ്ണുകൾ പറയാതെ പറഞ്ഞു കൊണ്ടിരുന്നു.. ഒന്നുമൊന്നും തോന്നിയില്ല വസുവിനു.. മുഖം കല്ലിച്ചു കിടന്നിരുന്നപ്പോൾ..

വാതിൽ കടന്ന് അവൻ പുറത്തേക്ക് നടന്നു.. സണ്ണി കണ്ണുകൾ ഇറുകെ ചിമ്മി.. മിഴിനീര് അവന്റെ കവിളുകളിൽ ചാലു തീർത്തു.. അവസാനം ഭയന്നത് സംഭവിച്ചിരിക്കുന്നു.. വസുവിന്റെ മനസ്സിൽ ഇനി സണ്ണിയ്ക്ക് സ്ഥാനമില്ല.. വെറുപ്പ് നിറഞ്ഞിരിക്കുന്നു.. ഒരിക്കലും തന്നോട് അവന് ക്ഷമിക്കുവാൻ കഴിയുകില്ലന്ന് സണ്ണിയുടെ മനസ്സ് വീണ്ടും അവനോട് ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.. ശരൺ എല്ലാ കാര്യങ്ങളും വസുവിനെ അറിയിച്ചിരുന്നു.. ചന്ദന ഇപ്പോൾ ഈയൊരവസ്ഥയിൽ ആണെന്നത് ഒഴിച്ച് ബാക്കിയെല്ലാം.. ശരൺ ചന്ദനയെ സണ്ണിയെ ഏല്പിച്ചു വസുവിന് പുറകെ പോയി.. പുറത്തെ കസേരകളിൽ ഒന്നിൽ ഇരിക്കുന്ന വസുവിന്റെ ശരീരം വല്ലാതെ ഉലഞ്ഞു പോകുന്നുണ്ടായിരുന്നു.. അവൻ കരച്ചിൽ ഒതുക്കുവാൻ അത്രയേറെ പാട് പെടുന്നുണ്ടെന്ന് ശരണിന് മനസ്സിലായി..

ആശ്വാസമെന്ന പോൽ ശരൺ വസുവിന്റെ കൈകൾക്ക് മീതെ പതിയെ തഴുകി കൊണ്ടിരുന്നു.. "നമുക്ക് പോകാം." വസു തിടുക്കത്തിൽ പറയുകയും എഴുന്നേൽക്കുകയും ചെയ്തു.. "വസൂ.." ശരൺ ഒരുവേള ഭയന്നു പോയി.. അകത്തുള്ളവളെ ഉൾകൊള്ളുവാൻ വസുവിന് ആകുകില്ലേ എന്നൊരു ചോദ്യം ആദ്യമായി ശരണിന്റെയുള്ളിൽ വട്ടമിട്ടു. "എനിക്ക് പറ്റുന്നില്ല.. ചന്ദന... ചന്ദനയെ ഇങ്ങനെ കാണുവാൻ.. എനിക്ക് കഴിയില്ലടാ..." ഇത്തവണ വസുവിനു നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. ശരണിന്റെ ചുമലിലേക്ക് അമർന്നു അവൻ കരഞ്ഞു പോയി.. "ചന്ദനയ്ക്ക് ഇപ്പോൾ നല്ല പ്രോഗ്രസ്സ് ഉണ്ട്.. ട്രീറ്റ്മെന്റ് നടക്കുകയല്ലേ.. പെട്ടന്ന് പഴയ ചന്ദനയാകും അവൾ.. ആയില്ലേലും നമ്മൾ ആക്കിയെടുക്കും.. നീ വിഷമിക്കാതെടാ.. നിനക്കിതു സഹിക്കുവാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഇവിടെ എത്തുന്നത് വരെ ഞാൻ ഇതുമാത്രം നിന്നോട് മറച്ചു വെച്ചത്.." വസു ശരണിൽ നിന്നുമകന്നു കണ്ണുകൾ തുടച്ചു.. അപ്പോഴേക്കും ഉള്ളിൽ ചിലതുറപ്പിച്ചിരുന്നു അവൻ.. "സണ്ണി.. സണ്ണിയെ കണ്ടില്ലേ നീ..?"

ശരൺ ചോദിച്ചു.. "ഉവ്വ്..." "സംസാരിക്കാഞ്ഞത് എന്താണ്..?" "അതിനുമെനിക്ക് പറ്റിയില്ല.. പറ്റിയാൽ തന്നെ അതിനി പഴയ പടി ആകുമെന്ന് തോന്നുന്നില്ല.. ചന്ദനയെ എനിക്ക് നഷ്ടപ്പെട്ടത് മാത്രമായിരുന്നുവെങ്കിൽ ഞാൻ ഉറപ്പായും അവനോട് ക്ഷമിക്കുമായിരുന്നു.. എനിക്ക് നഷ്ടം വന്നെന്നാലും അവൾ സന്തോഷത്തോടെ ഉണ്ടാകുമെന്ന് ഓർത്തിരുന്നു ഞാൻ ഇത്രയും കാലം.. ആ തോന്നലിലാണ് ജീവിച്ചത് പോലും.. പക്ഷെ അവളിന്നിങ്ങനെ.. അത്രമേൽ കഠിനമായൊരു ജീവിതത്തിലൂടെ.. ഇനി ഒന്നുമൊന്നും പഴയത് പോലെ ആകില്ല ശരൺ.. ആയെന്നാൽ തന്നെ മനസ്സ് എന്നും അകന്നിരിക്കും.. എനിക്ക് അത്ര വലിയ വിശാലതയൊന്നുമില്ലടാ.." വസുവിന് വേദനയായിരുന്നു.. സണ്ണിയിൽ നിന്നും അങ്ങനൊന്നുണ്ടായല്ലോ എന്നോർത്തുള്ള വേദന.. ശരൺ ഒന്നും പറഞ്ഞില്ല.. എന്ത് പറയണമെന്ന് നിശ്ചയമില്ലായിരുന്നവന്.. ആർക്ക് അനുകൂലമായി നിൽക്കണമെന്ന് അവന് അറിയുകയുമില്ലായിരുന്നു. ഒരാളെ കൊള്ളാനും മറ്റയാളെ തള്ളാനും വയ്യ.. രണ്ടുപേരും ഒരുപോലെ പ്രിയപ്പെട്ടവർ..

മനസ്സിൽ ഒരേ സ്ഥാനത്തു നിൽക്കുന്നവർ.. വസുവിന്റെ ഭാഗത്താണ് ശെരി.. സണ്ണിയ്ക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നാലും അവൻ ഇപ്പോൾ അതിന്റെ ഇരട്ടിയായ് വേദനിക്കുന്നുണ്ട്.. അടിക്കടി നഷ്ടങ്ങൾ മാത്രം ഏറ്റു വാങ്ങിയ ജീവിതമാണ് അവന്റേത്.. കുറ്റബോധത്താൽ അവന്റെ ഉള്ളു വേവുന്നത് കാണാതെ പോകുവാനും വയ്യ.. ശരൺ ഓരോ ചിന്തകളിൽ ഉഴറി നിന്നു.. "ശെരി..നീ അകത്തേക്ക് വാ.. കണ്ടു നിൽക്കാൻ വയ്യെന്ന് പറഞ്ഞു മാറി നിന്നാൽ മുന്നോട്ടും ചന്ദനയ്ക്ക് നീ അപരിചിതൻ തന്നെയായിരിക്കും.. അവളുടെ മനസ്സിലുള്ള വസുദേവ് നീ ആണെന്നാലും ഇപ്പോൾ അതിനെന്റെ മുഖമാണ്.. രണ്ട് രണ്ടര വർഷക്കാലത്തോളം അവൾക്ക് മുന്നിലേക്ക് നീയോ നീയെന്നു തോന്നിക്കുന്ന ആരുമോ കടന്ന് വന്നിട്ടില്ല.. അവൾ എപ്പോഴും കണ്ടിരുന്നത് അവളെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർസിനെയും പരിചരിക്കുന്ന ഹോസ്പിറ്റലിലെ മറ്റുള്ളവരെയുമാണ്.. അതിൽ എവിടെയും നിന്നെ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ലവൾക്ക്..

അത്രമാത്രം ഈ കഴിഞ്ഞു പോയ ഓരോ ദിവസങ്ങളിലും അവൾ നിന്നെ തിരഞ്ഞിരുന്നു.. പെട്ടെന്നൊരു ദിവസമാണ് ഞാനും സണ്ണിയും കാണുവാൻ വരുന്നത്.. അതു അവളുടെ ആഹ്ലാദത്തെ അതിരു കടത്തി.. അത്രയേറെ ആഗ്രഹിച്ചതും കാത്തിരുന്നതുമായ ഒന്ന് കയ്യിൽ കിട്ടിയൊരു കൊച്ചു കുട്ടിയായിരുന്നു അവളാ നിമിഷത്തിൽ.. ഞാനാണ് അവളുടെ ദേവേട്ടൻ എന്ന് അവൾ വിശ്വസിച്ചു പോന്നു.. അത് നമുക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ.. അൽപ്പം സമയം വേണ്ടി വരും.. നീ അവൾക്ക് ഒപ്പം കൂടുതൽ സമയങ്ങൾ സ്പെൻഡ്‌ ചെയ്താൽ മതിയാകും.. ഇപ്പോൾ സണ്ണി കൂടെ ഉള്ളത് പോലെ.. ഒരു മാസത്തോളമായി അവനിവിടെ.. ചന്ദനയ്ക്ക് കൂട്ടായ്.. കാവലായ്.. എബ്രഹാം സാർനു സഹായമായി.." ശരൺ മുന്നേ നടന്നു.. വസു പുറകിലായും.. ചന്ദന ബെഡിൽ ചാരിയിരിക്കുകയാണ്.. സണ്ണി അവളുടെ വായിലേക്ക് മെഡിസിൻ വെച്ചു നൽകുകയും അതിന് പുറകെ വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്.. അവനോട് വഴങ്ങിയെന്ന പോൽ ചന്ദന അവനെ അനുസരിക്കുന്നുമുണ്ട്..

വസുവും ശരണും അരികിലേക്ക് വന്നപ്പോൾ സണ്ണി മാറി നിന്നു.. "എവിടെ പോയിരുന്നു..? ഇനി പോകുമ്പോൾ ഞാനും വരും.. ഡോക്ടർ പറഞ്ഞുവല്ലോ എന്നോട് ഇനി വീട്ടിൽ പൊയ്ക്കോളാമെന്ന്.." ചന്ദന അരികിൽ നിൽക്കുന്ന ശരണിന്റെ തോളിലേക്ക് തല ചായിച്ചു.. "പോകാമല്ലോ..? അല്ലേലും ഇനി ഇവിടെ കിടക്കുന്നത് എന്തിനാണ്..? ചന്ദന ഇപ്പോൾ മിടുക്കിയാണല്ലോ..? " ശരൺ സ്നേഹത്തോടെ ചന്ദനയുടെ കവിളിൽ തട്ടി.. "ദേ..വസു നിൽക്കുന്നത് കണ്ടില്ലേ നീ..? നീ എന്താണ് അവനോട് ഒന്നും സംസാരിക്കാത്തത്..?" ശരൺ വീണ്ടുമവൾക്ക് വസുവിനെ കാട്ടി കൊടുത്തു.. "അതാരാണ്..? ദേവേട്ടന്റെ കൂടെ വന്നതാണോ..?" ചന്ദനയിൽ അപ്പോഴും അതേ അപരിചിതത്വ ഭാവം.. കണ്ണുകൾ നിറയാതിരിക്കാൻ വസു നന്നേ ശ്രമപ്പെട്ടു.. "വസുദേവിനെ നീ അറിയുകില്ലേ..? നിന്റെ ദേവേട്ടൻ ആണ്.. ഞാൻ ശരൺ ആണ് ചന്ദന.." ശരൺ പതിയെ അവളെ തന്നിൽ നിന്നുമകറ്റി.. "ഞാൻ വിശ്വസിക്കുകില്ല.. വീണ്ടും വീണ്ടുമെന്നേ പറ്റിക്കുന്നത് എന്തിനാണ്..?

അതിനും മാത്രമെന്ത് ചെയ്തു ഞാൻ എല്ലാവരോടും..? എന്റെ ദേവേട്ടൻ അല്ലേ.. പറയു..?" ചന്ദന ശരണിന്റെ കവിളിൽ കൈ ചേർത്തു.. ശരണിനു വേദന തോന്നി.. വല്ലാതെ.. വല്ലാത്തൊരു വേദന.. അതു കണ്ടു നിൽക്കുന്ന വസുവിനെ ഓർത്തായിരുന്നു.. വസുവിന്റെ ചുണ്ടുകൾ വിതുമ്പി വിറയ്ക്കുന്നുണ്ട്. ശരൺ മിഴികൾ ചിമ്മി തുറന്നു.. "ഞാനല്ലാ.. ഇതാണ് നിന്റെ ദേവേട്ടൻ.. വസുദേവ്.. എന്നെന്നും വസുദേവ് മാത്രമാണത്.." ശരൺ അവളെ വസുവിലേക്ക് ചേർത്തു.. ചന്ദനയൊന്നു ഞെട്ടി.. വിറച്ചു പോയി അവൾ.. അരുതാത്തത് എന്തോ സംഭവിച്ചെന്ന പോൽ... "അല്ല.. നുണ പറയുകയാണ്.. എന്നെ വീണ്ടും ഉപേക്ഷിക്കുകയാണോ..? ഞാൻ മരിച്ചു പോകും.. എനിക്ക് സഹിക്കുവാൻ കഴിയില്ല.." വസുവിൽ നിന്നകന്നു ചന്ദന പദം പറഞ്ഞുറക്കെ കരയുവാൻ തുടങ്ങി.. ഇനിയും വയ്യെന്നത് പോൽ വസുദേവ് ചന്ദനയെ തന്റെ ദേഹത്തേക്ക് ചേർത്തു ഒതുക്കി പിടിച്ചു.. കാറ്റു പോലും കടക്കാത്ത വിധത്തിൽ അവളെ പുണർന്നു.. അത്രമേൽ ഇറുകെ..

അവളുടെ ചുമലിൽ മുഖം ചേർത്തവൻ കരയുമ്പോൾ അവളുടെ കരച്ചിൽ നേർത്തു പോയിരിന്നു.. വസുവിന്റെ കണ്ണീനീര് അവളുടെ അഴിഞ്ഞു കിടക്കുന്ന മുടിയിഴകളെ നനച്ചു.. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയവൾ... ഇപ്പോൾ വീണ്ടും ഈ അരികിൽ... ഈ നെഞ്ചിൽ.. ആ വേദനയിലും വസുവിന്റെ മനസ്സിൽ സന്തോഷം വിടരുന്നുണ്ടായിരുന്നു.. ഒരുവേള ഇത് സ്വപ്നമാണോ എന്ന് തോന്നി അവന്.. ഒന്നുകൂടി ചന്ദനയെ ഒതുക്കി പിടിച്ചു.. അവൾക്ക് ഭാരമില്ലാത്തത് പോലെ.. അവളുടെ ശരീരരത്തിന്റെ ഉലച്ചിൽ പോലും നിന്ന് പോയിരുന്നു.. പകപ്പോടെ വസു അവളെ വേർപ്പെടുത്തി.. ഞെട്ടറ്റ താമര തണ്ട് പോൽ അവൾ വസുവിന്റെ കൈകളിലേക്ക് ഊർന്നു പോയി.. "ചന്ദനാ..." വസുവിന്റെ സ്വരം വിറയാർന്നിരുന്നു.. "ഭയക്കേണ്ടതില്ല.. മെഡിസിന്റെതാണ്.. ഈ സമയത്തു മയക്കം പതിവുള്ളതാണ് ചന്ദനയ്ക്ക്.." സണ്ണി ദൃതിയിൽ വന്നു ചന്ദനയെ വസുവിനൊപ്പം താങ്ങി പിടിച്ചു കൊണ്ട് ബെഡിലേക്ക് കിടത്തി.. "വസു...വസുദേവ് എപ്പോൾ വന്നു..?"

എബ്രഹാമായിരുന്നു.. സണ്ണി താഴേക്ക് പോയിരുന്നു.. ശരണും വസുവും പുറത്തെ കോറിഡോറിൽ നിൽക്കുകയായിരുന്നു.. എബ്രഹാമിന്റെ കണ്ണുകളിൽ അനേകം ഭാവങ്ങൾ.. അത്ഭുതം.. സന്തോഷം.. നന്നേ തളർന്നു പോയവനെ കണ്ടുള്ള വേദന.. ചന്ദനയുടെ ഓർമകളിൽ മാത്രം ജീവിക്കുകയായിരുന്നവനോടുള്ള അലിവ്.. സ്നേഹം.. അങ്ങനെ ചിലത്. "ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തി.. ഇപ്പോൾ വന്നു മുപ്പതു മിനുട്ടോളമാകുന്നു.." ശരണാണ് മറുപടി നൽകിയത്.. വസു പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും അതു വിഫലമായി.. വിഷാദം മാത്രമേ അവന്റെ ചുണ്ടുകളിൽ തങ്ങിയിരുന്നുള്ളു.. "ചന്ദനയെ കണ്ടുവോ..?" എബ്രഹാം ചോദിച്ചു.. "ഉവ്വ്.. അതിന്റെ ഷോക്കിലാണ് വസു.." ശരൺ പറഞ്ഞു.. "അവളെ ട്രീറ്റ്‌ ചെയ്യുന്ന ഡോക്ടർ എന്ന നിലയിൽ എനിക്കിപ്പോൾ അവളുടെ കാര്യത്തിൽ ഹൻഡ്രഡ് പേർസെന്റജ് ഉറപ്പ് നൽകുവാൻ സാധിക്കും.. ഇനി കുറച്ച് മാസങ്ങൾ.. അല്ലെങ്കിൽ ദിവസങ്ങൾ മാത്രം.. അതിനുള്ളിൽ ചന്ദന പൂർണമായും റിക്കവർ ചെയ്തിരിക്കും..

പക്ഷെ ആ സമയത്തു അവളുടെ മാനസികാവസ്ഥ.. അതായത് ചിന്തകൾ.. വിചാരങ്ങൾ അതു ഏതൊക്കെ വിധത്തിൽ സഞ്ചരിച്ചു പോകുമെന്നു നമുക്ക് ഇപ്പോൾ പ്രെഡിക്റ്റ് ചെയ്യുവാൻ സാധിക്കില്ല.." എബ്രഹാം വിശദീകരിച്ചു. "ചന്ദന.. ചന്ദനയെ ഞാൻ കൊണ്ട് പോയ്ക്കോട്ടെ..? " അൽപ്പമൊന്നു മടിച്ചു എന്നാൽ വല്ലാത്തൊരു ഉറപ്പോടെയാണ് വസു ചോദിച്ചത്.. എബ്രഹാമും ശരണും ഒരുപോൽ അതിശയപ്പെട്ടു. "അവൾ ഇപ്പോൾ ട്രീറ്റ്മെൻറ്റിലാണ്.. പെട്ടെന്ന് കൊണ്ട് പോകുക എന്ന് പറഞ്ഞാൽ.." എബ്രഹാം ആലോചനയോടെ പറഞ്ഞു.. "അതു വീട്ടിൽ വെച്ചായാലും ആകാമല്ലോ..? ഞാൻ പരിചരിച്ചോളാം അവളെ.. ഒരു കൊച്ചു കുഞ്ഞിനെ എന്ന പോൽ.. ഈ അറ്റ്മോസ്‌ഫിയർ അവിടെ നൽകിയാൽ മതിയാകുമല്ലോ.. ഇനി ഒന്ന് കൊണ്ടും നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടിയാണു.." പറയുമ്പോൾ വസുവിന്റെ സ്വരം വിറച്ചു പോയിരുന്നു.. എബ്രഹാമിനു വീണ്ടുമൊന്ന് ആലോചിക്കേണ്ടി വന്നില്ല.. സമ്മതമായിരുന്നതിനോട്.. ചന്ദനയ്ക്ക് ഇപ്പോൾ കിട്ടാൻ പോകുന്നതിൽ വെച്ചു ഏറ്റവും വലിയ മെഡിസിൻ ഇതാണ്.

വസു ദേവിന്റെ സാമീപ്യവും കരുതലും.. "ചന്ദനയുടെ പേരെന്റ്സിനോട്‌ പെർമിഷൻ തിരക്കണം.." എബ്രഹാം പറഞ്ഞു.. " വിലക്ക് ഏർപ്പെടുത്തുമോ..? ഇനിയും അങ്ങനൊന്നു ചെയ്യരുതെന്ന് പറയണം ചന്ദനയുടെ അച്ഛനോട്.." വസുവിന്റെ സ്വരത്തിൽ അപേക്ഷ നിറഞ്ഞിരുന്നു.. "ഞാൻ സംസാരിക്കട്ടെ തിലകരാമനോട്.. വസുവിന്റെ വീട്ടിൽ എതിർപ്പ് ഉണ്ടാകുകില്ലേ..?" "ഇല്ല സാർ.. ഒരിക്കലുമില്ല.. ആന്റി മുന്നേ ചോദിച്ചിരുന്നു എന്നോട് ചന്ദനയെ വീട്ടിലിക്ക് കൊണ്ട് പോകുന്നതിനെ കുറിച്ച്.. ഞാനാണ് അതിൽ എതിർപ്പുകളും ആശങ്കകളും ഉന്നയിച്ചത്.. രണ്ട് പേർക്കും സന്തോഷമാകും.." ശരൺ തിടുക്കത്തിൽ പറഞ്ഞു.. അവനും അത്രമേൽ ആഗ്രഹിക്കുന്നുണ്ടായിരുന്നന്നപ്പോൾ ചന്ദനയെ കൊണ്ട് പോകുവാൻ.. "അങ്ങനെയാണെങ്കിൽ ഞാൻ ഇവിടുത്തെ procedures ക്ലിയർ ചെയ്യാം.. അതിന് മുന്നേ തിലകരാമനോട് സംസാരിക്കണം..." എബ്രഹാം അപ്പോൾത്തന്നെ തിലകരാമന്റെ നമ്പർ ഡയലിലിട്ടു........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story