മണിവാക: ഭാഗം 73

manivaka

രചന: SHAMSEENA FIROZ

വസുവും ശരണും കുളി കഴിഞ്ഞു വന്നതിന് ശേഷമാണു എല്ലാവരും കഴിക്കാൻ ഇരുന്നത്.. ചപ്പാത്തിയും ചിക്കൻ റോസ്‌റ്റുമാണ്.. ചന്ദനയ്ക്ക് മെഡിസിൻസ് ഉള്ളതിനാൽ രാധിക അവൾക്കായ് പൊടിയരിക്കഞ്ഞി തയാറാക്കിയിരുന്നു. പതിയെ.. ഓരോ സ്പൂണുകളായി വായിൽ വെച്ചു കൊടുത്തു രാധിക അവളെ കഴിപ്പിച്ചു.. പിന്നീട് മുറിയിലേക്ക് പോകുമ്പോൾ വസുവും കൂടെ ചെന്നു. കവറിൽ നിന്നും മെഡിസിൻസ് നോക്കി എടുത്തു രാധികയുടെ കയ്യിൽ നൽകി.. അപ്പോഴും ചന്ദന അനുസരണയോടെ നിന്നു. ആദ്യത്തെ അപരിചിതത്വം അൽപ്പം അകന്നിരുന്നു... എന്നാലും കൂടെ കൂടെ അവളുടെ മിഴികൾ അങ്ങുമിങ്ങായി ശരണിനെ തിരഞ്ഞു.. ശരൺ മനഃപൂർവം അവൾക്ക് അരികിലേക്ക് വന്നതുമില്ല.. രാധിക ചന്ദനയ്ക്ക് ഒപ്പം കിടക്കാമെന്ന് തീരുമാനിച്ചു. അടുക്കള ഒതുക്കിയിട്ടില്ലായിരുന്നു..

ഇപ്പോൾ വന്നേക്കാമെന്നും പറഞ്ഞു വസുവിനെ മുറിയിൽ ചന്ദനയ്ക്കു കൂട്ട് നിർത്തി രാധിക താഴേക്ക് പോയി. "ചന്ദന ആരെയാണ് ഈ തിരയുന്നത്..?" ഇടവിട്ട് വാതിൽക്കലേക്ക് എത്തി നോക്കുന്നവളോടായി വസു ചോദിച്ചു.. "ദേവേട്ടൻ.. ദേവേട്ടൻ വരുകില്ലേ.?" അവളുടെ ശബ്ദം വിറച്ചു.. കണ്ണുകൾ നിറഞ്ഞു.. "അതിന് അവൻ എവിടെയും പോയില്ലല്ലോ.. താഴെയുണ്ട്.. പിന്നെന്തിനാണ് വിഷമിക്കുന്നത്..?" വസുവിൽ അലിവ് നിറഞ്ഞു.. "എനിക്ക് പേടിയാ എന്നെ തനിച്ചാക്കി പൊയ്ക്കളയുമോ എന്ന്.. അങ്ങനെ പോയിരുന്നു മുന്നേ.. അപ്പോൾ ഞാൻ എന്ത് മാത്രം വിഷമിച്ചെന്നോ... ഒത്തിരി ഒത്തിരി കരഞ്ഞു.. അങ്ങനെയാ എനിക്ക് വയ്യാണ്ടാവണേ.." കണ്ണുകളിൽ വേദന നിറച്ചു അവൾ പറയുന്നുണ്ട്.. വസു നോവോടെ അത് കേട്ട് നിന്നു.. "ഇനിയും പോയെന്നാൽ ഞാൻ മരിച്ചു പോകും.. എനിക്കെന്തിഷ്ടാന്നറിയോ ദേവേട്ടനെ.. അതിനേക്കാൾ ഇഷ്ടം ദേവേട്ടന് എന്നോട് ഉണ്ട്..

പിന്നെന്തിനാണാവോ തനിച്ചാക്കി പോയത്. അപ്പോ ഞാൻ ശെരിക്കും ഭയന്നു പോയിരുന്നു ദേവേട്ടനു ചന്ദനയെ വേണ്ടേ എന്ന്.." വീണ്ടുമവൾ പറയുന്നുണ്ട്.. "ഇനി എങ്ങോട്ടും പോയ്ക്കളയില്ല കേട്ടോ.. ഞാൻ പറഞ്ഞേക്കാം അവനോട്.. ഇനി ചന്ദനയെ വിട്ട് എങ്ങും പോകരുതെന്ന്.." വസു വിങ്ങലോടെ.. അതിലേറെ സ്നേഹത്തോടെ പറഞ്ഞു.. കേട്ടതേ സന്തോഷമായവൾക്ക്.. വിടർന്ന മുഖത്തോടെ ഉറപ്പാണോന്ന് ചോദിച്ചു.. അന്നേരം വസു ഉറപ്പാണെന്ന് അവളുടെ കയ്യിൽ തൊട്ട് പറഞ്ഞു.. "ഇതാരുടെ വീടാ.. എനിക്കൊത്തിരി ഇഷ്ടായി ഇവിടം.. ഞാനെപ്പോഴും അവിടെ ഒരു ബെഡിൽ അങ്ങനെ ചുരുണ്ടു കിടക്കും.. ഞാൻ ഒത്തിരി മടുത്തിരുന്നു.. എന്നെ ഒന്ന് വീട്ടിൽ കൊണ്ട് പോകെന്നു ഞാൻ എന്തോരം പറഞ്ഞതാണെന്നൊ അവരോടൊക്കെ.. ആരുമാരും കേട്ടില്ല.. എന്റെ ദേവേട്ടൻ വരേണ്ടി വന്നതിന്..."

പറയുന്നതിന് ഒപ്പം മെഡിസിന്റെ ആലസ്യത്തിൽ കണ്ണുകൾ അടയുന്നുണ്ട്.. "ചന്ദന കിടന്നോളു.." വസു അവളെ ബെഡിലേക്ക്ഇരുത്തി.. "ദേവേട്ടൻ വരില്ലേ..?" വീണ്ടുമതേ ചോദ്യം... സംശയത്തോടെ കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടു.. "വരും.. ചന്ദന ഉറങ്ങുമ്പോഴേക്കും അവൻ ഇങ്ങു വരും.. വേഗം ഉറങ്ങുകയാണേൽ വേഗം വരും. കിടന്നോളു.." രണ്ട് തലയിണകൾ മേല്ക്ക് മേൽ കിടക്കുന്നതിൽ നിന്നുമൊന്നെടുത്തു മാറ്റി വസു.. എന്നിട്ടുമവൾ മടിച്ചു നിന്നു.. "കിടന്നോളു.. അവൻ ഇപ്പോൾ തന്നെ വരും.." ഉറപ്പ് നൽകുന്നത് പോൽ പറഞ്ഞപ്പോൾ മാത്രം അവൾ കട്ടിലിനോരം ചേർന്ന് ചെരിഞ്ഞു കിടന്നു.. വസു ബ്ലാങ്കറ്റ് എടുത്തു പതിയെ ദേഹത്തേക്ക് ഇട്ടു കൊടുത്തു.. അവൾ വാതിൽക്കലേക്ക് കണ്ണും നീട്ടി കിടപ്പാണ്.. വസു ജനലരികിലേക്ക് നീങ്ങി.. തന്റെ മുറി.. അരികിൽ തന്റെ പ്രാണനാകുന്നവൾ..

എത്രയോ സ്വപ്നം കണ്ടിരിക്കുന്നു അവളീ വീട്ടിൽ.. തന്റെ മുറിയിൽ.. തനിക്ക് അരികിൽ.. തന്നോടൊപ്പം ഉണ്ടാകുവാൻ.. എത്രയോ നാളുകൾ അതിനായ് കാത്തിരുന്നിരിക്കുന്നു.. അവസാനമെത്തപ്പെട്ടപ്പോൾ ഈ വിധത്തിലും.. വസുവിന്റെ കണ്ണുകൾ ഒരുമാത്ര നിറഞ്ഞു പോയി. ഇപ്പോൾ ശരൺ ആണ് താൻ എന്ന് അവൾ വിശ്വസിക്കുന്നു.. പൂർവ സ്ഥിതിയിൽ ആകുന്ന നാൾ ആ കാര്യത്തിൽ ഒരു ശങ്ക പോലുമുണ്ടാവില്ലവൾക്ക്.. വസുദേവിന് ഈയൊരു മുഖം മാത്രമേ ആ മനസ്സിൽ അന്ന് ഉണ്ടാകുകയുള്ളു.. പക്ഷെ അന്ന് ഇതൊക്ക ഉൾകൊള്ളാൻ ആകുമോ..? ഇനിയൊന്നിനുമേതിനും വയ്യെന്ന് പറഞ്ഞാൽ..? തന്നെയും ഈ വീടിനെയും ഒന്നും വേണ്ടന്ന് പറഞ്ഞാൽ..? നിർബന്ധിക്കാൻ കഴിയുമോ തനിക്ക്..? ഒരിക്കലുമില്ല.. ഇപ്പോഴായാലും പിന്നീട് ആയാലും തന്നെ ഉൾകൊള്ളുവാൻ വയ്യാത്ത മനസ്സിലേക്ക് ഒരു കടന്ന് കയറ്റം ഒരിക്കലും ഉണ്ടാകില്ല.. അങ്ങനൊന്നു ആഗ്രഹിക്കുന്നില്ല.. അങ്ങനൊന്നു കൊണ്ട് എനിക്ക് ഒരിക്കലും സന്തോഷിക്കുവാൻ ആകില്ല ചന്ദനാ..

ജാലകം വഴി അകത്തേക്ക് എത്തിയ കാറ്റിൽ തട്ടി വസുവിന്റെ കണ്ണീരു പുറത്തേക്കൊഴുകി... തിരിഞ്ഞു നോക്കുമ്പോൾ ചന്ദന ഉറക്കം പിടിച്ചിരുന്നു.. കൈ നീട്ടി ജനാല അടയ്ച്ചു വിരിപ്പ് വലിച്ചിട്ടു.. ഒന്നുകൂടെ ആ ദേഹത്തേക്ക് ബ്ലാങ്കറ്റ് കയറ്റിയിട്ട് നെറ്റിയിൽ അത്യധികം സ്നേഹത്തോടെ ഒന്ന് ചുംബിച്ചു വസു മുറി വിട്ടിറങ്ങി.. അപ്പോഴേക്കും കയ്യിലൊരു ജഗ്ഗ്‌ വെള്ളവുമായി രാധിക കയറി വരുന്നുണ്ടായിരുന്നു.. *** "നമുക്ക് നാളെ ചേച്ചിയെ കാണാൻ പോയാലോ..?" രാത്രിയിൽ പാത്രങ്ങൾ കഴുകുമ്പോഴാണ് ചൈതന്യ പാർവതിയോട് ചോദിക്കുന്നത്.. ചിഞ്ചു സൈഡിൽ ആയി സ്ലാബ് തുടയ്ക്കുന്നുണ്ട്.. "അത് വേണ്ട.." പാർവതി പറഞ്ഞു.. "അതെന്താ..? ചേച്ചിയെ കാണാൻ തോന്നുന്നത് കൊണ്ടല്ലേ..? അപ്പൊ പോയാലെന്താ..? " ചൈതന്യ ചോദിച്ചു.. "അതൊന്നും വേണ്ട ചൈതു.. അവർക്ക് ഇഷ്ടപ്പെടണമെന്നില്ല.."

വിശ്വനാഥനും രാധികയ്ക്കുമൊന്നും അത് ഇഷ്ടപ്പെട്ടേക്കില്ലന്ന തോന്നലിൽ പാർവതി വീണ്ടുമതെതിർത്തു.. "അവരുടെ ഇഷ്ടം നോക്കുന്നത് എന്തിനാണ്..? നമ്മള് പോകുന്നത് ചേച്ചിയെ കാണാനല്ലേ.. ചേച്ചി ഇപ്പോ ഹോസ്പിറ്റലിൽ ആയിരുന്നേൽ നമ്മള് പോകില്ലായിരുന്നോ..? അതല്ല.. അവർക്ക് ഇഷ്ടപ്പെടില്ലെന്ന് അമ്മയോട് ആര് പറഞ്ഞു.. അതിനപ്പായുടെ സ്വഭാവമല്ല വസു ചേട്ടന്റെ അച്ഛനുമമ്മയ്ക്കുമൊന്നും.. നമ്മള് ചെല്ലുമ്പോഴേക്കും ഇറക്കി വിട്ടേക്കാൻ.. മാത്രമല്ല.. നമ്മൾ എന്ത് ചെയ്തു അവരോട്..?കൂട്ട് കൂടിയതും ഒടുക്കം വഞ്ചിച്ചതുമെല്ലാം വേറെ ചിലരാണ്.. അതമ്മ മറന്നു പോയൊന്നുമില്ലല്ലോ..?" ചൈതന്യ ഈർഷ്യയോടെ ചിഞ്ചുവിനെ നോക്കിയാണ് അത് പറഞ്ഞത്... "നീ മിണ്ടാതെ നില്ക്കു ചൈതു.. എന്താണ് പറഞ്ഞാൽ മനസ്സിലാകാത്തത്..? " കഴുകി എടുത്ത പ്ലേറ്റ്കൾ ഓരോന്നും സ്റ്റാൻഡിൽ വെച്ചു പാർവതി തിരിഞ്ഞു ചൈതന്യയെ നോക്കി.. "അപ്പോൾ ഇനി ഒരിക്കലും ചേച്ചിയെ കാണണ്ടന്നാണോ..? ചേച്ചി ഇനി എന്നാണ് ഇങ്ങോട്ട് വരുന്നത്..? ഇനി അവിടെ തന്നെയാണോ..? എനിക്ക് ചേച്ചിയെ കാണണം..

അതിനുള്ള അവകാശം നിങ്ങളെന്തിനാണ് നിഷേധിക്കുന്നത്..? എന്റെ ചേച്ചിയല്ലേ.. പാവമാണ്.. എന്തൊക്കെയാണ് അനുഭവിക്കേണ്ടി വന്നത്.. ഇനി എന്നാണ് ചേച്ചിയോടൊപ്പം പഴയ പോലെ.. ഇനി അങ്ങനൊരു ദിവസം ഉണ്ടാകുവോ അമ്മാ..? ചേച്ചി ഇവിടെ ഇല്ലെന്നാലും എന്താണല്ലേ അമ്മയ്ക്ക്..? വേണ്ടപ്പെട്ടയാൾ എപ്പോഴും അരികിൽ ഉണ്ടല്ലോ..? എന്റെ ചേച്ചിയ്ക്കാണു ഒന്നിനും ഏതിനും ഭാഗ്യമില്ലാത്തത്.. ബാക്കിയുള്ളവർക്കൊക്കെ എന്നും സന്തോഷമല്ലേ.. ഒന്നിനും കുറവൊന്നുമില്ലല്ലോ.. ചേച്ചിയെ ഈ പരുവത്തിൽ ആക്കി വെച്ചിട്ടും അമ്മയ്ക്ക് എങ്ങനെ കഴിയുന്നു ഇവരെ ഇങ്ങനെ ചേർത്തു നിർത്തുവാൻ. എനിക്കുറപ്പുണ്ട് ചന്ദു ചേച്ചിയ്ക്ക് ഒരിക്കലും ഇവരോട് ക്ഷമിക്കുവാൻ ആകില്ല.. " കരഞ്ഞു കൊണ്ടാണ് ചൈതന്യ പിന്തിരിഞ്ഞു പോയത്.. പാർവതിയും വല്ലാത്തൊരു വേദനയിൽ എത്തിപ്പെട്ടിരുന്നു..

ചൈതു ചോദിച്ച ഏതെങ്കിലുമൊരു ചോദ്യത്തിന് തന്റെ കയ്യിൽ ഉത്തരമുണ്ടോ..? പാർവതി ഓർത്തു.. എന്നുകരുതി ചിഞ്ചുവിനെ വെറുക്കാനോ തള്ളി കളയാനൊ ഒരിക്കലും പറ്റുകില്ല.. അതേ അളവിൽ.. ചിലപ്പോൾ അതിൽ കൂടുതലായി തന്റെ ഭർത്താവ് തെറ്റ് ചെയ്തിരിക്കുന്നു.. ഇന്നീ നിമിഷം വരെ വെറുക്കുന്നത് പോയിട്ട് ഒന്ന് അമർഷത്തോടെ സംസാരിക്കുവാൻ പോലും കഴിഞ്ഞിട്ടില്ല.. പാർവതിയുടെ നിറ മിഴികൾ ചിഞ്ചുവിലേക്ക് നീണ്ടു.. ചെയ്യുന്ന ജോലിയിൽ തന്നെ വ്യാപൃതയാണ് അവളെന്നാലും ഉള്ളിലെ ദുഃഖമൊതുക്കാൻ വയ്യാതെ ശരീരം ഉലയുന്നുണ്ട്.. ഏങ്ങലുകൾ പുറത്ത് വരുന്നുണ്ട്.. അവൾക്ക് ആശ്വാസമെന്ന പോൽ പാർവതി അവളെ തന്നോട് ചേർത്തു പിടിച്ചു.. ഇപ്പോഴെന്നല്ല.. എപ്പോഴും.. ഒരുനാളിലും തനിക്കു ഇവളെ അകറ്റി നിർത്തുവാൻ ആകില്ല. ചന്ദുവിനെപ്പോലെ... ചൈതുവിനെപ്പോലെ.. ചിലപ്പോൾ അവരെക്കാൾ ഏറെ സ്നേഹത്തോടെ തന്നെ അമ്മാ എന്ന് വിളിച്ചു നടന്നൊരു കൊച്ചു കുസൃതിക്കാരിയുടെ മുഖം തെളിഞ്ഞു വന്നു പാർവതിയുടെ ഉള്ളിൽ...

കുറച്ച് കൂടെ വളർന്നു വന്നപ്പോഴാണ് ആ വിളി പാറുവമ്മ എന്നതിലേക്ക് മാറിയത്.. അത് ചന്ദുവിന്റെ അപ്പായ്ക്ക് അമ്മ എന്നുള്ള ആ വിളിയിലെ അനിഷ്ടം മനസ്സിലാക്കിയതിനെ തുടർന്നായിരുന്നു.. തന്റെ പൂർണിമയുടെ മകൾ.. അങ്ങു ദൂരെ ഇരുന്നവൾ നോവുന്നുണ്ടാവാം ചിഞ്ചുവിന്റെ ഈ വേദന കണ്ടു... അവള് നൽകേണ്ട സ്നേഹമാണ്.. കരുതലാണ്.. ഇപ്പോൾ അവൾ ദൈവത്തോടു പരിഭവിക്കുന്നുണ്ടാവാം അന്ന് തിടുക്കത്തിൽ അവളെ തിരിച്ചു വിളിച്ചതിൽ.. ** ചിഞ്ചു മുറിയിലേക്ക് ചെല്ലുമ്പോൾ എബ്രഹാം ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.. അകത്തു നെറ്റ്‌വർക്കു കുറവായതിനാലാകുമെന്ന് ഊഹിച്ചു അവൾ. സന്ധ്യ കഴിഞ്ഞാണ് എബ്രഹാം എത്തിയത്.. ചിഞ്ചു പോകാൻ തയാറായി നിന്നിരുന്നു.. വൈകിയതിനാൽ നാളെ പോകാമെന്നായി തിലകരാമനും പാർവതിയും.. നിരസിക്കുവാൻ ചിഞ്ചുവിനെ പോലെ തന്നെ എബ്രഹാമിനും കഴിഞ്ഞില്ല.. ആദ്യമായാണ് അവിടം ഒരു രാത്രി.. എബ്രഹാം അതോർക്കാതെ ഇരുന്നില്ല..

പണ്ടൊക്കെ വന്നാൽ അകത്തു പോലും കയറാറില്ലായിരുന്നു.. ചന്ദനയുടെ അച്ഛന് അത് ഇഷ്ടവും അല്ലായിരുന്നു. പിന്നീട് ചന്ദനയുടെ വിവാഹ സമയത്താണ് ഒരടുപ്പവും സ്നേഹവുമൊക്കെ തിലകരാമൻ കാണിച്ചു തുടങ്ങിയത്.. സണ്ണിയെ വരും വഴിയിൽ എബ്രഹാം വീട്ടിൽ ഇറക്കിയിരുന്നു.. ചിഞ്ചു വന്നാൽ താമസിക്കുന്ന മുറിയാണ് എബ്രഹാമിനു നൽകിയത്.. മൂന്ന് മുറികൾ ഉള്ള പഴയ മോഡലിലുള്ള കുഞ്ഞൊരു വീടാണ് അത്. ചൈതന്യ ചന്ദനയുടെ മുറിയിലാണ്.. മുന്നേ ചന്ദനയും ചിഞ്ചു വന്നാൽ അവളുമായിരുന്നു ആ റൂം ഉപയോഗിച്ചിരുന്നത്.. ചിഞ്ചു പാർവതിക്കൊപ്പം കിടക്കാൻ എന്ന പോൽ തിലക രാമൻ ഉമ്മറത്തെ കട്ടിലിലേക്ക് കിടന്നിരുന്നു. "എന്തായിരുന്നു നേരത്തെ ചൈതു ഒരു വഴക്ക്..? നിനക്ക് വേണ്ടുവോളം കിട്ടി കാണുമല്ലേ..?" അകത്തേക്ക് വന്ന എബ്രഹാം ചിഞ്ചുവിനോട് ചോദിച്ചു.. അവൾ അയാൾക്ക് കിടക്കുവാൻ ബെഡ്ഷീറ്റു വിരിക്കുകയായിരുന്നു.. "അതൊന്നുമില്ല പപ്പാ.. അവൾക്ക് ചന്ദുവിനെ കാണണമെന്ന്.. വസുവിന്റെ വീട്ടിലേക്ക് പോകാമെന്നാണ് അവൾ പറയുന്നത്.."

"അതിനെന്താണു തർക്കം..? പോയി കാണുവാൻ ഉള്ളതല്ലേ ഉള്ളു..?" എബ്രഹാം ചോദിച്ചു.. "അവർക്കൊന്നും ഇഷ്ടപ്പെട്ടേക്കില്ലന്നാണ് പാറുവമ്മ പറയുന്നത്.." "പാർവതിയെക്കാൾ നന്നായി അവരെ അറിഞ്ഞവളാണ് നീ.. അവരോരോ പേരെയും.. അതിലാർക്കാണ് നിങ്ങൾ ചെല്ലുന്നതിൽ അനിഷ്ടമുണ്ടാകുക..?" ചിഞ്ചു ഒന്നും മിണ്ടിയില്ല.. വസുവിന്റെ മുഖം മാത്രമായിരുന്നു അവളുടെ ഉള്ളിൽ.. തനിക്ക് ഇനി എന്ത് അർഹതയുണ്ട് അവിടേക്ക് ചെല്ലുവാൻ..? അവർക്ക് മുന്നിൽ നിൽക്കുവാൻ..? സംസാരിക്കുവാൻ..? തെറ്റ്കാരിയാണ് താൻ.. വസു ഒരിക്കലും തന്നോട് ക്ഷമിക്കുകില്ല.. ആ മുന്നിലേക്ക് പോകുവാനുള്ള കെല്പു പോലും തനിക്കിന്നില്ല.. "നീ കൂടുതൽ ആലോചിക്കേണ്ട.. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം.. ഏതായാലും വസുവിൽ നിന്നും മറഞ്ഞു നിൽക്കേണ്ടതില്ല.. അവനോട് ക്ഷമ ചോദിക്കുക.. ബാക്കിയൊക്കെ വസുവിന്റെ ഇഷ്ടമാണ്.. സണ്ണിയോട് അവൻ സംസാരിച്ചിട്ടില്ല.. നിന്നോടും അതുതന്നെ ആയിരിക്കാം വസുവിന്റെ മനോഭാവം.." എബ്രഹാം പറഞ്ഞു.. എന്ത് പറയണമെന്ന് ചിഞ്ചുവിന് അറിയില്ലായിരുന്നു..

കേട്ട് നിൽക്കുക മാത്രം ചെയ്തു.. "ശരൺ ആണ് അൽപ്പം മുന്നേ വിളിച്ചത്.." "എന്തുപറ്റി.. ചന്ദുവിന് എന്തെങ്കിലും..?" ചിഞ്ചു വേഗത്തിൽ തിരക്കി... "ചന്ദനയ്ക്ക് കുഴപ്പമൊന്നുമില്ല.. ശരൺ ആണ് വസുദേവ് എന്നൊരു തോന്നൽ ഒഴിച്ച്.. അവിടെല്ലാവരോടും ഇഴകി ചേരുന്നുണ്ടെന്നും എല്ലാത്തിനോടും വഴങ്ങി നിൽക്കുന്നുണ്ടെന്നുമാണ് ശരൺ പറഞ്ഞത്.. എത്താൻ വൈകിയോ..? സണ്ണി കൂടെ വന്നിട്ടുണ്ടോ..? അതോ അവിടുന്ന് തന്നെ കോട്ടയത്തേക്ക് പോയോ? എന്നൊക്കെ അറിയാനാണ് ശരൺ ഇപ്പോൾ വിളിച്ചത്.. സണ്ണിയെ വിളിച്ചിട്ട് കിട്ടുന്നില്ലന്ന്.. ശരൺ one വീക്ക്‌ കൂടെ നാട്ടിൽ കാണുള്ളൂ.. 12 th നു ഗൾഫിലേക്ക് മടങ്ങുകയാണ്.. നിന്നെ കണ്ടു ചന്ദു ഇങ്ങനൊരു അവസ്ഥയിൽ ആണെന്ന് അറിഞ്ഞതിനാലാണ് അവൻ തിരിച്ചു പോകാതിരുന്നത്. വസുവിനെ കാര്യങ്ങൾ ബോധിപ്പിക്കുന്നതിനായും വസു നാട്ടിലേക്ക് വരുന്നതിനുമായി കാത്തിരിക്കുകയായിരുന്നു ശരൺ.. സണ്ണി ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ആണല്ലോന്നുള്ള ടെൻഷനാണു ഇപ്പോൾ ശരണിന്.. സണ്ണിയും രണ്ട് നാൾ കഴിഞ്ഞാൽ പോകും..

ആദ്യം കോട്ടയത്തേക്കു.. അത് കഴിഞ്ഞു ഡൽഹിയിലേക്കും.." ഇത്തവണയും ചിഞ്ചു കേൾവിക്കാരിയായി മാത്രം നില കൊണ്ടു. ഒന്നുമൊന്നും പറഞ്ഞില്ലവൾ... "സണ്ണിയോട് സംസാരിക്കുവാൻ ഉണ്ടോ നിനക്ക്...?" "ഇല്ല പപ്പാ.." അതിൽ അവൾക്ക് കൂടുതൽ ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.. "ശരൺ.. ശരണിനു ഇപ്പോഴും ആ പഴയ ഇഷ്ടം നിന്നോട് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.." "ഉണ്ടെന്നാലും ഇല്ലെന്നാലും ശരണിന്റെ സ്നേഹത്തിനു ഞാൻ അർഹയല്ല പപ്പാ.. ആ മനസ്സിനരികിലേക്ക് എത്തുവാൻ ഒരിക്കലും ഞാൻ യോഗ്യയല്ല.. സണ്ണിയോടുള്ള പ്രണയത്താൽ അന്ധയായവളാണ് ഞാൻ.. ആ പ്രണയത്തിന്റെ പേരിൽ ശരണിനെ തിരസ്കരിച്ചവളും.." "ശരൺ നിനക്കൊരു അവസരം നൽകുകയാണെങ്കിലോ..? നീ ഒറ്റപ്പെട്ടു പോകുന്നത് കാണുവാൻ എനിക്ക് കഴിയുകില്ല.. ഈ കാലമത്രയും ഞാൻ നിന്നെ നിർബന്ധിച്ചിരുന്നില്ല.. സണ്ണിയെയാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ എതിർത്തതുമില്ല.. നീ പറഞ്ഞതു പോലെ എന്നെങ്കിലും സണ്ണി മനസ്സിലാക്കിയേക്കുമെന്നൊരു പ്രതീക്ഷയിൽ നിന്റൊപ്പം നിന്നു..

പക്ഷെ രണ്ടര വർഷങ്ങൾക്ക് മുന്നേ നീ തീരുമാനിച്ചിരുന്നു എപ്പോഴെങ്കിലും സണ്ണിയ്ക്ക് തിരിച്ചു ഇഷ്ടം തോന്നിയെന്നാലും നിനക്ക് ഇനി സണ്ണിയെ സ്നേഹിക്കുവാൻ ആകില്ലന്ന്.. എന്നാൽ മറ്റൊരാൾ.. അതും പറ്റില്ലന്ന് പറഞ്ഞാൽ എങ്ങനെയാണു..?" "സണ്ണിയെ ഇപ്പോൾ ഞാൻ സ്നേഹിക്കുന്നില്ല.. ഇനി ഒരിക്കലും സ്നേഹിക്കാനും കഴിയുകില്ല.. പക്ഷെ ഉള്ളിലൊരു നീറ്റലായി അതവശേഷിക്കുന്നുണ്ട്.. ആ നീറ്റൽ ഇപ്പോഴേ ഒന്നും കുറഞ്ഞു കിട്ടുകില്ല.. അതിനിനിയും ഒരുപാട് സമയമെടുത്തേക്കാം.." ചിഞ്ചു എബ്രഹാമിനു മുഖം നൽകാതെ തിരിഞ്ഞു നിന്നു.. അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പി നിന്നിരുന്നു.. "നീ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കരുത്.. ശരൺ എന്ത് കൊണ്ടും നല്ല ഓപ്ഷൻ ആണെന്നാണ് എനിക്ക് തോന്നുന്നത്.. നിന്റെ എല്ലാ കുസൃതികളുമുൾക്കൊണ്ടാണ് അവൻ നിന്നെ സ്നേഹിച്ചു തുടങ്ങിയത്.. സണ്ണിയോട് ഉള്ളത് പോലെ.. ചിലപ്പോൾ അതിലേറെ ഒരു ഇഷ്ടമുണ്ടെനിക്ക് ശരണിനോട്.. അതീ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് ഉണ്ടായതല്ല..

നീ പറഞ്ഞറിഞ്ഞ ശരണിലൂടെ.. ആദ്യമായി അവനെ മീറ്റ് ചെയ്ത അന്ന്.. അന്നുമുതലെ ഇഷ്ടം തോന്നിയിട്ടുണ്ട് അവന്റെ ക്യാരക്റ്ററിനോട്... ശരണിനെ ഉൾകൊള്ളാൻ പ്രയാസമാണെന്നാൽ നമുക്ക് മറ്റ് പ്രൊപോസൽസ് നോക്കാം.. ചന്ദു സുഖപ്പെടുന്ന നാൾ നീയീ ഒറ്റപ്പെട്ടുള്ള ജീവിതം അവസാനിപ്പിച്ചോളാമെന്ന് എനിക്ക് വാക്കു നൽകിയതാണു.. ഇപ്പോൾ ചന്ദുവിനെ ഓർത്തല്ല എനിക്ക് ആധി.. നിന്നെ ഓർത്താണ്.." എബ്രഹാമിന്റെ സ്വരത്തിൽ വേദന കലർന്നിരുന്നു.. "പപ്പ ഒരു typical ഫാദർ ആകരുത്.. വിവാഹമാണോ ജീവിതത്തിന്റെ അവസാനം.. അതിനാണോ ലൈഫ്ൽ ഏറ്റവും ഇമ്പോർട്ടൻസ് ഉള്ളത്.. എങ്ങനെയായിരുന്നാലും നമ്മുടെ ഇഷ്ടങ്ങളിൽ നമ്മൾ എപ്പോഴും ഹാപ്പിയായിരുന്നാൽ മതിയെന്നല്ലേ പപ്പ പറയുക.. ഇപ്പോഴെന്താണ് പെട്ടെന്ന് ഇത്രേം ചേഞ്ച്‌സ്..." "അതിന് ഞാൻ നിന്നോട് നിനക്ക് ഇഷ്ടമല്ലാത്ത ഒരാളെ വിവാഹം ചെയ്യെന്നു പറഞ്ഞു ശഠിക്കുകയല്ല ചിഞ്ചു.. നിന്റെ മനസ്സിന് യോജിച്ച.. എന്നും എപ്പോഴും എല്ലാ കാര്യങ്ങളിലും നിന്നെ ഉൾക്കൊള്ളാൻ കഴിയുന്ന അതുപോലെ തിരിച്ചു നിനക്കും ഉൾകൊള്ളുവാൻ കഴിയുന്നൊരാളെ നീ വിവാഹം ചെയ്യു എന്നല്ലേ..? തീർച്ചയായും നിന്റെ ലൈഫ് ചൂസ് ചെയ്യുവാനുള്ള പൂർണ അവകാശവും നിനക്കുണ്ട്.

അതുപോലെ ചില റൈറ്റ്സ് എനിക്കുമില്ലേ നിന്റെ കാര്യത്തിൽ.. മക്കളുടെ ഫുചർ ടോപിക്സ് വരുമ്പോൾ ഏതു പേരെന്റ്സും ഇത് പോലെയായിരിക്കും. അടിച്ചേല്പ്പിക്കുകയല്ല ചിഞ്ചു.. നിന്നെ ബോധ്യപ്പെടുത്തുകയാണ്.. ഇനിയും നീ തനിച്ചു.. അത് വേണ്ട.. നിനക്കൊരു കൂട്ട് അത്യാവശ്യമാണെന്നെനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്.." "പപ്പ ഇപ്പോൾ കിടക്കു.. യാത്ര ക്ഷീണമുള്ളതല്ലേ... നമുക്ക് നാളെ സംസാരിക്കാം.. " ചിഞ്ചു പറഞ്ഞു.. പിന്നീട് ഒന്നും പറയുവാൻ അയാൾ മുതിർന്നില്ല.. അവളുടെ മാനസികാവസ്ഥ വ്യക്തമായിരുന്നയാൾക്ക്.. ഒരിക്കലും ഒന്നിനുമേതിനും അവളെ നിർബന്ധിച്ചോ വിഷമിപ്പിച്ചോ ശീലമില്ല.. ഇക്കാര്യത്തിലും അതങ്ങനെ തന്നെ ആയിരിക്കുമെന്ന് എബ്രഹാം ഓർത്തു.. ഫൈനൽ ആൻസർ no എന്നാണ് അവൾ പറയുന്നതെങ്കിൽ താൻ അതിനോട് യോജിച്ചേ മതിയാവുകയുള്ളു.. ചിഞ്ചു പിൻവാങ്ങിയപ്പോൾ ഓരോ ആലോചനകളാലെ കട്ടിലിലേക്ക് ഇരുന്നു.. മേശമേൽ ഇരിക്കുന്ന ഫോൺ ലോ ചാർജ് എന്ന് മുന്നറിയിപ്പ് നൽകിയതും എണീറ്റ് ചാർജർനായ് സൈഡിലെ ചെറിയ സ്റ്റാൻഡിൽ മുഴുവനായി കണ്ണോടിച്ചു.. കാണാതെ വന്നപ്പോൾ ആ മേശ വലിപ്പ് ഒന്ന് വലിച്ചു നോക്കി.. ആദ്യം തന്നെ കണ്ണിൽ ഉടക്കിയത് ഒരു ഒരു ഹോസ്പിറ്റൽ ഫയൽ ആണ്.. സംശയത്തോടെ അതെടുത്തു തുറന്ന് നോക്കിയ എബ്രഹാം നിന്ന നിൽപ്പിൽ ഒന്ന് വിറച്ചു പോയി......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story