മണിവാക: ഭാഗം 75

manivaka

രചന: SHAMSEENA FIROZ

 സന്ധ്യയ്ക്ക് രാധിക വിളക്ക് തെളിയിക്കുന്ന നേരത്തും ചന്ദന ഉമ്മറ വാതിൽ ചാരി പുറത്തേക്ക് മിഴികൾ നട്ടു നിൽപായിരുന്നു.. "അകത്ത് വന്നിരിക്കു ചന്ദന.. എത്ര നേരമായി നീയീ നിൽപ് തുടങ്ങീട്ട്..." രാധിക അവൾക്ക് അരികിലേക്ക് വന്നു.. "ദേവേട്ടൻ വന്നില്ലല്ലോ.? അവരൊക്കെ നേരത്തെ വന്നുവല്ലോ..? ആ ഒപ്പം വരുമെന്നല്ലേ പറഞ്ഞത്..? നേരം ഇരുട്ടുകയാണല്ലോ..?" രാധികയെ ശ്രദ്ധിക്കുന്നില്ല അവൾ.. പിന്നെയും പിന്നെയും കണ്ണുകൾ നീളുന്നത് മുറ്റത്തേക്കാണ്.. "അവൻ ഇപ്പോ ഇങ്ങെത്തില്ലേ..? മോള് അകത്ത് വന്നിരിക്കു.. ഈ സന്ധ്യയ്ക്ക് വാതിൽപടിയിൽ ഇങ്ങനെ നിൽക്കാതെ.." രാധിക അവളുടെ കയ്യിൽ പിടിച്ചു.. പൊടുന്നനെയാണ് അവളാ കൈ തട്ടി മാറ്റിയത്.. "ഇല്ല.. നുണ പറയുവാണ്.. ദേവേട്ടൻ വീണ്ടും പോയി.. എന്നെ തനിച്ചാക്കി.. എന്നെ മറന്ന്.. വീണ്ടും ദൂരേക്ക് പോയി.." അവൾ ഉറക്കെ കരഞ്ഞു പോയി.. രാധികയ്ക്ക് അവളുടെയാ ഭാവം പരിചിതമല്ലായിരുന്നു.. ശരൺ പറഞ്ഞു അറിഞ്ഞിരുന്നുവെങ്കിലും അപ്രതീക്ഷിതമായി പെട്ടെന്ന് അവൾ അങ്ങനെ പെരുമാറിയതിലുള്ള ഞെട്ടലിലായിരുന്നു രാധിക..

"അങ്ങനെയല്ല മോളെ.. അവനിപ്പോൾ വരും.. മോള് വിഷമിക്കാതെ.." രാധികയവളെ ശാന്തമാക്കുവാൻ ഒരു ശ്രമം നടത്തി.. "നുണ പറയുകയാണ് എല്ലാവരും.. എന്നെ പറഞ്ഞു പറ്റിച്ചത് ഒന്നും മതിയായില്ലേ ആർക്കും.. അത്ര വലിയ ദ്രോഹമെന്താണ് ഞാൻ ചെയ്തത്.. ഇനിയുമിങ്ങനെയാണെന്നാൽ മരിച്ചു കളയും ഞാൻ.. ആർക്ക് വേണ്ടിയാണു ഞാൻ ജീവിക്കേണ്ടത്.. ദേവേട്ടന് വേണ്ടായെങ്കിൽ.." അവളുടെ കരച്ചിലിന്റെ ശക്തി കൂടുകയും നിലത്തേക്ക് ഊർന്ന് ഇരിക്കുകയും ചെയ്തു. അവളെ ഏതു വിധത്തിൽ അനുനയിപ്പിക്കണമെന്ന് അറിയാതെ രാധിക പതറി.. വസുവിനെ വിളിക്കാൻ ഒരുങ്ങവേ ചന്ദന എന്നൊരു വിളിയോടെ വസു സ്റ്റെയർ ഇറങ്ങി അരികിലേക്ക് ഓടി അടുത്തിരുന്നു.. "പറയു.. എവിടെയാണ് ദേവേട്ടൻ പോയത്..?നിങ്ങളൊന്നിച്ചല്ലായിരുന്നോ..? ഇനി വരുകില്ലേ..? എന്തിനാണ് വീണ്ടും വീണ്ടുമെന്നോട് ഈ വിധം ചെയ്യുന്നത്..? സ്നേഹിക്കുക മാത്രമേ ഞാൻ ചെയ്തുള്ളു.." മുന്നിൽ മുട്ട് കുത്തിയിരുന്ന വസുവിന്റെ ഇരു ചുമലുകളും ഉലച്ചു കൊണ്ടവൾ ഉറക്കെ ചോദിച്ചു..

വാസുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. കണ്ടു നിൽക്കാൻ വയ്യെന്നത് പോൽ അവൻ ഒരുവേള കണ്ണുകൾ ഇറുകെ ചിമ്മി.. "അവൻ വരും.. ഇപ്പോൾത്തന്നെ വരും.. എവിടെയും പോയിട്ടില്ല. കുറച്ചു അത്യാവശ്യമുള്ളത് കൊണ്ടാണ്.. ചന്ദന ഇതുപോലെ കരയുകയാണെന്ന് അറിഞ്ഞാൽ പിന്നെ അവൻ വരുകില്ല കേട്ടോ.. എന്നോട് പ്രത്യേകം പറഞ്ഞിരുന്നതാണത്.." വസു അവളെ ഇരു കൈകളാൽ താങ്ങി പിടിച്ചുയർത്തി.. അവളാ കരങ്ങളെ കുടഞ്ഞെറിയുന്നുണ്ടായിരുന്നു.. എങ്കിലും വസുവതിനെ നേരിട്ടു മുകളിലെ മുറിയോളം കൊണ്ടെത്തിച്ചു അവളെ.. അപ്പോഴും കരച്ചിൽ ഉയർന്നു തന്നെയിരുന്നു.. ആ കരച്ചിലിനിടയിൽ എപ്പോഴോ ക്ഷീണിച്ചു മയക്കത്തിലേക്ക് വീണു.. അപ്പോൾ മാത്രമാണ് വസു മുറി വിട്ടിറങ്ങിയത്.. അല്ലാതെ ഒരുവിധത്തിലും അവളുടെ കരച്ചിൽ ഒതുക്കുവാൻ അവന് സാധിച്ചിരുന്നില്ല.

തന്റെ മുറിയിൽ ചെന്നു അവൻ ഫോൺ എടുത്തു എബ്രഹാമിനു വിളിച്ചു.. ശരൺ വൈകുന്നേരത്തോടെ പോയതും അതിന് ശേഷമുള്ള ചന്ദനയുടെ സ്ഥിതി വിവരങ്ങളും അദ്ദേഹത്തെ അറിയിച്ചു.. ശരൺ പോകുന്ന വിവരം മെസ്സേജ് ചെയ്തിരുന്നു എന്നും ചന്ദനയെ വളരെ സമാധാനപരമായി മാത്രം സമീപിക്കണമെന്നും പറഞ്ഞു അയാൾ.. ശരൺ ഉടനെ തിരികെ വരുമെന്നൊരു വിശ്വാസത്തിലും പ്രതീക്ഷയിലും തന്നെയായിരിക്കണം അവൾ എപ്പോഴുമെന്നു കൂടെ അയാൾ കൂട്ടി ചേർത്തു.. സ്ഥിതി വഷളാകുകയാണെന്ന് തോന്നുകയാണെങ്കിൽ കിംസിലേക്ക് കൊണ്ട് വരുക.. താൻ അവിടെ ഉണ്ടാകുമെന്നും പറഞ്ഞേൽപ്പിച്ചു.. എബ്രഹാമിന്റെ ശബ്ദം വളരെ അടഞ്ഞിരിക്കുന്നതായും അയാൾ എന്തോ ടെൻഷൻ അനുഭവിക്കുന്നതായും തോന്നി വസുവിന്.. അതേ കുറിച്ച് ചോദിക്കാൻ തുടങ്ങവേ മറുപുറത്തു കാൾ ഡിസ്‌ക്കണക്ട് ചെയ്യപ്പെട്ടിരുന്നു.. അവൻ അപ്പോൾ ഓർത്തത് ചിഞ്ചുവിനെയായിരുന്നു.. എന്തിനോ അവന്റെ മിഴികൾ ഒന്ന് നനഞ്ഞു..

തനിക്ക് അവളോട് ഇപ്പോൾ എന്താണ് തോന്നുന്നത്..? വിദ്വേഷമോ വെറുപ്പോ..? അങ്ങനെ വെറുത്തു കളയാൻ സാധിക്കുമോ തനിക്കു അവളെ..? ഒരുപോലെ പ്രിയമായിരുന്ന രണ്ടുപേർ.. സണ്ണിയും ചിഞ്ചുവും.. വഞ്ചിച്ചെന്നറിഞ്ഞപ്പോൾ സഹിക്കുവാൻ കഴിഞ്ഞില്ല.. അതിനും മാത്രമൊരു തെറ്റ് താൻ ചെയ്തിരുന്നുവോ രണ്ട് പേരോടും. തന്റെയും ചന്ദനയുടെയും പ്രണയത്തെ കുറിച്ച് യാതൊന്നും അറിയാത്ത രണ്ടുപേരായിരുന്നു അവരെങ്കിൽ ചിലപ്പോൾ തനിക്കു ക്ഷമിക്കുവാൻ കഴിയുമായിരുന്നു.. പക്ഷെ... ചിഞ്ചു.. ചന്ദുവിനെ തന്നിലേക്ക്.. തന്റെ പ്രണയത്തോട് ചേർത്തു വെച്ചവൾ.. സണ്ണി.. തങ്ങളുടെ പ്രണയത്തിന്റെ ആഴവും വ്യാപ്തിയും കണ്ടറിഞ്ഞവൻ.. ഓർക്കവേ തന്നെ വസുവിന് വേദന അനുഭവപ്പെട്ടു.. വെറുത്തിട്ടില്ല.. ഇനിയൊരിക്കലും പഴയത് പോലെ സ്നേഹിക്കുവാനോ ആ സ്ഥാനം നൽകുവാനോ ആകില്ല. വസുവിൽ നിന്നൊരു നോവുള്ള നിശ്വാസമുതിർന്നു.. ** "ഏട്ടാ..വേഗമിങ്ങിറങ്ങിയേ.." രാത്രിയിൽ കുളിക്കാൻ കയറിയപ്പോഴാണ് വരുൺ വെപ്രാളപ്പെട്ടു വാതിലിൽ തട്ടി വിളിക്കുന്നത്..

"എന്താടാ.?" ചന്ദനയ്ക്ക് എന്തെങ്കിലും എന്നൊരു ആധിയോടെ വസു തിടുക്കത്തിൽ തലയും തുവർത്തിക്കൊണ്ടിറങ്ങി.. "അച്ഛമ്മ... അച്ഛമ്മ ഹോസ്പിറ്റലിൽ ആണ്.. ചെറിയച്ഛൻ വിളിച്ചിരുന്നു.. ബാത്‌റൂമിൽ ഇടിച്ചു വീണതാണെന്ന്.." വരുൺ പറഞ്ഞു.. "എടാ..ഞങ്ങള് ഇറങ്ങുവാ.. നീ വരണ്ട.. ചന്ദന തനിച്ചാവില്ലേ.. അവളെ ഒറ്റയ്ക്കു വിട്ട് പോകുവാൻ വയ്യല്ലോ.. ഈ അവസ്ഥയിൽ കൂടെ കൂട്ടുവാനും വയ്യ.. അച്ഛനും വരുണും കഴിച്ചു.. എനിക്ക് വിശപ്പില്ല.. നിങ്ങൾക്ക് കഴിക്കാൻ ഉള്ളത് ഞാൻ എടുത്തു വെച്ചിട്ടുണ്ട്.. അവളേം കഴിപ്പിച്ചു നീയും കഴിച്ചു വേഗം കിടന്നോ കേട്ടോ.. വൈകിക്കാൻ നിൽക്കണ്ട.. ഡോർ ഒക്കെ ശെരിക്ക്‌ അടച്ചേക്കണം.. നീ തനിച്ചുണ്ടാകുമ്പോൾ ഉള്ള പോലെയല്ല.. അവളെ ശ്രദ്ധിച്ചേക്കണം കേട്ടോ.. സന്ധ്യയ്ക്ക് ഉറങ്ങിയ കൊച്ചാ.. ഇതുവരെ എഴുന്നേറ്റില്ല.. ഞാനിപ്പോ കൂടി ചെന്നു നോക്കിയേ ഉള്ളു.." വരുണിന് പുറകെ മുറിയിലേക്ക് വന്ന രാധിക പറഞ്ഞു കൊണ്ടിരുന്നു.. "അയ്യോ എന്റമ്മേ.. അമ്മ ഇതാരോടാണ് ഈ പറയുന്നത്..? വസുദേവ് ആണിത്.. ചന്ദനയുടെ പ്രാണദേവൻ..

മറ്റാരേക്കാളും കൂടുതലായി ചന്ദന ചേച്ചിയെ സ്നേഹിക്കുന്നയാൾ.. ഇങ്ങേർക്കാണോ അമ്മ ചേച്ചിയെ കെയർ ചെയ്യേണ്ടുന്നതിന്റെ ക്ലാസ് എടുത്തു കൊടുക്കുന്നത്..? ചുമ്മാ ടൈം വേസ്റ്റ് ആവാമെന്നേയുള്ളു.. ആ സമയം കൊണ്ട് ഞങ്ങൾക്ക് ഇറങ്ങിയേക്കാം. വൈകി ചെന്നിട്ട് ചെറിയച്ഛന്റെ വായേല് ഇരിക്കുന്നത് കേൾക്കണ്ടല്ലോ..?" "എന്നാൽ ശെരിയെടാ.. ഇറങ്ങട്ടെ.." രാധികയും വരുണും താഴേക്ക് ചെന്നു.. പുറകെ ചന്ദനയുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി വസുവും. വിശ്വനാഥൻ കാർ സ്റ്റാർട്ട്‌ ചെയ്തിട്ടിരുന്നു ഹോൺ മുഴക്കുന്നുണ്ട്.. "പോയിട്ട് വരാം.. ചന്ദനയുടെ കൂടെ തന്നെ ഇരിക്ക്.. മുറിയിൽ ആയാലും തനിച്ചു വിടണ്ട.. എന്തേലും ഉണ്ടേൽ വിളിക്ക് കേട്ടോ.." സീറ്റ് ഔട്ടിലേക്ക് വന്ന വസുവിനെ കണ്ടു വിശ്വനാഥൻ വെളിയിലേക്ക് തലനീട്ടി പറഞ്ഞു.. "ശെരിയച്ഛാ.." രാധികയും വരുണും കയറി കാർ ഗേറ്റ് കടന്നപ്പോൾ ഗേറ്റു ലോക്ക് ചെയ്തു, ഫ്രന്റ്‌ ഡോറും അടച്ചു കുറ്റിയിട്ട് അവൻ ചന്ദനയുടെ മുറിയിലേക്ക് നടന്നു.. ബെഡിൽ അവൾ ഇല്ലന്ന് കണ്ടതും വസുവിന്റെയുള്ളിലൂടെയൊരു മിന്നൽ പിണർപ്പ് പാഞ്ഞു പോയി..

വേഗത്തിൽ ബാത്‌റൂമിനു നേരെ മിഴികൾ ഓടി. അത് പുറമേ നിന്നും പൂട്ടിയിരിക്കുന്ന സ്ഥിതിയിലായിരുന്നു.. പെട്ടെന്നാണ് ബാൽക്കണി ഡോർ പാതി തുറന്നു വെച്ചിരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.. ദൃതിപ്പെട്ടു ആ വാതിൽ തുറന്ന് നോക്കിയ വസുവിന് ശ്വാസം വിലങ്ങുമെന്നായി.. "ചന്ദനാ.." കൈ വരിയിൽ കയറി നിന്നു താഴേക്ക് ചാടാൻ ഒരുങ്ങുന്നവളെ അവനൊറ്റ കുതിപ്പിന് ചെന്നു ഇരുകൈകളാലെ പൊക്കി എടുത്തു താഴേക്ക് ഇറക്കി.. "വിടു..വിടെന്നെ..." അവൾ അതിയായി ബലം പിടിക്കുകയും വസുവിന്റെ കൈകൾ കുടഞ്ഞെറിയുകയും ചെയ്തു.. വസുവിന് അവളെ വലിച്ചിഴക്കേണ്ടി വന്നു മുറിയിലേക്ക് കൊണ്ട് പോകുവാൻ.. അല്ലാത്ത പക്ഷം എളുപ്പത്തിൽ അവളെ നേരിടുക സാധ്യമല്ലായിരുന്നു.. വീണ്ടുമവിടെ നിന്നവളത് പോലെ തന്നെ ചെയ്തേക്കാം എന്ന തോന്നൽ അവനെ കൂടുതൽ ഭീതിയിലാഴ്ത്തിയിരുന്നു.. അവൾ നിരങ്ങി എണീറ്റു ഓടാൻ തുടങ്ങിയതും വസു ബാൽക്കണി ഡോർ അടച്ചു ലോക്ക് ചെയ്തു.. "ചന്ദനാ..." അവൻ അങ്ങേയറ്റം വേദനയോടെ വിളിച്ചു.

. "എന്നെ വിടു.. എനിക്കിനി ജീവിക്കേണ്ട.. വീണ്ടുമെന്നേ പറ്റിച്ചു പൊയ്ക്കളഞ്ഞില്ലേ.." ഉറക്കെ കരഞ്ഞുകൊണ്ട് അവൾ നിലത്തേക്ക് ഊർന്നു.. "എന്നാര് പറഞ്ഞു ചന്ദനയോട്.. ഇങ്ങോട്ട് നോക്കു... അവൻ ഉടനെ വരുമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ.. ചന്ദന ഇടയ്ക്ക് ഒക്കെ ഇതുപോലെ അനുസരണക്കേടു കാണിക്കുന്നത് കൊണ്ടാണ് അവൻ പറയാതെ പോകുന്നത്.. നല്ല കുട്ടി ആയിരിക്കണം എപ്പോഴും.. എങ്കിലേ അവൻ നിന്നെ കൂടെ കൊണ്ട് പോകുകയുള്ളു.. കേൾക്കുന്നുണ്ടോ..?" വസു പതിയെ അവളുടെ മുഖമുയർത്തി ഇരു കവിളുകളിലും കൈ ചേർത്തു കൊണ്ട് പറഞ്ഞു.. അത് വിശ്വാസമാകാത്തത് പോൽ അവൾ തല വെട്ടിച്ചു കൊണ്ടിരുന്നു.. "നിങ്ങളെല്ലാവരും നുണ പറയുകയാണ്.." വസുവിന്റെ കൈ തട്ടിയെറിഞ്ഞു ദേഷ്യത്തോടെയായിരുന്നു അവളതു പറഞ്ഞത്.. സങ്കടവുമുണ്ട്.. കരഞ്ഞു ചുമന്ന മൂക്കിൻ തുമ്പും ചുണ്ടുകളും വിറയ്ക്കുന്നുമുണ്ട്.. അങ്ങനൊരാവസ്ഥയിലും വസുവിനത് കണ്ടു ചിരി വന്നു.. ആദ്യമായിട്ടാണവളെ ദേഷ്യപ്പെട്ടു കാണുന്നത്..

"അയ്യോ.. ഇങ്ങനെ ദേഷ്യപെടാതെ.. പിന്നൊരു കാര്യമുണ്ട് കേട്ടോ.. ഇപ്പോൾ പോയത് പോലെ പുറത്തേക്ക് ഒന്നും തനിയെ പോകരുത്. ആ ഇരുട്ടത്തു പട്ടിയും പൂച്ചയും പ്രേതങ്ങളും പിശാചുക്കളും ഒക്കെ ഉള്ളതാണ്.. അവയെല്ലാം വന്നു ചന്ദനയെ കടിച്ചു പറിച്ചിരുന്നുവെങ്കിലോ.." കൊച്ചു കുട്ടികൾക്ക് ഹൊറർ സ്റ്റോറിസ് പറഞ്ഞു കൊടുക്കുന്ന ഭാവത്തോടെ വസു പറഞ്ഞു.. അതേല്ക്കുകയും ചെയ്തു.. ചന്ദനയുടെ മുഖം മാറി. ദേഷ്യവും കരച്ചിലും നീങ്ങി അവിടെ ഭയം ചേക്കേറി. കണ്ണുകളിലും അതേ ഭയം.. പിടച്ചിലോടെ അടഞ്ഞു കിടക്കുന്ന ബാൽക്കണി ഡോർനു നേരെ നോക്കി.. "നല്ല കുട്ടികളെയൊന്നും ആ പ്രേതങ്ങളും പിശാചുക്കളുമൊന്നും കൊണ്ട് പോകില്ല.. എപ്പോഴുമിങ്ങനെ കരഞ്ഞു അനുസരണക്കേട് കാണിക്കുന്നവരെ മാത്രമാണ് പിടിച്ചു കൊണ്ട് പോകുക.." വസു പിന്നെയും പറയുന്നുണ്ട്.. അവൾ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് വസുവിന്റെ ടീഷർട്ടിൽ അള്ളി പിടിച്ചു അവന്റെ നെഞ്ചോട് പറ്റി ചേർന്നിരുന്നു. വസു അതിയായ സ്നേഹത്തോടെ.. കരുതലോടെ.. അവളെ ചേർത്തു പിടിച്ചു എഴുന്നേൽപ്പിക്കുകയും പതിയെ താഴേക്ക് നടത്തിക്കുകയും ചെയ്തു..

"ഭക്ഷണം കഴിക്കാം.." അടുക്കളയിൽ സെറ്റ് ചെയ്തിരിക്കുന്ന വലുപ്പമുള്ള ഡെയിനിങ് ടേബിളിലെ ചെയറുകളിൽ ഒന്നിൽ അവളെ ഇരുത്തിയവൻ അടച്ചു വെച്ചിരിക്കുന്ന പാത്രങ്ങൾ തുറന്നു.. ചപ്പാത്തിയും വെജിറ്റബിൾ കുറുമയുമാണ്.. മറ്റൊരു പത്രത്തിലായി ചെറു ചൂടുള്ള കഞ്ഞിയും പയർ തോരനും തേങ്ങ ചമ്മന്തിയുമുണ്ട്.. അതിൽ നിന്ന് ആവശ്യത്തിന് മാത്രം മറ്റൊരു പാത്രത്തിലേക്ക് വിളമ്പി എടുത്തു സ്പൂണിൽ അൽപാൽപമായി.. വളരെ സാവകാശം ചന്ദനയ്ക്ക് വാരി കൊടുത്തു.. അവനും വേഗത്തിൽ രണ്ട് ചപ്പാത്തിയും കുറച്ചു കറിയും വിളമ്പി കഴിച്ചു.. കെറ്റിലിൽ വെള്ളം തിളപ്പിച്ചെടുത്തു. അത് ചൂടാറുമ്പോഴേക്കും കഴിച്ച പാത്രങ്ങൾ കഴുകി സ്റ്റാൻഡിൽ കമിഴ്ത്തി വെച്ചു.. ബാക്കി വന്നവ ഫ്രിഡ്ജിൽ കയറ്റി.. ഒരു ചില്ലു ജഗ്ഗിലേക്ക് ചൂടാറിയ വെള്ളം പകർത്തി വെച്ചു ചന്ദനയേം കൂട്ടി ലിവിങ് ഏരിയയിലേക്ക് നടന്നു.. ടീവീ ഓൺ ചെയ്തു അവളെ സെറ്റിയിലേക്ക് ഇരുത്തി എതിർ വശത്തുള്ള സോഫയിലേക്ക് ഇരുന്നു.. അവൾ അപ്പോഴും നേരത്തെ പറഞ്ഞ ഭൂതത്തിന്റെയും പ്രേതത്തിന്റെയും കഥയിൽ ആണെന്ന് തോന്നി അവന്..

ഇടയ്ക്ക് ഇടെ ജനലിലേക്കും വാതിലിലേക്കുമൊക്കെ കണ്ണുകൾ നീളുന്നുണ്ട്.. ആ പേടി പുറത്താണ് അവൾ ഇപ്പോ തന്നോട് ഒതുങ്ങി നിൽക്കുന്നത് എന്നും അറിയാമായിരുന്നവന്.. അല്ലാതെ ശരണിനോടും അമ്മയോടുമൊതുങ്ങി നിൽക്കുന്നത് പോലെ തന്നോട് നിൽക്കില്ല... ഒരു മലയാളം മൂവി ചാനലാണ് വെച്ചിരിക്കുന്നത്. അൽപ്പ നേരത്തിനുള്ളിൽ തന്നെ ചന്ദന അതിലേക്ക് ഇറങ്ങി ചെന്നു.. അതിൽ ചിരിക്കുമ്പോൾ അവളും ചിരിക്കുന്നു.. കരയുമ്പോൾ ആ കൂടെ കരയുന്നു.. അടി വരുമ്പോൾ ഭയത്തോടെ പിന്നോക്കം നീങ്ങിയിരിക്കുന്നു.. അങ്ങനെ അങ്ങനെ.. വസുവിന്റെ ശ്രദ്ധയത്രയും അവളിൽ മാത്രമായിരുന്നു.. അവളുടെ ഓരോ ഭാവങ്ങളും വസു നോക്കി കാണുകയായിരുന്നു.. ഒന്നുമേതും തിരിച്ചറിയാൻ ആകാതെ.. മനസ്സിലാക്കുവാൻ ആകാതെ ഇരിക്കുന്നവളെ കാണുമ്പോൾ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെടുന്നു എങ്കിലും ഉടനെ അവൾ പഴയ ചന്ദനയിലേക്ക് എത്തുമെന്നൊരു വിശ്വാസത്തിൽ അവനാ വേദന ഒതുക്കി.. ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു.. വസു എഴുന്നേറ്റു ചെന്നു ഫ്രന്റ്‌ ഡോറും കിച്ചൻ ഡോറും ലോക്ക് ആണെന്ന് ഒന്നൂടെ ഉറപ്പ് വരുത്തി.. പകൽ നല്ലപോലെ ഉറങ്ങിയത് കൊണ്ട് ചന്ദനയ്ക്ക് ഉറക്കിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല.. ടീവീയിൽ തന്നെ ലയിച്ചിരിപ്പാണ്..

എങ്കിലും അവൾക്ക് മെഡിസിൻസ് ഉള്ളത് കൊണ്ടും കൂടുതൽ ഉറക്കമൊഴിക്കണ്ടന്നും കരുതി അവളോട് അനുവാദം തിരക്കി ടീവീ ഓഫ്‌ ചെയ്തു.. ആദ്യം സമ്മതിച്ചില്ല എങ്കിലും ഞാൻ കിടക്കാൻ പോകുവാണ്,, ഒറ്റയ്ക്കു ഇരുന്നു കാണുമെങ്കിൽ കണ്ടോളു എന്ന് പറഞ്ഞപ്പോഴാണ് ഓഫ്‌ ചെയ്യാൻ അനുവദിച്ചതും സെറ്റിയിൽ നിന്ന് എണീറ്റതും.. മുകളിലേക്ക് കയറുന്നതിനു മുന്നേ വസു അടുക്കളയിൽ ചെന്നു വെള്ളം നിറച്ചു വെച്ചിരിക്കുന്ന ജഗ്ഗ്‌ എടുത്തു വന്നു.. മെഡിസിൻ കഴിപ്പിക്കാൻ പാട് പെടേണ്ടി വരുമോ എന്ന് തോന്നിയിരുന്നു എങ്കിലും അവൾ അനുസരണയോടെ നിന്നിരുന്നു.. അര മണിക്കൂറു തികഞ്ഞതെ ഉള്ളു.. ചന്ദനയുടെ കണ്ണുകൾ അടഞ്ഞു വരാൻ തുടങ്ങി.. തലയിണ ശെരിക്കു വെച്ചു അവളെ കിടത്തി ദേഹത്തേക്ക് പുതപ്പിട്ട് നൽകി.. തണുപ്പ് ഉള്ളതിനാൽ എസിയുടെ സ്പീഡ് കുറച്ചിടുകയും ജനൽ അടച്ചിടുകയും ചെയ്തു..

നേരത്തെ താൻ വരുവാൻ അൽപ്പം വൈകിയിരുന്നുവെങ്കിൽ..??? താൻ ശ്രദ്ധിക്കാതെ താഴേക്ക് പോയിരുന്നെങ്കിൽ..??? ബാൽക്കണി ഡോറിലേക്ക് നോട്ടം തെറ്റിയതെ വസുവിന്റെ നെഞ്ച് കിടുങ്ങി പോയി.. ജീവിതത്തിലേക്ക് അവൾ തിരികെ വരുന്നതുമോർത്താണ് ഓരോ രാവുകളും വെളുപ്പിക്കുന്നത്.. അല്ലാതെ ആ ജീവൻ നഷ്ടപ്പെട്ട് പോകുന്നതോർത്തല്ല.. കാത്തു കൊള്ളണേ ഈശ്വരാ.. വസു നിശബ്ദം പ്രാർത്ഥിച്ചു.. ദൈവങ്ങളിൽ വിശ്വാസമില്ലാത്ത തന്നെ ആ ദൈവങ്ങളോട് അടുപ്പിച്ചത് പോലും ഇവളാണെന്ന ഓർമ അവന്റെ ചുണ്ടുകളിൽ ഒരു നനുത്ത പുഞ്ചിരി വിരിയിച്ചു.. "കയറി ഒന്ന് തൊഴുതിട്ട് പോകൂ. ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ. ഏറ്റവും ആദ്യമായി വേണ്ടത് അതാണ്" അമ്പല പരിസരത്ത് കാണാൻ കാത്തു നിന്നൊരു നാളിൽ പറഞ്ഞതാണ്.. വസു ഉള്ളിൽ നിറയുന്ന പ്രണയത്തോടെ അവളെ നോക്കി.. അവൾക്ക് അരികിൽ ബെഡിൽ ചാരിയിരുന്നു.. ആ ഇരുപ്പിൽ എപ്പോഴോ മയങ്ങിപ്പോയി.. ചന്ദനയുടെ ഞെരക്കം കേട്ടാണ് പിന്നീട് കണ്ണുകൾ തുറക്കുന്നത്.. അരികിൽ ഇരിക്കുന്നവളെ കണ്ട് അവനൊന്നു പകച്ചു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story