മണിവാക: ഭാഗം 76

manivaka

രചന: SHAMSEENA FIROZ

 "ഹലോ അമ്മാ..നിങ്ങളെത്തിയോ..? അച്ഛമ്മയ്ക്ക് എങ്ങനെയുണ്ട്..?" "എത്തിയിട്ട് ഒരുമണിക്കൂർ ആയി.. അച്ഛമ്മയ്ക്ക് നെറ്റിയിൽ മുറിവുണ്ട്.. വലത്തേ കാലിനു ഉളുക്കും.. അല്ലാതെ നിന്റെ ചെറിയച്ഛൻ പറഞ്ഞു പേടിപ്പിച്ചത്രയ്ക്കൊന്നുമില്ല.." "നിങ്ങളിനി മടങ്ങുവല്ലേ..?" "അതെങ്ങനെയാടാ അത്ര പെട്ടെന്ന്.. നിന്റെ അച്ഛമ്മയ്ക്കും ചെറിയച്ഛനുമൊക്കെ പിന്നെ അത് മതിയാകും.. ഇപ്പൊത്തന്നെ വസു വന്നില്ലല്ലേന്നും ചോദിച്ചു മുഖം ഇരുണ്ടിരിക്കുകയാണ്.. എന്താടാ..? എന്തെങ്കിലും കുഴപ്പമുണ്ടോ..?" വസുവിന്റെ സ്വരത്തിൽ ടെൻഷൻ കലർന്നിരിക്കുന്നതായി തോന്നി രാധിക ചോദിച്ചു.. "അതമ്മാ.. ചന്ദന പീരിയഡ്സ് ആണ്.. ബെഡ്ഷീറ്റിലും അവൾ ഇട്ടിരിക്കുന്ന ഡ്രെസ്സിലും ബ്ലഡ്‌ സ്റ്റെയിൻ ഉണ്ട് അമ്മാ.." വസു പറഞ്ഞു.. "നീ ടെൻഷൻ ആവണ്ട.. ഞങ്ങൾ എത്തുമ്പോ ഏതായാലും വൈകും.. നീയൊരു കാര്യം ചെയ്യു.. താഴെ എന്റെ മുറിയിൽ സാനിറ്ററി നാപ്കിൻ കാണും.. അതവളുടെ കയ്യിൽ കൊടുത്തു പതിയെ ബാത്‌റൂമിലേക്ക് കയറ്റു.. നീ അവിടെ തന്നെ നിന്നോണം..

അവള് ചിലപ്പോൾ ബാത്‌റൂമിൽ കയറിയാൽ ബോഡി വാഷും ഷാമ്പുവുമൊക്കെ എടുത്തു പതപ്പിക്കാൻ സാധ്യതയുണ്ട്.. കുളിക്കാൻ കൊണ്ട് പോകുമ്പോൾ അവൾ അങ്ങനെ ചെയ്യാറുണ്ട്. കാലൊന്നും വഴുക്കിയേക്കരുത്.." രാധിക പറഞ്ഞു.. "ശെരിയമ്മ.. ചന്ദനയ്ക്ക് പെയിൻ ഉണ്ടെന്ന് തോന്നുന്നു.. ഞാൻ വിളിക്കാം.." കാൾ കട്ട്‌ ചെയ്തു അവൻ വേഗത്തിൽ താഴെ മുറിയിലേക്ക് പോയി.. ആദ്യം തുറന്ന കാബോർഡിൽ ഏറ്റവും മേലെയായി തന്നെ ഉണ്ടായിരുന്നു സ്റ്റേഫ്രീയുടെ ഒരു പാക്കറ്റ്.. അതുമായി മുകളിലേക്ക് ചെല്ലുമ്പോഴും ചന്ദന യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ആ രക്തക്കറയിൽ തന്നെ ഇരിക്കുകയും ഇടയ്ക്ക് ഇടെ വേദന അനുഭവപ്പെടുന്നെന്ന പോൽ പുളയുകയും ചെയ്യുന്നുണ്ട്.. "ചന്ദനാ.. വന്നേ.. നമുക്ക് ബാത്‌റൂമിൽ പോയി വരാം.. ഈ വസ്ത്രമൊക്കെ മാറാം.. കണ്ടില്ലേ.. അഴുക്ക് ആയിരിക്കുന്നത്.." വസു അവളെ ബെഡിൽ നിന്നും എഴുന്നേൽപ്പിക്കാൻ ഒരുങ്ങി.. "എനിക്കെങ്ങും പോകണ്ട.. ഈ ഉടുപ്പ് മതിയല്ലോ.. ഇത് ഞാൻ ആർക്കും തരൂല.." അവൾ പുറകിലേക്ക് നീങ്ങി നിരങ്ങിയിരുന്നു..

വെളുത്ത ബെഡ്ഷീറ്റു മുഴുവനായി ചുവപ്പ് പടരുന്നത് അവൻ കണ്ടു.. ഉള്ളിൽ വല്ലാത്ത അലിവ് നിറഞ്ഞവളോട്.. "അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ഈ ഉടുപ്പ് തീരെ കൊള്ളില്ല.. ചന്ദനയ്ക്ക്‌ ഞാൻ പുതിയത് വാങ്ങിയിട്ടുണ്ട്.. കുളിച്ചു അത് ധരിച്ചാലേ ചന്ദന മിടുക്കി ആകുകയുള്ളൂ.. പെട്ടെന്ന് വായോ.." "സത്യമാണോ.. പുതിയ ഉടുപ്പുണ്ടോ..?" അവളുടെ കണ്ണുകൾ വിടർന്നു.. മുഖത്ത് സന്തോഷം നിറഞ്ഞു.. വേഗത്തിൽ എണീറ്റു അവനരികിലേക്ക് വന്നു.. ഷെൽഫ് തുറന്ന് അവൾക്ക് മാറ്റി ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്തു അവൻ ബാത്‌റൂമിൽ കൊണ്ട് വെച്ചു.. ഓരോ കാര്യങ്ങൾ പറഞ്ഞവളെ അനുനയിപ്പിച്ചു അകത്തേക്ക് കയറ്റി.. അടുത്തതായി എന്താണ് ചെയ്യേണ്ടതെന്നൊരു ധാരണയും ഇല്ലായിരുന്നു വസുവിന്.. പറഞ്ഞേൽപ്പിച്ച് താൻ വെളിയിലേക്ക് നിന്നാൽ അതു പ്രകാരം ചെയ്യുമോ അവൾ..? ഒന്നുമറിഞ്ഞില്ല വസുവിനു..

എങ്കിലും രക്തത്തിൽ കുതിർന്നിരിക്കുന്നവളുടെ വസ്ത്രം മാറ്റി, ഹാങ്കറിൽ കിടക്കുന്നൊരു ബാത്ത് ടവൽ എടുത്തു ദേഹത്ത് ചുറ്റി കൊടുത്തു.. ചൂട് വെള്ളം ബക്കറ്റിലേക്ക് എടുത്തതിനെ പാകപ്പെടുത്തി മേല് കഴുകിച്ചു.. വേഗത്തിൽ തോർത്ത്‌ കൊണ്ട് നനവ് ഒപ്പിയെടുത്തു , കൊണ്ട് വെച്ചിരിക്കുന്ന ടോപ് ധരിപ്പിച്ചു.. ദേഹത്തു അങ്ങിങ്ങായി കിടക്കുന്ന വലുതും ചെറുതുമായ ഇരുണ്ട പാടുകൾ കണ്ട് എന്തുകൊണ്ടോ വസുവിന്റെ മിഴികൾ ഒന്ന് നനഞ്ഞു.. അതിൽ ഏറെയും നിഖിലിന്റെ ക്രൂരതകളുടെ അടയാളങ്ങളും മറ്റ് ചിലവ അവൾ സ്വയമേ മുറിവേൽപ്പിച്ചതിന്റെയുമാണെന്ന് വസു തിരിച്ചറിഞ്ഞിരുന്നു.. ഒടുവിലൊരു പാഡും പാന്റീസും കയ്യിൽ കൊടുത്തവൻ വെളിയിലേക്ക് ഇറങ്ങി നിന്നു.. അൽപ്പം നേരമായിട്ടും അവൾ പുറത്ത് വരാത്തതിനെ തുടർന്ന് അവൻ അകത്തേക്കു നോക്കി..

പാഡിലെ പഞ്ഞികൾ പാറി പറക്കുകയും ബാക്കി ഭാഗം ബക്കറ്റിലെ വെള്ളത്തിൽ ഒഴുകി കിടക്കുകയും ചെയ്യുന്നുണ്ട്.. രാധിക പറഞ്ഞത് പോലെത്തന്നെ.. ബോഡി വാഷ് പതപ്പിച്ചത് ഇരു കൈ പത്തികൾക്കിടയിൽ വിടവുണ്ടാക്കി, അതിലൂടെ ഊതി വിട്ട് ചെറുതും വലുതുമായ അനേകം കുമിളകൾ ഉണ്ടാക്കി കളിക്കുകയാണ് അവൾ.. ഓരോന്നും കൈ എത്തിച്ചു പിടിച്ചു ചിരിക്കുകയും അത് പൊട്ടി പോകുമ്പോൾ വിഷമത്തോടെ ചുണ്ട് പിളർക്കുകയും ചെയ്യുന്നുണ്ട്.. വസുവിനാ കാഴ്ച കണ്ട് നിൽക്കുവാൻ സാധിച്ചില്ല.. അത്രമേൽ വേദന തോന്നുന്നുണ്ടായിരുന്നവന്.. തിടുക്കത്തിൽ അകത്ത് കയറി മറ്റൊരു പാഡ് എടുത്തതു പാന്റീസിൽ വെച്ചവളെ ധരിപ്പിച്ചു മുറിയിലേക്ക് കൊണ്ട് വന്നു.. ബെഡ്ഷീറ്റ് മാറ്റി വിരിച്ചു അവളെ ബെഡിൽ ഇരുത്തി വേഗത്തിൽ പോയി ഒന്ന് കയ്യും മുഖവും കഴുകി വന്നു അവൾക്ക് കുടിക്കാനുള്ള വെള്ളമെടുത്തു നൽകി.. കിടന്നുടനെ അവൾ ഉരുണ്ടു കെട്ടി എഴുന്നേറ്റിരുന്നു. "എന്തുപറ്റി..?" അരികിലായി ഇരുന്ന വസു ആധിയോടെ തിരക്കി..

"ഇവിടൊക്കെ വേദനിക്കുന്നു..." വയറു പൊത്തി പിടിച്ചാണ് പറച്ചിൽ.. ആ ഒപ്പം ഉറക്കെ കരച്ചിലും തുടങ്ങി.. വസു ഒന്നുമില്ലന്ന് പറഞ്ഞു ഒന്നൂടെ അവൾക്ക് അരികിലേക്ക് ഇരുന്നു അവളെ പുറകിലേക്ക് ചായിച്ചു കിടത്തി ആ വയറിൽ മൃദുവായ് തഴുകി കൊണ്ടിരുന്നു.. മറു കൈ നീട്ടി ഫോൺ എടുത്തു രാധികയുടെ നമ്പർ കാളിലിട്ടു.. "എന്താടാ..? ചന്ദന എന്തെടുക്കുന്നു..? കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ..?" കാൾ എടുത്തുടനെ രാധിക തിരക്കി.. "ഇല്ലമ്മ.. അവൾക്ക് വയറു വേദനിക്കുന്നെന്ന്.. മെഡിസിൻ വല്ലതും ഇരിപ്പുണ്ടോ ഇവിടെ..?" "അവളൊരുപാട് ടാബ്ലറ്റ്സ് കഴിക്കുന്നതല്ലേ.. അതിന്റുടെ ഇനി ഇതും വേണ്ടടാ.. വയറ്റെക്ക് ദോഷമാണ്.. അവളുറങ്ങിയോ.. ഉറങ്ങുവാണേൽ ഇപ്പോ ഒന്നും വേണ്ട.. ഉറങ്ങട്ടെ.. ഇല്ലാന്ന് ആണെങ്കിൽ നീ അടുക്കളയിൽ ചെന്നു അൽപ്പം ഇഞ്ചി ചതച്ചിട്ട വെള്ളം തിളപ്പിച്ചെടുക്ക്.. അവളേം കൂട്ടിക്കോ.. താഴത്തെ മുറിയിൽ കിടന്നാ മതി കേട്ടോ.. ഞങ്ങൾ ഒരു പത്തു പതിനഞ്ചു മിനുട്ടിൽ ഇറങ്ങും.." കാൾ കട്ട്‌ ചെയ്തു ചന്ദനയെ നോക്കുമ്പോൾ അവൾ ഉറക്കം പിടിച്ചിരുന്നു..

പണ്ടൊരു രാത്രിയിൽ അവളെ കാണുവാൻ ചെന്നെന്നു അവൾ വയറു വേദനിച്ചു കിടന്നിരുന്നത് ഓർത്തു അവൻ.. എത്ര ദൂരം സഞ്ചരിച്ചിരിക്കുന്നു ഇന്ന്..? കാലമേറെ.. ദൂരമേറെ.. അവനുറക്കം വരുന്നുണ്ടായിരുന്നില്ല.. വെറുതെ എണീറ്റു ആ മുറിയിലൂടെ അങ്ങ്മിങ്ങും നടന്നു കൊണ്ടിരുന്നു.. ഇനി കാനഡയിലേക്ക് തിരിച്ചു പോകുന്നില്ലന്ന് തീരുമാനിച്ചിരുന്നു.. പണ്ടത്തെ പോലെ നാട്ടിലെ ഏതെങ്കിലും കമ്പനിയിൽ തന്നെ കയറണം.. പകൽ മുഴുവനും വീട്ടിൽ ഇരിക്കുന്നത് വളരെ മടുപ്പ് ഉളവാക്കുന്ന കാര്യമാണെന്നു വസുവിന് തോന്നി.. അതിന് മുന്നേ ചന്ദനയ്ക്കൊന്ന് ഭേദപ്പെട്ടിരുന്നു എങ്കിൽ..? അവളാ പഴയ ചന്ദന ആയിരുന്നുവെങ്കിൽ..? അതില്ലാതെ തനിക്കിനി മറ്റൊന്നും വയ്യെന്ന് അറിയാമായിരുന്നു വസുവിന്.. അവരെത്താൻ ഇനിയും സമയമെടുക്കും. ചന്ദന ഉറങ്ങിയതിൽ പിന്നെ സമയവും നീങ്ങുന്നില്ലന്ന് തോന്നി.. ലാപ് എടുക്കുവാൻ വേണ്ടി മുറിയിലേക്ക് പോയി.. തിരിച്ചിറങ്ങുമ്പോൾ ആ മുറിക്കപ്പുറത്തായി അടഞ്ഞു കിടക്കുന്ന മുറി വാതിലിലേക്ക് അവന്റെ നോട്ടമൊന്ന് തങ്ങി..

സാന്ദ്ര ഉപയോഗിച്ചിരുന്ന മുറിയാണ്.. തന്നോട് ദേഷ്യമായിരിക്കുമോ..? ശപിക്കുകയാകുമോ ഇപ്പോൾ..? ചന്ദന തന്റെ പ്രാണൻ ആണെന്ന് അറിഞ്ഞിട്ടും താൻ ചന്ദനയെ സ്നേഹിക്കുന്നത് ഒരിക്കലും ഉൾകൊള്ളുവാനോ അംഗീകരിക്കാനോ കഴിയാത്തവൾ.. അല്ല.. തയാറാകാത്തവൾ ആയിരുന്നു.. ഞാനൊരിക്കലും വെറുത്തിട്ടില്ല സാന്ദ്ര.. എനിക്ക് ആ വിധം സ്നേഹിക്കാൻ കഴിയാഞ്ഞത് കൊണ്ടാണ്.. എനിക്കെന്റെ മനസ്സിനെ വഞ്ചിക്കുവാൻ കഴിയില്ലായിരുന്നു.. അവിടെ ചന്ദനയ്ക്ക് മാത്രമേ പ്രാണന്റെ പാതിയായി സ്ഥാനമുണ്ടായിരുന്നുള്ളൂ.. അവളെ ഒരിക്കലും ശപിച്ചു കളയരുത്.. വസു കണ്ണിലൂറിയ നനവോടെ ആ മുറി വാതിൽ തുറന്നകത്തു കയറി.. സാന്ദ്രയുടേത് എന്ന് പറയുവാൻ തക്കതായി ഒന്നുമില്ലായിരുന്നു അതിനകത്തു.. ക്ലാസ് തുടങ്ങിയതിനു ശേഷം അധികവും സ്വന്തം വീട്ടിലായിരുന്നു അവൾ.. ആഴ്ച അവസാനം വന്നു ഒന്നോ രണ്ടോ ദിവസം തങ്ങിയിട്ട് പോകും.. വസു ഇല്ലെന്നതായിരുന്നു അതിനേറ്റവും വലിയ കാരണം.. പിന്നെ കോളേജ്ലേക്കുള്ള ദൂരക്കൂടുതലും..

ചുവരിൽ സാന്ദ്രയുടെയൊരു വലിയ ഫോട്ടോയുണ്ടായിരുന്നു.. വെറുതെ അവൻ അതിലൂടെയൊന്നു വിരലുകളോടിച്ചു.. കടന്നു കയറിയത് പോലെ സ്വയമേ തന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകണമെന്നേ ആവശ്യപ്പെട്ടുള്ളു.. എന്നെന്നേക്കുമായി ഒരു വിട പറച്ചിൽ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. സണ്ണിയ്ക്ക് ഇന്ന് ആരുണ്ട്..? നിനക്ക് വേണ്ടിയായിരുന്നില്ലേ അവൻ സ്വാർത്ഥനായത് പോലും..? നിന്നോട് ക്ഷമിക്കുവാൻ കഴിഞ്ഞെന്നാലും അവനോടെനിക്കതിന് സാധിക്കുന്നില്ല സാന്ദ്ര.. ചിഞ്ചുവിനെക്കൂടി സ്വാർത്ഥതയിലേക്ക് നയിച്ചവനാണ് അവൻ.. അവളെക്കൂടി അതിലേക്ക് വലിച്ചിഴച്ചവൻ.. മറ്റൊന്തൊക്കെ വഴി തേടാമായിരുന്നവന്..?? ആദ്യമേ എന്നോട് തന്നെ പറയാമായിരുന്നു.. വസുവിന്റെ മനസ്സിൽ അനേകായിരം ചോദ്യങ്ങളും ചിന്തകളും വട്ടമിട്ടു കൊണ്ടിരുന്നു.. കയ്യിലെ ഫോൺ റിങ് ചെയ്തപ്പോൾ മാത്രമാണ് താൻ സാന്ദ്രയുടെ മുറിയിൽ ആണെന്ന തിരിച്ചറിവ് വരുന്നത്.. വേഗത്തിൽ മുറിയിൽ നിന്നിറങ്ങി വാതിൽ അടച്ചു പൂട്ടി കാൾ അറ്റൻഡ് ചെയ്തു...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story