മണിവാക: ഭാഗം 80

manivaka

രചന: SHAMSEENA FIROZ

അടുക്കള തിട്ടിൽ ചാരി നിൽക്കുകയാണ് ചന്ദന.. പാർവതി ഉത്സാഹത്തോടെ.. അതിലേറെ സന്തോഷത്തോടെ എന്തൊക്കെയോ പറയുകയും ചോദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ചന്ദന അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. അവളുടെ മനസ്സ് മറ്റെവിടെയൊക്കെയോ അലയുകയായിരുന്നു. "ചേച്ചീ..." കുളി കഴിഞ്ഞകത്തേക്കു വന്ന ചൈതന്യ ചന്ദനയെ കണ്ട് അവിശ്വസനീയതയോടെ നിന്നു. ഒപ്പം ഉള്ളിൽ ആഹ്ലാദവും പതഞ്ഞു പൊങ്ങി. ഒറ്റ കുതിപ്പിന് അവൾ ചന്ദനയ്ക്ക് അരികിലെത്തി.. "ചേച്ചി.." ചന്ദനയുടെ നെഞ്ചോട് ചേരുവാൻ തോന്നിയെങ്കിലും അന്ന് ഹോസ്പിറ്റലിൽ വെച്ചു കണ്ട ചന്ദനയുടെ ഭാവങ്ങളും പ്രവർത്തികളും ഓർക്കേ ചൈതന്യയതിനു മടിച്ചൽപ്പം അകന്ന് നിന്നു.. ആ മുഖത്ത് മിന്നി മായുന്ന ഭയവും ആകുലതയും കാണെ ചന്ദന ചൈതന്യയെ തന്നോട് ഒതുക്കി പിടിച്ചു.. ചൈതന്യ അതിശയം കൂറി.. വിശ്വസിക്കാനാകാത്തത് പോലെ തലയുയർത്തി ചന്ദനയുടെ മുഖത്തേക്ക് നോക്കി.. "ചൈതു.." ചന്ദന നിറ മിഴികളോടെ ചൈതന്യയെ ഇറുകെ പുണർന്നു.

തന്റെ കുഞ്ഞനുജത്തി.. തന്റെ ഒരേയൊരു കൂടപ്പിറപ്പ്.. തന്റെ ഭർത്താവായിരുന്നവൻ കാരണം അത്രമേൽ മുറിവേറ്റവൾ.. അന്ന് അവൾക്ക് എത്ര വയസ്സുണ്ട്.. വെറും പന്ത്രണ്ട് വയസ്സ് മാത്രം.. ഓർക്കുന്തോറും ചന്ദനയ്ക്ക് ഹൃദയം നൊന്തു.. "ചേച്ചി..ചേച്ചി എപ്പോൾ വന്നു..?" സന്ദേഹമേതും കൂടാതെ ചൈതന്യ വീണ്ടുമവളിലേക്ക് പറ്റി ചേർന്ന് കൊണ്ട് ചോദിച്ചു.. "കുറച്ചു സമയമാകുന്നു.." ചന്ദന ഒരു കയ്യാൽ അവളെ തഴുകി കൊണ്ടിരുന്നു.. "ഒറ്റയ്ക്കാണോ..?" ചൈതന്യ സംശയത്തോടെ അടർന്നു മാറി.. ചന്ദന അത് കേട്ടില്ല.. ചൈതന്യയെ കണ്ണ് നിറച്ചു കാണുന്ന തിരക്കിലായിരുന്നു അവൾ അപ്പോൾ.. കുഞ്ഞ് പെണ്ണല്ല.. വലുതായിരിക്കുന്നു ഇപ്പോൾ.. ഉയരവും വണ്ണവും നിറവും വെച്ചിരിക്കുന്നു. തോളൊപ്പം മാത്രം കിടന്നിരുന്ന മുടി നീണ്ടു കട്ടിയിൽ വളർന്നിരിക്കുന്നു.. "ചേച്ചി കേട്ടില്ലേ..? ഒറ്റയ്ക്കാണോ വന്നേന്ന്.. അവിടെന്ന് ആരും വന്നില്ലേ..?" ചൈതന്യ വീണ്ടും തിരക്കി.. "ഉവ്വ്.." "ആരൊക്കെ.. എല്ലാരുമുണ്ടോ..?" ആരെന്ന ചോദ്യത്തിന് എന്തുത്തരമാണ് നൽകേണ്ടത് എന്ന് ചന്ദനയ്ക്ക് അപ്പോൾ അറിയില്ലായിരുന്നു.. ദേവേട്ടൻ എന്നോ..?

ഇനി അങ്ങനെ പറ്റുമോ..? ഇല്ല.. കാലം ഒരുപാട് സഞ്ചരിച്ചിരിക്കുന്നു.. ജീവിതവും.. "ഈ ചേച്ചി എന്താണ് ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്..? ഇവിടേക്ക് വന്നത് ഇഷ്ടപ്പെട്ടില്ലേ ചേച്ചിക്ക്..? അങ്ങോട്ട് പോകുമോ വീണ്ടും? ഇനി ഇവിടെയല്ലേ ചേച്ചി.. അവരെല്ലാവരും വന്നിട്ടുണ്ടോ..?" ചൈതന്യയ്ക്ക് ചോദ്യങ്ങളും സംശയങ്ങളുമേറെയാണ്. "നീ ഉമ്മറത്തേക്ക് ചെല്ലു.." അത് മാത്രം പറഞ്ഞു ചന്ദന.. കേട്ട പാതി ചൈതന്യ തിടുക്കത്തിൽ ഉമ്മറത്തേക്ക് നടന്നു.. ** തിലക രാമൻ വരുമ്പോൾ ഹാളിൽ എബ്രഹാമും വസുവുമുണ്ടായിരുന്നു.. ഒരോരത്തായി പാർവതിയും ചൈതന്യയും നിൽപ്പുണ്ട്. വസു നേരത്തെ പോകാൻ ഒരുങ്ങിയിരുന്നു. ചന്ദനയുടെ അച്ഛൻ ഇപ്പോൾ വരുമെന്ന് എബ്രഹാം പറഞ്ഞപ്പോൾ അത് കേട്ടില്ലെന്ന മട്ടിൽ എതിർത്തു പോകുവാൻ ആയില്ലവന്.. വസുവിനെ കണ്ട തിലക രാമന്റെ കണ്ണുകൾ ചുറ്റിനും ചന്ദനയെ തിരഞ്ഞു.. "ചന്ദനയും വന്നിട്ടുണ്ട്.. ആ പഴയ ചന്ദനയായി തിരികെ തന്നിട്ടുണ്ട് വസു അവളെ.." എബ്രഹാം പറഞ്ഞു.. കേട്ടത് സത്യമാണോ എന്ന് അയാൾ ഒരുനിമിഷം അന്തിച്ചു നിന്നുവെന്നാലും അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു..

വസുവിനെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് അറിയില്ലായിരുന്നയാൾക്ക്.. ആ പ്രയാസം മനസ്സിലാക്കിയെന്നത് പോൽ വസു എഴുന്നേറ്റു അയാൾക്ക് അരികിലേക്ക് വന്നു.. "ഇങ്ങോട്ട് വരണമെന്ന് ചന്ദന ആവശ്യപ്പെട്ടു.." വസു പറഞ്ഞു.. ഉടനെ അയാൾ വസുവിന്റെ കരങ്ങൾ കവർന്ന് അതിലേക്ക് മുഖം ചേർത്തു.. കണ്ണുനീര് വസുവിന്റെ കൈകളിലേക്ക് ഒഴുകിയിറങ്ങി. അതിൽ ഉണ്ടായിരുന്നു ചെയ്തു പോയ തെറ്റിനുള്ള ക്ഷമ യാചിക്കലും വസുവിനോടുള്ള നന്ദി പറച്ചിലും.. വസു തിടുക്കത്തിൽ കൈകൾ വലിച്ചെടുത്തു.. എന്തകൊണ്ടോ.. പിന്നീട് ഒന്നും സംസാരിക്കാൻ തോന്നിയില്ലവന്.. മകളോടുള്ള അമിതമായ സ്നേഹം കൊണ്ട് സ്വാർത്ഥനായ പിതാവല്ല.. അഭിമാനം കൊണ്ട് സ്വാർത്ഥനായ മനുഷ്യനാണ്.. സ്വന്തം മകളുടെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും വലുതായി ജാതിക്കും മതത്തിനും ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും സ്ഥാനം നൽകിയ വ്യക്തി.. അന്നൊന്നു ചന്ദനയുടെ മനസ്സ് കണ്ടിരുന്നുവെങ്കിൽ..! അവളെയൊന്ന് കേട്ടിരുന്നുവെങ്കിൽ..! തങ്ങളുടെ പ്രണയത്തിനും സ്നേഹത്തിനും അൽപ്പമൊരു വില കല്പിച്ചിരുന്നുവെങ്കിൽ..!

ഒരു സ്ഥാനം അന്നീ മനസ്സിൽ തനിക്കു നൽകിയിരുന്നുവെങ്കിൽ..! ഒന്നല്ല.. പലവട്ടം വന്നതല്ലേ താൻ ഈ പടിക്കൽ... അന്നത് ചെയ്തിരുന്നുവെങ്കിൽ മറ്റൊരാൾക്കും തങ്ങളെ പിരിക്കുവാൻ സാധിക്കുമായിരുന്നില്ല.. സണ്ണിയ്ക്കോ ചിഞ്ചുവിനോ അങ്ങനെ ലോകത്തൊന്നിന് പോലും തങ്ങളുടെ ഇടയിലേക്ക് കടന്ന് വരുവാൻ കഴിയുമായിരുന്നില്ല.. വസുവിൽ നിന്നും വേദന കലർന്നൊരു നിശ്വാസമുതിർന്നു.. *** തിലകരാമന് അന്നേ ദിവസം ഉത്സവം പോലെയായിരുന്നു.. എബ്രഹാമും ചിഞ്ചുവുമുണ്ടായിരുന്നു. അവരെ പോകുവാൻ സമ്മതിച്ചിരുന്നില്ല തിലകരാമൻ.. ചന്ദനയ്ക്ക് അരികിൽ തന്നെ സമയം ചിലവഴിച്ചയാൾ.. അവളെ ചേർത്തു പിടിക്കുകയും തലോടുകയും കഴിഞ്ഞു പോയതിനൊക്കെ കരയുകയും പറയുകയുമൊക്കെ ചെയ്തു.. ഇവിടെ കഴിഞ്ഞിരുന്ന കാലങ്ങൾ അത്രയും താൻ കൊതിച്ചത് ഇതല്ലേ..?? ഈ സ്നേഹം.. വാത്സല്യം.. ചേർത്തു പിടിക്കൽ.. അന്നൊക്കെ തനിക്കും ചൈതുവിനും ഇതന്യമായിരുന്നു.. ഇന്നീ സ്നേഹം തന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നില്ല.. തണുപ്പിക്കുന്നില്ല..

വേദന മാത്രം നൽകുന്നു.. എത്രയൊതുക്കാൻ ശ്രമിച്ചാലും ഒതുങ്ങാത്തത്രയും വേദനകൾ.. ആ വേദനയിൽ ഏറ്റവും മുന്നിലായ് വസുവിന്റെ മുഖം തെളിഞ്ഞു നിന്നു.. ചന്ദന മിഴികൾ ഇറുകെ മൂടി.. കണ്ണുനീർ കവിളുകളിൽ ചാലു തീർത്തു.. ചൈതന്യ കൈനീട്ടിയത് തുടച്ചു നൽകി.. ഇനിയൊരിക്കലും വിട്ടു പോകല്ലേ ചേച്ചി എന്നത് പോൽ ചൈതന്യ അവൾക്ക് അരികിൽ നിന്നും മാറാതെ ആ ഒപ്പം ചേർന്ന് തന്നെയിരുന്നു.. സമയം ഒമ്പതു മണിയായിരുന്നു.. വന്നിട്ട് നേരമിത്രയായിട്ടും ചന്ദന ഒരിക്കൽ പോലും ചിഞ്ചുവിന് മുന്നിലേക്ക് ചെല്ലുകയോ അവളോട് സംസാരിക്കുകയോ ചെയ്തില്ലന്നത് ചൈതന്യ ഒഴികെ ബാക്കി എല്ലാവരെയും സങ്കടപ്പെടുത്തിയിരുന്നു.. എന്നാൽ ചന്ദനയുടെ മാനസിക സങ്കർഷങ്ങൾ മനസ്സിലാക്കിയെന്നത് പോൽ ആരുമൊട്ടുമവളെ അതിനു നിർബന്ധിച്ചതുമില്ല.. വസുവിന് മുന്നിലേക്ക് ചെല്ലുവാനുണ്ടായ കരുത്തു ചന്ദനയ്ക്ക് മുന്നിലേക്ക് ചെല്ലുവാൻ ഉണ്ടായിരുന്നില്ല ചിഞ്ചുവിന്.. അതുകൊണ്ട് ചിഞ്ചു മുറിയിൽ തന്നെ ഒതുങ്ങി കൂടി.. അത്താഴം കഴിക്കുമ്പോൾ പോലും ചന്ദന ഒരുവട്ടമെങ്കിലും മുഖമുയർത്തി ചിഞ്ചുവിനെ നോക്കിയില്ല.. ആ മനസ്സ് ചിഞ്ചുവിൽ നിന്നും അകന്ന് തന്നെയിരുന്നു.. * "വാട്ട്‌..? എപ്പോൾ..?

അപ്പോഴേക്കും നീ ചന്ദനയെ കൊണ്ട് വിടുകയും ചെയ്തോ..? " ശരൺ അതിശയത്തോടെ ചോദിച്ചു.. "ഉവ്വ്.. കുറച്ചു മുന്നെയാണ് ചന്ദനയെ കൊണ്ട് വിട്ടു ഞാൻ തിരികെയെത്തിയത്.." വസു പറഞ്ഞു.. "താങ്ക് ഗോഡ്.. ഏതായാലും ചന്ദന സുഖപ്പെട്ടുവല്ലോ.. അതുതന്നെയാണ് വലിയ കാര്യം.." ശരണിനു ഒരുപാട് സന്തോഷം തോന്നി.. "അതേ.." വസുവും ശെരി വെച്ചു.. "ആ കാര്യത്തിൽ സന്തോഷിക്കുകയാണേലും നീയിപ്പോൾ വേദനിക്കുകയാണെന്ന് എനിക്കറിയാം.. എല്ലാം ശെരിയാകുമെടാ.. ഇപ്പോൾ തന്നെ നോക്കു.. എത്ര പെട്ടന്നാണ് ചന്ദന നോർമൽ ആയത്.. അതുപോലെ തന്നെയാണ് മുന്നോട്ടും.. പക്ഷെ അവൾക്ക് സമയം നൽകണം.. സാവകാശം മാത്രമേ അവൾക്ക് കാര്യങ്ങൾ ഉൾകൊള്ളുവാനും എല്ലാത്തിനോടും പൊരുത്തപ്പെടാനും കഴിയുകയുള്ളൂ.. നീ വെയിറ്റ് ചെയ്യുകില്ലേ അതിനായ്.." ശരൺ ചോദിച്ചു.. വസു ഒരു നിമിഷം നിശബ്ദനായ്.. ചന്ദനയ്ക്ക് വേണ്ടിയല്ലാതെ മറ്റാർക്കു വേണ്ടിയാണു.. മറ്റെന്തിനു വേണ്ടിയാണു താൻ കാത്തിരുന്നിട്ടുള്ളത്.. ഇനി കാത്തിരിക്കേണ്ടത്..!! "വസു.. നീ കേൾക്കുന്നില്ലേ..?"

ശരൺ വീണ്ടും ചോദിച്ചു.. "ഉവ്വ്.. നീ പറയു.." "ദേ കണ്ടോ.. ഇപ്പോൾ തന്നെ നീ ഡെസ്പ് ആയി.. ഇത് പറ്റില്ല കേട്ടോ.. ഇങ്ങനെ ആണേൽ ഇത് ശെരിയാകില്ല.. എങ്ങാനും ആന്റിയോ അങ്കിളോ എന്നെ വിളിച്ചു നിന്നെക്കുറിച്ചു പരാതി പറഞ്ഞാൽ ഉണ്ടല്ലോ..? അവിടെ വന്നു നിന്റെ തലയടിച്ചു പൊട്ടിക്കും ഞാൻ.. മനുഷ്യന് ഒരുവിധത്തിലും സ്വൈര്യം തന്നേക്കരുത് കേട്ടോ." ശരൺ ദേഷ്യപ്പെട്ടു.. "പോടാ.." വസു ചിരിച്ചു.. "നീ എവിടാ.. ഹോസ്പിറ്റലിലോ ഫ്ലാറ്റിലോ..? കുഞ്ഞുങ്ങളെ കണ്ടുവോ നീ..? സരിഗ ചേച്ചി എങ്ങനിരിക്കുന്നു..? ഹെൽത്തിയല്ലേ..?" വസു അന്വേഷിച്ചു. "ഞാൻ രാവിലെ വന്നു ഹോസ്പിറ്റലിന്ന്.. ഇന്ന് അച്ഛനുണ്ടവിടെ.. കുഞ്ഞുങ്ങൾ നേഴ്സറിയിലല്ലേ.. അകത്തേക്ക് ഒന്നും ആരെയും കയറ്റില്ല.. ഫീഡിങ്ങിനു ടൈം ആകുമ്പോൾ സ്റ്റാഫ്‌ നേഴ്സ്സ് വന്നു സരിഗ ചേച്ചിയെ അങ്ങു കൊണ്ട് പോകും. ഞാൻ വെളിയിൽ നിന്ന് ഒന്നു കണ്ടതെയുള്ളൂ.. ഇളം റോസ് നിറത്തിലുള്ള രണ്ട് കുഞ്ഞ് പാവകൾ കിടക്കുന്ന പോലെ തോന്നിയെനിക്ക്.. അത്രയേ വലുപ്പമുള്ളു.. ആരുടെ സാമ്യമാണ് അവർക്കെന്നു നോക്കുവാൻ പോലും കഴിഞ്ഞില്ല.."

ശരൺ വളരെ കൗതുകത്തോടെയും അതിലേറെ കുഞ്ഞുങ്ങളെ അരികിൽ നിന്ന് കാണുവാനോ കയ്യിലെടുത്തു കൊഞ്ചിക്കാനോ സാധിക്കാത്ത നിരാശയോടെയും പറഞ്ഞു.. "Premature അല്ലേടാ.. നീ അൽപ്പം വെയ്റ്റ് ചെയ്യ്.. അല്ലേൽ വേഗത്തിൽ ഒരുവളെ കെട്ടി ഒരെണ്ണത്തിനെ ഉണ്ടാക്കുവാൻ നോക്കു.. അതാകുമ്പോൾ ഇതുപോലെ വെയിറ്റ് ചെയ്യേണ്ടി വരുകില്ല.." വസു ചിരിച്ചു. "പോടാ.. എനിക്കിട്ട് വെക്കുന്നോ.? വേണം ന്ന് വെച്ചാൽ ഞാനിപ്പോ തന്നെ കേട്ടേം ചെയ്യും.. പത്തു മാസത്തിനുള്ളിൽ ഒരു കുഞ്ഞി കാല് നിങ്ങളെയൊക്കെ കാണിക്കേം ചെയ്യും.." "എന്നാൽ വേഗം നോക്ക്.. ഞാൻ നിന്നെക്കാൾ ആകാംഷയിലാണ്. നിന്റെ കുഞ്ഞ് എന്നെ വലിയച്ഛനെന്നു വിളിക്കുന്നതും കാത്ത്.. പറയുമ്പോൾ ഞാനും നീയും തമ്മിൽ പ്രായ വ്യത്യാസമൊന്നുമില്ല. പക്ഷെ നാട്ടു നടപ്പ് അനുസരിച്ചു ഒരു ദിവസത്തേക്ക് മുതിർന്നത് ആണേലും അത് പാലിക്കണമെന്നല്ലേ.." വസു വീണ്ടും ചിരിച്ചു പോയി. "വലിയച്ഛൻ എന്നല്ല.. മുത്തശ്ശൻ എന്ന് വിളിപ്പിക്കുമെടാ തെണ്ടി.. നീ തന്നെ എന്റെ ശവത്തിൽ കുത്തണം വസു.. പെണ്ണ് കെട്ടാനും കുഞ്ഞുണ്ടാക്കാനും അറിയാഞ്ഞിട്ടല്ല..

പ്രശ്നമെന്താണെന്ന് വെച്ചാൽ അതിന് തോന്നണ്ടേ.." തമാശയോടെയാണ് ശരൺ പറഞ്ഞതെങ്കിലും അതിലെ നിരാശ വസു തിരിച്ചറിഞ്ഞു.. "മ്മ്.. ഇനി നീ ചിഞ്ചുവിന് വേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. അവൾ ഒരിക്കലും സണ്ണിയേയോ നിന്നെയോ ആ സ്ഥാനത്തേക്ക് ഇനി സ്വീകരിക്കില്ല ശരൺ.. അതിന് അവൾക്ക് കഴിയില്ലെന്നാണ് എന്റെ മനസ്സ് പറയുന്നത്.." വസു കാര്യഗൗരവത്തോടെ പറഞ്ഞു.. "നീ കേട്ടിട്ടില്ലേ വസു.. സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടണം എന്ന്.. നമുക്ക് ഉള്ളതാണേൽ നമ്മളിലേക്ക് എത്തി ചേരുമെന്ന്.. അത് പോലെ വിട്ടതാണ് ഞാൻ ചിഞ്ചുവിനെ.. എന്നിലേക്ക് എത്തി ചേരുകയാണെങ്കിൽ എത്തി ചേരട്ടെന്ന് കരുതി.. പക്ഷെ ഇപ്പോൾ എത്തി ചേരുകയാണെങ്കിലും സ്വന്തമെന്ന് കരുതുവാൻ മനസ്സ് മടിക്കുമെടാ.. സണ്ണിയുടെതാണ്.. എക്കാലവും.. ഞാൻ ഒന്നുമറിയാതെ സ്നേഹിച്ചു പോയെന്ന് മാത്രം.. സണ്ണിയിലേക്ക് എത്തി ചേരട്ടെ അവൾ.. അതിന് വേണ്ടിയാണു ഇപ്പോൾ കാത്തിരിക്കുന്നത്.."

ശരണിന്റെ സ്വരത്തിൽ വേദന കലർന്നിരിക്കുന്നത് വസു വ്യക്തമായി തിരിച്ചറിഞ്ഞു. "അതല്ലടാ.. ചന്ദന ഇപ്പോൾ എന്ത് ചെയ്യുകയാണ്.? ഹാപ്പി അല്ലേ അവിടെ..? നീ വിളിച്ചിരുന്നോ..? അവിടുത്തെ നമ്പർ എനിക്ക് ഒന്നു വാട്സപ്പ് ചെയ്യു. ഇടയിൽ ഒന്നു വിളിച്ചു ചന്ദനയോട് സംസാരിക്കാമല്ലോ..." ശരൺ പെട്ടന്ന് ഓർത്തെന്ന പോൽ പറഞ്ഞു. "അവിടുത്തെ നമ്പർ ഇല്ല. ഞാൻ വിളിച്ചതുമില്ല.. ചിഞ്ചുവിന്റെ കയ്യിൽ ഉണ്ടാകും. ഞാൻ പറഞ്ഞില്ലേ.. ഇന്നിപ്പോ ചിഞ്ചുവും എബ്രഹാം സാറുമുണ്ടവിടെ.. ചിഞ്ചുവിനോടു വാട്സപ് ചെയ്യാൻ പറയു നമ്പർ.." "ശെരിയെടാ.. വെച്ചേക്കുവാ.. രാവിലെ വിളിക്കാം.. മാതാശ്രീയുടെ വിളി വരുന്നുണ്ട്. എന്ത് പണി തരാൻ ആണാവോ.? അമ്മയ്ക്ക് വയ്യാത്തത് അല്ലേ.. റസ്റ്റ്‌ എടുത്തോളൂ.. ജോലിയൊക്കെ ഞാൻ ചെയ്തോളമെന്ന് വന്ന അന്ന് അറിയാതെ ഒന്നു പറഞ്ഞു പോയി. അതമ്മ ഏറ്റു പിടിച്ചിരിക്കുകയാണ്.. ഇപ്പോ തൊട്ടതിനും പിടിച്ചതിനും ശരൺ ശരൺ എന്ന് ഉറക്കെ വിളി വരും.." ദയനീയമായി പറഞ്ഞു കൊണ്ട് കാൾ കട്ട്‌ ചെയ്യുന്ന ശരണിനെ ഓർത്തു വസുവിൽ വീണ്ടും ചിരി നിറഞ്ഞു..

ശരണിനെ പോലെ ശരൺ മാത്രം..! എത്ര പെട്ടന്നാണ് അവന് ഒരാളുടെ മൂഡ് ചേഞ്ച്‌ ചെയ്യുവാൻ സാധിക്കുന്നത്. വേദനിക്കുമ്പോൾ ചിരിപ്പിക്കും.. തളരുമ്പോൾ താങ്ങാകും.. ഒറ്റപ്പെടുമ്പോൾ ചേർത്തു നിർത്തും.. ചിഞ്ചു.. നിനക്ക് നഷ്ടമാണ്.. ശരണിന്റെ സ്നേഹം നഷ്ടപെടുത്തുന്നതാണ് ജീവിതത്തിൽ നിനക്ക് ഉണ്ടാകുന്നതിൽ വെച്ചു ഏറ്റവും വലിയ നഷ്ടം.. വസു അകത്തേക്ക് കടന്നു ബാൽക്കണി ഡോർ അടച്ചു കുറ്റിയിട്ടു.. ഇന്നലെ വരെ ചന്ദന ഉറങ്ങിയ മുറി.. ജാലകവാതിലിലൂടെ അകത്തേക്ക് കടന്ന് വരുന്ന കാറ്റിനു പോലും ചന്ദനയുടെ ഗന്ധമാണെന്ന് തോന്നി വസുവിന്.. ആ കാറ്റു പോലുമകത്തു ചന്ദനയെ തിരയുന്നു.. അസാന്നിധ്യം അറിഞ്ഞെന്നത് പോൽ മുറിയാകെ അലഞ്ഞത് പുറത്തേക്ക് ഒഴുകി.. ഇനി തിരിച്ചു വരുമോ അവൾ..? തന്നെ ഉൾകൊള്ളുവാൻ ആകുകില്ലേ..? തലേന്ന് രാത്രി വരെ അവളുടെ ഒച്ചയും കളി ചിരികളും മുഴങ്ങിയ മുറിയും വീടുമാണ് ഇന്ന് ശൂന്യമായി കിടക്കുന്നത്.

ഇവിടുന്ന് ഇറങ്ങിയത് മുതൽ ആ മിഴികൾ തന്നിലേക്ക് നീണ്ടിട്ടില്ല.. അവിടെന്നുമതുണ്ടായിട്ടില്ല.. അകത്തെവിടെയോ ഒതുങ്ങി നിന്നിരുന്നു.. ഇറങ്ങാൻ നേരമെങ്കിലും മുന്നിലേക്ക് ഒന്നു വരുമെന്നും കണ്ണുകളിൽ നിറച്ച പ്രണയത്തോടെ തന്നെ നോക്കുമെന്നും വെറുതെ നിനച്ചു പോയിരുന്നു.. ആ അകൽച്ചയും ഒഴിഞ്ഞു മാറ്റവുമാണ് ഏറെ വേദനിപ്പിക്കുന്നത്... അതെന്തിന്റെ പേരിലാണ് ചന്ദന.. ജീവിതത്തിൽ എന്തൊക്കെ നടന്നിട്ടുണ്ടെങ്കിലും നിന്റെ മനസ്സിൽ ഇപ്പോൾ എന്തൊക്കെ തോന്നുന്നുണ്ടെങ്കിലും എന്നുമെപ്പോഴും നീയെന്റെയാ പഴയ ചന്ദന തന്നെയായിരിക്കും.. ഞാൻ നിന്റെ മാത്രം ദേവേട്ടനും.. ചന്ദനയുടെ മണമുള്ള ആ വെളുത്ത ഷീറ്റിലേക്ക് കിടന്നവൻ മിഴികൾ മൂടി...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story